വാര്‍ത്ത അച്ചടിയിലൂടെയും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും വാക്കാലും പ്രസംഗരൂപേണയും ആധുനിക സാങ്കേതിക വിദ്യയുടെ സങ്കേതമുപയോഗിച്ചും മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് മുഖേനയും വിതരണം ചെയ്യാം. ഇന്റര്‍നെറ്റ് സാങ്കേതികതയുടെ മാര്‍ഗ്ഗത്തില്‍ ബ്ലോഗ്, ഓണ്‍ലൈന്‍ പത്രങ്ങള്‍, മറ്റു വാര്‍ത്ത വിതരണ വെബ്സൈറ്റുകള്‍ എന്നിവയും പെടും. മുഖ്യധാരാ പത്രങ്ങളില്‍ പത്രം നടത്തുന്ന സ്ഥാപനത്തിന്റെയോ പത്രം നടത്തുന്ന രാഷ്ട്രീയ കക്ഷികളുടെയോ ആശയങ്ങളും പോളിസികളും ഖണ്ഡിക്കാത്ത രീതിയിലാവും പത്രപ്രവര്‍ത്തനം നടക്കുക. മത സ്ഥാപനങ്ങള്‍ നടത്തുന്ന പത്രങ്ങളിലും ഇതേ ചായ്വ് ദൃശ്യമാണ്. ദീപികയിലെ വാര്‍ത്തകളില്‍ മതത്തിനെതിരായും വീക്ഷണം പോലെയുള്ള പത്രങ്ങളില്‍ വലതുപക്ഷത്തിനെതിരായും വാര്‍ത്തകള്‍ വരാത്തതിന്റെ കാരണവും ഇതുതന്നെ.
ബ്ലോഗ് പത്രങ്ങളിലും ഇത്തരത്തില്‍ ഒരു പതിവ് കണ്ടെന്നു വരാം. ബ്ലോഗ് പത്രങ്ങളുടെ നിയമാവലികള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളോ അല്ലെങ്കില്‍ നിശ്ചിത കല്‍പ്പിത ഗുണനിലവാരമില്ലാത്തതോ ആയ വാര്‍ത്തകളും വിവരങ്ങളും പരസ്യപ്പെടുത്തി കൊള്ളണമെന്നില്ല. എന്നിരുന്നാല്‍ തന്നെയും ബ്ലോഗില്‍ മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് എഡിറ്റര്‍ കത്രിക വെയ്ക്കാത്ത വാര്‍ത്തകള്‍ വരാന്‍ സാധ്യത കൂടുതലാണ്.
ദൃശ്യ,ശ്രാവ്യ മാധ്യമങ്ങളില്‍ കൂടി വാര്‍ത്ത വരുമ്പോഴുണ്ടാകുന്ന പ്രധാന പ്രയോജനം വാര്‍ത്തകള്‍ക്ക് പാത്രീഭവിച്ച സംഗതികളെ ശബ്ദം കൊണ്ടോ കാഴ്ച്ചകൊണ്ടോ അനുഭവിച്ചറിയാം എന്നതാണ്. മേല്‍പ്പറഞ്ഞതില്‍ ടെലിവിഷന്‍ മാധ്യമത്തിലൂടെയുള്ള വാര്‍ത്തകളില്‍ കാഴ്ചയോടൊപ്പം ശബ്ദത്തിലൂടെയുമുള്ള അനുഭവാനുഭൂതി ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അതെ വാര്‍ത്ത വായിക്കുന്ന ആളുടെ ശബ്ദത്തിലുണ്ടാവുന്ന ശബ്ദ ധ്വനി വ്യതിയാനങ്ങള്‍ പോലും വാര്‍ത്ത ആസ്വദിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്താം. ഇതിന്റെയര്‍ത്ഥം വാര്‍ത്തവായിക്കുന്നവന്‍ വാര്‍ത്തയിലൂടെ കഥകളി നടത്തണമെന്നോ കഥാപ്രസംഗ ശൈലിയില്‍ വാര്‍ത്ത വായിക്കണമെന്നോ നാട്യ ശാസ്ത്രപ്രകാരം മുദ്രകള്‍ കാട്ടണമെന്നോ അല്ല. വായന വേളയില്‍ വാര്‍ത്തകളുടെ ഗൗരവം നിഴലിക്കുന്ന ഭാവവും സ്ഫുടതയേറിയ ശബ്ദവും ആവണമെന്ന് മാത്രമേ ഉള്ളൂ. തേക്കടി ദുരന്തം പോലെയൊരു വാര്‍ത്ത നര്‍മ്മരസ രീതിയില്‍ അവതരിപ്പിച്ചാലുണ്ടാകുന്ന രംഗം ഓര്‍ക്കുവാന്‍ പോലും കഴിയില്ല. സാമാന്യബുദ്ധിയും വായനക്കാരന്റെ മനോധര്‍മ്മവും ഇവിടെ പ്രയോജനപ്പെടുന്നു.
വായനക്കാരന്റെ വാക്കുകള്‍ ഉച്ചരിക്കുന്ന കഴിവും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കണ്ഠ്യം, താലവ്യം,മൂര്‍ദ്ധന്യം,വര്‍ത്സ്യം - വര്‍ത്സ്യ സ്ഥാന അക്ഷരങ്ങള്‍ ഇന്ന് നാമവ ശേഷമായി - ദന്ത്യം, ഓഷ്ഠ്യം, കണ്ഠതാലവ്യം, കണേ്ഠാഷ്ഠ്യം അക്ഷരങ്ങളും ഒപ്പം അനുനാസികാ ധ്വനികളും നന്നായും ശുദ്ധിയായും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വരുന്നു. മുഖ്യധാരയില്‍ ഇതൊന്നും മനസ്സിലായി കൊള്ളണമെന്നോ നിര്‍ബന്ധമില്ല.
എന്നാല്‍ അച്ചടിയില്‍ ധ്വനിപ്രയോഗം കേവലം ഭാഷപരം മാത്രമാണ്. ശുദ്ധഭാഷയുടെ ആവശ്യകതമാത്രമേ ഇവിടെ വരുന്നുള്ളൂ. ആശയങ്ങള്‍ വ്യക്തമാക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാതിരിക്കാനുമുള്ള ശേഷിമാത്രമേ ഇവിടെ ആവശ്യമുള്ളൂ. അച്ചടിമാധ്യങ്ങളുടെ ആവശ്യകതയും പ്രായോഗികതയും ഇല്ലാതെവരുമ്പോള്‍ ഉപകാരമാവുന്ന ആധുനിക സങ്കേതമായ ഇന്റര്‍നെറ്റ് വാര്‍ത്തകളിലും മേല്‍പ്പറഞ്ഞ ഭാഷാശുദ്ധിയും നേര്‍ധ്വനിയും മാത്രമേ ആവശ്യമായി വരുന്നുള്ളൂ. പോഡ്കാസ്റ്റില്‍ വാര്‍ത്തവായിച്ചാല്‍ മേല്‍പ്പറഞ്ഞ ശബ്ദ, ധ്വനിയുടെ സാങ്കേതികത്വം ആവശ്യമായി വരും.
അതേപോലെ തന്നെ വാര്‍ത്തകള്‍ രണ്ടു രീതിയില്‍ കൊണ്ടുവരാം സൃഷ്ടിക്കപ്പെട്ട വാര്‍ത്തയും സ്വാഭാവിക വാര്‍ത്തയും - ഇതിനോട് വിരോധിക്കുന്ന പത്രപ്രവര്‍ത്തരുണ്ടാവാം- .
ദൈനം ദിന വാര്‍ത്താ പത്രികകളില്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും വാര്‍ത്ത തിരുകാനും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതോ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി നടത്തുന്ന ദുഷ്ടലാക്കോടെ നടത്തുന്ന പത്രപ്രവര്‍ത്തനമോ ഈ ഗണത്തില്‍ പെടുത്താം. ശ്രീ അച്ചുതാനന്ദന് ഉള്‍പ്പെട്ട പട്ടി വിവാദം ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളുടെ ഗണത്തില്‍ വരുന്നവയാണ്. തേക്കടി ദുരന്തമാകട്ടെ സ്വാഭാവിക വാര്‍ത്തയും. (ഇത് വാര്‍ത്തയുണ്ടാക്കാന്‍ നടത്തിയ അപകടമല്ലല്ലോ) ആധുനിക കാലത്ത് മാധ്യമങ്ങള്‍ തമ്മിലുള്ള കിടമത്സരത്തില്‍ സാമ്പത്തിക വശം കൂടിയുള്ളതിനാല്‍ പലവാര്‍ത്തകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും മിക്കവയുടെയും ആയുസ്സ് അടുത്ത പ്രധാന വാര്‍ത്ത വരുന്നദിവസം വരെ മാത്രമേ ഉണ്ടാവൂ..
വാര്‍ത്താ പത്രങ്ങള്‍ ദിനം തോറും വരണമെന്നത് തീര്‍ത്തും ബാലിശമായ വാദമാണ്.
ദിനപത്രങ്ങള്‍ മാത്രം പരിചിതമായ മലയാളികള്‍ക്ക് പതിവിനു വിപരീതമായ മദ്ധ്യാഹ്ന പത്രം (ഉച്ചപ്പത്രം), സായാഹ്ന പത്രം (അന്തിപ്പത്രം) എന്നിവയെ പൂര്‍ണ്ണമായി ഉള്‍കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഇവയെ പോലെത്തന്നെ പ്രതിവാര, ദ്വിവാര, മാസികാ രൂപത്തിലുള്ള വാര്‍ത്താ പത്രികകളും പത്രങ്ങളുടെ ഗണത്തില്‍ തന്നെപെടും. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ വാര്‍ത്ത മെസേജ് രീതിയിലുള്ള വാര്‍ത്തകളും വാര്‍ത്താ പ്രചാരണത്തില്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ പത്രങ്ങളും, പത്രങ്ങളുടെ ഓണ്‍ലൈന്‍ വിഭാഗവും വാര്‍ത്ത കൈകാര്യം ചെയ്യുന്ന വെബ്സൈറ്റുകളും പ്രത്യക്ഷത്തില്‍ വിഭിന്നമെങ്കിലും ഫലത്തില്‍ ഒരേ ജോലിതന്നെ ചെയ്യുന്നവയാണ്. ഇതിലെ ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയാണ് സിറ്റിസന്‍ ജര്‍ണലിസം ഉപയോഗപ്പെടുത്തുന്നത്. പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഒരുപക്ഷെ പ്രതിഫലം വാങ്ങുമ്പോള്‍ സിറ്റിസന്‍ ജര്‍ണലിസത്തില്‍ അതിന്റെ സാധ്യത നാമമാത്രമോ സൗജന്യമോ ആയിരിക്കും. എന്നിരുന്നാല്‍ തന്നെയും ഇതിനെ പത്രപ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖമായി കണ്ടേ തീരൂ..
എന്താണ് വാര്‍ത്തയെന്നും പത്രമെന്നും പത്രധര്‍മ്മമെന്നും വിശദീകരിക്കാന്‍ താല്പര്യമില്ല. ബ്ലോഗിന്റെതായ പ്രത്യേക പത്രധര്‍മ്മവുമില്ല. വാര്‍ത്തകളെ വളച്ചൊടിക്കാതെ നേരാം വണ്ണം അതിന്റെ സത്യത്തിന്റെ വേരുകള്‍ തേടി ചെല്ലുകയും അതിന്റെ വിവരണം അതേപോലെ വായനക്കാരില്‍ അല്ലെങ്കില്‍ വാര്‍ത്ത ആരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നോ അവരില്‍ എത്തിക്കുകയെന്നതാണ് ഒരു പത്രപ്രവര്‍ത്തകന്റെ ധര്‍മ്മം. പത്ര ധര്‍മ്മം കേവലം വാര്‍ത്തയെത്തിക്കുക മാത്രമല്ല. വാര്‍ത്തയെ വളച്ചൊടിക്കാതെ വാര്‍ത്തകളില്‍ ചായ്വുകള് കാട്ടാതെ നേരിനെ നേരായി അറിയിക്കുക. നേരോടെ നിര്‍ഭയം നിരന്തരം എന്നൊക്കെ മുദ്രാവാക്യം മുഴക്കുന്ന ചാനലുകള്‍ സുലഭമാണ്. വരുന്ന വാര്‍ത്തകളില്‍ എത്രശതമാനം പിന്നീട് വാര്‍ത്തയുടെ ചൂടോഴിഞ്ഞ ശേഷം നമ്മുടെ മുമ്പില്‍ എത്തുന്നുവെന്ന് ചിന്തിക്കണം. അടുത്ത ചൂടന്‍ വാര്‍ത്തയ്ക്ക് പുറകെപോകുമ്പൊള്‍ കഴിഞ്ഞ വാര്‍ത്തകളും വാര്‍ത്തകളില്‍ ഇടം തേടിയവരും ഇന്നെവിടെ എന്ന് ചിന്തിക്കാനുള്ള ധാര്‍മിക ബാധ്യതയും പത്രക്കാര്‍ക്കുണ്ടാവണം.
ഇന്നിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ പല മാദ്ധ്യമങ്ങളും ഇന്നലകളുടെ തലക്കെട്ടുകളെ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. ഇന്ന് വാര്‍ത്താ പ്രാധന്യമില്ലാത്തതിനാല്‍ വിസ്മൃതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോകുന്നവര്‍ വളരെയേറെ.. ഒരുപക്ഷെ അഭയ കേസും പോള്‍ വധക്കേസും നാളെ കേവലം ഇന്നലെകളുടെ തലക്കെട്ടായി മാറിപോയിട്ടുണ്ടാവും..ഒരുപക്ഷെ പിന്നെയൊരു തുമ്പു കിട്ടി വീണ്ടും തലക്കെട്ടില്‍ ഇടം കണ്ടെത്തിയില്ലെങ്കില്‍ അതും ഇന്നലെകളിലെ ചൂടന്‍ വാര്‍ത്ത മാത്രമായേക്കും.
Tuesday, October 27, 2009
Subscribe to:
Post Comments (Atom)
12 comments:
"വായനക്കാരന്റെ വാക്കുകള്‍ ഉച്ചരിക്കുന്ന കഴിവും ഇതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കണ്ഠ്യം, താലവ്യം,മൂര്‍ദ്ധന്യം,വര്‍ത്സ്യം - വര്‍ത്സ്യ സ്ഥാന അക്ഷരങ്ങള്‍ ഇന്ന് നാമവ ശേഷമായി - ദന്ത്യം, ഓഷ്ഠ്യം, കണ്ഠതാലവ്യം, കണേ്ഠാഷ്ഠ്യം അക്ഷരങ്ങളും ഒപ്പം അനുനാസികാ ധ്വനികളും നന്നായും ശുദ്ധിയായും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വരുന്നു"
എന്താണ് ഉദ്ദേശിച്ചത്? ഈ വര്‍ണ്ണങ്ങളൊക്കെ നാമാവശേഷമായാല്‍ പിന്നെ അവിടെ ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണ്? വായിച്ച് തിരുത്തുമല്ലോ. കമന്റ് പ്രസിദ്ധീകരിക്കേണ്ടതില്ല.
നല്ല ചിന്തകള്‍. .....ആശംസകള്‍
@സന്തോഷ്
ഇതില്‍ വര്‍ത്സ്യം - ഋ കഴിഞ്ഞുള്ള ഇലൊ (ക്ഷമിക്കണം ആ അക്ഷരം ടൈപ്പ് ചെയ്യാന്‍ കിട്ടുന്നില്ല) ഇന്ന് ഉപയോഗത്തില്‍ ഇല്ല. അതുമാത്രമേ നാമാവശേഷമായി പറയാന്‍ കഴിയുള്ളൂ.. ബാക്കിയെല്ലാം ഉപയോഗത്തിലുണ്ട് ..ചിലയിടത്ത് ക്ലിപ്തം എന്നുള്ളിടത്ത് ചിലപ്പോഴൊക്കെ ഉപയോഗിച്ച് കാണുന്നുണ്ട്..
തീര്‍ച്ചയായും ആഴമുള്ള ചിന്തകള്‍ തന്നെ മാഷെ...
വാര്‍ത്തകള്‍ പറഞ്ഞു തീര്ക്കുന്നതിനോപ്പം , വായനക്കാരനെ ചിന്തിപ്പിക്കാനും , ചിലപ്പോള്‍ സംഭവങ്ങളോട് പ്രതികരിക്കുവാന്‍ ഉള്ള പ്രേരകമാകുവാനും മാധ്യമങ്ങള്‍ക്ക് ശക്തിയുണ്ട്. അല്ലെങ്കില്‍ അതാവണം മാധ്യമങ്ങളുടെ ഒരു ലക്ഷ്യം.
ലോകമൊട്ടാകെ നടന്ന വിപ്ലവങ്ങളില്‍ പത്രങ്ങളുടെ പങ്കു അവഗണിക്കാനാവുമോ.
എന്നും ചൂട് വാര്‍ത്തകള്‍ നല്കുന്നതിനു പകരം ആവശ്യമുള്ളത്, ശരി എന്ന് തോനുന്നത് ,അന്വേഷിച്ചു ബോധ്യപെട്ടത് വാര്ത്ത്തയാക്കുന്നതാവും പക്വമായ നിലപാട് ബ്ലോഗ്ഗിലും..
ദിനപത്രങ്ങള്‍ മാത്രം പരിചിതമായ മലയാളികള്‍ക്ക് പതിവിനു വിപരീതമായ മദ്ധ്യാഹ്ന പത്രം (ഉച്ചപ്പത്രം), സായാഹ്ന പത്രം (അന്തിപ്പത്രം) എന്നിവയെ പൂര്‍ണ്ണമായി ഉള്‍കൊള്ളാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല.
ഇതൊരു നഗ്നസത്യം തന്നെയാണു ട്ടോ..
വളരെ നന്നായിരിക്കുന്നു... അഭിനന്ദനങ്ങള്‍
കൂതറ ഡിം.
@ തിരുമേനി, വാര്‍ത്തകളെ അപ്പടി ചോര്‍ന്നുപോകാതെ വായനക്കാരില്‍ എത്തിക്കുക എന്നതാണല്ലോ പത്രധര്‍മ്മത്തില്‍ പ്രധാനം. ബ്ലോഗില്‍ എഴുതുന്ന ഇത്തരം വാര്‍ത്തകളും അതേ പ്രാധാന്യവും അര്‍ഹിക്കുന്നണ്ടല്ലോ.
മദ്ധ്യാഹ്ന പത്രം, സായാഹ്ന പത്രം എന്നിവ cerculation, വായനക്കാര്‍ എന്നിവ പ്രധാനമായിക്കാണുന്നത് കൊണ്ടായിരിക്കാം കിട്ടുന്നത് അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.
എല്ലാവരും പുത്തനെ ഒഴിവാക്കി പുതുപുത്തന്‍ ആഗ്രഹിക്കുന്നു.
ആഴമുള്ള ചിന്തകള്‍ തന്നെ. നന്ദി.
വാര്‍ത്തക്കു വേണ്ടി വാര്‍ത്തകള്‍ പടയ്ക്കപെടുന്ന ഒരു കാലഘട്ടാമാണിത്..
നല്ല അവലോകനം!!!
ഇതാണ് കിട്ടാത്ത ആ അക്ഷരം : ഌ
വിശദമായി: Unicode characters from U+0D00 to U+0D7F
@ശ്രീ
വളരെയധികം നന്ദി.. ഇന്ന് അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഇതിനെ മലയാളമായി തന്നെ കണ്ടു നിലനിന്നു പോരണം എന്നാഗ്രാഹിക്കുന്ന ഒരാളാണ് ഞാന്‍. ഒരിക്കല്‍ കൂടി നന്ദി.
Post a Comment