തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, May 24, 2012

325.വീണ്ടുമൊരു ഹര്‍ത്താല്‍ മാമാങ്കം കൂടി.

കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ ഒഴികെ ആരും തന്നെ ഇഷ്ടപ്പെടാത്ത ഒരു ഹര്‍ത്താല്‍ കൂടി. കേരളത്തിലെ ജനങ്ങള്‍ ഭ്രാന്തമാര്‍ ആണെന്ന് അല്ലെങ്കില്‍ കേരളം തന്നെ ഭ്രാന്താലയം ആണെന്ന് വിവേകാനന്ദന്‍ പറഞ്ഞത് ആര്‍ത്താര്‍ത്തു പറഞ്ഞു അടിവരയിടാന്‍ ആഗ്രഹിക്കുന്ന ജനങ്ങളും രാഷ്ട്രീയക്കാരും മറ്റുള്ള സംസ്ഥാനങ്ങളുടെയും വിദേശികളുടെയും മുമ്പില്‍ കേരളത്തെ നാണം കെടുത്തുകയാണെന്ന് ഇതൊക്കെ ആഹ്വാനം ചെയ്യുന്ന മാന്യന്മാര്‍ അറിയുന്നില്ല.

ഇന്ധന വില കൂടുമ്പോള്‍ നടത്തുന്ന ഈ ആഹ്വാനങ്ങള്‍ കൊണ്ട് ഇതുവരെയും എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കില്‍ കേരളം എന്ന പാവക്ക വലിപ്പത്തിലുള്ള ഈ കൊച്ചു സംസ്ഥാനത്തില്‍ ഊളത്തരം കാട്ടിയാല്‍ എന്തെങ്കിലും നടക്കുമെന്ന് ഇതൊക്കെ ആഹ്വാനം ചെയ്യുന്നവര്‍ കരുതുന്നുണ്ടോ..? ഓരോ പ്രധാനകാര്യം വരുമ്പോഴും അത് മുല്ലപ്പെരിയാര്‍ ആയാലും സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ആവശ്യമായാലും നിഷ്കരുണം കേന്ദ്രം തള്ളിക്കളയുമ്പോള്‍  കേരളത്തിന്റെ ഒരു കാര്യവും കേള്‍ക്കില്ലെന്ന് തീരുമാനിച്ച കേന്ദ്ര നേതൃത്തം ഇന്ത്യയൊട്ടാകെ പെട്രോളിന് വില കൂട്ടുമ്പോള്‍ ഈ ഹര്‍ത്താല്‍ ആഘോഷ സംസ്ഥാനത്ത് കുരവയിട്ടാല്‍ കേള്‍ക്കാന്‍ മാത്രം വിഡ്ഢികള്‍ ആണോ..? ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ജനങ്ങളെ കാണിക്കാന്‍ പ്രതിപക്ഷവും അധികാരം എന്നെങ്കിലും കിട്ടിയേക്കും എന്ന് കരുതുന്ന വിഡ്ഢികളും നടത്തുന്ന വൃഥാ ശ്രമം മാത്രമാണ് ഈ ഹര്‍ത്താല്‍ .

പലപേരില്‍ നടത്തിയാലും ബന്ദും ഹര്‍ത്താലും കോടതി നിരോധിച്ചിട്ടുള്ളതാണ് . ജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനം ഉണ്ടാവൂ. സത്യത്തില്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും പൊറുതി മുട്ടിക്കുക എന്നതില്‍ കവിഞ്ഞു ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ല. സംസ്ഥാനങ്ങള്‍ തോറും സ്വകാര്യ വിമാനത്തില്‍ പറന്നു നടക്കുന്ന എണ്ണ കമ്പനി മുതലാളികളോ ഈ ചതിയ്ക്ക് കൂട്ടുനിന്ന കേന്ദ്ര മന്ത്രിസഭയിലെ പുംഗന്‍മാരോ ഈ ഹര്‍ത്താലിന്റെ ദോഷം അറിയാന്‍ പോകുന്നില്ല. ആശുപത്രിയിലും വിവാഹത്തിലും എന്നുവേണ്ട പാല് വാങ്ങാന്‍ കടയില്‍ പോകുന്ന പാവം ഒരു മലയാളിയും ഈ ബന്ദില്‍ നിന്ന് ബുദ്ധിമുട്ടാതെ പോകാന്‍ കഴിയില്ല.

ഏതു വിദേശ മലയാളിയോട് ചോദിച്ചാലും ആരും തന്നെ ബന്ദും ഹര്‍ത്താലും സമരങ്ങളും ആഘോഷമാക്കിയ കേരളത്തില്‍ സ്ഥിര താമസം ആക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തെ...! അന്യനാട്ടില്‍ കഷ്ടപ്പെട്ട് കാശുണ്ടാക്കി അവസാനം ജീവിക്കാന്‍ വരുമ്പോള്‍ ജനദ്രോഹ നടപടികള്‍ കൊണ്ട് ആഘോഷമാക്കുന്ന രാഷ്ട്രീയക്കാരുടെ വികൃതികള്‍ക്ക് ഇരയാകാന്‍ എന്തിനു നിന്ന് കൊടുക്കണം എന്നാവും ചോദ്യം .. എന്തിനു മലയാളികളുടെ  പ്രിയങ്കര നടന്‍ മോഹന്‍ലാല്‍ പോലും ഇന്ന് കേരളത്തില്‍ ജീവിക്കാന്‍ പേടി തോന്നുന്നു എന്നാണ് പറഞ്ഞത്. കേരളത്തില്‍ നിന്നും മറ്റിടങ്ങളില്‍ പോയി ജീവിക്കാന്‍ കഴിയാത്ത പാവങ്ങള്‍ എങ്ങോട്ട് പോവും..?

സായിപ്പന്മാരെ ഓടിച്ചു സ്വാതന്ത്ര്യം വാങ്ങിയ പാവങ്ങള്‍ മറന്നു പോയ ഒന്നുണ്ട്. സായിപ്പന്മാരുടെ ഭരണത്തിന് അല്പം നേട്ടങ്ങള്‍ സമ്മാനിക്കാന്‍ എങ്കിലും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് രാഷ്ട്രീയക്കാരുടെ ഭരണത്തില്‍ സ്വാതന്ത്ര്യവും നേട്ടവും ഇല്ല ജനദ്രോഹ നടപടികള്‍ മാത്രം.. എന്തെ ഈ സ്വാതന്ത്ര്യത്തിന്റെ നേട്ടം ..! രൂപയുടെ മൂല്യം ഐതിഹാസികമായി ഇടിഞ്ഞാലും
റബ്ബര്‍ പാവ പോലെ ഒന്നുമിണ്ടാതെ ഇരിക്കുന്ന പ്രധാനമന്ത്രി .. അതും ഇന്ത്യ കണ്ട ഏറ്റവും നല്ല സാമ്പത്തിക കാര്യാ വിദഗ്ദന്‍ ആണ് പുള്ളി എന്നുകൂടി ഓര്‍ക്കണം .. ! ഷെയര്‍ മാര്‍ക്കറ്റ് ഇടിഞ്ഞു അതില്‍ മുടക്കിയിരിക്കുന്നവരുടെ കുത്തുപാള എടുത്തു.. സാധാരണക്കാരുടെ മുമ്പില്‍ അതൊന്നും വിഷയങ്ങള്‍ അല്ലെങ്കിലും ഇതേപോലെ പെട്രോള്‍ വിലയും മറ്റും ഇനിയും കൂടും എന്നോര്‍ക്കുക. കാളവണ്ടിയും സൈക്കിളും റോഡില്‍ കാണുന്ന കാലം വിദൂരമല്ല.

നമ്മള്‍ നേട്ടത്തിലെക്കല്ല പകരം വിട്ടുകളഞ്ഞ മണ്‍മറഞ്ഞ ആ കാളവണ്ടി യുഗത്തിലെക്കാണ് തിരിച്ചു പോക്കെന്ന് മനസ്സിലാക്കിയാല്‍ മതി.

Sunday, May 6, 2012

324.സുസുകി ഗ്രാന്‍ഡ്‌ വിറ്റാര.


രാഷ്ട്രീയവും മറ്റും എഴുതേണ്ട സമയം ആണെങ്കിലും താല്‍പ്പര്യമില്ല. കാരണം ജീര്‍ണ്ണത എഴുതി തുടങ്ങിയാല്‍ നമ്മുടെ മനസ്സും ജീര്‍ണ്ണിക്കും. ഇന്ന് പോസ്റ്റില്‍ ഒരു ചെറു വാഹനത്തെ ഒന്ന് പരിചയപ്പെടുത്തുകയാണ്. സത്യത്തില്‍ ഇതിനെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ല. മലയാളികള്‍ക്ക് ഏറെ പരിചയമുള്ള ഒന്നാണ് ഇത്. എന്നാലും ഒന്നുകൂടി പരിചയപ്പെടുത്തുകയാണ് .

മറ്റു പല പേരുകളില്‍ ഇത് മിക്ക രാജ്യത്തും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ഗ്രാന്‍ഡ്‌ വിറ്റാര എന്നാ പേരില്‍ ആണ് ഇറങ്ങുന്നത്. നമ്മുടെ മാരുതി സുസുകി ഉണ്ടാക്കുന്ന ഒരു ഫോര്‍വീല്‍ ഡ്രൈവ് വാഹനം. മറ്റുള്ള ചെറു സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളും ഇതും തമ്മിലുള്ള വ്യത്യാസം ഏറെയാണ്‌ . ഒരു ലാഡര്‍ ഷാസി ഫ്രേമില്‍ നിര്‍മ്മിക്കപ്പെട്ട ഈ വാഹനം ഒരു മുഴുവന്‍ സമയ ഫോര്‍വീല്‍  ഡ്രൈവ് വാഹനം കൂടിയാണ് . ഈ കാറ്റഗറിയില്‍ ( ഹോണ്ട സി.ആര്‍ .വി , ടൊയോട്ട റാവ് 4 , മിത്സു ബിഷി ഔട്ട്‌ലാണ്ടര്‍ , നിസ്സാന്‍ എക്സ്ട്രൈയില്‍ , സൂബരു ഫോറസ്റ്റാര്‍ , ഒപാല്‍ അന്റാര തുടങ്ങി മിക്കതും ) വരുന്ന ഒട്ടുമിക്ക വാഹനങ്ങളും ഒരു കാറിന്റെ പ്ലാറ്റ് ഫോമില്‍ നിര്‍മ്മിച്ച സോഫ്റ്റ്‌റോഡര്‍ വിഭാഗത്തിലെ ക്രോസ് ഓവര്‍ വാഹനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇവയൊക്കെ കാറിനോട് കിടപിടിക്കുന്ന ഡ്രൈവിംഗ് സുഖം തരുമെങ്കിലും ദുര്‍ഘടം പിടിച്ച യാത്രകള്‍ക്ക് ഉതകില്ല.

ഈ കാറ്റഗറിയിലെ ചില വാഹനങ്ങള്‍ ഡിഫ്രന്‍ഷ്യല്‍ ലോക് ചെയ്യാമെന്നത്‌ കൊണ്ട് ( ഉദാഹരണം നിസ്സാന്‍ എക്സ്ട്രൈയില്‍ ) ഫോര്‍വീല്‍ ഡ്രൈവ് എന്ന് വിളിക്കുമെങ്കിലും ലോ റേഞ്ച് ഗീയര്‍ ബോക്സിന്റെ അഭാവത്താല്‍ ഒരു എല്ലാം തികഞ്ഞ ഫോര്‍ വീല്‍ ഡ്രൈവ് എന്ന് വിളിക്കുവാന്‍ കഴിയില്ല. എന്നാല്‍ മറ്റുള്ള ഓള്‍ വീല്‍ ഡ്രൈവുകള്‍ മുന്‍ /പിന്‍ ഡ്രൈവ് വാഹനങ്ങളും ആവശ്യം വരുമ്പോള്‍ മാത്രം മുന്‍ /പിന്‍ ചക്രങ്ങളില്‍ പവര്‍ കൊടുത്ത് കാര്യം സാധിക്കുന്ന രീതിയും ആണ് അവലംബിച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ സോഫ്റ്റ്‌ റോഡാര്‍ വാഹനങ്ങള്‍ ഒരു കഠിനമായ പരിത സ്ഥിതികളില്‍ പിന്തള്ളപ്പെട്ടു പോകും.

സ്വാഭാവികമായും രണ്ടു ചോദ്യങ്ങള്‍ മനസ്സില്‍ വരും.

1 ) ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ പോലുള്ള ഫുള്‍ സൈസ് ഓഫ് റോഡര്‍ ഉപയോഗിച്ച് കൂടെ..?
2 ) നമ്മുടെ മഹിന്ദ്ര ജീപ്പ് ഇതിലും മെച്ചമായ ഓഫ് റോഡര്‍ അല്ലെ..?

ചോദ്യം ഒന്നിന്റെ ഉത്തരം .. ടൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ മികച്ച ഓഫ് റോഡര്‍ തന്നെ. എന്നാല്‍ അതിന്റെ വില മിക്കപ്പോഴും സുസുകി ഗ്രാന്‍ഡ്‌ വിറ്റാരയുടെ മൂന്നു  മുതല്‍ അഞ്ചിരട്ടി വരെയാണ്. അതേപോലെ അത് പരിപാലിക്കുന്ന ചിലവും.

രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം .. ജീപ്പ് തീര്‍ച്ചയായും നല്ല ഓഫ് റോഡര്‍ ആണ്. എന്നാല്‍ യാത്ര സുഖം തരുന്ന കാര്യത്തില്‍ ജീപ്പ് ഏറെ പിന്നിലാണ്. ഏകദേശം കാറിന്റെ സുഖവും ഒപ്പം മാന്യമായ ഓഫ് റോഡ്‌ സൌകര്യവുമാണ് സുസുകി ഗ്രാന്‍ഡ്‌ വിറ്റാര നല്‍കുന്നത്. ( 1 .9  ലിറ്റര്‍ ഡീസല്‍ മുതല്‍ 3 .2 .ലിറ്റര്‍ പെട്രോള്‍ വരെ ഇവ ലഭ്യമാണ് ..)







അതേപോലെ ചില മോടിഫിക്കെഷനുകള്‍ വരുത്തിയാല്‍ ( സസ്പെന്‍ഷന്‍ സ്പ്രിങ്ങുകള്‍ ഉയര്‍ത്തി അല്പം പൊക്കുകയോ , നോര്‍മല്‍ ടയറുകള്‍ മാറി ഓള്‍ടെറൈന്‍  അല്ലെങ്കില്‍ ഓഫ് റോഡ്‌ ടയറുകള്‍ ഉപയോഗിക്കുക. അതോടൊപ്പം സ്കിഡ്‌ പ്ലേറ്റുകള്‍ ഉപയോഗിക്കുക. ആവശ്യമെങ്കില്‍ സ്നോര്‍ക്കല്‍ ഉപയോഗിക്കുക. ) ഈ വാഹനം ഒരു മികച്ച ഓഫ് റോഡ്‌ വെഹിക്കള്‍ ആയി ഉപയോഗിക്കാം .