തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, September 13, 2012

330.ഐ.എന്‍.ടി.യു.സി മേഖല സമ്മേളനം; പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം


പെരുമ്പാവൂര്‍: ടൗണില്‍ നാളെ നടക്കുന്ന ഐ.എന്‍.ടി.യു.സി മേഖലാ സമ്മേളനം കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലായി മാറും.
ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂണിയന്റെ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കുന്നത്തുനാട് താലൂക്കിലെ വിവിധ യൂണിയനുകളെ സംഘടിപ്പിച്ചുകൊണ്ട് എ വിഭാഗം നാളെ മേഖലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്‍ ഈ സമ്മേളനവുമായി ഐ.എന്‍.ടി.യു.സിയ്ക്ക് ബന്ധമില്ലെന്ന് പരസ്യ പ്രസ്താവന പുറത്തിറക്കിയത് അവഗണിച്ചാണ് സമ്മേളനം. യൂണിയന്റെ നേതാക്കളൊ തൊഴിലാളികളൊ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റ് ആവശ്യപ്പെടുമ്പോള്‍ സമ്മേളനത്തിന് അയ്യായിരം പേരിലധികം പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍,  യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ പോലും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നടക്കുന്ന സമ്മളനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സി ജില്ലാ  പ്രസിഡന്റ് ടി.പി ഹസ്സന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ആരും സമ്മേളനത്തിന് ഉണ്ടാവില്ല. അതേ സമയം എ ഗ്രൂപ്പിലെ പ്രബലരായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കെ.വി തോമസ് തുടങ്ങിയവര്‍ എത്തുകയും ചെയ്യും.
പെരുമ്പാവൂര്‍ മേഖലയിലെ പ്രധാന എ ഗ്രൂപ്പ് നേതാവ് ബേന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന  പ്രവേശനമായും ഈ സമ്മേളനം മാറും.
പി.പി തങ്കച്ചന്‍ നേതൃത്വത്തിലെത്തിയ കാലം മുതല്‍ എ ഗ്രൂപ്പിന് ടൗണില്‍ കൈവിട്ടുപോയ മേല്‍ക്കോയ്മ തിരിച്ചുപിടിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേഷന്‍ കിട്ടാത്ത യൂണിയനുകളേയും എ ഗ്രൂപ്പിന് മേല്‍കൈയ്യുള്ള യൂണിയനുകളേയും ചേര്‍ത്താണ് സമ്മേളനം.
വേങ്ങൂരിലെ ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന് അനുകൂലമായി അടുത്തിടെയുണ്ടായ കോടതി വിധിയും എ വിഭാഗത്തിന് ഉത്തേജനമായിരുന്നു. രണ്ടായിരത്തിലേറെ അംഗങ്ങളും കനത്ത ആസ്തിയുമുള്ള ഈ യൂണിയന്റെ ഭരണം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്യാത്ത യൂണിയന്റെ ഭരണത്തിലിടപെടാന്‍ പുറത്തുള്ള ആര്‍ക്കും അധികാരമില്ലെന്ന കോടതിവിധിയാണ് ഐ ഗ്രൂപ്പിന് തിരിച്ചടിയായത്. ഇത്തരം നിരവധി യൂണിയനുകള്‍ നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ടി.എച്ച് മുസ്തഫ എ ഗ്രൂപ്പിലേയ്ക്ക് പോരുന്നതോടെ വാഴക്കുളം മേഖലയിലെ മുസ്തഫയോട് ആഭിമുഖ്യമുള്ള ഐ ഗ്രൂപ്പിലെ പലരും എതിര്‍ചേരിയിലേയ്ക്ക് കൂറുമാറുമെന്ന സൂചനകളും ഉണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

മംഗളം


Monday, September 10, 2012

329.ചില 'ജാദു' സംശയങ്ങള്‍...


അടുത്തിടെ 'എജന്റ്റ് ജാദു' വുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചപ്പോള്‍ ഇന്റര്‍നെറ്റു മായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നതുകൊണ്ട്,  പ്രത്യേകിച്ച്  'privacy', 'security' തുടങ്ങിയവയുടെ  പ്രാ ധാന്യം  അറിയാവുന്നതുകൊണ്ടും , എന്റെ ചില സംശയങ്ങള്‍ പങ്കു വയ്ക്കുന്നു.   

ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ജാദു' ലോകത്തെവിടെ ഇരുന്നു കൊണ്ട് സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്താല്‍ അപ്പോള്‍ തന്നെ കണ്ടു പിടിക്കും എന്നൊക്കെ പറയുന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല.

എന്റെ അറിവില്‍  രണ്ടു രീതിയില്‍ ആണ് പ്രധാനമായും ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു (log )  വയ്ക്കുന്നത്. ഒന്ന് ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളുടെ  (Internet Serivce Providor) സെര്‍വറില്‍. ഇന്ത്യയില്‍ b.s.n.l , reliance തുടങ്ങി നമ്മുക്ക്  കണക്ഷന്‍  തരുന്ന കമ്പനികള്‍. രണ്ടാമത് നമ്മള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളുടെ സെര്‍വറില്‍.

ഇതു രണ്ടും പോലീസിന്റെ സൈബര്‍ സെല്‍ പോലെ ഉള്ള നിയമ സംവിധാനം വഴി ആവശ്യപ്പെട്ടാലേ ലഭിക്കുക ഉള്ളു.
അല്ലെങ്കില്‍ അനധികൃതമായി മുകളില്‍ സൂചിപ്പിച്ച സെര്‍വറുകളില്‍ കടന്നു കയറി ഇതു ചോര്‍ത്തി എടുക്കണം.

ഇതു രണ്ടുമല്ലാതെ ഐ.പി അഡ്രസ്സുകള്‍ ശേഖരിച്ചു എന്ന് പറയുമ്പോള്‍ എന്ത് സാങ്കേതിക 'ജാദു' ആണ് ഉപയോഗിക്കുനതെന്ന് മനസിലാകുന്നില്ല.

'ജാദു' വിനെ പറ്റി അവരുടെ തന്നെ സൈറ്റില്‍ പറയുന്നത് മനസിലായത് ഇത്ര മാത്രം.
ഓണ്‍ലൈന്‍ സിനിമകള്‍ കാണാനോ, ഡൌണ്‍ലോഡ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ ഒക്കെ സാധിക്കും എന്ന് അറിയാവുന്ന സൈറ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കുക. എന്നിട്ട് ആ സൈറ്റുകളുടെ ഉള്ളടക്കം (content) നിരന്തരം പരതുക. 'ജാദു' വിനെ ഏല്‍പ്പിച്ച സിനിമ അവിടെ ഷെയര്‍ ചെയ്താല്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. 

ഇവിടെ ചില  ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം.
പല സൈറ്റുകളും ഒരു യൂസര്‍നെയിം + പാസ്സ്‌വേര്‍ഡ്‌ ഉണ്ടെകില്‍ മാത്രമേ അകത്തു കടക്കാന്‍ പറ്റു.
രണ്ടാമത് സിനിമകള്‍ മറ്റു പേരുകളില്‍ ഇട്ടാല്‍ അറിയാന്‍ പ്രയാസമാകും. ഉദാഹരണത്തിന് 'ബാച്ചിലര്‍ പാര്‍ട്ടി' വല്ല 'അവിവാഹിത സംഗമം' അല്ലെങ്കില്‍ 'യുവ തരംഗം' എന്നോ മറ്റോ പേരിട്ടു ഷെയര്‍ ചെയ്താല്‍ മനുഷ്യന്  കണ്ടു പിടിക്കാന്‍ സാധിക്കും, പക്ഷെ 'ജാദു' പോലെ ഒരു സോഫ്റ്റ്‌വെയര്‍ അത് മനസിലാക്കില്ല.
ഷെയര്‍ ചെയ്തത് കണ്ടു പിടിച്ചാലും ആ ആളുടെ ഐ.പി വെറുതെ കിട്ടുക ഇല്ല. ആ സൈറ്റിന്റെ സെര്‍വറില്‍ നിന്നെ കിട്ടു. അതും 'ജാദു' വിചാരിച്ചാല്‍ നടപ്പില്ല.

ഒരു എളുപ്പ വഴി ഉള്ളത് 'ജാദു' കമ്പനി തന്നെ ഒന്ന് രണ്ടു സൈറ്റുകള്‍ തുടങ്ങുക. അവിടെ വല്ലവരും ഷെയര്‍ ചെയ്താല്‍ ഉടനെ ഐ.പി കിട്ടും.

എല്ലാവരും പഴി പറയുന്ന യൂ ടൂബില്‍  പടം ഇട്ടാല്‍ ഉടനെ തന്നെ അവരുടെ സൈറ്റിലൂടെ പരാതി കൊടുത്താല്‍ അത് നീക്കം ചെയ്യും.
പക്ഷെ പടം ഇട്ടോ ഇല്ലയോ എന്ന് കണ്ടു പിടിക്കാന്‍ മനുഷ്യന്‍ തന്നെ ശ്രമിക്കണം. അതാണ്‌ എളുപ്പം.
ഇട്ട ആളുടെ ഐ.പി ഒക്കെ ഗൂഗിള്‍ കമ്പനി തരണം. അത് സൈബര്‍ സെല്‍  വഴിയോ വക്കീല്‍ നോട്ടീസ് വഴിയോ ഒക്കെ കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്. 

ഐ.പി കിട്ടിയാല്‍ തന്നെ അതിന്റെ പിന്നിലുള്ള ആളിനെ കണ്ടു പിടിക്കാന്‍ നേരത്തെ പറഞ്ഞ  ഇന്റര്‍നെറ്റ്‌ സേവന ദാതാക്കള്‍ കനിയണം. പ്രത്യേകിച്ച് ഇന്ത്യക്ക് പുറത്തു നിന്നും അതൊക്കെ കിട്ടാന്‍ അത്ര എളുപ്പമാവില്ല.

ഇതൊന്നും 'ജാദു' വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങള്‍ അല്ല.

യൂ ടുബില്‍ ഒരു വീഡിയോ എത്ര പേര് കണ്ടു എന്നറിയാന്‍ 'ജാദു' ഒന്നും വേണ്ട. യൂ ട്യൂബ് ഉപയോഗിക്കുന്ന കൊച്ചു കുട്ടികള്‍ വരെ അത് പറയും.

യൂ ടുബിലെ ഒരു വീഡിയോ കണ്ടവരുടെ ഐ.പി ഒന്നും അങ്ങനെ കിട്ടാന്‍ ഒരു സാധ്യതയും ഇല്ല.  അതിനു കേസുമായി മുന്നോട്ട് പോകേണ്ടി വരും. അത്ര  മാത്രം ഊര്‍ജ്ജവും പണവും  അറിഞ്ഞിടത്തോളം  കൂതറയായ ഒരു പടത്തിനു വേണ്ടി കളയുമോ.

copyright  ഉള്ള സിനിമകളും പാട്ടുകളും ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുനതും അത് ഷെയര്‍ ചെയ്യുനതും ഒക്കെ നിയമ വിരുദ്ധമാണ്.
പക്ഷെ അതുമായി ബന്ധപ്പെട്ടവരെ എല്ലാം മണിക്കൂറുകള്‍ കൊണ്ട് 'ജാദു' കണ്ടു പിടിക്കും എന്ന് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

എന്റെ അറിവിലുള്ള കാര്യങ്ങള്‍ ആണ് മുകളില്‍ പറഞ്ഞത്. 'ജാദു' പുതിയ വല്ല സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെങ്കില്‍ ദയവായി ആരെങ്കിലും ഒന്ന് പറഞ്ഞു തരിക.