തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, November 5, 2009

198.ബ്ലൂ...ഫിലിം അവലോകനം

പേര് കേട്ടാല്‍ തെറ്റിദ്ധരിക്കപ്പെടാവുന്ന നീലപ്പടമല്ല ഇവിടെ അവലോകനം ചെയ്യുന്നത്. കൂറ്റന്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ബോളിവുഡ്‌ ചിത്രം ബ്ലൂ ആണ് കൂതറ തിരുമേനി ഇവിടെ അവലോകനം ചെയ്യുന്നത്. ഈ അവലോകനം വായിച്ചു പടം കാണേണ്ട എന്ന തീരുമാനം എടുക്കുകയോ അതല്ല കാണണം എന്ന തീരുമാനം എടുക്കുകയോ ചെയ്യുന്നത് വായനക്കാരുടെ യുക്തിയ്ക്കും മനസ്സിനുമനുസരിച്ചു ആവാം. എന്തായാലും ഈ ചിത്രത്തെ ആദ്യം തന്നെ ഒരു കൂതറ ചിത്രം എന്ന് പറയേണ്ടി വരും. ചിത്രം ഏകദേശം എഴുപതു കോടി മുടക്കിയാണ് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നൂറു കോടിയാണ് ആകെ മുതല്‍ മുടക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. (എന്ന് വെച്ചാല്‍ ഇരുപതു മില്ല്യന്‍ ഡോളര്‍)


(ചിത്രം വിക്കിയില്‍ നിന്ന് പൊക്കിയത്)

ധില്ലിന്‍ മേത്ത നിര്‍മ്മിച്ച ഈ വമ്പന്‍ ചിത്രം വിതരണം ചെയ്യുന്നത് ധില്ലിന്‍ മേത്ത കൂടി പങ്കാളിയായ ശ്രീ അഷ്ട വിനായക് സിനി വിഷനാണ്. മുമ്പ് ജബ് വീ മെറ്റ്, ഗോള്‍മാല്‍ റിട്ടേന്‍സ് പോലെയുള്ള സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്ത കമ്പനിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കൂതറ പടം നിര്‍മ്മിക്കാന്‍ ധില്ലന്‍ മേത്ത എങ്ങനെ തീരുമാനിച്ചു എന്നതില്‍ അതിശയം തോന്നുന്നു. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമ നിര്‍മ്മിക്കുകയായിരുന്നു ധില്ലന്റെ ഉദ്ദേശം എന്ന് തോന്നുന്നു. ആസ്ട്രേലിയന്‍ പോപ്പ്‌ താരം കൈലി മിനോഗ് മുഖം കാണിച്ച ചിത്രത്തില്‍ ഇന്നത്തെ ഹിന്ദിയിലെ സൂപ്പര്‍താരവും യുവജനങ്ങളുടെ താരവുമായ കത്രീന കൈഫും (നമ്മുടെ സല്‍മാന്‍ അണ്ണന്റെ കാമുകി) അതിഥി താരമായി എത്തുന്നു. നായകന്‍ സഞ്ജയ്‌ ദത്തും നായിക മുന്‍ ലോക സുന്ദരി ഡയാന ഹൈഡനും. ഒപ്പം സൈദ്‌ ഖാനും (നടന്‍ സഞ്ജയ്‌ ഖാന്റെ മകനും സാക്ഷാല്‍ ഹൃതിക്‌ റോഷന്റെ അളിയനും ഇദ്ദേഹം തന്നെ. ‍). ഇടയ്ക്ക് വില്ലനായി എത്തുന്നത് മുന്‍ സൂപ്പര്‍ മോഡലായ രാഹുല്‍ ദേവ്, മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്നത്തെ ബോളിവുഡ്‌ ആക്ഷന്‍ സൂപ്പര്‍സ്റ്റാറായ അക്ഷയ്‌ കുമാറും. എന്തായാലും താരബാഹുല്യം കൊണ്ട് ബ്ലൂ സമ്പന്നമാണ്.

ചിത്രത്തിന്‍റെ കുറേഭാഗം തായ്ലണ്ടിലും ബാക്കിഭാഗം ബഹാമാസിലും ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനടിയില്‍ കിടക്കുന്ന നിധി ( ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ്‌കാര്‍ തട്ടിയെടുത്ത സമ്പത്ത് പണ്ടൊരു കപ്പലില്‍ തിരികെ കൊണ്ടുവരുന്നതിനിടയില്‍ മുങ്ങിയതു) മുങ്ങിയെടുക്കാന്‍ സഞ്ജയ്‌ ദത്തിനെ പ്രോല്‍സാഹിപ്പിക്കുന്ന അക്ഷയ്‌ കുമാറിന്റെ കഥാപാത്രം നിരാശനായി തീരുന്നതും ഒടുവില്‍ സഞ്ജയ്‌ ദത്തിന്റെ സഹോദരനെ തായ്ലണ്ടില്‍ കുടുക്കുകയും അങ്ങനെ സഞ്ജയ്‌ദത്തിനെ നിധിവേട്ടയ്ക്ക് നിര്‍ബ്ബന്ധിതനാക്കുകയും ഒടുവില്‍ ഈ ചതി സഞ്ജയ്‌ ദത്തിന് മനസ്സിലാവുകയുമാണ് പ്രമേയേം. കൂടുതല്‍ പറഞ്ഞു കഥ പരസ്യമാക്കുന്നില്ല.

എന്തായാലും തികച്ചും വെത്യസ്തമായ പ്രമേയം കടലില്‍ അല്ലെങ്കില്‍ വെള്ളത്തിനുള്ളിലുള്ള ഷൂട്ടിങ്ങിന് വേണ്ടി തെരഞ്ഞെടുത്താണ് എന്ന് ചുരുക്കും. ഡിസ്കവറി, ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജിയോ ഗ്രാഫിക് ചാനല്‍ എന്നിവ കാണുന്ന ഇന്നത്തെ തലമുറയ്ക്ക് ഈ കടലിനടിയിലെ ദൃശ്യം കണ്ടാല്‍ അത്ഭുദം തോന്നുമെന്ന് കരുതുന്നില്ല. കുറഞ്ഞപക്ഷം ഒരു ഒന്നര പതിറ്റാണ്ട് മുമ്പായിരുന്നെകില്‍ ഒരുപക്ഷെ ഞെട്ടി നോക്കി നിന്നുപോയേനെ..

ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവായ എ.ആര്‍.റഹ്മാനും റസൂല്‍ പൂക്കുട്ടിയും സംഗീതവും പശ്ചാത്തലവും നിര്‍വചിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ അത്ര ഇമ്പമേറിയത് എന്ന് പറയാന്‍ കഴിയില്ല. റസൂല്‍ തന്റെ കടമ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു. റസൂലേ നീയെങ്കിലും കാത്തു അല്ലെങ്കില്‍ റസൂലേ നിന്‍ കനിവാലെ.... ചിത്രത്തിന്‍റെ അവതരണം തീര്‍ത്തും പരിതാപകരം എന്നെ പറയേണ്ടൂ. ആക്ഷന്‍ രംഗങ്ങള്‍ മിക്കവയും നല്ല നിലവാരം എന്ന് പറയാന്‍ കഴിയില്ല. ചിലതാകട്ടെ നമ്മുടെ തമിഴ്‌ ചിത്രങ്ങളിലെപ്പോലെ അതിശയോക്തിയുടെ ഉത്തുംഗതയില്‍ ആണെങ്കില്‍ ചിലതാകട്ടെ സാധാരണ നിലവാരം പോലുമില്ലാത്തവയും.. ചില കാര്‍, ബൈക്ക്‌ ചേസിംഗ് ഹോളിവൂഡ് ചിത്രങ്ങളിലെ പോലെയെങ്കില്‍ ചില ആക്ഷന്‍ രംഗങ്ങള്‍ (പ്രത്യേകിച്ചും വില്ലന്‍ സഞ്ജയ്‌ ദത്തിന്റെ വീട്ടില്‍ നടത്തുന്നത്) തീര്‍ത്തും കൂതറതന്നെ.

ചിത്രം കാണുന്ന കാഴ്ചക്കാരന്‍ ചിന്തിക്കുന്നത് ഒന്നുമാത്രമായിരിക്കും. നൂറു കോടി ചിലവാക്കാന്‍ വേറെ മാര്‍ഗ്ഗം ഒന്നുമില്ലേ... ചിത്രത്തിന്‍റെ ഉദ്ദേശം നൂറുകോടി ചിലവാക്കുക എന്നതുമാത്രം. ഒപ്പം ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചിലവേറിയ ചിത്രമെന്നുള്ള പേരും. നിര്‍മ്മാതാവ് കഴിഞ്ഞ കുറെ ചിത്രങ്ങളിലെ ലാഭം തീര്‍ക്കാന്‍ വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ എന്നും സംശയം തോന്നുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ വില്ലന്‍ തീര്‍ത്തും സഹതാപം അര്‍ഹിക്കുന്നു. സ്വതവേ ഭാവങ്ങള്‍ മുഖത്ത്‌ വരില്ലെന്ന ദുഷ്പേരുള്ള രാഹുല്‍ദേവ് തന്റെ പ്രകടനത്തിലൂടെ അത് തെളിയിക്കുന്നു. സാഗര്‍ ഏലിയാസ്‌ ജാക്കിയിലൂടെ മലയാളത്തിലും ഇഷ്ടന്‍ അത് തെളിയിച്ചിരുന്നു. അക്ഷയ്‌ കുമാറിന്റെയും സഞ്ജയ്‌ ദത്തിന്റെയും അഭിനയം ശരാശരി മാത്രം. നായികമാര്‍ക്ക് പ്രത്യേക പ്രാധാന്യം ഇല്ലാത്ത ചിത്രത്തില്‍ അവരുടെ റോളിനെ വിമര്‍ശിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അന്തോണി ഡിസൂസയ്ക്ക് ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിമാനിക്കത്തക്ക ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. ചില അടിപൊളി സംഘട്ടന രംഗങ്ങള്‍ ഒഴിച്ചാല്‍ (അതും സ്റ്റണ്ട് സംവിധായകന്‍ മിടുക്കന്‍ ആയതുകൊണ്ട് എന്ന് പറയേണ്ടി വരും) ചിത്രത്തില്‍ പ്രത്യേകിച്ച് വല്ലതുമുണ്ടോ എന്നുപറയാന്‍ കഴിയില്ല.

എന്തായാലും നൂറു കോടി മുടക്കി ഒരു സിനിമ എടുക്കാന്‍ ബോളിവുഡ്‌ വളര്‍ന്നു എന്നത് അഭിമാനിക്കാന്‍ വകയുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ പേരിന്റെ കൂടെ നൂറു കോടി മുടക്കാനുള്ള സംവിധായകനും നമുക്കുണ്ടെന്ന് പുറം ലോകം അറിയട്ടെ.. അല്ലാതെ പിന്നെ. പക്ഷെ ഈ നൂറുകോടി മുടക്കി ഹോളിവുഡ്‌ ചിത്രത്തോട് കിടപിടിക്കുന്ന ചിത്രമോ അല്ലെങ്കില്‍ ലോകനിലവാരത്തില്‍ ഉള്ളചിത്രമോ നിര്‍മ്മിക്കാതെ ആഡംബരം കാണിച്ചു പ്രേക്ഷകനെ കൈയിലെടുക്കാന്‍ ശ്രമിച്ചാല്‍ നിര്‍മ്മാതാവിന്റെ കൈ പോള്ളുകയെ ഉള്ളൂ. തമിഴിലെ ശങ്കര്‍ ചിത്രങ്ങളില്‍ കോടികള്‍ മുടക്കുമ്പോള്‍ കുറഞ്ഞപക്ഷം കാഴ്ചക്കാരന് ആസ്വദിക്കാനുള്ള വകയെങ്കിലും ഉണ്ടാവും. ഇവിടെ അതും നാസ്തി..

എന്തായാലും ഒറ്റവാക്കില്‍ കൂതറ പടം തന്നെ. കണ്ടിട്ട് പൈസ കളയുകയോ കാണാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരുടെ മനോധര്‍മ്മം പോലെ..

7 comments:

വിന്‍സ് said...

അണ്ണന്‍ വെറുതെ കൊതിപ്പിച്ചു!!!

Anonymous said...

ബ്ലൂ ഫിലിം ആയിരുന്നെല്‍ ഇതില്‍ കൂടുതല്‍ കിട്ടിയെനെ ലെ...?

Siju | സിജു said...

കൂതറ തിരുമേനീ,
സൈദ് ഖാന്റെ സഹോദരിയായ ഫറാ ഖാന്‍ കോറിയോഗ്രാഫറും സം‌വിധായകയുമായ ഫറാ ഖാനല്ല. അത് വേ ഇതു റേ..
സൈദ് ഖാന്റെ സഹോദരി ഡിജെ അഖീലിന്റെ ഭാര്യയായ ഫറാ ഖാന്‍ അലിയാണ്‌. മറ്റേ ഫറാ ഖാനു ഒരു സഹോദരനേയൊള്ളൂ, സം‌വിധായകനായ സാജിദ് ഖാന്‍

താരകൻ said...

നല്ല നിരൂപണം..നിരാശപെടുത്തിയെങ്കിലും നിലവാരം പുലർത്തി..

കൂതറ തിരുമേനി said...

@സിജു

തെറ്റിപ്പോയതാണ്. കുറെ ഫറമാര്‍ വന്നതിന്റെ കണ്‍ ഫ്യൂഷനിസം ആണ്. മൂന്നാമത്തെ ഫറ നമ്മുടെ തബുവിന്റെ ചേച്ചി...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തിരുമേനീ

നല്ല നിരൂപണം..പടം കണ്ടില്ല..കാണണോ?

ഹിന്ദിപ്പടങ്ങൾക്ക് പണ്ടേ പണം മുടക്കാറില്ല!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

തിരുമേനി..
ഈ പടത്തില്‍ അഭിനയിച്ചതു മുന്‍ ലോകസുന്ദരി ഡയാന ഹെയ്ദന്‍ അല്ല ലാറാ ദത്ത ആണ്