തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, August 7, 2011

290.70 കോടിയും ആയിരം കോടിയുടെ അസൂയയും...!!

സുനില്‍ ഭാരതി മിത്തല്‍ ഇന്ന് കോര്‍പ്പറേറ്റ് ഇന്ത്യയുടെ ഒരു തിളക്കമാര്‍ന്ന മുഖമാണ്.. അമ്പതിനായിരം കോടി വിറ്റുവരവും ഏതാണ്ട് ഒന്നേമുക്കാല്‍ കോടി മാര്‍ക്കെറ്റ് വാല്യൂവും ഉള്ള ഇന്ത്യയുടെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി .. ഇന്ത്യയില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിചെയ്യുന്നുവെന്ന് പറയുമ്പോള്‍ അഭിമാനിക്കുന്ന ആവറേജ് ഇന്ത്യന്‍ യുവത്വം ഒരുപക്ഷെ ഇന്ത്യന്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ വിരലില്‍ എണ്ണാന്‍ മാത്രമേ ഉള്ളുവെന്ന് മനസ്സിലാക്കുന്നില്ല .. അത്തരത്തില്‍ ഒന്നാണ് ഭാരതി എന്റര്‍പ്രൈസസ് . അപ്പന്റെകൈയില്‍ നിന്ന് വാങ്ങിയ ഇരുപതിനായിരം രൂപകൊണ്ട് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യം.. മറ്റൊരു ഇരുപതിനായിരം രൂപകൊണ്ട് ബില്ല്യന്‍ ഡോളര്‍ ഉണ്ടാക്കിയ ആളാണ് രാകേഷ് ജൂണ്‍ജുന്‍വാല. എന്തായാലും അപ്പന്റെ കൈയില്‍ നിന്നുഅല്‍പ്പം കൂടുതല്‍ വാങ്ങിയതുകൊണ്ട് കൂതറ തിരുമേനി ഒന്നുമായില്ല..

ഇന്ത്യയിലെ തന്നെ ആദ്യത്തെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ മുമ്പന്തിയിലുള്ള എയര്‍ടെല്‍ ലോകത്തിലെ തന്നെ അഞ്ചാമത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാവാണ്‌.. ഭാരതത്തിന്‌ വെളിയില്‍ കാല്‍ ഡസന്‍ രാജ്യങ്ങളില്‍ സര്‍വീസ് ഉള്ള എയര്‍ടെല്‍ ഏതാണ്ട് അരഡസന്‍ രാജ്യങ്ങളില്‍ സര്‍വീസ് തുടങ്ങിക്കഴിഞ്ഞു.. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് രംഗത്ത് മാത്രമല്ല ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റിലും ഗ്രൂപ്പ് എ യിലുള്ള ഭാരതി എയര്‍ടെല്‍ മുന്‍നിരയിലുണ്ട്.. കേവലം ഒരു ബിസിനസ്കാരന്‍ എന്നനിലയിലല്ല ജീവകാരുണ്യ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ച ഇദ്ദേഹത്തിനു പദ്മഭൂഷന്‍ ലഭിച്ചു.. ടാക്സ് വെട്ടിച്ചു മാന്യരായി നടക്കുന്നവര്‍ക്ക് പദ്മ അവാര്‍ഡും കേണല്‍ പദവിയും കൊടുക്കുന്നിടത്ത് സുനില്‍ ഭാരതി മിത്തലിന്റെ അവാര്‍ഡ് തിളക്കമാര്‍ന്നത്‌ തന്നെ. ഇനി ഇദ്ദേഹത്തിന് ലഭിച്ച / അല്ലെങ്കില്‍ നിശ്ചയിച്ച എഴുപതു കോടി ശമ്പളത്തിന്റെ കാര്യം ഒന്ന് നോക്കാം..

കേരളത്തിലെ സര്‍ക്കാര്‍ സ്കൂളില്‍നിന്നു ഡി.പ്പി.ഈ.പ്പിയില്‍ ഊഞ്ഞാലാടി പിന്നീട് കോപ്പിയടിച്ചു പത്താംക്ലാസ് കടന്നുകൂടി സമരവും കല്ലേറും നടത്തി ഒടുവില്‍ കിട്ടുന്ന കപ്പലണ്ടി പൊതിയാന്‍ കിട്ടുന്ന ഡിഗ്രീ സര്‍ട്ടിഫിക്കെറ്റ്കാരന്റെ ആദ്യശമ്പളം അല്ല കോര്‍പ്പറേറ്റ് ഇന്ത്യ കൊടുക്കുന്ന ശമ്പളം.. കഴിഞ്ഞ തവണ ഐ.ഐ.എം അഹമ്മദാബാദില്‍ നിന്നുള്ള ഒരു എം.ബി.യെക്കാരന് കിട്ടിയ തുടക്കശമ്പളം അരക്കോടിയായിരുന്നു.. എന്നുവെച്ചാല്‍ ആദ്യശമ്പളം !! ... അദ്ദേഹത്തിന്റെ ചങ്ങാതി വിദേശത്തെക്കാണ് പോയത്.. കിട്ടിയത് ഒരു കോടി.. അതെ നൂറു ലക്ഷം തന്നെ.. ഈ കോടികള്‍ ഇന്ത്യയില്‍ ഇപ്പോള്‍ ആദ്യമല്ല . വിവേക് പോളിനെ ഓര്‍മ്മയില്ലേ..? വിപ്രോയിലെ വൈസ്ചെയര്‍മാനായിരുന്ന അതെ വിവേക് പോള്‍ .
1999 ല്‍ അദ്ദേഹം വാങ്ങിയിരുന്ന ശമ്പളം രണ്ടു കോടി .. വിവേക് പോള്‍ അറുനൂറു കോടിയുടെ ചെറിയ ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനി എന്ന നിലയില്‍ നിന്ന് വിപ്രോയെ ആറായിരം കോടിയുടെ ഒരു ലോകനിലവാരത്തിലുള്ള കമ്പനിയായി ഉയര്‍ത്തി.. ഈ ശമ്പളം ഇത്തരം കഴിവിനുള്ള പ്രതിഫലമാണെന്ന് കരുതിയാല്‍ മതി.. ഒന്നുകൂടെ ഓര്‍ക്കണം വിവേക് പോള്‍ വിപ്രോയുടെ ഉടമയോ ഷെയര്‍ഹോള്‍ഡറോ ആയിരുന്നില്ല.. സാധാരണ പോസ്റ്റുകളില്‍ ശമ്പളത്തോടൊപ്പം ബോണസ് , സ്റ്റോക്ക് ഓപ്ഷന്‍ എന്നിവയും നല്‍കാറുണ്ട്.. പെപ്സികോയുടെ
സി.ഇ.ഓ ഇന്ദിരനൂയിയും ഈ എഴുപതു കോടി ശമ്പളം വാങ്ങിയ ആളാണ്.. ഇന്ദിരാ നൂയിയും കമ്പനിയുടെ ഉടമ അല്ലായിരുന്നു..

ഒരാള്‍ തന്റെ കമ്പനി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തശേഷം ( അതിനു മുമ്പും ചിലപ്പോള്‍ ) കിട്ടുന്ന വരുമാനമെല്ലാം എടുത്തു പോക്കറ്റില്‍ ഇട്ടു എന്റെ കമ്പനി ലാഭമെല്ലാം എനിക്ക് പുട്ടടിക്കാനുള്ളത് എന്ന് പറയാറില്ല. കമ്പനിയുടെ തന്റെ കൈയിലുള്ള ഷെയറില്‍ നിന്നുള്ള ഡിവിഡണ്ടും തന്റെ കമ്പനിയിലുള്ള പോസ്റ്റില്‍ നിന്ന് കിട്ടുന്ന ശമ്പളവും
(സുനില്‍ മിത്തല്‍ കമ്പനിയുടെ ചെയര്‍മാനും ഭാരതി ഗ്രൂപ്പിന്റെ സി.ഇ.ഒയും ആണ്..) ആണ് അയാളുടെ വരുമാനം .. സ്വാഭാവികമായി താന്‍ ഉണ്ടാക്കിയ കമ്പനിയില്‍ നിന്ന് കമ്പനിയുടെ വളര്‍ച്ചയും ആസ്തിയുമനുസരിച്ചു ശമ്പളം വാങ്ങിക്കാന്‍ മറ്റുള്ള ഷെയര്‍ ഹോള്‍ഡേഴ്സിന്റെ അനുവാദം ഉണ്ടെങ്കില്‍ കഴിയും. പൊതുവേ ഭാരതി എയര്‍ടെല്‍ കൊടുക്കുന്ന ഡിവിഡണ്ട് റേറ്റ് കുറവാണു. അതേപോലെ ഇന്ത്യയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ സി.ഇ.ഒയുടെ ശമ്പളം ഇന്ത്യന്‍ കമ്പനിയുടെ ശമ്പളം വെച്ച് താരതമ്യം ചെയ്യരുത്.. ഓറക്കിളിന്റെ സി.ഇ.ഓ ( ഉടമയും ഇയാള്‍ തന്നെ ) ലാറി എല്ലിസന്‍ വാങ്ങുന്ന ശമ്പളം മുന്നൂറ്റി അമ്പത് കോടിയാണ്...

ഇന്ത്യയിലെ പോലെ ഒരു ദരിദ്ര രാജ്യത്ത് ഇത്രയും ശമ്പളം വേണോ എന്ന ചോദ്യത്തിന് ഒരേ ഒരുത്തരം മാത്രമേ ഉള്ളൂ.. അത്രയും ഒരു കമ്പനി ഉണ്ടാക്കി സര്‍ക്കാര്‍ ശമ്പളത്തിന് തുല്യമായി ശമ്പളം വാങ്ങി മാതൃക കാണിക്കുക.. അമ്പാനി നാലായിരം കോടി ചെലവാക്കി വീട് വെച്ചതിനും ഇതേ ഉത്തരം ഉള്ളൂ.. അത്രയും കാശുണ്ടാക്കി വീടുവേക്കാതെ രാജ്യത്തിന്‌ സംഭാവന ചെയ്യൂ.. സ്വന്തം അയല്‍വക്കക്കാരന്റെ അടുക്കള പുകയുന്നുണ്ടോ എന്ന് നോക്കിയിട്ട് ജീവിക്കാന്‍ ഇവരാരും യേശു ക്രിസ്തുവോ ആദര്‍ശ കമ്മ്യൂണിസ്റ്റ് ( അങ്ങനെ ഒന്നുണ്ടോ.. ആവൊ..? ) അല്ല.. ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങി മൂന്നിലൊന്നു പബിലും മദ്യപാന പാര്‍ട്ടികളിലും അടിച്ചുപൊളിക്കുന്ന കൂട്ടുകാരെ കൂതറ തിരുമെനിയ്ക്ക് നേരിട്ടറിയാം.. ചാരിറ്റിയ്ക്ക് അഞ്ചു നയാപൈസ ഇവര്‍ കൊടുക്കുന്നുമില്ല.. മലയാളികളുടെ മാത്രമല്ല നമ്മള്‍ ആസൂയക്കാരുടെ മുഖമാണ് ഇത്തരം പണക്കാരോട് മിക്കവര്‍ക്കും ഉള്ളത്.. അസൂയക്ക്‌ മരുന്നില്ല..

ഡിസ്ക്ലൈമര്‍
കൂതറ തിരുമെനിയ്ക്ക് ഭാരതി എയര്‍ടെലില്‍ ഷെയര്‍ ഉണ്ട്.. ടെലികമ്മ്യൂനിക്കേഷന്‍ സെക്ടറില്‍ മുടക്കിയിട്ടുള്ള പണത്തില്‍ എണ്‍പത് ശതമാനവും ഭാരതി എയര്‍ടെലില്‍ ആണ്. സുനില്‍ മിത്തലിന് എഴുപതു കോടി വാങ്ങാന്‍ അനുവാദം കിട്ടിയിട്ടേ ഉള്ളൂ. ഇതുവരെ ശമ്പളം വാങ്ങി തുടങ്ങിയിട്ടില്ല.. ഭാവിയില്‍ ശമ്പളം വാങ്ങാന്‍ അനുവാദം ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ നേടിയെടുത്തെന്നെയുള്ളൂ.

No comments: