തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 6, 2011

314.ഓഹരി വിപണി വിദഗ്ദ്ധരുടെ ടിപ്സിലെ കളികള്‍ ...!

ലോകത്തുള്ള ഏതു ഓഹരി വിപണികളിലും നിക്ഷേപിക്കുന്ന ചെറുകിട ഇടത്തരം നിക്ഷേപകരുടെ ഒരു പ്രധാന ആശ്രയ കേന്ദ്രമാണ് " വിദഗ്ദ്ധരുടെ " ഫണ്ടമെന്റല്‍ , ടെക്നിക്കല്‍ , അനലൈസുകള്‍ ഒപ്പം ടിപ്സ് എന്നാ ഓമനപ്പേരിലുള്ള ഉപദേശവും. ഈ ഉപദേശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാവശ്യപ്പെടുകയല്ല എന്നാല്‍ ഇതിലെ ചില കള്ളകളികള്‍ കാണിച്ചു തരുകയാണ്‌ ഇവിടെ. വമ്പന്‍ നിക്ഷേപകരും , മ്യൂച്ചല്‍ ഫണ്ട് / ധനകാര്യ സ്ഥാപനങ്ങളും ഒരു കമ്പനിയില്‍ നിക്ഷേപിക്കുമ്പോള്‍ ആ സ്ഥാപനത്തെക്കുറിച്ച് പഠിച്ചു വിശകലനം നടത്താന്‍ പ്രത്യേകം പരിശീലവും പഠിപ്പും ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടാവും. പലപ്പോഴും നിയമ വിരുദ്ധമെങ്കിലും ഇന്‍സൈഡര്‍ ഇന്‍ഫോര്‍മേഷനും (കമ്പനിയുടെ രഹസ്യങ്ങളും ) കിട്ടും. അല്ലെങ്കില്‍ സംഘടിപ്പിക്കും. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഈ രണ്ടു സൗകര്യങ്ങളും അപ്രാപ്യമായിരിക്കും. ഒരു നല്ല ഫണ്ട് മാനേജര്‍ ഇന്ത്യയില്‍ അരക്കോടിയ്ക്കും രണ്ടരക്കൊടിയ്ക്കും ഇടയില്‍ ശമ്പളവും ആനുകൂല്യങ്ങളും കൂടി വാങ്ങുന്നുണ്ടെന്നു അറിയുമ്പോള്‍ സാധാരണക്കാരന്റെ അപ്രാപ്യതയുടെ ആഴം മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള ഫണ്ട് മാനജേരില്‍ ഒരാളലായ എച് .ഡി .എഫ് .സി .മ്യൂച്ചല്‍ ഫണ്ടിലെ പ്രശാന്ത്‌ ജെയിന്‍ പോലെയുള്ളവര്‍ ഈ കാറ്റഗറിയില്‍ ഉള്ളവരാണ്.

നമുക്ക് നമ്മുടെ കൈയിലുള്ള പണം നേരിട്ടോ അല്ലാതെയോ ഓഹരി വിപണിയില്‍ നിക്ഷേപിക്കാം. നേരിട്ട് ഷെയര്‍ വാങ്ങിയോ അല്ലെങ്കില്‍ പോര്‍ട്ടി ഫോളിയോമാനേജര്‍
( പൊറിഞ്ചു വെളിയത്തിന്റെ ഇക്വിറ്റിഇന്റെല്ലിജെന്‍സ് , ജിയോജിത് പി എം. എസ് ഒക്കെപോലെയുള്ള ) വഴിയോ അല്ലെങ്കില്‍ പരോക്ഷമായി മ്യൂച്ചല്‍ ഫണ്ടുകള്‍ വഴിയോ ഓഹരി വിപണിയില്‍ പണം മുടക്കാം. ഓഹരി വിപണിയില്‍ പണം മുടക്കുമ്പോള്‍ കിട്ടുന്ന പ്രയോജനങ്ങള്‍ പലതാണ്. ഡിവിഡണ്ട് കിട്ടുമ്പോഴും വാങ്ങുന്ന ഷെയറിന്റെ മൂല്യ വര്‍ധനവ്‌ ഉണ്ടാകുമ്പോഴും നമുക്ക് പ്രയോജനം കിട്ടുന്നു. അതോടൊപ്പം റിസ്ക്‌ എടുക്കുന്നതിന്റെ ത്രില്ലും സുഖവും ഒപ്പം ഷെയര്‍ വാങ്ങുമ്പോള്‍ ആ കമ്പനിയുടെ ചെറിയ അളവില്‍ ആണെങ്കില്‍ പോലും ഉടമയാണെന്ന തോന്നലും മികച്ചത് തന്നെ. എന്നാല്‍ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റില്‍ വരുമാനം സുനിശ്ചിതം ആണെങ്കിലും രൂപയുടെ മൂല്യശോഷണം മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ നമ്മുടെ നിക്ഷേപത്തിന് കഴിയുന്നില്ല. എന്നാല്‍ ഓഹരി വിപണിയുടെ ഇതുവരെയുള്ള ചിത്രം പരിശോധിച്ചാല്‍ ഓഹരി വിപണി നമുക്ക് ബാങ്ക് നിക്ഷേപത്തിനെക്കാള്‍ വരുമാനം നേടിത്തന്നതായി കാണാം. അതുകൊണ്ട് തന്നെ ഓഹരി വിപണി തന്നെ ബുദ്ധിപൂര്‍വ്വമുള്ള നിക്ഷേപത്തിന് കൂടുതല്‍ യോജിച്ചതെന്നു കാണാം. എന്നാല്‍ കൈയിലുള്ള കാശ് വിപണിയില്‍ നിക്ഷേപിക്കുന്നതും ബുദ്ധിപൂര്‍വ്വം പണം ഊരിയെടുക്കുന്നിടത്തുമാണ് കളിയെല്ലാം ഇരിക്കുന്നത്.

ടിപ്സിലെ ഒരു ചെറിയ കളി
പണം വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ( ഡീമാറ്റും മറ്റു കുണ്ടാമണ്ടികളും കഴിഞ്ഞു ) മിക്കവാറും ആളുകള്‍ ആദ്യം പറഞ്ഞ ടിപ്സുകളും നോക്കും. നമ്മള്‍ അക്കൌണ്ട് എടുത്ത ബ്രോക്കറിംഗ് സ്ഥാപനങ്ങള്‍ തന്നെ " ഫ്രീയായി " ടിപ്സുകള്‍ തരും. ഈ ടിപ്സിലെയും ഇടയ്ക്കിടെ ചാനലുകളിലും പത്രങ്ങളിലും വിദഗ്ദ്ധരെന്ന വിശേഷണവുമായി വരുന്ന ആളുകളുടെ ടിപ്സിലെ ചില കളികളാണ് ഇവിടെ പറയാന്‍ പോകുന്നത്. എന്റെ നിരീക്ഷണങ്ങളും അനുഭവങ്ങളും ഒപ്പം കുറെ അടുത്ത ആളുകള്‍ക്കുണ്ടായ അക്കിടികളും ഈ പോസ്റ്റിന്റെ കാതലായ അംശങ്ങളാണ് . ചാനലുകളില്‍ വരുന്ന പല വിദഗ്ദ്ധരും ഫ്രീ ടിപ്സ് തരുന്നതോടൊപ്പം പെയ്മെന്റ് വാങ്ങി തങ്ങളുടെയോ അല്ലെങ്കില്‍ തങ്ങളെപ്പോലെയുള്ള ഒന്നിലധികം പേര്‍ ചേര്‍ന്നുണ്ടാക്കിയ ഇന്‍വെസ്റ്റ്‌ സപ്പോര്‍ട്ട് / അഡ്വൈസ് സൈറ്റിലെ കാശുകൊടുത്ത ആളുകള്‍ക്ക് ഉപദേശം കൊടുക്കുന്നവരും ആവും. ഓരോ ഉപദേശത്തിന്റെയും അവസാനം ഇതില്‍ കാശുപോയാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഒരു കൈകഴുകലും ഉണ്ട്. അതുകൊണ്ട് പോയാല്‍ മുടക്കുന്നവന് പൊള്ളും. ഒരു ചാനലില്‍ ഒരു വിദഗ്ധന്‍ രാവിലെ ഒരു പ്രമുഖ ഇന്‍ഫ്രാ കമ്പനിയില്‍ മുടക്കാന്‍ പറഞ്ഞു പോയപ്പോള്‍ ഞെട്ടിപ്പോയി. അതെ വ്യക്തി തന്റെ കൂട്ടളികളോട് കൂടി നടത്തുന്ന പെയ്മെന്റ് സൈറ്റില്‍ കാശുമുടക്കിയ ആളുകള്‍ക്ക് ആ കമ്പനി കൈയൊഴിയാന്‍ രാവിലെ തന്നെ "അഡ്വൈസ് " കൊടുത്തിരുന്നു. കാശുമുടക്കിയവരോട് കൂടുതല്‍ വിധേയത്വം കാണിക്കുന്നതിന്റെ ലോജിക് മനസ്സിലാവും.. കാരണം അവിടെ കൂടുതല്‍ ശരിയായാല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ പിന്നീട് മുടക്കൂ.. പിന്നെ ടിവിയില്‍ പറഞ്ഞാല്‍ ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ എന്ത് ചേല് എന്നത് മാത്രമല്ല.. തന്റെ കാശുതന്നെ ആളുകള്‍ വില്‍ക്കാന്‍ ചെല്ലുമ്പോള്‍ വാങ്ങാനും ആള് വേണ്ടേ..!!! ഈ ഒരു കാര്യത്തിന് നിര്‍ഭാഗ്യവശാല്‍ കേസ് കൊടുക്കാന്‍ പറ്റില്ല.. നിയമാനുസരണം ആള്‍ കൈ കഴുകല്‍ നടത്തിയിരുന്നല്ലോ.. ഇനി അതല്ല ടിവിയില്‍ വന്നതിന്റെ വിഡിയോ സഹിതം കേസ് കൊടുത്താല്‍ ഒന്ന് ആള്‍ കാശ് വാങ്ങിയിരുന്നില്ല. രണ്ടു പേ ചെയ്ത ആളുകള്‍ക്ക് ചെയ്ത മെയില്‍ തലേ ദിവസം ആയിരുന്നു.. ഓഹരി വിപണിയില്‍ മാറ്റം വരാന്‍ മിനിറ്റുകള്‍ മതി. ആള്‍ ക്ലീന്‍.. തങ്ങളുടെ കൈയില്‍ ഉള്ള വമ്പന്‍ ഷെയര്‍ ശതമാനം വിറ്റു മാറാനും ഈ ടെക്നിക് വിദഗ്ധര്‍ ഉപയോഗിക്കാറുണ്ട്.. പാവപ്പെട്ട ആളുകള്‍ ഷെയര്‍ വാങ്ങികൂട്ടുമ്പോള്‍ ഈ വിദഗ്ധര്‍ /അല്ലെങ്കില്‍ അവരുടെ സ്ഥാപനത്തിന്റെ ഉടമകള്‍ ചിരിക്കുകയാവും.. കാരണം അവര്‍ ഈ ഷെയറുകള്‍ കൈ ഒഴിയുകയാവും അപ്പോള്‍ ചെയ്യന്നത്.

ബ്രോക്കറിംഗ് സ്ഥാപനത്തിലെ ടിപ്സിലെ ഒരു കളി

അടുത്തിടെ ഒരു ബ്രോക്കറിംഗ് സ്ഥാപനം റിലയന്‍സ് 860 എത്തിയപ്പോള്‍ തന്നെ ടിപ്സ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഉടനെ വാങ്ങിക്കോ സാധനം 900 രൂപയില്‍ എത്തുമത്രേ.!! അഞ്ചുശതമാനം പോലും കിട്ടാത്ത ഈ കച്ചവടത്തില്‍ ലാഭം കമ്പനിയ്ക്ക് മാത്രം... ഷെയര്‍ വങ്ങുംപോഴും വില്ക്കുമ്പോഴും കമ്മീഷന്‍ കിട്ടുമല്ലോ.. അത്ര വല്ല്യ ഐഡിയ ഇല്ലാത്ത പാവങ്ങള്‍ ഇതില്‍പ്പെട്ടു പോവും. ഇത് ഡേട്രേഡിംഗ് ടിപ്സ് അല്ല ഷോര്‍ട്ട് ടേം ടിപ്സ് ആയിട്ടാണ് കൊടുത്തത്.. റിലയന്‍സില്‍ മുടക്കുന്നവര്‍ സത്യത്തില്‍ 860 വന്നപ്പോള്‍ തന്നെ പാര്‍ട്ട് പ്രോഫിറ്റ് ബുക്ക്‌ ചെയ്തു കഴിഞ്ഞിരിക്കും.. റിലയന്‍സിന്റെ ഷെയര്‍ 750 ആയപ്പോള്‍ ഈ വിദഗ്ധര്‍ എവിടെയായിരുന്നു എന്ന് ചിന്തിക്കണം... തങ്ങളുടെ ടിപ്സില്‍ വിശ്വസിച്ചു പണം മുടക്കുന്നവരുടെ കാര്യത്തില്‍ അല്പമെങ്കിലും ഉത്തരവാദിത്വം ഉണ്ടെങ്കില്‍ അന്നേ അവര്‍ ഉപദേശിച്ചേനെ...! അല്ലെങ്കില്‍ 860 വരുമ്പോള്‍ മിണ്ടാതിരുന്നെനെ..!! അതേപോലെ ഒരാഴ്ച മുമ്പേ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മുടക്കാന്‍ പറഞ്ഞിട്ട് അടുത്താഴ്ച പെട്ടെന്ന് തടിയൂരാന്‍ ഉപദേശിച്ചപ്പോള്‍ പാവങ്ങള്‍ക്ക് പോയതും കാശ് തന്നെ.. ( എന്നാല്‍ ഈ ഒരാഴ്ച കൊണ്ട് കമ്പനിയ്ക്ക് ഒരു മാറ്റവും വന്നില്ല. സര്‍ക്കാര്‍ ഈ ഒരാഴ്ചയില്‍ ബാങ്ക് റിപ്പോ /റിവേഴ്സ് റിപ്പോ പലിശയും കൂട്ടിയില്ല. ലാവസയും അങ്ങനെ തന്നെ കിടന്നിരുന്നു ..) ആളുകള്‍ക്ക് പോയെങ്കില്‍ എന്താ വാങ്ങിയപ്പോഴും വിറ്റപ്പോഴും നല്ല കമ്മീഷന്‍ കിട്ടിയിരുന്നല്ലോ.. അത് ലാഭമല്ലേ അപ്പോള്‍ ഈ കച്ചവടം കൊണ്ട് അഞ്ചു മുതല്‍ പത്തു ശതമാനം പണം പോയ പാവങ്ങളോ....? അവരുടെ നഷ്ടമോ...? അല്ല ഓഹരി വിപണി നഷ്ടവും ലാഭവും തരുമല്ലോ.. !

ഇനി വന്‍കിട കോര്‍പ്പറേറ്റ് കളികള്‍

ചിലപ്പോള്‍ ഒരു സെക്റ്ററില്‍ ഉള്ള ഒരു കമ്പനിയില്‍ വമ്പന്‍ ബൈയിംഗ് / സെല്ലിംഗ് ടിപ്സ് വിദഗ്ധര്‍ കൊടുക്കും ( കഴിഞ്ഞ തവണ ഏവറോണ്‍ എഡ്യൂക്കേഷന്‍ വിഷയത്തില്‍ നാം ഇത് കണ്ടതാണ് ) ആ സെക്ടര്‍ അതായതു ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ സെക്റ്റര്‍ നന്നായി പോയപ്പോള്‍ ഒരു റെയിഡ് ഏവറൊണില്‍ നടന്നിരുന്നു. സമാനപ്രവര്‍ത്തനവും ബിസിനസ് ശൈലിയും മാനേജ്‌മന്റ്‌ ടെക്നിക്കും/തരികിടകളും ചെയ്യുന്ന മറ്റു കമ്പനികളും ( പേര് പറയാന്‍ ഉദ്ദേശിക്കുന്നില്ല ...) വിപണിയില്‍ ഏവറൊണിനെതിരെ "വിദഗ്ധരെ " ഉപയോഗിച്ച് പ്രചരിപ്പിച്ചിരുന്നു. ഈ ഈ സെക്റ്റര്‍ സേഫ് ആണെന്നും മറ്റുള്ള ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ കമ്പനികളില്‍ മുടക്കാന്‍ ആയിരുന്നു അവരുടെ ഉപദേശം ... മറ്റുള്ള കമ്പനികള്‍ക്ക് ദിവസങ്ങള്‍ കൊണ്ട് വിലകൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. കാശ് കൊടുത്തു കുരപ്പിക്കുന്ന സ്വഭാവം അങ്ങനെ ഇവര്‍ക്കുണ്ടെന്ന് അതോടെ ചിലര്‍ക്കെങ്കിലും മനസ്സിലായി. ഇപ്പോള്‍ ഏവറോണ്‍ വീണ്ടും പച്ചപിടിച്ചു. ആ മോശം സമയത്ത് ഏവറൊണില്‍ മുടക്കിയവര്‍ ആഴ്ചകൊണ്ട് ലക്ഷങ്ങളും കൊടികളും ഉണ്ടാക്കി.. ഒരു കാര്യം കൂടി പറയുമ്പോള്‍ ചിത്രം വ്യക്തമാവും.. ഈ പറഞ്ഞ വിദഗ്ധര്‍ ഉള്ള പല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളും ഈ സമയത്ത് അതായതു ഏവറോണ്‍ തകര്‍ന്ന സമയത്ത് ഏവറൊണില്‍ പണം ഇറക്കി.. ആര് മണ്ടന്മാരായി....!! തങ്ങളുടെ ഷെയര്‍ വില കൂട്ടാന്‍
( ആസമയത് അല്‍പ്പം കൈയിലുള്ളത് വില്‍ക്കാന്‍ കൂടി ) ഇതേ സെക്റ്ററിലെ മറ്റുള്ള കമ്പനികള്‍ അവസരം കണ്ടെത്തി..

ഇനി ഏറ്റവും നെറികെട്ട എന്നാല്‍ ആവശ്യമായ ഒരു കളി ..

ഒരു കമ്പനിയില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാം .. ആയിരവും പതിനായിരവും മുടക്കുന്നതുപോലെയല്ല ഒരു കമ്പനിയില്‍ അഞ്ചും പത്തും ശതമാനം വാങ്ങാന്‍ മുടക്കുന്നത്. ഇത്തരം നിക്ഷേപകര്‍ ഒരു മാസത്തെക്കോ വര്‍ഷത്തേക്കോ അല്ല മുടക്കുന്നത്.. ദീര്‍ഘ നാളത്തെ നിക്ഷേപകര്‍ അതും വമ്പന്‍ നിക്ഷേപകര്‍ മാര്‍ക്കറ്റ് ഏറ്റവും ഉയര്‍ന്ന കാലത്തല്ല മുടക്കുന്നത്. കാരണം ഒരു കമ്പനിയില്‍ മുടക്കുന്നു അല്ലെങ്കില്‍ ഷെയര്‍ വാങ്ങുന്നു എന്നതല്ല ഷെയര്‍ മാര്‍ക്കറ്റിലെ മിടുക്ക്. എത്ര ലെവലില്‍ എത്ര കുറച്ചു ആ ഷെയര്‍ വാങ്ങുന്നു എത്ര കൂട്ടി ആ ഷെയര്‍ വില്‍ക്കുന്നു എന്നിടത്താണ് ആ ആളുടെ മിടുക്ക്. അതുകൊണ്ട് തന്നെ കമ്പനിയുടെ ഷെയര്‍ വില കുറയ്ക്കാന്‍ മാര്‍ക്കറ്റില്‍ അഭ്യൂഹങ്ങള്‍ പരത്താനും ഈ ആളുകള്‍ ശ്രമിക്കും. ഇതിന്റെ നേര്‍ വിപരീതം ചെയ്തു ഷെയര്‍ വില്‍ക്കുകയും ചെയ്യും. കമ്പനിയുടെ അടിത്തറ ശക്തം എന്നറിയാവുന്നതു കൊണ്ട് ഇവര്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. ചെറുകിട ഇടത്തരം നിക്ഷേപകര്‍ ഈ അഭ്യൂഹങ്ങളില്‍ ഷെയര്‍ വിറ്റു മാറി ഓടിപ്പോവും.. ഈ " വിദഗ്ദ്ധരുടെ " പേടിപ്പിക്കല്‍ ടിപ്സുകൊണ്ട് വില താഴുമ്പോള്‍ നമ്മുടെ വമ്പന്‍ സ്രാവുകള്‍ ഈ കമ്പനികളുടെ ഷെയര്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടും.. ഈ കച്ചവടത്തിന്റെ മാംസം വമ്പന്മാര്‍ തിന്നുമ്പോള്‍ ചെറിയ തുണ്ടവും എല്ലും കഷണവും "വിടഗ്ദ്ധന്മാര്‍ക്കും" കിട്ടുന്നു.. നഷ്ടം അവിടെയും ചെറുകിടക്കാര്‍ക്ക് തന്നെ.


ഈ കാര്യങ്ങള്‍ കൊണ്ട് ടിപ്സുകള്‍ പൂര്‍ണ്ണമായും തെറ്റെന്നു അര്‍ത്ഥം ഇല്ല. സ്വന്തമായും അല്പം ആലോചിച്ചു പഠിച്ചു വേണം ഷെയര്‍ വാങ്ങാന്‍ ... അതിനു ശേഷി ഇല്ലെങ്കില്‍ മ്യൂച്ചല്‍ ഫണ്ട് വാങ്ങുകയോ ഈ പണി വിട്ടിട്ടു ബാങ്കില്‍ ഫിക്സ് ഡിപ്പോസിറ്റ് ചെയ്യുകയോ ചെയ്യുക. അല്ലെങ്കില്‍ പണം ഉണ്ടാക്കുന്നതിലേറെ പണം കളയാനും നല്ലത് ഷെയര്‍ മാര്‍ക്കറ്റ് തന്നെ..!!!

4 comments:

ഹരീഷ് തൊടുപുഴ said...

useful tips..

Pony Boy said...

ഷെയർ മാർക്കറ്റിലെ കള്ളക്കളികൾ എങ്ങനെയൊക്കെ വരും എന്ന് പ്രവചിക്കാനാവില്ല..എന്തൊക്കെയായാലും ഒരുതരം ഗാംബ്ലിങ്ങാണത് ...

.എന്തായാലും കുറച്ച് പണം മാത്രം കൊണ്ട് കുഞ്ഞ് ലാഭത്തിനു വേണ്ടി സ്വന്തമായി കളിക്കുന്ന എല്ലാവർക്കും ഒരു ശ്രദ്ധവരാൻ ഉപകരിക്കും ഈ ലേഖനം..

അനില്‍@ബ്ലോഗ് // anil said...

Good one.

vettathan said...

കാശ് കയ്യിലുള്ള ആര്‍ക്കും ഷെയര്‍ വാങ്ങാം.വില്‍ക്കാന്‍ വിവരവും ഭാഗ്യവും വേണം.ഉപകാരപ്രദമായ ബ്ലോഗ്.