തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, August 15, 2009

169.മുക്തിമാര്‍ഗ്ഗം

മരണമെന്താണെന്ന് ചിന്തിച്ചിട്ടില്ല. ഒരുപക്ഷെ അതിനുള്ള പ്രായമായില്ലായെന്നു കരുതി സമാധാനിക്കാം. ഈ ലോകത്തില്‍ നേടിയ ഭൌതിക നേട്ടങ്ങളെ എങ്ങനെ ഞാന്‍ എന്നില്‍നിന്നു പറിച്ചുകളയും. ബന്ധങ്ങളെ എങ്ങനെ ഞാന്‍ തിരസ്കരിക്കും. ഇന്നുവരെ ഞാന്‍ നടന്ന വഴികള്‍ ഇന്നുവരെ ഞാന്‍ സ്പര്‍ശിച്ച എന്റെ സ്വപ്‌നങ്ങള്‍ എന്റെ ഭാഗമെന്നു ഞാന്‍ കരുതിയ എന്റെ ശരീരം എങ്ങനെ ഞാന്‍ ഉപേക്ഷിക്കും. ഏറെനേരം മിനക്കെട്ടു ഞാന്‍ മിനുക്കുമായിരുന്ന എന്റെ മുഖം ഞാന്‍ എന്നേക്കുമായി ഉപേക്ഷിക്കുമെന്നോ...

ഇക്കാലമത്രയും സ്വത്തായി കരുതിയ എന്റെ ദേഹം ഈ ദേഹിയെ കൈവെടിയാന്‍ ഞാന്‍ അനുവദിക്കുന്നതെങ്ങനെ? പഞ്ചഭൂതങ്ങള്‍ എന്ന് ഞാന്‍ എന്റെ മനസ്സിനെ വിശ്വസിപ്പിച്ച ഈ ശരീരം ഞാന്‍ തീയ്ക്കു ഭക്ഷണം ആക്കുവാന്‍ നല്‍കണമോ... കൃമികള്‍ പുഴുക്കള്‍ മണ്ണിന്റെ ഗര്‍ഭത്തില്‍ ഈ സുന്ദരശരീരം ഭക്ഷണമാക്കിയാല്‍ ഞാന്‍ എങ്ങനെ സഹിക്കും. വിലയേറിയ സുഗന്ധ ദ്രവ്യങ്ങള്‍ എന്നും പൂശിച്ചിരുന്ന എന്റെ മേനി ഇനി ദുര്‍ഗ്ഗന്ധം വമിപ്പിക്കുന്ന ശവമായി മാറുമോ. മരണം എന്നെ ഭയപ്പെടുത്തുന്നു..

ജീവിതവും മരണവും നേര്‍ത്ത അതിര്‍വരമ്പുകള്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ഭൂമിവിട്ടു പോവാനുള്ള മടിയാവും എന്നെക്കൊണ്ടങ്ങനെ ചിന്തിപ്പിക്കുന്നത്. കടുത്ത ശാന്തത തളം കെട്ടിയ മരണത്തിന്റെ താഴ്വാരങ്ങളിലൂടെ സ്വപ്ങ്ങളില്‍ നടത്തിയ സഞ്ചാരം ഒരിക്കലും ഞെട്ടലുകലല്ലാതെ സുഖമോ ആലസ്യമോ തന്നിരുന്നില്ലല്ലോ. ഈ നേര്‍ത്ത പാതയിലൂടെ ലോകം വെടിഞ്ഞു എങ്ങനെ ആ തണുത്ത താഴ്വാരങ്ങളിലൂടെ ഏകനായി നടക്കും. മുള്ളിനാല്‍ മുറിവേല്‍പ്പിക്കാന്‍ കഴിയാത്ത അഗ്നിയ്ക്ക് ദഹിപ്പിക്കാന്‍ കഴിയാത്ത മഞ്ഞിന് തണുപ്പിക്കാന്‍ കഴിയാത്തെ ആത്മാവിന് ആരെ പേടിക്കണം.

ഒരു ബന്ധവും ശാശ്വതമല്ലെന്നറിയാം. എന്തിനു ബന്ധങ്ങളില്‍ നിന്ന് ഞാന്‍ മുക്തിനെടാന്‍ മടിക്കണം. ഓരോകൂടുകള്‍ മാറുന്ന ഓരോ വേഷങ്ങള്‍ അഴിച്ചുവെച്ചു അടുത്തതിലേക്ക് യാത്രചെയ്യുന്ന നിസംഗത എന്തെ എന്നില്‍ നിറയാന്‍ വൈകുന്നു. മരണത്തിന്റെ നനുത്ത സ്പര്‍ശം എന്നെ ആകര്‍ഷിക്കുന്നു. നിത്യമായ ശാന്തതയുടെ തീരങ്ങളിലേക്ക് എന്നെ വിളിക്കുന്ന ശബ്ദം മരണത്തിന്റെയോ..? സ്വപങ്ങളിലൂടെ ആ നിത്യ തീരത്തിലേക്ക് യാത്രചെയ്യുവാന്‍ തുടങ്ങുമ്പോള്‍ അറിയാതെ എപ്പോഴോ ജീവന്റെയും മൃത്യുവിന്റെയും വിടവ്‌ എനിക്ക് ദര്‍ശിക്കാനായി. എന്തെ എനിക്ക് മരണത്തിന്റെ താഴ്വരയില്‍ നിന്ന് തിരിച്ചുവരാന്‍ കഴിയാത്തത്. അലഞ്ഞു തിരിയുകയാണോ ഞാന്‍. എനിക്ക് വാഴയിലയില്‍ കിടത്തിയിരിക്കുന്ന എന്നെ കാണാം. അപ്പോള്‍ ഞാന്‍ എവിടെ . എനിക്ക് ചിരപരിചിതമായ ആ മുഖം ചൈതന്യം നഷ്ടപ്പെട്ടു വിറങ്ങലിച്ചു കിടക്കുന്നു. എനിക്ക് വേദനയോ ദുഖമോ തോന്നുന്നില്ലല്ലോ. മുഴിഞ്ഞവസ്ത്രത്തോടെ ആര്‍ക്കാണ് അല്ലെങ്കില്‍ പ്രിയം തോന്നുക. ജഡത്തിനു ചുറ്റം വിലപിക്കുന്നവരോട് സഹാതാപം തോന്നുന്നു.

ഞാന്‍ ഇപ്പോള്‍ ദീര്‍ഘ ദര്‍ശിയായെന്നു തോന്നുന്നു. ദുഃഖങ്ങള്‍ എന്നെ അലട്ടുന്നില്ല. എന്നെ ഇപ്പോള്‍ ചൂടോ തണുപ്പോ അലോസരപ്പെടുത്തുന്നില്ല. മുന്‍പൊക്കെ മരണത്തിന്റെ താഴ്വാരത്തിലെ തണുപ്പ് എന്റെ അസ്ഥിയിലൂടെ കടന്നുപോകുന്നത് ഞാന്‍ അറിഞ്ഞിരുന്നു. ഇന്നെന്തോ അതും ഞാന്‍ അറിയുന്നില്ല. ഒരുപക്ഷെ ഇതാണോ എന്റെ മുക്തി. വേദനയറിയാത്ത പുനര്‍ജ്ജന്മങ്ങള്‍ ആവശ്യമില്ലാത്ത നിത്യത എനിക്ക് ലഭ്യമായോ.. പൂര്‍വ്വികന്മാര്‍ക്ക് നേടാനാവാത്തത് ഞാനെങ്ങനെ നേടി. ഇനിയുമോരുപക്ഷേ ഈ ജന്മങ്ങള്‍ ആവശ്യമില്ലായിരിക്കുമെന്നു കരുതുന്നു. എന്റെ ചിത്രങ്ങളില്‍ ചൂടപ്പെടുന്ന പൂക്കള്‍ എന്നെ നോക്കി ചിരിക്കുന്നു.

മുക്തി തേടുന്ന ആത്മാക്കള്‍ പൂക്കളായി എന്നെ നോക്കി ചിരിക്കുന്നു. ഒരുപക്ഷെ മുമ്പേ മുജ്ജന്മ സുകൃതം കണക്കെ മുതിനെടിയതിന്റെ അസൂയയാണോ. അതോ അറുത്തെടുത്തു വീണ്ടും ഒരു ശവാത്മാവിനു സൌന്ദര്യം കൊടുക്കാന്‍ നിവെദിക്കപ്പെട്ടതിന്റെ അസൂയയോ. അല്ല. അസൂയയാവാന്‍ വഴിയില്ല. അറുത്തെടുത്തു വീണ്ടും പൂജിക്കപ്പെടുന്നതിന്റെ വിരോധാഭാസത്തില്‍ ചിരിച്ചതാവും. ഒരുപക്ഷെ ഈ ഭൂമിയില്‍ നിന്നും നേരത്തെ പോയതിന്റെ പരിഭവമാണോ ആ ചിരിയില്‍. മരണത്തിന്റെ വഴി ഇവിടെ അവസാനിച്ചോ.. എങ്ങോട്ട് പോകണം. അനിന്ത്രിയമായ സന്തോഷവും പ്രകാശവും ഞാന്‍ കാണുന്നില്ലല്ലോ. എങ്ങും ഇരുട്ടുമാത്രം. എങ്ങോ ഒരു ചെറിയ വെളിച്ചം ഒഴുകുന്നല്ലോ. ഒരുപക്ഷെ ഇതാവുമോ മോക്ഷമാര്‍ഗ്ഗം. മോക്ഷമാര്‍ഗ്ഗത്തിലേക്ക് നടക്കാം.

8 comments:

Anonymous said...

ചിന്തകള്‍ ഇഷ്ടപ്പെട്ടു.. പക്ഷെ, സാഹിത്യഭാഷയായത് കൊണ്ട് ദഹിക്കുന്നില്ല.. :)

കൂതറ തിരുമേനി said...

@സത

ഇത്തരത്തില്‍ ഞാന്‍ സാധാരണ എഴുതാറില്ല. രാമകൃഷ്ണന്റെ മൃതിയെന്ന ബ്ലോഗ്‌ വായിച്ചതിന്റെ ഫലമാണ് ഇത്. ഒരു കഞ്ചാവിനെ പോലെ അതിന്റെ മയക്കം എന്നെ വിട്ടുമാറിയിട്ടില്ല. ഈ പോസ്റ്റ്‌ അതിന്റെ പരിണിത ഫലമാണ്.

Kvartha Test said...

ശ്രീ കൂതറ തിരുമേനിയെ ഇത്രയ്ക്ക് മാറ്റാന്‍ മൃതി ബ്ലോഗ്ഗിനു കഴിഞ്ഞെങ്കില്‍ അതാണ്‌ ശ്രീ രാമകൃഷ്ണന്‍റെ ബ്ലോഗ്ഗിന്‍റെ നന്മ. സത പറഞ്ഞതുപോലെ, സാഹിത്യം മനസ്സിലായില്ല, എന്നാലും കാര്യങ്ങള്‍ മനസ്സിലായി എന്ന് കരുതുന്നു. വളരെ നല്ലത്. ഒരു പോസ്റ്റു മതി ചിലപ്പോള്‍ ഒരാളെ മരിപ്പിച്ചു ജീവിപ്പിച്ചു ഒരു യഥാര്‍ത്ഥ ദ്വിജനാക്കാന്‍ എന്നാണോ? സന്തോഷം.

നിസ്സഹായന്‍ said...

രാമകൃഷ്ണന്റെ ബ്ലോഗ്ഗിന്റെ ലിങ്ക് അഡ്രസ്സ് ദയവായി പബ്ലിഷ് ചെയ്യുമോ തിരുമേനി. ഒരാളെ മരിപ്പിച്ചു ജീവിപ്പിച്ചു ഒരു യഥാര്‍ത്ഥ ദ്വിജനാക്കുന്ന(ശ്രേയസ്സ് പറയുമ്പോലെ) ആ അസാധാരണമോക്ഷമാര്‍ഗ്ഗം സാധിതമാക്കാന്‍ ഞാനും ഒന്ന് ശ്രമിച്ച് നോക്കട്ടെ

കൂതറ തിരുമേനി said...

@ ശ്രീ@ശ്രേയസ്
പുരാണങ്ങള്‍ പഠിയ്ക്കുന്നവര്‍ അല്ലെങ്കില്‍ കേവലം പാരായണം ചെയ്യുന്നവര്‍ ഒരെകാഴ്ച്ചപ്പാടോടെ മാത്രമായിരിക്കും അതിനെ സമീപിക്കുന്നത്. മറ്റൊരു രീതിയിലൂടെ അതിനെ സമീപിച്ച രാമകൃഷ്ണനും അയാളുടെ മറ്റെഴുത്തുകളും എന്നെ ഒത്തിരി സ്വാധീനിച്ചു. സത്യമാണത്.
ശ്രീയും കൃഷ്ണായനം വായിച്ചുകാണുമല്ലോ. വായനയിലൂടെ യജനം നടത്തുന്ന പോസ്റ്റാണ്.. മനസ്സില്‍ ഒരു യജനം നടന്നുകഴിഞ്ഞു.

കൂതറ തിരുമേനി said...

http://meriajnabi.blogspot.com/2009/05/blog-post.html

കൂതറ തിരുമേനി said...

അപ്പോള്‍ ദ്വിജനാകണം അല്ലെ. കൃഷ്ണായനം എന്നാണ് പോസ്റ്റിന്റെ പേര്.

Kvartha Test said...

അതെ കൂതറ തിരുമേനി, സമ്മതിക്കുന്നു. ശ്രീ രാമകൃഷ്ണന്‍റെ ആ ഒരു പോസ്റ്റ്‌ വായിക്കുന്നത് സതസംഗത്തെക്കാള്‍ പ്രധാനം തന്നെ, ഓരോരുത്തരെയും വളരെ നേരം ചിന്തിപ്പിക്കും, മനനം ചെയ്യിപ്പിക്കും.

@നിസ്സഹായന്‍, നന്ദി, ഈയുള്ളവന്‍ അങ്ങനെ വലിയ വാക്യം പറഞ്ഞതല്ല, കൂതറ തിരുമേനിയുടെ ചിന്ത അങ്ങനെയാണോ എന്ന് ചോദിച്ചതാണേയ്! :-)