തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, March 10, 2012

320. രക്ഷിക്കാനോ നീക്കം?

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ തന്ത്രപൂര്‍വം രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായ ആരോപണത്തെ നിസാരമായി കാണാനാവില്ല. നയതന്ത്രത്തിനു മേലെയാണ് ഇന്ത്യയിലെ നിയമം എന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോക്കം പോവുകയാണെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. അതു വാസ്തവമാണെങ്കില്‍, തികച്ചും അപലപനീയമാണെന്നു പറയട്ടെ.


കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോണ്‍ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇത്തരം ചില അയഞ്ഞ നീക്കങ്ങളുടെ ചരടുവലി നടക്കുന്നതായ സൂചനയുണ്ട്. ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴാത്ത തരത്തിലുള്ള ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നതിന്റെ ലക്ഷണമാണിത്.


സോളില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. അതായത്, ഇന്ത്യന്‍ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന ഇറ്റലിയുടെ നിലപാടിനോട് മൃദുസമീപനം പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്നു തന്നെ.
കഴിഞ്ഞ ദിവസം ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ച ആരോപണവും ഇതും കൂട്ടിവായിക്കുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ആലോചനകള്‍ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പു കഴിയുന്നതോടെ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് സോണിയാഗാന്ധി ഇറ്റലിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സോണിയയുടെ തീരുമാനം അതാണെങ്കില്‍ സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമുണ്ടാവാന്‍ തരമില്ല.


കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന മുന്നണിയുടെ അധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും സോണിയയുടെ അനുമതി ആവശ്യമുണ്ട്. കോണ്‍ഗ്രസിലെ സര്‍വശക്തയായ നേതാവ് എന്ന നിലയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടിനോട് കേരളത്തിലെ സര്‍ക്കാരോ യുഡിഎഫോ എതിര്‍പ്പു പ്രകടിപ്പിക്കുകയുമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം തുടക്കത്തിലുള്ള ആവേശം വിട്ടുകളഞ്ഞ് സര്‍ക്കാര്‍ പിന്തിരിയുന്ന കാഴ്ച ഇവിടെ കണ്ടതാണ്.


ഇറ്റലിയില്‍ നിന്നെത്തിയ വിദേശകാര്യ സഹമന്ത്രി കൊല്ലത്ത് പല ദിവസം സര്‍ക്കാര്‍ പോലുമറിയാതെ കറങ്ങി നടന്നതും, പൂജപ്പുര ജയിലിലെത്തി സത്യഗ്രഹത്തിനൊരുങ്ങിയതുമൊക്കെ സൂചിപ്പിക്കുന്നത് ഉന്നത തലത്തില്‍ നിന്ന് ഇറ്റലിക്ക് അനുകൂലമായ നീക്കം നടക്കുന്നു എന്നു തന്നെ. ഒരു വിദേശ വിനോദ സഞ്ചാരി ഇന്ത്യയിലെത്തിയാല്‍പ്പോലും അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണു ചട്ടം. അങ്ങനെയുള്ള നിയമം നിലവിലുള്ളപ്പോള്‍ത്തന്നെ, ഒരു വിദേശ രാജ്യത്തെ മന്ത്രി സംസ്ഥാന പൊലീസ് പോലുമറിയാതെ യാത്രാ പരിപാടികള്‍ തയാറാക്കിയത് എങ്ങനെയാണ്?


ആരോ ഒരു കൂട്ടര്‍ നുണയാണു പറയുന്നത്. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ മനസറിവോടെയാണ് ഇറ്റാലിയന്‍ മന്ത്രി ജലസ്റ്റിന്റെ വീടു സന്ദര്‍ശിക്കാനൊരുങ്ങിയത്. അല്ലെങ്കില്‍, സംസ്ഥാനം അറിയാതെ കേന്ദ്രത്തില്‍ നിന്നുള്ള സമ്മതം അദ്ദേഹത്തിനു ലഭിച്ചു. അത് എന്തായാലും ഇവിടെയുള്ളവര്‍ അറിയേണ്ടിയിരിക്കുന്നു.


പല വഴിയിലൂടെ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനവും എന്നതില്‍ തര്‍ക്കമില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് ഡല്‍ഹിയിലെത്തിയ മന്ത്രി കേരളത്തില്‍ കറങ്ങി നടന്നതും ഇപ്പോള്‍ സോള്‍ ഉച്ചകോടിയില്‍ നടത്താന്‍ പോകുന്ന ചര്‍ച്ചയുമൊക്കെ മരിച്ച മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാള്‍ വലുതാണ് ഇറ്റലിയുടെ അഭിമാനമെന്നു കേന്ദ്രത്തില്‍ ആരോ കരുതുന്നതിന്റെ സൂചന തന്നെ.


കേരളത്തിന്റെ തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോയവരാണു മരിച്ചത്. അതില്‍ കേരളീയര്‍ക്കുള്ളത്ര ദുഃഖം മറ്റുള്ളവര്‍ക്ക് ഉണ്ടായെന്നു വരില്ല. പക്ഷേ, ഏതു സംസ്ഥാനക്കാരായാലും അവര്‍ ഇന്ത്യയിലെ പൗരന്മാര്‍ തന്നെയാണെന്നത് ആരും മറക്കരുത്. അന്താരാഷ്ട്ര തലത്തിലുള്ള സമാധാന നീക്കങ്ങള്‍ക്ക് എതിരാകും നാവികര്‍ക്കെതിരേ ഇന്ത്യ സ്വീകരിക്കുന്ന ഏതൊരു നടപടിയുമെന്ന് പറഞ്ഞ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി എന്തു ചര്‍ച്ചയ്ക്കാണ് മന്‍മോഹന്‍ തയാറെടുക്കുന്നത്?


ഇന്ത്യയുടെ നിയമപ്രകാരം നാവികര്‍ക്കെതിരേ കേസെടുക്കുന്നതിലും വിചാരണ ചെയ്യുന്നതിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് തുറന്നു പറയാന്‍ മന്‍മോഹന്‍ സിംഗിനെ ആരാണു തടയുന്നതെന്നു കൂടി ജനങ്ങളോടു വ്യക്തമാക്കണം. സമാനമായ സംഭവം ഇറ്റലിയുടെ തീരത്തായിരുന്നെങ്കില്‍ എന്തായിരുന്നേനെ അവിടുത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി? നയതന്ത്രം നല്ലതാണ്. പക്ഷേ, സ്വന്തം പൗരന്മാരുടെ ജീവന്‍ വച്ചു കളിക്കുന്ന നയതന്ത്രം ആവശ്യമില്ല. സമാധാനപരമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ചു വെടിവച്ചെന്നു പറയുന്നതിലെ ന്യായവാദം മനസിലാവുന്നില്ല. കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ കടലില്‍ കണ്ടുമുട്ടുന്നവരെ കൊന്നൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്? കടല്‍ക്കൊള്ളക്കാരെ നേരിടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കപ്പലുകളില്‍ ആയുധം കൊണ്ടു നടക്കാന്‍ യുഎന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും ചെറിയ മത്സ്യബന്ധന ബോട്ടില്‍ തൊഴില്‍ ചെയ്തുകൊണ്ടിരുന്നവരെ വെടിവച്ചു വീഴ്ത്തിയത് എന്തിനാണ്?


ഇത്തരം ചോദ്യങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പരസ്യമായി ചോദിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്കു സാധിക്കേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍, കുറ്റവാളികള്‍ ഇറ്റലിക്കാരാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അങ്കലാപ്പിലായതാണ് കേന്ദ്ര സര്‍ക്കാരെന്നു തോന്നുന്നു.


കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന കരങ്ങളില്‍ ഇറ്റാലിയന്‍ പക്ഷപാതവുമുണ്ടെന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കാണുന്ന ഓരോ നടപടികളും. പൂജപ്പുര ജയിലില്‍ ചെന്നിട്ട് സെല്ലില്‍ കയറാതെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ വരെ കൊലയാളികള്‍ക്കു സാധിച്ചു. എത്ര അപമാനകരമാണിത്. മറ്റേതെങ്കിലും രാജ്യത്തെ ജയിലില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുമോ?
തങ്ങള്‍ക്ക് ആരെയും ഭയക്കാനില്ലെന്നും, തെരഞ്ഞെടുപ്പെന്ന കോലാഹലം കഴിയുന്നതോടെ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകുമെന്നും നാവികര്‍ കരുതുന്നു എന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തു വരിക തന്നെ വേണം.

 Editorial » 09/03/2012


Saturday, March 3, 2012

319.റിട്ടയറായാലും പിന്നെ വാല് വേണോ...?

ഈ പോസ്റ്റ്‌ ആരെയും ചൊറിയാനോ നോവിക്കാനോ അല്ല എഴുതുന്നത്‌. കൂതറ തിരുമേനിക്ക് തോന്നിയതും അനുഭവപ്പെട്ടതുമായ രണ്ടു സംശയങ്ങള്‍ ഒന്ന് മാറ്റാനാണ് എഴുതുന്നത്‌.

ഏതു തൊഴിലും മാന്യമെന്നു പറയാമെങ്കിലും അതില്‍ വിശ്വസിക്കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവരും കേരളത്തില്‍ തുലോം കുറവാണ് . അതേപോലെ വൈറ്റ് കോളര്‍ ജോലിചെയ്യുന്നവന്‍ മാന്യനും കൈക്കൊട്ടെടുത്തു കിളയ്ക്കുന്നവന്‍ കിഴങ്ങനെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ ഒരു മാസം ഓഫീസില്‍ പേനയുന്തുന്ന ഗുമസ്തന്‍ ഉണ്ടാക്കുന്നതിന്റെ പലേ ഇരട്ടി കേരളത്തില്‍ മീന്‍ വില്‍പ്പന നടത്തുന്നവനും മണല്‍ വരാന്‍ പോകുന്നവരും ഉണ്ടാക്കുന്നു. മാനം മര്യാദയ്ക്ക് ഉണ്ടാക്കുന്ന പൈസ മാന്യമായി വിനയോഗിക്കമെങ്കില്‍ ആ മീന്‍ വില്‍ക്കുന്നവന്റെ അന്തസ്സില്‍ ജീവിക്കാന്‍ ഈ പേനയുന്തുന്നവന്‍ കൈക്കൂലി വാങ്ങുകയോ അവന്റെ പെമ്പ്രന്നോരു മറ്റേ പണിക്കു പോകുകയോ ചെയ്യണം . എന്നാല്‍ ഈ പേനയുന്തല്‍ തൊഴിലാളികള്‍ മറ്റുള്ളവരെ വെറും " മറ്റവന്‍ " മാരെന്നെ കരുതാറുള്ളൂ. അതേപോലെ ഇഞ്ചിനീയറിങ്ങും എം .ബി എയും പഠിച്ചു വിദേശത്തു വിദേശമലയാളികള്‍ ഉണ്ടാക്കുന്ന ഒരുമാസത്തെ ശമ്പളം കണി കാണാന്‍ ഈ " മാന്യന്‍മാര്‍ " ലോണേടുക്കേണ്ടി വരും. എന്നാലും വിദേശമലയാളികളും മാന്യന്മാരുടെ പട്ടികയില്‍ പെടില്ല. കൈക്കൂലി വാങ്ങാതെ അന്തസ്സായി ജീവിക്കാന്‍ ഈ പേനയുന്തല്‍ പണികൊണ്ടു പറ്റില്ലെന്ന് മനസ്സിലാക്കുന്ന നിരവധിപ്പേര്‍ വിദേശത്തുണ്ട്. അവരൊക്കെ തന്നെ നാട്ടില്‍ അഞ്ചും പത്തും തെണ്ടി നടന്നു പി.എസ് സിയുടെ കനിവും കാത്തു എല്‍ ഡി സി യും .. യൂഡിസിയും ആയി ജീവിച്ചു തീര്‍ക്കെണ്ടതല്ല തങ്ങളുടെ ജീവിതമെന്ന് തിരിച്ചറിഞ്ഞവരാണ്. അതിന്റെയര്‍ത്ഥം ആ തൊഴില്‍ മോശമാണെന്നല്ല അതിലും മികച്ചത് ചെയ്യാം എന്ന് തീരുമാനിച്ചെന്നു മാത്രം . അന്തസ്സോടെ ഏതു തൊഴിലും ചെയ്തു പണം ഉണ്ടാക്കി ജീവിക്കുന്നവരില്‍ ഒരാള്‍ മാന്യന്‍ മറ്റവന്‍ കൂതറ എന്ന് കൂതറ തിരുമേനി കരുതുന്നില്ല.

ഇനി രണ്ടാമത്തെ കാര്യത്തിലേക്ക് . ഡോക്ടര്‍ അഭിഭാഷകന്‍ തുടങ്ങി ചില തൊഴില്‍ ചെയ്യുന്നവര്‍ പേരിന്റെ അറ്റത്തു വാല്‍ ചേര്‍ക്കുന്നത് പതിവാണ്. അതില്‍ അപാകത ഒന്നും ഇല്ല. ആളുടെ തൊഴില്‍ തിരിച്ചറിയാന്‍ നല്ലതാണു . വടക്കെണ്ട്യയില്‍ സ്വര്‍ണ്ണപണിക്കാരന്‍ , കക്കൂസ് കഴുകുന്നവര്‍ തുടങ്ങി എല്ലാ തൊഴില്‍ ചെയ്യുന്നവരും തങ്ങള്‍ ആ തൊഴിലില്‍ പെട്ടവര്‍ ആണെന്ന് കാണിക്കാന്‍ ആ വാല്‍ ചേര്‍ക്കുന്നത് പതിവായിരുന്നു. ആ കുലത്തില്‍ ജനിച്ചത്‌ കൊണ്ടുതന്നെ മരണം വരെ ആ വാലും പേറി നടക്കേണ്ട ഗതികേടും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തൊഴിലില്‍ കയറുമ്പോള്‍ ഐ എ സ് , ഐ പി എസ് , മറ്റു സിവില്‍ സര്‍വീസുകാര്‍ , ജഡ്ജി , തുടങ്ങിയവര്‍ ആ പദവിയില്‍ വന്നശേഷം ആ വാല്‍ ചേര്‍ക്കുന്നവരാണ് .   തൊഴില്‍ പരമായി ( വിദ്യഭാസപരമായി ആവണം എന്നില്ല ) തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് ഉന്നതര്‍ ആണെന്ന് അറിയിക്കാന്‍ ആ വാല്‍ നല്ലതാണു . എന്നാല്‍ റിട്ടയര്‍ ആയ ശേഷം ആ പദവി പേരിനോട് ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നതിനെ വായനക്കാര്‍ എങ്ങനെ കാണുന്നു എന്നറിയില്ല. ഡോക്ടര്‍ ഇനി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ആയാലും വക്കീല്‍ സര്‍ക്കാര്‍ വക്കാലത്ത് കഴിഞ്ഞാലും ആ തൊഴില്‍ ചെയ്യാമെന്നത്‌ കൊണ്ട് ആ വാല്‍ വെക്കുന്നത് തെറ്റാണെന് തോന്നിയിട്ടില്ല.

ഈ വാല്‍ വെക്കുന്നത് കൊണ്ട് എന്താ കൂതറ തിരുമേനിക്ക് പ്രശ്നം എന്ന് ചോദിച്ചേക്കാം .. സിമ്പിള്‍ .. ഇന്ത്യന്‍ മുന്‍ പ്രസിഡണ്ട് എ.പി.ജെ അബ്ദുല്‍ കലാം പെന്‍ഷന്‍ ആയ ശേഷം എ.പി.ജെ.അബ്ദുല്‍ കലാം .ഇന്ത്യന്‍ പ്രസിഡണ്ട് എന്ന് വെച്ചാല്‍ എന്ത് തോന്നും. വായിക്കുനവന് ഇനി അബ്ദുല്‍ കലാം തന്നെയാണോ പ്രസിഡണ്ട് എന്ന് തോന്നിയേക്കാം . വിരലില്‍ എണ്ണാന്‍ മാത്രം പ്രസിഡണ്ടും പ്രധാനമന്ത്രിയും ഉള്ള രാജ്യത്ത് ഇനി മുന്‍. പ്രസിഡണ്ട് എന്ന് പറയാതെ തന്നെ പുള്ളിയെ ഏവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ മറ്റു സര്‍ക്കാര്‍ തൊഴില്‍ ചെയ്യുന്നവര്‍ റിട്ടയര്‍ ആയശേഷം മുന്‍ പോസ്റ്റ്‌ ( പദവി ) പേരിനോട് ചേര്‍ത്തു വെക്കുന്നത് താന്‍ സട /പല്ല് പൊഴിഞ്ഞ സിംഹം ആണെന്ന് അറിയിക്കാനെ ഉതകൂ. അല്ലെങ്കില്‍ തനിക്കു ഒരു പ്രത്യേക പരിഗണന കിട്ടണം എന്നറിയിക്കാന്‍ ആവണം . എന്നാല്‍ ബസില്‍ വികലാംഗര്‍  , സ്ത്രീകര്‍ , അന്ധര്‍ , സീനിയര്‍ സിറ്റിസന്‍സ് തുടങ്ങി അല്‍പ്പം സംവരണം ആവശ്യമുള്ളവര്‍ മാത്രമേ ആ പരിഗണന അര്‍ഹിക്കുന്നുള്ളൂ. അതേപോലെ ഈ മുന്‍ പദവിക്കാരും ഈ പരിഗണന ആഗ്രഹിക്കുന്നുണ്ടോ.. ആവൊ ..? അതേപോലെ ഇനി ഒരാള്‍ ഐ പി എസ്സില്‍ നിന്ന് റിട്ടയര്‍ ചെയ്‌താല്‍ ഭരത് ചന്ദ്രന്‍ ഐ .പി എസ് എന്ന് വെക്കുന്നത് ഉചിതം ആവുമോ..? ഭരത് ചന്ദ്രന്‍ റിട്ടയര്‍ ഐ.പി .എസ് എന്ന് വെക്കുന്നതല്ലേ ഉചിതം .. ഇനി ഈ റിട്ടയര്‍ യെന്നത് താന്‍ സീനിയര്‍ സിറ്റിസന്‍ ആണെന്നും അല്‍പ്പം ബഹുമാനം വേണം കേട്ടോ .. അതേപോലെ പോസ്റ്റിനനുസരിച്ചു ബഹുമാനം കൂട്ടി തരാന്‍ ആവശ്യപ്പെടുന്നതാവോ ആവോ..?

എന്തായാലും ഇനി ബ്ലോഗ്ഗര്‍മാര്‍ പേരിനോടൊപ്പം ബ്ലോഗ്ഗര്‍ , മൂഷികന്‍‌ മലയാളം  ബ്ലോഗ്ഗര്‍ ( റിട്ടയര്‍ ) എന്നൊക്കെ ചേര്‍ത്തു വെച്ച് തങ്ങളെ പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ.. ഒരു തൊഴിലും ചെറുതോ വലുതോ അല്ല. ഓരോരുത്തര്‍ ജീവിക്കാന്‍ ഓരോ തൊഴില്‍ ചെയ്തു ജീവിക്കുന്നു. റിട്ടയര്‍ ചെയ്‌താല്‍ ആളെ ആരും പഴയ പോലെ ബഹുമാനിക്കില്ല. കാരണം അത്തരം ബഹുമാനം കാണിക്കുന്നവര്‍ ആളെയല്ല ആ പദവിയെ ആണ് അല്ലെങ്കില്‍ കസേരയെ ആണ് ബഹുമാനിക്കുന്നത്‌. കേട്ടിട്ടില്ലേ. വ്യക്തികളെ ബഹുമാനിക്കണം എങ്കില്‍ ആളുടെ വ്യക്തിതം നന്നായിരിക്കണം . ആനപ്പുറത്ത് ഇരിക്കുമ്പോള്‍ ആളെ പട്ടി കടിക്കാത്തത് ആനയെ പേടിച്ചിട്ടാണ് ... ആനക്കാരനെയല്ല..