തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, October 30, 2011

312. എല്ലാം സഹിക്കേണ്ടി വരുന്ന നമ്മള്‍

ഈ പോസ്റ്റ്‌ എഴുതണോ എന്ന് നൂറു തവണയെങ്കിലും ചിന്തിച്ചു. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും. എങ്കില്‍ ആ നാറ്റം സഹിച്ചിട്ടെങ്കിലും ഇയാള്‍ തൂറിയ കാര്യം ആളുകളെ അറിയിക്കണ്ടെ.. അല്ലെങ്കില്‍ വീണ്ടും വീണ്ടും ഇവരെ ചുമക്കുന്നവരെ നാറില്ലേ..

കേരളം ഭ്രാന്താലയം എന്ന് പണ്ടേ വിവരമുള്ളവര്‍ പറഞ്ഞതാണ്. അതില്‍ പുതുമയില്ലെന്നു മാത്രമല്ല അക്ഷരം പ്രതി ശരിയാണെന്ന് എന്നും ഓരോ മലയാളികളും അവരെ ഭരിക്കുന്നവരും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ആര്‍ക്കാണ് കൂടുതല്‍ ഭ്രാന്ത് എന്ത് മാത്രമേ ഇനി സംശയമുള്ളു. " ഞരമ്പ് രോഗി " വിവാദം ഏറെക്കുറെ കെട്ടടങ്ങുന്നതിനു മുമ്പേ തന്നെ ഈ വിവാദങ്ങള്‍ നമ്മെയൊക്കെ ഭരിക്കാന്‍ നാം തന്നെ ചുമതലപ്പെടുത്തിയവര്‍ ചെയ്യുന്നതാണെന്ന് ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും. നിഘണ്ടുവില്‍ ഇല്ലാത്ത വാക്കല്ല ഇതൊന്നും എന്നാല്‍ നിഘണ്ടുവിനു തന്നെ പുനര്‍വ്യാഖ്യാനം ചെയ്യുന്നവരും കുറവല്ല. സംസാര , സംസ്കാര സ്വാതന്ത്ര്യം ഏറെയുള്ള നാടാണ് നമ്മുടേത്‌. അതിന്റെ ഏറ്റവും വലിയ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരുടെയും നാടാണ് നമ്മുടേത്‌.. വളര്‍ന്നുവരുന്ന കുട്ടികള്‍ ടിവി , റേഡിയോ , പത്ര മാധ്യമങ്ങളില്‍ കൂടി ഇതെല്ലാം കേട്ട് വളര്‍ന്നാല്‍ പിന്നീട് കുട്ടികളുടെ ഭാഷാശുദ്ധി വികലം ആകുമെന്ന് മാത്രമല്ല അസഭ്യ പൂര്‍ണ്ണവും ആയിരിക്കും.

തന്തയില്ലാത്തവന്‍ എന്നര്‍ത്ഥം വരുന്ന അല്ലങ്കില്‍ താതരാഹിത്യമുള്ളവന്‍ എന്നാ പിതൃശൂന്യന്‍, വൃത്തികെട്ടവന്‍ എന്നര്‍ത്ഥം വരുന്ന നികൃഷ്ട ജീവി , ശുംഭന്‍ , ഏഭ്യന്‍ , ശുനകന്‍ , പട്ടി , കുരങ്ങന്‍ , നാറി , പരനാറി , വിവരദോഷി , നിന്ധ്യന്‍ , വെറുക്കപ്പെട്ടവന്‍ , ബക്കറ്റിലെ വെള്ളം , കൂട് വൃത്തിയാക്കുന്ന ജീവി , പട്ടി എന്നുവേണ്ട ( എനിക്ക് മെയില്‍ അയച്ച ജോഫിയ്ക്ക് ഈ വാക്കുകളില്‍ ചിലതിനു കടപ്പാട് ) എന്നുവേണ്ട ഒരാളെ താറടിച്ചു കാണിക്കാന്‍ വേണ്ട എല്ലാം തന്നെ നമ്മുടെ നേതാക്കള്‍ വിളിച്ചു കഴിഞ്ഞു. അപ്പനേക്കാള്‍ പ്രായമുള്ള ഒരാളെ ഞരമ്പ് രോഗിയെന്നു വിളിക്കുന്ന യുവനേതാവ് ..( ഈയാളെ മുമ്പ് പൂവാല ശല്യത്തിന് പോലീസ് പിടിച്ചെന്ന വാര്‍ത്ത പിറ്റേന്ന് പത്രത്തില്‍ ) ... അഴിമതിയ്ക്കു ബഹളം വെച്ച് വിരോധിച്ച നേതാവിനെ അഴിമതിയുടെ പേരില്‍ കേസുള്ള കഥ പിന്നീട് ... എന്തിനു ഇങ്ങനെ നിങ്ങള്‍ സംസ്കാര കേരളത്തിനു മാനക്കെടുണ്ടാക്കുന്നു.. സത്യത്തില്‍ ഈ നേതാക്കളോട് എനിക്ക് വിരോധമില്ല..

ഒരിക്കല്‍ ഏതോ പോസ്റ്റിനു മറുപടിയായി സഹ ബ്ലോഗ്ഗര്‍ പോണി പറഞ്ഞത് ആളുകള്‍ എന്ത് അര്‍ഹിക്കുന്നു അതാണ്‌ അവര്‍ക്ക് ലഭിക്കുന്നു എന്നാണു. കേവലം സമ്പാദ്യം മാത്രം ലക്‌ഷ്യം ഉള്ള മദ്യത്തിനും വ്യഭിചാരത്തിനും സമയം കണ്ടെത്തുന്ന നമ്മുടെ സമൂഹം ഇതര്‍ഹിക്കുന്നത് തന്നെ .. കേരളമോ ഇന്ത്യയോ രാജ ഭരണത്തിന്‍ കീഴിലല്ല. ബീഹാറോ ജ്ജാര്‍ഖണ്ടോ പോലെ ബൂത്ത് പിടിത്തവും കുറവ് തന്നെ. അപ്പോള്‍ നമ്മളൊക്കെ മാന്യരും നല്ലവരും എന്ന് കരുതി വോട്ടു കൊടുക്കുന്നവര്‍ തന്നെയാണ് അതും വാങ്ങി ഈ പരിപാടികള്‍ നമ്മെ കാണിക്കുന്നത്. സിനിമാ കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് തീയേറ്ററില്‍ ആ ചിത്രം എന്ത് കോപ്രായം ആണെങ്കിലും കാണേണ്ടി വരും. എന്നാല്‍ ഇടയ്ക്കിറങ്ങി വരാമെന്ന സൗകര്യം ജാനധിപത്യത്തില്‍ ഇല്ല. അതുകൊണ്ട് ഇടയ്ക്കിറങ്ങാന്‍ വയ്യെന്ന കാര്യം കണ്ടിട്ട് വേണം വോട്ടു ചെയ്യാന്‍ ..

നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നമ്മളുടെ കുട്ടികള്‍ വളരേണ്ട സമൂഹത്തില്‍ ഇത്തരം സംസ്കാരം വളരണോ എന്ന് ചിന്തിക്കണം .. വോട്ടിന്റെ ശക്തി നാമൊക്കെ അറിയില്ലെന്നതാണ് ഏറ്റവും വലിയ ദോഷം.. ഓരോ കോടിയുടെയും ചിഹ്നത്തിന്റെയും ലഹരിയില്‍ കുത്തിക്കൊടുക്കുന്ന ഓരോ വോട്ടും പിന്നീട് ഇങ്ങനെ സാംസ്കാരിക കേരളത്തിന്റെ നെഞ്ചത്ത് കയറി ഓട്ടന്‍ തുള്ളല്‍ കളിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് നിങ്ങള്‍ ചെയ്ത വോട്ടാണ് ഇതിന്റെ കാരണം എന്നാണ്. അധികാരം ഇല്ലാത്തവന് പൊതുസമൂഹത്തില്‍ പുല്ലു വിലയാണ്. പല മുന്‍ എം .എല്‍ എ മാരും അത് നേരിട്ട് അനുഭവിക്കുന്നതാണ്‌ .. അതുകൊണ്ട് തന്നെ ജനങ്ങള്‍ അത് തിരിച്ചറിയണം .. നാളെ ഒരു നേതാവ് ഇത്തരം വൃത്തികെട്ട സംബോധന ഒരാളെ ചെയ്യുമ്പോള്‍ അതിനെതിരെ പ്രതികരിക്കരുത്. അതിനെതിരെ എഴുതുകയും അരുത്. അടുത്ത തെരഞ്ഞെടുപ്പില്‍ വേണം അത് കാണിക്കാന്‍ .... !!

അതുവരെ ചെയ്തു പോയ തെറ്റിനെയോര്‍ത്തു മലര്‍ന്നു കിടന്നു തുപ്പുകയാവും നല്ലത്...

Friday, October 14, 2011

311.യഥാര്‍ത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതാണോ?

ബസില്‍ പോക്കറ്റടിച്ചെന്ന സംശയത്തില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം കേരളീയര്‍ക്കാകെ അപമാനകരമാണ്. ബിഹാറിലും മറ്റും നാട്ടുകാര്‍ സംഘം ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്നതിന്റെ തനിപ്പകര്‍പ്പാണ് ഇവിടെയുണ്ടായത്. ഇത് തീര്‍ത്തും മനുഷ്യത്വരഹിതവും ക്രൂരവും അപലപനീയവുമായ നടപടിയാണെന്നു പറയേണ്ടിയിരിക്കുന്നു.


പോക്കറ്റടിച്ചെന്ന് ആരോപിക്കപ്പെടുന്നയാള്‍ സ്വര്‍ണം പണയം വച്ചു ലഭിച്ച പണമാണ് കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് ഇപ്പോഴത്തെ വിവരം. അങ്ങനെയങ്കില്‍ അയാളുടെ നഷ്ടപ്പെട്ട ജീവന് ആരാണു സമാധാനം പറയുക? അഥവാ, പോക്കറ്റടിച്ചതാണെങ്കില്‍ക്കൂടി, ഒരാളെ നിഷ്കരുണം തല്ലിക്കൊല്ലാന്‍ ഏതു നിയമമാണ് അനുവദിക്കുക?


തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിന് അതിന്റേതായ രീതികളുണ്ട്. കുറ്റമറ്റ നിയമസംവിധാനമുള്ള ഒരു രാജ്യത്ത് ഇത്തരം ജനകീയ പൊലീസിംഗ് ആവശ്യമില്ല. ഏതെങ്കിലും കേസിലെ പ്രതിയെപ്പോലും മര്‍ദിക്കാന്‍ ഇവിടെ ആരെയും നിയമം അനുവദിക്കുന്നില്ല. പൊലീസിനടക്കം ഇതെല്ലാം ബാധകവുമാണ്. കുറ്റം തെളിയിക്കാന്‍ മൂന്നാംമുറ പ്രയോഗിക്കുന്നത് നിയമപരമായി തെറ്റാണെന്നിരിക്കെ, ജനങ്ങള്‍ കൂട്ടം കൂടി ഒരാളെ തല്ലിക്കൊല്ലുന്നതിനെ ഏതു വിധത്തിലാണ് അനുകൂലിക്കാനാവുക? കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമായും ഈ സംഭവത്തെ ചൂണ്ടിക്കാണിക്കാം.


കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും പോക്കറ്റടി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു തുണയാകുന്നത് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ. പോക്കറ്റടിച്ചു കിട്ടുന്ന തുകയുടെ പങ്ക് കൃത്യമായി പൊലീസുകാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഇങ്ങനെ വിലസുന്നവരെ നേരില്‍ കാണാന്‍ കോട്ടയത്തോ ചങ്ങനാശേരിയിലോ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ചെന്നാല്‍ മതി. പോക്കറ്റടിക്കാരെ പിടികൂടിയാല്‍ ഉടന്‍ തന്നെ പൊലീസ് ഇടപെടുന്നു. ഏറെ വൈകാതെ ജനക്കൂട്ടത്തിന്റെ ശ്രദ്ധയില്‍ നിന്നു പോക്കറ്റടിക്കാരനെ മാറ്റി രക്ഷപ്പെടുത്തുകയെന്നതാണ് പൊലീസിന്റെ രീതി. ഇതെല്ലാം അറിയുന്നവരാണ് ഇവിടെ ജീവിക്കുന്ന ജനങ്ങളെന്ന് തിരിച്ചറിയാന്‍ പൊലീസുകാര്‍ക്കു സാധിക്കണം. കുത്തഴിഞ്ഞ സംവിധാനമായി പൊലീസ് സേന മാറുന്നു എന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെ. പൊലീസിലേല്പിച്ചാല്‍ പോക്കറ്റടിക്കാര്‍ രക്ഷപ്പെടുമെന്ന് ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം.


ഒരു യുവാവിനെ തല്ലിക്കൊല്ലുന്നതിന് ഇതൊന്നും ന്യായീകരണമാവില്ലെങ്കിലും, സേനയില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച് പൊലീസ് അധികാരികളെ ചിന്തിപ്പിക്കാന്‍ ഈ സംഭവം സഹായകമാകണം.
യുവാവിനെ മര്‍ദിച്ചു കൊന്നതില്‍ ഒരാള്‍ ഒരു എംപിയുടെ ഗണ്‍മാനാണ് എന്നത് ഗൗരവമായിത്തന്നെ കാണണം. പൊലീസുകാര്‍ തന്നെ മര്‍ദനത്തിനു നേതൃത്വം നല്‍കിയെന്നതിന്റെ പൊരുള്‍ മറ്റു ചിലതാണ്. തനിക്കു പരിചയമില്ലാത്ത ഒരാളെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് തല്ലിക്കൊല്ലുമ്പോള്‍, യഥാര്‍ത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതാണോയെന്നും അന്വേഷിക്കണം. കുറ്റവാളികളില്‍ ഒരാള്‍ പൊലീസുകാരനായ സ്ഥിതിക്ക് ഇത്തരമൊരു അന്വേഷണം അത്യന്താപേക്ഷിതം തന്നെ. പോക്കറ്റടിക്കാരും പൊലീസുമായുള്ള അവിശുദ്ധ ബന്ധം അത്ര വലിയ രഹസ്യമൊന്നുമല്ലെന്നിരിക്കെ ഈ വിധത്തിലുള്ള അന്വേഷണം മറ്റു പല രഹസ്യങ്ങളിലേക്കുമുള്ള വഴിയായേക്കാം. പക്ഷേ, അന്വേഷിക്കുന്നതും പൊലീസുകാര്‍ തന്നെയാണെന്നിരിക്കെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് എങ്ങനെ കരുതാനാവും.


കൊല്ലപ്പെട്ട രഘു സ്വര്‍ണം പണയം വച്ച പൈസയാണു കയ്യില്‍ കരുതിയിരുന്നതെന്നാണു ബന്ധുക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ഈ കൊലപാതകത്തിന്റെ ഗൗരവം ഇരട്ടിയാകുന്നു. നഷ്ടമായ പണം എന്നു പറഞ്ഞ് തിരികെ പിടിച്ചെടുത്ത പണം ഇനി എവിടേക്കാണ് എത്തേണ്ടത്? യഥാര്‍ത്ഥത്തില്‍ പണം നഷ്ടമായിട്ടുണ്ടെങ്കില്‍ അത് എടുത്തത് ആരാണ്? മൂന്നാളുകള്‍ ചേര്‍ന്നാണു മര്‍ദനം നടത്തിയതെന്നാണ് ബസിലെ കണ്ടക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. പിടിയിലായത് രണ്ടു പേര്‍ മാത്രം. അങ്ങനെയെങ്കില്‍ മൂന്നാമന്‍ ആരായിരുന്നു. യഥാര്‍ത്ഥ പ്രതി അയാളാണോയെന്നും അന്വേഷിക്കണം.


ഇവിടെ സാമൂഹികമായ വിഷയങ്ങളാണ് ഉയര്‍ന്നു വരുന്നത്. കാടന്‍ സംസ്കാരത്തിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് കാണുന്നത്. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പല നൂറ്റാണ്ടു പഴക്കമുള്ള നീതിബോധം പുതിയ തലമുറയിലേക്കു വളര്‍ന്നു പന്തലിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും നിസാരമായി കണ്ടുകൂടാ.
ആരെയെങ്കിലും മര്‍ദിക്കാനോ അവഹേളിക്കാനോ ഇന്ത്യന്‍ ശിക്ഷാനിയമം അനുവദിക്കുന്നില്ല. ജനങ്ങള്‍ സ്വയം ശിക്ഷവിധിക്കുന്നത് പരിഷ്കൃത സമൂഹത്തിനു നിരക്കാത്തതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൈശാചികമായ മുറകള്‍ വിദ്യാസമ്പന്നരായ കേരള ജനത എന്നും പുച്ഛത്തോടെയേ നോക്കിക്കണ്ടിട്ടുള്ളൂ. പുതിയ തലമുറയിലേക്കു ക്രിമിനല്‍ വാസന അതിവേഗത്തില്‍ പടരുന്നുണ്ടെന്നതിന്റെ സൂചനയായും ഈ സംഭവത്തെ കാണണം. ബസിലുള്ള മറ്റു യാത്രക്കാര്‍ തടസം പിടിച്ചിട്ടും ക്രൂരമായ മര്‍ദനം തുടര്‍ന്നവരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. മര്‍ദനത്തെ തടസപ്പെടുത്താന്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതായി കണ്ടക്ടര്‍ പറഞ്ഞിട്ടുണ്ട്. ബസില്‍ പോക്കറ്റടിയുണ്ടായാല്‍ അടുത്ത പൊലീസ് സ്റ്റേഷനിലേക്കു വണ്ടി എത്തിക്കുക എന്നതാണ് സാധാരണ രീതി. അതിനു പകരമായി, മര്‍ദനമുറ അഴിച്ചു വിടുകയും, ബസ് നേരേ ഗാരേജിലേക്കു കൊണ്ടുപോവുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ട്.


കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെങ്കിലും അല്ലെങ്കിലും, അതൊന്നും ഇത്തരം വീഴ്ചകള്‍ക്കുള്ള മറുപടിയാകുന്നില്ല. കേരളത്തില്‍ ഇത്തരം കാടത്തം നിറഞ്ഞ രീതികള്‍ ഇനിയെങ്കിലും ഉണ്ടായിക്കൂടാ. സര്‍ക്കാര്‍ ഇക്കാര്യം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കാം.

Wednesday, October 12, 2011

310.എനിക്ക് നാട്ടില്‍ ജീവിക്കണം ...!!

അമേരിക്കയിലെത്തിയിട്ട്‌ ഒന്നര പതിറ്റാണ്ട് .. നാട്ടില്‍ പണികഴിപ്പിച്ച വീടിനു ചിലവ് ഒന്നരക്കോടി .. ഫര്‍ണിഷിങ്ങും ലാന്‍ഡ്സ്കേപ്പും കൂടി അരക്കോടി. മുറ്റത്തു കിടക്കുന്ന സി ക്ലാസ് മുപ്പത്തി രണ്ടു ലക്ഷത്തിന്റെത് .. എനിക്ക് ഇനിയും നാട്ടില്‍ ജീവിക്കണം . മണ്ണിന്റെ മണം എന്നെ തിരികെ വിളിക്കുന്നു. പാടവും കിളികളും തവളകളുടെ കരച്ചിലും എന്തിനു മുറ്റത്തു വന്നു വിരുന്നു വിളിക്കുന്ന കാക്കയും ഞാന്‍ മലയാളിയാണെന്ന് ആ മണ്ണിന്റെ സ്വന്തമെന്നു ഓര്‍മ്മപ്പെടുത്തുന്നു. ഇവിടെ കമ്പ്യൂട്ടറില്‍ ആര്‍ക്കോ വേണ്ടി ഉണ്ടാക്കി കൊടുത്ത പ്രോഗ്രാമുകള്‍ എന്നെ കോടീശ്വരനാക്കി. എന്റെ ജീവിതത്തിന്റെ സന്തോഷത്തിന്റെ പ്രോഗ്രാമുകള്‍ എന്നെ നിരാശപ്പെടുത്തുന്നു.. എങ്കില്‍ കുട്ടികളുടെ പഠനവും എല്ലാം കേരളത്തില്‍ തന്നെയാക്കാം. ശേ. എന്നാലും ചിലകാര്യങ്ങള്‍ എന്നെ അലോസരപ്പെടുത്തുന്നുണ്ട്. രാമേട്ടന്റെ ചായക്കടയിലെ ബോണ്ടയുടെ സ്വാദ് ഇവിടുത്തെ വഴിയോരക്കടയിലെ ഹോട്ട് ഡോഗിനെവിടെ..!!

എന്നാലും തെരുവിലും സിറ്റിയിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പേ പിടിച്ച നായകള്‍ ഇവിടെയില്ലല്ലോ.. അമേരിക്ക മെച്ചം തന്നെ.. ആരോ അടിച്ചിട്ട് തല്ലി മൃതപ്രായന്‍ ആക്കിയിട്ടു ഗുദത്തില്‍ പാരയും കുത്തിക്കയറ്റി ജനനേന്ദ്രിയം അടിച്ചു പൊളിച്ചു പരാതി കൊടുത്താല്‍ ഭ്രാന്തെന്ന് മുദ്രകുത്തില്ലല്ലോ.. ഭാഗ്യം . മാലോകര്‍ മുമ്പേ ഒരു പെണ്ണിനെ ട്രൈനിയില്‍ നിന്ന് തള്ളിയിട്ടു ക്രൂരമായി ബലാല്‍സംഗം ചെയ്തിട്ടും പ്രതിയെ രക്ഷപ്പെടുത്താന്‍ ഏറെപ്പെരുള്ള നാടല്ലല്ലോ ഇത്.. ഭാഗ്യം.. മൂത്രമോഴിക്കരുതെന്നു ബോര്‍ഡ് വെച്ചാല്‍ അവിടെ മുള്ളണം എന്ന് വാശിയുള്ളവര്‍ എന്തായാലും ഇവിടെ കുറവ് തന്നെ.. വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ ഇട്ടില്ലെങ്കില്‍ ഉറക്കം വരില്ല. അല്ലാ എല്ലാവരും സ്വന്തം അല്ലെ.

കാറിന്റെ പുറകില്‍ ബോട്ടും കെട്ടിയിട്ടു റോഡിലൂടെ സഞ്ചരിക്കാന്‍ വേറെ എവിടെ കഴിയും.. മുപ്പതു കിലോമീറ്റര്‍ വേഗത്തില്‍ പോലും സഞ്ചരിക്കാന്‍ കഴിയാത്ത ഹൈ വേ.. അതെ യതെ.. അതി വേഗം ബഹുദൂരം .. !! എക്സ്പ്രെസ്സ് ഹൈവേ ബൂര്‍ഷ ലക്ഷണം.. ലോകത്തെ മാറ്റങ്ങള്‍ നമ്മള്‍ എന്തിനറിയണം. ദൈവത്തിന്റെ സ്വന്തം നാടാണ്.. അതേപോലെ ദൈവങ്ങള്‍ ഏറെയുള്ള നാടും.. മുക്കിനു മുക്കിനു പള്ളി അമ്പലം മോസ്ക് .. ശബ്ദം ചെവി തകര്‍ക്കും.. റോഡിലൂടെ ഹോണ്‍ കേള്‍ക്കാതെ വീട്ടിലെത്തിയാല്‍ അതിന്റെ ഭാഗ്യം ഒന്ന് വേറെ തന്നെ.. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചു വീട്ടിലെത്തുന്നത് വരെ മുള്ളാനോ അപ്പിയിടാണോ പറ്റില്ല. പൊതു സ്ഥലത്ത് ഇങ്ങനെ കാര്യം സാധിക്കാനും ഏറെ രാജ്യത്ത് പറ്റില്ലല്ലോ.

ആണ്ടിലൊരിക്കല്‍ വീട്ടിലെത്തിയാല്‍ പിരിവുകാരെ കൊണ്ട് വയ്യ.. ദേവാലയങ്ങള്‍ , രാഷ്ട്രീയം , നാട് /നാട്ടുകാര്‍ , കല്യാണം എന്നുവേണ്ട തെണ്ടികളുടെ പിരിവ് പോലും അസഹനീയം. അഴുകിയ പച്ചകറികളുടെ ഘോഷയാത്രകള്‍ നടത്തുന്ന ഭക്ഷ്യ പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍ , നോണ്‍ വെജിറ്റെറിയന്‍ വാങ്ങിയാല്‍ പാറ്റ, മൂട്ട , ഈച്ച എന്ന് വേണ്ട എന്തും കിട്ടും.. സമൃദ്ധ സുഭിക്ഷ ഭക്ഷണം തന്നെ. ഹോട്ടലിലെ വാഷ് റൂമില്‍ കയറിയാല്‍ തീര്‍ന്നു. കഴിച്ചതും ഉള്ളില്‍ കിടക്കുന്ന കുടലും പണ്ടവും വരെ വെളിയില്‍ എത്തും.. അല്ല ശര്‍ദ്ധിക്കാന്‍ വേറെ പണിപ്പെടെണ്ട.

ട്രാഫിക് അമ്പേ.. കൊള്ളാം റോഡ്‌ അപ്പന്റെ എന്നുള്ള രീതിയില്‍ പായുന്ന വാഹനങ്ങള്‍ , ട്രാഫിക് നിയമങ്ങള്‍ എനിക്കുള്ളതെന്ന് പറഞ്ഞുകൊണ്ട് പോകുന്ന സ്വകാര്യ വാഹനങ്ങള്‍ , റോഡിലൂടെ മുറിച്ചു കടക്കുന്ന കുട്ടിയേയോ വൃദ്ധരെയോ ഇടിച്ചു വണ്ടി പറത്തിയാല്‍ ഉടനെ വരും.. --- തെണ്ടികള്‍ വണ്ടി വരുന്നത് കണ്ടില്ലേ..--- ആത്മഗതം മിക്കവരുടെയും ഒച്ചത്തില്‍ തന്നെയാവും.. കൈക്കൂലി ജോലിയുടെ ഭാഗമോ അവകാശമോ അറിയില്ല. എന്തായാലും ഇല്ലാതെ ഒന്നും നടക്കില്ല. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഒഴികെ ഒന്നും സമയത്ത് കിട്ടില്ല. ഒരു പരാതി കൊടുത്താല്‍ കൊടുക്കുന്നവന്റെ രാഷ്ട്രീയ സാമ്പത്തിക ശക്തി അറിഞ്ഞു മാത്രം പ്രവര്‍ത്തനം.. കൊള്ളാം..

ഒരു സിനിമ കാണാന്‍ പോയാല്‍ കൂക്ക് വിളി , ചൂളമടി.. കമന്റടി , എസിയില്ലാത്ത മൂട്ടയുള്ള തീയേറ്റര്‍ ...തിരികെ വരുമ്പോള്‍ ഒരുപക്ഷെ റോഡിലൂടെ വണ്ടി കണ്ടില്ലെന്നു വരാം.. സ്വന്തം വണ്ടി ഓടിക്കാന്‍ കൂടി കഴിയില്ലെന്ന് വരാം.. ബന്ദ്‌. ഏതൊക്കെ പേരുകള്‍ മാറിയാലും ഹര്‍ത്താലും പണിമുടക്കും എല്ലാം ഇതുതന്നെ. ...

ഇടയ്ക്കിടെ പന്നിപ്പനി, ഡേങ്കൂ പ്പനി , എലിപ്പനി , പൂച്ച പ്പനി എന്നുവേണ്ട ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തീരാറില്ല.. പരസ്പരം തെറിവിളിക്കാനല്ലാതെ രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യാറുണ്ട്.

ങാ ഇനി വീട് വിറ്റിട്ട് തിരികെ പോകാം.. അമേരിക്ക തന്നെ ഭേദം... അമേരിക്കയിലെ തവളകളുടെ ശബ്ദം തന്നെ ഭേദം.. അമേരിക്കന്‍ കാക്കകള്‍ തന്നെ ഭേദം.. ഇനി ദൈവത്തിന്റെ നാടെന്നു വിളിച്ചു ഞാന്‍ എന്നെ തന്നെ ചതിക്കാന്‍ വയ്യ.. ( ഒരു പാവം അമേരിക്കന്‍ മലയാളിയുടെ വിഷമം ..)

Monday, October 10, 2011

309.അച്ചുമ്മാന്റെ ആനകള്‍

ഒഴിപ്പിച്ചിട്ടും ഒഴിയാതിരുന്ന മൂന്നാര്‍ പാര്‍വതിമലയിലെ കൈയേറ്റക്കാരെ ഒടുവില്‍ കാട്ടാനക്കൂട്ടം തുരത്തി. ശനിയാഴ്‌ചയാണ്‌ കുട്ടി ആനകള്‍ അടക്കമുള്ള സംഘം പാര്‍വതിമല 'പിടിച്ചെടുത്തത്‌'.

എട്ടു കുടിലുകള്‍ തകര്‍ത്തു. കൈയേറി ഇറക്കിയിരുന്ന കൃഷി ദേഷണ്ഡങ്ങളും നശിപ്പിച്ചു. കുടിലുകളില്‍ താമസിച്ചിരുന്നവര്‍ ഓടി രക്ഷപെടുകയായിരുന്നു. മൂന്നാര്‍ കൈയേറ്റം വാര്‍ത്തയായതു മുതല്‍ പാര്‍വതിമല ശ്രദ്ധാകേന്ദ്രമായിരുന്നു. പലതവണ ഇവിടം ഒഴിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കുടിലുകെട്ടി കൈയേറ്റക്കാര്‍ രംഗത്തുവരുമായിരുന്നു. കഴിഞ്ഞയാഴ്‌ച ചിന്നക്കനാലില്‍ കൈയേറി കെട്ടിയ കുടിലുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.

Sunday, October 9, 2011

308.നാട്ടൂകാർ- അവരാരൊക്കെയാണ്..?

DHRM-പ്രവർത്തകർ കോളനികളിൽ ഭീകരപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിക്കുന്നു .പോലീസ് വിട്ടയ്ക്കുന്നു.കാരണം,നിയമ വിധേയമായ സംഘനയാണന്നും,തീവ്രവാദി സംഘടനയാണന്നു പോലീസ് രേഖകളിൽ ഇല്ലന്നും വ്യക്തമാക്കുന്നു.ഇന്നത്തെ പത്രത്തിലും(09-10-11) സമാനമായ വാർത്തയുണ്ട്.ഇടമണ്ണിൽ കോളനികൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ ഡി.എച്.ആർ.എം.പ്രവർത്തകരെ സി.പി.ഐ.പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ തടഞ്ഞ് പോലിസ്സിൽ ഏല്പിക്കുന്നു.പിന്നീട് വിട്ടയക്കുന്നു.അപ്പോഴാണ് സ്വാഭാവികമായൊരു സംശയം ഉയരുന്നത്.ആരൊക്കെയാണ് നാട്ടുകാർ..?

കോളനികളിൽ താമസിക്കുന്ന ദലിത് സമൂഹം നാട്ടുകാരിൽ പെടുന്നില്ലേ..?ആശയങ്ങൾ പ്രചരിപ്പിക്കാൻ ആർക്കൊക്കെയാണ് അവകാശം..? ലഘുലേഖകൾ വിതരണം ചെയ്തു എന്നതിന്റെ പേരിൽ ഇതിനുമുമ്പ് ഏതൊക്കെ സംഘടനകൾക്കെതിരെ നാട്ടുകാർ സംഘടിച്ചു..?തീവ്രവാദം തിളിയിക്കാൻ തയ്യറാകുന്നവർക്ക് സർക്കാർ പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.അതാരെങ്കിലും വാങ്ങിയോ..? ഉത്തരമില്ലാത്ത ചോദ്യങ്ങൾ അനവധിയാണ് .അപ്പോഴും ഒരുചോദ്യം പിന്നേയും അവശേഷിക്കുന്നു.നാട്ടുകാർ-അവരാരൊക്കെയാണ്..?