തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, June 4, 2009

112.നായരെന്ത് പിഴച്ചു.

കഴിഞ്ഞ കുറെ കാലമായി ബ്ലോഗില്‍ കാണുന്ന ഒരു പ്രതിഭാസത്തെ ഒന്ന് വിലയിരുത്താനാവില്ലെങ്കിലും നോക്കിക്കാണുവാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ ഹിന്ദുക്കള്‍ ബാഹ്യമായി നേരിടുന്ന പ്രശ്നമാണ് മതംമാറ്റം. എന്നാല്‍ ആന്തരികമായി നേരിടുന്ന പ്രശങ്ങള്‍ പലതാണ്. ഇതില്‍ കേരളത്തില്‍ പൊതുവേ കാണപ്പെടുന്നതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് മുന്‍‌കാലത്തെയോ പ്രത്യേകിച്ച് പണ്ടുകാലത്ത് നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്നു സവര്‍ണ്ണ അവര്‍ണ്ണ പ്രശ്നങ്ങള്‍ എടുത്ത്‌ ഇന്നിന്റെ സമാധാന അന്തരീക്ഷത്തെ പ്രക്ഷോഭത്തിനിരയാക്കുകയും അങ്ങനെ സമാധാനത്തിന്റെ അന്തരീക്ഷം തകര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ.

കേരളത്തിലെ ഹിന്ദുക്കള്‍ എന്നുപറഞ്ഞാല്‍ ബ്രാഹ്മണരോ ക്ഷത്രിയരോ വൈശ്യരോ ശൂദ്രരോ എന്നല്ല മലയാളികള്‍ എന്നാ സമൂലമായ വംശത്തെയാണ് നാം കാണുന്നത്. എന്നാല്‍ തികഞ്ഞ അപകര്‍ഷതാ ബോധം മൂലം ജാതിപിശാചു ബാധിച്ച ചിലര്‍ തങ്ങളുടെ പൂര്‍വികന്മാര്‍ അന്നത്തെ സവര്‍ണര്‍ മൂലം അവഹേളിക്കപ്പെട്ടുവെന്നും, മര്‍ദ്ധിക്കപ്പെട്ടുവെന്നും ആരോപിച്ചു ഇന്നിന്റെ സമൂഹ വെവസ്ഥിതിയെ സുസ്ഥിരമാല്ലാതക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഏറ്റവും ആക്രമണങ്ങള്‍ നേരിടുന്നത്‌ കേരളത്തിലെ നായര്‍ സമൂഹവുമാണ്. കേരളത്തില്‍ ബ്രാഹ്മണര്‍ താരതമ്യേന അംഗസംഖ്യാബലം കുറവായതിനാലാവും മിക്കവാറും ജാതിഭ്രാന്തിന്റെ വക്താക്കള്‍ ബ്രാഹ്മണരെ അപേക്ഷിച്ച് നായര്‍ സമൂഹത്തില്‍ ഉള്ളവരെ ഇരയാക്കുന്നത്. എവിടെ ബ്ലോഗില്‍ നായര്‍ എന്നാ പേര് കണ്ടാലും വിഷലിപ്തമായ മനസ്സുള്ള ചിലര്‍ അവരെ തേജോവധം ചെയ്യാനും അവരുടെ മുന്‍തലമുറക്കാരെ ആക്ഷേപിക്കാനും കച്ചകെട്ടിയിറങ്ങിയിറങ്ങിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തില്‍ ഓരോ ജാതി മതസ്ഥരും തങ്ങളുടെ വോട്ടുബാങ്കിന്റെ വിലപറഞ്ഞു നേട്ടങ്ങള്‍ കൈവരിക്കാന്‍ മത്സരിക്കുമ്പോള്‍ എന്‍.എസ്.എസ്. സമദൂര സിദ്ധാന്തത്തില്‍ അധിഷ്ടിതമായ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്. ആധുനിക കേരളത്തിന്റെ വിദ്യാഭാസ സാമൂദായിക മുഖങ്ങളില്‍ നായര്‍ സമുദായത്തിന്റെയും എന്‍.എസ്.എസിന്റെയും മറക്കപ്പെടാനാവാത്ത സംഭാവനകള്‍ ഉണ്ട്. മന്നത്ത് പത്മനാഭനും ചട്ടമ്പി സ്വാമികളും ഇല്ലാത്ത കേരള ചരിത്രത്തിന്റെ പ്രസക്തി ആലോചിക്കാന്‍ കഴിയുമോ? കേരളത്തില്‍ മാത്രമല്ല ഭാരതത്തില്‍ ഒന്നാകെ സാമ്പത്തിക സംവരണമല്ലാതെ ജാതീയ സംവരണമെന്ന അശാസ്ത്രീയ സംവരണത്തിന്റെ തിക്താനുഭവങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സമുദായമാണ് നായര്‍ സമുദായം. എന്നാല്‍ ഇന്ന് നായര്‍ സമുദായം കേരളത്തില്‍ നേടിയ വളര്‍ച്ച സ്വന്തം പരിശ്രമങ്ങള്‍ കൊണ്ടുമാത്രമാണ്.

ചിത്രകാരനെയും അതുപോലെ ചില മനസ്ഥിതിയുള്ളവരെയും പോലെ ചിലര്‍ തങ്ങളുടെ നായര്‍ വിദ്വേഷം എമ്പാടും പരത്തുന്നതുകൊണ്ട് സത്യത്തില്‍ എന്താണ് നേടുന്നത്. നായര്‍ സ്ത്രീകളെയും പുരുഷന്‍മാരെയും ആക്ഷേപിക്കുന്നതിലൂടെ ഒരുതരം ഭ്രാന്തമായ സന്തോഷമാണ് അവര്‍ നേടിയെടുക്കുന്നത്. നായര്‍ എന്നല്ല ഇതു സമുദായത്തിലും സമൂഹത്തിലും തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം. അതും കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ സാമൂഹിക വെവസ്ഥിതികളില്‍ ഉണ്ടായിരുന്നുവെന്നു പറയപ്പെടുന്നു സാഹചര്യങ്ങളും രീതികളും കൊണ്ട് ഇന്നിനെ വിലയിരുത്തുന്നത്തിലെ വിവരദോഷം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ദഹിക്കുമോ. കേരളത്തില്‍ ഇന്ന് ഏതെങ്കിലും ഒരു സമുദായത്തില്‍ ഉള്‍പ്പെടുന്ന ചിലര്‍ ചെയ്യുന്ന വിവരദോഷങ്ങള്‍ക്ക് ആ മതത്തിലെയോ ജാതിയിലെയോ മുഴുവന്‍ ആളുകളെയും പഴിപറയാന്‍ കഴിയുമോ.

സ്ത്രീലമ്പടന്മാരായ പുരോഹിതന്‍മാര്‍ ഉള്ളതുകൊണ്ട് മാത്രം ക്രൈസ്തവ സഭയെ അടച്ചാക്ഷേപിക്കാന്‍ കഴിയുമോ. എസ്.എന്‍.ഡി.പി.യിലെ ഭരണത്തില്‍ മേല്‍ രണ്ടു ബിസിനസ്‌ രാജാക്കന്മാര്‍ കാണിക്കുന്ന മാത്സര്യങ്ങള്‍ കേരളത്തിലെ ഈഴവന്റെ കുറ്റം കൊണ്ടാണോ. കേരളത്തില്‍ ചില മുസ്ലീങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു എന്നുപറഞ്ഞ്‌ എല്ലാ മുസ്ലീങ്ങളെയും ആക്ഷേപിക്കാന്‍ കഴിയുമോ. ഏതു മതത്തിലായാലും വിവരദോഷം പിടിച്ച അനുയായികള്‍ കാണും. അവരെ സമൂഹത്തിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയി കാണാതെ ആ സമൂഹത്തെ മുഴുവനായി അങ്ങനെ കാണുന്നവര്‍ സത്യത്തില്‍ അന്ധന്‍ ആനയെ കാണുന്നതുപോലെയാണ്.

വളരെ നിസാരമായ ഒരു ചോദ്യം ചോദിക്കട്ടെ. ചിത്രകാരനെ പോലെ ഒരാള്‍ ഉള്‍പ്പെടുന്ന ജാതിയിലെ എല്ലാവരും ചിത്രകാരനെ പോലെ ആയിരിക്കും എന്നുപറയാന്‍ കഴിയുമോ. ഇന്നത്തെ സമൂഹം നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അത് സാമ്പത്തികമാവാം രാഷ്ട്രീയമാവാം മറ്റു നിരവധി പ്രശ്നങ്ങള്‍ ആവാം. പ്രശ്നങ്ങളുടെ പ്രതിവിധി സംയമനത്തോടെ അതിനെ നേരിടുന്നതിലാണ്. അല്ലാതെ ഗതകാല സ്മരണകളെ ക്യാന്‍സര്‍ പോലെ കൊണ്ടുനടന്നു പുഴുത്തുനാറി ആ നാറ്റം ഇന്നിലേക്ക്‌ പ്രവഹിപ്പിച്ച് സമൂഹം നാറ്റത്താല്‍ മുഖം പൊത്തി നടക്കേണ്ട അവസ്ഥയിലേക്ക് കൊണ്ടുപോകാതെ തുറന്ന മനസ്സില്‍ പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വിത്ത്‌ വിതച്ചു മുന്നോട്ടു പോകുവാന്‍ ശ്രമിക്കുക.

വിഷയവുമായി ഒരു ബന്ധവുമില്ലാത്ത പോസ്റ്റുകള്‍ ഇടുന്നതും ആ പോസ്റ്റുകളില്‍ അന്ധമായ ഹൈന്ദവ വിരോധം വിഷമായി വമിപ്പിക്കുന്നതും ഇതേപോലെ തന്നെയാണ്. ആത്മശുദ്ധീകരണം ആവശ്യമായ മനസ്സുകള്‍ അത് തുറന്നു സമ്മതിച്ചു തങ്ങളുടെ നല്ല കഴിവുകളെ സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ ഉപയോഗിച്ച് നാം എല്ലാം ഒന്നാണെന്നും ഒരേ കൈപ്പത്തിയിലെ വിരലുകള്‍ ആണെന്നും മനസ്സിലാക്കി ആ മുഷ്ടി ചുരുട്ടാന്‍ ഓരോ വിരലിന്റെയും ആവശ്യമുണ്ടെന്നും മനസ്സിലാക്കി ജീവിക്കുക. നാം എല്ലാം ഒന്നാണ്. ഒരേ സമൂഹത്തിന്റെ ഒരേ മുഖങ്ങള്‍. ചീഞ്ഞു നാറിയ ആശയങ്ങളും വിദ്വേഷങ്ങളും മറയ്ക്കുക. ഇനിയുള്ള തലമുറ സ്നേഹത്തില്‍ വളരട്ടെ.

Tuesday, June 2, 2009

111.കൂതറയുടെ നാട്ടില്‍

എസ്.കെ.പൊറ്റക്കാടോ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയോ കണ്ടിട്ടില്ലാതും ചെന്നിട്ടില്ലാതുമായ അതിമനോഹരമായ ഒരു നാടാണ് കൂതറസ്ഥാന്‍. മഹാനായ കൂതറ തിരുമേനി ജനിച്ച പുണ്യസ്ഥലം. കൂതറതിരുമേനിയെ ശ്രീ.ശ്രീ.കൂതറ തിരുമെനിയെന്നും കൂതറാനന്ദസരസ്വതിയെന്നും വിളിക്കുന്നവര്‍ ഇവിടെയുണ്ട്. മഹാകവി കൂതറ തിരുമേനിയുടെ ജന്മഗൃഹമെന്ന പുണ്യഗൃഹം ആയിരങ്ങളുടെ അഭയസ്ഥാനവുമാണ്.

കൂതറപുരിയെന്നറിയപ്പെടുന്ന കൂതറ തിരുമേനിയുടെ ഭാവനത്തിനടുത്തു ചെന്നപ്പോഴേ ജയാരവങ്ങള്‍ മുഴങ്ങിക്കേട്ടു. അന്തരീക്ഷത്തിലെങ്ങും കൂതറതിരുമേനിയെ പുകഴ്ത്തുന്നതും കൂതറ തിരുമെനിയ്ക്ക് ജയാരവങ്ങള്‍ മുഴക്കുന്നതുമായ ആളുകളുടെ കണ്ഠധ്വനികള്‍ എങ്ങും മുഴങ്ങിക്കേട്ടു.
കൂതറതിരുമേനിയുടെ ഭവനത്തിലേക്ക്‌ കയറുന്നതിനു മുമ്പേ എന്നെ സ്വാഗതം ചെയ്തത് പതിനൊന്നര അടി ഉയരമുള്ള കൂതറ കര്‍ണ്ണന്‍ എന്ന ഗജവീരന്‍ ആണ്. ബീഹാറി അല്ലാത്ത കേരളക്കാരനായ ഈ കരിവീരന്‍ കൂതറ തിരുമേനിയുടെ പ്രിയപ്പെട്ടവനാണ്. എന്നെ ചിന്നം വിളിച്ചും നമിച്ചും നിന്ന കരിവീരന് ഞാന്‍ യാത്രയില്‍ കരുതിയിരുന്ന പഴക്കുല എടുത്ത്‌ നല്‍കി.

പിറ്റേന്ന് രാവിലെയുള്ള കൂതറ തിരുമേനിയുടെ ജന്മദിന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. കൂതറസ്ഥാനെയും ഇവിടുത്തെ പ്രകൃതിഭംഗിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. ഇവിടുത്തെ ഏറ്റവും നീളമേറിയ നദിയായ കൂതറപ്പുഴ ഈ നാടിന്റെ ഐശ്വര്യമാണ്. ഏറ്റവും വലിയ കൊടുമുടിയായ കൂതറമുടിയും കിഴക്ക് കൂതറഘട്ടവും പടിഞ്ഞാറ് കൂതറെബ്യന്‍ കടലും എല്ലാം ചേര്‍ന്ന് ഈ നാട് മാലാഖമാരുടെ സ്വന്തം നാടാക്കുന്നു. നാടെന്ന് പറഞ്ഞാല്‍ ഇതാണ് നാട്. ഹോ. പറയാന്‍ വയ്യാ.

പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ ആഘോഷങ്ങള്‍ നടക്കുന്ന ഹാളിലെത്തി. കൂതറവിഷന്‍, കൂതറനെറ്റ് , കൂതറായ്ളി, കൂര്യ തുടങ്ങിയ ചാനലിലെ പ്രതിനിധികള്‍ എത്തി.പ്രസ്തുത ചടങ്ങില്‍ കൂതറ തിരുമേനിയുടെ ഗ്രന്ഥങ്ങളുടെ ചര്‍ച്ച, കൃതികളുടെ പ്രകാശനം, അതിന്റെയെല്ലാം അവലോകനം കൂതറ അവലോകനം എന്ന ബ്ലോഗ്‌ ജനങ്ങളില്‍ ചെലുത്തുന്ന സ്വാധീനവും പ്രയോജങ്ങളും എന്നവിഷയത്തിലെ ചര്‍ച്ച തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്‍. അതിനുശേഷം ശ്രീ മൂര്‍ക്കോത്തു ബെഞ്ചമിന്‍ കാക്കയുടെ കൂതറതുള്ളല്‍ എന്ന തുള്ളല്‍ കലാരൂപവും ഉണ്ട്.

ചടങ്ങില്‍ പ്രസംഗിച്ച എല്ലാവരും കൂതറ തിരുമേനിയുടെ കലാകൊലപാതകത്തെപറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇവരുടെയെല്ലാം അഭിനന്ദനങള്‍ ഏറ്റുവാങ്ങി കൂതറ തിരുമേനി പുളകിതനാകുകയും ചടങ്ങിലിരുന്നു ഞെളിപിരികൊള്ളുകയും ചെയ്തു. ആ മഹാത്മാവിനെ കണ്ടതിന്റെ സന്തോഷത്തില്‍ ഞാന്‍ എല്ലാം മറന്നു. എന്നെ ത്തന്നെ മറന്നു.

അതിനു ശേഷം ആത്മീയ ഗുരുവായ കൃപാകടാക്ഷാനന്ദയുടെ വചനാമൃതം എന്ന പരിപാടിയുണ്ടായിരുന്നു.
"പാടം പൂത്ത കാലം, പാടാന്‍ വന്നു നീയും എന്ന് തുടങ്ങുന്ന ശ്ലോകവും അവയുടെ അര്‍ത്ഥവ്യാപ്തിയും എന്ന വിഷയത്തില്‍ സ്വാമി നീണ്ട ക്ലാസ്‌ എടുത്തു. ഏകദേശം മൂന്നര മീറ്റര്‍ അര്‍ത്ഥവ്യാപ്തിയുള്ള ഈ ശ്ലോകം എല്ലാവരും മനസ്സിലായതോടെ സ്വാമി ഏവര്‍ക്കും ഒരു വിഷിശ്യമന്ത്രം ഉപദേശിച്ചു കൊടുത്തു.
"കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമാവും." ഈ മന്ത്രം എല്ലാവരും നൂറുപ്രാവശ്യം ഉരുവിട്ട് മഹാകവി കൂതറ തിരുമേനിയുടെ ഗബിദകള്‍ പുസ്തക രൂപത്തില്‍ ആക്കിയതില്‍ നിന്ന് ഓരോ ഗബിദകള്‍ ജപിച്ചുകൊണ്ടിരുന്നു. ആത്മീയനിര്‍വൃതിയുടെ അനിര്‍വചനീയത ഞാന്‍ അവിടെ അനുഭവിച്ചറിഞ്ഞു.

ചടങ്ങിനു ശേഷം കപ്പയും പന്നിയിറച്ചിയും വാറ്റു ചാരായവും ഇഷ്ടം പോലെയുണ്ടായിരുന്നു. അടിച്ചു പൂക്കുറ്റിയായി റസൂല്‍ പൂക്കുറ്റിയെ പോലെ ഉന്മത്തരായി നില്‍ക്കുന്ന ആളുകളുടെ നാവില്‍നിന്നും കൂതറ തിരുമേനിയുടെ ദീര്‍ഘയുസ്സിനായി ആശംസകള്‍ മുഴങ്ങി കേട്ടു..

-- കൂതറ തിരുമേനിയുടെ ജന്മദിന ചടങ്ങില്‍ പങ്കെടുത്ത ഒടാനപ്പള്ളി അമ്പരപ്പന്‍ പിള്ള അയച്ചുതന്നത്. ആത്മപ്രശംസ ഇഷ്ടമല്ലാത്തതിനാല്‍ ഒത്തിരി ഞാന്‍ എഡിറ്റ്‌ ചെയ്തു. എന്നാലും എന്താ ചെയ്യുക. എല്ലാം ഡിലീറ്റ്‌ ചെയ്‌താല്‍ പിന്നെ എന്തൂട്ട്‌ പോസ്റ്റ്‌ അല്ലെ.

Monday, June 1, 2009

110.അങ്ങനെ ടൈറ്റാനിക് മുത്തശ്ശി മരണത്തിനു കീഴടങ്ങി



ലോകത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ടൈറ്റാനിക് കപ്പല്‍ ദുരന്തം. 1912ല്‍ ലോകത്തെ നടുക്കിയ ടൈറ്റാനിക്ക്‌ ദുരന്തം സംഭവിക്കുമ്പോള്‍ അതിലെ യാത്രക്കാരിയായിരുന്ന മില്‍വിനാ ഡീനിന് അന്ന് പ്രായം കേവലം ഒമ്പത് ആഴ്ച്ചമാത്രം.

തന്റെ മാതാപിതാക്കളോടും സഹോദരനുമോടോത്ത് അമേരിക്കയിലേക്ക് പോകാന്‍
ടൈറ്റാനിക്കില്‍ കയറുമ്പോള്‍ ഇതൊരു ചരിത്രത്തിലേക്കുള്ള കയറ്റമാകുമെന്നുപോലും ഓര്‍ക്കാന്‍ പ്രായം ഉണ്ടായിരുന്നില്ല ഡീനിന്. അമേരിക്കയില്‍ ഒരു കട നടത്തി തന്റെ കുടുംബത്തെ സാമ്പത്തികമായി കരകയറ്റാനുള്ള മിസ്റ്റര്‍ ഡീനിന്റെ മോഹങ്ങള്‍ അറ്റ്‌ലാന്റിക്കിന്റെ നിലയില്ലാ കയങ്ങളില്‍ കരകാണാതെ ഒടുങ്ങി. കൊച്ചു ഡീനിന് മാതാവിനോടും സഹോദരനോടും ഒപ്പം ലൈഫ്‌ ബോട്ടില്‍ ഇടകിട്ടിയതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി.

പിന്നീട് ജീവിതത്തില്‍ കാര്‍ട്ടോഗ്രാഫറായും മറ്റു പലവിധ തൊഴിലുകളും ചെയ്തു ജീവിച്ച ഡീനിന്റെ അവസാനകാലം സതാംപ്ടനിലെ ഒരു നഴ്സിംഗ് ഹോമിലാണ് കഴിച്ചു കൂട്ടിയത്. നഴ്സിംഗ് ഹോമിലെ ചെലവുകള്‍ താങ്ങാനാവാതെ വന്ന അവസാനനാളുകളില്‍ ടൈറ്റാനിക്ക്‌ സിനിമയിലെ നായകനും നായികയുമായ ലിയനാര്‍ഡോ ഡി കാപ്രിയയും കേറ്റ് വിന്‍സ്ലെറ്റും ഡീന്‍ മുത്തശ്ശിയ്ക്ക് സാമ്പത്തിക സഹായം നല്‍കുകയുണ്ടായി. തന്റെ സ്വകാര്യ സ്വത്തുക്കളും ചികിത്സാര്‍ത്ഥം ഡീന്‍മുത്തശ്ശി വില്‍പ്പന നടത്തുകയുണ്ടായി,

(ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ചതാണ്. 1912ല്‍ ടൈറ്റാനിക്ക്‌ തന്റെ കന്നിയാത്രയില്‍ അമേരിക്കയിലേക്കുള്ള യാത്രാമധ്യേ അറ്റ്‌ലാന്റികില്‍ മുങ്ങിപോയി. ലോകത്തെ നടുക്കിയ ഈ കപ്പല്‍ ദുരന്തത്തില്‍ ആയിരത്തി അഞ്ഞൂറ്റി പതിനേഴു പേരാണ് മരിച്ചത്. പിന്നീട് ഇതേപേരില്‍ ഹോളിവുഡ് സംവിധായകനായ ജയിംസ്‌ കാമറൂണ്‍ ലിയനാര്‍ഡോ ഡി കാപ്രിയയോയെ നായകനും കേറ്റ് വിന്‍സ്ലേറ്റ്‌ നായികയുമാക്കി സിനിമ സംവിധാനം ചെയ്യുകയുണ്ടായി. ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും വമ്പന്‍ വിജയമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ടൈറ്റാനിക്ക്‌ ചിത്രത്തെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ടൈറ്റാനിക്ക്‌ ദുരന്തത്തെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )