തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, September 4, 2011

300.ഓണപ്പൂക്കളം

അന്ന് രാവിലെ പൂക്കുട ഒരുക്കുന്ന തിരക്കാണ് എത്ര തരം പൂക്കള്‍ പറിക്കണം, ചെക്കിപ്പൂ, കാക്കപ്പൂ ...
വൈകുന്നേരം വീട്ടില്‍ ചെന്നെത്തിയാല്‍ ഒന്നിനും സമയം തികയില്ല. കൂട്ടുകാരൊക്കെ വരില്ലേ പൂപ്പറിക്കാന്‍ പോകാന്‍, ബാലുവും, തുളസിയും, മോഹനും ...

പുസ്തക കെട്ടുമായി സ്കൂളിലെത്തുംപോഴേക്കും ആദ്യ ബെല്‍ അടിച്ചിരിക്കും. അന്നത്തെ ചിന്ത മുഴുവന്‍ നാളത്തെ ഓണപ്പൂക്കളം തീരക്കാനുള്ള ചിന്തയിലായിരിക്കും. കാരണം മത്സരമാണല്ലോ. വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ പൂക്കളത്തിന്റെ സ്കെട്ച്ചും തയ്യാറാക്കും. പിറ്റേന്ന് വെളുപ്പാന്‍ കാലത്തുതന്നെ എഴുന്നേറ്റുച്ചെന്നു പൂവിടും. അതു കഴിഞ്ഞു വേണം കൂട്ടുകാരുടെ വീട്ടിലോട്ടു ചെല്ലാന്‍. എങ്ങിനെയുണ്ട് അവരുടെ പൂക്കളം.... എന്ന് നോക്കണമല്ലോ
പിന്നീട് ഒരു ചര്‍ച്ചയാ ... ആരുടെ പൂക്കളമാണ് ഭംഗി കൂടുതല്‍, വലുപ്പം കൂടുതല്‍ ... ഇതൊക്കെ കഴിഞ്ഞു വേണം ഓണക്കളികളിലേക്ക് ചെല്ലാന്‍ ....

ഇന്നോ ....
ആരാണ് പൂപ്പറിക്കാന്‍ പോകുന്നത്, അതിനു പൂവെവിടെ... സത്യം പറയാലോ, ഈ വര്‍ഷം ഞാന്‍ തുമ്പപ്പൂ കണ്ടിട്ടില്ല. എവിടെ പോയി. ആരും പൂ പറിക്കാത്തത് കൊണ്ട് തുമ്പപ്പൂ വരാന്‍ മടിച്ചതാണോ അറിയില്ല.

തമിള്‍ നാട്ടില്‍ നിന്നു വരുന്ന ചെണ്ട് മല്ലികയും, ജമന്തിയും തന്നെ നമ്മുടെ പൂക്കളം. ഇങ്ങിനെ പോയാല്‍ കുറച്ചു കാലം കഴിഞ്ഞാലോ .... ചിന്തിക്കേണ്ട അതാ നല്ലത്.

പിന്നെ ...

നിങ്ങള്‍ക്കു വേണ്ടി, ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു ഓണ മത്സരം നടത്തുന്നുണ്ട് ഇവിടെ ക്ലിക്ക് ചെയ്താല്‍ ചെന്നെത്താം ....


എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ തിരുവോണ ആശംസകള്‍ ....

299.ഇനി ഫുട്ബോള്‍ കളി മാനേജര്‍ ആകൂ..

മലബാറെന്നു കേട്ടാലെന്താണ് മനസ്സിലോടിയെത്തുന്നത്‌.. മൊഞ്ചുള്ള തട്ടമിട്ട ഹൂറികളും ഗള്‍ഫ് കഥകളുമല്ല കൂതറ തിരുമേനി ഉദ്ദേശിച്ചത് . മലയാളികള്‍ ഒന്നോടെ നെഞ്ചിലേറ്റിയ മണ്ണിന്റെയും പെണ്ണിന്റെയും വിണ്ണിന്റെയും പടച്ചോന്റെയും കോല്‍കളിയുടെയും മൈലാഞ്ചിരാവുകളുടെയും ഒപ്പനയുടെയും ഗന്ധവും മാസ്മരികതയും ഉള്‍ക്കൊണ്ട മാപ്പിളപ്പാട്ടുമല്ല.. കാല്‍പ്പന്തുകളിയെന്ന ഫുട്ബോള്‍ തന്നെ.. ക്രിക്കറ്റ് എന്ന വൈറസ് മലയാളിയെ ബാധിക്കുന്നതിന് മുമ്പേ സന്തോഷ്‌ ട്രോഫിയും ഫെഡറേഷന്‍ കപ്പും നേടിയ കേരള ടീമും കേരള പോലീസ് ടീമും മലയാളിയെ ഒട്ടൊന്നുമല്ല ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത്. കെ.ടി.ചാക്കോയും , വി.പി.സത്യനും , ഷറഫ് അലിയും , കുരികേഷ് മാത്യുവും , നമ്മുടെ കറുത്ത മുത്തു ഐ.എം.വിജയനും ഒക്കെ നമ്മുടെ ഒരുകാലത്തെ സൂപ്പര്‍ ഹീറോകളായിരുന്നു. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ഇന്നും ഫുട്ബോള്‍ ഒരു ജ്വരം തന്നെ. റൂണിയും , ബെക്കാമും , വിയ്യയും മെസിയും ഓവനും ക്രിസ്ത്യാനോ റൊണാല്‍ഡോയും റൊണാല്‍ദീഞ്ഞോയും ഇന്നും ആ നാടുകളില്‍ ആവേശം വിതയ്ക്കുന്നു.. ആ ജ്വരവും വികാരവും ഇന്നും മനസ്സില്‍ രക്തത്തില്‍ സൂക്ഷിക്കുന്ന ഒരു ചെറിയ കൂട്ടം നമ്മുടെ ഇടയിലുണ്ട്. അവര്‍ക്ക് വേണ്ടിയാണു ഈ പോസ്റ്റ്‌.

സക്കര്‍ബര്‍ഗിന്റെ എന്തൊക്കെ കളികളാണ് നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്‌. ഫാംവില്ലപോലെയുള്ള കളികള്‍ നമ്മുടെ കൊച്ചു ബൂലോകം വരെ മന്ദഗതിയിലാക്കി. കഫെവില്ല , ഗോള്‍ഫ് തുടങ്ങി എല്ലാ കളികളും ഒരു പ്രത്യേകതയുള്ളതാണ്.. നമ്മള്‍ മറ്റൊരാളോട് മത്സരിക്കുമെങ്കിലും നേരിട്ടൊരു ആക്രമണവും ഈ കളികള്‍ കളിക്കുന്നവര്‍ നേരിട്ടുള്ള ഒരു മത്സരവും ഇല്ല. അതായതു നമ്മുടെ ഇടപെടല്‍ മറ്റുള്ള കളിക്കാരുടെ സ്പീഡ് കുറയ്ക്കാനോ അവരെ ഡിഫെന്റ് ചെയ്യാനോ കഴിയില്ല. അവിടാണ് ടോപ്‌ ഇലവന്‍ ഫുട്ബോള്‍ മാനേജര്‍ എന്ന കളിയുടെ വിജയം. ഈ കളിയുടെ ഏറ്റവും വലിയ രസവും പ്രത്യേകതയും അതുതന്നെ. ഇതില്‍ നമ്മള്‍ ഒരു ടീം രൂപവല്‍ക്കരിച്ചു ആ ടീമിനെ മാനേജ് ചെയ്തു കളിപ്പിച്ചു മുന്നോട്ട് പോകുന്നു. ഇനി കളിയെ പറ്റി അല്‍പ്പം വിശദമായി.

ടീം സെറ്റപ്പ്
യഥാര്‍ഥ ലോകത്ത് കളിക്കാരെ വാങ്ങുന്നത് പോലെ ഇവിടെയും ഒരു കളിക്കാരെയും വിലയ്ക്ക് വാങ്ങണം. ടീമിന്റെ പേര് , രാജ്യം , ടീം ഫ്ലാഗ് കളര്‍ എല്ലാം തന്നെ നമ്മുടെ ഇഷ്ടമാനുസ്സരിച്ചു സെലക്ട്‌ ചെയ്യണം. അല്ലെങ്കില്‍ ചെയ്യാം. കളിക്കാരെ വാങ്ങുവാനുള്ള പണം ജേര്‍സി, മീഡിയ , ബോര്‍ഡ് പരസ്യങ്ങളില്‍ നിന്നും കിട്ടും. ആകെ കിട്ടുന്ന പണത്തില്‍ നിന്ന് കളിക്കാരെ വാങ്ങാനുള്ള പണം കണ്ടെത്തണം. സ്വന്തം സ്റ്റേഡിയം വികസിപ്പിക്കുക , അവിടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയവും ഇവിടെ നടക്കുക. അതിലേക്കു പോകുന്നില്ല. കാരണം വിശദീകരിക്കാന്‍ ഏറെയുണ്ട്. സ്വയം എക്സ്പ്ലോര്‍ ചെയ്യാനും കഴിയും. കളിക്കാരെ ലേലത്തിലാണ് വാങ്ങുന്നത്. ഇത് കമ്പ്യൂട്ടറിനോടല്ല ലേലം വിളിക്കുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരോടാണ്. കൂടുതല്‍ ലേലം വിളിക്കുന്നതും ലേലത്തില്‍ ജയിക്കുന്നതും വളരെ ഹരം ലഭിക്കുന്നതാണ്. ഓരോ സീസണില്‍ കളിക്കാര്‍ അഗ്രീമെന്റ് ചെയ്യുകയോ റിട്ടയര്‍ ചെയ്യുകയോ ചെയ്യും.. ബാക്കി സ്വയം നോക്കുക.

ടൂര്‍ണമെന്റ് ഘടന.
ഓരോ ലെവലില്‍ ഉള്ള ലീഗുകളായി തിരിച്ചിരിക്കുന്നു. തുടക്കം സ്വാഭാവികമായും ലീഗ് ഒന്നില്‍ തന്നെ. പിന്നീട് ഓരോ സീസണിലും ജയത്തിനനുസരിച്ചു മുന്നോട്ടു പോകാം. ലീഗ് കളികളില്‍ നിന്നും പണം ലഭിക്കും. കളിക്കാര്‍ക്ക്‌ പരിക്ക് പറ്റുന്നതും , മോറല്‍ ബൂസ്റ്റ്‌ ചെയ്യുന്നതും , ക്ഷീണം മാറ്റുന്നതും എല്ലാം വേണ്ടി വരും. അതിനുള്ള ടോക്കനുകള്‍ ലഭിക്കുകയോ വാങ്ങിക്കുകയോ ചെയ്യേണ്ടി വരും. ഇതല്ലാതെ ചാമ്പ്യന്‍സ് ലീഗ് ( നല്ല പണം മത്സരങ്ങളില്‍ നിന്ന് കിട്ടും. പക്ഷെ നമ്മളെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലുള്ള ടീമുകളോട് കളിക്കേണ്ടി വരും.) , കൊക്ക കോള കപ്പു തുടങ്ങിയവും ഉണ്ട്. അച്ചുമാമന്‍ ഇല്ലാത്തത് കൊണ്ട് കൊക്ക കോളക്കാര്‍ ഇവിടെ ടൂര്‍ണമെന്റ് നടത്തുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ട്രോഫികള്‍ നമ്മുടെ ട്രോഫി റൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.

സാങ്കേതികം.
കളിക്കാരെ ലെഫ്റ്റ് , റൈറ്റ് സെന്റര്‍ ഡിഫെന്റര്‍ , മിഡ്ഫീല്‍ഡര്‍ ( അറ്റാക്കിംഗ് , ഡിഫെന്‍സിവ്) സ്ട്രൈക്കര്‍ , ഗോള്‍കീപ്പര്‍ , ഓള്‍ റൌണ്ടര്‍ തുടങ്ങിയ രീതിയില്‍ കിട്ടും. തന്നെയുമല്ല ഓണ്‍ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് വരെ ഉള്ളവരെ കിട്ടും. കാശും കൂടുതല്‍ കൊടുക്കണം. അതേപോലെ പ്രത്യേക സ്കില്‍ ഉള്ള കളിക്കാര്‍ക്ക്‌ ( ഏരിയല്‍ ഡിഫന്റര്‍ , കോര്‍ണര്‍ കിക്ക് സ്പെഷിയലിസ്റ്റ്, ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് , തുടങ്ങി ) പണം കൂടുതല്‍ വേണ്ടി വരും. അതേപോലെ പ്രായം കൂടിയ കളിക്കാര്‍ അല്‍പ്പം വിലക്കുറഞ്ഞവര്‍ ആയിരിക്കും. ടീമിന്റെ കളിക്കാരുടെ ഘടനയും സ്റ്റൈലും സ്വയം തീരുമാനിക്കുക. 4 -4 -2 കൂടുതല്‍ പേര്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ പഴയ 5 -3 - 2 ഉപയോഗിക്കുന്നവരും കുറവല്ല. ഇഷ്ടമുള്ള ഘടന സ്വീകരിക്കുക. എതിരാളികളുടെ ഘടനയും നമ്മുടെ കളിക്കാരുടെ കഴിവും അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. അതേപോലെ കളിക്കിടെ കളിക്കാര്‍ പരിക്കേറ്റ് പുറത്തു പോയാല്‍ ഇഷ്ടമുള്ളവരെ സബ്സ്റ്റിട്യൂറ്റ് ചെയ്യാനും കഴിയും. കളിക്കിടെ കളിയുടെ സ്വഭാവും അറ്റാക്കിംഗ് ഡിഫന്‍സിംഗ് മാറ്റം. നമ്മുടെ സ്ക്കിലും അറിവും വെച്ച് കളിയുടെ ഗതിയും മാറ്റമെന്ന് അര്‍ഥം.

ഇത്ര രസകരമായ ഒരു കളി ഇതേവരെ ഫേസ് ബുക്കില്‍ കണ്ടിട്ടില്ല. പ്രത്യേകിച്ച് ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരാള്‍ക്ക്‌. സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഉല്‍പ്പാദന രഹിതമായ ഇത്തരം കളികള്‍ കൂടിയാണ്. നമ്മള്‍ കൂടി ഒന്ന് ആഞ്ഞുപിടിക്കാതെ റിസഷന്‍ കൂടുതല്‍ വഷളാവില്ല. പിന്നല്ലാതെ. അപ്പോള്‍ കളി തുടങ്ങിക്കോളൂ. എന്‍ജോയ് ചെയ്തോളൂ. ഇത്രയൊക്കെ ഉപദ്രവമേ എന്നെക്കൊണ്ടാവൂ..

Thursday, September 1, 2011

298.ഫേസ് ബുക്കിലെ പുറം ചൊറിയല്‍

പുറം ചൊറിയല്‍ ഒരു സുഖം തന്നെയാണ്. ഏറ്റവും ആദ്യം ഇത് കണ്ടുപിടിച്ചത് പറമ്പില്‍ പുല്ലു തിന്നുന്ന കന്നുകാലികളാണ് . കാക്കയുടെ കടിയും മാറും കന്നുകാലികളുടെ ചൊറിച്ചിലും മാറും. എന്നാല്‍ ഈ പുറം ചൊറിയല്‍ ബ്ലോഗില്‍ ഏറെപ്പേര്‍ കൊണ്ടുനടന്നിട്ടുള്ളതാണ് . നടക്കുന്നതുമാണ്. ( അതുമിതു മവിഹിതം പലതും നടന്നിട്ടല്ലേ , ഇന്നും നടക്കുന്നില്ലേ.ഇനിയും നടക്കുകില്ലേ എന്നാ ദുബായ്പ്പാട്ടിനു മറുപടിയ്ക്ക് കടപ്പാട് ). ഇപ്പോള്‍ ഇതിന്റെ വളരെ മ്ലേച്ച ഭാവം ഫേസ് ബുക്കില്‍ കാണുവാന്‍ ഇടയായി. പൊതുവേ കമന്റുകള്‍ ഫേസ് ബുക്കിലും കൊടുക്കാറില്ല. എന്നാല്‍ വളരെ അടുപ്പമുള്ള അതോടൊപ്പം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചിലരുടെ പേജില്‍ കമന്റാറുണ്ട്. അതേപോലെ സൗഹൃദമുള്ള ചിലര്‍ മറ്റുള്ളവരുടെ ഫോട്ടോയുടെ അടിയില്‍ കമന്റിയത് ഷെയര്‍ ചെയ്തപ്പോള്‍ കൂട്ടുകാരന്റെത് എന്നുകരുതി അബദ്ധവശാല്‍ കമന്റിയത്. ഇതില്‍ ഷെയര്‍ ചെയ്ത കൂട്ടുകാരന്റെ കമന്റ് കാണുമ്പോള്‍ തിരക്കുമൂലം കൂട്ടുകാരന്റെ തന്നെ പ്രൊഫൈല്‍ ആണെന്നും കരുതിപ്പോയി. അതേപോലെ കമന്റ് ഇടാനുള്ള സ്ഥലം തുറന്നുമിരിക്കുന്നു. ( ഓപ്പണ്‍ ഫോര്‍ ഓള്‍ ). ഇനി വിഷയം ..

ഒരു മാന്യ ദേഹത്തിനു മുന്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ മകനും എസ്. എന്‍. ഡി. പ്പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യൂത്ത് മൂവ്മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുമൊത്ത് ഗുരുവായൂര്‍ ദര്‍ശനം നടത്തിയതിലെ വിരോധാഭാസം എന്ന് തോന്നി ഉല്‍ക്കണ്ഠാകുലനായി ഇനിയെന്തൊക്കെ കാണണം വ്യാകുലമാതാവേ എന്ന് വിലപിക്കുന്നു. മറ്റൊരു മാടമ്പി നാളെ ഇരുവരുടെയും അപ്പന്മാര്‍ വേണമെങ്കില്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തിയേക്കാമെന്ന് ഓര്‍ത്ത്‌ വിലപിക്കുന്നു. അതോടൊപ്പം ആദ്യ മാടമ്പിയുടെ ഒരു അവതരണരീതിയെ "ഒന്നാക്കുകയും " ചെയ്തിരിക്കുന്നു. അതായതു ഒന്നാമന്‍ വി.എസ്. അച്ചുതാനന്ദന്‍ എന്നാ മുന്‍ മുഖ്യമന്ത്രിയെ ജനകീയ നേതാവ് എന്ന് വിളിച്ചത് സുഖിച്ചിട്ടില്ല. അല്ലെങ്കില്‍ വി.എസ്.അച്ചുതാനന്ദന്‍ ജനകീയനല്ല എന്നരീതിയിലാണ് പുള്ളിയുടെ പ്രതികരണം. ഈ വ്യകുലമാതവും ജനകീയ വിദ്വേഷവും കാണുമ്പൊള്‍ ഇരുവരുടെയും മതവും രാഷ്ട്രീയവും വായനക്കാര്‍ക്ക് മനസ്സിലായി കാണും. ഇവിടെ മതവും രാഷ്ട്രീയവും പറയുകയല്ല ലക്‌ഷ്യം. ഒപ്പം വെള്ളപ്പള്ളിയെ കേവലം ഒരു കള്ള് കച്ചവടക്കരനായും സംബോധനം ചെയ്തിരിക്കുന്നു.

കൂതറ തിരുമേനി അവിടെ കമന്റിയത് ഇവിടെ കുറിക്കുന്നു. വി.എസ്.അച്ചുതാനന്ദന്‍ എന്നാ വ്യക്തിയെ കൂതറ തിരുമെനിയ്ക്ക് വ്യക്തിപരമായി അറിയില്ല. ഇനി സ്വന്തം ഇസത്തിന്റെ പേരില്‍ ആണെങ്കില്‍ ഇടതുപക്ഷ ചായവു വ്യക്തമായി ഉണ്ടെങ്കിലും വി.എസിനെക്കാള്‍ പിണറായി പക്ഷത്തോടാണ് പഥ്യം കൂടുതല്‍ . അതിന്റെയര്‍ത്ഥം വി.എസിനെ ഇഷ്ടം ഇല്ലെന്നല്ല. ഇന്ന് കേരളത്തില്‍ വി.എസിനെ ജനകീയനായ നേതാവല്ലെന്നു പറയുന്നവന് കുതിരവട്ടത്തോ ഊളമ്പാറയിലോ സ്ഥിരതാമസം കിട്ടും. ഇങ്ങേയറ്റം പിണറായി പക്ഷക്കാര്‍ പോലും അങ്ങനെ ഒരു ആരോപണം ഉന്നയിക്കില്ല. തന്നെയുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിന്റെ മുന്നോടിയായി നടന്ന പ്രകടങ്ങളിലും സര്‍വ്വെകളിലും വി.എസിന്റെ ജനപിന്തുണയും ജനസമ്മതിയും വ്യക്തമായി തെളിഞ്ഞതാണ്. ഇനി വി.എസിനെ ജനകീയനല്ല എന്ന് പറയാന്‍ വ്യാകുലമാതാവിനോട് മുട്ടിപ്പോയി പ്രാര്‍ത്ഥന നടത്തിയാല്‍ അവരും ഓടി സ്ഥലം വിടും. അടുത്തത്‌ വെള്ളാപ്പള്ളി .. വെള്ളാപ്പള്ളി ബാര്‍ നടത്തിയിട്ടില്ലെന്ന് ആരും പറയുന്നില്ല. എന്നാല്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയും റെയില്‍വേയുടെ എ ഗ്രേഡ് കോണ്‍ട്രാക്ടറും ആയ വെള്ളപ്പള്ളിയെ വെറുമൊരു കള്ളുകച്ചവടക്കാരന്‍ ആക്കിയാല്‍ പണ്ട് മരിച്ചുപോയ മണര്‍കാട് പാപ്പന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. വെള്ളാപ്പള്ളി തറവാടിനെ കുറിച്ച് അല്‍പ്പമെങ്കിലും അറിയുന്നവര്‍ ഈ വങ്കത്തരം എഴുന്നള്ളികയുമില്ല.

അതെല്ലാം അപ്പന്മാര്‍ . കേരളത്തില്‍ ഇന്‍കം ടാക്സ് കൊടുക്കുന്ന വിദ്യാഭാസമുള്ള രണ്ടു വ്യക്തികളാണ് ശ്രീ അരുണ്‍ കുമാറും തുഷാര്‍ വെള്ളാപ്പള്ളിയും . രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ മാത്രമാണ് ( അന്വേഷണം ) അരുണ്‍ കുമാറിനുള്ളത്. അതേപോലെ അരുണ്‍കുമാര്‍ മാര്‍ക്സിസ്റ്റ്‌ നേതാവല്ല. അപ്പന്‍ മാര്‍ക്സിസ്റ്റ്‌ ആയാല്‍ മകനും അങ്ങനെ വേണമെന്നും അല്ലെങ്കില്‍ മകന്‍ തന്റെ രാഷ്ട്രീയം പിന്തുടരണം എന്നും ബോധമുള്ള അപ്പന്‍ നിര്‍ബ്ബന്ധിക്കില്ല. തുറന്നു പറഞ്ഞാല്‍ എല്ലാ അപ്പന്മാരും കെ.എം.മാണിയോ കരുണാകരനോ അല്ല.. അതേപോലെ എസ്.എന്‍.ഡി.പി യോ യൂത്ത് മൂവ്മെന്റോ നിരീശ്വര പ്രസ്ഥാനമല്ല. അതൊകൊണ്ട് തന്നെ തുഷാറിനു ഗുരുവായൂര്‍ പോകുന്നതിനു ഒരു കുഴപ്പവുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഇവര്‍ ഇരുവരും അഹിന്ദുക്കള്‍ ആണെന്ന് ഈ ഫേസ് ബുക്കില്‍ " ഒണ്ടാക്കിയ " അഹിന്ദുക്കള്‍ തീരുമാനിച്ചോ.? ഇനി ഇവിടെയോന്നുമല്ല രസം.

അവിടെ ഇത്തരത്തില്‍ ഒരു കമന്റ് വീണപ്പോള്‍ പേജിന്റെ ഉടമ വിമര്‍ശിക്കപ്പെട്ടവന്റെ സഹായത്തിനെത്തി. " സാറേ .. സാര്‍ ആ വൃത്തികെട്ടവനോട് സംസാരിക്കാന്‍ പോണ്ട.. ( മോന്‍ ചിച്ചി പിള്ളാരോട് കൂടണ്ട..) നമ്മുടെയൊക്കെ റേഞ്ച് നമ്മുക്കറിയില്ലേ.. നമുടെ സുഖകരമായ അന്തരീക്ഷത്തില്‍ നമുക്ക് ഇങ്ങനെ ചൊറികുത്തി പുറം ചൊറിഞ്ഞ് ഇരിക്കാം. അയാളെ വിട്ടുകള .." എങ്ങനുണ്ട്.. അതായതു റേഡിയോ പോലെ പാടും. അത് കേള്‍ക്കാന്‍ കഴിയുന്ന കഞ്ഞികള്‍ കേട്ട് റാന്‍ മൂളി , ലൈക് ചെയ്തു പോയാല്‍ മതി. അല്ലാത്തവന്‍ പോടെ എന്ന്..

ഇനി കൂതറ തിരുമേനി ഒന്ന് ചോദിക്കട്ടെ ,, വിമര്‍ശനവും പ്രതികരണവും കേള്‍ക്കാന്‍ വയ്യാത്തവന്‍ എന്തിനു കമന്റ് ബുക്ക്‌ തുറന്നു ഇരിക്കുന്നു. ഇനി പുറം ചൊറിഞ്ഞ് തരാത്തവന് കമന്റ് ഇടാന്‍ എന്തിനു അവസരം കൊടുക്കുന്നു. കമന്റ് ഇടാന്‍ വരുന്നവന്‍ അടിയാന്‍ ആണെന്ന് കരുതുന്ന വിഡ്ഢികള്‍ ഒരുപക്ഷെ ഫേസ് ബുക്കിലെ കാണൂ.. രാഷ്ട്രീയ മത അന്ധത ബാധിച്ചാല്‍ ബാധിച്ചു കമന്റിയാല്‍ തിരികെ ആ അന്ധത തുരപ്പിക്കുന്നവര്‍ കമന്റും എന്ന് മനസ്സിലാക്കുക..

ഓഫ് : ഇതേപോലെ കൂട്ടുകാര്‍ മറ്റുള്ളവരുടെ കമന്റുകള്‍ ഷെയര്‍ ചെയ്യുന്നത് എന്റെ പ്രൊഫൈലില്‍ വരാതെയിരിക്കാന്‍ എന്ത് ചെയ്യണം. എന്റെ ഫ്രെണ്ടിന്റെ ഫ്രെണ്ട് എന്ത് ചെയ്യുന്നു എന്നറിയാന്‍ ഒരു കൊതിയും ഇല്ല.. ഫ്രണ്ട് വരെ മതി.. അറിയുന്നവര്‍ പറയുക.