തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, November 25, 2009

203.ഭാഷാവരവും ഭാഷാശുദ്ധിയും

മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്നവനെ ഭാഷാവരം കിട്ടിയവനെന്നു ചിലരെങ്കിലും പറയാറുണ്ട്‌. ഭാഷാവരം കിട്ടിയില്ലെങ്കിലും ഭാഷാ ശുദ്ധി മാന്യമായ തോതിലെങ്കിലും എഴുത്തുകാരും പത്രപ്രവര്‍ത്തകരും കാണിക്കണ്ടതായുണ്ട്. ശൈലീപരമായ പിഴവുകളുടെയും ഒഴിവുകഴിവുകളുടെയും സഹായത്തോടെ എഴുത്തുകാര്‍ രക്ഷപ്പെട്ടേക്കാമെങ്കിലും പത്രപ്രവര്‍ത്തകര്‍ക്കു അതിനുള്ള അവകാശമില്ലെന്ന് തന്നെയാണ് കൂതറ തിരുമേനിയുടെ പക്ഷം. വാര്‍ത്തകളെ വായനക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ തെറ്റില്ലാതെ അവതരിപ്പിക്കുകയെന്ന ദൌത്യം മിക്ക പത്രപ്രവര്‍ത്തകരും ചെയ്യുന്നുണ്ടെങ്കിലും ചിലരാവട്ടെ കേവലം വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം മാത്രമാണ് നടത്തുന്നത്.

അടുത്തിടെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയൊന്നു നോക്കാം. തലയില്ലാത്ത ശവം കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ഇത് വായിക്കുന്നവന് മുമ്പില്‍ ചില സംശയങ്ങള്‍ ഉടലെടുക്കും. സാധാരണ ഗതിയില്‍ മരണങ്ങള്‍ നാല് വിധമാണ്. സ്വാഭാവികം, ആത്മഹത്യ, അപകടമരണം, കൊലപാതകം. ഇതല്ലാതെ അസുഖം മൂലവും മരണം സംഭവിക്കാം. എന്നാല്‍ തലയില്ലാതെ ഒരു ജഡം കാണപ്പെട്ടാല്‍ അപകടമരണമോ കൊലപാതകമോ ആവാനാണ് സാധ്യത. ഇതില്‍ അപകട മരണമെന്നത്‌ ആത്മഹത്യ ചെയ്യുമ്പോഴുള്ള ശ്രമത്തില്‍ സംഭാവിച്ചതുമാവാം. പ്ലാസ്റ്റിക് കയറില്‍ കുടുക്കിട്ടു ചാടിയവന്റെ കഴുത്തു മുറിഞ്ഞു പോയ അവസരമുണ്ട്. അതേപോലെ റെയില്‍വേ പാളത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തവന്റെയും തല വേര്‍പെട്ടു പോകാം. എന്നാല്‍ കായലില്‍ തലയില്ലാതെ കിടന്ന ശവത്തിന്റെ ഗതി കൊലപാതകമാല്ലാതെ വേറൊന്നാവാന്‍ സാധ്യത തുലോം തുച്ഛം എന്ന് പറയേണ്ടി വരും.

ആരും സ്വന്തം കഴുത്തു പൂര്‍ണ്ണമായി അറുത്തെടുത്തു കായലില്‍ തള്ളി ആത്മഹത്യ ചെയ്യുമെന്ന് വിവരമുള്ളവന്‍ കരുതില്ല. അതേപോലെ റെയില്‍വേ പാളത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തശേഷം തലയവിടെ ഇട്ടു സ്വന്തം കബന്ധം കായലില്‍ ഇടുന്നതും അപ്രായോഗികം തന്നെ. പിന്നെ അവിടെ നടക്കാന്‍ സാധ്യതയുള്ള ഏക കര്‍മ്മം കൊലപാതകം തന്നെ. അപ്പോള്‍ കൊലപാതകം എന്ന് സംശയിക്കുന്നുവെന്ന വാര്‍ത്തയുടെ അസംബന്ധം വായനക്കാരന് പോലും മനസ്സിലാവും.

അതേപോലെ അമ്പത്തിനാല് വയസ്സുള്ള യുവാവിന്റെ ജഡം കണ്ടെത്തിയെന്നുള്ള വാര്‍ത്ത കണ്ടപ്പോഴും ഒന്ന് ഞെട്ടി. കാരണം അമ്പത്തിനാല് വയസ്സുള്ള യുവാക്കള്‍ സാധാരണ ഗതിയില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ മാത്രമേ കാണൂ. ബാല്യം, ശൈശവം, കൌമാരം, യുവത്വം, വാര്‍ദ്ധക്യം എന്നൊക്കെ ഈ പത്രപ്രവര്‍ത്തകര്‍ കേട്ടിട്ടില്ലേ ആവോ.. മധ്യ വയസ്കനെ യുവാവെന്ന് വിളിക്കുമ്പോള്‍ എന്ത് സുഖമാണപ്പാ ഇവര്‍ക്ക് ലഭിക്കുന്നത്.

മലയാള വ്യാകരണവും നിഘണ്ടുവും അരച്ചുകലക്കി കുടിച്ചിട്ട് വാര്‍ത്ത എഴുതണം എന്ന് പറയില്ല. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും കഴിഞ്ഞവര്‍ വെറും കഞ്ഞിക്കൊവാലന്റെ നിലവാരത്തില്‍ എഴുതരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.

Monday, November 16, 2009

202- ഇതാണത്രെ വെളിച്ചം കാണാത്ത പിണറായിയുടെ വീട്


പ്രിയപ്പെട്ട ശ്രീ. സുനില്‍, ശ്രീ. വിജി പിണറായി,

ഈ മുകളില്‍ കാണുന്നതാണോ, നിങ്ങള്‍ക്ക് അറിവുള്ള സ. പിണറായിയുടെ വീട്.

ഒരു പക്ഷെ നിങ്ങള്‍ക്ക് ഇതില്‍ പ്രതികരിക്കാതിരിക്കാം, അല്ലെങ്കില്‍ വീണ്ടും പരിഹസിക്കാം.

പക്ഷെ ഇന്റര്‍നെറ്റിലൂടെ സഖാവിന്റെതായി പുതിയ വീടിന്റെ പടം പ്രചരിപ്പിക്കുന്നത് നിങ്ങളുടെ മറുപടിയിലൂടെ തടയാം.

നിങ്ങളുടെ നിശബ്ദത.........അത് ഈ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് കരുതുന്നു.

Sunday, November 15, 2009

201-പിണറായിയുടെ വീട് കഥ പറയുന്നു



ഞാന്‍ മുമ്പ് ഇവിടെ കോലാഹലമുണ്ടാക്കിയ ഒരു പോസ്റ്റ് ഇട്ടിരുന്നു. സ. പിണറായിയുടെ വീടാണെന്ന് പ്രചരിപ്പിച്ച ഒരു വീടിനെ കുറിച്ച്, അത് സത്യമല്ലെന്ന് 90% ആളുകളും വിശ്വസിക്കുന്നുമുണ്ടാവും. അതിന്ന് എനിക്ക് കിട്ടിയ ചില വിശ്വസിനീയമായ ചിത്രങ്ങള്‍ കൊണ്ട് ആ വീട് സ. പിണറായിയുടെതല്ലെന്ന് സമര്‍ത്ഥിക്കാം.



ആ വീട് സൌദി അറേബ്യയില്‍ ഉള്ള ഒരു പ്രവാസിയുടെ വീടാണെന്നാണ് വിശ്വസിനീയമായ വിവരം. മാത്രമല്ല ഈ വീട് രമണന്‍ എന്ന സീരിയലില്‍ നിങ്ങള്‍ക്ക് കാണാം.

എനിക്ക് കിട്ടിയ ഈ വിവരം, എന്റെ മാന്യതയ്ക്ക് ഞാനിവിടെ പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

അപ്പോള്‍, ഉടനെ തന്നെ സ.പിണറായിയുടെ വീടും ഈ ബ്ലോഗിലൂടെ കാണാം

200.കൂതറ : ഡബിള്‍ സെഞ്ചുറി

നൂറോ ഇരുനൂറോ പോസ്റ്റുകള്‍ ബൂലോകത്ത് ഒരു സംഭവമല്ലെങ്കിലും കൂതറ അവലോകനം ഇരുനൂറു പോസ്റ്റുകള്‍ തികച്ചത് അംഗങ്ങള്‍ക്കും വായനക്കാര്‍ക്കും സംഭവം തന്നെ. നിന്ദ്യം അല്ലെങ്കില്‍ മോശം എന്നര്‍ത്ഥം വരുന്ന കൂതറ എന്നാ പേരില്‍ ഒരു അവലോകനോദ്ദേശത്തോടെ തുടങ്ങിയ ചെറുബ്ലോഗിന്ന് നല്ല വായനക്കാരുള്ളതും ഒപ്പം കാര്യപ്രസക്തമായ വിമര്‍ശകരുള്ളതുമായ ഒരു ബ്ലോഗാണ്. ബ്ലോഗില്‍ പ്രതികരണങ്ങള്‍ ഉടനെതന്നെ കിട്ടുമെന്നുള്ളതും രാഷ്ട്രീയ പൊതുകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ കൂതറയായി എഴുതേണ്ടിവരുംമെന്നുള്ളതും കൂടാതെ പേരിലെന്തിരിക്കുന്നു എന്നാ വിഖ്യാതമായ ചോദ്യത്തെ അന്വാര്‍ത്ഥമാക്കാന്‍ കൂടി സ്വീകരിച്ച പേരാണ് കൂതറ അവലോകനം. ഉള്ളടക്കവും അവതരണവും നല്ലതെങ്കില്‍ വായനക്കാര്‍ എന്നുമുണ്ടാവും എന്നവിശ്വാസമാണ് ഇതിന്റെ ആധാരം.തീരുമാനം തെറ്റല്ലെന്ന് മനസ്സിലായതില്‍ വളരെ സന്തോഷം തോന്നുന്നു. ഒരു വായനക്കാരന്‍ ഒരിക്കല്‍ എഴുതിയ മെയിലില്‍ ഡിയര്‍ കൂതറ ഐ ലവ് ടൂ ഹേറ്റ് യൂ.. എന്ന് വായിച്ചപ്പോള്‍ സത്യത്തില്‍ എന്റെ തീരുമാനം ശരിയായിരുന്നു എന്ന് മനസ്സിലായി.

പേരിലെ അര്‍ഥം പോലെ ഉള്ളടക്കവും മോശമെന്ന് അലമുറയിട്ട ചിലരാകട്ടെ കാലയവനയ്ക്കുള്ളില്‍ മറഞ്ഞുപോവുകയോ കുത്തൊഴുക്കില്‍ നിന്ന് ഒലിച്ചുമാറി തീരത്തു ആരോരും പരിഗണിക്കാതെ ആത്മപ്രശംസകള്‍ നടത്തി അപഹാസ്യര്‍ ആവുകയോ ചെയ്യുന്നു. ചരിത്രം പഠിപ്പിക്കുന്നതും അതുതന്നെ. മികച്ചപെരും മികച്ച തുടക്കവും കൊണ്ടുമാത്രം പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ല. സ്ഥിരമായ എഴുത്തും സ്ഥിരതയാര്‍ന്ന രീതികളും കൊണ്ടുമാത്രമേ വായനക്കാരുടെ ഇടയില്‍ സ്വന്തം നില കണ്ടെത്താന്‍ കഴിയുകയുള്ളൂ. നിലവാരം കുറഞ്ഞ വിവാദങ്ങളും അനാവശ്യമായ ഇടപെടലുകളും നടത്തി താല്‍ക്കാലിക ലാഭം കൊയ്യാമെങ്കിലും ദൂരവ്യാപകമായ നേട്ടങ്ങള്‍ ഉണ്ടാവുകയില്ലെന്നു ഉറപ്പിച്ചുപറയാന്‍ കഴിയും..

കൂതറ അവലോകനത്തിന് ഇന്നുവരെ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ. കൂതറ തിരുമേനിയും അംഗങ്ങളും തുടര്‍ന്നും നല്ല പോസ്റ്റുകളുമായി നിങ്ങളുടെ മുമ്പിലേക്ക് എത്തികൊള്ളാന്‍ ശ്രമിക്കാം എന്ന് പറഞ്ഞുകൊണ്ട്

നന്ദി..........

കൂതറ തിരുമേനി....



കൂതറ തിരുമേനിയുടെ വിമര്‍ശന നയോപായം ഇവിടെ വായിക്കാം.

Saturday, November 14, 2009

199. സ. പിണറായിയുടെ വീട് (ട്രഷര്‍ ഹണ്ട് മത്സരം)



ഈ വീട് സ. പിണറായിയുടെ വീടാണെന്ന് പറഞ്ഞ് ഈമെയില്‍ ഫോര്‍വേഡായി പ്രചരിക്കുന്ന ഒരു ചിത്രമാണ്.

ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് പിണറായിയുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ദേശാഭിമാനിപോലും ഇതാണ് പാര്‍ട്ടി സെക്രട്ടറിയുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.

മുമ്പ്, സ. സുധാകരന്‍ പറഞ്ഞു “സ. പിണറായി ഒരു പ്രഫഷണല്‍ പൊളിറ്റിഷന്‍ ആണെന്ന്”. (അതോരു പിഞ്ചുമനസ്സ്. പിഞ്ചുമനസ്സില്‍ കളങ്കമില്ലല്ലോ)

ത്രിമൂര്‍ത്തി ജയരാജന്മാരിലൊരാള്‍ പറഞ്ഞു “സ.പിണറായിയെന്നാല്‍ പാര്‍ട്ടിയാണ്”

സഖാവിന്റെ വീട് കാണാന്‍ പണ്ട് ടൂര്‍ പോയതിനാലാണ് മൂന്ന് ഒഞ്ചിയം സഖാക്കളെ പണ്ട് “വിസ്മയ പാര്‍ക്കിലേക്ക്” നാട്കടത്തിയത്.

എന്തായിരുന്നാലും എനിക്കോരു ആഗ്രഹമുണ്ട്, ഈ വീട് പിണറായിയുടെതാണെങ്കില്‍ കൈരളി ടീവിയിലെ “വാസ്തു” എന്ന പരിപാടിയിലൂടെ ഈ വീടിന്റെ ഉള്‍തടങ്ങളും, ഗൃഹനിര്‍മ്മാണരംഗത്ത് വന്ന പുതുമകളും ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു.

എന്തായാലും ഞാനിത് വിശ്വസിക്കുന്നില്ല. പിന്നെ ആ ചുവന്ന സ്കോര്‍പ്പിയോ കിടക്കുന്നത് മാത്രമാണ് എന്റെ സംശയത്തിന് ആധാരം. എന്നിരുന്നാലും ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീട് ഗൂഗിള്‍ മാപ്പ് നോക്കി മനസ്സിലാക്കികൊള്ളാം.

ഗൂഗിള്‍ മാപ്പില്‍ പിണറായിയുടെ വീട് കണ്ടെത്തുന്ന മത്സരത്തില്‍ (ട്രഷര്‍ ഹണ്ട്) പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ സര്‍വ്വബൂലോകരേയും ക്ഷണിക്കുന്നു.

-----

Thursday, November 5, 2009

198.ബ്ലൂ...ഫിലിം അവലോകനം

പേര് കേട്ടാല്‍ തെറ്റിദ്ധരിക്കപ്പെടാവുന്ന നീലപ്പടമല്ല ഇവിടെ അവലോകനം ചെയ്യുന്നത്. കൂറ്റന്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ബോളിവുഡ്‌ ചിത്രം ബ്ലൂ ആണ് കൂതറ തിരുമേനി ഇവിടെ അവലോകനം ചെയ്യുന്നത്. ഈ അവലോകനം വായിച്ചു പടം കാണേണ്ട എന്ന തീരുമാനം എടുക്കുകയോ അതല്ല കാണണം എന്ന തീരുമാനം എടുക്കുകയോ ചെയ്യുന്നത് വായനക്കാരുടെ യുക്തിയ്ക്കും മനസ്സിനുമനുസരിച്ചു ആവാം. എന്തായാലും ഈ ചിത്രത്തെ ആദ്യം തന്നെ ഒരു കൂതറ ചിത്രം എന്ന് പറയേണ്ടി വരും. ചിത്രം ഏകദേശം എഴുപതു കോടി മുടക്കിയാണ് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നൂറു കോടിയാണ് ആകെ മുതല്‍ മുടക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. (എന്ന് വെച്ചാല്‍ ഇരുപതു മില്ല്യന്‍ ഡോളര്‍)


(ചിത്രം വിക്കിയില്‍ നിന്ന് പൊക്കിയത്)

ധില്ലിന്‍ മേത്ത നിര്‍മ്മിച്ച ഈ വമ്പന്‍ ചിത്രം വിതരണം ചെയ്യുന്നത് ധില്ലിന്‍ മേത്ത കൂടി പങ്കാളിയായ ശ്രീ അഷ്ട വിനായക് സിനി വിഷനാണ്. മുമ്പ് ജബ് വീ മെറ്റ്, ഗോള്‍മാല്‍ റിട്ടേന്‍സ് പോലെയുള്ള സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്ത കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കൂതറ പടം നിര്‍മ്മിക്കാന്‍ ധില്ലന്‍ മേത്ത എങ്ങനെ തീരുമാനിച്ചു എന്നതില്‍ അതിശയം തോന്നുന്നു. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമ നിര്‍മ്മിക്കുകയായിരുന്നു ധില്ലന്റെ ഉദ്ദേശം എന്ന് തോന്നുന്നു. ആസ്ട്രേലിയന്‍ പോപ്പ്‌ താരം കൈലി മിനോഗ് മുഖം കാണിച്ച ചിത്രത്തില്‍ ഇന്നത്തെ ഹിന്ദിയിലെ സൂപ്പര്‍താരവും യുവജനങ്ങളുടെ താരവുമായ കത്രീന കൈഫും (നമ്മുടെ സല്‍മാന്‍ അണ്ണന്റെ കാമുകി) അതിഥി താരമായി എത്തുന്നു. നായകന്‍ സഞ്ജയ്‌ ദത്തും നായിക മുന്‍ ലോക സുന്ദരി ഡയാന ഹൈഡനും. ഒപ്പം സൈദ്‌ ഖാനും (നടന്‍ സഞ്ജയ്‌ ഖാന്റെ മകനും സാക്ഷാല്‍ ഹൃതിക്‌ റോഷന്റെ അളിയനും ഇദ്ദേഹം തന്നെ. ‍). ഇടയ്ക്ക് വില്ലനായി എത്തുന്നത് മുന്‍ സൂപ്പര്‍ മോഡലായ രാഹുല്‍ ദേവ്, മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്നത്തെ ബോളിവുഡ്‌ ആക്ഷന്‍ സൂപ്പര്‍സ്റ്റാറായ അക്ഷയ്‌ കുമാറും. എന്തായാലും താരബാഹുല്യം കൊണ്ട് ബ്ലൂ സമ്പന്നമാണ്.

ചിത്രത്തിന്‍റെ കുറേഭാഗം തായ്ലണ്ടിലും ബാക്കിഭാഗം ബഹാമാസിലും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയില്‍ കിടക്കുന്ന നിധി ( ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ്‌കാര്‍ തട്ടിയെടുത്ത സമ്പത്ത് പണ്ടൊരു കപ്പലില്‍ തിരികെ കൊണ്ടുവരുന്നതിനിടയില്‍ മുങ്ങിയതു) മുങ്ങിയെടുക്കാന്‍ സഞ്ജയ്‌ ദത്തിനെ പ്രോല്‍സാഹിപ്പിക്കുന്ന അക്ഷയ്‌ കുമാറിന്റെ കഥാപാത്രം നിരാശനായി തീരുന്നതും ഒടുവില്‍ സഞ്ജയ്‌ ദത്തിന്റെ സഹോദരനെ തായ്ലണ്ടില്‍ കുടുക്കുകയും അങ്ങനെ സഞ്ജയ്‌ദത്തിനെ നിധിവേട്ടയ്ക്ക് നിര്‍ബ്ബന്ധിതനാക്കുകയും ഒടുവില്‍ ഈ ചതി സഞ്ജയ്‌ ദത്തിന് മനസ്സിലാവുകയുമാണ് പ്രമേയേം. കൂടുതല്‍ പറഞ്ഞു കഥ പരസ്യമാക്കുന്നില്ല.

എന്തായാലും തികച്ചും വെത്യസ്തമായ പ്രമേയം കടലില്‍ അല്ലെങ്കില്‍ വെള്ളത്തിനുള്ളിലുള്ള ഷൂട്ടിങ്ങിന് വേണ്ടി തെരഞ്ഞെടുത്താണ് എന്ന് ചുരുക്കും. ഡിസ്കവറി, ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജിയോ ഗ്രാഫിക് ചാനല്‍ എന്നിവ കാണുന്ന ഇന്നത്തെ തലമുറയ്ക്ക് ഈ കടലിനടിയിലെ ദൃശ്യം കണ്ടാല്‍ അത്ഭുദം തോന്നുമെന്ന് കരുതുന്നില്ല. കുറഞ്ഞപക്ഷം ഒരു ഒന്നര പതിറ്റാണ്ട് മുമ്പായിരുന്നെകില്‍ ഒരുപക്ഷെ ഞെട്ടി നോക്കി നിന്നുപോയേനെ..

ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവായ എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും സംഗീതവും പശ്ചാത്തലവും നിര്‍വചിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ അത്ര ഇമ്പമേറിയത് എന്ന് പറയാന്‍ കഴിയില്ല. റസൂല്‍ തന്റെ കടമ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. റസൂലേ നീയെങ്കിലും കാത്തു അല്ലെങ്കില്‍ റസൂലേ നിന്‍ കനിവാലെ.... ചിത്രത്തിന്‍റെ അവതരണം തീര്‍ത്തും പരിതാപകരം എന്നെ പറയേണ്ടൂ. ആക്ഷന്‍ രംഗങ്ങള്‍ മിക്കവയും നല്ല നിലവാരം എന്ന് പറയാന്‍ കഴിയില്ല. ചിലതാകട്ടെ നമ്മുടെ തമിഴ്‌ ചിത്രങ്ങളിലെപ്പോലെ അതിശയോക്തിയുടെ ഉത്തുംഗതയില്‍ ആണെങ്കില്‍ ചിലതാകട്ടെ സാധാരണ നിലവാരം പോലുമില്ലാത്തവയും.. ചില കാര്‍, ബൈക്ക്‌ ചേസിംഗ് ഹോളിവൂഡ് ചിത്രങ്ങളിലെ പോലെയെങ്കില്‍ ചില ആക്ഷന്‍ രംഗങ്ങള്‍ (പ്രത്യേകിച്ചും വില്ലന്‍ സഞ്ജയ്‌ ദത്തിന്റെ വീട്ടില്‍ നടത്തുന്നത്) തീര്‍ത്തും കൂതറതന്നെ.

ചിത്രം കാണുന്ന കാഴ്ചക്കാരന്‍ ചിന്തിക്കുന്നത് ഒന്നുമാത്രമായിരിക്കും. നൂറു കോടി ചിലവാക്കാന്‍ വേറെ മാര്‍ഗ്ഗം ഒന്നുമില്ലേ... ചിത്രത്തിന്‍റെ ഉദ്ദേശം നൂറുകോടി ചിലവാക്കുക എന്നതുമാത്രം. ഒപ്പം ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചിലവേറിയ ചിത്രമെന്നുള്ള പേരും. നിര്‍മ്മാതാവ് കഴിഞ്ഞ കുറെ ചിത്രങ്ങളിലെ ലാഭം തീര്‍ക്കാന്‍ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ എന്നും സംശയം തോന്നുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ വില്ലന്‍ തീര്‍ത്തും സഹതാപം അര്‍ഹിക്കുന്നു. സ്വതവേ ഭാവങ്ങള്‍ മുഖത്ത്‌ വരില്ലെന്ന ദുഷ്പേരുള്ള രാഹുല്‍ദേവ് തന്റെ പ്രകടനത്തിലൂടെ അത് തെളിയിക്കുന്നു. സാഗര്‍ ഏലിയാസ്‌ ജാക്കിയിലൂടെ മലയാളത്തിലും ഇഷ്ടന്‍ അത് തെളിയിച്ചിരുന്നു. അക്ഷയ്‌ കുമാറിന്റെയും സഞ്ജയ്‌ ദത്തിന്റെയും അഭിനയം ശരാശരി മാത്രം. നായികമാര്‍ക്ക് പ്രത്യേക പ്രാധാന്യം ഇല്ലാത്ത ചിത്രത്തില്‍ അവരുടെ റോളിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അന്തോണി ഡിസൂസയ്ക്ക് ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിമാനിക്കത്തക്ക ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. ചില അടിപൊളി സംഘട്ടന രംഗങ്ങള്‍ ഒഴിച്ചാല്‍ (അതും സ്റ്റണ്ട് സംവിധായകന്‍ മിടുക്കന്‍ ആയതുകൊണ്ട് എന്ന് പറയേണ്ടി വരും) ചിത്രത്തില്‍ പ്രത്യേകിച്ച് വല്ലതുമുണ്ടോ എന്നുപറയാന്‍ കഴിയില്ല.

എന്തായാലും നൂറു കോടി മുടക്കി ഒരു സിനിമ എടുക്കാന്‍ ബോളിവുഡ്‌ വളര്‍ന്നു എന്നത് അഭിമാനിക്കാന്‍ വകയുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ പേരിന്റെ കൂടെ നൂറു കോടി മുടക്കാനുള്ള സംവിധായകനും നമുക്കുണ്ടെന്ന് പുറം ലോകം അറിയട്ടെ.. അല്ലാതെ പിന്നെ. പക്ഷെ ഈ നൂറുകോടി മുടക്കി ഹോളിവുഡ്‌ ചിത്രത്തോട് കിടപിടിക്കുന്ന ചിത്രമോ അല്ലെങ്കില്‍ ലോകനിലവാരത്തില്‍ ഉള്ളചിത്രമോ നിര്‍മ്മിക്കാതെ ആഡംബരം കാണിച്ചു പ്രേക്ഷകനെ കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ നിര്‍മ്മാതാവിന്റെ കൈ പോള്ളുകയെ ഉള്ളൂ. തമിഴിലെ ശങ്കര്‍ ചിത്രങ്ങളില്‍ കോടികള്‍ മുടക്കുമ്പോള്‍ കുറഞ്ഞപക്ഷം കാഴ്ചക്കാരന് ആസ്വദിക്കാനുള്ള വകയെങ്കിലും ഉണ്ടാവും. ഇവിടെ അതും നാസ്തി..

എന്തായാലും ഒറ്റവാക്കില്‍ കൂതറ പടം തന്നെ. കണ്ടിട്ട് പൈസ കളയുകയോ കാണാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരുടെ മനോധര്‍മ്മം പോലെ..

Wednesday, November 4, 2009

197.പണിക്കരെ എന്നെ വിട്...

പണിക്കരുടെ കഴിഞ്ഞ പോസ്റ്റില്‍ ബ്ലോഗ്‌ കവി കാപ്പിലാനുമായുള്ള ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഇന്റര്‍വ്യൂന്റെ വിഷയം ഇഞ്ചിയും ജട്ടിയും ഉള്‍പ്പെടുന്ന സമീപകാലത്തെ വിവാദ വിഷയം തന്നെ. പ്രസ്തുതവിഷയത്തില്‍ സുനില്‍ പണിക്കര്‍ കാപ്പിലാനോട് ചോദിച്ച ചോദ്യമാണ് കൂതറ തിരുമേനിയുടെ പോസ്റ്റിനാധാരം.

നമത് പണ്ടൊരിക്കല്‍ എഴുതിയ പോസ്റ്റാണ് ഇന്ന് ഇഞ്ചി പെണ്ണിനെക്കൊണ്ട് ഒരു ജട്ടി സംഭാവന ചെയ്യാന്‍ കാരണമാക്കിയത്. പ്രസ്തുത പോസ്റ്റിന്റെ കാരണം എന്തായിരുന്നുവെന്ന് സാക്ഷാല്‍ നമതിനു മാത്രമേ പറയാന്‍ സാധിക്കൂ. അതുപോലെതന്നെ പോസ്റ്റിന്റെ മറുപടിയായ ഇഞ്ചിയുടെയും പിന്നീട് വന്ന ചിത്രകാരന്‍, കാപ്പിലാന്‍ തുടങ്ങിയവരുടെയും പോസ്റ്റിന്റെ കാരണങ്ങള്‍ അതെഴുതിയവര്‍ മാത്രമേ പറയാന്‍ കഴിയൂ. കാരണം അതെല്ലാം തന്നെ അവരവരുടെ തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ്. അതിലൊന്നും തന്നെ കൂതറ തിരുമേനി ഇടപെടാന്‍ ആഗ്രഹിക്കുന്നുമില്ല. ഇട്ടു മുഷിഞ്ഞ ഷഡ്ഢിയോ പുതിയ ഷഡ്ഢിയോ ഇഞ്ചി കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ആവാം. അതിനും കൂതറ തിരുമേനിയുടെ മറുപടിയുടെയോ അഭിപ്രായത്തിന്റെയോ ആവശ്യമില്ല.

എന്നാല്‍ കാപ്പിലാനുമായുള്ള അഭിമുഖത്തില്‍ കൂതറതിരുമേനി "കാപ്പിലാന്റെ ജന്മനാലുള്ള തറ സ്വഭാവമാണ്‌ ഈ ഷഡ്ഡിപുരാണമെന്ന്‌ കൂതറ തിരുമേനി" എന്നുള്ള അത്യന്തം മോശമായതും നിരുത്തരവാദപരവും വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മനപ്പൂര്‍വം ഇട്ടുകൊടുത്തതുമായ ചോദ്യം ചോദിക്കുകയുണ്ടായി. ഇത്തരം വാസ്തവ വിരുദ്ധമായ ചോദ്യങ്ങള്‍ ഒട്ടും മനസാക്ഷിയില്ലാതെ ഉള്‍പ്പെടുത്തുവാന്‍ എങ്ങനെ ശ്രീ.പണിക്കര്‍ തീരുമാനിച്ചു.. പണിക്കര്‍ കുറഞ്ഞപക്ഷം അത്തരം ഒരു പ്രസ്താവന കൂതറ തിരുമേനി നടത്തിയോ എന്നെങ്കിലും ആലോചിക്കാതെ ചോദ്യം എങ്ങനെ ക്വോട്ട് ചെയ്തു..

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിമാത്രം യാതൊരു ബ്ലോമൂഹ്യ പ്രതിബദ്ധതയും ഇല്ലാതെ ഇത്തരം അഭിമുഖങ്ങള്‍ നടത്തുന്നത് തെറ്റാണ്. കുറഞ്ഞപക്ഷം അത്തരം തെറ്റായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പണിക്കര്‍ മനസ്സുകാട്ടണം. യാതൊരു അവസരത്തിലും കാപ്പിലാനോട് അത്തരം ഒരു ആരോപണം നടത്തിയതായി ഓര്‍ക്കുന്നില്ല. തന്നെയുമല്ല ജട്ടി പുരാണത്തില്‍ യാതൊരു വിധ താല്‍പ്പര്യങ്ങളും കൂതറതിരുമെനിയ്ക്കില്ല. ജട്ടി മുഷിഞ്ഞതായാലും ചിത്രപണി നടത്തി പുതുതായി കൊടുക്കുന്നതായാലും ഗോപനീയമായിരിക്കേണ്ട കാരണം അങ്ങനെ തന്നെ വേണം എന്നപക്ഷക്കാരന്‍ ആണ് കൂതറ തിരുമേനി...

പണിക്കര്‍ ബൂലോഗത്ത് സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കണം എന്നുപറയില്ല. തകര്‍ക്കാന്‍ ശ്രമിക്കരുത്.. താങ്ക്സ്.

Monday, November 2, 2009

196.അങ്ങനെ അവന്‍ ഇവിടെയുമെത്തി...

ഒരു ചെറു പോസ്റ്റാണിത്. കാന്താരിയെന്തിനു ധാരാളം എന്നത് പോലെത്തന്നെ പോസ്റ്റിന്റെ വിഷയവും.. മുമ്പൊരിക്കല്‍ അമേരിക്കയില്‍ ഉള്ള എന്റെ ഒരു ചങ്ങാതിയെ വിളിച്ചപ്പോള്‍ (ഹേ... നിങ്ങള്‍ കരുതുന്ന മറ്റേ പുള്ളിയല്ല...) അദ്ദേഹത്തിന്റെ സഹോദരീ പുത്രന്‍ ഒരു ഡീ അഡിക്ഷന്‍ സെന്ററിലാണെന്ന് പറയുകയുണ്ടായി. ഒരു രസത്തിനായി തുടങ്ങിയ ഐസ്‌ എന്നാ ഓമനപ്പേരില്‍ അറിയുന്ന മേത്തെംഫെറ്റമീന്‍ ഇപ്പോള്‍ പയ്യനെ ഭ്രാന്താവസ്ഥയില്‍ എത്തിച്ചുപോലും. ഒരു ചെറിയ അളവില്‍ എടുത്താല്‍ അമിതമായ ലൈംഗികശേഷിയും ആസക്തിയും പ്രദാനം ചെയ്യുന്ന ഐസിനെ പിന്നീട് പയ്യന്‍ വിടാതെ പിന്തുടരുകയായിരുന്നു.

ബ്രൌണ്‍ ഷുഗര്‍ പോലെയുള്ള മയക്കുമരുന്നുകളെക്കാള്‍ വിലക്കുറവ്‌ ഉണ്ടെന്നതാണ് ഇതിന്റെ ഒരു ഗുണം. ഒപ്പം കിട്ടാന്‍ അത്രയധികം വിഷമവുമില്ല. കുറെയൊക്കെ ആശുപത്രികളില്‍ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഇവ അത്രകണ്ട് ബുദ്ധിമുട്ടില്ലാതെ ലഭിക്കും. അമേരിക്കയിലും കാനഡയിലും ഇതിനെതിരെ നിയന്ത്രണം വന്നുകൊണ്ടിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ജപ്പാന്‍ ,തായ്ലാന്‍ഡ്‌ , ഇന്തോനേഷ്യ, ബര്‍മ മുതല്‍ സൌത്ത് ആഫ്രിക്ക വരെ ഈ അസുരന്‍ തന്റെ പിടിമുറുക്കി കഴിഞ്ഞു.

ഇതിന്റെ മറ്റൊരു പ്രധാന സൗകര്യം ഉപയോഗിക്കാനുള്ള രീതികളാണ്. ഇന്‍ജെക്റ്റ്‌ ചെയ്തും, മൂക്കിലൂടെ വലിച്ചും, പുകവലിച്ചും മാത്രമല്ല ഗുദത്തില്‍ നിക്ഷേപിച്ചും ഇത് പ്രയോഗിക്കാം. എന്തായാലും ഇത്രയധികം മാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ടാവാം ഈ മരുന്ന് അനുദിനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു.. കൂതറ തിരുമേനി ഏറ്റവും ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ ഈ മരുന്ന് നമ്മുടെ ഭാരതത്തിലും ലഭ്യമാണ്. "ഭൂല്‍ ഭുലയ്യ" എന്നാ ഓമനപ്പേരില്‍ ഇന്ന് നമ്മുടെ ഭാരതത്തിലും ഇത് ലഭ്യമാണ്. നമുക്കും കുടുംബത്തിനും രാജ്യത്തിനും ഗുണകരമായ കര്‍മ്മങ്ങള്‍ ചെയ്യേണ്ട ഈ പ്രായത്തില്‍ നമ്മുടെ യുവത്വം ഈ മയക്കുമരുന്നിന് അടിമയാകുന്നത് ചിന്തിയ്ക്കാന്‍ പോലും വയ്യ. ഈ വിനാശമാര്‍ഗ്ഗത്തെ നാം സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യാം..

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Sunday, November 1, 2009

195. പിഷാരടിക്കവിതകളിലെ സര്‍ഗ്ഗോന്‍‍മാദം

ആധാരം: വഴിയാധാരമല്ല, ഷാരടിക്കവിതയാണ്

ഇവിടുത്തെ ഷാരടിയുടെ ആദ്യ പോസ്റ്റാണിത്. കേരളപ്പിറവി ദിനത്തില്‍ സമാരാദ്ധ്യനായ കൂതറത്തിരുവടി തിത്തിരുമേനിയുടെ പാദാരവിന്ദങ്ങളില്‍ വില്ലു പോലെ കുനിഞ്ഞു കുമ്പിട്ടുകൊണ്ട് ഷാരടിയുടെ ആദ്യ പോസ്റ്റ് പൂശട്ടെ.

ഷാരടി ബൂലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് പലരോടും അഭ്യര്‍ത്ഥിക്കുകയുണ്ടായി ഷാരടി ജീവിതത്തിലാദ്യമായി കത്തിക്കാത്ത സിഗരറ്റ് വലിച്ചും, സ്വയം ചര്‍ച്ച ചെയ്തും കഷ്ടപ്പെട്ടെഴുതിയ
കവിത ഒന്നു നിരൂപിച്ചു തരാന്‍. ഷാരടിയേക്കാള്‍ വിവരമുള്ളതുകൊണ്ടാവാം ആരും മൈന്‍ഡ് ചെയ്തില്ല. ഷാരടിക്കാണേല്‍ സമാനചിന്താഗതിക്കാരും ഷാരടീസ്‌ സ്റ്റൈല്‍ ഓഫ് ലാംഗുവേജ്‌ തിരിച്ചറിയുന്നവരുമായ പൊന്നു ചങ്ങാതിമാരുമില്ല. ആ വിഷമം തീര്‍ക്കാന്‍ ഷാരടി പേരൂര്‍ ഷാപ്പിലെ അന്തി മുഴുവനും ഒറ്റക്കു കുടിച്ചു തീര്‍ത്തിട്ടും ആ വേദനയങ്ങട്‌ മാറണില്ല. എന്നാല്‍ പിന്നെ സ്വയം അങ്ങട് നിരൂപിച്ചു കളയാമെന്ന് തീരുമാനിച്ചു. മലയാളം ബ്ലോഗിന്‍റെ ഒരു കീഴ്വഴക്കമനുസരിച്ച് സ്വന്തം കവിതയെ സ്വന്തം ബ്ലോഗിലിട്ടു തന്നെ നിരൂപിച്ചാല്‍ ആള്‍ക്കാര് സമ്മതിക്കുവേല. കണ്ടില്ലേ അവന്‍റെ ആത്മപ്രശംസ എന്നു ചോദിക്കും. അതുകൊണ്ടാണ് കൂതറത്തിരുമേനി അവര്‍കളുടെ ബ്ലോഗില്‍ തന്നെ അവലോകിച്ചു കളയാമെന്ന് കരുതിയത്. തിരുമേനീ സദയം അനുവദിച്ചാലും.

ഷാരടിക്കവിതയുടെ പ്രധാന മര്‍മ്മം എന്നു പറയുന്നത്, ആനുകാലികപ്രശ്നങ്ങളുടെ അന്തര്‍ധാരയിലൂടെ നുഴഞ്ഞു കയറുന്ന പ്രതിധ്വംസനാത്മകമായ ചിന്തയുടെ അഗ്നിജ്വാലകളെ ലോകത്തില്‍ ഷാരടിക്കു മാത്രം മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. ഇതിനായി ഷാരടി വികസിപ്പിച്ചെടുത്ത ഭാഷാശാഖയാണ് ഷാരടീയം. ഷാരടീയ ഭാഷയുടെ മേന്‍‍മയെന്തെന്നാല്‍ അബ്‌സ്ട്രാക്റ്റ് സാഹിത്യത്തിന്‍റെ നൂലാമാലകളെ അതി വിദഗ്ധമായി അന്തഃസ്സന്നിവേശം ചെയ്യിപ്പിക്കാനുള്ള അതിന്‍റെ ഡെപ്താണ്.

ഉദാഹരണമായി, ഉള്ളില്‍ ഒരു ഒതളങ്ങ പെട്ടു പോയി എന്ന് മനസ്സിലാകുമ്പോള്‍ എന്ന് ഷാരടീയം ഭാഷയില്‍ പറയുമ്പോള്‍ ഒറ്റനോട്ടത്തില്‍ അതാര്‍ക്കും, മനസ്സിലാകില്ല. കാരണം ഷാരടിയുടെ ബ്ലോഗ് വായിക്കാന്‍ വരുന്ന പമ്പരവിഡ്ഢീകൂശ്മാണ്ഡങ്ങള്‍ക്കുണ്ടോ ഷാരടിയുടെ അത്രയും ബുദ്ധിയും വിവരവും ലോകപരിചയവും? ഷാരടിയുടെ സാഹിത്യത്തിന്‍റെ അന്തര്‍ധാരകളെ നാട്ടുകാര്‍ക്കു വിശദീകരിച്ചു കൊടുക്കുക പതിവില്ലെങ്കിലും ഇന്നിപ്പോള്‍ നിലനില്‍‍പ്പിന്‍റെ പ്രശ്നമായതുകൊണ്ടും, സഹായിക്കാന്‍ മറ്റാരുമില്ലാത്തതു കൊണ്ടും ഷാരടി വിശദീകരിക്കാം.

ഒതളങ്ങ ഒതളങ്ങ എന്നു വച്ചാല്‍ എന്താണ് സുഹൃത്തുക്കളേ? ഉരുണ്ടിരിക്കുന്ന ഒതളങ്ങ നമ്മുടെ ഭൂഗോളത്തിന്‍റെ പ്രതീകമാണ്. എന്നാല്‍ ഷാരടി ഉദ്ദേശിച്ചത് ഭൂഗോളത്തെയുമല്ല എന്നതാണ് സത്യം. ഇഷാണ് ഷാരടീയം ശൈലിയുടെ പ്രത്യേകത. കാണുമ്പോള്‍ ചക്കാണെന്നു തോന്നും, അടുത്ത് ചെല്ലുമ്പോള്‍ ചക്കയാണെന്നു തോന്നും, ചക്ക തിന്നുകളയാമെന്നു കരുതി എടുത്തു നോക്കുമ്പോള്‍ അത് കൊക്കായിട്ടു പറന്നു പോകും. ഷാരടി ഒതളങ്ങ കൊണ്ടുദ്ദേശിച്ചത് ചന്ദ്രനെയാണ്. സാക്ഷാല്‍ അമ്പിളിയമ്മാവന്‍!. ഉള്ളില്‍ ഒരു ഒതളങ്ങ പെട്ടു എന്നു പറയുമ്പോള്‍ ഒരു ബഹിരാകാശ പരീക്ഷണശാലയെക്കുറിച്ചാണ് പരാമര്‍ശം. അവിടുത്തെ ഒരു ശാസ്ത്രജ്ഞന്‍റെ മാസ്സില്‍ ചന്ദ്രന്‍ ചന്ദ്രന്‍ എന്ന ചിന്താഗതി കടന്നു കൂടി എന്നു വ്യംഗ്യം. ആവര്‍ത്തിച്ചു വയറിളകാനുള്ള കഴിവു കൊണ്ടുദ്ദേശിച്ചത് ആവര്‍ത്തിച്ച് പരീക്ഷണം നടത്തി വിജയത്തിലെത്താനുള്ള സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ ഏതൊരു പരീക്ഷണത്തിനും വിലങ്ങുതടിയായി വരാറുണ്ടെന്ന സത്യം.

വയറിനടിയില്‍ നിന്ന്
ഒതളങ്ങയെ അമേദ്ധ്യക്കഷണങ്ങളായി
രൂപാന്തരം പ്രാപിപ്പിക്കാനുള്ള
ചില ഒറ്റമൂലികളാണ്
ഞാന്‍ അന്വേഷിക്കുന്നത്


അതായത്, ചന്ദ്രന്‍റെ ഉപരിതലത്തിലെ ജലകണികകളെ ഖരരൂപത്തിലാക്കി ഭൂമിയിലെത്തിക്കാനുള്ള സാങ്കേതികവിദ്യകളേക്കുറിച്ചാണ് കവി അനേഷിക്കുന്നത്.

കക്കൂസില്‍,
ആര്‍ത്തിരമ്പുന്ന വയറുമായി
ഇരിക്കേണ്ടി വരുന്ന
അവസ്ഥ ഒന്നോര്‍ത്തു നോക്കൂ

സ്വന്തം പരീക്ഷണശാലയില്‍ അടങ്ങാത്ത ആവേശം, ശുഷ്കാന്തി ഇവകളുമായി ഇരിക്കേണ്ടി വരുന്ന ശാസ്ത്രജ്ഞന്‍റെ മാനസികാവസ്ഥയെ വരച്ചു കാട്ടുന്നു കവി ഈ വരികളിലൂടെ.

പുറത്തേക്ക് പുറത്തേക്ക്
ആരവങ്ങളോടെ ആഞ്ഞു പതിക്കുന്ന ‘സാധനം’
ആഴിയില്‍ ഉല്‍ക്കയെന്നപോലെ
പതിക്കുമ്പോള്‍
ക്ലോസറ്റിന്‍റെ ഭിത്തികളിലേക്ക്
സുനാമി പോലെ വന്നു പതിച്ച്
ചിതറിത്തെറിക്കുന്ന
അമേദ്ധ്യകണികകള്‍
അവയുടെ ഗന്ധം

കണ്ടോ കണ്ടോ, പുറത്തേക്ക് പുറത്തേക്ക് എന്നുള്ളത് അങ്ങു ദൂരെ ചന്ദ്രനിലേക്ക് പാഞ്ഞടുക്കുന്ന ശാസ്ത്രജ്ഞന്‍ കണ്ടു പിടിച്ച പര്യവേക്ഷണ ഉപഗ്രഹത്തെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതു കണ്ടോ? അത് ചന്ദ്രനില്‍ ചെന്നു പതിക്കുന്നതിനെ സുനാമിയോടുപമിച്ചിരിക്കുന്നു കവി!. ചിതറിത്തെറിക്കുന്ന ജലകണികകളെയാണ് തുടര്‍ന്നു വരുന്ന വരികളിലൂടെ കവി സ്വപ്നം കാണുന്നത്. ഗന്ധം എന്ന് പ്രതീകവത്കരിച്ചിരിക്കുന്നത് ആ വെള്ളത്തുള്ളികള്‍ ദേഹത്തു വീഴുമ്പോഴുണ്ടാകാവുന്ന കുളിരും, രോമാഞ്ചവുമാണ്. കവിയുടെ കയ്യടക്കം ദര്‍ശിക്കാവുന്ന വരികളാണിവ.

ആ പ്രയോഗം അങ്ങട്‌ ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പാണ്
പ്രസ്തുത അമേദ്ധ്യങ്ങളെ ഒതളങ്ങയായി കരുതിയാല്‍
പല പ്രാവശ്യമായുള്ള ഒറ്റമൂലിപ്രയോഗം
രസകരമായ ആ അനര്‍ഘനിമിഷങ്ങളെ ധ്വനിപ്പിക്കുന്നതു കാണാം

ഈ പരീക്ഷണം വിജയിച്ചാലും ഇല്ലെങ്കിലും, നമുക്ക് വ്യക്തമായ റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ വെള്ളത്തുള്ളി ചിതറിത്തെറിക്കുന്നതു പോലെ തോന്നിയത് വെള്ളത്തുള്ളിയല്ലായിരുന്നു മറിച്ച് അങ്ങോട്ടേക്ക് റോക്കറ്റില്‍ കയറ്റിവിട്ട പര്യവേക്ഷണ ഉപഗ്രഹം പൊട്ടിത്തെറിച്ച് ചിന്നിച്ചിതറി പണ്ടാരമടങ്ങിപ്പോയതാണെന്ന് കരുതിക്കോണം എന്ന് കവി മുന്നറിയിപ്പു തരുന്നു. എങ്കിലും പലപ്രാവശ്യം ആവര്‍ത്തിക്കുന്ന ഈ പരീക്ഷണം തികഞ്ഞ ആത്മസംതൃപ്തി പകര്‍ന്നു തരുന്ന അനര്‍ഘനിമിഷങ്ങളായി നമ്മില്‍ അവശേഷിക്കും എന്നും ശുഭാപ്തിവിശ്വാസിയായ കവി ധൈര്യപ്പെടുന്നു.

ഉദാഹരണത്തിന്
ആന്‍റിപര്‍ - വയറിളകാന്‍
റാന്‍‍ബാക്സി - മരുന്നുകമ്പനി
യൂറോപ്യന്‍ ക്ലോസറ്റ് - ഇരുന്നു കാര്യം സാധിക്കാന്‍
കുഴി - സര്‍ക്കസ്സ് അഭ്യസിച്ചവര്‍ക്കു മാത്രം

ഇത് തികച്ചും സാങ്കേതികമായ ഭാഷയെ ഷാരടീയത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന, കാവ്യശാഖയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ടുന്ന വരികളാണ്. ആന്‍റിപര്‍ എന്ന് കവി ഉദ്ദേശിച്ചിരിക്കുന്നത് ആന്‍റി ഗ്രാവിറ്റിയെ ആണ്. അത് ചന്ദ്രനിലേക്കുള്ള സുഗമമായ ലാന്‍ഡിംഗിന് ഉപഗ്രഹത്തെ സഹായിക്കും. മരുന്നുകമ്പനിയുടെ പേര് സ്വന്തം പരീക്ഷണശാലയെ ദ്യോതിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ പരീക്ഷണശാലയുടെ പേരോ മറ്റു വിശദാംശങ്ങളോ ബുദ്ധിമാനായ കവി എഴുതിച്ചേര്‍ക്കാഞ്ഞത് ഭീകര ആക്രമണങ്ങളെയോ മറ്റോ മുന്‍‍നിര്‍ത്തി ആകാനേ വഴിയുള്ളൂ.

ഇരുന്നു കാര്യം സാധിക്കാന്‍ യൂറോപ്യന്‍ ക്ലോസറ്റ് എന്നവരികളില്‍ സമാധാനമായും, പൂര്‍ണ്ണമായും ഈ ഗവേഷണപദ്ധതി വിജയം കാണാന്‍ വേണ്ടി വന്നാല്‍ യൂറോപ്യന്‍ സാങ്കേതിക വിദ്യ സഹകരണാടിസ്ഥാനത്തില്‍ ഉപയോഗിക്കും എന്നാണ് സൂചിപ്പിക്കുന്നത്.

കുഴി തീര്‍ച്ചയായും ചന്ദ്രോപരിതലത്തിലുള്ള ഗര്‍ത്തങ്ങളെയും, സര്‍ക്കസ്സ് എന്ന വാക്കുകൊണ്ട് ആ ഗര്‍ത്തങ്ങളില്‍ പെട്ടു പോയേക്കാവുന്ന ഉപഗ്രഹത്തെ നിയന്ത്രിക്കാന്‍ സര്‍ക്കസ്സിനു തുല്യമായ കഠിനപരിശ്രമം ആവശ്യമായി വന്നേക്കും എന്നുമാണ്.

വയറ്റില്‍ കിടക്കുന്ന ഒതളങ്ങായുടെ പൊസിഷന്‍ എവിടെ
ഒതളങ്ങയോളം വരില്ല വേറൊരു കായും
എന്നിവ ഞാന്‍ അനുഭവിച്ചറിഞ്ഞ പാഠങ്ങളാണ്

ചന്ദ്രനിലെ ജലാംശത്തിന്‍റെ സ്ഥാനനിര്‍ണ്ണയത്തെ സംബന്ധിക്കുന്ന ഒരു തിയറിയാണിത്. കവി സ്വന്തമായി കണ്ടു പിടിച്ചത്. ചന്ദ്രനോളം ഇന്ദ്രനും വരില്ല എന്നതും കവിയുടെ കണ്ടെത്തലത്രേ. ഈ കണ്ടെത്തലിനെ ആധാരമാക്കിയാണ് ഈ പരീക്ഷണം മുന്‍പോട്ടുകൊണ്ടുപോകാന്‍ ശാസ്ത്രജ്ഞനായ കവി ഉദ്ദേശിക്കുന്നത്.

ഏതു കക്കൂസെന്ന്
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

ഈ പദ്ധതിക്കായി ഏതുപഗ്രഹമാണ് നിര്‍മ്മിക്കേണ്ടതെന്ന തീരുമാനം പൊതുജനങ്ങള്‍ക്കു വിട്ടുകൊടുത്തുകൊണ്ട് കവി തന്‍റെ കാവ്യ സപര്യ ജനകീയമാക്കുകയാണിവിടെ. ഉജ്ജ്വലമായ അവസാന രണ്ടു വരിയിലൂടെ കവിതയുടെ തീഷ്ണഭാവനയെ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കവിതയുടെ ഒരു പ്രത്യേക സങ്കേതത്തെക്കൂടി കവി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെ കക്കൂസ് എന്ന മാധ്യമം കവി തിരഞ്ഞെടുത്തിരിക്കുന്നത് കവിതയുടെ ഗന്ധസമാനമായ വ്യാപനത്തിന്‍റെ പ്രതീകമായിട്ടാണെന്നു പറയാതെ വയ്യ.

ഇത്തരം അബ്‌സ്ട്രാക്റ്റ് കവിതകളോടുള്ള ജനങ്ങളുടെ വിമുഖത പലപ്പോഴും കവിതയുടെ സ്വീകാര്യതയെ ബാധിക്കും. എന്നാലും നാളെ ഷാരടി അത്യുത്തരാധുനികോത്തരകാവ്യശാഖയുടെ ആവിഷ്കര്‍ത്താവെന്ന നിലയില്‍ (കുറഞ്ഞ പക്ഷം ഷാരടിയുടെ പെണ്ണുമ്പിള്ളയുടെ ഭര്‍ത്താവെന്ന നിലയില്‍ മാത്രമെങ്കിലും) മലയാളിമനസ്സുകളില്‍ ഷക്കീലച്ചിത്രത്തിന്‍റെ പോസ്റ്റര്‍ പോലെ പതിഞ്ഞു തെളിഞ്ഞിരിക്കുമെന്ന് കാലന്‍‍ ഷാരടിയെ കൊണ്ടുപോയില്ലെങ്കില്‍ കാലം തെളിയിക്കും.

കവിത എല്ലാവര്‍ക്കും മനസ്സിലാവുകയും, നിരൂപണം കവിതക്ക് വ്യക്തത പകരുകയും ചെയ്തെന്നു വിശ്വസിക്കുന്നു.