തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, January 27, 2010

213.നാരായണ ഗുരു നവോത്ഥാന നായകനോ ?

കേരളാ യുക്തിവാദി സംഘം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ശ്രീ.രാജഗോപാല്‍ വാകത്താനം ഇത്തരം സന്ദേഹം മുന്നോട്ടു വയ്ക്കുന്ന ഒരു കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം ഉയര്‍ത്തുന്ന പ്രബലമായ ആരോപണങ്ങളെ എതിര്‍ത്തുകൊണ്ട് സമകാലിക മലയാളം വാരികയില്‍ എം.വി. സുബ്രഹ്മണ്യം എന്നയാള്‍, രാജഗോപാലിന്റെ വാദങ്ങള്‍ക്ക് യുക്തിയില്ല എന്നു ആരോപിക്കുന്നു. ഇതിന് ശ്രീരാജഗോപാല്‍ കൊടുക്കുന്ന മറുപടി സാംഗത്യമുള്ളതിനാല്‍ ഇവിടെ ചര്‍ച്ചക്കായി കൊടുക്കുന്നു.

1) ‘നവോത്ഥാനം’ എന്നു യൂറോപ്പില്‍ വ്യവഹരിക്കപ്പെടും വിധം ഒരു പൊളിച്ചെഴുത്ത് ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ല. മതത്തിനുപകരം മനുഷ്യത്വത്തെ സ്ഥാപിക്കുന്ന നവോത്ഥാനപ്രക്രിയയല്ല, മത-സാമുദായികപരിഷ്ക്കരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.

2) ഫ്യൂഡലിസത്തോടു കണക്കു തീര്‍ക്കാതെ, അടിമത്തത്തിനെതിരെ നിലപാടെടുക്കാത്ത, ജാതിഭീകരതകള്‍ക്കെതിരെ ക്രിയാത്മക നിരാകരണമില്ലാത്ത കേരളത്തില്‍ എവിടെയാണ്, എന്നാണ് നവോത്ഥാനം ഉണ്ടായത് ? നടക്കാത്ത നവോത്ഥ്ഹനത്തിന് എന്തിനാണ് നായകനെത്തേടുന്നത് ? EMS-ഉം P.K .ഗോപാലകൃഷ്ണനുമടക്കമുള്ളവര്‍ തമസ്ക്കരിച്ച ചരിത്ര സന്ധികളെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

3) നവദര്‍ശനങ്ങളിലെ ആറ് നാസ്തിക ദര്‍ശനങ്ങളെ മാറ്റിവെച്ച് വേദാന്തത്തെ ഉയര്‍ത്തി പിടിക്കുന്ന കപട വൈദികവാദികളുടെ തുടര്‍ച്ചയാണ് നാരായണഗുരുവിലും കാണുന്നത്. അദ്വൈതത്തെ അംഗീകരിക്കുക വഴി ‘ഹൈന്ദവ’ പാരമ്പര്യവാദത്തെ ആവര്‍ത്തിക്കുകയാണ് ഗുരു ചെയ്തത്. അദ്ദേഹത്തിന്റെ കൃതികളെ സാക്ഷ്യപ്പെടുത്തി കൊണ്ടാണ് ഞാനിതു ഉന്നയിച്ചത്. അതുകൊണ്ടു തന്നെയാണ്- ‘ആര്‍ഷഭാരത‘ വാദികള്‍ക്ക് ഗുരു സ്വീകാര്യനായത്.(മതത്തെ നിരാകരിച്ച സഹോദരന്‍ അയ്യപ്പന്‍ അസ്വീകാര്യനായതും) ഇന്ന് ഗുരു ദൈവവും അവതാരവുമായി മാറിയതും മറ്റൊന്നും കൊണ്ടല്ല.

4) ‘പലമതസാരവുമേകമാം’ എന്നൊക്കെയുള്ള ഗുരുവചനങ്ങള്‍ അബദ്ധങ്ങളാണ്. ഓരോ മതവും അന്യമതങ്ങള്‍ക്കെതിരെ ഉണ്ടായ വിരുദ്ധ വാദങ്ങളാണെന്ന സത്യമിരിക്കെ ഇത്തരം സമീകരണങ്ങള്‍ക്ക് എന്താണര്‍ത്ഥം ? അതു പറഞ്ഞ ഗുരു എഴുതി കൂട്ടിയത് വിഷ്ണു, ശിവന്‍ , സുബ്രഹ്മണ്യ സ്തോത്രങ്ങളാണ്. ക്രിസ്തു- മിശിഹാ- അള്ളാ കീര്‍ത്തനങ്ങളൊന്നും എഴുതിയിട്ടുമില്ല. താന്‍ സ്ഥാപിച്ച ഒരു ക്ഷേത്രങ്ങളിലും ക്രിസ്തുവിനേയോ പരിശുദ്ധാത്മാവിനേയോ ചന്ദ്രക്കലയേയോ പ്രതിഷ്ഠിച്ചുമില്ല

5) ‘ഒരു ജാതി’ ഏത് ജാതിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതു മനുഷ്യ ജാതിയായിരുന്നെങ്കില്‍ ഈഴവരുടെ സംഘടനയായിരുന്നില്ല ഉണ്ടാക്കേണ്ടിയിരുന്നത്. തന്റെ സമുദായം തന്നേയും തള്ളിക്കളയുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ജാതിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
ഗുരുവിന്റെ ജീവിത ഘട്ടത്തിലോ കൃതികളിലോ ജാതിവിരുദ്ധത, ജാതി നശീകരണമായി രൂപപ്പെടുന്നില്ല. രക്തത്തില്‍ വരെ ജാത്യാന്ധതയുമായിക്കഴിയുന്ന ഇന്ത്യന്‍ മണ്ണില്‍ ‘ജാതിനശീകരണം’ ലക്ഷ്യമാക്കാത്ത ഒരാളേയും പുരോഗമനകാരിയായി പരിഗണിക്കാനാവില്ല. ഭൂവുടമസ്ഥത, സമൂഹികാന്തസ്, സാമൂഹ്യനീതി ഒക്കെ ജാതിബദ്ധമായിരിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ കൃത്യമായി നിലപാടു പ്രഖ്യാപിക്കാനും പ്രയോഗിക്കാനുമുള്ള ബാദ്ധ്യത നായകന്മാര്‍ക്കുണ്ട്. സഹോദരന്‍ നടത്തിയ ‘മിശ്രഭോജനത്തെ’ ഗുരു എതിര്‍ത്തതും താന്‍ സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ ദളിതരെ പ്രവേശിപ്പിക്കാഞ്ഞതും എന്തുകൊണ്ടാണെന്ന എന്റെ ചോദ്യങ്ങളുടെ ചരിത്രപശ്ച്ചാത്തലം ഈ കൃതില്‍ വ്യക്തമാക്കുന്നുണ്ട്.

6) കേരള സാമൂഹിക പരിഷ്ക്കരണ പ്രക്രിയ നാരയണ ഗുരുവിലല്ല തുടങ്ങുന്നത്. ചാന്നാര്‍ ലഹകള്‍ നടക്കുമ്പോള്‍ ഗുരു ജനിച്ചിട്ടില്ല. അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 36 വര്‍ഷം മുന്‍പ് ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ ഇടയ്ക്കാട് ശിവക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയിരുന്നു. ഗുരു കണ്ണാടി പ്രതിഷ്ഠിക്കുന്നതിനും മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് വൈകുണ്ഠസ്വാമി നാഗര്‍കോവിലില്‍ കണ്ണാടി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു.
നാരായണഗുരുവിന്റെ കാലം കേരളത്തില്‍ പ്രക്ഷോഭങ്ങളുടെ വേലിയേറ്റകാലമായിരുന്നു. മൂക്കുത്തിലഹള (1852-വേലായുധപ്പണിക്കര്‍) മലയാളിമെമ്മോറിയല്‍ (1891) ഈഴവമെമ്മോറിയല്‍(1896) ബൈബിള്‍ ദഹനം(1899-പൊയ്കയില്‍ അപ്പച്ചന്‍) കാര്‍ഷികസമരം (1907-അയ്യങ്കാളി) കായലിലെ പുലയസമ്മേളനം (1912-പണ്ഡിറ്റ് കറുപ്പന്‍) കല്ലുമാലബഹിഷ്ക്കരണവും മാറുമറയ്ക്കലും(1915-അയ്യങ്കാളി, വെള്ളിക്കരചോതി) മിശ്രഭോജനം(1917-സഹോദരന്‍ അയ്യപ്പന്‍) വൈക്കം സത്യാഗ്രഹം(1924-25) ഗുരുവായൂര്‍ സത്യാഗ്രഹം(1931) തുടങ്ങിയ ഒട്ടേറെ പോരാട്ട വീഥിയിലും നാരായണഗുരുവിനെ ആരും കണ്ടിട്ടില്ല.
ഇതിന്റെയൊക്കെ അര്‍ത്ഥം ഗുരു മോശക്കാരനായിരുന്നു എന്നല്ല സമുദാ‍യ പരിഷ്ക്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് അത് പ്രസക്തവുമായിരുന്നു.അതിന്റെ മൂല്യം കുറച്ചു കാണെണ്ടതുമില്ല. പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്

13 comments:

ചാർ‌വാകൻ‌ said...

പക്ഷേ ഡോ: പള്‍പ്പുവും കുമാരനാശാനും ഇല്ലായിരുന്നെങ്കില്‍ ഇങ്ങനെ ഒരു ഗുരു ഉണ്ടാകുമായിരുന്നോ എന്ന സംശയവും ഈ കൃതിയില്‍ ഉന്നയിക്കപ്പെട്ടിണ്ടുണ്ട്

chithrakaran:ചിത്രകാരന്‍ said...

വളരെ പ്രസക്തമായ ചോദ്യങ്ങള്‍.
സ്വന്തം പ്രതിമ സ്ഥാപിച്ചതിന്റെ ഉദ്ഘാടന കര്‍മ്മം ഇയ്യാളുതന്നെ നടത്തിയതാണെന്നുതോന്നുന്നു ഇയ്യാളു
ചെയ്ത കടുത്ത സമൂഹ്യദ്രോഹം.
അതിന്റെ ഫലമായി കേരളത്തിലെ തെരുവോരങ്ങളിലുടനീളം നാരായണഗുരുവിന്റെ
സിമന്റു പ്രതിമകള്‍ പിച്ചക്കിരുത്തുന്ന ദയനീയ
സംസ്ക്കാരം രൂപപ്പെടുകയും ഇയ്യാള്‍ ഉദ്ദരിച്ചുകൊണ്ടുവന്ന
ഈഴവ സമൂഹം മുന്‍പത്തേക്കാള്‍ ശോചനീയമായ രീതിയില്‍ മന്ദബുദ്ധിവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ബ്രാഹ്മ്മണ ജനത പാര്‍ട്ടിയുടെയും
ഹൈന്ദവ ക്ഷേത്രങ്ങളുടേയും കറവപ്പശുക്കളായി
ഈഴവ സമൂഹം നിലകൊള്ളുന്നു.
ഇതിന്റെ മൊത്തം കാരണക്കാരില്‍ മേജര്‍ ഷെയര്‍
ഇച്ചങ്ങാതിക്കുതന്നെ !!!

നന്ദന said...

സിമന്റ് നാണു ഇങ്ങനേയും ചിലത് ചെയ്തില്ലായിരുന്നെങ്കിൽ സമൂഹത്തിന്റെ അവസ്ഥ എന്താകുമായിരുന്നു, എന്തായാലും വെള്ളാപള്ളി രക്ഷപ്പെട്ടു.

അസുരന്‍ said...

ചാര്‍വാകന്റെ സമയം അടുത്തിരിക്കുന്നതായി തോന്നുന്നു. ജീവിതം മടുത്തോ ? ഇത് സര്‍വ്വത്ര ഫാസിസത്തിന്റെ കാലമാണ്. സക്കറിയ ഭാഗ്യം കൊണ്ടാണു രക്ഷപെട്ടത് ! നാരായണഗുരുവിനെ കുറിച്ച് വസ്തുനിഷ്ഠമായ കാഴ്ച്ചപ്പാടാണ് ശ്രീ രാജഗോപാലിന്റേത്. ഇതു വെളിപ്പെടുത്തിയതിന്അഭിനന്ദനങ്ങള്‍ !

MOO said...

I think that the original author is viewing the Guru through the prism of late 20th century morality, ignoring the reality that--on account of his caste of birth--he was severely handicapped in the late 19th century.

IMHO, the Guru was one of the greatest sons of Kerala. His efforts transformed the social dynamics of Kerala's society, and not just Hindu society.

Nevertheless, I see value in Shri Rajagopal's critique.

Apologies for posting in English.

Kvartha Test said...

ശ്രീ രാജഗോപാലിന്റെ കൃതിയോ മലയാളം വാരികയോ വായിച്ചിട്ടില്ല. ക്ഷമിക്കണം. എന്നാല്‍, ശ്രീനാരായണഗുരുവിന്റെ കുറച്ചു ഗ്രന്ഥങ്ങള്‍ വായിച്ച അറിവ് വച്ചു പറയട്ടെ, നാരായണഗുരു തികഞ്ഞ ഒരു അദ്വൈതിയായ സന്യാസി ആയിരുന്നു. അതിനുശേഷം, ചില സാമൂഹിക ഇടപെടലുകള്‍ അദ്ദേഹം നടത്തി.

രാജഗോപാല്‍ പറയുന്നതുപോലെ, നാരായണഗുരു സ്ഥാപിച്ചിട്ടുള്ളതും പൂജാക്രമങ്ങള്‍ നിര്‍വചിച്ചിട്ടുള്ളതും ഹൈന്ദവരീതിയില്‍ ത്തന്നെയാണ്. അതിനാല്‍ അദ്ദേഹം ഒരു ഹിന്ദുസന്യാസി തന്നെയാണ്. എന്നിരുന്നാലും, ഒരു അദ്വൈതി / വേദാന്തി ഒരിക്കലും മറ്റുമതങ്ങളെ / മനുഷ്യരെ തള്ളിപ്പറയില്ല. കാരണം ദൈവത്തെ അറിയാനല്ല, സ്വയം അറിയാന്‍ ആണ് വേദാന്തം. സ്വയം അറിയുമ്പോള്‍ എല്ലാം ഒന്നാണ് എന്നത് ഉറയ്ക്കുന്നു.

ബ്രഹ്മസൂത്രം പോലെ, വേദാന്തസൂത്രം എന്നൊരു ഗ്രന്ഥം അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ ബ്രഹ്മം എന്നോ ദൈവം എന്നോ അല്ല പ്രയോഗിച്ചിരിക്കുന്നത്, ആത്മാ എന്നാണ്. അതുപോലെ തന്നെ ആത്മോപദേശശതകം എന്ന ഗ്രന്ഥവും.

ശ്രീനാരായണീയര്‍ അദ്വൈതിയായ, വേദാന്തിയായ, ജ്ഞാനിയായ നാരായണഗുരുവിനെ മറന്നിട്ട് അഥവാ മറച്ചിട്ട്‌, ഒരു സാമൂഹിക പരിഷ്കര്‍ത്താവ്‌ അല്ലെങ്കില്‍ 'നമ്മുടെ സ്വന്തം ദൈവം' എന്ന ലേബല്‍ മാത്രം ചാര്‍ത്തിക്കൊടുത്തു. എന്നിട്ടോ അക്കാലത്ത് ആ ജാതിയ്ക്ക് താഴെയുള്ളവരെ സംഘടനയില്‍ നിന്നും അകറ്റിനിര്‍ത്തുകയും ചെയ്തു. ഇതൊന്നും സ്വാമി ആഗ്രഹിച്ചതായിരിക്കില്ല. എന്തായാലും, അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ അന്നത്തെ പിന്നോക്കക്കാര്‍ക്ക് ആത്മധൈര്യം പകരാന്‍ തീര്‍ച്ചയായും സഹായിച്ചിട്ടുണ്ടാകും.

കണ്ണാടി പ്രതിഷ്ഠയും ഒരു സങ്കല്‍പ്പമാണ്. ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ അന്വേഷിക്കുന്നത് എന്താണോ അത് തന്നില്‍ത്തന്നെയാണ് - തത്ത്വമസി - എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം. പക്ഷെ, ഏതൊരു വിഗ്രഹവും പോലെ ഈ കണ്ണാടി പ്രതിഷ്ഠയും വിശേഷാര്‍ത്ഥം ഗ്രഹിക്കപ്പെടാതെ തെറ്റിദ്ധരിക്കപ്പെടുന്നു.

ചട്ടമ്പിസ്വാമികളുടെ പ്രധാനപ്പെട്ട രണ്ടു ശിഷ്യന്മാരാണ് ശ്രീ നാരായണഗുരുവും ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളും. നാരായണഗുരു ഈഴവ സമുദായവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ തീര്‍ത്ഥപാദസ്വാമി നായര്‍സമുദായത്തിലും പ്രവര്‍ത്തിച്ചു, എന്നാണ് ചരിത്രം.

ചാർ‌വാകൻ‌ said...

ചിത്രകാരന്‍‌,നന്ദന,അസുരന്‍‌.moo,ശ്രീ,എന്നിവര്‍‌ക്ക് വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
ഈ പൊസ്റ്റിടുന്നതിനു പ്രേരിപ്പിച്ചത്.ശ്രീയുന്നയിച്ചപോലെ ഗുരു ഒരു ഹിന്ദു സന്യാസിയായിരുന്നുവോ..? എന്ന കാതലായ ചോദ്യം നിലനില്‍കുന്നതിനാലാണ്.നടരാജഗുരു മുതല്‍‌ ജേ.രഘു വരെയുള്ള ചിന്തകന്മാര്‍‌ വ്യാഖ്യാനിച്ചുറപ്പിക്കുന്നത്;ശ്രീനാരായണ ദര്‍‌ശനങ്ങള്‍‌ നവോത്ഥാന മൂല്യങ്ങളുടെ ചാല്‍കശക്തി യെന്ന നിലയ്ക്കാണ്.സമാന്തരമായൊരു വായനയും നടക്കുന്നുണ്ട്‌,അത് ഗുരു ഹിന്ദു സന്യാസിയും,ഹിന്ദുമതത്തിലെ അനാചാരങ്ങളെ(അങ്ങനെ,ആചാരങ്ങളെ അനാചാരങ്ങളെന്നു വിളിക്കരുത്) കാലികമായി പരിവര്‍‌ത്തിപ്പിച്ച ,ചട്ടമ്പി സ്വാമിയുടെ ശിഷ്യനെന്ന നിലയ്ക്കുമാണ്.ധാരാളം ചര്‍‌ച്ചകള്‍‌ ആവഴിക്കു നടന്നിട്ടുണ്ട്.രാജഗോപാലുന്നയിക്കുന്ന മൌലീകമായ ചോദ്യം അതൊന്നുമായിരുന്നില്ല.വര്‍‌ണ്ണവ്യവസ്ഥയില്‍- അടിയുറപ്പിച്ച ഹിന്ദു മതത്തെ വ്യാഖ്യാനിച്ചു ശരിപ്പെടുത്തികളയാമെന്ന് ചിന്തിക്കുന്നതുതന്നെ വ്യാമോഹമാണ്.ദര്‍‌ശനം രൂപപ്പെടുന്നത് സാമൂഹ്യ രാഷ്റ്റ്രീയ ചുറ്റുപാടുകളേ വ്യാഖ്യാനിച്ചുകൊണ്ടു മാത്രമല്ല,പുതുക്കി പണിതുകൊണ്ടുകൂടിയാണ്.ആ അര്‍‌ത്ഥത്തിലാണ്,മാര്‍‌ക്സ്സിം പോലെയുള്ളത് ആധുനികമാവുന്നത്.നവോദ്ധാന ത്തിന്റെ വരവുചെലവുകള്‍‌,ശ്രീനാരായണനു മുമ്പും ,പിന്‍‌മ്പുമുള്ള വ്യക്തികളില്‍‌ നിന്നെടുത്തു മാറ്റി എല്ലാം ഗുരുവിന്റെ കാല്‍‌ക്കല്‍‌ കൊണ്ടു വെയ്ക്കുന്ന പ്രവണത നീതീകരിക്കാനാവാത്തതാണ്.രാജഗോപാല്‍‌ അക്കമിട്ടു നിരത്തിയ വാദങ്ങളോട് പ്രതികരിക്കുക.
ഒ:ടോ:തീര്‍ഥപാദ പരമഹംസം തന്നെയല്ലേ മേല്‍‌ സൂചിപ്പിച്ച ചട്ടമ്പിയും.ഞാനങ്ങനെ തെറ്റിദ്ധരിച്ചിരുന്നു.

Suraj said...

പോയിന്റ് 2-ലെ പി.കെ ഗോപാലകൃഷ്ണന്‍ എന്നത് “ജാതിവ്യവസ്ഥിതിയും കേരളചരിത്രവും” ഒക്കെ എഴുതിയ പി.കെ ബാലകൃഷ്ണന്‍ അല്ലേ ?

Kvartha Test said...

ശ്രീ ചാര്‍വാകന്‍, ഇവിടെ കാണാം ഈ മൂന്നുപേരെയും. http://bit.ly/swamikal

മാനസികമായി അടിമകളായി കഴിഞ്ഞിരുന്ന അന്നത്തെ വിഭാഗം ജനങ്ങളെ ഉയര്‍ത്താന്‍ അദ്വൈതചിന്തയ്ക്ക് വിരുദ്ധമെങ്കിലും, ആചാരങ്ങള്‍ക്കുവേണ്ടി നാരായണസ്വാമി വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. അങ്ങനെ, നമ്പൂതിരിക്കും നായര്‍ക്കും അടിമകളായിരുന്ന മനുഷ്യരെ 'കല്‍ദൈവത്തിനു' അടിമകളാക്കി! എന്നിട്ട് സംഭവിച്ചതോ, തലശ്ശേരിയിലും, എന്തിനു ചെമ്പഴന്തിയില്‍പ്പോലും, ഈഴവര്‍ പുലയരെ ക്ഷേത്രത്തില്‍ കയറ്റിയില്ല. കണ്ണാടിപ്രതിഷ്ഠ നടത്തി, എന്നിട്ടും രക്ഷയില്ല. വിഗ്രഹമില്ലാത്ത അദ്വൈതാശ്രമം സ്ഥാപിച്ചു. എന്നിട്ടും നോ രക്ഷ! അദ്വൈതം ഒഴിച്ച് മറ്റെല്ലാം ആള്‍ക്കാര്‍ക്ക് മനസ്സിലാവും! അവസാനം, നാരായണസ്വാമിയുടെ സിമന്റ് പ്രതിമകള്‍ എല്ലായിടത്തും വച്ചുപൂജ തുടങ്ങി. പാവം സ്വാമി! കള്ളിനെതിരെ പ്രസംഗിച്ച, പ്രയത്നിച്ച അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ പ്രസംഗിക്കുന്നതെല്ലാം കള്ള് വ്യാപാരികള്‍ എന്നതുതന്നെ ഒരു നൂറ്റാണ്ടിനിടയ്ക്ക് കാണേണ്ടിവന്ന വിരോധാഭാസം. ആത്മജ്ഞാനിയായ, അദ്വൈതവേദാന്തിയായ, അദ്ദേഹത്തിന്‍റെ ആത്മീയകൃതികള്‍ ആരും വായിച്ചില്ല, മനസ്സിലാക്കിയില്ല, മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. ഇപ്പോഴത്തെ അദ്ദേഹത്തിന്‍റെ 'പിന്‍തലമുറക്കാര്‍' അതിനു ഒട്ടും ശ്രമിക്കുന്നുപോലുമില്ല. സിദ്ധികള്‍ കാണിക്കുന്ന, അസുഖം ഭേദമാക്കുന്ന ഒരു സ്വാമിയായി മാത്രം അദ്ദേഹത്തെ തരാംതാഴ്ത്തി, നാമെല്ലാം.

ചാർ‌വാകൻ‌ said...

സൂരജ്,പി.കെ.ഗോപാലകൃഷണനും,പി.കെ.ബാലകൃഷ്ണനും,രണ്ടു ചരിത്രകാരന്മാരാണ്.ജാതി വ്യവസ്ഥയുടെ രാഷ്ട്രീയം കൃത്യമായി പാഠവൽ‌ക്കരിച്ചത് പി.കെ.ബാലകൃഷ്ണനും,കേരളചരിത്രം സവിശേഷമായി (ശ്രീധരമേനോനിൽ നിന്നും വ്യത്യസ്തമായി)വ്യാഖ്യാനിച്ചത്,പികെ.ഗോപാലകൃഷ്ണനും.അതുപോലെ കെ.ശിവശ്ങ്കര പിള്ളയും,പാഠ്യപദ്ധതിയിൽ‌ നിന്നും പുറത്തുപോയവരാണ്.

ചാർ‌വാകൻ‌ said...

ശ്രീ, നാരായണ ഗുരു വേദാന്തിയോ അദ്വൈതിയോ എന്നതല്ല ഈ പോസ്റ്റിന്റെ കാതൽ‌.മറിച്ച്,നവോത്ഥാന നായക പട്ടത്തിന് അർ‌ഹനാണോ..?ഇതിനു മറുപടിയുണ്ടങ്കിൽ‌ പറയുക.ഒരു കാര്യം പ്രത്യേകം ഓർ‌ക്കുക,ഒരു വേദാന്തിക്കും,അദ്വൈതിക്കും നവോത്ഥാനം നടത്താനാവില്ല.കാരണം അടിച്ചമർ‌ത്തലിന്റെ ഒരു പ്രത്യയശാസ്ത്രമാണ്,അദ്വൈതം !
ഈഴവരെങ്ങനെ ഗുരുവിനെ സ്വകാര്യവൽക്കരിച്ചെന്നും,അധ:പതിപ്പിച്ചെന്നും ഇവിടെ ചർ‌ച്ചചെയ്തിട്ടില്ല.ശ്രീയെപോലെ പലരും ഗുരുവിന്റെ ആശയങ്ങളെ അംഗീകരിക്കുകയും,പ്രസ്ഥാനത്തേയും,അതിന്റെ പ്രയോജകരേയും,തള്ളിപറയുകയും ചെയ്യുന്നത് മറ്റോരു രാഷ്ഗ്ട്രീയമാനമാണുള്ളത്.അത്,നാടുനീളെ സിമിന്റു പ്രതിമാകൈയേറ്റവും,കള്ളുകച്ചവടത്തിലൂടെയുള്ള സാമ്പത്തിക മേൽ‌കൈയുമാണ് ചൊടിപ്പിക്കുന്നത്.സംവരണ വിഷയത്തിലും ഈനിലപാടാണെടുക്കുന്നത്.
പോസ്റ്റിൽ‌ അക്കമിട്ടുനിരത്തിയ വിഷയങ്ങളിലൊന്നും സ്പർ‌ശിക്കാതെ ഒഴിഞ്ഞു മാറിയതിനു കാരണം,മറുപടിയില്ലാത്തതല്ലേ..?

Kvartha Test said...

"ഒരു കാര്യം പ്രത്യേകം ഓർ‌ക്കുക,ഒരു വേദാന്തിക്കും,അദ്വൈതിക്കും നവോത്ഥാനം നടത്താനാവില്ല.കാരണം അടിച്ചമർ‌ത്തലിന്റെ ഒരു പ്രത്യയശാസ്ത്രമാണ്,അദ്വൈതം" - ഹ ഹ ഹ ഹ ഹ എത്ര മഹത്തരമായ നവോത്ഥാന ചിന്തകള്‍!
ചാര്‍വാകന്‍, ശ്രീ നാരായണഗുരുവിനെ എന്തുകൊണ്ട് അന്നത്തെ നാട്ടുകാര്‍ കുറച്ചെങ്കിലും സ്വീകരിച്ചു, ബഹുമാനിച്ചു? വെറുതെ ഒരു ദിവസം അദ്ദേഹം കച്ചകെട്ടി ഇറങ്ങിയതാണോ സമൂഹത്തെ ഉദ്ധരിക്കാന്‍? ഒരു തികഞ്ഞ അദ്വൈതവേദാന്തിയും യോഗിയും ജ്ഞാനിയും ആയിരുന്നതിനാല്‍ ആണല്ലോ അന്നത്തെ നാട്ടുകാര്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ വിശ്വസിച്ചത്? ഒരു വേദാന്തി ആയതിനാല്‍ സ്വാമി ജനങ്ങളെ അടിച്ചമര്‍ത്താന്‍ ഇറങ്ങിത്തിരിച്ചു എന്നാണോ? അദ്ദേഹത്തിന്‍റെ കുറച്ചു കൃതികള്‍ വായിച്ചാല്‍ മനസ്സിലാകും. വേദവും ഉപനിഷത്തും അറിവും എതെങ്കിലുമൊരു സമൂഹത്തിന്റെ മാത്രം കുത്തകയല്ല എന്നാണു ശ്രീ നാരായണഗുരുവും ചട്ടമ്പിസ്വാമിയും മറ്റും അന്ന് പ്രചരിപ്പിച്ചു, അതിനു വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ആ വഴിയിലാണ് ശ്രീ നാരായണഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. അദ്വൈതവേദാന്തം തന്നെ കപടം എന്ന് പറയുന്നവര്‍ക്ക്, അദ്വൈത്തിലൂന്നി പ്രവര്‍ത്തിച്ച നാരായണസ്വാമിയെ തള്ളിപ്പറഞ്ഞേപറ്റൂ. അങ്ങനെ നോക്കുമ്പോള്‍ മറുപടി അര്‍ഹിക്കുന്ന മറ്റൊന്നും കണ്ടില്ല.

ചാർ‌വാകൻ‌ said...

ശ്രേയസ്,വേദാന്തിക്ക് നവോത്ഥാനനായകനാവാനാവില്ലന്നു കേട്ട് ചിരിച്ചുപോയല്ലോ.ആ പോസ്റ്റ് ഒന്നുകൂടി വായിക്കു,എന്നിട്ടു ചിരിക്കു.
കേരളത്തിലന്നല്ല,ഇന്ത്യയിൽ തന്നെ നടന്ന നവോത്ഥാന പ്രസ്ഥാനങ്ങളുടെ ചരിത്രം ഇങ്ങനെ ചുരുക്കാം.ജ്ഞാനസിദ്ധാന്തപരമായി മൂന്നു ധാരകളാണുണ്ടായത്.
1.ഹിന്ദു മതം അധീശത്വം പുലർത്തുന്നതും അതിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ളതുമായ മതപരമായ ദേശീയവാദം.-റാം മോഹൻ റോയി,തിലകൻ,ഗോൾവാൾക്കർ,ശ്യാമപ്രസ്സാദ് മുഖർജി,തുടങ്ങി ഹൈന്ദവ-ബ്രാഹ്മണ ചിന്താധാരയെ വിവിധ ഘട്ടങ്ങളിലായി ,വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ ആധുനിക ഇന്ത്യയിൽ ഉറപ്പിക്കുന്നു.വേദ സംസ്കാരത്തിന്റെ എല്ലാ കൈവഴികളും ഒരിടത്തെത്തുന്നു.
2.ഇന്ത്യൻ സമൂഹത്തെ ജാതി-വർഗ്ഗരഹിതമായ സ്വത്വാധിഷ്ഠിത സംഘസമൂഹമായി പുന:സംഘടിപ്പിക്കുന്നതിൽ വിശ്വസിക്കുന്ന ദലിത്-ബഹുജന ദേശീയവാദം.ഫൂലേ,അംബദ്ക്കർ,പെരിയാർ തുടങ്ങി അനേകം കീഴാള ജാതിനേതാക്കൾ വരേ വരും.അവരുടെ വ്യവഹാരങ്ങൾ ഹിന്ദുത്വ-ബ്രാഹ്മണ വിരുദ്ധ മായിരുന്നു.
3.ജാതിയെന്ന യാഥാർത്ഥ്യത്തോടു അന്ധത നടിക്കുന്ന,യൂറോപ്പ്യൻ മാതൃകയിൽ വർഗ നിർമ്മാർജന വിപ്ലവം നടത്തി ഇന്ത്യൻ സമൂഹത്തെ ഒരു മതേതര-സോഷ്യലിസ്റ്റു കമ്മ്യൂണിസ്റ്റു സാമൂഹ്യ ക്രമത്തിലേക്കു മാറ്റുവാൻ‌ പദ്ധതിയുള്ള മതേതര സോഷ്യലിസ്റ്റു ദേശീയവാദം.
എം.എൻ.റോയ്,ആർ.പി.ദത്ത്,നാഗറെഡി മുതൽ ഇ.എം.എസ്.വരേ യുണ്ട്.ഇവരൊന്നും ഹിന്ദുയിസത്തെയോ,ബ്രാഹ്മണിസത്തേയോ വിമർശിച്ചിട്ടില്ല.കാരണം ഇവരെല്ലാം ആതൊഴുത്തിൽ നിന്നും വന്നവരാണ്.
ശ്രീ,ശ്രേയസ്സ് ഇതിൽ നാരായണഗുരുവിനെ താങ്കൾ- ഏതു ഗ്രൂപ്പിൽ പെടുത്തും.ഒന്നോർക്കുക ,വാവൂട്ടു സഭയുമായിനടന്ന ഗുരുവിനെ ,ഈഴവരുടെ സാമൂഹ്യ/രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് ദത്തെടുക്കുകയായിരുന്നു.അവസാനം ‘ഞങ്ങളെ വേണ്ടാത്ത ഗുരുവിനെ ഞങ്ങൾക്കും വേണ്ടാ’എന്നു സി.വി.കുഞ്ഞുരാമനെ കൊണ്ടു പറയിക്കുന്നിടം വരെ എത്തി.ആചാരം കൊണ്ട് ഐക്യപെടാൻ ഒരു സമുദായത്തിനായതിൽ നിർണായക പങ്ക് ഗുരുവിനു തന്നെ.എല്ലാ കീഴാളവ്യവഹാരങ്ങളും തുടച്ചു മാറ്റി,അവിടെ “ഹിന്ദു” വിനെ സ്ഥാപിച്ചതിനാൽ‌ ,ശൂദ്ധരന്മാർക്കും ഗുരു പ്രിയങ്കരനായി.