തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, February 27, 2010

222.മാഡ് ഫനാറ്റിക് ഹുസൈന്‍

കഴിഞ്ഞ പോസ്റ്റില്‍ തന്റെ ബ്ലോഗിന്റെ പരസ്യം കമന്റായിട്ട അഭിമന്യുവിനു ഈ പോസ്റ്റ്‌ സമര്‍പ്പണം

കൂതറ തിരുമേനി പണ്ടേ എഴുതിത്തള്ളിയ ഒരു മഹാശയനാണ് മക്ബൂല്‍ ഫിദാ ഹുസൈന്‍ എന്നാ എം.എഫ്.ഹുസൈന്‍. കൂതറ തിരുമേനി എഴുതി തള്ളിയാലും ഇല്ലങ്കിലും ഹുസൈന്‍ സാഹിബിനു കഞ്ഞികുടി മുട്ടില്ല. എന്നാല്‍ കഴിഞ്ഞ പോസ്റ്റില്‍ കമന്റായി പരസ്യം പതിപ്പിച്ച അഭിമന്യുവിന്റെ പോസ്റ്റില്‍ എം.എഫ്.ഹുസൈന്റെ ഖത്തറി പൌരത്വം ഇന്ത്യയ്ക്ക് എതോവല്ല്യ നഷ്ടമാണെന്ന രീതിയിലുള്ള സമീപനത്തിന്റെ ഒരു എതിരഭിപ്രായമാണീ പോസ്റ്റ്‌.

എം.എഫ്.ഹുസൈന്റെ വരയ്ക്കാനുള്ള കഴിവിനെ കൂതറ തിരുമേനി ഒരിക്കലും നിസ്സാരവല്‍ക്കരിച്ചു കാണുന്നില്ല. നല്ല കഴിവുള്ള ഒരാള്‍ത്തന്നെ അയാള്‍. സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പുരയിലേക്ക്‌ ചാഞ്ഞാല്‍ മുറിക്കുമെന്നു ചിലരെങ്കിലും കേട്ടിട്ടുണ്ടാവുമല്ലോ..ഏതാണ്ട് ഈ അവസ്ഥ തന്നെയാണ് ഈ ശ്രീമാന്റെയും.. എഴുപതുവര്‍ഷം വരച്ചു ഒരു വരപ്പന്‍ തിരുമേനി ആയശേഷം ഇടയ്ക്കിടെ ഹൈന്ദവ ദേവതകളെ നഗ്നരായി വരച്ചു വിപ്ലവം സൃഷ്ടിച്ച വെന്ദ്രനാണ് ഈ എം.എഫ്.ഹുസൈന്‍ സാഹിബ്. ഇതിലിപ്പോ എന്താണ് കുഴപ്പം എന്ന് ചിലര്‍ക്ക് തോന്നാം. സരസ്വതിയുടെ മുല എന്നാ പോസ്റ്റിന്റെ ശേഷം ഭാരതത്തിലെ അതും ഏറ്റവും മത സൌഹര്‍ദ്ധമുള്ള കേരളത്തിലെ (?) ബൂലോകത്തില്‍ ചിത്രകാരനെതിരെ വാളെടുത്തു ചിത്രകാരനെ ഒതുക്കിയ കാര്യം ആരും മറന്നുകാണില്ലല്ലോ. അപ്പോള്‍ അത്രകണ്ട് മത സൌഹര്‍ദ്ധമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അയാള്‍ക്കെതിരെ എങ്ങനെ പ്രതികരിച്ചുവെന്നും പ്രതികരിക്കണമെന്നും പ്രത്യേകം പറയണോ.. ഹിന്ദു മതഭ്രാന്തമാര്‍ ഹുസൈനെ ബിരിയാണി വെച്ചുകഴിക്കുമെന്നു ഭയന്ന് ഗള്‍ഫ് നാടുകളിലേക്ക് ഹുസൈന്‍ മുങ്ങി..

എന്നാല്‍ ഇതിനുമുമ്പ് ചിലകാര്യങ്ങള്‍ കൂടി പറയാം... കുര്‍ട്ട് വെസ്റ്റ്‌ഗാര്‍ഡിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും.. ഡെന്മാര്‍ക്കിലെ ജൈലാണ്ട്സ് പോസ്റ്റെനില്‍ മുഹമ്മദ്‌ നബിയുടെ വിവാദ കാര്‍ട്ടൂണ്‍ വരച്ച പുള്ളി. അന്നേ ഇയാള്‍ക്കെതിരെ ഫത്വ പ്രഖ്യാപിച്ചിരുന്നു.. കലാപങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ മരിച്ച ആ സംഭവത്തില്‍ ഡാനിഷ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വരെ ഗള്‍ഫില്‍ വിലക്കേര്‍പ്പെടുത്തി.. നാല് വര്‍ഷത്തിനു ശേഷം കഴിഞ്ഞ മാസവും അയാള്‍ക്കെതിരെ വധശ്രമം നടന്നു.. എന്തുകൊണ്ട്..? ഒരു കാര്‍ട്ടൂണ്‍ ആയിരുന്നു കാരണം.. സല്‍മാന്‍ റുഷ്ദിയെ അറിയില്ലേ. ചെകുത്താന്റെ വചനങ്ങള്‍ എഴുതിയ ആള് തന്നെ.. ഇപ്പോള്‍ ലണ്ടനില്‍ അഭയം പ്രാപിച്ചു താമസിക്കുകയല്ലേ അദ്ദേഹം.. എന്തുകൊണ്ട് അതിനെ ഒരു നഷ്ടമായി കാണുന്നില്ല.. ബുക്കര്‍ പ്രൈസ് ഒക്കെ കിട്ടിയ പുള്ളിയല്ലേ..? ഇവിടെ കേരളത്തില്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവെന്ന നാടകത്തിനു നിരോധനം ഏര്‍പ്പെടുത്തിയത് ആരും മറന്നുകാണില്ല എന്ന് കരുതട്ടെ.. ഇതില്‍നിന്നെല്ലാം ഒരു കാര്യം മനസ്സിലാവും.. അണ്ടിയോട്‌ അടുക്കുമ്പോള്‍ ആറിയാം മാങ്ങയുടെ പുളി.. ഏതു മതത്തില്‍ പെട്ടവരായാലും തങ്ങളുടെ മതത്തെ കേറി ചൊറിഞ്ഞാല്‍ പ്രതികരിച്ചുവേന്നിരിക്കും.. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. അത് ഹിന്ദുവായാലും കൃസ്തുവായാലും ഇസ്ലാമായാലും.

ഒന്നര വയസ്സില്‍ ഹുസൈന്റെ അമ്മ മരിച്ചത് ഏതായാലും കാര്യമായി.. അല്ലെങ്കില്‍ ആ പാവം സ്ത്രീയുടെ നഗ്ന ശരീരത്തിന്റെ ചിത്രങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞു ഈ മനോരോഗി പുറത്തിറക്കിയേനെ.. ഭാരതാംബയെന്ന സങ്കല്‍പ്പത്തെപ്പോലും അവഹേളിച്ച ഹുസൈന്റെ മനോനില തന്നെ പരിശോധിക്കേണ്ടത് ആവശ്യമാണ്‌.. ഒരു ചിത്രത്തിന് പത്തുകോടി വരെ പ്രതിഫലം വാങ്ങുന്ന ഹുസൈന് ഒരു മതത്തോടും പ്രത്യേക മമത ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഒരു യഥാര്‍ത്ഥ മുസ്ലീം തന്റെ മതത്തിന്റെ നിലനില്‍പ്പിനു വേണ്ടി വാളെടുക്കും എങ്കിലും (തന്റെ വിശ്വാസം രക്ഷിക്കാന്‍ ) മറ്റൊരു മതത്തെ തകര്‍ക്കാന്‍ വാളെടുക്കില്ല എന്നത് കൂതറ തിരുമെനിയ്ക്ക് നന്നായി അറിയാം. ഹുസൈന് ഒരു മതമില്ല.. ചിത്രത്തിലൂടെ പരമാവധി (കു)പ്രശസ്തി ഉണ്ടാക്കുകയും അതിനെ പരമാവധി വില്‍ക്കുകയെന്നും അതിന്റെ ലാഭം വാങ്ങുകയെന്നുമുള്ള ഒരു ലക്‌ഷ്യം മാത്രമേ ഉള്ളൂ. വയസ്സായ സമയത്ത് മാധുരിയോടുള്ള ആരാധന മൂത്ത് ഗജ കാമിനി എടുത്തപ്പോള്‍ കെളവന്റെ കാമഭ്രാന്തിന്റെ ഒരു പ്രതിഫലനം കണ്ടിരുന്നു.. എന്തായാലും അതയാളുടെ സ്വകാര്യമായ കാര്യം..

ഭാരതത്തില്‍ ഇന്ന് ആയിരത്തിലേറെ കേസ് ഹുസൈനെതിരെ നിലനില്‍ക്കുന്നുണ്ട്.. പലതും ഹിന്ദു മത വിശ്വാസികള്‍ കൊടുത്തതാണെങ്കില്‍ ചിലത് നിക്ഷ്പക്ഷമായി ചിന്തിക്കുന്നവര്‍ കൊടുത്തതാണ്. ഹുസൈന്റെ ചിത്രങ്ങള്‍ സാമൂഹിക സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞത് കാരണം നിരവധി പേര്‍ തങ്ങളുടെ പ്രത്യക്ഷമായ ഹുസൈന്‍ വിരോധം കാട്ടി. ഹുസൈന്‍ സാഹിബ് ഇതേപോലെ ഒരു ഒരു കാര്‍ട്ടൂണ്‍ ഇസ്ലാമിനെതിരെയോ അല്ലെങ്കില്‍ ഖത്തര്‍ രാജവംശത്തിനെതിരെയോ ഒന്ന് വരച്ചാല്‍ അയാളുടെ ചങ്കൂറ്റം സമ്മതിച്ചു കൊടുക്കാം. ഖത്തര്‍ റോയല്‍ ഫാമിലിയിലെ സ്ത്രീകളുടെ നഗ്ന ശരീരം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വരച്ചാല്‍ .............

Friday, February 26, 2010

221.നാണമില്ലാത്ത കഴുതകള്‍

കലാസ്വാദനം എന്നത് ഇപ്പോള്‍ തെറി വിളികളും കേവല ഗ്വാ ഗ്വാ വിളികളുമായപ്പോള്‍ തിലകന്റെ പ്രശ്നം കേവലം വിവാദമെന്നനിലയില്‍ ഒതുങ്ങി പോവുമെന്ന് തോന്നുന്നു. എക്കും പൂക്കുമറിയാത്ത നിലയിലേക്ക് സംസാരിക്കാന്‍
അഴീക്കോട്‌ അഥപധിക്കുന്ന നിലയിലേക്ക് എത്തി കാര്യങ്ങള്‍. ഇത്തരത്തില്‍ പോയാല്‍ കാതലായ പ്രശ്നത്തില്‍നിന്നും മാറി മോഹന്‍ലാലും അഴീക്കോടും തമ്മിലുള്ള അല്ലെങ്കില്‍ ഉണ്ടായ സ്പര്‍ദ്ധയുടെ വിഴുപ്പലക്കല്‍ മാത്രമായി പോകുമെന്ന് ഏതാണ്ട് ഉറപ്പായി . തിലകന്‍ പ്രശ്നം കേവലം ഒരു റോള്‍ കൊടുക്കലോ ഒതുക്കലോ മാത്രമല്ല. മലയാള സിനിമയുടെ പ്രക്ഷകര്‍ എന്ന വിഡ്ഢികളുടെ പ്രതികരണ ശേഷിയുടെ ശക്തി തെളിയിക്കാനുള്ള അവസരമാണ്.

ആദ്യം അതിനെ കുറിച്ചായിക്കൊള്ളാം.
ഏകദേശം ഒരു മില്ല്യന്‍ അമേരിക്കന്‍ ഡോളറോളം (അതില്‍കൂടുതല്‍ ആയെന്നും വരാം). മുടക്കി സിനിമ എടുക്കുന്ന വ്യക്തി - നിര്‍മ്മാതാവ് - മലയാളം സിനിമയെയും അതിലൂടെ മലയാളത്തേയും മലയാള സംസ്കാരത്തെയും ഉദ്ധരിച്ചു കൊള്ളാമെന്നു കരുതുന്നവന്‍ കേവലം ഭോഷന്‍ മാത്രമായിരിക്കും. സിനിമയെന്നത് ഒരു കലയും സാഹിത്യത്തിന്റെ ദൃശ്യ സൃഷ്ടി ആണെന്നിരിക്കലും കാശുമുടക്കി കാശുണ്ടാക്കുന്ന ഒരു ബിസിനസ് തന്നെയാണ്.. അപൂര്‍വ്വം ആളുകള്‍ കലയോടുള്ള അഭിനിവേശവും ചിലര്‍ മറ്റുള്ള ആഗ്രഹങ്ങള്‍ നിറവേറാന്‍ ഉള്ള വേദിയായും കണ്ടു സിനിമയെടുത്തെന്നു വരും. ഇതില്‍ മറ്റുള്ള ആഗ്രഹങ്ങള്‍ എന്നത് സിനിമാ നടികള്‍ മറ്റുള്ള പെണ്ണുങ്ങളെ പോലെതന്നെയാണെന്നു മനസ്സിലാക്കി കഴിയുമ്പോള്‍ തീര്‍ന്നുകൊള്ളും. പെരുവഴിയിലായവന്‍ എന്ത് സിനിമയെടുക്കാന്‍? പിന്നീടുള്ള കലാസ്നേഹം കൊണ്ട്
സിനിമയെടുക്കുന്നവന്‍ പിന്നീട് വിശപ്പിന്റെ വിളികേള്‍ക്കുമ്പോള്‍ പരിപാടി അവസാനിപ്പിക്കും. പറഞ്ഞുവരുന്നത് സിനിമയില്‍ പണം മുടക്കുന്നവന്‍ ആത്യന്തികമായി പണമുണ്ടാക്കാന്‍ തന്നെയാണ് വരുന്നത്.. എന്തുകൊണ്ട് സിനിമയില്‍ തന്നെ മുടക്കുന്നുവെന്നു സംശയിക്കുന്നവര്‍ക്ക് ഒരു വാക്കില്‍ പറഞ്ഞുതരാം, നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം ... അത്ര തന്നെ.. സിനിമയെന്ന ഗാംബ്ലിംഗ് തരുന്ന റിസള്‍ട്ട് വളരെപ്പെട്ടെന്നു തന്നെയാണ്, ഒപ്പം കുറച്ചുനാളെങ്കിലും "താര"ങ്ങളുടെ ഒപ്പം സമയം ചിലവഴിക്കാനുള്ള അവസരവും.

അതുപോലെ കാശുമുടക്കുന്ന നിര്‍മ്മാതാവിനും അത് വേണ്ടാം വണ്ണം ചിലവഴിച്ചു സംവിധാനം ചെയ്യുന്ന ആള്‍ക്കും ആരെ എടുക്കണം ആരെ അഭിനയിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരവും അവകാശവുമുണ്ട്. അതുപോലെ തന്നെ ആരെ ഒഴിവാകണം ആരെ വിളിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും.. എന്നെ എടുത്തോണം എന്നുപറയാനുള്ള ആജ്ഞാശക്തി ആര്‍ക്കെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ഇനി തിലകനോട് അനീതി ചെയ്തെന്നു തോന്നുന്നെങ്കില്‍ ഇതിനെ നിയമപരമായ നീക്കങ്ങളിലൂടെ നേരിടാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. എന്റെ വീട്ടില്‍ ആരൊക്കെ വരണം എന്ന് ഞാന്‍ തീരുമാനിക്കുന്നത്‌ പോലെ ആരൊക്കെ എന്റെ പടത്തില്‍ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനും സംവിധായകനും ഉണ്ടല്ലോ. അതിനെ ചോദ്യം ചെയ്യാന്‍ ഒരു നിയമത്തിനുമാവില്ല... ഉണ്ടായിരുന്നെങ്കില്‍ ഒരിക്കല്‍ സാക്ഷാല്‍ സുരേഷ് ഗോപിയും ഇന്ന് ക്യാപ്ടന്‍ രാജുവുമൊക്കെ വീട്ടില്‍ ഇരിക്കില്ലായിരുന്നു. എന്നാല്‍ ഇത് ന്യായമല്ല എന്ന് തോന്നിയാല്‍ പ്രതികരിക്കാന്‍ ഉള്ള അവസരവും സ്വാതന്ത്ര്യവും പ്രേക്ഷകര്‍ എന്ന വിഡ്ഢികള്‍ക്കുണ്ട്.

സൂപ്പര്‍താരത്തിന്റെ കാശുവാങ്ങി ഫാന്‍സ്‌ എന്ന കോമാളി വേഷം കെട്ടുന്ന ആളുകളുടെ കാര്യമല്ല ഇവിടെ പറയുന്നത്.. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം കൊടുത്ത് ടിക്കെറ്റ് വാങ്ങി ഇവന്മാരുടെയൊക്കെ സിനിമയുടെ ആദ്യ ഷോ കാണുന്ന കൂതറകളുടെ കാര്യമാണ് ഇവിടെ പറഞ്ഞത്.. മലയാളം സിനിമ ഭാരതത്തിന്‌ പുറത്തു റിലീസ് ചെയ്തു പണമുണ്ടാക്കി കൊള്ളാമെന്നു ചിന്തിക്കുന്ന ഏതെങ്കിലും നിര്‍മ്മാതാക്കള്‍ ഉണ്ടെന്നു കൂതറ തിരുമേനി കരുതുന്നില്ല. കഥയുടെയും ആവിഷ്കാരത്തിന്റെയും പ്രത്യേകത കൊണ്ടുതന്നെ മലയാളികള്‍ എന്ന "പുത്തി" ജീവികള്‍ക്ക് മാത്രമേ നമ്മുടെ സിനിമകള്‍ ദഹിക്കൂ.. അതുകൊണ്ട് ഡബ് ചെയ്തു തമിഴന്റെയോ തെലുങ്കന്റെയോ നാട്ടില്‍ കാണിച്ചു കാശുണ്ടാക്കാനും നിവൃത്തിയില്ല.. നമ്മുടെ പാവം മലയാളികള്‍ തന്നെ ടിക്കെറ്റ് എടുത്താലെ ഇവന്റെയൊക്കെ സിനിമകള്‍ മുങ്ങിപ്പോവാതെ കര കാണുകയുള്ളൂ. പക്ഷെ എന്ത് കോപ്രായം കാണിച്ചാലും അല്ലെങ്കില്‍ ഏതു ചാണകം വിളമ്പിയാലും വിഴുങ്ങാന്‍ വാ തുറക്കുന്ന നാറികള്‍ ഉള്ളപ്പോള്‍ ഈ സിനിമയൊക്കെ ഇവിടെ ഓടുകയും വീണ്ടും സൂപ്പര്‍ താരങ്ങള്‍ എന്ന നടന്മാരുടെ കോപ്രായങ്ങളും കോപ്രായ സിനിമകളും ഇവിടെ ഓടിക്കൊണ്ടിരിക്കും. തിലകനോടുള്ള സ്നേഹം യാഥാര്‍ത്ഥ്യം ആണെങ്കില്‍ അയാളെ ഒഴിവാക്കിയ സിനിമ ബഹിഷ്കരിച്ചു അതിനെ മുക്കി കളയാനുള്ള ചങ്കൂറ്റം നമുക്കുണ്ടാവണം.. അത് മലയാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നവന്‍ തികച്ചും മണ്ടനായിരിക്കും. അഥവാ അങ്ങനെ ഒരു പ്രതികരണ ശേഷി മലയാളികള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ പല നേതാക്കന്മാരും എന്നെ രാഷ്ട്രീയം പോലും ഉപേക്ഷിച്ചേനെ.. പിന്നല്ലേ നമ്മുടെ സൂപ്പര്‍ താരങ്ങളെ ഓടിക്കുന്നത്..
തിലകനും മലയാളികളില്‍ അങ്ങനെയൊരു പ്രതികരണം പ്രതീക്ഷിക്കുന്നുവെങ്കില്‍ അയാളെക്കാള്‍ വല്ല്യ മണ്ടന്‍ ആരെങ്കിലും ഉണ്ടെന്നു കൂതറ തിരുമേനി കരുതുന്നില്ല.

എന്തായാലും ഏത് കാര്യത്തിലും തന്റെ അഭിപ്രായം വേണമെന്ന് ശഠിക്കുന്ന സുകുമാര്‍ അഴീക്കോട് ഈ വിഷയത്തിലും ഇടപെട്ടത് പുതുമയായി തോന്നിയില്ല. കേരളത്തിന്റെ സാംസ്കാരിക നായകനായി പട്ടം കല്‍പ്പിച്ചു ചാര്‍ത്തിക്കിട്ടിയ സുകുമാര്‍ അഴീക്കോടിന്റെ ചില ആരോപണങ്ങളും പ്രത്യാരോപണങ്ങളും കേട്ടപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. "ഇദ്ധേഹത്തെക്കാള്‍ ആ പദവി അലങ്കരിക്കാന്‍ പറ്റിയ ആരും തന്നെ കേരളത്തിലില്ല".. പണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എത്ര സത്യം.. ഇത് ദൈവത്തിന്റെ സ്വന്തം നാടല്ല ഭ്രാന്തന്മാരുടെ നാടുതന്നെ.. മോഹന്‍ലാലിന്റെ സൌന്ദര്യത്തെ പറ്റിവരെ അഴീക്കോട് വിമര്‍ശിക്കുന്നു.. തലയിലെ രോമത്തിന്റെ അളവെടുത്തിട്ടു സൌന്ദര്യം അളക്കുന്ന അഴീക്കോടിനെ പറ്റി എഴുതിയാല്‍ അതിനെ സമയത്തെ പാഴാക്കി കളയുന്നോ എന്നുപോലും തോന്നുന്നു.. സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനേക്കാള്‍ സുന്ദരന്‍ ആണെന്ന് ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിന് ഒരു പക്ഷെ തോന്നിയേക്കാം.. (അല്ലാതെ ഭാര്യയും കുട്ടികളും ഇല്ലല്ലോ..) ഇനി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ സിനിമയില്‍ അഭിനയിക്കാനുള്ള അതിമോഹമാണോ ഇതുപറയാന്‍ കാരണം എന്ന് സംശയം തോന്നുന്നു.
.. എങ്കില്‍ മലയാളികളെപോലെ ഭാഗ്യശൂന്യര്‍ ആരും ഉണ്ടായില്ലെന്ന് പറഞ്ഞുപോവും. മോഹന്‍ലാലിനെ കുങ്കുമം ചുമക്കുന്ന കഴുതയായി ഒക്കെ ഈ വ്യക്തി വിവരിച്ചു.

മോഹന്‍ലാലെന്ന നടനെ ആരാധിക്കുന്നവരോ അറിയുന്നവരോ അദ്ദേഹത്തില്‍ നിന്ന് ബൌദ്ധികമായി ഓന്ന്യദ്ധത്തിലുള്ള ഒരു മറുപടി ചിലപ്പോള്‍ പ്രതീക്ഷില്ലെന്നു വരും. കാരണം മോഹന്‍ലാല്‍ ഒരു നടനാണ്‌.. അയാളില്‍ നിന്ന് മികച്ച നടനം ആണ് ഏവരും പ്രതീക്ഷിക്കുന്നത്.. എന്നാല്‍ കുട്ടികള്‍ക്ക് വിദ്യ പറഞ്ഞുകൊടുത്ത അധ്യാപകനും എഴുത്തുകാരനും സാഹിത്യ രംഗത്തെ മുടിചൂടാമന്നനുമായ അഴീക്കോട് മാഷില്‍ നിന്ന് അല്പം സഭ്യവും സംയമനവും ഉള്ള വാക്കുകള്‍ ആണ് സാംസ്കാരിക കേരളം പ്രതീക്ഷിച്ചത്.. ചന്തയിലെ ചുമടെടുപ്പ്കാരനെക്കാളും മീന്‍കാരനെക്കാളും മോശമായ രീതിയില്‍ സംസ്കാരിക്കുന്ന അഴീക്കോടിനെ ഇനി സാംസ്കാരിക നായകന്‍ എന്നുവിളിക്കുന്നനെ മുക്കാലിയില്‍ക്കെട്ടി അടിക്കണം. അല്ലെങ്കില്‍ തന്നെ തിലകനും അമ്മയും തമ്മിലുള്ള പ്രശ്നത്തിന് ഒരു പൊതുജനത്തിന്റെ പ്രതികരണം എന്ന നിലയില്‍ അല്ലാതെ ഔദ്യോഗികമായി തീര്‍ക്കാന്‍ അഴീകോട് ആരാണ്..? കേരളത്തില്‍ എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്ന് സര്‍ക്കാരിന്റെ ഇണ്ടാസ് വാങ്ങിയ പുള്ളിയോന്നുമല്ലോ ഈ അഴീക്കോട്. പ്രായമാവുമ്പോള്‍ മനുഷ്യരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും എന്ന് കേട്ടിട്ടുണ്ട്.. ഇതിനി അങ്ങനെ ആണോ ആവോ.. ?

ഇത്തരം ആളുകളുടെ വാര്‍ത്തകള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്ന പത്ര പ്രവര്‍ത്തകരും ചാനല്‍ ശപ്പന്മാരും ഒന്ന് മനസ്സിലാക്കുക. വാര്‍ത്തകള്‍ വിറ്റു അപ്പം വാങ്ങുന്ന നിങ്ങള്‍ ഇത്തരം സംസ്കാര ശൂന്യരുടെ വാര്‍ത്തകള്‍ നിരന്തരം പ്രക്ഷേപണം ചെയ്യുമ്പോള്‍ നാറുന്നത് നിങ്ങളും കൂടിയാണ്.. ചാണകം വില്‍ക്കുന്നവനെ ചന്ദനം മണക്കാന്‍ ബുദ്ധിമുട്ടാണല്ലോ. നിങ്ങളെപ്പോലെയുള്ളവര്‍ ഇവര്‍ക്ക് അമിത പ്രാധാന്യമോ അല്ലെങ്കില്‍ പ്രാധാന്യം തന്നെയോ നല്‍കാതിരുന്നാല്‍ അത് സാംസ്കാരിക കേരളത്തോട് കാണിക്കുന്ന ഏറ്റവും നല്ല പുണ്യമാവും.. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറുമെന്നു ഓര്‍ത്താല്‍ മതി.. അല്ലാതെ അമിതപ്രാധാന്യം നല്‍കി ഇവരുടെയൊക്കെ വിഴുപ്പലക്കല്‍ ചൂടപ്പം പോലെ മലയാളികളുടെ സ്വീകരണ മുറിയിലെത്തിക്കുമ്പോള്‍ അവസാനം നിങ്ങളെയും ഞങ്ങള്‍ വെറുത്തു തുടങ്ങും.. ഈ പരനാറികളുടെ മുഖം കാണുന്നതില്‍ എത്രയോ നല്ലതാണു ആനിമല്‍ പ്ലാനറ്റില്‍ വല്ല മൃഗങ്ങളുടെ മുഖം കാണുന്നത്..

മലയാളം സിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മുമ്പും താരങ്ങളും സൂപ്പര്‍ താരങ്ങളും വന്നിട്ടുണ്ട്.. അവരുടെ ഒരു സിനിമ പോലും കാണാത്ത ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ഒരിക്കലും പ്രേംനസീറിന്റെയും സത്യന്റെയും സിനിമ കാണാത്ത ആളുകളെ എനിക്കറിയാം.. അതുപോലെ നാളെ ഈ സിനിമാ സൂപ്പര്‍ താരങ്ങളും കാല യവനികയ്ക്കുള്ളില്‍ മറയും. ഓരോ താരങ്ങളും നടന്മാരും ഓരോ കാലഘട്ടങ്ങളുടെ ശബ്ദമാണ്.. കാലഘട്ടം മാറുമ്പോള്‍ ആ ശബ്ദവും മാറും.. ജീവിതത്തിന്റെയും ലോകത്തിന്റെയും പ്രത്യേകത തന്നെ ഈ മാറ്റങ്ങള്‍ ആണല്ലോ.. ഒരുപക്ഷെ തിലകനോടുള്ള അവഗണന നാളെ കാലത്തിന്റെയും ചരിത്രത്തിന്റെയും ഏടുകളില്‍ ഒരു കറുത്ത എടായിരിക്കും.. പിന്നീടുണ്ടാവുന്ന തലമുറകള്‍ക്ക് ഈ സൂപ്പര്‍ താരങ്ങളോട് ഈ സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടാവണം എന്നില്ലല്ലോ.. അവരുടെ മനസ്സില്‍ കഴിവുള്ള ഒരു നടനോട് കാട്ടിയ ക്രൂരത എന്നും മറയാതെ കിടക്കും.. പക്ഷെ തിലകനും മനസ്സിലാക്കേണ്ട കാര്യം ഒരു കൈ അടിച്ചാല്‍ ശബ്ദം ഉണ്ടാവില്ല.. ഇതിനിടയില്‍ ആടുകളെ കൂട്ടിഇടിപ്പിച്ചു രക്തം കുടിക്കുന്ന അഴീക്കൊടന്മാരും അതിന്റെ വാര്‍ത്തയില്‍ അരി മേടിക്കുന്ന മാധ്യമ പ്രവര്‍ത്തകരും.

ഇതെല്ലാം ഒന്ന് നിന്നിട്ട് വേണം കൂതറ തിരുമേനിക്ക് ഒരു പടം പിടിക്കാനും ഒരു പടം കാണാനും..

Tuesday, February 16, 2010

220.ഒരു ജി.ബി. ഇന്റര്‍നെറ്റ്‌ കണക്ഷന്‍

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എക്കാലത്തെയും വലിയ പ്രശ്നമാണ് വേഗത കുറഞ്ഞ കണക്ഷന്‍. എച്.ഡി. യൂടുബും ഹൈ ക്വാളിറ്റി മറ്റു സ്ട്രീമിംഗ് സൈറ്റുകളും വേഗത കൂടിയ കണക്ഷന്‍ ഉള്ളവര്‍ക്ക് നല്ല ക്വാളിറ്റിയുള്ള വീഡിയോ കാണാന്‍ അവസരം നല്‍കുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ചതും ഏറ്റവും കൂടുതല്‍ ഉള്ളതുമായ ഐ.ടി. തൊഴിലാളികള്‍ ഉള്ള ഇന്ത്യയില്‍ ഈ സ്പീഡ് ഇന്നും പത്തു എം.ബി. യില്‍ വളരെ കുറവാണ്.. കാല്‍ എംബിയും അര എംബിയും ബ്രോഡ് ബാന്‍ഡ് എന്നും പറഞ്ഞു വിളമ്പുമ്പോള്‍ ഗതികേട് കൊണ്ട് എല്ലാം നമ്മള്‍ നക്കുന്നുവേന്നതാണ് സത്യം. ചിലയിടത്ത് മൂന്നുമുതല്‍ എട്ടു എം.ബി. വരെ കിട്ടുമ്പോള്‍ (റിലയന്‍സും എയര്‍ടെല്ലും കൊടുക്കുന്നത്) ഇതാണ് ബ്രോഡ്ബാന്‍ഡ് എന്ന് നമ്മള്‍ കരുതുന്നു.

പാശ്ചാത്യരെയും നമ്മളെയും താരതമ്യം ചെയ്യാനല്ല ഈ പോസ്റ്റ്‌ ഇടുന്നത്.. വിദേശങ്ങളില്‍ കൊടുക്കുന്നത് കേമം എന്നും അഭിപ്രായമില്ല.. അവിടെയൊക്കെ ഇരുപതും മുപ്പതും എംബിയും മാത്രമല്ല അമ്പത് എംബിയും സാധാരണമാണ്. എന്നാല്‍ എന്നും (എന്തും) വാരിക്കോരി കൊടുക്കുന്ന ഗൂഗിള്‍ തറവാട്ടില്‍ നിന്ന് ഇന്റര്‍നെറ്റും ഒന്ന് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.. കേവലം അമ്പതും നൂറും എംബി ഈമെയിലില്‍ സ്റ്റോറെജ് ലിമിറ്റ് ആയിരുന്ന സമയത്ത് ഒരു ജി.ബി. കൊടുക്കാന്‍ മഹാമനസ്കത കാട്ടിയവരാണ് ലാറി പേജും സെര്‍ഗെ ബ്രിനും (ഗൂഗിള്‍ പയ്യന്മാര്‍ ).. അല്ലാതെ കുടുംബത്തില്‍ പിറന്ന ഈ പയ്യന്മാരാണ്‌ നമ്മുടെ സ്റ്റോറെജ് ദാരിദ്ര്യം തീര്‍ത്തത്.. അല്ല പയ്യന്മാരായത് കൊണ്ട് നമ്മള്‍ ചെറുപ്പക്കാരുടെ ആവശ്യം അവര്‍ക്കറിയാം അല്ലെ..

ഇപ്പോള്‍ അമേരിക്കയിലെ തെരഞ്ഞെടുത്ത അരലക്ഷം വീടുകളില്‍ (ഈ വീടുകളില്‍ സ്റ്റുഡന്റ് മുതല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ വരെ ഉണ്ടാവും..) അവര്‍ കൊടുക്കുന്ന ഇന്റര്‍നെറ്റ്‌ ആണ് കിടിലന്‍.. പറഞ്ഞാല്‍ ഞെട്ടരുത്.. ഒരു ജി.ബി.(1Gbps) ഇവന്മാര്‍ ഇതുകൊണ്ട് എന്ത് പണ്ടാരം ചെയ്യുമെന്ന് നോക്കാന്‍ ആണത്രേ ഇവര്‍ ഇങ്ങനെയൊരു മഹാപാപം ചെയ്യുന്നത്.. സാധാരണ അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ ഏകദേശം ഇരുപതു ഇരട്ടി സ്പീഡ്. ഇന്ത്യയില്‍ കിട്ടുന്നതിനെ കൂതറ തിരുമേനി താരതമ്യം ചെയ്യുന്നില്ല.. ഈ സ്പീഡ് കൊടുത്താല്‍ കിട്ടുന്നവര്‍ എന്ത് ചെയ്യും.. ഏതൊക്കെ സൈറ്റുകള്‍ കാണും.. (ഒരു മോനിറ്റരിംഗ് അല്ല ലക്‌ഷ്യം) എങ്ങനെ ഈ ബാന്‍ഡ് വിഡ്ത്ത് ഉപയോഗിക്കും.. എന്നിട്ട് വേണമത്രേ ഭാവിയിലെ നെറ്റിന്റെ ജാതകം തയ്യാറാക്കാന്‍..

നമ്മുടെ ഇന്ത്യയില്‍ വേണം ഇത്ര സ്പീഡ് കിട്ടാന്‍.. അല്ലാതെ.. ലോകമെമ്പാടുമുള്ള കമ്പി പടങ്ങളും പടങ്ങളും പാട്ടുകളും നമ്മുടെ കംപ്യൂട്ടറില്‍ കൊണ്ട് വെച്ച് പണ്ടാരമടങ്ങും..

Saturday, February 13, 2010

219.കെ.പി.സുകുമാരന്റെ ബസിലെ വീഡിയോ...

മലയാളത്തിലെ പ്രമുഖ ബ്ലോഗെഴുത്തുകാരില്‍ ഒരാളായ കെ.പി.സുകുമാരന്‍ അഞ്ചരകണ്ടിയുടെ പുതിയ ശ്രമമാണീ വീഡിയോ.. ഗൂഗിളിന്റെ ഏറ്റവും പുതിയ സംരഭമായ ബസില്‍ സംപ്രഷണം ചെയ്യാന്‍ വേണ്ടി ചിത്രീകരിച്ച മൈ ഡ്രീംസ് എന്ന ഈ വിഡീയോയിലൂടെ ബന്ധങ്ങളുടെ വിലമുതല്‍ സോഷ്യലിസത്തിന്റെ അപചയവും സോഷ്യലിസ്റ്റ് വിശ്വാസികളുടെ പ്രതീക്ഷയും വരെ വിഷയമാക്കുന്നു. വളരെ ഹൃദയ സ്പര്‍ശിയായി അവതരിക്കാനായി എന്നത് ശ്രദ്ധേയമാണ്.

അതുപോലെ തന്നെ ഇത് ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ആദ്യ ശ്രമമാണെന്നതും ഓര്‍ക്കേണ്ട കാര്യമാണ്. പണ്ടുണ്ടായിരുന്ന കാലത്തെ വ്യക്തി ബന്ധങ്ങളും, സൌഹൃദങ്ങളും ഇന്ന് നഷ്ടപ്പെടുന്നതും അതേപോലെ ഇന്നത്തെ സമൂഹത്തില്‍ സ്വന്തം സന്തോഷങ്ങളുടെ മാത്രം കാര്യം നോക്കുകയും സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ ചിന്താ തലങ്ങളുടെയും കാര്യം ശ്രീ സുകുമാരന്‍ വിവരിക്കുന്നു..

മനുഷ്യന്‍ ഒരു സമൂഹ ജീവിയാണെന്നത് മറന്നു സ്വയം സൃഷ്ടിക്കുന്ന വാല്മീകത്തില്‍ ഒരു ചെറു തുരുത്തില്‍ കല്‍പ്പിത എകാന്തയില്‍ വിരാചിക്കുന്നതിന്റെ ദുരവസ്ഥയെ ശ്രീ സുകുമാരന്‍ വിവരിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ അതിന്റെ പോരായ്മയും നഷ്ടബോധങ്ങളെയും മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മതി.. നിരാശാബോധങ്ങളും വ്യസനങ്ങളും ഇതില്‍ കാണാം.

ഇനിയെന്നോ നടന്നേക്കുമെന്ന വിശ്വാസം ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും പ്രതീക്ഷിക്കുന്ന സോഷ്യലിസവും സ്വപ്നം കാണുന്ന മാവെലിനാടും സുകുമാരന്റെ വാക്കുകളിലൂടെ കേള്‍ക്കാം. എന്തായാലും കെ.പി.സുകുമാരന്‍ അഞ്ചരകണ്ടിയുടെ ഈ ശ്രമം സ്വാഗതാര്‍ഹം തന്നെ. മറ്റു ബ്ലോഗര്‍മാര്‍ക്കും ഇത് ശ്രമിക്കാവുന്നതെയുള്ളൂ. ഒരു പോസ്റ്റിലെ കേവലം അക്ഷരങ്ങളെക്കാള്‍ കൂടുതല്‍ ഹൃദയവും അടുപ്പവും എഴുത്തുകാരന്റെ വാക്കുകള്‍ക്കും ശബ്ദത്തിനുമുണ്ടാവും എന്നതിനാല്‍ കൂടുതല്‍ അവിസ്മരണീയ മുഹൂര്‍ത്തം നല്‍കാന്‍ ഈ വിഡീയോയ്ക്കാവുന്നു.എന്നിരുന്നാലും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കട്ടെ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു എന്ന് കരുതേണ്ട.. കൂടുതല്‍ മികച്ചതാക്കാന്‍ സഹായകരം ആവുമെന്നതിനാല്‍ പറഞ്ഞുകൊള്ളട്ടെ,

ക്യാമറയില്‍ നോക്കി തന്നെ വിഡിയോ ഷൂട്ട്‌ ചെയ്യാന്‍ ശ്രമിക്കുക.. കാരണം പ്രേക്ഷരുടെ കണ്ണില്‍ നോക്കി പറയുന്ന അനുഭവം ഉണ്ടാകുമെന്നതിനാല്‍ കൂടുതല്‍ ആസ്വാദ്യകരം ആവും. ഒപ്പം അവതാരകന്‍ ഒത്ത നടുക്ക് വരുന്ന രീതിയില്‍ ചിത്രീകരിച്ചാല്‍ വളരെ നന്നായിരിക്കും. മുറിയിലെ ഡീറ്റൈലിംഗ് അധികം വരാത്ത രീതിയില്‍ ഷൂട്ട്‌ ചെയ്‌താല്‍ കാഴ്ചക്കാരുടെ ശ്രദ്ധ മാറില്ല.. ഒപ്പം മോണിറ്ററിന്റെ റിഫ്ലെക്ഷന്‍ കണ്ണാടിയില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ണുകളുടെ ദൃശ്യം ചിലയിടത്ത് വ്യക്തമല്ലാതാവുന്നു. അതുപോലെ എഴുതുയത് വായിക്കുന്ന ഒരു തോന്നലും ഉണ്ടാവുന്നു.. മോണിറ്ററിന്റെ അടുത്തുനിന്നു മാറ്റി വച്ച് (ഭിത്തിയിലോ മറ്റു സ്റ്റാന്‍ഡിലോ മറ്റോ വെച്ച് ) ചെയ്‌താല്‍ ഈ പ്രശ്നം ഒഴിവാകും. അല്ലെങ്കില്‍ മോണിട്ടര്‍ മാത്രം ഒഴിവാക്കിയാലും ഈ പ്രശ്നം മാറ്റം .. ആദ്യം ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പേ പ്രിവ്യൂ നോക്കിയശേഷം മോണിട്ടര്‍ ഓഫ് ചെയ്താലും മതി.. മറ്റിടങ്ങളിലോട്ടുള്ള ഇടയ്ക്കിടെയുള്ള നോട്ടവും ഒഴിവാക്കുന്നത് നന്നായിരിക്കും..

എന്തായാലും വേറിട്ട ഈ ശ്രമത്തിനു ആശംസകള്‍..

218.വീണ്ടും കവികളുടെ വാലില്‍ തൂങ്ങുന്നു..

മലയാളത്തെ തമിഴിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ച എഴുത്തച്ഛനും ആധുനിക കവി കുട്ടപ്പന്‍ ചിതല്‍ത്തോണിയും പേനയുന്തിയതും ഉന്തുന്നതും കവിയതയെഴുതാനാണ്. ഗദ്യ രൂപത്തിലുള്ള അക്ഷരങ്ങളുടെ പറക്കിവെയ്ക്കലുകളും ഗദ്യത്തിലുള്ള വാക്കുകളുടെ ചിത്രരചനയും പദ്യമെഴുത്തും, വരിമുറിച്ചെഴുത്തും പദ്യങ്ങളും എല്ലാമെഴുതുന്നതും മാത്രമല്ല സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന മലയാണ്മയെ മാനഭംഗപ്പെടുത്തുന്നവര്‍വരെ ഇക്കൂത്തത്തിലുണ്ട്. സാഹിത്യത്തെ നശിപ്പിക്കാന്‍ പേരുദോഷം കേള്‍പ്പിക്കാന്‍ തന്റെ അശ്വമേധം നടത്തുന്നവര്‍, തന്റെ അശ്വത്തെ ആരെങ്കിലും തടുത്താല്‍ അവര്‍ക്കുനേരെ വാളെടുക്കുന്നവര്‍.

ചില കവിതാ രചനകളെ ഒന്ന് നോക്കാം, അല്ലെങ്കില്‍ കവിതയുടെ (സാഹിത്യ സഗ്ഗാത്മകതയ്ക്ക് വിളക്ക് തെളിച്ച അസുലഭവും അവര്‍ണ്ണനീയവുമായ മഹത് മുഹൂര്‍ത്തത്തെ എന്ന് അപഗ്രഥിക്കാം). രചനയ്ക്ക് വഴിവെച്ച കാരണം ഒന്ന് നോക്കാം.

സുപ്രഭാതത്തില്‍ ശോധനയുടെ സമയമെറിയപ്പോള്‍ (മലബന്ധം വന്നപ്പോള്‍) കിട്ടിയ കൂടുതല്‍ സമയം എന്തുചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ (അല്ല എന്ത് ചെയ്യാന്‍..!!) വായിലും മനസ്സിലും വന്ന വാക്കുകളും വാചകങ്ങളും ടിഷ്യൂ പേപ്പറില്‍ കുറിച്ച് പിന്നീട് കംപ്യൂട്ടറിലും അല്ലെങ്കില്‍ പേപ്പറിലും കുറിച്ച് വെയ്ക്കുന്നവര്‍ അതിനെ കവിത എന്നാ പേരില്‍ വിളിക്കുമ്പോള്‍ ഒരു കക്കൂസ് കവിതയില്‍ പുനര്‍ജ്ജനിക്കുന്നു.. ഇതിനെ കഥയെന്നോ, നിരൂപണമെന്നോ വിളിക്കാന്‍ കഴിയാത്തതുകൊണ്ടും കവിതയെന്നു വിളിച്ചാല്‍ ഒട്ടുമിക്ക മനുഷ്യരും പ്രതിഷേധിക്കില്ല എന്നറിയാം എന്നതുകൊണ്ടും കവിതയെന്നു വിളിക്കുന്നു...

ചിലരാവട്ടെ തങ്ങളുടെ മനസ്സില്‍ രൂപം കൊള്ളുന്ന ആശയത്തെ വിവരിക്കാനോ അവതരിപ്പിക്കാനോ വാക്കുകള്‍ വാരി വിതറുന്നു. പലപ്പോഴും ആശയത്തെ അതേപോലെ അവതരിപ്പിക്കാനാത്ത ഗതികേടില്‍ ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ പദ സമ്പത്തത്തിന്റെ അഭാവത്തില്‍ എന്തൊക്കെയോ ആയി മാറുന്നു.. അതിനെയും കവിതയെന്ന ഓമനപ്പേരില്‍ വിളിക്കുന്നു.. അങ്ങനെ പല ഹൃദ്യവും ദാരുണവുമായ സന്ദര്‍ഭങ്ങളില്‍ കവിത രൂപം കൊള്ളുന്നു...

പക്ഷെ അതുപോലെ ആശയവും എഴുത്തും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കവിതകളും കാണാം.. ചിലപ്പോഴാകട്ടെ വളരെ ചെറിയ ഒരു ആശയത്തെ വിവരിക്കാന്‍ വാരിവലിച്ചു കസര്‍ത്തുന്നത് കണ്ടാല്‍ ഭയന്നുപോകും..

വായില്ലാക്കുന്നിലപ്പന്‍ വാ തുറക്കുന്നു,
ബുദ്ധന്‍ വാളെടുക്കുന്നു..
ബിംബിസാരന്റെ അജം ചത്തുവീഴുന്നു...


ഒരിക്കലും മിണ്ടാത്ത വായില്ലാക്കുന്നിലപ്പനും (നമ്മുടെ പറയി പെറ്റ പന്തീരു കുലത്തിലെ കക്ഷി തന്നെ... ) വാ തുറക്കുവാന്‍ എന്തുപറ്റി എന്നുള്ള ചോദ്യം വരുമ്പോള്‍ അഹിംസാവാദിയായ ബുദ്ധന്‍ വാളെടുക്കുന്ന സന്ദര്‍ഭവും ഉണ്ടായോ എന്ന് സംശയിക്കുന്ന അടുത്ത വരി വരും.. അതുകഴിഞ്ഞപ്പോള്‍ ബിംബിസാരന്റെ അജം (ബിംബിസാരന്‍ ആട് വളര്‍ത്തുകാരന്‍ ആണോ എന്ന് ചോദിക്കരുത്. മഗധ ചക്രവര്‍ത്തിയായിരുന്ന ബിംബിസാരന്‍ നടത്തിയ അജബലിയാണോ അന്ന് മനസ്സിലാക്കണമെങ്കില്‍ ചരിത്രവും പഠിക്കേണ്ടി വരും..) അതുപോലെ "മഹാലക്ഷ്മി ചൂലെടുക്കുന്നു" എന്നൊക്കെ കവി എഴുതിയെന്നും വരും. അക്ഷരങ്ങളുടെ വാരി നിരത്തലുകളില്‍ കവിതയെഴുതാം..

മുട്ടിന്റെ മുകളിലുള്ള തുട
അതിന്റെ നനുനനുത്ത രോമങ്ങള്‍
രോമനിവരണ ക്രീമുകളാല്‍
കൊഴുമുട്ട കണക്കെ മിനുമിനുപ്പിക്കുന്ന
തുട
അത് നിന്റെ തുട...


ഇത് കവിതയോ വിവരദോഷമോ, അതോ ശുദ്ധ ദോഷമോ... തുടയിലെ രോമത്തെ കളഞ്ഞു മിനുക്കുന്നതിലും കവിത കണ്ടെത്തിയിരിക്കുന്നു... എന്തിനെ കുറിച്ച് കവിതയെഴുതണം എന്നില്ല. നിബന്ധനയുമില്ല... വിവരദോഷത്തിനു വിളക്കുകത്തിച്ചു ആരാധന തുടങ്ങിയലെന്തുചെയ്യും എന്നതാണ് അടുത്ത ചോദ്യം..
അടുത്ത പ്രധാന വിമര്‍ശനവും ആരോപണവും, ചൊല്ലുകവിതയിലെ കവിതമരിക്കുന്നുവെന്നാണ്... കവിത മനോഹരമായി ചെല്ലുന്നത് ഒരു കഴിവാണ്.. കഥ മനോഹരമായി കഥിക്കുന്നതും കവിത ചൊല്ലുന്നതും ഒരു ദൈവീകാനുഗ്രഹം/സിദ്ധി യുള്ളവര്‍ക്ക് മാത്രം കഴിയുന്നതാണ്.. അതിനെ വിമര്‍ശിക്കുന്നവര്‍ പലരും വൃത്തികെട്ട ശബ്ദത്തിന്റെ ഉടമകളോ അല്ലെങ്കില്‍ മനോഹരമായി കവിത ചൊല്ലാനോ കഴിവില്ലാത്തവരും അല്ലെങ്കില്‍ ആര്‍ക്കും മനോഹരമായി കവിതചൊല്ലാന്‍ കഴിയാത്ത രീതിയില്‍ എഴുതുന്നവരോ ആയിരിക്കും.. കവികളുടെ ശബ്ദം ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌ പോലെ ആവണം എന്നില്ല. തന്റേതായ ശൈലിയില്‍ കവിത ചെല്ലുന്നത് പിന്നീട് സ്വീകാര്യമായിക്കൊള്ളും.. മുരുകന്‍ കാട്ടാക്കട, അനില്‍ പനച്ചൂരാന്‍, കടമ്മനിട്ട, മധുസൂദനന്‍ നായര്‍ വരെ ഈ കാറ്റഗറിയില്‍ പെട്ടവരാണ്.

വളരെ മനോഹരമായി കവിത ആലപിച്ചു കവി സദസ്സുകളിലും കവിയരങ്ങുകളിലും തങ്ങളുടെ പ്രഭാവം തെളിയിച്ചവര്‍.. ഒരുപക്ഷെ ഇവരുടെയൊക്കെ പരിശ്രമാഫലം കൊണ്ടാവും ഇന്ന് കവിതകളുടെ സി.ഡി.യും കാസറ്റുകളും വിറ്റുപോവുന്നതും കൂടുതല്‍ ആളുകള്‍ കവിതകള്‍ കേള്‍ക്കുന്നതും.. ചോല്ലുകവിതകള്‍ എല്ലാം മേല്‍ത്തരം എന്നാവണം എന്നില്ല എങ്കിലും കവിയുടെ ഭാവം സ്വരം വികാരം എല്ലാം കവിതയില്‍ തെളിഞ്ഞു നില്‍ക്കുമെന്നും ഒരു ഗുണമുണ്ട്.. ഒരുപക്ഷെ അതുകൊണ്ട് തന്നെ കവിത വായനയെക്കാള്‍ കൂടുതല്‍ ഹൃദ്യം ആവുമെന്നും അഭിപ്രായമുണ്ട്..
ബ്ലോഗിലും കവിതകള്‍ എഴുതുന്നവര്‍ തങ്ങളുടെ ശബ്ദത്തില്‍ ആലപിച്ചാല്‍ കൂടുതല്‍ കവിതകള്‍ സ്വീകാര്യമായി കൊള്ളും എന്ന് തോന്നുന്നു..

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത
കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ട് എന്നും
" എന്നകവിത കവിത കവിയുടെ സ്വരത്തില്‍ കേട്ടപ്പോള്‍ സ്റ്റീരിയോ അടിച്ചു പൊളിച്ചാലോ എന്ന് ആലോചിട്ടുണ്ട്. എന്നാല്‍ പിന്നീട് സിനിമയില്‍ കേട്ടപ്പോള്‍ മനോഹരമായി ആലപിക്കുന്നത് കേട്ടപ്പോള്‍ കൂടുതല്‍ ആസ്വദിക്കാനായി എന്നത് വേറെ കാര്യം. എന്നാലും ആ കവിയുടെ ആലാപനത്തില്‍ കൂടുതല്‍ വികാരം ഉള്‍ക്കൊണ്ടിരുന്നത് സത്യമാണ്.. ആ ഉള്‍പ്പെടല്‍ സിനിമയില്‍ ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട്..
എന്തായാലും വായനയുടെ സമയം കുറഞ്ഞതും സ്പീക്കിംഗ് ബുക്കുകളുടെ അതിപ്രസരവും ഇനി കവിതകളും സ്പീക്കിംഗ് ബുക്കുകളെ പോലെ ചൊല്ലു കവിതയുടെ കാലമാണോ വരുന്നതെന്ന് സംശയിക്കേണ്ടി വരുന്നു.. വിമര്‍ശനങ്ങളും വിവാദങ്ങളും കൂടുതല്‍ വരുമ്പോള്‍ കൂടുതല്‍ കവിതകളും വരും... അതുകൊണ്ട് വിവാദങ്ങളും വിമര്‍ശനങ്ങളും കവികളുടെ മണ്ടയടപ്പിക്കുകയല്ല കവിതയെ വളര്‍ത്തുകയാണെന്ന് വേണം പറയാന്‍..

Thursday, February 11, 2010

217.ബൂലോകത്തിന്റെ വെടി പൊട്ടിയോ..

മലയാളം സിനിമയെപ്പോലെ മലയാളം ബൂലോകവും മാന്ദ്യം നേരിടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അര്‍ത്ഥ സമ്പുഷ്ടമായ പോസ്റ്റുകളും പ്രതീക്ഷാ ജനകമായാ പുതിയ ബ്ലോഗെഴുത്തുകാരും പുതുതായി വരുന്നുണ്ടോ എന്നും സംശയമാണ്. സഹസ്രത്തിന്റെ പോലും കണക്കുകള്‍ പറഞ്ഞിരുന്ന കമന്റു ഭരണികള്‍ ചിലയിടത്ത് ഒഴിഞ്ഞ പാത്രങ്ങള്‍ പോലെയായിരിക്കുന്നു. മുടിചൂടാ മന്നന്മാരായിരുന്ന വിശാലനും കുറുമാനുമൊക്കെ ജീവനോടെയുണ്ടെന്നു തന്നെ അറിയുന്നത് അവരുടെ ഓര്‍ക്കുട്ട് അക്കൌണ്ടില്‍ നിന്നും ചിലര്‍ക്ക് സ്ക്രാപ്പുകള്‍ പോകുന്നത് കാണുമ്പോഴാണ്.. ചില പുതുമുഖ ബ്ലോഗേഴുത്തുകാരാകട്ടെ തങ്ങളുടെ വരവറിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലൂടെ അല്‍പ്പം ചലനങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. വര്‍ഷകാലത്ത് കുത്തൊഴുക്കുള്ള നിളാ നദിയുടെ വേനല്‍ക്കാലത്തെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ബ്ലോഗുകള്‍ക്കും.

കൃഷ്ണ തൃഷ്ണ, ഉമേഷ്‌, വി.എം. ചിത്രകാരന്‍ തുടങ്ങിയവര്‍ പോലും ഇപ്പോള്‍ അധികം എഴുതുന്നത്‌ കാണുന്നില്ല. പലപ്പോഴും വിവാദങ്ങള്‍ ഉണ്ടാക്കുമായിരുന്ന കവികളും കവിതാ നിരൂപകന്മാരും തിരക്കൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ ആളൊഴിഞ്ഞു കിടക്കുന്നു. വിവാദങ്ങളോ വാര്‍ത്തകളോ ആകര്‍ഷകങ്ങളോ ഉദ്വേഗം ജനിപ്പിക്കുന്നതോ ആയ ഒരു ബ്ലോഗ്‌ വിശേഷങ്ങളും ഇന്നില്ലെന്നു പറയേണ്ടി വരും.. ആശയപരമായ ദാരിദ്ര്യമാണോ എന്ന് ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുമെങ്കിലും മിക്കവര്‍ക്കും തങ്ങളെ ബ്ലോഗിലേക്ക് പിടിച്ചു നില്‍പ്പിക്കുന്ന എന്തോ "ഒരിത്" ഇപ്പോള്‍ ഇല്ലെന്നോ അല്ലെങ്കില്‍ വളരെ കുറവെന്നോ പറയുകയാവും സത്യം. ചില ചലനങ്ങള്‍ ചിലയിടത്തൊക്കെ ഉണ്ടെങ്കിലും പൊതുവേ പാമ്പ് ചത്ത പാമ്പാട്ടിയുടെ അവസ്ഥ തന്നെയാണ് ഇപ്പോള്‍ മലയാളം ബ്ലോഗില്‍.

മലയാളത്തില്‍ അയ്യായിരം പോസ്റ്റിട്ടിട്ടു ചെയ്ത പാപങ്ങള്‍ക്ക്‌ തിരുപ്പതിയില്‍ പോയി മുടി മുണ്ഡനം ചെയ്യാമെന്ന് നേര്‍ച്ചയുള്ളതുകൊണ്ട് ബ്ലോഗിലെ തലതെറിച്ച രാജകുമാരന്‍ ബെര്‍ളിതോമസ്‌ മാത്രം നിരന്തരം തന്റെ പോസ്റ്റുകള്‍ ബ്ലോഗില്‍ ചാര്‍ത്തി മുന്നോട്ടു പോകുന്നു. മറുമൊഴിയും ബ്ലോഗ്‌സ്പോട്ടും ഇല്ലെങ്കിലും അനസ്യൂതം തന്റെ എഴുത്തുമായി മുന്നോട്ടു പോകുന്നതുകൊണ്ട്‌ ബൂലോകം മരിച്ചുവെന്നു തോന്നില്ല. ബ്ലോഗന്‍, ബ്ലോഗിനി, ബ്ലോഗുണ്ട, തുടങ്ങിയ വാക്കുകള്‍ സമ്മാനിച്ച ചില എഴുത്തുകാര്‍ പോലും ഇപ്പോള്‍ അധികം എഴുതുന്നത്‌ കാണാറില്ല. റബ്ബറിന്റെ പട്ട മരവിപ്പ് പോലെ മസ്തിഷ്കത്തിന് എഴുത്ത് അല്ലെങ്കില്‍ സാഹിത്യ ചുരത്തിനു മരവിപ്പ് സംഭവിച്ചോ എന്ന് തോന്നിപ്പിക്കുന്നു.. നട്ടപിരാന്തന്‍ അടുത്തിടെ ഒരു സൈറ്റ് തുടങ്ങിയെങ്കിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചോ എന്ന് പറയാന്‍ വയ്യാ.. ചെറുപ്പക്കാരുടെ വികാരമായിരുന്ന പൊങ്ങുംമൂടനാവട്ടെ ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നുപോലും അറിയില്ല.

ചിലപ്പോഴൊക്കെ തോന്നാറുണ്ട്, തെറി വിളികളും പാരവെപ്പും ഒരുപരിധിവരെ ആളുകളെ ബ്ലോഗില്‍ നിന്നും അകറ്റി നിര്‍ത്തിയെന്ന് ചിന്തിചിരുന്നെങ്കിലും അതിന്റെ ഗുണ ദോഷ പ്രതികരണങ്ങള്‍ കാണാനെങ്കിലും ഉണ്ടായിരുന്ന തിരക്കുകള്‍ ഇപ്പോള്‍ ഇല്ലെന്നതാണ് സത്യം. അങ്ങനെയെങ്കില്‍ തെറിവിളികളും വിവാദങ്ങളും തിരികെയെത്തി വീണ്ടും ആളുകള്‍ സജീവമായിരിക്കുമെങ്കില്‍ അങ്ങനെ ഒരു സാധ്യതയും തള്ളിക്കളയേണ്ട... അനാവശ്യ ഹോര്‍മോണ്‍ കുത്തിവെച്ചു ആവശ്യത്തിലധികം വളര്‍ന്ന കുട്ടി പിന്നീട് വളര്‍ച്ച മുരടിച്ച മട്ടില്‍ നില്‍ക്കുമ്പോള്‍ തോന്നുന്ന വിഷമം ഇപ്പോള്‍ തോന്നുന്നു.. ചിലരൊക്കെ പുസ്തകങ്ങള്‍ അച്ചടിച്ചതോടെ സജീവ എഴുത്തില്‍ നിന്നും ഒരു വിരക്തി വന്നതുപോലെ മാറി നില്‍ക്കുന്നു.
ഒരുപക്ഷെ മുന്‍തലമുറക്കാര്‍ മാറി നില്‍ക്കുന്നതുകൊണ്ട് തന്നെ സത്യസന്ധമായി പുതിയ എഴുത്തുകാരെ വിമര്‍ശിക്കാനും പ്രോത്സാഹിപ്പിക്കാനും ആരുമില്ല.. പരസ്പരം സുഖിപ്പിച്ചും കേമം എന്നുമാത്രം പറഞ്ഞും ചില പുതുമുഖങ്ങള്‍ കമന്റുകള്‍ ഇടുമ്പോള്‍ എഴുത്തുകാരന് തിരുത്താനുള്ള വെദി പോലും കിട്ടുന്നില്ല... ആശയ ദാരിദ്ര്യത്താല്‍ ഉഴറുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് വീണു കിട്ടുന്ന ചാകരകള്‍ ആവുന്നു ഇപ്പോള്‍ മിക്ക സെലിബ്രിറ്റികളുടെയും മരണങ്ങള്‍. മരിച്ചു നിര്‍ജ്ജീവമായി കിടക്കുന്ന ബ്ലോഗുകളില്‍ മരിക്കുന്ന താരത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റുകളുമായി വരുന്നത് കാണുമ്പോള്‍ സത്യത്തില്‍ ആ ബ്ലോഗര്‍ സ്വന്തം ബ്ലോഗിനാണ് ചരമക്കുറിപ്പ് എഴുതേണ്ടത് എന്ന് തോന്നിപ്പോകാറുണ്ട്..
ലോഹിതദാസ്, കൊച്ചിന്‍ ഹനീഫ തുടങ്ങി ഇപ്പോള്‍ ഗിരീഷ്‌ പുത്തന്‍ ചേരി മുതലുള്ളവരുടെ മരണം ഇത്തരം ചരമക്കുറിപ്പ്‌ ബ്ലോഗര്‍മാര്‍ക്ക് ഒരു കച്ചിത്തുരുമ്പു ആണ്. പോസ്റ്റ്‌ വായിക്കാതെ കസറി അളിയാ എന്ന് മാത്രം കമന്റ് ഇടാതിരുന്നാല്‍ മതിയായിരുന്നു...

നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ബ്ലോഗുകള്‍, മരവിപ്പ് ബാധിച്ച എഴുത്തുകാര്‍ ഇതെല്ലാം പുതിയ ഊര്‍ജ്ജം വീണ്ടെടുത്ത്‌ സജീവമായില്ലെങ്കില്‍ പനപോലെ വളരെപ്പെട്ടെന്നു വളര്‍ന്ന മലയാളം ബ്ലോഗ്‌ അല്പായുസ്സായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോകാന്‍ അധികം കാലം വേണ്ടി വരില്ല.

ഓഫ് : പുതിയ എഴുത്തുകാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്.. വലിയ എഴുത്തുകാര്‍ക്ക് സമയമില്ലാത്തതു കൊണ്ടും എഴുതാത്തത് കൊണ്ടും താരതമ്യേന പോസ്റ്റുകള്‍ അധികം വരാത്തതിനാല്‍ പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടുന്നു...

Wednesday, February 10, 2010

216.മാധ്യമ മരങ്ങോടന്‍മാര്‍.

തെറി കൂട്ടിയ തലക്കെട്ടാണ് ഇടേണ്ടിയിരുന്നത്. കുറഞ്ഞപക്ഷം അവരെക്കാള്‍ ചെറിയ കൂതറ ആയതുകൊണ്ടാവും മനസ്സുവന്നില്ല. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വാര്‍ത്ത സൃഷ്ടിക്കുവാന്‍ വേണ്ടി നടത്തുന്ന കൂതറ ശ്രമങ്ങള്‍ സാധാരണ പോസ്റ്റുകള്‍ക്ക് ആധാരം പോലുമാക്കേണ്ട ആവശ്യമില്ല. വായനക്കരെല്ലാം അതിന്റെ സാക്ഷികള്‍ ആണുതാനും.

അടുത്തിടെ എഴുതി പോസ്റ്റ്‌ ചെയ്യാതെ ഡിലീറ്റ് ചെയ്തെങ്കിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു ഇന്റര്‍വ്യൂ കണ്ടതോടെ വീണ്ടും എഴുതി പോസ്റ്റ്‌ ചെയ്യുന്നുവെന്നു മാത്രം. ഒരു അപക്വ വിവരദോഷി മാര്‍ത്തോമ സഭയുടെ ആദരണീയനായ ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം മാര്‍ തോമ സീനിയര്‍ മേത്രോപോലിത്തയുമായി നടത്തിയ അഭിമുഖമാണീ പോസ്റ്റിന്റെ പ്രധാന വിഷയം.

അരനൂറ്റാണ്ടിലേറെക്കാലം സമുന്നതമായ പദവി വഹിച്ചിരുന്ന തിരുമേനി ഇതര സഭയില്‍ നിന്നുമാത്രമല്ല മറ്റു മതത്തില്‍ നിന്നുപോലും നിരവധി പേര്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവാണ്. ഒപ്പം അതീവ നര്‍മ്മരസം ഉള്ളവനും വാക്കുകളിലൂടെ ജനലക്ഷങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്നവനും. ശ്രീ ശ്രീ രവി ശങ്കറെയും മാതാ അമൃതാനന്ദമയിയെയും നേരിട്ട് കണ്ട തിരുമേനി എല്ലാവരിലും ക്രിസ്തുവിന്റെ ചൈതന്യം കാണുന്നവനും എല്ലാ മതത്തില്‍പ്പെട്ടവരോടും ഒരുപോലെ സംവദിക്കുന്നവനും ഒപ്പം മത സൌഹാര്‍ദ്ധതിനു മറ്റൊരു ക്രൈസ്തവ സഭയിലും ഇതേപോലെ ഒരു ഉദാഹരണം കാണിക്കാന്‍ പോലുമില്ലാത്ത ഒരു മഹത് വ്യക്തിയുമാണ്..

തിരുമേനിയോട് ഇന്റര്‍വ്യൂ ചെയ്ത വങ്കന്‍, തിരുമേനിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ തീരെ അപക്വമാണെന്ന് മാത്രമല്ല വിഡ്ഢിത്തതിന്റെ മകുടോദാഹരണങ്ങള്‍ കൂടിയാണ്. തിരുമേനി ആയിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു? വിവാഹം കഴിക്കാഞ്ഞതിനു വിഷമം തോന്നിയിട്ടുണ്ടോ...?ഉത്തരവാദിത്തത്തില്‍ നിന്നും ടെന്‍ഷനില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടിയായിരുന്നോ വിവാഹം ഒഴിവാക്കിയത്? അച്ചുതാനന്ദനെ ആണോ പിണറായിയെ ആണോ കൂടുതല്‍ ഇഷ്ടം തുടങ്ങി മരിക്കാന്‍ ഇഷ്ടമാണോ എന്നുപോലും ഈ വങ്കന്‍ ചോദിക്കുന്നുണ്ട്. അടുത്തു വരുന്ന ആള്‍ക്കാരെ എല്ലാവരെയും പ്രേമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ തിരുമേനി അടുത്തിടെ തന്റെ അടുത്തു സഹായം അഭ്യര്‍ഥിച്ചു വന്ന സ്ത്രീയെ കയറി പ്രേമിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ ഇളിഭ്യനായ ചോദ്യകര്‍ത്താവിനോട് സത്യത്തില്‍ പുച്ഛം മാത്രമണ്‌ തോന്നിയത്.. ഇത്തരം വന്ദ്യവയോധികനായ ഒരു ആത്മീയാചാര്യനോട് എന്ത് ചോദിക്കണമെന്ന് പോലും അറിയാത്ത ഒരുവനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വിട്ട ചാനല്‍ നടത്തിപ്പുകാരോട് അറപ്പ് തോന്നുക മാത്രമല്ല അവരുടെ സമനിലയില്‍ സംശയം പോലും തോന്നുന്നു..

ഇത് ഒരു ചാനലില്‍ മാത്രം നടക്കുന്ന കാര്യമില്ല. വയനാട് ശ്രേയംസ് കുമാറിന്റെ ഭൂമി കൈയേറിയവരെ പോലീസ് നേരിട്ട വിഷയത്തെ പറ്റി വയനാട് സി.പി.എം. ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍ നടത്തിയ സംസാരത്തെ പിന്നീട് ഇന്ത്യാവിഷന്റെ നികേഷ് കുമാര്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി കളക്ടറോടും ശശീന്ദ്രനോടും നടത്തിയ ചോദ്യങ്ങള്‍ കേട്ടാല്‍ തന്നെ വാര്‍ത്ത ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം കാണാം. ശശീന്ദ്രന്‍ തന്റെ നിലപാടും താന്‍ സംസാരിച്ചതും പലതവണ പറഞ്ഞിട്ടും വീണ്ടും കുത്തി കുത്തി നിര്‍ബന്ധിച്ചു ഓരോന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ ശശീന്ദ്രനെ ശര്‍ദ്ധിപ്പിച്ചു വാര്‍ത്ത വിവാദമാക്കാന്‍ ശ്രമിക്കുന്നതിന്റെ കാഴ്ച്ചകാണം.. പക്ഷെ നികേഷ് കുമാര്‍ കുട്ടിനിക്കറും ബനിയനും ഇട്ടു ഓലപ്പീപ്പി ഊതി നടക്കുന്ന കാലത്തിനുമുമ്പേ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പക്വതയുള്ള ശശീന്ദ്രന്‍ തന്ത്രപൂര്‍വ്വം തന്നെ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും ഫ്ലാഷ് ന്യൂസ് ഉണ്ടാക്കാനുള്ള വ്യഗ്രത ഇവിടെ കാണാം.. കാഴ്ച്ചക്കാരോടുള്ള പ്രതിബദ്ധതയല്ല ഇവിടെ കേവലം ചാനലിന്റെ ടി.ആര്‍.പി. റേറ്റിംഗ് ആണ് പ്രധാനം.. ഇടയ്ക്കിടെ നികേഷ് കുമാര്‍ ഒരു കോണ്‍ഗ്രസ് കൂടാരത്തിലെ സി.എം.പിയുടെ നാക്കായാണോ സംസാരിക്കുന്നതെന്നുപോലും കാഴ്ചക്കാര്‍ക്ക് തോന്നി..

ഇതേപോലെ ഭാര്യ വീട്ടിലില്ലാത്തപ്പോള്‍ തമിഴത്തി വേലക്കാരിയെ കയറി പിടിക്കുമോ എന്നുള്ള വിഡ്ഢി ചോദ്യത്തിന് മറുപടി പറഞ്ഞ സിനിമാതാരം ജയറാം ഇപ്പോള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നാമെല്ലാവര്‍ക്കും അറിയാവുന്നതാണ്.. ചോദിക്കുന്നവന്‍ വിവരദോഷിയാണെന്ന ഓര്‍മ്മയില്ലാതെ മറുപടി കൊടുത്ത ജയറാമിന് പറ്റിയ നഷ്ടങ്ങള്‍ വലുതാണ്.. എന്നാല്‍ ആ നഷ്ടങ്ങള്‍ ചാനലിനു വാര്‍ത്തയാണെന്നത് കൊണ്ട് തന്നെ ചാനലിനു പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ആടുകളെ കൂട്ടിയടിപ്പിച്ചു രക്തം കുടിക്കുന്ന കുറുനരിയുടെ റോളാണ് ഇപ്പോള്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും..

പണ്ടൊക്കെ ഒരുചാനലില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം വാര്‍ത്തകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഇരുപത്തി നാലുമണിക്കൂര്‍ ചാനല്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ വാര്‍ത്തകള്‍ കൃതൃമമായി ഉണ്ടാക്കേണ്ട ഗതികെടിലെത്തി.. ആവശ്യമില്ലാത്ത ചോദ്യങ്ങളും വിവാദം ഉണ്ടാക്കേണ്ട രീതിയിലുള്ള ഇന്റെര്‍വ്യൂകളും സാധാരണയായി.. ഒപ്പം ചാനലുകള്‍ വിളിച്ചാല്‍ കാലത്തെതന്നെ ചാനലുകളുടെ വരാന്തയില്‍ കാത്തുകെട്ടി കിടന്നു വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട നേതാക്കളും നമുക്കുണ്ടായി. എങ്ങനെയെങ്കിലും തങ്ങളുടെ ചീര്‍ത്ത മുഖങ്ങള്‍ ടി.വി.യില്‍ കാണിക്കാന്‍ വെമ്പുന്ന ഈ രാഷ്ട്രീയക്കാരും ഈ ചാനലുകളുടെ ഇരകള്‍ തന്നെ.. കുറഞ്ഞപക്ഷം ഇത്തരം വിഡ്ഢി ചോദ്യകര്‍ത്താക്കളെയും വിവര ദോഷങ്ങളെയും നമ്മള്‍ തന്നെ തള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..

Saturday, February 6, 2010

215.അങ്ങനെ ഒരു ഭാഷ മരിച്ചു.

അങ്ങനെ ഒരു ഭാഷകൂടി കാലയവനികയില്‍ മറഞ്ഞുപോയി. ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധിയായ ഭാഷയെന്നത് ആശയ വിനിമയത്തിനുള്ള ഒരു കൂട്ടം സൂചകങ്ങള്‍ ആണ്. കാലാകാലങ്ങളായി രൂപപ്പെട്ടതും മാറ്റങ്ങള്‍ക്കു വിധേയമായതുമായ ഭാഷകള്‍ പലപ്പോഴും മറ്റു പല ഭാഷകളുടെ കടന്നുകയറ്റവും ആധുനിക തലമുറകളുടെ താല്പര്യകുറവും മൂലം അകാല ചരമം പ്രാപിക്കാറുണ്ട്. ആംഗലേയ ഭാഷയും വിദേശഭാഷകളും ആര്‍ത്തിയോടെ സ്വീകരിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രശ്നവും ഇതുതന്നെ.

ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷകളുടെ കഥയും ഏതാണ്ട് ഇതുപോലെ തന്നെയാണ്.തെക്കന്‍ , മധ്യ പ്രവിശ്യകളില്‍ സംസാരിച്ചിരുന്ന ആറോളം ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷകള്‍ ഇതിനോടകം തന്നെ ചരമ മടഞ്ഞു കഴിഞ്ഞു. ഇന്ന് ആ ഭാഷകള്‍ സംസാരിക്കുന്നവര്‍ ആരും ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല. എന്നാല്‍ അധികം പരിഷ്കാരം കടന്നു ചെല്ലാത്ത വടക്കന്‍ പ്രവിശ്യയിലാവട്ടെ നാല് ഭാഷകള്‍ ഉണ്ടായിരുന്നത് രണ്ടെണ്ണം ചരമമടഞ്ഞു കഴിഞ്ഞു.. മറ്റൊരു ഭാഷയായ അകാ ജെറു വാകട്ടെ സംസാരിക്കുന്നവര്‍ ഇന്ന് കേവലം നാല്പതില്‍ താഴെമാത്രം.. മറ്റൊരു ഭാഷയായ അകാ ബോ സംസാരിച്ചിരുന്ന ഏക വ്യക്തി ഇന്ന് മരണമടഞ്ഞു..അതോടെ ഒരു ഭാഷ കൂടി കാലയവനകയില്‍ മറഞ്ഞു. പതിനായിരം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ഗ്രേറ്റ് ആന്‍ഡമാനീസ് ഭാഷയിലെ അകാ ബോ ഭാഷ സംസാരിച്ചിരുന്ന അകാ ബോ മുത്തശ്ശി ഇന്നുമരണപ്പെട്ടതോടെ മറ്റൊരു യുഗം കൂടി കഴിഞ്ഞു.ബോ മുത്തശിയ്ക്ക് എണ്‍പത്തി ആറ് വയസായിരുന്നു.

മംഗ്ലോയിഡ് ആഫ്രിക്കന്‍ വംശജര്‍ വരെ വസിക്കുന്ന ആന്‍ഡമാനില്‍ ബ്രിട്ടീഷ് ഭരണത്തും പിന്നീടും നടന്ന മാറ്റങ്ങളും മറ്റു ഗോത്ര പ്രശ്നങ്ങളും ഗോത്രങ്ങളുടെ അടിത്തറ തകര്‍ത്തു. അമിത മദ്യപാനവും മറ്റൊരു കാരണം തന്നെ. തലമുറകള്‍ മാറി വന്നതോടുകൂടി ഭാഷകളുടെ നട്ടെല്ല് തകര്‍ത്തു. ഏതായാലും ഹിന്ദി ഒരു ക്യാന്‍സര്‍ പോലെ പടര്‍ന്നിട്ടുണ്ടെങ്കിലും ദ്രാവിഡ ഭാഷകളും ആന്‍ഡമാനില്‍ സംസാരിക്കുന്നുണ്ട്.. തനതായ സംസ്കാരവും ഭാഷയും ഇല്ലാതാവുന്നതോടുകൂടി ഒരു യുഗത്തിനു അന്ത്യം കുറിക്കുകയാണ്.

പലപ്പോഴും മറ്റുഭാഷകളുടെയും സംസ്കാരത്തിന്റെയും അധിനിവേശം നമ്മുടെ ഭാഷകളുടെയും സംസ്കാരത്തിന്റെയും അസ്ഥിവാരം തകര്‍ക്കുകയാണ്.. നമ്മുടെ തനതായ സംസ്കാരത്തിന്റെയും മാതൃഭാഷയുടെയും ഭാവി സംരക്ഷിക്കുക നമ്മുടെ കടമയെന്നു നാം തിരിച്ചറിരുന്നെങ്കില്‍.