തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, December 2, 2009

204.അച്ചടിയിലെ മാടമ്പികളും ബൂലോഗത്തെ അടിയാന്മാരും.

ചരിത്രാതീത കാലം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും അക്ഷരം അറിയാവുന്നവന്റെയും വായിക്കാനറിയാവുന്നവരുടെയും അറിവിന്റെയും വിനോദത്തിന്റെയും നല്ലൊരു ഉപാധിയായിരുന്നു അച്ചടി മാധ്യമങ്ങള്‍. എഴുപതുകളിലും എണ്‍പതുകളിലും സ്വന്തമായി പുസ്തകങ്ങളും പത്രങ്ങളും വാങ്ങിവായിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് വായനശാലകളിലൂടെ തുച്ചമായ പൈസമുടക്കി അംഗങ്ങള്‍ ആകുവാനും അങ്ങനെ വായിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഇതിന്റെ പ്രസക്തി കുറേശ്ശേയായി നഷ്ടപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദശാബ്ദത്തില്‍ കേരളത്തിലെ അഭ്യസ്തവിദ്യരും തൊഴിലന്വേഷികളുമായ ചെറുപ്പകാരുടെ ആശ്രയവും താവളവുമായി വര്‍ത്തിച്ച വായനശാലകള്‍ പിന്നീട് പ്രതാപം നഷ്ടപ്പെട്ടു ഇന്ന് ഏറെക്കുറെ ക്ഷയിച്ചു എന്നുപറയാം. കേരളത്തിലെ ചെറുപ്പകാര്‍ക്ക് എം.ടി.യെയും തകഴിയെയും മാത്രമല്ല ടോള്‍സ്റ്റോയിയെയും അഗതക്രിസ്തിയെയും മുതല്‍ കോട്ടയം പുഷ്പനാഥ് , പമ്മന്‍ വരെയുള്ളവരെയും പരിചയപ്പെടാന്‍ സഹായിച്ചത് കേരളത്തിലെ വായനശാലകള്‍ ആയിരുന്നു.

അന്നൊക്കെ ഈ എഴുത്തിനു പിന്നിലുള്ളവരെ കണ്ടിരുന്ന ആരാധനയ്ക്ക് കാലക്രമേണ കുറവ്‌ സംഭവിച്ചു എന്നുള്ളതും ഒരു വസ്തുതയാണ്. അതുപോലെ തന്നെ പത്രങ്ങളിലും മറ്റും എഴുതികൊണ്ടിരുന്നവരുടെ കാര്യവും അങ്ങനെ തന്നെ. വിദേശത്തു സംഭവിക്കുന്നത് ചൂടാറാതെ വായനക്കാരുടെ മുമ്പില്‍ എത്തിക്കുന്നവരോട് അല്പം ആരാധനയും ബഹുമാനവും ഉണ്ടായിരുന്നെന്നത് സത്യം തന്നെയാണ്. അതുകൊണ്ടൊക്കെ അക്കാലത്ത് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും തങ്ങള്‍ ഏതോ ദന്ത ഗോപുരത്തില്‍ വസിക്കെണ്ടാവരാണെന്ന മിഥ്യാ ധാരണയും തോന്നിയിരുന്നുവെന്നു വേണം പറയാന്‍. ഈ ദശാബ്ദത്തില്‍ നമ്മുടെയിടയിലേക്ക് പതിയെ കടന്നുവന്നു വേരോടി ചുവടുറപ്പിച്ച ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ് എഴുത്തും അടുത്ത ദാശാബ്ദത്തിന്റെയും ശതാബ്ദത്തിന്റെയും നാവായി എന്നതാണ് സത്യം. ഇതിനിടയില്‍ പലപ്പോഴും വളരെയേറെ കഴിവുള്ളവരും പ്രതിഭാശാലികളുമായവര്‍ താന്താങ്ങളുടെ കൃതികളുമായി ബ്ലോഗുകളിലൂടെയും മറ്റും വായനക്കാരുടെ മുമ്പിലെത്തുകയും നല്ല ജനശ്രദ്ധയും ആരാധക വൃന്ദവും നേടുകയുണ്ടായി. ഒരുപക്ഷെ തകര്‍ന്നുകൊണ്ടിരിക്കുന്ന അച്ചടി മാധ്യമങ്ങളും പുസ്തക പ്രസിദ്ധീകരണ മേഖലയും ഈ പുതിയ പ്രതിഭാസത്തെ ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചുവെങ്കിലും പിന്നീട് തങ്ങളാലാവും വിധം തലോടുകയെന്ന വ്യാജേന തളര്‍ത്താനാണ് നോക്കിയത്.

ഇന്ന് ലോകത്തില്‍ തന്നെ പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുണ്ട്. ഒട്ടു മിക്ക പരസ്യദാതാക്കളും ഇന്റര്‍നെറ്റില്‍ പരസ്യങ്ങള്‍ നല്‍കുന്നതും അച്ചടി മാധ്യമങ്ങള്‍ക്ക് ആരാധകര്‍ കുറയുന്നതുമായിരുന്നു പ്രധാന കാരണം. ബ്ലോഗ്‌ ന്യൂസ്, ഇന്റര്‍നെറ്റ് സൈറ്റുകളിലൂടെയുള്ള വാര്‍ത്തകള്‍ എന്നിവ സൌജന്യമായി ലഭികുന്നതുകൊണ്ട് തന്നെ പണം മുടക്കി പത്രങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ മടികാട്ടി തുടങ്ങിയെന്നതയിരുന്നു പ്രധാന പ്രശ്നം. അതുപോലെ സാഹിത്യ രചനകള്‍ സൌജന്യമായി ലഭിക്കുമെന്നതുകൊണ്ട് പുസ്തകങ്ങള്‍ക്കും വായനക്കാരെ ലഭിക്കല്‍ കഠിനമാക്കി തീര്‍ത്തു. അതിന്റെ പ്രധാന പ്രതികരണമായിരുന്നു ബ്ലോഗുപോലെയുള്ള രചനാ മാധ്യമങ്ങളെ കുളിമുറി സാഹിത്യമെന്ന അടച്ചാക്ഷേപിക്കല്‍. ബ്ലോഗില്‍ അതിന്റെ സൌജന്യവും ആയാസരഹിതവുമായ സ്വഭാവം കൊണ്ടുതന്നെ നിരവധി പേര്‍ ദിനം തങ്ങളാല്‍ ആവുംവിധം വിവിധ സാഹിത്യ രചനകള്‍ നടത്തി വരുന്നുണ്ട്. ചിലതൊക്കെ കൂതറയെങ്കില്‍ ചിലതൊക്കെ നല്ല നിലവാരം പുലര്‍ത്തുന്നത് തന്നെയെന്നു പറയേണ്ടി വരുന്നുണ്ട്. തന്നെയുമല്ല മിക്കവയും തന്നെ സൌജന്യമായത് കൊണ്ടുതന്നെ വായനക്കാര്‍ക്ക് ഇഷ്ടമുള്ളതു തെരഞ്ഞെടുത്തു വായിക്കാനുള്ള സൌകര്യവുമുണ്ട്.

എന്നാല്‍ വളരെയേറെ പേര്‍ ഇന്ന് ബ്ലോഗ്‌ എഴുത്തില്‍ സജീവമല്ലെന്നു പറയുന്നതും സത്യം തന്നെ. ചിലരൊക്കെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം എഴുത്ത് കുറച്ചെങ്കില്‍ ചിലര്‍ ആശയദാരിദ്ര്യം കൊണ്ട് പിന്‍വലിഞ്ഞു നില്‍ക്കുന്നു. നിയതമായ വരുമാനമില്ലത്തതും മറ്റു തൊഴില്‍ ചെയ്തു ജീവിക്കുന്ന ബ്ലോഗര്‍മാരില്‍ ഒഴിവ് സമയത്ത് കണ്ടെത്തുന്ന സാഹിത്യരചനകളില്‍ സാമ്പത്തികമാന്ദ്യം മൂലവും മറ്റു തൊഴില്‍ പരമായ തിരക്കുകള്‍ മൂലവും സമയം കണ്ടെത്താന്‍ പാടുപെടുകയും ചെയ്യുന്നതുമൂലവും എഴുത്തുകള്‍ കുറച്ചു. കൌമാര പ്രായത്തിലുള്ള കുട്ടികളെ കണ്ടു ഇവനെകൊണ്ട് ഒന്നിനുമാവില്ലെന്നു പറയുന്നതിന് സമമാണ് ബ്ലോഗിലെ സാഹിത്യത്തെ കുളിമുറി സാഹിത്യമെന്നു വിളിക്കുന്നതും. ബാലാരിഷ്ടതകള്‍ പിന്നിട്ടു വരും കാലത്തെ ശക്തമായ മാധ്യമമായി ബ്ലോഗ്‌ മാറുമ്പോള്‍ കരുത്തുള്ള സൃഷ്ടികളും രചനകളുമായി നിരവധി പേര്‍ മുമ്പിലുണ്ടാവും. അന്ന് ഏതാണ്ട് തകര്‍ന്നു തരിപ്പണമായെക്കാവുന്ന അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു പുത്തനുണര്‍വായി മാറാന്‍ ബ്ലോഗിന് കഴിഞ്ഞേക്കും.

ഈയിടെ വായിച്ച ഒരു അച്ചടിമാധ്യമത്തിലെ ഒരു ലേഖനത്തില്‍ ബ്ലോഗ്‌ കേവലം കുളിമുറി സാഹിത്യം ആണെന്നാണ്‌ എഴുതി വെച്ചിരിക്കുന്നത്. ഇതിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെങ്കിലും ചിലകാര്യങ്ങളില്‍ ഭാഗികമായി അനുകൂലിക്കേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ഒരാരോപണം ഉണ്ടാവുന്നു, അല്ലെങ്കില്‍ പുറമേ നിന്ന് മലയാളം ബ്ലോഗിനെ വീക്ഷിക്കുന്നവര്‍ക്ക്‌ എങ്ങനെ ഇത്തരം ഒരു തീരുമാനത്തിലെത്താന്‍ സാഹചര്യമുണ്ടാവുന്നു.

മലയാളം ബ്ലോഗ്‌ അതിന്റെ ശൈശവ ദിശയിലാണെന്ന് ആണെന്ന് സമ്മതിച്ചാല്‍ പോലും ഈ ആരോപണത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ വയ്യ. കേരളത്തിലെന്നല്ല ഭാരതത്തില്‍ പോലും കമ്പ്യൂട്ടറിന്റെയും ഐ.ടി.യുടെയും കടന്നുകയറ്റം തുടങ്ങിയിട്ട് അധികം നാളായില്ല. കമ്പ്യൂട്ടര്‍ വന്നുകഴിഞ്ഞിട്ടും മലയാളം കുറെ നാളെക്കെങ്കിലും അപ്രാപ്യമായിരുന്നു. പിന്നീട് പല മലയാളം ഫോണ്ടുകളും അവസാനം യൂണിക്കോഡും മലയാളത്തില്‍ കമ്പ്യൂട്ടറിനെ വഴക്കിയെടുത്തു. എന്നിരുന്നാലും ഇന്നും മിക്ക പ്രസിദ്ധീകരണ സ്ഥാപനങ്ങളും താന്താങ്ങളുടെ ഫോണ്ടുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രായോഗിക പ്രശ്നം ഇന്നും കേരളത്തിലെ മിക്ക ജില്ലയിലെ ഇന്റര്‍നെറ്റ്‌കഫെകളും മനോരമ,മാതൃഭൂമി എന്നീ പത്രങ്ങളുടെ ഫോണ്ടുകള്‍ അല്ലാതെ യൂണികോഡ്‌ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് കൂടിയില്ല. അതുകൊണ്ട് തന്നെ ബ്ലോഗിലെ തുടക്കക്കാരെ പോയിട്ട് ബ്ലോഗ്‌ പുലികളെയും പുപ്പുലികളെയും പലരും അറിയുക കൂടിയില്ല.

അച്ചടി മാധ്യമത്തില്‍ വരുന്ന എല്ലാം മികച്ചതെന്നും ബ്ലോഗില്‍ വരുന്നവയെല്ലാം മ്ലേച്ചമെന്നും മുന്‍വിധിയോടെ ബ്ലോഗില്‍ വായനക്കായി വരുന്നവര്‍ക്ക് ഉണ്ടെന്നു ചില വ്യക്തിപരമായ അനുഭവം മൂലം അറിയാം. എന്തുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കഴിയുന്നു. അച്ചടിയില്‍ വരുന്നതെല്ലാം വരുന്നത് മികച്ചതെങ്കില്‍ മുത്തുചിപ്പിയും ഗുരുവുമെല്ലാം ഉത്കൃഷ്ട സാഹിത്യ സൃഷ്ടികളായി കാണേണ്ടിവരും. എന്തിനു കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന "മ" പ്രസിദ്ധീകരണങ്ങള്‍ പോലും മലയാളത്തിന്റെ ഏറ്റവും ഉദാത്തമായ സാഹിത്യ സൃഷ്ടികള്‍ അച്ചടിക്കുന്നവയാണെന്ന് കരുതേണ്ടി വരും.

കൂതറ തിരുമേനിയെന്ന തൂലികാനാമം ചിലര്‍ക്കെങ്കിലും ആരോചകത്വം ഉണ്ടാക്കിയെന്ന് വരാം. ആര് പറയുന്നു എന്ന് നോക്കുന്നവര്‍ക്കുണ്ടാവുന്ന സാങ്കേതിക പ്രശ്നമാണത്. എന്ത് പറയുന്നുവെങ്കിലും നോക്കേണ്ട ബാധ്യത വായനക്കാര്‍ക്കുണ്ട്. അച്ചടിയിലെ ചില വന്‍ താരങ്ങള്‍ക്ക് ഒരുപക്ഷെ വായനക്കാരുടെ നേരിട്ടുള്ള പ്രതികരണം അറിയേണ്ടി വരുന്നില്ലെന്ന് പറയേണ്ടി വരും. സ്വയം തീര്‍ത്ത ദന്ത ഗോപുരത്തില്‍ വസിക്കുന്നതിന്റെ ഒരു പ്രശ്നം തന്നെയാണ് അത്. ഇന്ന് ബ്ലോഗിലെ മിക്ക എഴുത്തുകാരുടെയും പോസ്റ്റുകള്‍ പുസ്തകങ്ങളായി പുറത്തുവരുമ്പോള്‍ ഓണ്‍ലൈന്‍ എഴുത്തും അച്ചടിയിലെ എഴുത്തും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണെന്ന് സമ്മതിക്കേണ്ടി വരും. അതോടെ ഒരുപരിധിവരെ ആരോപണങ്ങള്‍ വെറും ജല്‍പ്പനങ്ങള്‍ ആവുകയും ചെയ്യും. എന്നാല്‍ അച്ചടിയിലെ താരങ്ങള്‍ ബ്ലോഗില്‍ എത്തുമ്പോള്‍ ആനമെലിഞ്ഞാലും തൊഴുത്തില്‍ കേട്ടില്ല എന്ന പഴംചൊല്ല് തെറ്റെന്നു പറയെന്നുതാവും ശരി. അതേപോലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയമം മൂലം നേരിടുന്നതും ബ്ലോഗിലൂടെയുള്ള സ്വാതന്ത്ര്യത്തെ ഹനിക്കല്‍ തന്നെയാണ്. അച്ചടിതാരങ്ങള്‍ ഇന്ന് നിയമത്തിന്റെ കൂടി കൂടി വളരാന്‍ വെമ്പുന്ന ഒരു മാധ്യമത്തെ കൊലചെയ്യുകയാണോ അല്ലെങ്കില്‍ ശ്രമിക്കുകയാണോ എന്ന് തോന്നുപ്പോവുന്നു.

3 comments:

മണുക്കൂസ് said...

'കൂതറ തിരുമേനിയെന്ന തൂലികാനാമം ചിലര്‍ക്കെങ്കിലും ആരോചകത്വം ഉണ്ടാക്കിയെന്ന് വരാം. ആര് പറയുന്നു എന്ന് നോക്കുന്നവര്‍ക്കുണ്ടാവുന്ന സാങ്കേതിക പ്രശ്നമാണത്. എന്ത് പറയുന്നുവെങ്കിലും നോക്കേണ്ട ബാധ്യത വായനക്കാര്‍ക്കുണ്ട്'.

കൊള്ളാം.....കലിപ്പ് തീരുന്നില്ല അല്ലേ തിരുമേനി !!!!
എന്ത് പറയുന്നുവെങ്കിലും നോക്കേണ്ട ബാധ്യത വായനക്കാര്‍ക്കുണ്ട്. തീര്‍ച്ചയായും വായനക്കാര്‍ നല്ലതിനെ തിരുച്ചറിയും എന്തൊക്കെ പറഞ്ഞാലും ...

നമ്മുടെ ബൂലോകം said...

പ്രസക്തം..... സമയോചിതം. അഭിനന്ദനങ്ങള്‍

ഭൂതത്താന്‍ said...

പ്രസക്തമായ പോസ്റ്റ് ......


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...