Thursday, February 11, 2010
217.ബൂലോകത്തിന്റെ വെടി പൊട്ടിയോ..
കൃഷ്ണ തൃഷ്ണ, ഉമേഷ്, വി.എം. ചിത്രകാരന്‍ തുടങ്ങിയവര്‍ പോലും ഇപ്പോള്‍ അധികം എഴുതുന്നത് കാണുന്നില്ല. പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കുമായിരുന്ന കവികളും കവിതാ നിരൂപകന്മാരും തിരക്കൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ ആളൊഴിഞ്ഞു കിടക്കുന്നു. വിവാദങ്ങളോ വാര്‍ത്തകളോ ആകര്‍ഷകങ്ങളോ ഉദ്വേഗം ജനിപ്പിക്കുന്നതോ ആയ ഒരു ബ്ലോഗ് വിശേഷങ്ങളും ഇന്നില്ലെന്നു പറയേണ്ടി വരും.. ആശയപരമായ ദാരിദ്ര്യമാണോ എന്ന് ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുമെങ്കിലും മിക്കവര്‍ക്കും തങ്ങളെ ബ്ലോഗിലേക്ക് പിടിച്ചു നില്‍പ്പിക്കുന്ന എന്തോ "ഒരിത്" ഇപ്പോള്‍ ഇല്ലെന്നോ അല്ലെങ്കില്‍ വളരെ കുറവെന്നോ പറയുകയാവും സത്യം. ചില ചലനങ്ങള്‍ ചിലയിടത്തൊക്കെ ഉണ്ടെങ്കിലും പൊതുവേ പാമ്പ് ചത്ത പാമ്പാട്ടിയുടെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ മലയാളം ബ്ലോഗില്‍.
മലയാളത്തില്‍ അയ്യായിരം പോസ്റ്റിട്ടിട്ടു ചെയ്ത പാപങ്ങള്‍ക്ക് തിരുപ്പതിയില്‍ പോയി മുടി മുണ്ഡനം ചെയ്യാമെന്ന് നേര്‍ച്ചയുള്ളതുകൊണ്ട് ബ്ലോഗിലെ തലതെറിച്ച രാജകുമാരന്‍ ബെര്‍ളിതോമസ് മാത്രം നിരന്തരം തന്റെ പോസ്റ്റുകള്‍ ബ്ലോഗില്‍ ചാര്‍ത്തി മുന്നോട്ടു പോകുന്നു. മറുമൊഴിയും ബ്ലോഗ്‌സ്പോട്ടും ഇല്ലെങ്കിലും അനസ്യൂതം തന്റെ എഴുത്തുമായി മുന്നോട്ടു പോകുന്നതുകൊണ്ട് ബൂലോകം മരിച്ചുവെന്നു തോന്നില്ല. ബ്ലോഗന്‍, ബ്ലോഗിനി, ബ്ലോഗുണ്ട, തുടങ്ങിയ വാക്കുകള്‍ സമ്മാനിച്ച ചില എഴുത്തുകാര്‍ പോലും ഇപ്പോള്‍ അധികം എഴുതുന്നത് കാണാറില്ല. റബ്ബറിന്റെ പട്ട മരവിപ്പ് പോലെ മസ്തിഷ്കത്തിന് എഴുത്ത് അല്ലെങ്കില്‍ സാഹിത്യ ചുരത്തിനു മരവിപ്പ് സംഭവിച്ചോ എന്ന് തോന്നിപ്പിക്കുന്നു.. നട്ടപിരാന്തന്‍ അടുത്തിടെ ഒരു സൈറ്റ് തുടങ്ങിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചോ എന്ന് പറയാന്‍ വയ്യാ.. ചെറുപ്പക്കാരുടെ വികാരമായിരുന്ന പൊങ്ങുംമൂടനാവട്ടെ ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല.
ചിലപ്പോഴൊക്കെ തോന്നാറുണ്ട്, തെറി വിളികളും പാരവെപ്പും ഒരുപരിധിവരെ ആളുകളെ ബ്ലോഗില്‍ നിന്നും അകറ്റി നിര്‍ത്തിയെന്ന് ചിന്തിചിരുന്നെങ്കിലും അതിന്റെ ഗുണ ദോഷ പ്രതികരണങ്ങള്‍ കാണാനെങ്കിലും ഉണ്ടായിരുന്ന തിരക്കുകള്‍ ഇപ്പോള്‍ ഇല്ലെന്നതാണ് സത്യം. അങ്ങനെയെങ്കില്‍ തെറിവിളികളും വിവാദങ്ങളും തിരികെയെത്തി വീണ്ടും ആളുകള്‍ സജീവമായിരിക്കുമെങ്കില്‍ അങ്ങനെ ഒരു സാധ്യതയും തള്ളിക്കളയേണ്ട... അനാവശ്യ ഹോര്‍മോണ്‍ കുത്തിവെച്ചു ആവശ്യത്തിലധികം വളര്‍ന്ന കുട്ടി പിന്നീട് വളര്‍ച്ച മുരടിച്ച മട്ടില്‍ നില്‍ക്കുമ്പോള്‍ തോന്നുന്ന വിഷമം ഇപ്പോള്‍ തോന്നുന്നു.. ചിലരൊക്കെ പുസ്തകങ്ങള്‍ അച്ചടിച്ചതോടെ സജീവ എഴുത്തില്‍ നിന്നും ഒരു വിരക്തി വന്നതുപോലെ മാറി നില്‍ക്കുന്നു.
ഒരുപക്ഷെ മുന്‍തലമുറക്കാര്‍ മാറി നില്‍ക്കുന്നതുകൊണ്ട് തന്നെ സത്യസന്ധമായി പുതിയ എഴുത്തുകാരെ വിമര്‍ശിക്കാനും പ്രോത്സാഹിപ്പിക്കാനും ആരുമില്ല.. പരസ്പരം സുഖിപ്പിച്ചും കേമം എന്നുമാത്രം പറഞ്ഞും ചില പുതുമുഖങ്ങള്‍ കമന്റുകള്‍ ഇടുമ്പോള്‍ എഴുത്തുകാരന് തിരുത്താനുള്ള വെദി പോലും കിട്ടുന്നില്ല... ആശയ ദാരിദ്ര്യത്താല്‍ ഉഴറുന്ന ബ്ലോഗ് എഴുത്തുകാര്‍ക്ക് വീണു കിട്ടുന്ന ചാകരകള്‍ ആവുന്നു ഇപ്പോള്‍ മിക്ക സെലിബ്രിറ്റികളുടെയും മരണങ്ങള്‍. മരിച്ചു നിര്‍ജ്ജീവമായി കിടക്കുന്ന ബ്ലോഗുകളില്‍ മരിക്കുന്ന താരത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റുകളുമായി വരുന്നത് കാണുമ്പോള്‍ സത്യത്തില്‍ ആ ബ്ലോഗര്‍ സ്വന്തം ബ്ലോഗിനാണ് ചരമക്കുറിപ്പ് എഴുതേണ്ടത് എന്ന് തോന്നിപ്പോകാറുണ്ട്..
ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങി ഇപ്പോള്‍ ഗിരീഷ് പുത്തന്‍ ചേരി മുതലുള്ളവരുടെ മരണം ഇത്തരം ചരമക്കുറിപ്പ് ബ്ലോഗര്‍മാര്‍ക്ക് ഒരു കച്ചിത്തുരുമ്പു ആണ്. പോസ്റ്റ് വായിക്കാതെ കസറി അളിയാ എന്ന് മാത്രം കമന്റ് ഇടാതിരുന്നാല്‍ മതിയായിരുന്നു...
നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍, മരവിപ്പ് ബാധിച്ച എഴുത്തുകാര്‍ ഇതെല്ലാം പുതിയ ഊര്‍ജ്ജം വീണ്ടെടുത്ത് സജീവമായില്ലെങ്കില്‍ പനപോലെ വളരെപ്പെട്ടെന്നു വളര്‍ന്ന മലയാളം ബ്ലോഗ് അല്പായുസ്സായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകാന്‍ അധികം കാലം വേണ്ടി വരില്ല.
ഓഫ് : പുതിയ എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.. വലിയ എഴുത്തുകാര്‍ക്ക് സമയമില്ലാത്തതു കൊണ്ടും എഴുതാത്തത് കൊണ്ടും താരതമ്യേന പോസ്റ്റുകള്‍ അധികം വരാത്തതിനാല്‍ പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുന്നു...
Wednesday, February 10, 2010
216.മാധ്യമ മരങ്ങോടന്‍മാര്‍.
അടുത്തിടെ എഴുതി പോസ്റ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്തെങ്കിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു ഇന്റര്‍വ്യൂ കണ്ടതോടെ വീണ്ടും എഴുതി പോസ്റ്റ് ചെയ്യുന്നുവെന്നു മാത്രം. ഒരു അപക്വ വിവരദോഷി മാര്‍ത്തോമ സഭയുടെ ആദരണീയനായ ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ തോമ സീനിയര്‍ മേത്രോപോലിത്തയുമായി നടത്തിയ അഭിമുഖമാണീ പോസ്റ്റിന്റെ പ്രധാന വിഷയം.
അരനൂറ്റാണ്ടിലേറെക്കാലം സമുന്നതമായ പദവി വഹിച്ചിരുന്ന തിരുമേനി ഇതര സഭയില്‍ നിന്നുമാത്രമല്ല മറ്റു മതത്തില്‍ നിന്നുപോലും നിരവധി പേര്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവാണ്. ഒപ്പം അതീവ നര്‍മ്മരസം ഉള്ളവനും വാക്കുകളിലൂടെ ജനലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്നവനും. ശ്രീ ശ്രീ രവി ശങ്കറെയും മാതാ അമൃതാനന്ദമയിയെയും നേരിട്ട് കണ്ട തിരുമേനി എല്ലാവരിലും ക്രിസ്തുവിന്റെ ചൈതന്യം കാണുന്നവനും എല്ലാ മതത്തില്‍പ്പെട്ടവരോടും ഒരുപോലെ സംവദിക്കുന്നവനും ഒപ്പം മത സൌഹാര്‍ദ്ധതിനു മറ്റൊരു ക്രൈസ്തവ സഭയിലും ഇതേപോലെ ഒരു ഉദാഹരണം കാണിക്കാന്‍ പോലുമില്ലാത്ത ഒരു മഹത് വ്യക്തിയുമാണ്..
തിരുമേനിയോട് ഇന്റര്‍വ്യൂ ചെയ്ത വങ്കന്‍, തിരുമേനിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ തീരെ അപക്വമാണെന്ന് മാത്രമല്ല വിഡ്ഢിത്തതിന്റെ മകുടോദാഹരണങ്ങള്‍ കൂടിയാണ്. തിരുമേനി ആയിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു? വിവാഹം കഴിക്കാഞ്ഞതിനു വിഷമം തോന്നിയിട്ടുണ്ടോ...?ഉത്തരവാദിത്തത്തില്‍ നിന്നും ടെന്‍ഷനില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടിയായിരുന്നോ വിവാഹം ഒഴിവാക്കിയത്? അച്ചുതാനന്ദനെ ആണോ പിണറായിയെ ആണോ കൂടുതല്‍ ഇഷ്ടം തുടങ്ങി മരിക്കാന്‍ ഇഷ്ടമാണോ എന്നുപോലും ഈ വങ്കന്‍ ചോദിക്കുന്നുണ്ട്. അടുത്തു വരുന്ന ആള്‍ക്കാരെ എല്ലാവരെയും പ്രേമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ തിരുമേനി അടുത്തിടെ തന്റെ അടുത്തു സഹായം അഭ്യര്‍ഥിച്ചു വന്ന സ്ത്രീയെ കയറി പ്രേമിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇളിഭ്യനായ ചോദ്യകര്‍ത്താവിനോട് സത്യത്തില്‍ പുച്ഛം മാത്രമണ് തോന്നിയത്.. ഇത്തരം വന്ദ്യവയോധികനായ ഒരു ആത്മീയാചാര്യനോട് എന്ത് ചോദിക്കണമെന്ന് പോലും അറിയാത്ത ഒരുവനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വിട്ട ചാനല്‍ നടത്തിപ്പുകാരോട് അറപ്പ് തോന്നുക മാത്രമല്ല അവരുടെ സമനിലയില്‍ സംശയം പോലും തോന്നുന്നു..
ഇത് ഒരു ചാനലില്‍ മാത്രം നടക്കുന്ന കാര്യമില്ല. വയനാട് ശ്രേയംസ് കുമാറിന്റെ ഭൂമി കൈയേറിയവരെ പോലീസ് നേരിട്ട വിഷയത്തെ പറ്റി വയനാട് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍ നടത്തിയ സംസാരത്തെ പിന്നീട് ഇന്ത്യാവിഷന്റെ നികേഷ് കുമാര്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി കളക്ടറോടും ശശീന്ദ്രനോടും നടത്തിയ ചോദ്യങ്ങള്‍ കേട്ടാല്‍ തന്നെ വാര്‍ത്ത ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം കാണാം. ശശീന്ദ്രന്‍ തന്റെ നിലപാടും താന്‍ സംസാരിച്ചതും പലതവണ പറഞ്ഞിട്ടും വീണ്ടും കുത്തി കുത്തി നിര്‍ബന്ധിച്ചു ഓരോന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ശശീന്ദ്രനെ ശര്‍ദ്ധിപ്പിച്ചു വാര്‍ത്ത വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ കാഴ്ച്ചകാണം.. പക്ഷെ നികേഷ് കുമാര്‍ കുട്ടിനിക്കറും ബനിയനും ഇട്ടു ഓലപ്പീപ്പി ഊതി നടക്കുന്ന കാലത്തിനുമുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പക്വതയുള്ള ശശീന്ദ്രന്‍ തന്ത്രപൂര്‍വ്വം തന്നെ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും ഫ്ലാഷ് ന്യൂസ് ഉണ്ടാക്കാനുള്ള വ്യഗ്രത ഇവിടെ കാണാം.. കാഴ്ച്ചക്കാരോടുള്ള പ്രതിബദ്ധതയല്ല ഇവിടെ കേവലം ചാനലിന്റെ ടി.ആര്‍.പി. റേറ്റിംഗ് ആണ് പ്രധാനം.. ഇടയ്ക്കിടെ നികേഷ് കുമാര്‍ ഒരു കോണ്‍ഗ്രസ് കൂടാരത്തിലെ സി.എം.പിയുടെ നാക്കായാണോ സംസാരിക്കുന്നതെന്നുപോലും കാഴ്ചക്കാര്‍ക്ക് തോന്നി..
ഇതേപോലെ ഭാര്യ വീട്ടിലില്ലാത്തപ്പോള്‍ തമിഴത്തി വേലക്കാരിയെ കയറി പിടിക്കുമോ എന്നുള്ള വിഡ്ഢി ചോദ്യത്തിന് മറുപടി പറഞ്ഞ സിനിമാതാരം ജയറാം ഇപ്പോള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നാമെല്ലാവര്‍ക്കും അറിയാവുന്നതാണ്.. ചോദിക്കുന്നവന്‍ വിവരദോഷിയാണെന്ന ഓര്‍മ്മയില്ലാതെ മറുപടി കൊടുത്ത ജയറാമിന് പറ്റിയ നഷ്ടങ്ങള്‍ വലുതാണ്.. എന്നാല്‍ ആ നഷ്ടങ്ങള്‍ ചാനലിനു വാര്‍ത്തയാണെന്നത് കൊണ്ട് തന്നെ ചാനലിനു പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ആടുകളെ കൂട്ടിയടിപ്പിച്ചു രക്തം കുടിക്കുന്ന കുറുനരിയുടെ റോളാണ് ഇപ്പോള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും..
പണ്ടൊക്കെ ഒരുചാനലില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം വാര്‍ത്തകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇരുപത്തി നാലുമണിക്കൂര്‍ ചാനല്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ വാര്‍ത്തകള്‍ കൃതൃമമായി ഉണ്ടാക്കേണ്ട ഗതികെടിലെത്തി.. ആവശ്യമില്ലാത്ത ചോദ്യങ്ങളും വിവാദം ഉണ്ടാക്കേണ്ട രീതിയിലുള്ള ഇന്റെര്‍വ്യൂകളും സാധാരണയായി.. ഒപ്പം ചാനലുകള്‍ വിളിച്ചാല്‍ കാലത്തെതന്നെ ചാനലുകളുടെ വരാന്തയില്‍ കാത്തുകെട്ടി കിടന്നു വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട നേതാക്കളും നമുക്കുണ്ടായി. എങ്ങനെയെങ്കിലും തങ്ങളുടെ ചീര്‍ത്ത മുഖങ്ങള്‍ ടി.വി.യില്‍ കാണിക്കാന്‍ വെമ്പുന്ന ഈ രാഷ്ട്രീയക്കാരും ഈ ചാനലുകളുടെ ഇരകള്‍ തന്നെ.. കുറഞ്ഞപക്ഷം ഇത്തരം വിഡ്ഢി ചോദ്യകര്‍ത്താക്കളെയും വിവര ദോഷങ്ങളെയും നമ്മള്‍ തന്നെ തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
Saturday, February 6, 2010
215.അങ്ങനെ ഒരു ഭാഷ മരിച്ചു.
ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷകളുടെ കഥയും ഏതാണ്ട് ഇതുപോലെ തന്നെയാണ്.തെക്കന്‍ , മധ്യ പ്രവിശ്യകളില്‍ സംസാരിച്ചിരുന്ന ആറോളം ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷകള്‍ ഇതിനോടകം തന്നെ ചരമ മടഞ്ഞു കഴിഞ്ഞു. ഇന്ന് ആ ഭാഷകള്‍ സംസാരിക്കുന്നവര്‍ ആരും ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല. എന്നാല്‍ അധികം പരിഷ്കാരം കടന്നു ചെല്ലാത്ത വടക്കന്‍ പ്രവിശ്യയിലാവട്ടെ നാല് ഭാഷകള്‍ ഉണ്ടായിരുന്നത് രണ്ടെണ്ണം ചരമമടഞ്ഞു കഴിഞ്ഞു.. മറ്റൊരു ഭാഷയായ അകാ ജെറു വാകട്ടെ സംസാരിക്കുന്നവര്‍ ഇന്ന് കേവലം നാല്പതില്‍ താഴെമാത്രം.. മറ്റൊരു ഭാഷയായ അകാ ബോ സംസാരിച്ചിരുന്ന ഏക വ്യക്തി ഇന്ന് മരണമടഞ്ഞു..
അതോടെ ഒരു ഭാഷ കൂടി കാലയവനകയില്‍ മറഞ്ഞു. പതിനായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷയിലെ അകാ ബോ ഭാഷ സംസാരിച്ചിരുന്ന അകാ ബോ മുത്തശ്ശി ഇന്നുമരണപ്പെട്ടതോടെ മറ്റൊരു യുഗം കൂടി കഴിഞ്ഞു.ബോ മുത്തശിയ്ക്ക് എണ്‍പത്തി ആറ് വയസായിരുന്നു.
മംഗ്ലോയിഡ് ആഫ്രിക്കന്‍ വംശജര്‍ വരെ വസിക്കുന്ന ആന്‍ഡമാനില്‍ ബ്രിട്ടീഷ് ഭരണത്തും പിന്നീടും നടന്ന മാറ്റങ്ങളും മറ്റു ഗോത്ര പ്രശ്നങ്ങളും ഗോത്രങ്ങളുടെ അടിത്തറ തകര്‍ത്തു. അമിത മദ്യപാനവും മറ്റൊരു കാരണം തന്നെ. തലമുറകള്‍ മാറി വന്നതോടുകൂടി ഭാഷകളുടെ നട്ടെല്ല് തകര്‍ത്തു. ഏതായാലും ഹിന്ദി ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നിട്ടുണ്ടെങ്കിലും ദ്രാവിഡ ഭാഷകളും ആന്‍ഡമാനില്‍ സംസാരിക്കുന്നുണ്ട്.. തനതായ സംസ്കാരവും ഭാഷയും ഇല്ലാതാവുന്നതോടുകൂടി ഒരു യുഗത്തിനു അന്ത്യം കുറിക്കുകയാണ്.
പലപ്പോഴും മറ്റുഭാഷകളുടെയും സംസ്കാരത്തിന്റെയും അധിനിവേശം നമ്മുടെ ഭാഷകളുടെയും സംസ്കാരത്തിന്റെയും അസ്ഥിവാരം തകര്‍ക്കുകയാണ്.. നമ്മുടെ തനതായ സംസ്കാരത്തിന്റെയും മാതൃഭാഷയുടെയും ഭാവി സംരക്ഷിക്കുക നമ്മുടെ കടമയെന്നു നാം തിരിച്ചറിരുന്നെങ്കില്‍.
