തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, March 10, 2012

320. രക്ഷിക്കാനോ നീക്കം?

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ തന്ത്രപൂര്‍വം രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായ ആരോപണത്തെ നിസാരമായി കാണാനാവില്ല. നയതന്ത്രത്തിനു മേലെയാണ് ഇന്ത്യയിലെ നിയമം എന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോക്കം പോവുകയാണെന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. അതു വാസ്തവമാണെങ്കില്‍, തികച്ചും അപലപനീയമാണെന്നു പറയട്ടെ.


കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോണ്‍ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇത്തരം ചില അയഞ്ഞ നീക്കങ്ങളുടെ ചരടുവലി നടക്കുന്നതായ സൂചനയുണ്ട്. ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴാത്ത തരത്തിലുള്ള ഒത്തുതീര്‍പ്പ് എന്ന നിലയിലേക്കാണു കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നതിന്റെ ലക്ഷണമാണിത്.


സോളില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്. അതായത്, ഇന്ത്യന്‍ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന ഇറ്റലിയുടെ നിലപാടിനോട് മൃദുസമീപനം പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്നു തന്നെ.
കഴിഞ്ഞ ദിവസം ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ച ആരോപണവും ഇതും കൂട്ടിവായിക്കുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ആലോചനകള്‍ നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. പിറവം ഉപതെരഞ്ഞെടുപ്പു കഴിയുന്നതോടെ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് സോണിയാഗാന്ധി ഇറ്റലിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സോണിയയുടെ തീരുമാനം അതാണെങ്കില്‍ സര്‍ക്കാരിനും മറിച്ചൊരു അഭിപ്രായമുണ്ടാവാന്‍ തരമില്ല.


കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന മുന്നണിയുടെ അധ്യക്ഷയെന്ന നിലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും സോണിയയുടെ അനുമതി ആവശ്യമുണ്ട്. കോണ്‍ഗ്രസിലെ സര്‍വശക്തയായ നേതാവ് എന്ന നിലയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടിനോട് കേരളത്തിലെ സര്‍ക്കാരോ യുഡിഎഫോ എതിര്‍പ്പു പ്രകടിപ്പിക്കുകയുമില്ല. മുല്ലപ്പെരിയാര്‍ വിഷയത്തിലടക്കം തുടക്കത്തിലുള്ള ആവേശം വിട്ടുകളഞ്ഞ് സര്‍ക്കാര്‍ പിന്തിരിയുന്ന കാഴ്ച ഇവിടെ കണ്ടതാണ്.


ഇറ്റലിയില്‍ നിന്നെത്തിയ വിദേശകാര്യ സഹമന്ത്രി കൊല്ലത്ത് പല ദിവസം സര്‍ക്കാര്‍ പോലുമറിയാതെ കറങ്ങി നടന്നതും, പൂജപ്പുര ജയിലിലെത്തി സത്യഗ്രഹത്തിനൊരുങ്ങിയതുമൊക്കെ സൂചിപ്പിക്കുന്നത് ഉന്നത തലത്തില്‍ നിന്ന് ഇറ്റലിക്ക് അനുകൂലമായ നീക്കം നടക്കുന്നു എന്നു തന്നെ. ഒരു വിദേശ വിനോദ സഞ്ചാരി ഇന്ത്യയിലെത്തിയാല്‍പ്പോലും അടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നാണു ചട്ടം. അങ്ങനെയുള്ള നിയമം നിലവിലുള്ളപ്പോള്‍ത്തന്നെ, ഒരു വിദേശ രാജ്യത്തെ മന്ത്രി സംസ്ഥാന പൊലീസ് പോലുമറിയാതെ യാത്രാ പരിപാടികള്‍ തയാറാക്കിയത് എങ്ങനെയാണ്?


ആരോ ഒരു കൂട്ടര്‍ നുണയാണു പറയുന്നത്. ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ മനസറിവോടെയാണ് ഇറ്റാലിയന്‍ മന്ത്രി ജലസ്റ്റിന്റെ വീടു സന്ദര്‍ശിക്കാനൊരുങ്ങിയത്. അല്ലെങ്കില്‍, സംസ്ഥാനം അറിയാതെ കേന്ദ്രത്തില്‍ നിന്നുള്ള സമ്മതം അദ്ദേഹത്തിനു ലഭിച്ചു. അത് എന്തായാലും ഇവിടെയുള്ളവര്‍ അറിയേണ്ടിയിരിക്കുന്നു.


പല വഴിയിലൂടെ ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനവും എന്നതില്‍ തര്‍ക്കമില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയനുസരിച്ച് ഡല്‍ഹിയിലെത്തിയ മന്ത്രി കേരളത്തില്‍ കറങ്ങി നടന്നതും ഇപ്പോള്‍ സോള്‍ ഉച്ചകോടിയില്‍ നടത്താന്‍ പോകുന്ന ചര്‍ച്ചയുമൊക്കെ മരിച്ച മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാള്‍ വലുതാണ് ഇറ്റലിയുടെ അഭിമാനമെന്നു കേന്ദ്രത്തില്‍ ആരോ കരുതുന്നതിന്റെ സൂചന തന്നെ.


കേരളത്തിന്റെ തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോയവരാണു മരിച്ചത്. അതില്‍ കേരളീയര്‍ക്കുള്ളത്ര ദുഃഖം മറ്റുള്ളവര്‍ക്ക് ഉണ്ടായെന്നു വരില്ല. പക്ഷേ, ഏതു സംസ്ഥാനക്കാരായാലും അവര്‍ ഇന്ത്യയിലെ പൗരന്മാര്‍ തന്നെയാണെന്നത് ആരും മറക്കരുത്. അന്താരാഷ്ട്ര തലത്തിലുള്ള സമാധാന നീക്കങ്ങള്‍ക്ക് എതിരാകും നാവികര്‍ക്കെതിരേ ഇന്ത്യ സ്വീകരിക്കുന്ന ഏതൊരു നടപടിയുമെന്ന് പറഞ്ഞ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി എന്തു ചര്‍ച്ചയ്ക്കാണ് മന്‍മോഹന്‍ തയാറെടുക്കുന്നത്?


ഇന്ത്യയുടെ നിയമപ്രകാരം നാവികര്‍ക്കെതിരേ കേസെടുക്കുന്നതിലും വിചാരണ ചെയ്യുന്നതിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് തുറന്നു പറയാന്‍ മന്‍മോഹന്‍ സിംഗിനെ ആരാണു തടയുന്നതെന്നു കൂടി ജനങ്ങളോടു വ്യക്തമാക്കണം. സമാനമായ സംഭവം ഇറ്റലിയുടെ തീരത്തായിരുന്നെങ്കില്‍ എന്തായിരുന്നേനെ അവിടുത്തെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി? നയതന്ത്രം നല്ലതാണ്. പക്ഷേ, സ്വന്തം പൗരന്മാരുടെ ജീവന്‍ വച്ചു കളിക്കുന്ന നയതന്ത്രം ആവശ്യമില്ല. സമാധാനപരമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരെന്നു തെറ്റിദ്ധരിച്ചു വെടിവച്ചെന്നു പറയുന്നതിലെ ന്യായവാദം മനസിലാവുന്നില്ല. കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ കടലില്‍ കണ്ടുമുട്ടുന്നവരെ കൊന്നൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്? കടല്‍ക്കൊള്ളക്കാരെ നേരിടുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് കപ്പലുകളില്‍ ആയുധം കൊണ്ടു നടക്കാന്‍ യുഎന്‍ അനുമതി നല്‍കിയത്. ഇന്ത്യന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഇല്ലെന്ന് ഉറപ്പുണ്ടായിട്ടും ചെറിയ മത്സ്യബന്ധന ബോട്ടില്‍ തൊഴില്‍ ചെയ്തുകൊണ്ടിരുന്നവരെ വെടിവച്ചു വീഴ്ത്തിയത് എന്തിനാണ്?


ഇത്തരം ചോദ്യങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പരസ്യമായി ചോദിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിക്കു സാധിക്കേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍, കുറ്റവാളികള്‍ ഇറ്റലിക്കാരാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അങ്കലാപ്പിലായതാണ് കേന്ദ്ര സര്‍ക്കാരെന്നു തോന്നുന്നു.


കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന കരങ്ങളില്‍ ഇറ്റാലിയന്‍ പക്ഷപാതവുമുണ്ടെന്ന പ്രതിപക്ഷ ആരോപണം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ കാണുന്ന ഓരോ നടപടികളും. പൂജപ്പുര ജയിലില്‍ ചെന്നിട്ട് സെല്ലില്‍ കയറാതെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ വരെ കൊലയാളികള്‍ക്കു സാധിച്ചു. എത്ര അപമാനകരമാണിത്. മറ്റേതെങ്കിലും രാജ്യത്തെ ജയിലില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുമോ?
തങ്ങള്‍ക്ക് ആരെയും ഭയക്കാനില്ലെന്നും, തെരഞ്ഞെടുപ്പെന്ന കോലാഹലം കഴിയുന്നതോടെ സ്വന്തം രാജ്യത്തേക്കു മടങ്ങാനാകുമെന്നും നാവികര്‍ കരുതുന്നു എന്നു തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തു വരിക തന്നെ വേണം.

 Editorial » 09/03/2012


7 comments:

jayaharig said...

നിങ്ങള്‍ ബി ജെ പി യോ ആര്‍ എസ് എസ്സോ

vettathan said...

ഇറ്റാലിയന്‍ പ്രധാനമന്ത്രി സുബ്രമണ്യസ്വാമിയോട് ചോദിച്ചതിന്നു ശേഷമാവും മന്‍മോഹനെ വിളിച്ചത്.ഏതായാലും ഒരു കാര്യം സത്യമാണ്.ഇറ്റാലിയന്‍ നാവികര്‍ പൂജപ്പുര ജയിലില്‍ ഉണ്ട്.ഇതുവരെ ഇറ്റലിയുടെ ഒരു സമ്മര്‍ദ്ദത്തിന്നും ഇന്ത്യ വഴങ്ങിയിട്ടില്ല.

പട്ടേപ്പാടം റാംജി said...

ഈ വിഷയത്തില്‍ എന്നല്ല, എല്ലായിടത്തും ഒരു വിശ്വാസത്തകര്‍ച്ച സംഭവിച്ചിരിക്കുന്നു.

Kiran said...

നിങ്ങള്‍ ബി ജെ പി യോ ആര്‍ എസ് എസ്സോ

മാക്രി

മണ്ടൂസന്‍ said...

ഇങ്ങനേയൊക്കെ ഉണ്ടാവും സുഹൃത്തേ....ഇങ്ങനേയൊക്കെ ഉണ്ടാവും. സഹിക്കുകയല്ലാതെ നമുക്കെന്ത് മാർഗ്ഗമുണ്ട്. നല്ല പ്രതികരണം. ആശംസകൾ.

ഇ.എ.സജിം തട്ടത്തുമല said...

“ഇറ്റലിയില്‍ നിന്നെത്തിയ വിദേശകാര്യ സഹമന്ത്രി കൊല്ലത്ത് പല ദിവസം സര്‍ക്കാര്‍ പോലുമറിയാതെ കറങ്ങി നടന്നതും, പൂജപ്പുര ജയിലിലെത്തി സത്യഗ്രഹത്തിനൊരുങ്ങിയതുമൊക്കെ സൂചിപ്പിക്കുന്നത് ഉന്നത തലത്തില്‍ നിന്ന് ഇറ്റലിക്ക് അനുകൂലമായ നീക്കം നടക്കുന്നു എന്നു തന്നെ.“

എന്തായാലും നാം ഇറ്റലിക്കാരെ കണ്ടു പഠിക്കണം.അവരുടെ രാജ്യത്തെ പൌരന്മാർക്ക് മറ്റൊരു രാജ്യത്ത് ഒരു അപകടം പിണഞ്ഞപ്പോൾ, അതും കൊലക്കേസ്, അവരെ രക്ഷിക്കാൻ സാക്ഷാലൊരു മന്ത്രിതന്നെ അതിനുവേണ്ടി വന്ന് കഴിയുന്നതെല്ലാം ചെയ്യുന്നു. നമ്മുടെ രാജ്യത്തെ പൌരന്മാർ മറ്റുരാജ്യങ്ങളിൽ ചെന്ന് ഇങ്ങനത്തെ ഒരവസ്ഥയിലായാൽ നമ്മുടെ ഭരണാധികാരികൾ നേരിട്ട് പോകുക പോയിട്ട് ഇവിടെനിന്ന് വേണംന്ന്വച്ച് ഒരു ഫോണെങ്കിലും ചെയ്യുമോ?

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......... blogil puthiya post...... URUMIYE THAZHANJAVAR ENTHU NEDI....... vayikkane..........