തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, October 14, 2009

187.ഇലനക്കി നായയുടെ കിറിനക്കി നായകള്‍

വളരെ നാള്‍ മുമ്പ് മുതല്‍ ഇടണം എന്നുകരുതിയ പോസ്റ്റാണ്. പലപ്പോഴും ഡ്രാഫ്റ്റില്‍ ഉറങ്ങിയ ഈ പോസ്റ്റിനെ പൊടിതട്ടിയെടുക്കാന്‍ ഒരു കാരണം ഉണ്ട്. പലപ്പോഴും എന്നല്ല മിക്കപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടികാണിക്കുന്ന പലവിഷയങ്ങളും, അതൊരുപക്ഷേ മാധ്യമത്തിന്റെ പ്രഖ്യാപിത നയവുമായി ചേര്‍ന്ന് പോകാത്തതുകൊണ്ടോ അല്ലെങ്കില്‍ മാധ്യമം നടത്തുന്നവരുടെ ഇസത്തിന്റെ വിരുദ്ധമോ ആയതുകൊണ്ടാവാം, ബ്ലോഗില്‍ പോസ്റ്റായി വന്നുകാണുന്നുണ്ട്. എന്തുകാരണങ്ങള്‍ കൊണ്ടായാലും സത്യത്തെ അറിയാന്‍ അവസരം എന്നുള്ളതുകൊണ്ട് തന്നെ അത്തരം പോസ്റ്റുകളെയും പോസ്റ്റുകള്‍ ഇടുന്നവരെയും കൂതറ തിരുമേനി മനസ്സാ ശ്ലാഘിക്കുന്നു.

ഇത്തരം പോസ്റ്റുകള്‍ മുഖ്യാധാര ജീവിതത്തില്‍ രണ്ടു ഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. ഒന്ന് മറ്റെങ്ങും പ്രസിദ്ധീകരിക്കാത്ത ഒരു വിഷയത്തെ സീനിയര്‍ എഡിറ്ററുടെ കത്രിക വീഴാതെ വായിക്കാന്‍ അവസരം കിട്ടുക, മറ്റൊന്ന് അതെവിഷയത്തില്‍ അറിവുള്ളവരുടേയും സമാന, വിരുദ്ധ ചിന്താഗതികാരുടെയും ആശയങ്ങളും അഭിപ്രായങ്ങളും അറിയാന്‍ അവസരം കിട്ടുക എന്നുള്ളതും കൂടിയാണ്. എന്തായാലും ഈ ആശയങ്ങളും അവസരങ്ങളും മുതലെടുക്കുകയും പ്രസ്തുത വാര്‍ത്തകളില്‍ അഭിപ്രായം പറയുകയും വേണം.

ഇതിന്റെ ഏറ്റവും വലിയ ഗുണം പ്രസ്തുത പോസ്റ്റിന്റെ ഉടമകള്‍ക്ക് നല്ല റീഡര്‍ഷിപ്‌ കിട്ടുന്നുവേന്നതാണ്. അത്രയും വലിയ ഒരു ഉദ്യമത്തിന് അത് ആവശ്യമാണ് താനും. ഇത്തരം ശ്രമങ്ങള്‍ക്ക് വേണ്ട ഊര്‍ജ്ജമാണ് ഇത്തരം റീഡര്‍ഷിപ്പും കമന്റുകളും. വളരെ പോസിറ്റീവ് ആയ ഒരു ചര്‍ച്ചയിലൂടെയും നിയന്ത്രിതമായ പ്രതികരണങ്ങളില്‍ കൂടി ചര്‍ച്ച വളരുകയും ഒരു തീരുമാനമോ അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ ഉദ്ദേശിച്ച നിലയിലേക്ക് പോസ്റ്റ്‌ എത്തുകയും ചെയ്യും. വായനക്കാരുടെ പ്രതികരണം കൂടി മാത്രമേ ഒരു പോസ്റ്റ്‌ അത് ഫലപ്രാപ്തിയില്‍ എത്തുകയുള്ളൂ എന്നും കൂടി എല്ലാവരും മനസ്സിലാക്കണം.

ഈ ശ്രമത്തെയും ഉദ്ദേശശുദ്ധിയേയും അപ്പാടെ തകിടം മറിക്കുന്ന ചില കുലദ്രോഹികളെയാണ് ഇവിടെ കൂതറ തിരുമേനി വിരല്‍ചൂണ്ടി മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. വയല്‍ക്കുരു പറക്കല്‍, ധാന്യം കൊയ്യല്‍ തുടങ്ങിയ കുല്‍സിത ലക്ഷ്യങ്ങള്‍ മനസ്സില്‍ വച്ച് ഇത്തരം ചര്‍ച്ചകളെ തകിടം മറിക്കുന്നവര്‍ ചര്‍ച്ചയെ ഒരുകണക്കിലും സഹായിക്കുകയില്ലെന്നു മാത്രമല്ല ചര്‍ച്ചകളുടെ ഉദ്ദേശശുദ്ധിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മിക്കപ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നതും. അടുത്തിടെ നടന്ന ശിഹാബ്‌ ഐ.എ.എസിന്റെ വിഷയത്തിലും ഇത്തരം കിറിനക്കികളെ കാണുവാന്‍ സാധിച്ചു. എന്തായാലും ജ്യോനവന്റെ ദാരുണമായ അപകടമരണം പ്രസ്തുത ഐ.എ.എസുകാരന്റെ വിഷയത്തില്‍ നിന്ന് ഏവരുടേയും ദൃഷ്ടി മാറ്റുകയും ചെയ്തു.

ഒരു വായനക്കാരുടെ ആത്യന്തികമായ ലക്‌ഷ്യം പോസ്റ്റ്‌ വായിക്കുകയും അതിനു അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുകയെന്നതും ഒപ്പം ഇത്തരം കിറി നക്കിപ്പട്ടികളെ അകറ്റി ഓടിക്കുകയെന്നതും കൂടിയാണ്. ഭ്രാന്തിന്റെ ലക്ഷണങ്ങളുമായി വരുന്ന സ്ഥിരം ആസ്ഥാന കപ്പിത്താന്മാരെയും പാര്‍ട്ട് ടൈം കുടം ഉടയ്ക്കല്‍ക്കാരെയും കാണുകയും അവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുക്കുകയും ചെയ്യണം. ഓരോ പോസ്റ്റിന്റെയും പിന്നില്‍ അതെഴുതുന്നവരുടെ ശ്രമത്തിന്റെയും അധ്വാനത്തിന്റെയും വിലമനസ്സിലാക്കുകയും അവര്‍ക്ക് മാന്യമായ ഭാഷ്യയില്‍ തങ്ങളുടെ യോജിപ്പോ വിയോജിപ്പോ അറിയിക്കുകയും ചെയ്യുക. കഴിഞ്ഞ ബ്ലോഗ്‌ മീറ്റു മുതല്‍ ഇത്തരം വയല്‍ക്കുരു പറക്കി ജീവിക്കുന്ന പരാന്ന ഭോജികളുടെ വിളയാട്ടം നാം കണ്ടിരുന്നു. ഇനിയെങ്കിലും ഇവരുടെ മനോനിലയില്‍ സംശയം തോന്നാതെ തന്നെ അകറ്റി നിര്‍ത്താന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു.

ബ്ലോഗ്‌ ഇന്ന് ശൈശവദിശ മാറി കൌമാരത്തില്‍ എത്തിയെന്ന് വേണം പറയാന്‍. കമന്റ് ഇടാതെ തന്നെ ബ്ലോഗ്‌ വായനമാത്രമായി ബൂലോഗത്ത് വരുന്നാ ധാരാളം ആളുകളുണ്ട്. അതുപോലെ തന്നെ അച്ചടിമാധ്യമങ്ങളും ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങളും ബ്ലോഗിനെ അംഗീകരിച്ചു തുടങ്ങികഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ നാളെയുടെ നാവെന്ന തിരിച്ചറിവായിരിക്കാം അവര്‍ക്ക് ഇതിനൊരു പ്രചോദനം കൊടുക്കുന്നത്. ഇന്ന് ഒരുപക്ഷെ മലയാളം, മലയാളം സാഹിത്യം ഏറ്റവും ജീവസ്സുറ്റ രീതിയില്‍ നിലനിന്നു പോരുന്നത് ബ്ലോഗിലൂടെയാണ്. പുസ്തകം വായന ഏറെക്കുറെ നിലച്ചുപോയ ഈ കാലഘട്ടത്തില്‍ ബ്ലോഗ്‌ വായന ആളുകളെ വായനയിലേക്ക് തിരികെകൊണ്ടിരിക്കുയാണ്. അതുകൊണ്ട് തന്നെ ഈ രംഗത്തുള്ള വളര്‍ച്ചയും പ്രോത്സാഹനങ്ങളും ബ്ലോഗിന് വളരെ ആവശ്യമാണ്. ഇന്നിന്റെ പുഴുക്കുത്തലുകളും ഇത്തരം ചില കിറിനക്കിനായകളും നാളെ ഒരുപക്ഷെ മലയാളം ബ്ലോഗിന്റെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ അവസരം കൊടുക്കരുത്‌.

ഓരോ മികച്ച പോസ്റ്റിനു ശേഷവും നികൃഷ്ടമായ രീതിയില്‍ അതിനെ വിമര്‍ശിച്ചു പിന്നീട് ആ പോസ്റ്റിന്റെ ആരോഗ്യപരമായ ചര്‍ച്ചകളെ മുരടിപ്പിച്ചു പിന്നീട് പ്രസ്തുത പോസ്റ്റ്‌ ഇട്ട ആളെയും അവിടെ കമന്റ് ഇട്ടവരേയും അവഹേളിച്ചു പിന്നീട് ഇളിച്ചു കാണിച്ചു പിന്നീട് തങ്ങളുടെ ബ്ലോഗില്‍ വരുന്ന ആളുടെ എണ്ണമെടുത്തു അതിന്റെ ആനന്ദ സുഷുപ്തിയില്‍ ആറാടുന്ന ഇത്തരം വയല്‍ക്കുരു പെറുക്കുന്നവരെ ആട്ടിയോടിക്കാന്‍ നാം ശീലിക്കെണ്ടിയിരിക്കുന്നു. ഒരുപരിധി വരെ നാം വിജയിചിരിക്കുന്നുവെന്നും പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ കാലത്ത് കമന്റിന്റെ സമൃദ്ധിയില്‍ അഹങ്കരിച്ച പലരും ഇന്ന് നഷ്ടസ്വപ്നങ്ങളുടെ വിലാപങ്ങളില്‍ ജീവിക്കുന്നവര്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്‌. നിരന്തരമായ തെറി പോസ്റ്റുകള്‍ ഇട്ടു ബ്ലോഗ്‌ ഭ്രാന്തന്‍ അവാര്‍ഡ് കിട്ടിയവരും കുറവല്ല. എന്തായാലും ഇത്തരം ബ്ലോഗ്‌ ഭ്രാന്തന്മാരെയും കിറി നക്കി നായകളെയും അകറ്റി നിര്‍ത്തണം.

മലയാളം ബ്ലോഗിന്റെ ആശാവഹമായ വളര്‍ച്ചയ്ക്ക് നാമെല്ലാം സാക്ഷിയാവും. ഒപ്പം അതിന്റെ സമൃദ്ധിയില്‍ നാമെല്ലാം സന്തോഷിക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം വയല്‍ക്കുരു പറക്കുന്നവരും തണ്ട് തുരപ്പന്‍ പുഴുക്കളും പിന്നീട് ബ്ലോഗിന്റെ ചരിത്രത്തില്‍ വിസ്മൃതിയില്‍ ആവുകയും ചെയ്യും.

9 comments:

മനനം മനോമനന്‍ said...

താങ്കാൾ ആരെയാണ് എന്താണ് ഉദ്ദേശിയ്ക്കുന്നതെന്നൊന്നും എനിയ്ക്കറിയില്ല. എങ്കിലും പറഞ്ഞിരിയ്ക്കുന്ന ചില കാര്യങ്ങളോടു യോജിപ്പുണ്ട്‌. പ്രത്യേകിച്ചും വായനയെ തിരിച്ചു കൊണ്ടുവരാൻ ബ്ലോഗുകൾക്കു കഴിയുന്നു എന്നത്.

Anonymous said...

ആരെയൊക്കെയോ നന്നായി കൊള്ളിക്കാനുള്ള ശ്രമം ആണെന്ന് മനസ്സിലായി....
ബൂലോഗത്ത്‌ പുതുമുഖമായതിനാല്‍ പരിചിത മുഖങ്ങള്‍ കുറവാണ്.....
അതുകൊണ്ട് തന്നെ...കൂടുതല്‍ ഒന്നും പറയുന്നില്ല....
അറിയില്ല എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി....

തിരൂര്‍ക്കാരന്‍ said...

താങ്കള്‍ അവസാന ഭാഗത്ത് ആരെയാണ് ഉദേശിച്ചത്‌ എന്ന് ഏകദേശം മനസിലായി.. ..ഒരു പരിതിവരെ അത് ശരിയാണ് താനും...പക്ഷെ ഒരു കാര്യം വിസ്മരിക്കരുത്..രണ്ടുകയ്യും കൂടി അടിച്ചാല്‍ മാത്രമേ ശബ്ദം ഉണ്ടാകു...നിങ്ങളില്‍ ആരെങ്ങിലും ഒരാള്‍ വെടി നിര്‍ത്തിയാല്‍ തന്നെ ഒരു വിതം തമ്മിലടികള്‍ കുറഞ്ഞു കിട്ടും എന്നാണ് ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് തോനുന്നത്..
അയ്യോ ഇത് വെറും ഒരു അഭിപ്രായം മാത്രമാണേ.... എന്നെ കണ്ണുരുട്ടി പേടിപിക്കരുത്....

ജോ l JOE said...

അതെ, ഒരിടത്തു വയല്ക്കുരു ധാരാളം വീഴുന്നു എന്ന് കാണുമ്പോള്‍, അതില്‍ നിന്നും തെറിച്ചു വീഴുന്ന ധാന്യം വാരാന്‍ അനുബന്ധ പോസ്ടുകളുമായി ചിലര്‍ .... പറഞ്ഞത് ശരിയാ....ഇല നക്കി നായയുടെ കിറി നക്കി നായകള്‍ ...

ഭൂതത്താന്‍ said...

എവിടെയും ...അതൊക്കെയാ...തിരുമേനി ട്രെന്‍ഡ് ...ഏതെങ്കിലും ബ്ലോഗ്ഗില്‍ വന്നു അത് എഴുതിയവനെയോ ...അല്ലെങ്കില്‍ ആ ബ്ലോഗ്ഗിനു സ്വതവേ തോന്നിയ ഒരു അഭിപ്രായം ഇട്ടവനെയോ ...അവന്‍റെ ജാതകം തുരന്നു നോക്കി ...തന്തക്കോ ,തള്ളക്കോ വിളിച്ചു കളയാം എന്ന ഒരുതരം മനോരോഗം ..ഈ രോഗികള്‍ക്കും കൂട്ട് കൂടാന്‍ ആളെ കിട്ടുന്നു എന്നുള്ളത് മറ്റൊരു ദുഃഖ സത്യവും ...ചിലര്‍ പരസ്പരം മഹാന്‍ എന്നുള്ള സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നു ......അന്യന്‍റെ തന്തക്കു പറയുന്നവന്‍ സ്വന്തം തന്ത യോടുള്ള ബഹുമാനമില്ലായ്മ കൊണ്ടും ...അതല്ലെങ്കില്‍ സ്വന്തം തന്തക്കു ഗ്ലാമര്‍ പോരല്ലോ എന്ന തോന്നല്‍ കൊണ്ടും ആവാം ......എന്ത് ചെയ്യാനാ തിരുമേനി ഉള്ള വാലും മുറുക്കി മിണ്ടാതെ ഇരിക്കാം ...അല്ലെങ്കില്‍ "തറ " ആകണം (കൂതറ അല്ല കേട്ടോ )...മന്യനായ്‌ ജീവിക്കാന്‍ പാടാണ് മാഷേ ....... എല്ലാരും ഇതെല്ലം ഒന്നു തിരിച്ചരിഞ്ഞെന്കില്‍ ....

രഘുനാഥന്‍ said...

അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു...പക്ഷെ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതിരിക്കുന്നതല്ലേ നല്ലത്?

Kvartha Test said...

കൂതറ തിരുമേനിയുടെ പോസ്റ്റിനും ശ്രീ ഭൂതത്താന്‍റെ അഭിപ്രായത്തിനും അടിയില്‍ ഒരൊപ്പ്.

പ്രേം I prem said...

അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു..
നല്ലതിനെ അംഗീകരിക്കുകയും പോരായ്മകളെ വിമര്‍ശിക്കാം അതാണല്ലോ ബ്ലോഗിന്റെ ഗുണവും, ബ്ലോഗിലെ വിഷയത്തെ ആയിരിക്കണം എന്നാണെനിക്കു തോന്നുന്നത്. വ്യക്തികള്‍ക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല. എല്ലാവരും തുല്യര്‍. തിരൂര്‍ക്കാരന്‍ പറഞ്ഞ കമന്റ് ...നിങ്ങളില്‍ ആരെങ്ങിലും ഒരാള്‍ വെടി നിര്‍ത്തിയാല്‍ തന്നെ ഒരു വിതം തമ്മിലടികള്‍ കുറഞ്ഞു കിട്ടും, ഇതെന്താ യുദ്ധമോ.. !!??

chithrakaran:ചിത്രകാരന്‍ said...

പ്രിയ കൂതറേ,
ബ്ലോഗിലൂടെ ഉലാത്തുംബോള്‍ ഈഗോ മുള്ളുവേലികളില്‍
ഉടക്കുന്നത് സാധാരണമാണ്. സ്ഥലത്തു വച്ചുതന്നെ ഉടക്ക്
പരമാവധി അഴിച്ചെടുക്കാം.അഥവ അഴിച്ചടുക്കാം. അവിടെയും തീര്‍ന്നില്ലെങ്കില്‍ ഒരു പോസ്റ്റെഴുതി അതില്‍
പറയാനുള്ളതിന്റെ മാക്സിമം പറഞ്ഞ് പിണ്ഡം വച്ച് പ്രശ്നത്തില്‍ നിന്നും തലയൂരുക.

പിന്നെ നിശബ്ദത പാലിക്കാം.
അങ്ങനെയാകുംബോള്‍ പുതിയ വിഷയങ്ങളിലും,
പോസ്റ്റുകളിലും ശ്രദ്ധയൂന്നാനുള്ള മനസ്സാന്നിദ്ധ്യം ലഭിക്കും.
മാത്രമല്ല, ബ്ലോഗില്‍ ശത്രുത ഒരു തുടര്‍ക്കഥയായി ചുമന്നു നടക്കുന്നതില്‍ നിന്നും മുക്തി നേടുകയുമാകാം.

എന്നാല്‍, നിലവില്‍ ഒരു വ്യക്തിക്കെതിരെയുള്ള
സ്ഥിരം സമരമായി, ഒരു സമരാചാരമായി പോസ്റ്റുകളുടെ പരംബര തന്നെ രണ്ടു കൂട്ടരും തുരുതുരെ ഇട്ടുകൊണ്ടിരിക്കുന്നത്.
ബ്ലോഗില്‍ നിങ്ങള്‍ നടത്താന്‍ ആഗ്രഹിച്ച ശക്തമായ ഇടപെടലിനെ ആത്മഹത്യാപരമായി ഇത് ബാധിക്കുന്നുണ്ട്
എന്നാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.
രണ്ടു കൂട്ടരും നല്ല കഴിവുള്ളവരാണ്.

സമയം വെറുതെ നഷ്ടപ്പെടുത്താതിരിക്കു.
ആശംസകളോടെ.