തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, October 29, 2009

194.തീപ്പൊരി കവിത

കവികളുടെയുള്ളില്‍ ഒരു ആശയങ്ങളുടെയും ഇസങ്ങളുടെയും ഒരു ജ്വാലയുണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുമുള്ള വിദ്വേഷവും പ്രതിഷേധവും പലപ്പോഴും മിക്ക യുവകവികളുടെയും വരികളില്‍ കാണാം. വാക്കുകളെ തീപ്പോരിയായ്‌ ഉപയോഗിക്കുന്ന ഇത്തരം കവികളുടെ വാക്കുകള്‍ പടവാളുകളെക്കാള്‍ ശക്തിയുള്ളതുമാവാറുണ്ട്. അത്തരം ഒരു കവികളുടെ ഗണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു യുവകവിയെ നമുക്കിവിടെ പരിചയപ്പെടാം.

കവിതകളുടെ എണ്ണം കൊണ്ടല്ല ഒരാളുടെ കാവ്യശേഷിയെ അളക്കേണ്ടത്. പ്രതിദിനം ആട്ടിന്‍കാഷ്ടം പോലെ കവിതകളെന്ന് സ്വയം വിളിക്കുന്ന സാഹിത്യ മലവിസര്‍ജ്ജനം നടത്തുന്ന കവികള്‍ ബ്ലോഗിലുണ്ട്. നിരൂപകന്മാരുടെയും വായനക്കാരുടെയും സംയമനത്തെയും മനസ്സിനെയും ചോദ്യം ചെയ്യുന്ന അത്തരം കവികളില്‍ നിന്ന് ഈ യുവകവി വേറിട്ട്‌ നില്‍ക്കുന്നു. തീപ്പോരിയെന്ന ഒറ്റക്കവിത കൊണ്ട് തന്നെ ഈ കവി ആധുനിക കവികളുടെ ഇടയില്‍ തന്റെ അചഞ്ചലമായ സ്ഥാനം നേടിയിരിക്കുന്നു.
കേവലം ഒരു നാലുവരി കവിതയായ ഇതിനെ ലാളിത്യം കൊണ്ട് കുഞ്ഞുണ്ണി മാഷിന്റെ കവിതയോടുപമിക്കാം. ആര്‍ക്കും മനസ്സിലാവുന്ന ലാളിത്യമുള്ള വരികള്‍. ദ്വിതീയാക്ഷരപ്രാസം , അന്ത്യാക്ഷര പ്രാസം എന്നിവയും നമുക്കിവിടെ കാണാം. ചെറുതെങ്കിലും മികച്ച കവിത. ഒരുകൂട്ടം ചോദ്യങ്ങള്‍ ആണിവിടെ കവി ചോദിച്ചിരിക്കുന്നത്.

"വാക്കെടുത്തുരച്ച് തീപ്പൊരി
നാക്കെടുത്തുരച്ച് തീപ്പൊരി
നോക്കെടുത്തുരച്ച് തീപ്പൊരി
കോലെടുത്തുരച്ച് തീപ്പൊരി"


വാക്കാലും, നാക്കാലും നോക്കാലും ഉരച്ചു തീപ്പൊരി സൃഷ്ടിക്കാമെന്ന് കവി ഇവിടെ പറഞ്ഞിരിക്കുന്നു. അപ്പോള്‍ നമുക്കെല്ലാം പരിചിതമായ കോലെടുത്ത് (തീപ്പെട്ടി കൊള്ളി) ഉരച്ചും തീയുണ്ടാക്കാം. ഇതില്‍ ഏതു തീപ്പൊരിയാണ് അപകടമെന്നാണ് കവി ചോദിക്കുന്നത്. ആര്‍ക്കും ദഹിക്കാത്തതും എഴുതിയവനും വായിക്കുന്നവനും ഗുണം ചെയ്യാത്തതും ചിന്തനീയവുമല്ലാത്ത കവിതയെഴുതുന്ന കവികള്‍ ഇത്തരം കവിതകളെ കണ്ടില്ലെന്നു നടിക്കുകയാണ്. വായനക്കാര്‍ക്ക് മനസ്സിലാവുമെന്ന് മാത്രമല്ല വായനയ്ക്ക് ശേഷം ചിന്തിയ്ക്കാന്‍ അവസരം നല്‍കുകയും കൂടി ചെയ്യുകയാണ് ഈ ചെറുകവിത. പേരുള്ളവനെ വായനക്കാരുള്ളൂ എന്ന ബ്ലോഗിലെ പ്രത്യേകത കൂടി ഇവിടെ കാണാന്‍ കഴിയും. ഈ അര്‍ത്ഥവത്തായ കവിതയെ അധികം പേരും ശ്രദ്ധിച്ചില്ലെന്നതാണ് വസ്തുത..

എന്നാലും അക്ഷര വിരോധികളല്ലാത്ത ചിലരുടെ കമന്റ് ഈ കവിതയെ പൂര്‍ണ്ണതയിലേക്ക് നയിക്കുന്നു.

"നാക്കേടുത്തോരു
വാക്കുരുവിട്ട്
അതുകോലേല്‍ക്കുത്തി
നാടുമുഴുക്കെചുറ്റിയയക്കൂ
തീയോ തീപ്പൊരിയോ
കടമോ അപകടമോ? നോക്കൂ!!"


ശ്രീമതി മാണിക്യം എഴുതിയ ഈ കമന്റും ഒരു ചെറു കവിതയ്ക്ക് തുല്യവും ഒപ്പം ചിന്തയെ ഉദ്ധീപിക്കുന്നതുമാണ്.

"വാക്കായാലും നാക്കായാലും നോക്കായാലും ഇനിയത്കോലായാൽ തന്നെയും, ഉരസലാണ് ഏറ്റവും അപകടം.."

താരകന്റെ ഈ കമന്റിലും ഇത്തരം ഒരു നല്ല ചിന്ത കവിതയോടൊപ്പം ചേര്‍ത്ത് വായിക്കാം.

ജോണ്‍ ചാക്കോ പൂങ്കാവെന്ന യുവകവിയുടെ തീപ്പൊരിയെന്ന കവിതയിലേക്ക് ഇവിടെനിന്നു പോകാം.. യുവകവി ജോണ്‍ ചാക്കോ പൂങ്കാവന് ആശംസകള്‍. ഇനിയും ഇത്തരം നല്ല ചിന്തോദ്ധീപമായ ചെറുതും വലുതുമായ കവിതകള്‍ പൂങ്കാവില്‍ വിരിയട്ടെ..

9 comments:

ഹാരിസ് said...

എത്രയും പെട്ടെന്ന് മനോരമയെ അറിയിക്കൂ.
ഒരു മഹാകവിയെക്കിട്ടാന്‍ കുറേകാലമായി കാത്തിരിക്കുകയാണവര്‍

കൂതറ തിരുമേനി said...

@ ഹാരിസ്‌

അതെ അതെ.. കവികള്‍ ഇങ്ങനെ മുളച്ചു പൊന്തട്ടെ.. മലയാളം കവിതകള്‍ വളരട്ടെ...

താരകൻ said...

നാലുവരി കവിതയിൽ നവം നവങ്ങളായ ആശയപ്രപഞ്ചത്തെ ആവാഹിച്ച കവിതയെ സമാദരിച്ചുകൊണ്ടെഴുതിയ നിരൂപണം ഇഷ്ടപെട്ടു പ്രത്യേകിച്ചും “ചിലപ്രയോഗങ്ങൾ“.ഒരു മഞ്ഞുതുള്ളിയിൽ നീലവാനം ....ഒരു കുഞ്ഞുപൂവിൽ ഒരു വസന്തം എന്നൊക്കെ പണ്ട് ഓ.എൻ.വി പാടിയത് ഇത്തരം സൃഷ്ടികളെ ഉദ്ദേശിച്ചായിരിക്കുമോ. എന്തായാലും വാഴക്ക് വെള്ളമൊഴിച്ചപ്പോ ചീരയും നനഞ്ഞു എന്ന് പറഞ്ഞതു പോലെ ഈ ഉദാത്തകവിതക്ക് കമന്റിട്ടതുകൊണ്ട് മാത്രം ഈയുള്ളവനും കിട്ടി ഒരു ‘തട്ട്’

അനില്‍@ബ്ലോഗ് // anil said...

ചില കവിതകള്‍ മോശമെന്നും ചിലവ നല്ലതെന്നും അങ്ങിനെ ഉറപ്പിച്ച് പറയാനാവുമോ?
തികച്ചും വ്യക്തിപരമായ താത്പര്യങ്ങളാ‍ണതെല്ലാം.

ഹരീഷ് തൊടുപുഴ said...

നന്ദി..

പിഷാരടി മാഷ് said...

ഞാനും എഴുതി ഒരു കവിത ഒന്നു വിശകലനം ചെയ്യാമോ? ദേ ഇവിടെ

http://pisharodymash.blogspot.com/2009/10/blog-post.html

കൂതറ തിരുമേനി said...

@താരകന്‍
കമന്റ് നന്നായിരുന്നു. അതാണ്‌.

@അനില്‍ @ബ്ലോഗ്‌
കവിതകള്‍ മോശമെന്നല്ല. വായനക്കാര്‍ വെറും വിഡ്ഢികള്‍ ആണെന്ന് കരുതുമ്പോള്‍ പ്രതികരിച്ചു പോവുന്നതാണ്.. ഈ കവികള്‍ ഒന്ന് ഞെളിയുന്നതിനെക്കാള്‍ മുമ്പേ വിമര്‍ശിക്കുന്നവരെ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും. അവരെക്കാള്‍ വായനക്കരുള്ളവരാകും മിക്കപ്പോഴും വിമര്‍ശകര്‍.

@പിഷാരടി മാഷ്
മാഷെ. നമിച്ചു.. കാരണം അതൊരടിയല്ല.. ഒരൊന്നര അടിയാണ്.

കനല്‍ said...

ഞാന്‍ അറിഞ്ഞടത്തോളം
ശ്രീമതി മാണിക്യമാണത്.

“ശ്രീ”യല്ല
:)

കൂതറ തിരുമേനി said...

@കനല്‍

ക്ഷമിക്കണം. തിരുത്തി.. നന്ദി..