തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, August 14, 2009

168.അത്തരത്തില്‍ മോഹം വേണ്ട...!!

കൂതറ തിരുമെനിയ്ക്കൊരു കത്തുകിട്ടി. "താങ്കള്‍ പൊതുവേ പണം വാങ്ങിയാണോ ഓരോരുത്തരുടെ ബ്ലോഗുകളോ അല്ലെങ്കില്‍ ബ്ലോഗറെ തന്നെയോ അവലോകനം നടത്തുന്നത്. എത്രപണം വേണം ഒന്ന് മുഖമിടാന്‍. എന്തായാലും കൊള്ളാം ട്ടോ തിരുമേനി. ഒരു ചങ്ങാതി."

എന്താണ് ഈ സുഹൃത്തിന് ഇങ്ങനെ ഒരു ശങ്കയുദിച്ചത് എന്നറിയില്ല. ചില ബ്ലോഗുകളെയോ ബ്ലോഗറെയോ അവതരിപ്പിക്കുന്നതോ അവലോകനം ചെയ്യുന്നതോ ആരുടേയും കൈയില്‍നിന്ന് പണം പറ്റിയല്ല. ആ ബ്ലോഗറെ കൂതറ തിരുമെനിയ്ക്ക് വ്യക്തിപരമായി അറിയുകപോലും ഇല്ല. അവര്‍ക്ക് തിരിച്ചും.

കവികളെയും മറ്റെഴുത്തുകരെയും മുമ്പും കൂതറ തിരുമേനി അവലോകനം നടത്തി പോസ്റ്റ്‌ ഇട്ടിരുന്നു. ഇനി വെറും സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന പോസ്റ്റുകള്‍ ആണ് അതെങ്കില്‍ അങ്ങനെയും വിശേഷിപ്പിച്ചു പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഉപരിപ്ലവമായ സുഖിപ്പിക്കല്‍ ആയിരുന്നു ലക്‌ഷ്യം എങ്കില്‍ കൂതറയിലെ അംഗങ്ങളെയോ അല്ലെങ്കില്‍ അവരുടെ ബ്ലോഗുകളെയോ അവതരിപ്പിച്ചാല്‍ മതിയായിരുന്നു.

ഇന്ന് അച്ചടി മാധ്യമത്തോടോ അല്ലെങ്കില്‍ ചിലതൊക്കെ അതിനു മേലെയോ നിലവാരമുള്ള ധാരാളം എഴുത്തുകാര്‍ ബ്ലോഗില്‍ എഴുതുന്നുണ്ട്. പലകാരണങ്ങള്‍ കൊണ്ട് ചിലതൊക്കെ ശ്രദ്ധിക്കാതെ പോവുന്നുമുണ്ട്. ചിലരുടെ ബ്ലോഗില്‍ അവരുടെ പ്രതിഭയുടെ ബഹിര്‍സ്ഫുരണം പ്രകടമാണ്. അത്തരക്കാരെ കണ്ടില്ലാന്നു നടിക്കാന്‍ കഴിയാറില്ല. അതേപോലെ തന്നെ അവലോകനവും അഭിനന്ദനവും അര്‍ഹിക്കുന്ന എഴുത്തുകാരെ അംഗീകരിക്കാതിരിക്കാന്‍ കഴിയാറില്ല. സ്വാഭാവികമായും ഞാന്‍ അവലോകനം നടത്തുന്ന ബ്ലോഗുകളെയോ എഴുത്തുകാരേയോ അവരുടെ ബ്ലോഗില്‍ ചെന്ന് പരിചയപ്പെട്ടാല്‍ എന്തിനു ഞാനവരെ തെരഞ്ഞെടുത്തു എന്ന് ബോധ്യം വരും. അകാരണമായി ആര്‍ക്കുംവേണ്ടി പോസ്റ്റ്‌ ഇടില്ലയെന്നു ചുരുക്കം.

ബാല്യ, ശൈശവ ദശയിലാണ് മലയാളം ബ്ലോഗെന്നു ഞാനും വിശ്വസിക്കുന്നു. പക്ഷെ അച്ചടി/ദൃശ്യ മാദ്ധ്യമങ്ങളില്‍ അല്ലാതെ മറ്റുമേഖലകളില്‍ ജോലിചെയ്യുന്നതും സ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും എഴുതുന്ന ബ്ലോഗില്‍ ഒരുപക്ഷെ പ്രൂഫ്‌റീഡര്‍മാര്‍ മിനുക്കിയെടുക്കാത്ത കൃതികളുടെ പച്ചയായ മുഖം കാണുമ്പോള്‍ തന്നെ എഴുത്തുകാരന്റെ പ്രതിഭ മനസ്സിലാക്കാം. ജേര്‍ണലിസം പഠിക്കാത്ത ഉള്ളിന്റെയുള്ളില്‍ നിന്ന് ഉറവപോലെ വരുന്ന ആശയത്തെ പോസ്റ്റുകളായി രൂപപ്പെടുത്തുന്നവരെ ബഹുമാനിക്കുന്നു കൂതറതിരുമേനി എന്നുമാത്രം. എന്നും എല്ലാപോസ്റ്റുകളും ഇവര്‍ക്കായി നീക്കിവേക്കാനാവില്ല. പക്ഷെ കഴിയുമ്പോള്‍ ഇത്തരക്കാരെ പരിചയപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാവര്‍ ആണെങ്കില്‍ അവരെ അനുമോദിക്കാനും ശ്രമിക്കാറുണ്ട്.

ബ്ലോഗനയിലൂടെയും അല്ലാതെയും നിരവധി ആളുകള്‍ ഈ പുതിയ മാധ്യമത്തിന്റെ വിവരം അറിയുകയും ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ട്. ഇനിയും നിരവധി ആളുകള്‍ ഈ മേഖലയിലേക്ക് എഴുത്തുകാരായോ വായനക്കാരായോ കടന്നുവരും. അതോടുകൂടി ഈ മേഖല വളരെയധികം വളരുകയും ചെയ്യും. ആദ്യമായി മലയാളത്തില്‍ എഴുതിയ അങ്കിളും മലയാളം യൂണികോഡില്‍ ആദ്യപോസ്റ്റ്‌ ഇട്ട കൈപ്പള്ളിയും മലയാളം അക്ഷരങ്ങള്‍ക്കു വേണ്ടി തങ്ങളുടെ വിലയേറിയ സമയം കണ്ടെത്തിയ കെവിനും സിജിയും വ്യാകരണങ്ങളും മലയാളം ബ്ലോഗുകളില്‍ വരുന്ന ഭാഷാപരമായ തെറ്റുകളും മറ്റും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള പോസ്റ്റുകളും ഇടാറുള്ള ഉമേഷും ബ്ലോഗുകളെയും ഫോട്ടോഗ്രാഫിയെയും പറ്റി ബ്ലോഗുകള്‍ ഇടുന്ന അപ്പുവും അങ്ങനെ നിരവധി ആളുകളെ എന്നും കാലം ഓര്‍ക്കും. ഒപ്പം തങ്ങളുടെ ഒരു പോസ്റ്റ്‌ ഇട്ടു മലയാളം ബൂലോഗത്ത് തങ്ങളുടെതായി ഒരിടം കണ്ടെത്തിയ ബൂലോഗവാസികളെയും.

പരസ്പരം ചെളിവാരി എറിയലും അസൂയയും മാറ്റിവെച്ചാല്‍ നല്ല സൌഹാര്‍ദ്ധപരമായ ഒരിടം നമുക്കിവിടെ ദര്‍ശിക്കാം. അല്ലെങ്കില്‍ അത്തരമൊരു ഊഷ്മളമായ ബൂലോഗം തീര്‍ക്കാന്‍ ശ്രമിക്കാം. അതല്ലേ ഈ ക്ഷണഭംഗുരമായ ജീവിതത്തില്‍ നേടാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പത്ത്. ചെറിയ ജീവിതകാലഘട്ടം നല്ല സുഹൃത്തുകളും നല്ല അഭ്യുദയ കാംക്ഷികളും ഉണ്ടെങ്കില്‍ വരണ്ടജീവിതങ്ങളില്‍ സന്തോഷത്തിന്റെ മരുപ്പച്ച കണ്ടെത്താനാവും. അഭ്യൂഹങ്ങളും ആരോപണങ്ങളുമല്ല കേവലം ഒരു മന്ദഹാസം മതി ജീവിതത്തെ മാറ്റിമറിക്കാന്‍.

എല്ലാവര്‍ക്കും സൗഹൃദപരമായ ബ്ലോഗിംഗ് ആശംസകള്‍.

2 comments:

ഒഴാക്കന്‍. said...

തിരുമേനി കലിപ്പാകാതെ തുടര് താങ്കളുടെ കൂതറ അവലോകനങ്ങള്‍ ....
" കാശില്‍ എന്തിരിക്കുന്നു കഥ .... കാശുള്ളവന്‍ കാശിക്കുപോയാ പുണ്ണ്യ കൂടുതല്‍ ഒന്നും ഇല്ല്യാലോ ? "

junaith said...

Galakki...