തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, November 25, 2009

203.ഭാഷാവരവും ഭാഷാശുദ്ധിയും

മനോഹരമായി ഭാഷ കൈകാര്യം ചെയ്യുന്നവനെ ഭാഷാവരം കിട്ടിയവനെന്നു ചിലരെങ്കിലും പറയാറുണ്ട്‌. ഭാഷാവരം കിട്ടിയില്ലെങ്കിലും ഭാഷാ ശുദ്ധി മാന്യമായ തോതിലെങ്കിലും എഴുത്തുകാരും പത്രപ്രവര്‍ത്തകരും കാണിക്കണ്ടതായുണ്ട്. ശൈലീപരമായ പിഴവുകളുടെയും ഒഴിവുകഴിവുകളുടെയും സഹായത്തോടെ എഴുത്തുകാര്‍ രക്ഷപ്പെട്ടേക്കാമെങ്കിലും പത്രപ്രവര്‍ത്തകര്‍ക്കു അതിനുള്ള അവകാശമില്ലെന്ന് തന്നെയാണ് കൂതറ തിരുമേനിയുടെ പക്ഷം. വാര്‍ത്തകളെ വായനക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ തെറ്റില്ലാതെ അവതരിപ്പിക്കുകയെന്ന ദൌത്യം മിക്ക പത്രപ്രവര്‍ത്തകരും ചെയ്യുന്നുണ്ടെങ്കിലും ചിലരാവട്ടെ കേവലം വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം മാത്രമാണ് നടത്തുന്നത്.

അടുത്തിടെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയൊന്നു നോക്കാം. തലയില്ലാത്ത ശവം കണ്ടെത്തി. കൊലപാതകമെന്ന് സംശയം. ഇത് വായിക്കുന്നവന് മുമ്പില്‍ ചില സംശയങ്ങള്‍ ഉടലെടുക്കും. സാധാരണ ഗതിയില്‍ മരണങ്ങള്‍ നാല് വിധമാണ്. സ്വാഭാവികം, ആത്മഹത്യ, അപകടമരണം, കൊലപാതകം. ഇതല്ലാതെ അസുഖം മൂലവും മരണം സംഭവിക്കാം. എന്നാല്‍ തലയില്ലാതെ ഒരു ജഡം കാണപ്പെട്ടാല്‍ അപകടമരണമോ കൊലപാതകമോ ആവാനാണ് സാധ്യത. ഇതില്‍ അപകട മരണമെന്നത്‌ ആത്മഹത്യ ചെയ്യുമ്പോഴുള്ള ശ്രമത്തില്‍ സംഭാവിച്ചതുമാവാം. പ്ലാസ്റ്റിക് കയറില്‍ കുടുക്കിട്ടു ചാടിയവന്റെ കഴുത്തു മുറിഞ്ഞു പോയ അവസരമുണ്ട്. അതേപോലെ റെയില്‍വേ പാളത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തവന്റെയും തല വേര്‍പെട്ടു പോകാം. എന്നാല്‍ കായലില്‍ തലയില്ലാതെ കിടന്ന ശവത്തിന്റെ ഗതി കൊലപാതകമാല്ലാതെ വേറൊന്നാവാന്‍ സാധ്യത തുലോം തുച്ഛം എന്ന് പറയേണ്ടി വരും.

ആരും സ്വന്തം കഴുത്തു പൂര്‍ണ്ണമായി അറുത്തെടുത്തു കായലില്‍ തള്ളി ആത്മഹത്യ ചെയ്യുമെന്ന് വിവരമുള്ളവന്‍ കരുതില്ല. അതേപോലെ റെയില്‍വേ പാളത്തില്‍ തലവെച്ചു ആത്മഹത്യ ചെയ്തശേഷം തലയവിടെ ഇട്ടു സ്വന്തം കബന്ധം കായലില്‍ ഇടുന്നതും അപ്രായോഗികം തന്നെ. പിന്നെ അവിടെ നടക്കാന്‍ സാധ്യതയുള്ള ഏക കര്‍മ്മം കൊലപാതകം തന്നെ. അപ്പോള്‍ കൊലപാതകം എന്ന് സംശയിക്കുന്നുവെന്ന വാര്‍ത്തയുടെ അസംബന്ധം വായനക്കാരന് പോലും മനസ്സിലാവും.

അതേപോലെ അമ്പത്തിനാല് വയസ്സുള്ള യുവാവിന്റെ ജഡം കണ്ടെത്തിയെന്നുള്ള വാര്‍ത്ത കണ്ടപ്പോഴും ഒന്ന് ഞെട്ടി. കാരണം അമ്പത്തിനാല് വയസ്സുള്ള യുവാക്കള്‍ സാധാരണ ഗതിയില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ മാത്രമേ കാണൂ. ബാല്യം, ശൈശവം, കൌമാരം, യുവത്വം, വാര്‍ദ്ധക്യം എന്നൊക്കെ ഈ പത്രപ്രവര്‍ത്തകര്‍ കേട്ടിട്ടില്ലേ ആവോ.. മധ്യ വയസ്കനെ യുവാവെന്ന് വിളിക്കുമ്പോള്‍ എന്ത് സുഖമാണപ്പാ ഇവര്‍ക്ക് ലഭിക്കുന്നത്.

മലയാള വ്യാകരണവും നിഘണ്ടുവും അരച്ചുകലക്കി കുടിച്ചിട്ട് വാര്‍ത്ത എഴുതണം എന്ന് പറയില്ല. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും കഴിഞ്ഞവര്‍ വെറും കഞ്ഞിക്കൊവാലന്റെ നിലവാരത്തില്‍ എഴുതരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.

10 comments:

Anonymous said...

തേങ്ങ എന്റെ വക ഇരിക്കട്ടെ...
((((ട്ടേ))))

Kiranz..!! said...

അമ്പത്തിനാല് വയസ്സുള്ള യുവാക്കള്‍ സാധാരണ ഗതിയില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ മാത്രമേ കാണൂ.ഹ.ഹ. കൂതറയല്ല..തങ്കപ്പൻ അല്ലെങ്കിൽ മിനിമം പൊന്നപ്പൻ :)

Junaiths said...

:0)

മണുക്കൂസ് said...

മലയാള വ്യാകരണവും നിഘണ്ടുവും അരച്ചുകലക്കി കുടിച്ചിട്ട് വാര്‍ത്ത എഴുതണം എന്ന് പറയില്ല. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും കഴിഞ്ഞവര്‍ വെറും കഞ്ഞിക്കൊവാലന്റെ നിലവാരത്തില്‍ എഴുതരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.

എന്തയാലും ഇതു കൂതറ അവലോകനം അല്ല...നന്നായിരിക്കുന്നു !!!!

Pyari said...

"തലയില്ലാത്ത ശവം" അവലോകനം നന്നായി .. :)

പാട്ടോളി, Paattoli said...

എന്റെ ചെങ്ങായീ,
എവനൊക്കെ സ്വ:ലേ: ആകാമെങ്കിൽ
ഏത് കൂതറക്കും ആകാം...
നമുക്കു പോലും....

സഹൃദയന്‍ ... said...

ഒരു സംശയം: കായൽത്തീരത്തുള്ള ഒരു മരത്തിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിച്ചാവാൻ(ചാടാൻ) നോക്കിയാൽ, ഇങ്ങനെ സംഭവിച്ചു കൂടെ?

Akbar said...

കൊലപാതകമെന്നോ ആത്മഹത്യ എന്നോ സ്വാഭാവിക മരണമെന്നോ പറയാന്‍ പത്രക്കാര്‍കു അവകാശമില്ല. പോലീസുകാര്‍കു വേണ്ടി ഒരു സംശയം എപ്പോഴും അവര്‍ ബാകിവെച്ചേ പറ്റൂ. കൊല്ലുന്നത് താന്‍ കണ്ടോ...എന്ന് ചോദിച്ചാല്‍ കുടുങ്ങിയില്ലേ

അമ്പത്തിനാല് വയസുള്ള യുവാകള്‍ യൂത്ത് കൊണ്ഗ്രസിലെ കാണൂ. അത് കലക്കി

കൂതറ തിരുമേനി said...

@സഹൃദയന്‍

അതെ... അങ്ങനെയെങ്കില്‍ തല എവിടെ.. കായലില്‍ തല മീന്‍ കഴിച്ചു എന്ന് പറഞ്ഞാല്‍ കയറെടെവിടെ... മരമെവിടെ ...?

സഹൃദയന്‍ ... said...

മനുഷ്യന്റെ തല മാത്രമായി വെള്ളത്തിൽ ഇട്ടാൽ മുങ്ങിപ്പോവുകയേ ഉള്ളൂ.
(അതിൽ കടന്നു കൂടിയിട്ടുള്ള വായുവിന് അതിന്റെ വെള്ളവുമായുള്ള ആപേക്ഷിക ഭാരത്തെ തുലനം ചെയ്യാൻ മാത്രം ശേഷി ഇല്ല.)
മരവും കയറും എവിടെ എന്ന ചോദ്യം, വെട്ടിക്കൊന്നു കൊണ്ടിട്ടിരിക്കുന്നു എന്ന കേസിൽ കത്തി എവിടെ, കൊല നടന്ന ലൊക്കേഷൻ എവിടെ എന്നതിന് സമാനമാണ്. ഒരു പുഴ ഒഴുകുന്ന വഴിയിൽ ആയിരക്കണക്കിന് മരങ്ങൾ ഉണ്ടാവും. പോലീസ് അതെല്ലാം പരിശോധിക്കുന്നത് അസാധ്യം തന്നെയാണ്.
(ഇവിടെ ആത്മഹത്യ ആണെന്ന് അഖണ്ഡിതമായി പറയുന്നില്ല..അങ്ങനേയും സാധ്യത ഉണ്ടെന്നു മാത്രം പറയുന്നുള്ളൂ..)