തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, November 30, 2011

316.മുല്ലപ്പെരിയാര്‍ അന്നും ഇന്നും നാളെയും ..

മുല്ലപ്പെരിയാര്‍ പ്രശ്നം ഇത്ര ചൂടുപിടിച്ചിരിക്കുന്ന ഈ സമയത്തും പ്രശ്നത്തില്‍ നിന്ന് ഓടിയൊളിക്കുന്നതും അതേപോലെ തെറ്റിദ്ധാരണപരവും നിരുത്തിരവാദപരവുമായ പ്രസ്താവനകള്‍ ഇറക്കുന്നവരും ഏറെയുണ്ട്. ഈ പ്രശ്നം ഒരുപക്ഷെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ജനജീവന്റെയും അണക്കെട്ടിന്റെയും അവസ്ഥ ചച്ചകള്‍ നടത്തി ആ തീജ്വാല അണയാതെ സൂക്ഷിച്ചു ജനഹൃദയങ്ങളില്‍ എത്തിച്ചതും അച്ചടി മാടമ്പികളുടെ കണ്ണില്‍ കക്കൂസ് എഴുത്തുകാരും അവരുടെ നിര്‍ഗ്ഗുണരും കാര്യഗൌരവം ഇല്ലാത്ത ചവറുകള്‍ വായിക്കുന്നവരുമായ ബ്ലോഗ്‌ /ബൂലോക മലയാളികള്‍ തന്നെയാണ്. ബൂലോക മലയാളികള്‍ പകര്‍ന്നു കൊടുത്ത ഒരു കൈത്തിരി പിന്നീട് ഒരു വന്‍ തീഗോളമായി മാറുന്നുണ്ടെങ്കില്‍ ഇതിനു പിന്നില്‍ നിസ്വാര്‍ത്ഥമായി സഹകരിച്ച പ്രവര്‍ത്തിച്ച ആ ആളുകളെ നമ്മള്‍ നന്ദിയോടെ ഓര്‍ക്കണം .. ആമുഖത്തില്‍ കൂടുതല്‍ പറയേണ്ടെന്ന മുന്‍ ശൈലി കൈവിടാതെ തന്നെ കാര്യത്തിലേക്ക് പോകാം.

കേരളത്തിലെ മൂന്നര കോടിയിലേറെ ജനങ്ങളില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ ആളുകളെ നേരിട്ടും അതിന്റെ രണ്ടുമൂന്നിരട്ടി ആളുകളെ പരോക്ഷമായും ബാക്കിയുള്ള മുഴുവന്‍ മലയാളികളുടെ നെഞ്ചില്‍ ഒരിക്കലും ഉറങ്ങാത്ത ഒരു മുറിവായും ബാധിക്കാന്‍ പോകുന്ന ഒരു പ്രശ്നമാണ് മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരു വാക്ക് സംസാരിക്കുന്നതിനു മുമ്പേ ചില കാര്യങ്ങള്‍ ഓര്‍ക്കുക. കേരളം തമിഴ്നാട്‌ പോലെ തന്നെ തുല്യ പരിഗണ അര്‍ഹിക്കുന്നതും അവകാശങ്ങള്‍ ഉള്ളതുമായ ഒരു സംസ്ഥാനമാണ്. ഇത് മറന്നുകൊണ്ടാവരുത് ഒരു സംസാരവും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിട്ടു നൂറ്റി പന്ത്രണ്ടു വര്‍ഷം കഴിഞ്ഞു .. ലോകത്തിലെ തന്നെ ഗ്രാവിറ്റി അണക്കെട്ടുകളിലെ മുത്തച്ഛന്‍ ആണ് പെരിയാര്‍ നദിയ്ക്ക് കുറുകെ പണിതിരിക്കുന്ന ഈ അണക്കെട്ട്. ഈ അണക്കെട്ട് തമിഴ്നാടിനു ആവശ്യത്തിനു കാര്‍ഷികാവശ്യത്തിനു ജലം കൊടുക്കുന്നുടെങ്കിലും കേരളത്തിനു തേക്കടി തടാകവും ലഭിച്ചു. അതുകൊണ്ട് തന്നെ മനോഹരമായ ഒരു ടൂറിസം സെന്ററും കിട്ടി. എന്നാല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഉണ്ടായിരുന്ന നാട്ടു രാജ്യങ്ങള്‍ ആയിരുന്ന മദ്രാസ് പ്രസിഡന്‍സിയും തിരുവിതാംകൂറുമായി ബ്രിട്ടീഷ് അധികാരികള്‍ കരാര്‍ ഉണ്ടാക്കിയപ്പോള്‍ നയപരമായ ബലപ്രയോഗം തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അനുഭവിക്കേണ്ടി വന്നു പറയപ്പെടുന്നു. എന്തായാലും ബ്രിട്ടീഷ് ഇന്ത്യയില്‍ അതൊരു അസത്യം ആവാനും വഴിയില്ല. എന്തുതന്നെയാലും മലയാളികളുടെ ശവക്കുഴി തോണ്ടിയെക്കാവുന്ന ആ കരാര്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ തന്നെ നിയമപരമായി അസാധു അവേണ്ടാതായിരുന്നു. അതേപോലെ ആദ്യകരാര്‍ തീര്‍ന്നു പിന്നീട് മുപ്പതു വര്‍ഷം മുമ്പ് അച്യുതമേനോന്‍ സര്‍ക്കാര്‍ ആ കരാര്‍ പുതുക്കി കൊടുത്തപ്പോള്‍ കേവലം പട്ടക്കരാറിന്റെ തുക മാത്രം അല്‍പ്പം കൂട്ടിയതായിരുന്നു വെത്യാസം .. എന്നാല്‍ അമ്പതു വര്‍ഷം മാത്രം ആയുസ്സുള്ള ഈ നിശബ്ദ ജലബോംബ് വന്‍ നാശം സൃഷ്ടിച്ചേക്കും എന്ന് അച്ചുതമേനോനും കൂട്ടരും ഓര്‍ത്തില്ല. അല്ലെങ്കില്‍ ആ കരാറിന്റെ അന്തര്‍ ധാരകള്‍ നമ്മള്‍ അറിഞ്ഞില്ല. ചുണ്ണാമ്പും സുര്‍ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ അണക്കെട്ട് പിന്നീട് ഒരു വന്‍ നാശത്തിനു വഴിവെക്കുമെന്ന് പിന്നീട് വന്ന ഭരണകൂടങ്ങള്‍ മനസ്സിലാക്കിയെങ്കിലും ആരും അത്ര ഗൌരവം നല്‍കിയില്ല. എന്നാല്‍ പിന്നീട് ഡാമിന്റെ ബലക്ഷയം മനസ്സിലാക്കി ഡാമിന്റെ ഭിത്തിയില്‍ ജലത്തിന്റെ മര്‍ദ്ദം കുറയ്ക്കാന്‍ ജലനിരപ്പ്‌ നൂറ്റി നാല്‍പ്പത്തി രണ്ടു അടിയില്‍ നിന്ന് നൂറ്റി മുപ്പത്തി ആറു അടിയായി കുറച്ചെങ്കിലും തമിഴ്നാട്‌ ബാലക്ഷയത്തെ കുറിച്ച് ( അങ്ങനെവേണം കരുതാന്‍ ) തെറ്റായി കോടതിയെ ബോധ്യപ്പെടുത്തി നൂറ്റി നാല്‍പ്പത്തി രണ്ടു അടിയായി കൂട്ടാന്‍ ഉത്തരവ് നേടിയെടുത്തു. എന്നാല്‍ ഇന്നും തമിഴ്നാടിന്റെ ആവശ്യം ഡാമിന്റെ ഇന്നത്തെ അപകടകരമായ അവസ്ഥ കണക്കിലെടുക്കാതെ ജലനിരപ്പ്‌ ഉയര്‍ത്താന്‍ തന്നെയാണ്. എന്നാല്‍ ജലനിരപ്പ്‌ വീണ്ടും കുറയ്ക്കുകയും നൂറ്റി ഇരുപതു അടിയായി നിര്‍ത്തുകയും ചെയ്താല്‍ അഥവാ ഒരു അപകടം ഉണ്ടായാല്‍ പോലും കേരളത്തിനു താങ്ങാന്‍ കഴിയുന്ന നിലയിലെ ഉണ്ടായൂ. മരണസംഖ്യവും അപകടത്തിന്റെ തോതും താരതമ്യേന കുറവായിരിക്കും.

ഇനി ഒരു ചോദ്യം ... നൂറ്റി ഇരുപതു അടിയായി ജലനിരപ്പ്‌ കുറച്ചു എന്നിരിക്കട്ടെ ... അപകടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞേക്കും.. എന്നാലും മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ ലക്ഷങ്ങള്‍ മരിക്കും. എങ്കില്‍ എന്തിനു ആ പാവം ലക്ഷക്കണക്കിന്‌ ആളുകളുടെ മരണം കാണണം. ആ മരണം ഒഴിവാക്കുവാനുള്ള ബാധ്യത സര്‍ക്കാരിനു ഇല്ലേ.? ഇന്നത്തെ അവസ്ഥയില്‍ മുല്ലപ്പെരിയാര്‍ ഡാം എത്ര കാലം നില്‍ക്കും എന്ന് പറയാന്‍ കഴിയില്ല. ഇന്നത്തെപ്പോലെയുള്ള പ്രവചനാതീതമായ മഴയും ഉരുള്‍ പൊട്ടലും ഭൂമി കുലുക്കവും എല്ലാം തന്നെ ഒരു ഡാം പൊട്ടാന്‍ കഴിയുന്ന കാര്യങ്ങളാണ്‌. ഇടയ്ക്കിടെ ഉണ്ടാവുന്ന ചെറു ഭൂമികുലുക്കങ്ങള്‍ അതിന്റെ ശക്തി കൂടിയ രീതിയില്‍ ( റിക്ചര്‍ സ്കെയിലില്‍ ആറോ അതിനു മുകളിലോ ) ഉണ്ടായാല്‍ പിന്നീട് ഒരു ദൈവത്തിനും ഡാമിനെയോ ജനങ്ങളെയോ രക്ഷിക്കാന്‍ പറ്റില്ല. കേരളത്തിലെ പല ആള്‍ ദൈവങ്ങളും പിന്നീട് ജീവനോടെ കാണുമോ എന്നുതന്നെ അറിയില്ല. സാധാരണ ജനങ്ങളെ ഈ വിപത്തില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല . എന്നാല്‍ അതിന്റെ ഗൌരവത്തോടെ പ്രവര്‍ത്തിക്കുന്ന രീതി തമിഴ്നാടിനോളം ശക്തമാണോ എന്നകാര്യത്തില്‍ സംശയം ഉണ്ട്. കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പാവം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കുതിര കയറിയിട്ട് കഥയില്ല. മാഡവും മാഡത്തിന്റെ പാവയായ മനോമോഹന സിംഹവും ഇതില്‍ ശക്തിയായി ഇടപെടണം. കേരളം ജയിപ്പിച്ചു വിട്ട അല്ലെങ്കില്‍ പൊതുജനങ്ങള്‍ എന്നാ കഴുതകള്‍ ജയിപ്പിച്ചു വിട്ട ആ എം പി മാറും എം എല്‍ എ മാറും കേന്ദ്ര മന്ത്രിമാരും ഇതില്‍ ആത്മാര്‍ഥമായി ഇടപെടണം. ദേശീയ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ ആയാലും പ്രാദേശീയ പ്രശ്നങ്ങള്‍ തന്നെയാവണം അവരുടെ ആദ്യത്തെ ആവശ്യം. മുന്‍ഗണന മറന്നു പ്രവര്‍ത്തിച്ചാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് വോട്ടു ചോദിക്കാന്‍ ദേശീയ അണികളുടെ അടുത്തല്ല ഈ പാവം കേരളീയ വോട്ടരുമാരുടെ അടുത്തു തന്നെ ഇവര്‍ക്ക് വരേണ്ടി വരും.

തമിഴന്‍ ഒരു വോട്ടു കൊടുത്ത് ഏതു പാര്‍ട്ടിക്കാരെ ജയിപ്പിച്ചാലും ആ നേതാക്കന്മാരുടെ പ്രധാന ലക്ഷ്യം തമിഴനു വേണ്ടി എന്നതാണ്. ജയവും ഭരണവും രാഷ്ട്രീയത്തിന് വേണ്ടിയും പാര്‍ട്ടിയ്ക്ക് വേണ്ടിയും ആണെങ്കിലും പൊതുവായ വിഷയത്തില്‍ എന്നും രണ്ടു കൂട്ടുകാര്‍ക്കും തമിഴ്നാടിന്റെ നേട്ടം മാത്രം ആയിരിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കരുണാനിധിയും ജയലളിതയും ഒന്നാണ്. അതേപോലെ ഡാം 999 സിനിമ നിരോധിക്കേണ്ട വിഷയത്തില്‍ രണ്ടുപേര്‍ക്കും ഒരേ സ്വരം തന്നെയായിരുന്നു. സാധാ തമിഴന്റെ മനസ്സില്‍ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ യാഥാര്‍ത്ഥ്യം ഒരിക്കലും വരാതെയിരിക്കാന്‍ അവര്‍ എന്നും ശ്രമിക്കും. തമിഴ്നാടിന്റെ ആവശ്യങ്ങള്‍ക്ക് ജലം കൊടുക്കാത്ത വില്ലന്റെ മുഖം കേരളത്തിനു കൊടുക്കാനാണ് എന്നും അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഡാം തകര്‍ന്നാല്‍ എങ്ങനെ തമിഴനു ജലം ലഭിക്കും എന്ന് അവര്‍ ചിന്തിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുന്നില്ല. അതേപോലെ ജലം തമിഴ്നാടിന്റെ ആവശ്യമാണെന്നും അത് കൊടുക്കാന്‍ കേരളം തയ്യാറാണ് എന്നും തമിഴന്റെ മനസ്സില്‍ എത്തിക്കാന്‍ നേതാക്കള്‍ സമ്മതിക്കില്ല. കാരണം അവരുടെ നിലനില്‍പ്പിനു ആ രഹസ്യം ആവശ്യമാണ്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് മനസിലാക്കുക.

അമ്പത് വര്‍ഷം ആയുസ്സുള്ള ഒരു ഡാം ഇന്ന് ജീര്‍ണ്ണാവസ്ഥയില്‍ ആണ് നില്‍ക്കുന്നത്. നൂറ്റി നാല്‍പ്പത്തി രണ്ടു അടിയില്‍ ഈ ഡാം തകര്‍ന്നാല്‍ ഈ ഡാം മാത്രമല്ല ഏകദേശം ഇതിലെ ജലം വന്നു നിറയുന്ന ഇതിന്റെ പാതയില്‍ വരുന്ന അനേകം ഡാമുകളും തകരും. ഫലം മുപ്പതോ നാല്‍പ്പതോ ലക്ഷം ആളുകളുടെ കൂട്ട മരണമാവും ഉണ്ടാകുക. ആലപ്പുഴ , ഇടുക്കി , എറണാകുളം , കോട്ടയം ജില്ലകള്‍ ഇല്ലാതാവുമ്പോള്‍ ഒരു കാര്യം കൂടി ഓര്‍ക്കണം .. പല കെമിക്കല്‍ ഫാക്ടറികളും കൊച്ചിയിലുണ്ട്‌. പല വ്യവസായ യൂണിറ്റുകളും , വിമാന , കപ്പല്‍ താവളങ്ങളും തുടച്ചു മാറ്റിപ്പോകും.. കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ന്നു പോകും. ഒരു റോഡും പാലവും പണിയാന്‍ ദശാബ്ദം വേണ്ട സര്‍ക്കാര്‍ ഈ നാശത്തെ നേരിടാന്‍ എത്ര യുഗങ്ങള്‍ വേണ്ടിവരും. കേരളം ഏകദേശം രണ്ടായി മുറിച്ചു മാറ്റപ്പെടും എന്ന് ഓര്‍ക്കേണ്ടി വരും. ഈ നാശത്തെ എങ്ങനെ നേരിടും. തുടരെ ഭൂമികുലുക്കങ്ങള്‍ ഉണ്ടാവുന്ന ആ മേഖലയില്‍ ഡാം നാശത്തിനു വേണ്ടിവരുന്ന ഒരു ഭൂമികുലുക്കം ഉണ്ടാവില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ..? നൂറ്റി നാല്‍പ്പത്തി രണ്ടായി ജല നിരപ്പ് ഉയര്‍ത്തി തമിഴന്റെ മുമ്പില്‍ നിന്നാല്‍ നാളെ ഉണ്ടാവുന്ന അത്യാഹിതം കേന്ദ്ര ഗവണ്‍മെന്റ് ഇല്ലാതാക്കാന്‍ കഴിയുമോ..? അണക്കെട്ട് ശക്തിയുള്ളതാണ് എന്ന് ജയലളിത പറയുമ്പോള്‍ അംഗീകരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പിന്നീട് ദേശീയ ദുരന്തമായി കാണേണ്ടുന്ന അവസ്ഥയില്‍ കൊണ്ട് വരും. എന്നാല്‍ അന്ന് അവരൊക്കെ എന്ത് പറയും. പറഞ്ഞാല്‍ തന്നെ എന്ത് ഗുണം..?

കേരളത്തില്‍ ഇന്നും ഇതിന്റെ കാര്യഗൌരവം അറിയാത്ത ജനകോടികള്‍ തന്നെയുണ്ട്‌. അവരെ അതറിയിക്കാന്‍ ( കാര്യം അറിയിക്കുക എന്നത് കൊണ്ട് പേടിപ്പിച്ചു കൊല്ലുക എന്നതല്ല ഉദ്ദേശം ) രാഷ്ട്രീയ നേതാക്കള്‍ , സിനിമാ താരങ്ങള്‍ , ആത്മീയ ആചാര്യന്മാര്‍ എല്ലാം തന്നെ മുന്‍കൈ എടുക്കണം . കാരണം ഇത് നാല് ജില്ലയുടെ പ്രശ്നമല്ല. കേരളം മലയാളി എന്നത് നമ്മളാണ് .. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ നമ്മുടെയാണ്. ഓരോ മലയാളിയുടെയും ആണ്. ഇതില്‍ നിന്ന് മാറി നില്ക്കാന്‍ ഒരു സൂപ്പര്‍ താരങ്ങള്‍ക്കും ആവില്ല. കാവേരി ജലത്തിന്റെ പ്രശ്നത്തില്‍ തമിഴ് താരങ്ങള്‍ ആ കൂട്ടായ്മ കാണിച്ചിട്ടുണ്ട്. മലയാള താരങ്ങളും ആ കൂട്ടായ്മ കാണിക്കണം. അമ്മയും ഫെഫ്കയും മാക്ടയും പിന്നീട് കാക്കത്തോള്ളയിരം സംഘടനയും ഈ വിഷയത്തില്‍ കാര്യമായി ഇടപെട്ടില്ല.

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ..

തമിഴന്റെ ആത്മാര്‍ത്ഥത കണ്ടിട്ടെങ്കിലും പഠിക്കൂ. കാര്യമായ വിഷയം വരുമ്പോള്‍ പ്രശ്നത്തെ നേരിടേണ്ടി വരുമ്പോള്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും അല്ല. കേരള കോണ്‍ഗ്രസ്സും ലീഗും ഇടതുപക്ഷവും ബിജെപിയും അല്ല മലയാളികള്‍ ആണെന്ന മനസ്സോടെ ഈ പ്രശ്നത്തില്‍ ഇടപെടൂ.. ജനങ്ങള്‍ ഇടപെട്ടാല്‍ അവരുടെ ശക്തി മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ പിന്നെന്തു പ്രശ്നം .. ജനകീയ ശക്തിക്ക് മുമ്പില്‍ ഭരണകൂടങ്ങള്‍ തന്നെ കടപുഴകുന്നത് നാം അടുത്തിടെ കണ്ടു.. പിന്നയാണോ ഒരു അണക്കെട്ട്.. പാണ്ടിയ്ക്ക് നമ്മള്‍ വെള്ളം കൊടുക്കും. പക്ഷെ വെള്ളം കുടിച്ചു മരിക്കാന്‍ നമ്മള്‍ നമ്മുടെ സഹോദരങ്ങളെ വിട്ടു കൊടുക്കില്ല.....!!

Sunday, November 13, 2011

315.യൂടൂബില്‍ ഒരു ക്ലിക്കിന് നാല് രൂഭാ.... ഭാ.....!!


സന്തോഷ്‌ പണ്ഡിറ്റിന് അമേരിക്കയിലെ ഇന്റര്‍നെറ്റ്‌ സ്റ്റാറ്റിക് റിസേര്‍ച് റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ( അതോ ഇന്ത്യയിലോ ) ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ യൂടൂബില്‍ നേടിയ ആളെന്ന ബഹുമതി കിട്ടിപോലും.. ഒരു ക്ലിക്കിന് നാല് രൂപ വെച്ച് കാല്‍ക്കൊടി ഹിറ്റിന് ഒരു കോടിയില്‍ പരം രൂപ..! എന്താ ഒന്ന് ട്രൈ ചെയ്തു നോക്കുന്നോ...പെട്ടെന്ന് കോടീശ്വരന്‍ ആവാനുള്ള മാര്‍ഗ്ഗമാണ് ഇത്. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി ഓരോ മലയാളിയും ( കുറഞ്ഞപക്ഷം കേട്ടതില്‍ പാതിയെങ്കിലും ) ഈ വാര്‍ത്ത തങ്ങളാല്‍ കഴിയും വിധം പറഞ്ഞും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തും പരത്താന്‍ തോന്നി. ഒപ്പം പണ്ഡിറ്റിന്റെ ഭാഗ്യത്തിലും അപാര ബുദ്ധിശക്തിയിലും അത്ഭുദപരതന്ത്രനായി വിജ്രുംഭിത പുളകിതനായി അങ്ങനെ നിന്നുകൊടുത്തു. എന്നാലും പണ്ഡിറ്റിന്റെ ഭാഗ്യം അല്ലെ..! എന്നാല്‍ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിട്ടു ഭാഗ്യം നോക്കാം.

സന്തോഷ്‌ പണ്ഡിറ്റ് മിടുക്കനും ബുദ്ധിശാലിയും കഴിവുള്ളവനും ആണെന്ന കാര്യത്തില്‍ കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. അപാരബുദ്ധിയും വിവേചന ശേഷിയും ഉണ്ടെന്നു അഭിമാനിയ്ക്കുന്ന മലയാളികള്‍ക്ക് മുഖമടച്ചു ആട്ടും തലയ്ക്കു ഒരടിയും തന്നു നിങ്ങള്‍ "വിഡ്ഢികള്‍ " ആണെടാ ഡാഷ് മക്കളെ എന്ന് പറയാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞു. ആദ്യം പൊട്ടന്‍ കളിച്ചു നിന്ന സന്തോഷ്‌ പിന്നീട് നികേഷ്കുമാറിന്റെ പ്രോഗ്രാമിലും ഏഷ്യാനെറ്റിലും അത്ര പാവമല്ല താനെന്നു തെളിയിച്ചു കഴിഞ്ഞു. തെളിയിക്കണം എന്നെ കൂതറ തിരുമേനി പറയൂ.. കാരണം ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയല്ല പണ്ഡിറ്റെന്നു തെളിയണം എന്നാഗ്രഹിക്കുന്ന സന്തോഷ്‌ പണ്ഡിറ്റിന്റെ ഒരു കടുത്ത ആരാധകന്‍ ആണ് കൂതറ തിരുമേനിയും. മലയാളത്തില്‍ ഒരുത്തനും പണ്ഡിറ്റ്‌ ചെയ്ത കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാനുള്ള ഗട്ട്സ് ഇല്ല. മനോരമയുടെ പ്രോഗ്രാമില്‍ വാണി വിശ്വനാഥിന്റെ ഭര്‍ത്താവായ ബാബുരാജിന്റെ സംസാരം കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നുപോലും മറന്നുപോയി.. മലയാള സിനിമയില്‍ ഒരു പുണ്ണാക്കും അല്ലാത്ത അയാളും കൂടെ രണ്ടു വിവര ദോഷികളും ( അവരുടെ പേര് പോലും ഓര്‍മ്മയില്ല ) ഒപ്പം ഒരു മനോരോഗിയും ( ഡോക്റ്റര്‍ എന്നാണ് പറഞ്ഞത് എന്ന് തോന്നുന്നു ) സന്തോഷിന്റെ കൂട്ട ബലാല്‍സംഗം ചെയ്യാന്‍ പാന്റ്സ് ഊരിയപ്പോള്‍ അവരുടെ മാത്രമല്ല അവിടെ ഇരുന്നു ചൊറിയാന്‍ തുടങ്ങിയ മുഴുവന്‍ ആളുകളെയും ഷണ്ഡീകരിക്കാന്‍ (അതും വാക്കുകള്‍ കൊണ്ട് ) സന്തോഷിനു കഴിഞ്ഞു.. ഒരിക്കല്‍ കൂടി സന്തോഷ്‌ മിടുക്കനെന്ന് തെളിഞ്ഞു.

ഇനി ചില കാര്യങ്ങള്‍ .. യൂടൂബില്‍ നല്ല വരുമാനം കിട്ടും എന്നാ കാര്യത്തില്‍ കൂതറ തിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. രണ്ടുമൂന്നു വര്‍ഷമായി നൂറോളം വിഡിയോ അപ്ലോഡ് ചെയ്തു മുപ്പത്തി അഞ്ചു ലക്ഷം ഹിറ്റ് കിട്ടിയ കൂതറ തിരുമേനിക്ക് അറിയാം ഈയിനത്തില്‍ എത്ര കിട്ടുമെന്ന്. ആയിരം ഹിറ്റുകള്‍ക്ക് ഒരു ഡോളര്‍ ആണ് യൂടൂബ് കൊടുക്കുന്നത്. അതായതു അമ്പത് രൂപ. അപ്പോള്‍ ഒരു ഹിറ്റിന് എത്ര കിട്ടി? ഇനി യൂടൂബ് പരിശോധിച്ചാല്‍ ഒരു കാര്യം കാണാം.. സന്തോഷ്‌ പണ്ഡിറ്റിന്റെ ആകെ വിഡിയോ ആണ് കാല്‍ക്കൊടി ഹിറ്റുകള്‍ നേടിയിരിക്കുന്നത് . എന്നാല്‍ ഈ വിഡിയോ അതും ഏകദേശം തൊണ്ണൂറു ശതമാനവും മറ്റു പലരും ആണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അപ്പോള്‍ സന്തോഷിനു എങ്ങനെ കാശു കിട്ടും. ഒരു വിഡിയോ അപ്ലോഡ് ചെയ്തു അതിനു ഹിറ്റ് കിട്ടുന്നു എന്ന് കണ്ടാല്‍ യൂടൂബില്‍ നിന്ന് തന്നെ അതിനെ മോണിട്ടാറൈസ് ചെയ്യാന്‍ ചോദിക്കും. അപ്പോള്‍ ബാങ്ക് ഡീറ്റൈല്‍സ് ഒക്കെ കൊടുത്താല്‍ ആ തുക നമുക്ക് യൂടൂബ് ( അതിന്റെ മുതലാളി ഗൂഗിള്‍ ) അയച്ചു തരും. പെയ്പാല്‍ ആയോ അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ആയോ തരും.

യൂടൂബില്‍ സാധാരണ ഗതിയില്‍ രണ്ടു രീതിയില്‍ ആണു ഗൂഗിള്‍ പരസ്യം കൊടുക്കുന്നത്. ഒന്ന് വിഡിയോ തുടങ്ങുന്നതിനു മുമ്പേ ട്രെയിലര്‍ ആയി കൊടുക്കും. ഈ ട്രെയിലര്‍ തുടക്കം മുതല്‍ ഏതാനും സെക്കണ്ട് കണ്ടേ പറ്റൂ.. പിന്നീട് വേണമെങ്കില്‍ മുഴുവന്‍ പരസ്യം കാണുകയോ അല്ലെങ്കില്‍ സ്കിപ് ചെയ്യുകയോ ചെയ്യാം. എന്നാല്‍ കൂടുതലും സിനിമ ട്രെയിലര്‍ /ഗെയിം ട്രെയിലര്‍ മുതലായവ ആണ് ഇങ്ങനെ കൊടുക്കാറ്. അല്ലാതെ കൊടുക്കുന്ന പരസ്യം വിഡിയോ ഓടിത്തുടങ്ങുമ്പോള്‍ വീഡിയോയുടെ മുകളില്‍ ചെറിയ ഒരു ബോക്സ് ആയി വരുന്ന പരസ്യങ്ങള്‍ ആണ് മറ്റുള്ളവ.. ഗൂഗിളിന്റെ യൂടൂബ് വരുമാനങ്ങളില്‍ പ്രധാനമാണ് ഇത്. പിന്നീട് ഉള്ളത് പെയിഡ് സബ്സ്ക്രിപ്ഷന്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ആണ്.. ഒന്നിലും ഒരു ക്ലിക്കിന് നാല് രൂപ കിട്ടുമെന്ന് തോന്നുന്നില്ല. കമ്മ്യൂണിറ്റി ചാനലിലൂടെ ( യൂടൂബ് ) പ്രശസ്തയായ നതാലി ട്രാന്‍ നൂറ്റി നാല്‍പ്പതു മില്ല്യന്‍ ഹിറ്റിന് കിട്ടിയത് ഒരു ലക്ഷം ഡോളര്‍ ആണ്.. മറ്റുള്ള എല്ലാവര്‍ക്കും ഇതേ റേറ്റില്‍ തന്നെയാണ് യൂടൂബ് പേ ചെയ്തത്. അപ്പോള്‍ കണക്കു അല്പം അറിയാവുന്നവര്‍ ഒന്ന് കണക്കാക്കി നോക്ക്..! എന്നാല്‍ യൂടൂബ് ആണു സന്തോഷിന്റെ സിനിമയ്ക്ക് ഇത്ര പ്രചാരം നേടിക്കൊടുക്കാന്‍ സഹായിച്ചതെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട..

യൂടൂബിലൂടെ ആര്‍ക്കും വിഡിയോ അപ്ലോഡ് ചെയ്യാം.. അപ്ലോഡ് ചെയ്തു സൂപ്പര്‍ സ്റ്റാര്‍ ആയ ഒരാളെക്കുറിച്ച് അടുത്ത പോസ്റ്റില്‍ .

( സന്തോഷ്‌ പണ്ഡിറ്റിന്റെ കടുത്ത ആരാധകന്‍ ആണ് ലേഖകന്‍ .. ഫോണിലൂടെ സംസാരിച്ചു ( മൂന്നു തവണ ) ജന്മസാഫല്യം അടഞ്ഞിട്ടിരിക്കുകയാണ് ഇപ്പോള്‍ )

Sunday, November 6, 2011

314.ഓഹരി വിപണി വിദഗ്ദ്ധരുടെ ടിപ്സിലെ കളികള്‍ ...!

ലോകത്തുള്ള ഏതു ഓഹരി വിപണികളിലും നിക്ഷേപിക്കുന്ന ചെറുകിട ഇടത്തരം നിക്ഷേപകരുടെ ഒരു പ്രധാന ആശ്രയ കേന്ദ്രമാണ് " വിദഗ്ദ്ധരുടെ " ഫണ്ടമെന്റല്‍ , ടെക്നിക്കല്‍ , അനലൈസുകള്‍ ഒപ്പം ടിപ്സ് എന്നാ ഓമനപ്പേരിലുള്ള ഉപദേശവും. ഈ ഉപദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെടുകയല്ല എന്നാല്‍ ഇതിലെ ചില കള്ളകളികള്‍ കാണിച്ചു തരുകയാണ്‌ ഇവിടെ. വമ്പന്‍ നിക്ഷേപകരും , മ്യൂച്ചല്‍ ഫണ്ട് / ധനകാര്യ സ്ഥാപനങ്ങളും ഒരു കമ്പനിയില്‍ നിക്ഷേപിക്കുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് പഠിച്ചു വിശകലനം നടത്താന്‍ പ്രത്യേകം പരിശീലവും പഠിപ്പും ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാവും. പലപ്പോഴും നിയമ വിരുദ്ധമെങ്കിലും ഇന്‍സൈഡര്‍ ഇന്‍ഫോര്‍മേഷനും (കമ്പനിയുടെ രഹസ്യങ്ങളും ) കിട്ടും. അല്ലെങ്കില്‍ സംഘടിപ്പിക്കും. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഈ രണ്ടു സൗകര്യങ്ങളും അപ്രാപ്യമായിരിക്കും. ഒരു നല്ല ഫണ്ട് മാനേജര്‍ ഇന്ത്യയില്‍ അരക്കോടിയ്ക്കും രണ്ടരക്കൊടിയ്ക്കും ഇടയില്‍ ശമ്പളവും ആനുകൂല്യങ്ങളും കൂടി വാങ്ങുന്നുണ്ടെന്നു അറിയുമ്പോള്‍ സാധാരണക്കാരന്റെ അപ്രാപ്യതയുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ഫണ്ട് മാനജേരില്‍ ഒരാളലായ എച് .ഡി .എഫ് .സി .മ്യൂച്ചല്‍ ഫണ്ടിലെ പ്രശാന്ത്‌ ജെയിന്‍ പോലെയുള്ളവര്‍ ഈ കാറ്റഗറിയില്‍ ഉള്ളവരാണ്.

നമുക്ക് നമ്മുടെ കൈയിലുള്ള പണം നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. നേരിട്ട് ഷെയര്‍ വാങ്ങിയോ അല്ലെങ്കില്‍ പോര്‍ട്ടി ഫോളിയോമാനേജര്‍
( പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റിഇന്റെല്ലിജെന്‍സ് , ജിയോജിത് പി എം. എസ് ഒക്കെപോലെയുള്ള ) വഴിയോ അല്ലെങ്കില്‍ പരോക്ഷമായി മ്യൂച്ചല്‍ ഫണ്ടുകള്‍ വഴിയോ ഓഹരി വിപണിയില്‍ പണം മുടക്കാം. ഓഹരി വിപണിയില്‍ പണം മുടക്കുമ്പോള്‍ കിട്ടുന്ന പ്രയോജനങ്ങള്‍ പലതാണ്. ഡിവിഡണ്ട് കിട്ടുമ്പോഴും വാങ്ങുന്ന ഷെയറിന്റെ മൂല്യ വര്‍ധനവ്‌ ഉണ്ടാകുമ്പോഴും നമുക്ക് പ്രയോജനം കിട്ടുന്നു. അതോടൊപ്പം റിസ്ക്‌ എടുക്കുന്നതിന്റെ ത്രില്ലും സുഖവും ഒപ്പം ഷെയര്‍ വാങ്ങുമ്പോള്‍ ആ കമ്പനിയുടെ ചെറിയ അളവില്‍ ആണെങ്കില്‍ പോലും ഉടമയാണെന്ന തോന്നലും മികച്ചത് തന്നെ. എന്നാല്‍ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റില്‍ വരുമാനം സുനിശ്ചിതം ആണെങ്കിലും രൂപയുടെ മൂല്യശോഷണം മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ നമ്മുടെ നിക്ഷേപത്തിന് കഴിയുന്നില്ല. എന്നാല്‍ ഓഹരി വിപണിയുടെ ഇതുവരെയുള്ള ചിത്രം പരിശോധിച്ചാല്‍ ഓഹരി വിപണി നമുക്ക് ബാങ്ക് നിക്ഷേപത്തിനെക്കാള്‍ വരുമാനം നേടിത്തന്നതായി കാണാം. അതുകൊണ്ട് തന്നെ ഓഹരി വിപണി തന്നെ ബുദ്ധിപൂര്‍വ്വമുള്ള നിക്ഷേപത്തിന് കൂടുതല്‍ യോജിച്ചതെന്നു കാണാം. എന്നാല്‍ കൈയിലുള്ള കാശ് വിപണിയില്‍ നിക്ഷേപിക്കുന്നതും ബുദ്ധിപൂര്‍വ്വം പണം ഊരിയെടുക്കുന്നിടത്തുമാണ് കളിയെല്ലാം ഇരിക്കുന്നത്.

ടിപ്സിലെ ഒരു ചെറിയ കളി
പണം വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ( ഡീമാറ്റും മറ്റു കുണ്ടാമണ്ടികളും കഴിഞ്ഞു ) മിക്കവാറും ആളുകള്‍ ആദ്യം പറഞ്ഞ ടിപ്സുകളും നോക്കും. നമ്മള്‍ അക്കൌണ്ട് എടുത്ത ബ്രോക്കറിംഗ് സ്ഥാപനങ്ങള്‍ തന്നെ " ഫ്രീയായി " ടിപ്സുകള്‍ തരും. ഈ ടിപ്സിലെയും ഇടയ്ക്കിടെ ചാനലുകളിലും പത്രങ്ങളിലും വിദഗ്ദ്ധരെന്ന വിശേഷണവുമായി വരുന്ന ആളുകളുടെ ടിപ്സിലെ ചില കളികളാണ് ഇവിടെ പറയാന്‍ പോകുന്നത്. എന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും ഒപ്പം കുറെ അടുത്ത ആളുകള്‍ക്കുണ്ടായ അക്കിടികളും ഈ പോസ്റ്റിന്റെ കാതലായ അംശങ്ങളാണ് . ചാനലുകളില്‍ വരുന്ന പല വിദഗ്ദ്ധരും ഫ്രീ ടിപ്സ് തരുന്നതോടൊപ്പം പെയ്മെന്റ് വാങ്ങി തങ്ങളുടെയോ അല്ലെങ്കില്‍ തങ്ങളെപ്പോലെയുള്ള ഒന്നിലധികം പേര്‍ ചേര്‍ന്നുണ്ടാക്കിയ ഇന്‍വെസ്റ്റ്‌ സപ്പോര്‍ട്ട് / അഡ്വൈസ് സൈറ്റിലെ കാശുകൊടുത്ത ആളുകള്‍ക്ക് ഉപദേശം കൊടുക്കുന്നവരും ആവും. ഓരോ ഉപദേശത്തിന്റെയും അവസാനം ഇതില്‍ കാശുപോയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഒരു കൈകഴുകലും ഉണ്ട്. അതുകൊണ്ട് പോയാല്‍ മുടക്കുന്നവന് പൊള്ളും. ഒരു ചാനലില്‍ ഒരു വിദഗ്ധന്‍ രാവിലെ ഒരു പ്രമുഖ ഇന്‍ഫ്രാ കമ്പനിയില്‍ മുടക്കാന്‍ പറഞ്ഞു പോയപ്പോള്‍ ഞെട്ടിപ്പോയി. അതെ വ്യക്തി തന്റെ കൂട്ടളികളോട് കൂടി നടത്തുന്ന പെയ്മെന്റ് സൈറ്റില്‍ കാശുമുടക്കിയ ആളുകള്‍ക്ക് ആ കമ്പനി കൈയൊഴിയാന്‍ രാവിലെ തന്നെ "അഡ്വൈസ് " കൊടുത്തിരുന്നു. കാശുമുടക്കിയവരോട് കൂടുതല്‍ വിധേയത്വം കാണിക്കുന്നതിന്റെ ലോജിക് മനസ്സിലാവും.. കാരണം അവിടെ കൂടുതല്‍ ശരിയായാല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ പിന്നീട് മുടക്കൂ.. പിന്നെ ടിവിയില്‍ പറഞ്ഞാല്‍ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ എന്ത് ചേല് എന്നത് മാത്രമല്ല.. തന്റെ കാശുതന്നെ ആളുകള്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വാങ്ങാനും ആള് വേണ്ടേ..!!! ഈ ഒരു കാര്യത്തിന് നിര്‍ഭാഗ്യവശാല്‍ കേസ് കൊടുക്കാന്‍ പറ്റില്ല.. നിയമാനുസരണം ആള്‍ കൈ കഴുകല്‍ നടത്തിയിരുന്നല്ലോ.. ഇനി അതല്ല ടിവിയില്‍ വന്നതിന്റെ വിഡിയോ സഹിതം കേസ് കൊടുത്താല്‍ ഒന്ന് ആള്‍ കാശ് വാങ്ങിയിരുന്നില്ല. രണ്ടു പേ ചെയ്ത ആളുകള്‍ക്ക് ചെയ്ത മെയില്‍ തലേ ദിവസം ആയിരുന്നു.. ഓഹരി വിപണിയില്‍ മാറ്റം വരാന്‍ മിനിറ്റുകള്‍ മതി. ആള്‍ ക്ലീന്‍.. തങ്ങളുടെ കൈയില്‍ ഉള്ള വമ്പന്‍ ഷെയര്‍ ശതമാനം വിറ്റു മാറാനും ഈ ടെക്നിക് വിദഗ്ധര്‍ ഉപയോഗിക്കാറുണ്ട്.. പാവപ്പെട്ട ആളുകള്‍ ഷെയര്‍ വാങ്ങികൂട്ടുമ്പോള്‍ ഈ വിദഗ്ധര്‍ /അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തിന്റെ ഉടമകള്‍ ചിരിക്കുകയാവും.. കാരണം അവര്‍ ഈ ഷെയറുകള്‍ കൈ ഒഴിയുകയാവും അപ്പോള്‍ ചെയ്യന്നത്.

ബ്രോക്കറിംഗ് സ്ഥാപനത്തിലെ ടിപ്സിലെ ഒരു കളി

അടുത്തിടെ ഒരു ബ്രോക്കറിംഗ് സ്ഥാപനം റിലയന്‍സ് 860 എത്തിയപ്പോള്‍ തന്നെ ടിപ്സ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഉടനെ വാങ്ങിക്കോ സാധനം 900 രൂപയില്‍ എത്തുമത്രേ.!! അഞ്ചുശതമാനം പോലും കിട്ടാത്ത ഈ കച്ചവടത്തില്‍ ലാഭം കമ്പനിയ്ക്ക് മാത്രം... ഷെയര്‍ വങ്ങുംപോഴും വില്ക്കുമ്പോഴും കമ്മീഷന്‍ കിട്ടുമല്ലോ.. അത്ര വല്ല്യ ഐഡിയ ഇല്ലാത്ത പാവങ്ങള്‍ ഇതില്‍പ്പെട്ടു പോവും. ഇത് ഡേട്രേഡിംഗ് ടിപ്സ് അല്ല ഷോര്‍ട്ട് ടേം ടിപ്സ് ആയിട്ടാണ് കൊടുത്തത്.. റിലയന്‍സില്‍ മുടക്കുന്നവര്‍ സത്യത്തില്‍ 860 വന്നപ്പോള്‍ തന്നെ പാര്‍ട്ട് പ്രോഫിറ്റ് ബുക്ക്‌ ചെയ്തു കഴിഞ്ഞിരിക്കും.. റിലയന്‍സിന്റെ ഷെയര്‍ 750 ആയപ്പോള്‍ ഈ വിദഗ്ധര്‍ എവിടെയായിരുന്നു എന്ന് ചിന്തിക്കണം... തങ്ങളുടെ ടിപ്സില്‍ വിശ്വസിച്ചു പണം മുടക്കുന്നവരുടെ കാര്യത്തില്‍ അല്പമെങ്കിലും ഉത്തരവാദിത്വം ഉണ്ടെങ്കില്‍ അന്നേ അവര്‍ ഉപദേശിച്ചേനെ...! അല്ലെങ്കില്‍ 860 വരുമ്പോള്‍ മിണ്ടാതിരുന്നെനെ..!! അതേപോലെ ഒരാഴ്ച മുമ്പേ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മുടക്കാന്‍ പറഞ്ഞിട്ട് അടുത്താഴ്ച പെട്ടെന്ന് തടിയൂരാന്‍ ഉപദേശിച്ചപ്പോള്‍ പാവങ്ങള്‍ക്ക് പോയതും കാശ് തന്നെ.. ( എന്നാല്‍ ഈ ഒരാഴ്ച കൊണ്ട് കമ്പനിയ്ക്ക് ഒരു മാറ്റവും വന്നില്ല. സര്‍ക്കാര്‍ ഈ ഒരാഴ്ചയില്‍ ബാങ്ക് റിപ്പോ /റിവേഴ്സ് റിപ്പോ പലിശയും കൂട്ടിയില്ല. ലാവസയും അങ്ങനെ തന്നെ കിടന്നിരുന്നു ..) ആളുകള്‍ക്ക് പോയെങ്കില്‍ എന്താ വാങ്ങിയപ്പോഴും വിറ്റപ്പോഴും നല്ല കമ്മീഷന്‍ കിട്ടിയിരുന്നല്ലോ.. അത് ലാഭമല്ലേ അപ്പോള്‍ ഈ കച്ചവടം കൊണ്ട് അഞ്ചു മുതല്‍ പത്തു ശതമാനം പണം പോയ പാവങ്ങളോ....? അവരുടെ നഷ്ടമോ...? അല്ല ഓഹരി വിപണി നഷ്ടവും ലാഭവും തരുമല്ലോ.. !

ഇനി വന്‍കിട കോര്‍പ്പറേറ്റ് കളികള്‍

ചിലപ്പോള്‍ ഒരു സെക്റ്ററില്‍ ഉള്ള ഒരു കമ്പനിയില്‍ വമ്പന്‍ ബൈയിംഗ് / സെല്ലിംഗ് ടിപ്സ് വിദഗ്ധര്‍ കൊടുക്കും ( കഴിഞ്ഞ തവണ ഏവറോണ്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ നാം ഇത് കണ്ടതാണ് ) ആ സെക്ടര്‍ അതായതു ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സെക്റ്റര്‍ നന്നായി പോയപ്പോള്‍ ഒരു റെയിഡ് ഏവറൊണില്‍ നടന്നിരുന്നു. സമാനപ്രവര്‍ത്തനവും ബിസിനസ് ശൈലിയും മാനേജ്‌മന്റ്‌ ടെക്നിക്കും/തരികിടകളും ചെയ്യുന്ന മറ്റു കമ്പനികളും ( പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല ...) വിപണിയില്‍ ഏവറൊണിനെതിരെ "വിദഗ്ധരെ " ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നു. ഈ ഈ സെക്റ്റര്‍ സേഫ് ആണെന്നും മറ്റുള്ള ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ കമ്പനികളില്‍ മുടക്കാന്‍ ആയിരുന്നു അവരുടെ ഉപദേശം ... മറ്റുള്ള കമ്പനികള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് വിലകൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാശ് കൊടുത്തു കുരപ്പിക്കുന്ന സ്വഭാവം അങ്ങനെ ഇവര്‍ക്കുണ്ടെന്ന് അതോടെ ചിലര്‍ക്കെങ്കിലും മനസ്സിലായി. ഇപ്പോള്‍ ഏവറോണ്‍ വീണ്ടും പച്ചപിടിച്ചു. ആ മോശം സമയത്ത് ഏവറൊണില്‍ മുടക്കിയവര്‍ ആഴ്ചകൊണ്ട് ലക്ഷങ്ങളും കൊടികളും ഉണ്ടാക്കി.. ഒരു കാര്യം കൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാവും.. ഈ പറഞ്ഞ വിദഗ്ധര്‍ ഉള്ള പല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളും ഈ സമയത്ത് അതായതു ഏവറോണ്‍ തകര്‍ന്ന സമയത്ത് ഏവറൊണില്‍ പണം ഇറക്കി.. ആര് മണ്ടന്മാരായി....!! തങ്ങളുടെ ഷെയര്‍ വില കൂട്ടാന്‍
( ആസമയത് അല്‍പ്പം കൈയിലുള്ളത് വില്‍ക്കാന്‍ കൂടി ) ഇതേ സെക്റ്ററിലെ മറ്റുള്ള കമ്പനികള്‍ അവസരം കണ്ടെത്തി..

ഇനി ഏറ്റവും നെറികെട്ട എന്നാല്‍ ആവശ്യമായ ഒരു കളി ..

ഒരു കമ്പനിയില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാം .. ആയിരവും പതിനായിരവും മുടക്കുന്നതുപോലെയല്ല ഒരു കമ്പനിയില്‍ അഞ്ചും പത്തും ശതമാനം വാങ്ങാന്‍ മുടക്കുന്നത്. ഇത്തരം നിക്ഷേപകര്‍ ഒരു മാസത്തെക്കോ വര്‍ഷത്തേക്കോ അല്ല മുടക്കുന്നത്.. ദീര്‍ഘ നാളത്തെ നിക്ഷേപകര്‍ അതും വമ്പന്‍ നിക്ഷേപകര്‍ മാര്‍ക്കറ്റ് ഏറ്റവും ഉയര്‍ന്ന കാലത്തല്ല മുടക്കുന്നത്. കാരണം ഒരു കമ്പനിയില്‍ മുടക്കുന്നു അല്ലെങ്കില്‍ ഷെയര്‍ വാങ്ങുന്നു എന്നതല്ല ഷെയര്‍ മാര്‍ക്കറ്റിലെ മിടുക്ക്. എത്ര ലെവലില്‍ എത്ര കുറച്ചു ആ ഷെയര്‍ വാങ്ങുന്നു എത്ര കൂട്ടി ആ ഷെയര്‍ വില്‍ക്കുന്നു എന്നിടത്താണ് ആ ആളുടെ മിടുക്ക്. അതുകൊണ്ട് തന്നെ കമ്പനിയുടെ ഷെയര്‍ വില കുറയ്ക്കാന്‍ മാര്‍ക്കറ്റില്‍ അഭ്യൂഹങ്ങള്‍ പരത്താനും ഈ ആളുകള്‍ ശ്രമിക്കും. ഇതിന്റെ നേര്‍ വിപരീതം ചെയ്തു ഷെയര്‍ വില്‍ക്കുകയും ചെയ്യും. കമ്പനിയുടെ അടിത്തറ ശക്തം എന്നറിയാവുന്നതു കൊണ്ട് ഇവര്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. ചെറുകിട ഇടത്തരം നിക്ഷേപകര്‍ ഈ അഭ്യൂഹങ്ങളില്‍ ഷെയര്‍ വിറ്റു മാറി ഓടിപ്പോവും.. ഈ " വിദഗ്ദ്ധരുടെ " പേടിപ്പിക്കല്‍ ടിപ്സുകൊണ്ട് വില താഴുമ്പോള്‍ നമ്മുടെ വമ്പന്‍ സ്രാവുകള്‍ ഈ കമ്പനികളുടെ ഷെയര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടും.. ഈ കച്ചവടത്തിന്റെ മാംസം വമ്പന്മാര്‍ തിന്നുമ്പോള്‍ ചെറിയ തുണ്ടവും എല്ലും കഷണവും "വിടഗ്ദ്ധന്മാര്‍ക്കും" കിട്ടുന്നു.. നഷ്ടം അവിടെയും ചെറുകിടക്കാര്‍ക്ക് തന്നെ.


ഈ കാര്യങ്ങള്‍ കൊണ്ട് ടിപ്സുകള്‍ പൂര്‍ണ്ണമായും തെറ്റെന്നു അര്‍ത്ഥം ഇല്ല. സ്വന്തമായും അല്പം ആലോചിച്ചു പഠിച്ചു വേണം ഷെയര്‍ വാങ്ങാന്‍ ... അതിനു ശേഷി ഇല്ലെങ്കില്‍ മ്യൂച്ചല്‍ ഫണ്ട് വാങ്ങുകയോ ഈ പണി വിട്ടിട്ടു ബാങ്കില്‍ ഫിക്സ് ഡിപ്പോസിറ്റ് ചെയ്യുകയോ ചെയ്യുക. അല്ലെങ്കില്‍ പണം ഉണ്ടാക്കുന്നതിലേറെ പണം കളയാനും നല്ലത് ഷെയര്‍ മാര്‍ക്കറ്റ് തന്നെ..!!!

Wednesday, November 2, 2011

313.കൃഷ്ണനും, മുഖ്യനും പിന്നെ കുറെ ശിഖണ്ടികളും !


ന്‍റെ കൃഷ്ണ ! അങ്ങേക്ക് ഇതാ കേരളത്തില്‍ ഒരു അപരന്‍,  അങ്ങയെ കവച്ചു വയ്ക്കുന്ന കുതന്ത്രങ്ങള്‍ ഉള്ള  ഒരാള്‍ കേരള മുഖ്യമന്ത്രി കസേരയില്‍ അവരോധിക്കപ്പെട്ടു എന്നത്  കലിയുഗ സൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല എന്ന് വിശ്വസിക്കേണ്ടി വരും. 
ഇത് ഭഗവാന്‍ കൃഷ്ണന്‍  വെണ്ണ കട്ടത് പോലെയാണ് പാമോയില്‍ റ്റൈട്ടാനിയം   അഴിമതി  എന്നൊക്കെ യാകാം പറഞ്ഞു വരുന്നത് എന്ന്  കരുതി തോക്കില്‍ കേറി വെടി വയ്ക്കല്ലേ   , ഇവിടെ വിഷയം അതൊന്നുമല്ല, മഹാഭാരത    യുദ്ധത്തില്‍  ഭീഷ്മ പിതാമഹന്റെ ശക്തി മനസ്സിലാക്കിയ  കൃഷ്ണന്‍,  കാരണവരെ ഇല്ലാതാക്കാന്‍ ശിഖണ്ടിയെ മുന്‍ നിറുത്തി യുദ്ധം ചെയ്യാന്‍ ഉപദേശിച്ചതായും അങ്ങിനെ ശിഖണ്ടിയെ   കണ്ട മാത്രയില്‍ അഭിമാനിയായ  ഭീഷ്മര്‍ ആയുധം താഴെ വക്കാന്‍ ശ്രമിക്കുകയും തല്‍ സമയം അമ്പെയ്തതായും     പിന്നീട്   ശരശയ്യ ഒരുക്കിയതായും പുരാണം.
ഇതിനു സമാനമായ തന്ത്രമല്ലേ മുഖ്യമന്ത്രി  VS  നെതിരെ പ്രയോഗിച്ചത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു  . തനിക്കും  തന്‍റെ  മനസാക്ഷി    സൂക്ഷിപ്പുകാരനായ കുഞ്ഞാലികുട്ടിക്കും , പിള്ളക്കും ഇതര  ഘടക  കഷി നേതാക്കള്‍ക്കും മന്ത്രി മാര്‍ക്കും എതിരെ ദിനം പ്രതി   പാമോയിലും, ഇടമലയാറും , ഐസ് ക്രീമും ഒടുവില്‍  റ്റൈട്ടാനിയം   അങ്ങിനെ തന്‍റെ ആവനാഴിയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത  ആരോപണങ്ങളുമായി   നില കൊണ്ട VS  നെ  നേരിടാന്‍  ഒടുവില്‍ കുഞ്ഞു കുഞ്ഞിന് ഈ  പുരാണത്തിലെ   യുദ്ധ തന്ത്രം തന്നെ പയറ്റെണ്ടി   വന്നു എന്ന് സാരം. പ്രതീക്ഷിച്ചത് പോലെ VS  ഫ്ലാറ്റ് , ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു  VS  പിന്മാറി , പക്ഷെ  കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും , മാധ്യമങ്ങളും  പ്രതികരിച്ചു പ്രതിഷേധിച്ചു. ഒടുവില്‍ ശര ശയ്യാ ഒരുങ്ങിയത്  മുഖ്യനും , ഗ ണേഷിനും  , P .C . ജോര്‍ജിനും   ആണെന്ന വ്യത്യാസം   മാത്രം. 

ഇത് മുഖ്യമത്രിയുടെ തന്ത്രമല്ലേ   എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതാണ്. ടൈറ്റാനിയം അഴിമതിയും തുടര്‍  ചര്‍ച്ചകളും ബ്രേക്കിംഗ്  ന്യുസ്  ആയി ചാനലുകളിലും പത്രങ്ങളിലും  നിറഞ്ഞ  അവസരത്തിലാണ്  "ചീപ്പ്‌" വിപ്പ്  ജോര്‍ജിനെയും സംസ്കാര  (ശ്യുന്യ ) വകുപ്പ് മന്ത്രിയെയും VS  നെതിരെ പൂരപ്പാട്ട് നടത്താന്‍  പത്താനാപുരത്തേക്ക്    UDF അയച്ചത്  എന്നത് വസ്തുതയാണ്. പാമോയില്‍ കേസ്സില്‍ വിജിലെന്‍സ്സു ജഡ്ജി ചില സുപ്രധാന  നിരീക്ഷണങ്ങള്‍ നടത്തിയപ്പോഴാണ്   അവിടെയും PC ജോര്‍ജിനെ രംഗ പ്രവേശം ചെയ്യിപ്പിചതും   പാവം ജഡ്ജി കേസ്സ് ഫയല്‍ വച്ചൊഴിഞ്ഞു  കളം വിട്ടതും എന്നത് ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മാത്രമല്ല  തന്‍റെ ചുറ്റും നില്‍ക്കുന്ന ചാവേറുകളെ  ഉപയോഗപ്പെടുത്തി " പണി കൊടുക്കുകയും" എന്നാല്‍  നേരസ്ഥനായി നിന്ന് കയ്യാടി നേടുകയും ചെയ്യുക   ആന്റണി  കൊണ്ഗ്രസ്സു കാരുടെ  എക്കാലത്തെയും ശൈലിയാണ്  എന്നതും ഇവിടെ ഓര്‍മപ്പെടുത്തട്ടെ  . ( പാമോയില്‍ കേസ്സില്‍   ആ പ്പണി തിരിച്ചു കിട്ടി എന്ന് മാത്രം) . എന്തായാലും മാപ്പ് പറയാന്‍ ഉളുപ്പില്ലത്ത്ത് കൊണ്ട്  മന്ത്രി കസേര പോകില്ല എന്ന്     ഗണേഷിനും സമാധാനിക്കാം. കൂട്ടത്തില്‍     ഉര്‍വശി ശാപം ഉപഹാരം  എന്ന പോലെ മന്ത്രി TM ജേക്കബിന്‍റെ നിര്യാണം  ആശ്വാസമായി എന്ന് വേണം കരുതാന്‍. എന്നാല്‍ Pc  യുടെ കാര്യം കട്ട പോകയാണ്. കേന്ദ്ര തിരെഞ്ഞെടുപ്പു കമ്മീഷനും , കോടതിയും ഒക്കെ യായി  ഇനി അധിക കാലം MLA   ആയി പ്പോലും തുടരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 

ഉത്തരേന്ദ്യയില്‍  ജീവിച്ചവര്‍ക്കും, കുറഞ്ഞ പക്ഷം ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്കും അവിടുത്തെ ഹിജടകളുടെ  സംസ്കാരം അറിവുള്ളതാണ് . അവരെ വെല്ലുന്ന പ്രകടനമാണ് ഗണേഷും ജോര്‍ജും നടത്തിയതി എന്ന് വിലയിരിത്തപ്പെടുന്നു. ഒടുവില്‍ ഗണേഷിന്   തനിക്കു ഒരു അച്ഛനുണ്ട്‌  എന്ന വാദം പോലും നിരത്താന്‍ നിര്‍ബന്ധിതനായി. ന്യായമായും ഗണേഷിന്  അച്ഛനുണ്ടെന്നും അതിന്‍റെ പിഴവാണ് സംഭവിച്ചതെന്നും   പ്രത്യക്ഷത്തില്‍ തോന്നാം . ആള്‍കൂട്ടം കണ്ടാല്‍ ഹാലിളകി മുന്‍പൊരിക്കല്‍  അച്ഛന്‍ മാടമ്പിക്കും  നാവു പിഴച്ചതും , മന്ത്രി കസേര പോയതും  ചരിത്രത്തിന്‍റെ ഭാഗമാണ്.  പക്ഷെ അത്തരം മാടമ്പി ത്തരമൊന്നും കേരള ജനത ഇനി വച്ച് പൊറിപ്പിക്കീല്ല  എന്ന് മനസ്സിലാക്കിയാല്‍ കേരള കോണ്‍ ഗ്രസ്സ് പോലുള്ള  ഇണ്ടാസ്   രാഷ്ട്രിയം പറഞ്ഞു കുറച്ചു കാലം കൂടി കഴിഞ്ഞു കൂടാം.ദിലീപിന്റെയും കാവ്യാ മാധവന്റെയും ഗ്ലാമറും മറ്റും MLA  ആകാന്‍ സഹായിച്ചേക്കാം പക്ഷെ സംസ്കാരമാന്നെത് കുറച്ചൊക്കെ പൈതൃകമായും, കുറച്ചൊക്കെ സമൂഹത്തിലെ മൂല്യങ്ങള്‍ കണ്ടു പഠിച്ചു സ്വയത്വമാക്കെണ്ടതുമാണ് .

ജോര്‍ജ്ജ്  തേള് കൊത്തിയ കുരങ്ങന്‍റെ പോലെയാണ്. എന്ത് കൊണ്ടോ തനിക്കും  ഒരു അച്ഛനുണ്ട്‌ എന്ന വാദം ഒന്നും നിരത്തി കണ്ടില്ല. എങ്കിലും  ഗാന്ധിജി   പോലും  ഹരി യുടെ ജനം എന്ന് വിളിച്ചു  രാജ്യത്തെ അധ: കൃതരെ  തന്നോടു ചേര്‍ത്തു നിറുത്തിയപ്പോള്‍ ഇവിടെ മുപ്പതു വര്‍ഷത്തിലേറെ   രാഷ്ട്രിയ പ്രവര്‍ത്തന പാരമ്പര്യം പറയുന്ന ഖദര്‍ ധാരിയും കത്തോലിക്ക  രാഷ്ട്രിയത്തിന്റെ  വക്താവുമായ ഒരാള്‍ ഒരു MLA യെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിചെങ്കില്‍  കേരളത്തിലെ ഒരു സാധരനക്കാരന് ഈ മാഹാനുഭാവന്‍ എന്ത് വില കല്‍പ്പിക്കുന്നു എന്നത്  ഗൌരവകരമായി     ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇത് കേവലം രണ്ടു പേരുടെ നാവിന്‍റെ പിഴവായി കാണാന്‍ കഴിയില്ല. മറ്റു ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആസൂത്രിതമായി നടപ്പാക്കിയ  ഒരു ത്രില്ലര്‍ നാടകമാണ്. ഇതിനു നേതൃത്വം കൊടുത്തത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രിയ  മര്യാദകളും , സംസ്കാരത്തിന്‍റെ അതിര്‍ വരമ്പുകളും ലംഘിക്കുന്ന  സമൂഹത്തിലെ  തിന്മയുടെ പ്രതീകങ്ങള്‍ക്കെതിരെ പ്രതികരിക്കുക. 

സത്യമേവജയതേ!

 .