തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, October 14, 2011

311.യഥാര്‍ത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതാണോ?

ബസില്‍ പോക്കറ്റടിച്ചെന്ന സംശയത്തില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം കേരളീയര്‍ക്കാകെ അപമാനകരമാണ്. ബിഹാറിലും മറ്റും നാട്ടുകാര്‍ സംഘം ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്നതിന്റെ തനിപ്പകര്‍പ്പാണ് ഇവിടെയുണ്ടായത്. ഇത് തീര്‍ത്തും മനുഷ്യത്വരഹിതവും ക്രൂരവും അപലപനീയവുമായ നടപടിയാണെന്നു പറയേണ്ടിയിരിക്കുന്നു.


പോക്കറ്റടിച്ചെന്ന് ആരോപിക്കപ്പെടുന്നയാള്‍ സ്വര്‍ണം പണയം വച്ചു ലഭിച്ച പണമാണ് കൈവശം സൂക്ഷിച്ചിരുന്നതെന്നാണ് ഇപ്പോഴത്തെ വിവരം. അങ്ങനെയങ്കില്‍ അയാളുടെ നഷ്ടപ്പെട്ട ജീവന് ആരാണു സമാധാനം പറയുക? അഥവാ, പോക്കറ്റടിച്ചതാണെങ്കില്‍ക്കൂടി, ഒരാളെ നിഷ്കരുണം തല്ലിക്കൊല്ലാന്‍ ഏതു നിയമമാണ് അനുവദിക്കുക?


തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം. അതില്‍ തര്‍ക്കമില്ല. എന്നാല്‍, അതിന് അതിന്റേതായ രീതികളുണ്ട്. കുറ്റമറ്റ നിയമസംവിധാനമുള്ള ഒരു രാജ്യത്ത് ഇത്തരം ജനകീയ പൊലീസിംഗ് ആവശ്യമില്ല. ഏതെങ്കിലും കേസിലെ പ്രതിയെപ്പോലും മര്‍ദിക്കാന്‍ ഇവിടെ ആരെയും നിയമം അനുവദിക്കുന്നില്ല. പൊലീസിനടക്കം ഇതെല്ലാം ബാധകവുമാണ്. കുറ്റം തെളിയിക്കാന്‍ മൂന്നാംമുറ പ്രയോഗിക്കുന്നത് നിയമപരമായി തെറ്റാണെന്നിരിക്കെ, ജനങ്ങള്‍ കൂട്ടം കൂടി ഒരാളെ തല്ലിക്കൊല്ലുന്നതിനെ ഏതു വിധത്തിലാണ് അനുകൂലിക്കാനാവുക? കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണമായും ഈ സംഭവത്തെ ചൂണ്ടിക്കാണിക്കാം.


കേരളത്തിലെ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും പൊതു സ്ഥലങ്ങളിലും പോക്കറ്റടി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കു തുണയാകുന്നത് പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ. പോക്കറ്റടിച്ചു കിട്ടുന്ന തുകയുടെ പങ്ക് കൃത്യമായി പൊലീസുകാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഇങ്ങനെ വിലസുന്നവരെ നേരില്‍ കാണാന്‍ കോട്ടയത്തോ ചങ്ങനാശേരിയിലോ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ ചെന്നാല്‍ മതി. പോക്കറ്റടിക്കാരെ പിടികൂടിയാല്‍ ഉടന്‍ തന്നെ പൊലീസ് ഇടപെടുന്നു. ഏറെ വൈകാതെ ജനക്കൂട്ടത്തിന്റെ ശ്രദ്ധയില്‍ നിന്നു പോക്കറ്റടിക്കാരനെ മാറ്റി രക്ഷപ്പെടുത്തുകയെന്നതാണ് പൊലീസിന്റെ രീതി. ഇതെല്ലാം അറിയുന്നവരാണ് ഇവിടെ ജീവിക്കുന്ന ജനങ്ങളെന്ന് തിരിച്ചറിയാന്‍ പൊലീസുകാര്‍ക്കു സാധിക്കണം. കുത്തഴിഞ്ഞ സംവിധാനമായി പൊലീസ് സേന മാറുന്നു എന്നത് തികച്ചും ദൗര്‍ഭാഗ്യകരം തന്നെ. പൊലീസിലേല്പിച്ചാല്‍ പോക്കറ്റടിക്കാര്‍ രക്ഷപ്പെടുമെന്ന് ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്കു പോലും അറിയാം.


ഒരു യുവാവിനെ തല്ലിക്കൊല്ലുന്നതിന് ഇതൊന്നും ന്യായീകരണമാവില്ലെങ്കിലും, സേനയില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച് പൊലീസ് അധികാരികളെ ചിന്തിപ്പിക്കാന്‍ ഈ സംഭവം സഹായകമാകണം.
യുവാവിനെ മര്‍ദിച്ചു കൊന്നതില്‍ ഒരാള്‍ ഒരു എംപിയുടെ ഗണ്‍മാനാണ് എന്നത് ഗൗരവമായിത്തന്നെ കാണണം. പൊലീസുകാര്‍ തന്നെ മര്‍ദനത്തിനു നേതൃത്വം നല്‍കിയെന്നതിന്റെ പൊരുള്‍ മറ്റു ചിലതാണ്. തനിക്കു പരിചയമില്ലാത്ത ഒരാളെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് തല്ലിക്കൊല്ലുമ്പോള്‍, യഥാര്‍ത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാന്‍ അനുവദിച്ചതാണോയെന്നും അന്വേഷിക്കണം. കുറ്റവാളികളില്‍ ഒരാള്‍ പൊലീസുകാരനായ സ്ഥിതിക്ക് ഇത്തരമൊരു അന്വേഷണം അത്യന്താപേക്ഷിതം തന്നെ. പോക്കറ്റടിക്കാരും പൊലീസുമായുള്ള അവിശുദ്ധ ബന്ധം അത്ര വലിയ രഹസ്യമൊന്നുമല്ലെന്നിരിക്കെ ഈ വിധത്തിലുള്ള അന്വേഷണം മറ്റു പല രഹസ്യങ്ങളിലേക്കുമുള്ള വഴിയായേക്കാം. പക്ഷേ, അന്വേഷിക്കുന്നതും പൊലീസുകാര്‍ തന്നെയാണെന്നിരിക്കെ ജനങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് എങ്ങനെ കരുതാനാവും.


കൊല്ലപ്പെട്ട രഘു സ്വര്‍ണം പണയം വച്ച പൈസയാണു കയ്യില്‍ കരുതിയിരുന്നതെന്നാണു ബന്ധുക്കള്‍ പറയുന്നത്. അങ്ങനെയെങ്കില്‍, ഈ കൊലപാതകത്തിന്റെ ഗൗരവം ഇരട്ടിയാകുന്നു. നഷ്ടമായ പണം എന്നു പറഞ്ഞ് തിരികെ പിടിച്ചെടുത്ത പണം ഇനി എവിടേക്കാണ് എത്തേണ്ടത്? യഥാര്‍ത്ഥത്തില്‍ പണം നഷ്ടമായിട്ടുണ്ടെങ്കില്‍ അത് എടുത്തത് ആരാണ്? മൂന്നാളുകള്‍ ചേര്‍ന്നാണു മര്‍ദനം നടത്തിയതെന്നാണ് ബസിലെ കണ്ടക്ടര്‍ അടക്കമുള്ളവര്‍ പറയുന്നത്. പിടിയിലായത് രണ്ടു പേര്‍ മാത്രം. അങ്ങനെയെങ്കില്‍ മൂന്നാമന്‍ ആരായിരുന്നു. യഥാര്‍ത്ഥ പ്രതി അയാളാണോയെന്നും അന്വേഷിക്കണം.


ഇവിടെ സാമൂഹികമായ വിഷയങ്ങളാണ് ഉയര്‍ന്നു വരുന്നത്. കാടന്‍ സംസ്കാരത്തിന്റെ കാലത്തേക്കുള്ള തിരിച്ചുപോക്കാണ് കാണുന്നത്. കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന പല നൂറ്റാണ്ടു പഴക്കമുള്ള നീതിബോധം പുതിയ തലമുറയിലേക്കു വളര്‍ന്നു പന്തലിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ത്തും നിസാരമായി കണ്ടുകൂടാ.
ആരെയെങ്കിലും മര്‍ദിക്കാനോ അവഹേളിക്കാനോ ഇന്ത്യന്‍ ശിക്ഷാനിയമം അനുവദിക്കുന്നില്ല. ജനങ്ങള്‍ സ്വയം ശിക്ഷവിധിക്കുന്നത് പരിഷ്കൃത സമൂഹത്തിനു നിരക്കാത്തതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൈശാചികമായ മുറകള്‍ വിദ്യാസമ്പന്നരായ കേരള ജനത എന്നും പുച്ഛത്തോടെയേ നോക്കിക്കണ്ടിട്ടുള്ളൂ. പുതിയ തലമുറയിലേക്കു ക്രിമിനല്‍ വാസന അതിവേഗത്തില്‍ പടരുന്നുണ്ടെന്നതിന്റെ സൂചനയായും ഈ സംഭവത്തെ കാണണം. ബസിലുള്ള മറ്റു യാത്രക്കാര്‍ തടസം പിടിച്ചിട്ടും ക്രൂരമായ മര്‍ദനം തുടര്‍ന്നവരുടെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. മര്‍ദനത്തെ തടസപ്പെടുത്താന്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചതായി കണ്ടക്ടര്‍ പറഞ്ഞിട്ടുണ്ട്. ബസില്‍ പോക്കറ്റടിയുണ്ടായാല്‍ അടുത്ത പൊലീസ് സ്റ്റേഷനിലേക്കു വണ്ടി എത്തിക്കുക എന്നതാണ് സാധാരണ രീതി. അതിനു പകരമായി, മര്‍ദനമുറ അഴിച്ചു വിടുകയും, ബസ് നേരേ ഗാരേജിലേക്കു കൊണ്ടുപോവുകയും ചെയ്തതില്‍ അസ്വാഭാവികതയുണ്ട്.


കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെങ്കിലും അല്ലെങ്കിലും, അതൊന്നും ഇത്തരം വീഴ്ചകള്‍ക്കുള്ള മറുപടിയാകുന്നില്ല. കേരളത്തില്‍ ഇത്തരം കാടത്തം നിറഞ്ഞ രീതികള്‍ ഇനിയെങ്കിലും ഉണ്ടായിക്കൂടാ. സര്‍ക്കാര്‍ ഇക്കാര്യം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കാം.

3 comments:

Unknown said...

കണ്ണൂർ സിംഗത്തിന്റെ തോക്കുതാങ്ങിക്കഥ http://baijuvachanam.blogspot.com/2011/10/blog-post_12.html

മണ്ടൂസന്‍ said...

അത് ഒരു സത്യമാ മാഷേ, യഥാർത്ഥ പോക്കറ്റടിക്കാരനെ രക്ഷപ്പെടാൻ അനുവദിച്ചതാകാനേ സാധ്യതയുള്ളൂ.

പഞ്ചാരകുട്ടന്‍ -malarvadiclub said...

കൊല്ലപ്പെട്ടയാള്‍ നിരപരാധിയാണെങ്കിലും അല്ലെങ്കിലും നമ്മുടെ സമൂഹത്തിന്റെ ഈ അഴിഞ്ഞാട്ടം ഒരിക്കുലും അനുവദിക്കാവുന്ന ഒന്ന് അല്ല
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍