തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, August 9, 2009

164. മുരളിയ്ക്കിനി സാക്ഷാല്‍ മുരളീധരന്‍ മാത്രം...!!

ശ്രീ കൃഷ്ണന് മുരളീധരന്‍ എന്നും പേരുണ്ട്. മുരളി അഥവാ ഓടക്കുഴല്‍ എപ്പോഴും കൊണ്ടുനടക്കുന്ന സാക്ഷാല്‍ ശ്രീകൃഷ്ണന്റെ മറ്റൊരു പേരാണ് മുരളീധരന്‍. ഒരുപക്ഷെ ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയക്കാരനായിരുന്നു ശ്രീകൃഷ്ണന്‍. കേരളത്തിലെ പ്രമുഖ ശ്രീകൃഷ്ണ ക്ഷേത്രമായ ഗുരുവായൂരിലെ ഏറ്റവും പ്രശസ്തനായ ഭക്തനും കോണ്‍ഗ്രസ്സിലെ ഏറ്റവും തലമുതിര്‍ന്ന നേതാവുമായ ശ്രീ.കെ.കരുണാകരന്‍ പുത്രന് മുരളീധരന്‍ എന്ന് പേരിട്ടില്ലെങ്കിലെ അതിശയമുള്ളൂ.എന്തായാലും കൃഷ്ണകൃപ ഏറെയുള്ള ഇതുവരെ കൃഷ്ണകൃപയില്‍ രാജയോഗമനുഭവിച്ച മുരളീധരനെ ഇപ്പോള്‍ ശനി ബാധിച്ചെന്നു തോന്നുന്നു. ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ലായെന്ന അവസ്ഥയാണ്‌ ശ്രീ.മുരളിയ്ക്ക്.

ഒരുപക്ഷെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും പെട്ടെന്ന് ഉദിച്ചുയര്‍ന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ മുരളിയുടെയും പേരുണ്ടാവും. കരുണാകരന്റെ രക്തമായതിലാവാം രാഷ്ട്രീയ അടവുകള്‍ എല്ലാം മുരളിയ്ക്കും നന്നായി അറിയാം. ചെറുപ്രായത്തില്‍ തന്നെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്‌ മാത്രമല്ല പ്രസിഡന്റും ആയി മുരളി. ഒരുപക്ഷെ എ.കെ. ആന്റണി കേരള മുഖ്യമന്ത്രി ആയപ്പോള്‍ കേരളത്തിലെ കെ.പി.സി.സി. പ്രസിഡണ്ട്‌ ആയിരുന്ന മുരളിയെപ്പോലെ ആ പദവിയില്‍ വിളങ്ങിയ വേറെ ആരുമുണ്ടോയെന്നും സംശയം തന്നെ.

ഈ കഴിവ് താനേ വീണു കിട്ടിയതല്ല. സേവാദളിലും മറ്റും പ്രവര്‍ത്തിച്ചു നേടിയെടുത്ത പ്രവര്‍ത്തന പരിചയം പിന്നീട് നന്നായി ഉപയോഗപ്പെടുത്തിയ മുരളി പക്ഷെ അപക്വമായ എടുത്തുചാട്ടങ്ങളിലൂടെ രാഷ്ട്രീയക്കാരുടെയും വിശിഷ്യാ കോണ്‍ഗ്രസ്കാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും മാത്രമല്ല സാധാരണ ജനങ്ങളുടെയും കണ്ണില്‍ വെറുക്കപ്പെട്ടവനായി. അതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവായി വയനാട്ടില്‍ നിന്നും ലോകസഭയിലേക്ക് മത്സരിച്ചപ്പോള്‍ കിട്ടിയ ദയനീയ പരാജയം. ഒരുപക്ഷെ അന്ന് തന്നെ മുരളിയുടെ രാഷ്ട്രീയ ഭാവിയും പ്രകടമായി.

കേരളത്തില്‍ ഇടതോ വലതോ അല്ലാതെ ഒരാള്‍ ജയിക്കണമെങ്കില്‍ ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ഒരുപക്ഷെ ഇതുരണ്ടുമല്ലാത്ത ഒന്നിനെപറ്റി മലയാളി സമൂഹം ചിന്തിക്കുന്നില്ലെന്നു പറയേണ്ടി വരും. മൂവാറ്റുപുഴയില്‍ നിന്ന് 2004 ഇല്‍ എന്‍.ഡി.എ.യ്ക്ക് വേണ്ടി ജയിച്ച പി.സി.തോമസിന്റെ വിജയം ഇതിനൊരപവാദം ആണ്. പക്ഷെ പി.സി.തോമസ്‌ നേടിയ വിജയം അപ്രതക്ഷിതം എന്ന് പറയാന്‍ കഴിയില്ല. സ്വന്തം ഇമേജ് നല്ലപോലെയുണ്ടായിരുന്ന പി.സി.തോമസിന് ഒരു പാര്‍ട്ടിയുടെയും സമ്മതമില്ലാതെ തന്നെ സ്വന്തം വ്യക്തി പ്രഭാവത്തില്‍ ജയിക്കാനുള്ള ശേഷിയുണ്ടായിരുന്നു. ഒരിക്കലും പി.സി.തോമസിനെയും കെ.മുരളീധരനെയും താരതമ്യം ചെയ്യാനാവില്ല. അതുകൊണ്ട് തന്നെ അത്തരമൊരു മല്സരത്തിനോരുങ്ങിയ മുരളിയുടെ തീരുമാനം തന്നെ ദോഷകരമായി ഭവിച്ചു.

കൂട് വിട്ടു കൂട് മാറ്റവും മറുകര ചാടലും ഏതാണ്ട് തൊഴിലാക്കി എടുത്ത മുരളിധരന്‍ പക്ഷെ ഇങ്ങനെയൊരു തീരുമാനം കെ.പി.സി.സി. എടുക്കുമെന്ന് സ്വപ്നേപി നിനച്ചില്ല. ഡിക്കും എന്‍.സി.പി.യും കഴിഞ്ഞപ്പോള്‍ അവസാനം പവനായി ശവമായി. കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി വരെ ആവാനുള്ള കഴിവുണ്ടായിരുന്ന ഒരു നേതാവിന്റെ പതനമാണ് ഇപ്പോള്‍ നമ്മളെല്ലാം കണ്ടത്. ഒരുവേള ഇടതുപക്ഷത്തോട് ചായ്‌വ് കാട്ടിയ മുരളിയ്ക്ക് ഇടതുപക്ഷമോ വലതുപക്ഷമോ വാതില്‍ തുറന്നു കൊടുത്തില്ല. ഇടതുപക്ഷത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജനതാദള്‍ ആകട്ടെ ആയാസരഹിതമായി യൂ.ഡി.എഫില്‍ തങ്ങളുടെ ഇടം കണ്ടെത്തി. ഒരുപക്ഷെ കെ.പി.സി.സി. എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നായി ഇതിനെ കാണണം. അവസരവാദ രാഷ്ട്രീയവും, തൊഴുത്തില്‍ കുത്തും പാരവെപ്പും, തുടങ്ങി എല്ലാ കൂതറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും വിളനിലമായി മാറിയിരുന്ന കേരള രാഷ്ട്രീയത്തില്‍ ഇത്തരം ശുദ്ധി കലശങ്ങള്‍ ആവശ്യമാണ്.

ജനങ്ങളെ കേവലം വിഡ്ഢികളും വോട്ടുചെയ്യാന്‍ മാത്രമുള്ള യന്ത്രങ്ങളായും കാണുന്നവര്‍ ഒരുപക്ഷെ ഇതേപോലെ ഒരു അവസ്ഥ കാണേണ്ടി വരും. ഇതുകൊണ്ടു മുരളീധരനെന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ ഭാവി അവസാനിച്ചുവെന്ന് തിരുമേനി കരുതുന്നില്ല. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരങ്ങളില്‍നിന്നു ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കരുത്തുമായി മുരളീധരന്‍ ഇനിയും വരും. പക്ഷെ ജനങ്ങളും മറ്റു രാഷ്ട്രീയക്കാരും ഈ കൌശലം തിരിച്ചറിഞ്ഞു മുരളീധരന് ഇഷ്ടത്തിന് ഒടക്കുഴലൂതാനുള്ള സൗകര്യം ഉണ്ടാക്കികൊടുക്കാതിരുന്നാല്‍ മുരളീധരന്റെ രാഷ്ട്രീയ ഭാവി ശോഭനമാക്കാന്‍ സാക്ഷാല്‍ ആപല്‍ബാന്ധവനായ ശ്രീ ഗുരുവായൂരപ്പന്‍ ശ്രീകൃഷ്ണന്‍ തന്നെ അവതരിക്കേണ്ടി വരും. ഒന്നും അല്ലെങ്കില്‍ ഇത്രയും കാലം തന്നെ സേവിച്ച കേരള രാഷ്ട്രീയ ഭീക്ഷ്മാചാര്യര്‍ കെ.കരുണാകരന്റെ പുത്രനെ സഹായിച്ചില്ലെങ്കില്‍ ഗുരുവായൂരപ്പന്‍ പിന്നെ ആരെ സഹായിക്കും.. കെ.മുരളീധരനെ ഇനി സാക്ഷാല്‍ മുരളീധരന്‍ തന്നെ രക്ഷിക്കട്ടെ.

9 comments:

മനനം മനോമനന്‍ said...

മുരലീധരൻ ഇനിയെങ്കിലും എവിടെയെങ്കിലും ഒന്ന് ഉറച്ചുനിന്നാൽ മതിയായിരുന്നു!ഒരു മുന്നണിയിലും പെടാതെയും ഉറച്ചു നിൽക്കാം.

വിന്‍സ് said...

മുരളി തിരിച്ചു വരും....ലീഡറും അദ്ദേഹത്തിന്റെ മകനും ഇത്രയും ക്രൂശിക്കപ്പെടാന്‍ ഉള്ള തെറ്റൊന്നും ചെയ്തിട്ടില്ല. എം എം ഹസ്സന്റെയും, ഉമ്മന്‍ ചാണ്ടിയുടേയും അമ്മമാര്‍ പ്രസവിച്ചു വളര്‍ത്തിയ പാര്‍ട്ടി ഒന്നും അല്ലല്ലോ കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ ഇപ്പോളത്തെ നേതാക്കന്മാരില്‍ ഭൂരിപക്ഷം പേരും ചെയ്യാത്ത തെറ്റുകള്‍ ഒന്നും അല്ല മുരളി ചെയ്തിരിക്കുന്നത്. പക്ഷെ മുരളിയോട് മാത്രം അയിത്തം. മുരളിയെ ഭയക്കുന്നത് ഇപ്പോളത്തെ കേരളത്തിലെ ഏഴാം കൂലി നേതാക്കന്മാര്‍ മാത്രം ആണു. അവരേക്കാളും എത്രയോ ഉപരി ആണു മുരളിയുടെ കഴിവും കുതന്ത്രങ്ങളും, നയിക്കാന്‍ ഉള്ള കഴിവും. വെറും അവസരവാദികള്‍ മാത്രം ആയ ജനദാധളിനെ മുന്നണിയില്‍ എടുത്ത കെ പി സി സി ക്കു ഭയം എന്‍സിപി യോടായിരുന്നു. വീരേന്ദ്രകുമാറും അനുയായികളും മദാമ്മയേയും മക്കളേയും പറഞ്ഞതില്‍ കൂടുതല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ ഒക്കുമോ?? ഒരു പാര്‍ലിമെന്റ് സീറ്റ് കിട്ടാതായപ്പോള്‍ കരഞ്ഞു നിലവിളിച്ചു രായ്ക്കു രായ്മാനം സകല നിലപാടുകളും മാറ്റി വലതു പക്ഷത്തേക്കു മാറിയ കേരളം കണ്ട ഏറ്റവും വലിയ അവസരവാധ രാഷ്ട്രീയത്തിനു ഉടമകളായ വീരെന്ദ്രകുമാറിനേയും കൂട്ടരേയും നാണം കെട്ട ചെന്നിത്തലയും ഹസ്സനും ഉമ്മനും സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയെ പരസ്യമായി അപമാനിച്ച വയാലാറും കൂടി കൈ അടിച്ചല്ലേ സ്വീകരിച്ചത്. നാണം കെട്ടവര്‍. ഇവരേക്കാലും എത്രയോ ബെറ്റര്‍ കെ മുരളീധരന്‍!!! സകല പാപങ്ങളും ഏറ്റു പറഞ്ഞു ശക്തനായി തന്നെ തിരിച്ചു വരും മുരളീ.

കോലാപ്പി said...

കരിങ്കാലി കരുണാകരന്റെ കരിങ്കാലി പുത്രന്‍

മാണിക്യം said...

:ചരിത്രത്തിലെ ഏറ്റവും വലിയ
രാഷ്ട്രീയക്കാരനായിരുന്നു ശ്രീകൃഷ്ണന്‍:
:)

:ശുദ്ധി കലശങ്ങള്‍ ആവശ്യമാണ്:.
അതെ!എന്നും എല്ലാ തുറയിലും.......

:കെ.മുരളീധരനെ ഇനി സാക്ഷാല്‍ മുരളീധരന്‍ തന്നെ രക്ഷിക്കട്ടെ:
.. കേരളത്തേയും

മുരളിയുടെ കഴിവുകള്‍ കുറച്ചു കാണണ്ടാ
ഒരു പക്ഷെ മുരളിക്കു ഇനി വിത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായാല്‍
നല്ലൊരു രാഷ്ട്രീയനേതാവിന്റെ വരവാകുമത്‌

നാട്ടുകാരന്‍ said...

കോണ്‍ഗ്രസിലെ പല നേതാക്കന്മാരും പുരത്തായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് എന്ന് ഇപ്പോഴാണ് മനസ്സിലായത്‌. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തെറ്റുകാരന്‍ മുരളിയാണിപ്പോള്‍ !വിശുദ്ധ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ജനം എല്ലാം മറന്നു എന്ന് കരുതിയിരിക്കുന്നു. സര്‍വ്വ തെറ്റും ഏറ്റു പറയുന്ന മുരളിയെ ഒരു സാധാ പ്രവര്‍ത്തകനായിപ്പോലും എടുക്കാന്‍ മടിക്കുന്നതു ആരെ പേടിച്ചു ? ഇവിടെയാണ്‌ മുരളിയുടെ ജയം! ഈ മണ്ടത്തരം കാണിച്ചതിന് കോണ്‍ഗ്രസിലെ സുന്ദരക്കുട്ടപ്പന്‍മാര്‍ ഒരിക്കല്‍ ദുഖിക്കും തീര്‍ച്ച. ഒരു സാദാ പ്രവര്‍ത്തകനായ മുരളിക്ക് എന്ത് പ്രശ്നം ഉണ്ടാക്കാന്‍ സാധിക്കും? അപ്പോള്‍ മുരളി വന്നാല്‍ വീണ്ടും മുകളിലേക്ക് വരും എന്ന് ഇവര്‍ക്ക് തന്നെയറിയാം. അതാണ്‌ കഴിവ്. അത് തടയാന്‍ കഴിവുള്ളവര്‍ തന്നെ വേണം ഈ സുന്ദരക്കുട്ടപ്പന്മാര്‍ പോര. ഇവര്‍ക്ക് നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മാത്രമേ അറിയൂ......

Faizal Kondotty said...

അവസരവാദ രാഷ്ട്രീയവും, തൊഴുത്തില്‍ കുത്തും പാരവെപ്പും, തുടങ്ങി എല്ലാ കൂതറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും വിളനിലമായി മാറിയിരുന്ന കേരള രാഷ്ട്രീയത്തില്‍ ഇത്തരം ശുദ്ധി കലശങ്ങള്‍ ആവശ്യമാണ്.

സത്യം ..! ചില ഇഷ്യൂസ് വരുമ്പോള്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് നിലപാടുകള്‍ എടുക്കാം .. ചില നിലപാടുകളില്‍ മാറ്റം വരുത്താം .. അതെല്ലാം ജനം ഒരു പരിധി വരെ ഉള്‍ക്കൊള്ളാനും തയ്യാറായേക്കും ..പക്ഷെ മുരളീധരന്‍ വെറും സെല്‍ഫിഷ് ആയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി പാര്‍ട്ടികളില്‍ നിന്ന് പാര്ട്ടികളിലേക്ക് പരകായ പ്രവേശനം നടത്തുകയായിരുന്നു .. മാറ്റം ആത്മാര്‍ത്ഥം ആണെന്ന് വരുത്തി തീര്‍ക്കാനായി അപ്പപ്പോള്‍ മറു പക്ഷത്തുള്ള നേതാക്കളെ തെറി വിളിച്ചതും പിന്നീട് അതെല്ലാം വിഴുങ്ങി അതെ നേതാക്കളെ പ്രശംസിച്ചു പറഞ്ഞതും മുരളീധരനെ ജന മനസ്സുകളില്‍ കൂടുതല്‍ അപഹാസ്യനാക്കി ...

തിരുമേനി ഈ കവിത കൂടി നോക്കുമല്ലോ മുരളീധരന്‍ ചരിത്രമെഴുതുന്നത് ...!

|santhosh|സന്തോഷ്| said...

>>കേരള രാഷ്ട്രീയത്തിലെ ഏറ്റവും പെട്ടെന്ന് ഉദിച്ചുയര്‍ന്ന രാഷ്ട്രീയക്കാരുടെ പട്ടികയില്‍ മുരളിയുടെയും പേരുണ്ടാവും<<

കയറ്റി വിടാന്‍ ആളുണ്ടെങ്കില്‍ ഏതു പട്ടിക്കും ശൂന്യാകാശത്തു പോകാം എന്നു മിമിക്രിക്കാരു പറഞ്ഞതു പോലെയാ കിങ്ങിണിക്കുട്ടന്റെ കാര്യം!!! പണ്ടൊരിക്കല്‍ അച്ചന്‍ കള്ളന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ എം. പി ആയിപ്പോയവനാ മോന്‍ കള്ളന്‍. രാഷ്ട്രീയമെന്നാല്‍ കള്ളും, പെണ്ണും, കഞ്ചാവുമെന്നായിരുന്നു മോന്റെ ആദ്യകാല കാഴ്ചപ്പാ‍ട്. അതല്ല എന്നു മനസ്സിലായപ്പോഴേക്കും കാലം കുറെ കഴിഞ്ഞിരുന്നു.

സത്യം പറയാമല്ലോ, രാഷ്ട്രീയാനുഭവങ്ങള്‍ ഏറെയുണ്ടായി, എന്‍ സി പി യുടെ അമരക്കാരന്‍ ആയി കേരള രാഷ്ട്രീയത്തില്‍ ഒരു നിലപാടെടുത്തു ഒറ്റക്കു പൊരുതിയപ്പോള്‍ മുരളിയോട് ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നു. പക്ഷെ നാണം കെട്ട ഈ തിരിച്ചു വരവുണ്ടല്ലോ; കൂടെ നിന്നവരെ ഒറ്റിയും ചതിച്ചും മറുകണ്ടം ചാടി അച്ഛന്റേയും പെങ്ങളുടേയും ലാവണത്തില്‍ ചാടിയ ചാട്ടം, മുരളീ.. കേരളം തന്നോട് പൊറൂക്കില്ല എന്നല്ല പണ്ട് അച്ഛനേയും മകനേയും കേരള ജനത ബാലറ്റ് പേപ്പറിലൂടെ പുറന്തള്ളിയപോലെ ഇനിയും ചവച്ചു തുപ്പും, ചാണം മുക്കിയ ചൂലു കൊണ്ടടിക്കും, നോക്കിക്കോ

Kiranz..!! said...

നെഞ്ചിൽ പെരുമ്പറ അടിച്ചോണ്ട് ഹേയ് മുരളി ഞങ്ങക്ക് പുല്ലാന്ന് പറയുന്ന ഒരോ അണ്ണന്മാരേക്കാണാൻ രസമുണ്ട്.മുരളിയെങ്ങാനും കേറിയാൽ അണ്ണന്മാരുടെ ആപ്പീസു പൂട്ടുമെന്ന സത്യം പൊതുജനത്തിന്റെ മുന്നിൽ ഉരുകിയൊലിച്ചിട്ടും അണ്ണന്മാർ പറയുന്ന ആദർശം കേട്ടു നിൽക്കാൻ എന്ത് രസം..:)

മണ്ടത്തരവും എടുത്തുചാട്ടവുമാണെങ്കിലും ചെയ്യുന്നതൊക്കെ അറ്റ്ലീസ്റ്റ് ന്യായീകരിക്കാനെങ്കിലും കഴിവുള്ള മുരളീധരനെ പാർട്ടിക്കുള്ളിൽ ആ പേടിത്തൂറികൾ കേറ്റിയില്ലെങ്കിലേ സർപ്രൈസിക്കാനുള്ളു :)

അപ്പൂട്ടൻ said...

കമന്റുകളും കൂട്ടിയാണ്‌ വായിക്കുന്നത്‌, എല്ലാം തിരുമേനിക്കിട്ടല്ല.

ഒരുകണക്കിനുനോക്കിയാൽ രാഷ്ട്രീയക്കാരുടെ കാര്യം മഹാകഷ്ടമാണ്‌. നന്നായി പഠിച്ച്‌ ഉന്നതോദ്യോഗത്തിനു വല്ലതും പോയാൽ പൊതുജനം പട്ടിണി കിടക്കുമ്പോൾ സ്വന്തം മക്കളെ നല്ലനിലയിലെത്തിച്ചു എന്നു പറയും. വെള്ളമടിച്ച്‌ വണ്ടിയോടിക്കുന്ന തലതെറിച്ച പയ്യനായാൽ അഴിച്ചുവിട്ടെന്നു പറയും. ഇതൊന്നുമല്ലാതെ പൊതുസേവനത്തിനിറക്കിയാൽ മക്കൾ രാഷ്ട്രീയമാണെന്നു പറയും. മന്ദബുദ്ധികളയ മക്കളുണ്ടാവുകയേ രക്ഷയുള്ളു എന്നുവന്നാൽ.....

മുരളീധരൻ അത്ര കുഴപ്പക്കാരനാണോ? സേവാദളിൽ പ്രവർത്തനപരിചയവുമായി രാഷ്ട്രീയത്തിൽ വന്നതാണ്‌ മുരളീധരൻ എന്ന് പറയുമ്പോൾ തന്നെ അതിവേഗം, പലരേയും മറികടന്ന് (എന്നു തിരുമേനി പറഞ്ഞില്ല, പക്ഷെ വ്യംഗ്യമായി അങ്ങിനെയും വായിക്കാം, ക്ഷമിക്കൂ) തലപ്പത്ത്‌ എത്തി എന്നു പറയുന്നതിൽ ഒരു ഔചിത്യക്കുറവില്ലേ? നല്ലൊരു സംഘാടകനാണ്‌ മുരളി എന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌. അപ്പോൾ സംഘടനയുടെ തലപ്പത്തേയ്ക്ക്‌ നീങ്ങുന്നത്‌ സ്വാഭാവികം അല്ലെ?

രാജീവ്‌ ഗാന്ധി, സോണിയ എന്നിവർ കോൺഗ്രസിന്റെ തലപ്പത്ത്‌ എത്തിപ്പെട്ടതിന്റെ പകുതി സ്പീഡ്‌ പോലും ഇല്ലല്ലൊ ഇതിന്‌. സചിൻ പൈലറ്റ്‌ ലോകസഭാംഗമായത്‌ എന്ത്‌ പ്രവർത്തനപരിചയത്തിന്റെ പേരിലാണ്‌? വലിയ ജനാധിപത്യപ്രക്രിയ ഒന്നുമല്ലല്ലൊ കോൺഗ്രസിലെ സ്ഥാനാർത്ഥീനിർണയത്തിൽ പാലിക്കപ്പെടുന്നത്‌. എല്ലാം ആസ്ഥാനങ്ങളിൽ തീരുമാനിക്കപ്പെടുമ്പോൾ ചിലർ മൂത്രമൊഴിക്കാൻ പോകും, സ്വാഭാവികം!!!
രാഷ്ട്രീയപരമായി മുരളീധരൻ ചെയ്തത്‌ മണ്ടത്തരമായിരിക്കാം. കരുണാകരനിലുള്ള അമിതവിശ്വാസം, സ്വയം തോന്നിയ പെരുപ്പിച്ച ആത്മവിശ്വാസം ഒക്കെ ആയിരിക്കാം ഇത്തരം തീരുമാനങ്ങളിൽ അദ്ദേഹത്തെ എത്തിച്ചത്‌. കരുണാകരൻ കോൺഗ്രസിലേക്ക്‌ തിരിച്ചുവന്നതാണ്‌ മുരളിക്കേറ്റ ഏറ്റവും വലിയ തിരിച്ചടി എന്നെനിക്കു തോന്നുന്നു (ഇതിൽ പത്മജയുടെ കൈ എത്രമാത്രം ഉണ്ടെന്നറിയില്ല). കരുണാകരൻ ഒരു സ്പെന്റ്‌ ഫോഴ്സ്‌ ആയതിനാൽ കോൺഗ്രസിലെ സോ-കാൾഡ്‌ അതികായന്മാർക്ക്‌ ബുദ്ധിമുട്ടുകൾ ഒന്നുമില്ല, മുരളി അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. മുരളിയുടെ തിരിച്ചുവരവ്‌ ഒഴിവാക്കാൻ പഴയ ഐ ഗ്രൂപ്പുകാർ തന്നെ ശ്രമിക്കുന്നുണ്ട്‌ എന്നാണ്‌ പത്രവാർത്തകൾ.

ഇന്ന് നിലനിൽപ്പിനുവേണ്ടി ബുദ്ധിമുട്ടുന്ന രാഷ്ട്രീയക്കാരനായി മുരളി മാറിയോ? അവനവൻ കുഴിക്കുന്ന കുഴികൾ മറ്റുള്ളവർ ഭംഗിയായി മൂടിയത്‌ കാണാഞ്ഞ മൂഢനായോ മുരളി? കാലം തെളിയിക്കട്ടെ.