തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, July 4, 2009

135.സ്വവര്‍ഗ്ഗരതിയും മതങ്ങളും

സ്വവര്‍ഗ്ഗ പ്രേമികളുടെ ചിരകാലഭിലാഷമായിരുന്ന കാര്യം അടുത്തിടെ ഡല്‍ഹി ഹൈക്കോര്‍ട്ട് വിധിവഴി നിയമാനുസൃതമാക്കി. ഇന്ത്യന്‍ പീനല്‍ കോഡ്‌ 377-ആം വകുപ്പില്‍ മുമ്പ് കുറ്റകരമായി കരുതിയിരുന്ന സ്വവര്‍ഗ്ഗപ്രേമം കുറ്റമല്ലാതിരിക്കുന്നതിലൂടെ ഈ പ്രവണതയെ തത്വത്തില്‍ അംഗീകരിച്ചിരിക്കുകയാണ്. സമാനലിംഗത്തിലോ എതിര്‍ലിംഗത്തിലോ ഉള്ള കമിതാക്കളെ കണ്ടെത്തുന്നതും അവരെ പ്രേമിക്കുന്നതും തെറ്റല്ല എന്നതാണ് ഇപ്പോള്‍ നിയമം മൂലം അംഗീകരിക്കപ്പെട്ടത്‌. ഇതോടൊപ്പം തന്നെ ബലമായിയുള്ള അല്ലെങ്കില്‍ സമ്മതം കൂടാതെയുള്ള ലൈംഗികത കുറ്റമാണ് താനും. അതുകൊണ്ട് തന്റെ കുട്ടികളെ ഇത്തരം ആളുകള്‍ പീഡനത്തിനു ഇരയാക്കും എന്നുള്ള പേടിയ്ക്ക് ആശങ്കപ്പെടേണ്ടകാര്യമില്ല.

ഭാരതത്തില്‍ ഹോമോസെക്ഷ്വല്‍ പ്രണയങ്ങള്‍ക്ക് മുമ്പ് സാമൂഹികമായും നിയമപരമായും അംഗീകാരം ലഭിച്ചിരുന്നില്ല. അങ്ങനെ പ്രണയിക്കേണ്ടാവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായി ഒന്നിക്കുകയോ അല്ലെങ്കില്‍ നാടുവിടേണ്ടിയതോ ആയ സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ നിയമം വന്നത് അത്തരക്കാര്‍ക്കു ആശ്വാസകരമാണ്. സ്വാഭാവികമായും ന്യൂനപക്ഷമായ ഈ ഗ്രൂപ്പുകാര്‍ക്ക് എന്തിനു ഇത്തരം സംവരണം അല്ലെങ്കില്‍ ആനുകൂല്യം നല്‍കണം എന്ന് ചോദിക്കുന്നവരുണ്ടാകാം. ന്യൂനപക്ഷങ്ങള്‍ നാടുഭരിക്കുന്ന ഭാരതത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് എന്തുവിലയാണുള്ളത്.

വിധി വന്നുടനെ ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗത്തിലെ ചില ആത്മീയനേതാക്കളും പുരോഹിതരും രംഗത്ത്‌ വന്നു. തങ്ങളുടെ സ്വതസിദ്ധമായ ഈ വരട്ടുവാദങ്ങള്‍ക്ക് നിയമം അംഗീകാരം കൊടുക്കുന്നില്ലെന്നപ്പോള്‍ കണ്ട അസഹിഷ്ണുതയായിരുന്നു ഇതിനു പിന്നില്‍. ഭാരതത്തിലെ ആകെയുള്ള ജനസഖ്യ വെച്ചുനോക്കുമ്പോള്‍ മൂന്നു ശതമാനത്തില്‍ താഴെമാത്രമേ ക്രിസ്ത്യാനികള്‍ ഉള്ളൂ. പതിനാലു ശതമാനത്തില്‍ താഴെമാത്രം മുസ്ലീങ്ങളും. അതുകൊണ്ട് അവരുടെ അവകാശങ്ങളെ ആരും അംഗീകരിക്കുന്നില്ലേ? സ്വവര്‍ഗ്ഗപ്രേമികള്‍ സാധാരണ മനുഷ്യരെപ്പോലെ സമൂഹജീവികള്‍ തന്നെ. അവരില്‍ മിക്കവാറും ഉന്നതവിദ്യാഭാസവും തൊഴിലും ഉള്ളവര്‍ തന്നെ. മതഭ്രാന്തന്മാരായ മനുഷ്യരെക്കാള്‍ എന്തുകൊണ്ടും സമൂഹത്തിന് ഗുണം ചെയ്യുന്നവര്‍ തന്നെ.

ചില ചോദ്യങ്ങള്‍ ഇത്തരം മത നേതാക്കളുടെ നിയമത്തോടുള്ള അവഗണന കാണുമ്പൊള്‍ തോന്നിപ്പോവുന്നു. ഭാരതം എന്നൊരു രാജ്യത്ത് താമസിക്കുന്നവര്‍ അനുസരിക്കേണ്ടത്‌ ഇത്തരം മതഗ്രന്ഥമോ അതോ ഭാരതീയ നിയമവെവസ്ഥയെയോ? എല്ലാമതങ്ങളും ഉള്‍പ്പെട്ട ഒരു സമൂഹത്തില്‍ താമസിക്കുമ്പോള്‍ തങ്ങളുടെ മതത്തില്‍ പെട്ടത് മാത്രം മികച്ചതെന്ന് വാഴ്ത്തി അതിന്റെ കണ്ണിലൂടെ എല്ലാവരും നോക്കേണം എന്നാ വാശിപിടിക്കുന്നത് മൂഢന്‍മാരുടെ ലക്ഷണം അല്ലെ.? ഇന്ത്യയില്‍ ഇന്നും മിക്കവരും ആഗ്രഹിക്കുന്ന ഏകീകൃത സിവില്‍ നിയമം കൊണ്ടുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് കൂതറതിരുമേനിയും.

ഹിന്ദുവായാലും, സിഖായാലും മുസ്ലീമായാലും, ജൈനനോ പാഴ്സിയോ ക്രിസ്ത്യാനിയോ ആയാലും ഒരു രാജത്തു താമസിക്കുമ്പോള്‍ ആ രാജ്യത്തെ പൌരന്മാര്‍ക്കുള്ള നിയമങ്ങള്‍ അനുസരിക്കുക മാത്രം ചെയ്യുക എന്നാ നല്ല ലക്ഷ്യം അതോടൊപ്പം ഏതെങ്കിലും ഒരു മതം അത് ദുരുദ്ദേശം മനസ്സില്‍ വച്ചുള്ള ഫത്വ വിളിആയാലും , സമൂഹത്തിനെതിരെയുള്ള ഇടയലെഖനമായാലും ഭാരതീയ നിയമത്തിനെതിരെ എന്ന് തോന്നിയാല്‍ എതിര്‍ക്കപ്പെടാനും നിയമത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനുമുളള സ്ഥിതിവിശേഷം ഉണ്ടാവണം.

മാര്‍ക്സിസ്റ്റ്‌ ചിന്താഗതികളുടെയും കമ്യൂണിസ്റ്റ്‌ ചിന്താഗതികളുടെയും അഭാവം,ആഴത്തിലുള്ള വേരോട്ടം കുറവുള്ളയിടങ്ങളില്‍ അതിന്റെ വളര്‍ച്ചയുടെ ആവശ്യകത ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു. മതങ്ങള്‍ നിയന്ത്രിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മുടെ സമൂഹംമാറിപ്പോയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നിയമപരമായി തെറ്റായിട്ടും മതത്തിന്റെ മറവില്‍ നടക്കുന്ന പലതും കണ്ടില്ലയെന്ന് നടിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അതൊരു മതത്തെയും പറ്റിയല്ല പൊതുവായാണ് പറയുന്നത്. പക്ഷെ മതം മദമായി സമൂഹത്തില്‍ തന്റെ കരാളഹസ്തം മുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു ഉണര്‍വ്‌ ആവശ്യമാണ്‌.

സമലൈംഗികത ചികില്‍സിച്ചു മാറ്റാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടത് കണ്ടു. സമലൈംഗികത ഒരു രോഗമാണ് എന്ന് കരുതുന്നവര്‍ സത്യത്തില്‍ രോഗികളാണ്. ഓരോ മനുഷ്യരും എന്ത് ഇഷ്ടപ്പെടണം എന്ത് ഇഷ്ടപ്പെടെണ്ട എന്നുള്ളത് അവരവരുടെ സ്വാതന്ത്ര്യമാണ്. അതിന്റെ ഇതുവരെയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്തായാലും ഈ നിയമം മൂലം മാറ്റിയത് സമലൈംഗികത ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ഒരു സ്വാതന്ത്ര്യദിനം പോലെ പ്രധാനപ്പെട്ട ഒന്നാണ്.

ഏറ്റവും രസകരമായ കാര്യം കേരളത്തില്‍ ചിലയിടങ്ങളില്‍ ഇത്തരം ലൈംഗികബന്ധങ്ങള്‍ പരസ്യമായ രഹസ്യമായിരുന്നു. അവര്‍ക്ക് ചില ഓമനപ്പെരുകളും സമൂഹം നല്‍കിയിരുന്നു. സാമ്പത്തികം നല്‍കിയുള്ള ഇത്തരം ഭോഗങ്ങള്‍ പക്ഷെ വ്യഭിചാരത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ. അത് സദാചാരത്തിന്റെ കണ്ണിലൂടെ ആയാലും അതല്ല നിയമത്തിന്റെ കണ്ണിലൂടെ ആയാലും.
ഈ നിയമം വന്നാല്‍ പൊതു സ്ഥലങ്ങളിലും മറ്റുള്ളയിടങ്ങളിലും ആണ്‍കുട്ടികള്‍ പീഡനത്തിനിരയാകും എന്നുള്ളത് വെറും അബദ്ധ പ്രചാരണം മാത്രമാണ്. ഇന്ന് സ്ത്രീകളെ പീഡിപ്പിക്കാം എന്ന് നിയമമുണ്ടായിട്ടല്ലല്ലോ സ്ത്രീകള്‍ ഇവിടെയൊക്കെ പീഡിപ്പിക്കപ്പെടുന്നത്. മതപുരൊഹിതരല്ല ഭാരതം ഭരിക്കുന്നതെന്നും ഭരിക്കേണ്ടാതെന്നും മനസ്സിലാക്കാന്‍ സഹായകമായി ഈ വിധി. മത നേതാക്കള്‍ തങ്ങളുടെ മതത്തില്‍ വിശ്വസിക്കുന്നവരെ നേരെയാക്കിയാല്‍ മതി. മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് നിയമം നോക്കിക്കോളും. ഭാരതത്തില്‍ ഒരു മതവും മതനേതാക്കളും നിയമത്തെക്കാള്‍ വലുതല്ല എന്ന് മനസ്സിലാക്കിയാല്‍ ഇവര്‍ക്ക് നല്ലത്. കുറ്റം ചെയ്യുന്നത് മതവിശ്വാസികള്‍ ആയാലും മതനേതാക്കന്മാര്‍ ആയാലും കോടതി വിധി അംഗീകരിച്ചേ മതിയാകൂ. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആശംസകള്‍

(കൂതറതിരുമേനി സ്വവര്‍ഗ്ഗാനുരാഗി അല്ല. പക്ഷെ അവരെ അംഗീകരിക്കുന്നുണ്ട്)

Friday, July 3, 2009

134.കവികള്‍ മരിച്ചിട്ടില്ല.

കൂതറ തിരുമേനി പലതവണ ബൂലോഗത്തെ പല ഒണക്ക കവികളുടെയും കവിതകളെ വിമര്‍ശിച്ചിട്ടുണ്ട്. വിവരദോഷം മുതല്‍ സാഹിത്യ മലവിസര്‍ജ്ജനം വരെ പൈതൃകമായി ലഭിച്ചപോലെ കവിതയെഴുതി തള്ളുന്നവരെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ടുതന്നെയാണ് ആ കൃത്യം തുടര്‍ന്നത്. എന്നാല്‍ എപ്പോഴോ ചിലരൊക്കെ കൂതറ തിരുമേനി വിമര്‍ശിക്കാന്‍ മാത്രമറിയാവുന്നവന്‍ ആണെന്ന് പറഞ്ഞു തുടങ്ങിയപ്പോഴല്ല ഈ കവിത കണ്ടെത്തിയത്. ആകസ്മികമായി ബ്ലോഗ്‌ നോക്കിയപ്പോഴാണീ കവിത കണ്ടത്.

കവിത എഴുതാന്‍ കവിത്വം വേണമെന്ന് കൂതറ തിരുമേനി പറയില്ല. പക്ഷെ അഹങ്കാരവും വിവരദോഷവും ഇല്ലാത്ത തലച്ചോര്‍ മാത്രമുണ്ടായാല്‍ മതി. എഴുതുന്ന കവിത വായിച്ചുപോലും നോക്കാതെ വായനക്കാരോട് ക്രൂരത ചെയ്യുമെന്ന പ്രഖ്യാപനവുമായി കവിതയെഴുതുന്നവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു ഈ യുവകവി.

തികച്ചും നിസ്സാരമെന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന തീപ്പെട്ടികൊള്ളിയാണ് ഈ കവിതയുടെ വിഷയം.

വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ കവിത. തീപ്പെട്ടി കൊള്ളികളെ മക്കളായും തീപ്പെട്ടി കവറിനെ അമ്മയായും ഉപമിച്ചു ആ അമ്മയുടെ വിഷമം വാക്കുകളിലൂടെ വരച്ചു കാട്ടിയും കവി തന്റെ കവിത മുന്നോട്ടു കൊണ്ടുപോകുന്നു.

മെഴുക് തിരിക്കു വെളിച്ചം നല്‍കുന്ന തീപ്പെട്ടി കൊള്ളിയേയും, അടുപ്പില്‍ തീകൊളുത്തുന്ന തീപ്പെട്ടിക്കൊള്ളിയെയും, പടക്കത്തിന് തീകൊടുക്കുന്ന തീപ്പെട്ടികൊള്ളിയേയും, ചവറിനു തീകൊടുക്കുന്ന തീപ്പെട്ടി കൊള്ളിയേയും മാത്രമല്ല ചിതയ്ക്ക് തീകൊളുത്തുന്ന തീപ്പെട്ടി കൊള്ളിയേയും ഈ കവിതയില്‍ കവി നമുക്കായി വരച്ചു കാണിക്കുന്നു. പുതുമയുള്ള വിഷയം, അതും സാധാരണ നിസ്സാരമെന്നു നമുക്ക് തോന്നുന്ന വിഷയം തെരഞ്ഞെടുക്കുകയും അതിനെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ കവി വിജയിച്ചിരിക്കുന്നു.

പദങ്ങളുടെ വിന്യാസവും മനോഹരം തന്നെ. ലളിതമായ വരികള്‍, അഭംഗിതോന്നാത്ത അവതരണം, ലളിതമായ വാക്കുകള്‍ എല്ലാം കൊണ്ടും മനോഹരമായ കവിത. സുജീഷ് നെല്ലിക്കാട്ടില്‍ എന്ന ഈ കവിയുടെ എന്റെ കവിതകള്‍ എന്ന കവിതകള്‍ എന്ന ബ്ലോഗിലെ തീപ്പെട്ടി കൊള്ളികള്‍ എന്ന കവിതയാണ് കൂതറ തിരുമേനി ഇവിടെ അവലോകനം നടത്തിയിരിക്കുന്നത്. ഈ കവി ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥി ആണെന്നറിയുമ്പോള്‍ വായനക്കാര്‍ ഞെട്ടി പോവും. ഈ ചെറുപ്രായത്തില്‍ ഇത്തരം നല്ല കവിത എഴുതുന്ന ഈ കുട്ടിയെ നമുക്ക് അഭിനന്ദിക്കാം.

വങ്കത്തരം കൈമുതലാക്കി എഴുതിക്കൂട്ടുന്ന ചവറുകളെ കവിതകള്‍ എന്ന് പേരിട്ടു വിളിക്കുകയും പൊത്തകം അടിച്ചു സാഹിത്യകാരന്‍ എന്ന് മേനി പറഞ്ഞു നടക്കുന്നവര്‍ ഈ കുട്ടിയുടെ കവിത കണ്ടുപഠിയ്ക്കട്ടെ. സര്‍ഗ്ഗാത്മകത ജന്മസിദ്ധമായിരിക്കണം. കൂലിയ്ക്കാളെ വിളിച്ചു കുമ്മാട്ടി അടിപ്പിക്കുകയും കൈകൊട്ടിക്കുകയും ചെയ്തു ഞെളിയുന്നവര്‍ ഇത്തരം ഭാവനാശേഷിയുള്ള കുട്ടികളെ കണ്ടു പഠിയ്ക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നു.അത് പണം കൊടുത്ത് നേടാനാവില്ല. സാഹിത്യലോകത്ത് മുഖമുദ്ര പതിപ്പിക്കാന്‍ വൃഥാശ്രമം നടത്തി ഞെളിയുന്നവര്‍ മലയാള സാഹിത്യത്തിന്റെ കാലയവനികകയ്ക്കുള്ളില്‍ കേവലം നിഴല്‍ചിത്രങ്ങളായി ഒതുങ്ങിപ്പോവും.

സുജീഷിനു ആശംസകള്‍.

Thursday, July 2, 2009

133.മീറ്റാത്ത ബെര്‍ളി

മലയാള ബ്ലോഗിന്റെ ദിഗ്ഗജങ്ങള്‍ എന്ന് സ്വയം കരുതുന്നതും മറ്റുള്ളവര്‍ പട്ടം ചാര്‍ത്തി കൊടുത്തിരിക്കുന്നതുമായ ബ്ലോഗര്‍മാരുടെ ചെറായി മീറ്റിനെതിരെ തന്റെ സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടതോടെ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രതികരിക്കാന്‍ തുടങ്ങി. ആശയദാരിദ്ര്യത്താല്‍ കൂട്ടിലോളിച്ച പലരും ഒരു കച്ചിത്തുരുമ്പ് കിട്ടിയപോലെ ഹാലിളകി പോസ്റ്റുകള്‍ ആഘോഷമായി ഇട്ടുതുടങ്ങി. ഇതിനിടയില്‍ ഹാസ്യം, വിമര്‍ശനം എന്നുവേണ്ട ആത്മഹത്യകുറിപ്പ് മുതല്‍ നാലാംകിട പ്രതികരണവുമായി വരെ കിറിനക്കികള്‍ വെളിയില്‍ വന്നു. ചിലര്‍ ഇതിനെ ബെര്‍ളിയുടെ ഹാസ്യമായി കണ്ടു കാര്യമായി പ്രതികരിക്കാന്‍ പോയില്ല.

തെക്കേടനെപോലുള്ളവര്‍ ധാര്‍മിക രോഷം കൊണ്ട് തിളച്ചു കാര്യകാരണ സഹിതം തന്റെ ധാര്‍മിക രോഷം പ്രകടിപ്പിച്ചു പോസ്റ്റ്‌ ഇട്ടു. ബെര്‍ളിയുടെ പോസ്റ്റിലെ ഓരോ വരിയ്ക്കും മറുപടി കൊടുത്തുകൊണ്ടുള്ള മറുപടി കാണുമ്പോള്‍ ബെര്‍ളി പോലും തലയറഞ്ഞു ചിരിയ്ക്കുമെന്നു വ്യെക്തം.

ബെര്‍ളിയുടെ പോസ്റ്റുകളെ അയാളുടെ മിക്ക വായനക്കാരും എത്രകണ്ട് ഗൌരവത്തില്‍ എടുക്കുമെന്ന് അറിയാത്തതിന്റെ അഭാവം ഇവരുടെയൊക്കെ പ്രതികരണത്തില്‍ മനസിലാക്കാം. ചിലര്‍ ആത്മഹത്യകുറിപ്പുകള്‍ പരമ്പരകള്‍ ആക്കി ആത്മഹത്യ ടെണ്ടെന്‍സി ഉള്ളവരെപ്പോലെ പ്രതികരിക്കാന്‍ തുടങ്ങി.

സ്വയം ബ്ലോഗിന്റെ സാംസ്കാരിക നായകന്മാര്‍ അതേപോലെ ബ്ലോഗിലെ കാരണവന്മാര്‍ എന്നഭിമാനിക്കുന്നവര്‍ക്കിടയില്‍ സ്വയം കൂതറ എന്ന് വിശേഷിപ്പിക്കുന്നവനാണ് ബെര്‍ളി. ആക്ഷേപശരങ്ങളെ പുല്ലുപോലെ എടുക്കുന്നവന്‍. ഹിറ്റ്‌ വിറ്റു കഞ്ഞികുടിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് തന്നെ അദ്ദേഹത്തിന്റെ വായിലൂടെ ശ്രവിക്കുക.
"ബ്ളോഗില്‍ പിടിപ്പിച്ചിരിക്കുന്ന ഹിറ്റ് കൌണ്ടറിന്റെ മറ്റേയറ്റം ഞാന്‍ താമസിക്കുന്ന മുറിയിലാണ്. ഇവിടെ ഹിറ്റ് കൂടുന്നതനുസരിച്ച് അതിലൂടെ ഒരു തരം ധാന്യം ചാടിവന്നുകൊണ്ടിരിക്കും. അതു പുഴുങ്ങിത്തിന്നാണു ഞാന്‍ ജീവിക്കുന്നത്. "

മലയാളത്തിലെ അല്ലെങ്കില്‍ മലയാള ബ്ലോഗിലെ സദാചാര കാവല്‍ഭടന്മാര്‍ ആര്‍ത്തിയോടെ വായിക്കുന്നതും അവസരം പോലെ വിമര്‍ശിക്കുന്നതുമായ ഒന്നാണ് "അശ്ലീലം" പ്രദീപ്‌ പേരശ്ശനൂര്‍ എന്നാ ബ്ലോഗറെ കമ്പി ബ്ലോഗര്‍ എന്നെഴുതി വിമര്‍ശിച്ചവര്‍ പലരും ഓരോ പോസ്റ്റും വരാനായി ഗുരുവായൂര്‍ നടയില്‍ കാണിക്കയിട്ടു കാത്തിരുന്നു എന്നത് മറ്റൊരു സത്യം. അയാളുടെ ഓരോ പോസ്റ്റും പ്രിന്റ്‌ ചെയ്തു തലയിണയ്ക്കടിയില്‍ വെച്ച് മുപ്പത്തിമൂന്നു തവണ വായിച്ചിട്ട് ഉറങ്ങാന്‍ പോയിരുന്ന വായനക്കാരെ നേരിട്ടറിയാം.

ബെര്‍ളിയുടെ ബ്ലോഗിലെ ഒരു ലൈന്‍ "അയലോക്കത്തെ ട്രീസ തുണിപറിച്ചു കുളിക്കുന്ന മീനച്ചിലാറ്റില്‍ വെള്ളമിങ്ങനെ താഴ്ന്നു താഴ്ന്നു വരുന്നതുപോലത്തെ ഒരു നിര്‍വൃതിയാണ് " ബ്ലോഗില്‍ സംസ്കാര ശൂന്യര്‍ നിറഞ്ഞുവെന്ന് പറയുന്നവരുടെയും നിലവാരം ഇല്ലെന്നു പറയുന്നവരുടെയും മുഖമടച്ചു കൊടുക്കാന്‍ പ്രാപ്തമാണ്.

"ഫയര്‍ ആന്‍ഡ്‌ സേഫ്റ്റിയും" മറ്റും പഠിച്ചു ഗള്‍ഫില്‍ പോയ സുഹൃത്തിന്റെ കാര്യം പറഞ്ഞതോട് കൂടി ആര്‍ക്കിട്ടാണ് താങ്ങിയതെന്നു ബൂലോഗവാസികള്‍ക്കെല്ലാം മനസ്സിലാവും.
അധോവായൂ ശബ്ദത്തിന് വിളികേള്‍ക്കാന്‍ നടക്കുന്ന ഏറാന്‍മൂളികള്‍ക്ക് എന്തായാലും നല്ലൊരു താങ്ങായി ഈപോസ്റ്റ്‌.

മലയാളികളുടെ ശാപമായി അസൂയ. ഒരു മില്ല്യന്‍ ആകാന്‍ പോകുന്ന ബെര്‍ളിയുടെ ഹിറ്റ്‌റേറ്റ്‌ അടുത്ത കാലത്തെങ്ങും ആര്‍ക്കും തകര്‍ക്കാനാവില്ലെന്നത് ഒരു നഗ്നസത്യമാണ്. ആശയദാരിദ്ര്യം അംഗീകരിക്കാതെ ഒരുത്തന്റെ തലയില്‍ കുതിരകയറി മനസമാധാനം കാംക്ഷിക്കുന്നവന്റെ അവസ്ഥ മനസ്സിലാക്കാന്‍ ചിലരുടെ ബ്ലോഗില്‍ പോയാല്‍ മതി.

ഇത്തരം വിവാദങ്ങള്‍ വീണ്ടും തന്റെ വായനക്കാരുടെ എണ്ണം കൂട്ടാനെ ഉപകരിക്കൂ എന്ന് ബെര്‍ലിയ്ക്കറിയാം. അതിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നവനായ ബെര്‍ളിയുടെ മുന്‍പുള്ള പോസ്റ്റുകളും ശ്രദ്ധിച്ചാല്‍ ഇത്തരം വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അയാളുടെ വളര്‍ച്ചയ്ക്ക് സഹായകമായി എന്നത് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വിമര്‍ശനത്തിന്റെ പുറകെ പോയി പുളകമണിഞ്ഞവര്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

കുട്ടിക്കുരങ്ങനെ കൊണ്ട് ചൂടുപായസ്സത്തില്‍ കൈയിടീക്കുന്ന ആസാമികളും കടല്‍ക്കിഴവന്മാരും കപ്പിത്താന്മാരും വീണ്ടും തങ്ങളുടെ വിവരദോഷങ്ങള്‍ കൊണ്ട് തനിയാവര്‍ത്തനത്തില്‍ പങ്കാളികളാവുന്നു.
കഷ്ടം..