ഫ്ലേവര്‍ ഓഫ് ദ മന്ത് എന്നൊക്കെ പറയുന്നതുപോലെ ഇപ്പോള്‍ എങ്ങും എവിടെയും ശശി തരൂരാണ്. ഏതായാലും മദനിയ്ക്ക് അല്പം വിശ്രമം കിട്ടിയെന്നു തോന്നുന്നു. ബൂലോഗത്തും ശശി തരൂര്‍ തന്നെ താരം.ഇതെല്ലാം കേട്ടപ്പോള്‍ തരൂരിന്റെ സൈറ്റില്‍ ഒന്നുപോയി നോക്കി. അമ്പോ ഓനെ പുകഴ്ത്തിയുള്ള പാട്ടുകള്‍ കേട്ടപ്പോള്‍ സത്യത്തില്‍ നാണിച്ചു പോയി. ഇത്രയും വലിയ മഹാനായിരുന്നോ ഇദ്ധേഹം. യൂ എന്നില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയി ജോലിചെയ്ത മികച്ച ഉദ്ദ്യോഗസ്ഥനെ പറ്റി കൂതറതിരുമെനിയ്ക്ക് ഒരു സംശയവും ഇല്ല. അദ്ധേഹത്തിന്റെ എഴുത്തിനെയോ സാഹിത്യവാസനയോ സര്‍ഗ്ഗാത്മകതയോ ഒന്നും സംശയിക്കേണ്ട കാര്യമില്ല.
പക്ഷെ ഇതൊക്കെമാത്രമാണോ ഒരു എം.പി. ആവാനുള്ള അടിസ്ഥാനയോഗ്യത.
ലണ്ടനില്‍ ജനിച്ചു തമിഴ്നാട്ടിലും, കല്‍ക്കട്ടയിലും, ഡല്‍ഹിയിലും, മുംബയിലും അമേരിക്കയിലുമൊക്കെ പഠിച്ചു വളര്‍ന്നു ജീവിതത്തിന്റെ സിംഹഭാഗവും വിദേശമണ്ണില്‍ ജീവിച്ചു ഇന്ന് കേരളത്തില്‍ അതും തലസ്ഥാനനഗരിയില്‍ നിന്ന് പാര്‍ലമെന്റില്‍ സീറ്റ് ഉറപ്പിക്കാന്‍ മത്സരിക്കുന്ന ശശി തരൂര്‍ അടിസ്ഥാന വര്‍ഗ്ഗത്തെക്കുറിച്ച്, അവരുടെ ആവശ്യത്തെക്കുറിച്ച് അവരുടെ പ്രശ്നത്തെകുറിച്ച് എന്ത് ചെയ്യുമെന്നാണ് സ്വപ്നം കാണുന്നത്. ശശി തരൂരിന്റെ കൈയില്‍ ഏതോ അല്ലാദിന്റെ അത്ഭുത വിളക്കുണ്ടുവെന്നും അദ്ധേഹം ജയിച്ചു വന്നാല്‍ തിരുവനന്തപുരം സ്വര്‍ഗമാക്കുമെന്നും പറഞ്ഞുള്ള പ്രചരണം കാണുമ്പോള്‍ സത്യത്തില്‍ ചിരിവരുന്നു.പൊതുവേ ഒരു കാര്യം തിരുവനന്തപുരം എന്നത് ഇടത്തരക്കാരും സാധാരണക്കാരും ജീവിക്കുന്ന ഒരു നഗരമാണ്. കൂതറതിരുമേനി നല്ലവണ്ണം പരിചയമുള്ള മണ്ണും മനുഷ്യരുമാണവിടെ താമസിക്കുന്നത്.അതുകൊണ്ട് തന്നെ ദന്തഗോപുരവാസിയാണോ സാധാരണക്കരനാണോ അവിടെ കൂടുതല്‍ ഗുണം ചെയ്യുകയെന്നത് നല്ല ബോധ്യമുണ്ട്.
ശശിതരൂര്‍ മികച്ചൊരു നയതന്ത്രജ്ഞന്‍ ആണെന്നതില്‍ ഭിന്നാഭിപ്രായമില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ ഒരു വിദേശകാര്യ മന്ത്രി ആയാല്‍ അത് ഭാരതത്തിന് ഗുണം ചെയ്യുമെന്നതില്‍ ഒരു സംശയവും വേണ്ട. പക്ഷെ തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം കൂടിയാണ് അവിടെ കേരളത്തില്‍ നിന്നുതന്നെയുള്ള ഒരു നേതാവല്ലേ നല്ലത്. അതോ തിരുവനത്തപുരത്തു കോണ്‍ഗ്രസ്സിനായി മല്‍സരിക്കാന്‍ കൊള്ളാവുന്ന ഒരു നേതാവില്ലേ.അതല്ല ശശി തരൂരിന്റെ ഭരണമികവായിരുന്നു ലക്ഷ്യമെങ്കില്‍ രാജ്യസഭയിലൂടെ അദ്ധേഹത്തെ ഉള്‍പ്പെടുത്തി ആ ആവശ്യം നിറവേറ്റാമായിരുന്നില്ലേ. ഇനി അഥവാ ഇത്തരം കഴിവുകള്‍ നിര്‍ബ്ബന്ധമായി വേണമായിരുന്നെങ്കില്‍ അമര്‍ത്യസെന്നിനെയും, എം.എസ്.സ്വാമിനാഥനെയും ഒക്കെ ഫിനാന്‍സ്മിനിസ്റ്ററോ, അഗ്രികള്‍ച്ചര്‍ ഫിനാന്‍സ്മിനിസ്റ്ററോ ഒക്കെ ആക്കാമായിരുന്നു. ഇസ്പാത് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മിത്തല്‍ സാറും ഇപ്പോഴും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈയില്‍ വെച്ചിട്ടുള്ള ആളാണ്. വേണമെങ്കില്‍ അദ്ധേഹത്തെ ഒരു വ്യവസായവകുപ്പ് മന്ത്രിയാക്കാന്‍ നോക്കാമായിരുന്നു.
ചിലരെങ്കിലും തരൂരിനെ ഒരു ഇസ്രയേല്‍ അനുഭാവിയായോ പാലസ്തീന്‍ വിരോധിയായോ കാണുന്നു. പക്ഷെ കൂതറ തിരുമേനി അതൊന്നും വിശ്വസിക്കുന്നില്ല.പക്ഷെ റൂട്ട് ലെവലില്‍ കേരളം എന്തെന്നോ കേരളത്തിന്‍റെ പള്‍സ് എന്തെന്നോ അറിയാത്ത പാതിമലയാളിയായ ശശി തരൂര്‍ തന്നെ വേണോ.
ഏതോ സിനിമയില്‍ പറഞ്ഞപോലെ വോട്ടു ചെയ്യുന്നവര്‍ക്ക് അത് മനസ്സിലാക്കാന്‍ സെന്‍സ് ഉണ്ടാവണം, സെന്‍സിറ്റി ഉണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം.അല്ലാതെ അഴിമതിയില്ലാത്തവന്‍ സത്യസന്ധന്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതേ ക്വാളിറ്റി ഒക്കെ ഉണ്ടായിരുന്ന പലരും പയറ്റിയിട്ട് നടക്കാത്തത് ശശി തരൂര്‍ നടത്തുമെന്ന് കരുതുന്നത് ശുദ്ധവങ്കത്തരമാണ്.
ഇനി അതല്ല ദാ ഞങ്ങളുടെ നാട്ടില്‍ നിന്ന് വന്ന എം.പി.യെ കണ്ടോ. ലോകം അറിയുന്നവന്‍, വിദ്യാസമ്പന്നന്‍, അഴിമതിയില്ലാത്തവന്‍ എന്നൊക്കെ മേനി പറയാന്‍ ആണെങ്കില്‍ നൂറു തരം. ശശി തരൂര്‍ നല്ല ഓപ്ഷന്‍ തന്നെ. അല്ലാതെ കഥയും സാഹിത്യവും ഉന്നത വിദ്യാഭാസവും മാത്രം കൊണ്ട് പാര്‍ലമെന്റില്‍ ചെന്നാല്‍ ഉഴുതു മറിക്കാം എന്ന് കരുതിയാല്‍ അവിടെ ഇരിക്കുന്ന താപ്പാനകളെ ആരും കണ്ടിട്ടില്ലേ. വിവരമോ വിദ്യാഭാസമോ ഇല്ലാതെ വെറും ഏഴാംകൂലികളായ
ഉത്തരേന്ത്യന്‍ ലോബിയില്‍ പെട്ട നേതാക്കന്മാര്‍ വികസനത്തിന്റെ സിംഹഭാഗവും തങ്ങളുടെ സ്റ്റേറ്റിലെക്ക് കൊണ്ടുപോകുന്ന കാഴ്ച നമ്മള്‍ പലവട്ടം കണ്ടിട്ടുള്ളതാണ്. റയില്‍വേയുടെ കാര്യത്തില്‍ തമിഴന്മാര്‍ കാര്യങ്ങള്‍ നേടിയെടുക്കുന്നത് നമ്മള്‍ നേരിട്ടനുഭവിച്ചതാണ്. അവിടെ ശശി തരൂര്‍ എന്ത് ചെയ്യുമെന്നാണ് നമ്മള്‍ കരുതേണ്ടത്. അതുപോലെ തന്നെ തിരുവനന്തപുരം സീറ്റ് സ്വപ്നം കണ്ടവരും തിരുവനന്തപുരത്തുകാരനായ ഒരു ജനപ്രതിനിധിയെ സ്വപ്നം കണ്ട പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രെസ്സ് പാര്‍ട്ടിയില്‍ ഉണ്ട്. അവരുടെ വിമതമോഹങ്ങള്‍ ചിലപ്പോള്‍ ശശിതരൂരിന്റെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു തടിയാവനും മതി. ജൂബയിട്ടതുകൊണ്ട് ആരും ജനകീയനാവില്ലയെന്നതും ഓര്‍ക്കണം. അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാവണമെങ്കില്‍ അവരോടൊപ്പം ജീവിക്കണം കുറഞ്ഞപക്ഷം പ്രവര്‍ത്തിച്ച പരിചയമെങ്കിലും വേണം. സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ മുമ്പും രാജ്യ, ലോകസഭ കണ്ടിട്ടുണ്ട്. അവരുടെ പെര്‍ഫോര്‍മന്‍സ് വളരെ പരിതാപകരമായിരുന്നു.
ഇനി മറ്റുള്ളള്ളവരെ ഒന്ന് നോക്കാം.
തരൂരിനെതിരെ നില്‍ക്കുന്നവരില്‍ പ്രമുഖന്‍ ഇടതുപക്ഷത്തിന്റെ പി.രാമചന്ദ്രന്‍നായരാണ്. ജന്മം കൊണ്ട് പറവൂര്‍കാരന്‍ ആണെങ്കിലും തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനായ രാമചന്ദ്രന്‍ നായര്‍ക്കു തിരുവനന്തപുരത്തിന്റെ ഓരോ സ്പന്ദനങ്ങളും നന്നായി അറിയാം. കിഴക്കെക്കൊട്ടയ്ക്കടുത്തു താമസിക്കുന്ന രാമചന്ദ്രന്‍നായര്‍ ഒരു അഭിഭാഷകനും പൊതുപ്രവര്‍ത്തകനും ജനസമ്മതനുമാണ്. ഈ "പോളിടെക്നിക്കില്‍" ഒന്നും പഠിക്കാത്തത് കൊണ്ട് ലോകകാര്യമോന്നും തരൂരിന്റെ അത്ര പിടികാനില്ല. പക്ഷെ തന്നെ വാദിക്കാനുള്ള കഴിവും വിവരവും വിദ്യാഭാസവും തിരുവനന്തപുരത്തുകാരുടെ പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിക്കാന്‍ അദ്ദേഹത്തിന് കഴിയും. കഴിഞ്ഞ തവണ പന്ന്യന്‍ രവീന്ദ്രന്റെ ആശയവിനിമയത്തിലുള്ള പ്രശ്നങ്ങള്‍ ഏതായാലും രാമചന്ദ്രന്‍നായര്‍ക്കുണ്ടാവില്ലെന്നു കരുതാം. ട്രേഡ് യൂണിയന്‍ നേതാവും കര്‍ഷക തൊഴിലാളി നേതാവായും ജില്ല സെക്രെട്ടറി ആയും ഇരുന്ന പരിചയം തിരുവനന്തപുരത്തുകാരുടെ അടിസ്ഥാനപരവും, കാര്‍ഷികപരവും , തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പ്രശ്നങ്ങള്‍ പഠിയ്ക്കാനും അറിയാനും സഹായിച്ചുവേന്നതും ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ രാമചന്ദ്രന്‍നായര്‍ ഒരു കണ്ണാടിക്കൂട്ടില്‍ സഞ്ചരിക്കുന്ന ജനങ്ങള്‍ക്ക് അപ്രാപ്യനായ നേതാവല്ല.
ജനങ്ങളുടെ വോട്ടു തേടുന്നവരില്‍ പ്രമുഖന്‍ ബി.ജി.പി.യുടെ പി.കെ.കൃഷ്ണദാസ് ആണ്. തിരുവനന്തപുരം പൊതുവേ ബി.ജി.പി. വോട്ടു നേടുന്ന മണ്ഡലം ആണെങ്കിലും ഓ.രാജഗോപാലിനുണ്ടായിരുന്ന സ്വാധീനം കൃഷ്ണദാസിനുണ്ടാവുമോ എന്ന് കണ്ടറിയണം. മദനിയുടെ വാലില്‍ തൂങ്ങി തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രചാരണത്തില്‍ നടത്തിയാല്‍ ഓ.രാജഗോപാല്‍ മത്സരിച്ചപോലെ മത്സരിച്ചു അന്തസായി വോട്ടു നേടിയതുപോലെ കൃഷ്ണദാസിനും അന്തസായി വോട്ടു നേടാം. എന്തായാലും കൃഷ്ണദാസ് ജയിക്കുമെന്ന് ബി.ജെ.പി.ക്കാര്‍ക്ക് പോലും കാണില്ല. രാമചന്ദ്രന്‍നായരും ശശി തരൂരും തമ്മില്‍ പൊടിപാറുന്ന മത്സരത്തില്‍ ബി.ജി.പി.യുടെയും ചില തീവ്രഹിന്ദുത്വവാദികളുടെയും വോട്ടുകിട്ടിയാല്‍ പോലും കൃഷ്ണദാസിന്റെ
വിജയം വളരെ പ്രയാസമുള്ളതാവും. കാരണം ഓ.രാജഗോപാലിന്റെ വ്യക്തിപ്രഭാവം എന്തായാലും കൃഷ്ണദാസിനില്ല. ഇനി അഥവാ കൃഷ്ണദാസ് ജയിച്ചാല്‍ പോലും ഒരു കാര്യത്തില്‍ സമാധാനിക്കാം. തിരുവനന്തപുരത്ത്കാരുടെ പ്രശ്നങ്ങള്‍ അറിയാവുന്ന തിരുവനന്തപുരത്തുകാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രാപ്യനല്ല അദ്ധേഹവും.
ഇത്രയും കാര്യം അവലോകനം
ഇനി ചിരിക്കണമെന്നുള്ളവര്‍ക്ക് ഇതൊന്നു കേട്ടാല്‍ മതി.
കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കായി നാലുവരി ഇവിടെ എഴുതാം.
"തന്താന താനെ.തന തന്താനെ താനെ (2)"
ശശി തരൂര്‍ ജയിച്ചുവന്നാല്‍ രണ്ടുണ്ട് കാര്യം മാളോരെ
എം.പി.യായാല്‍ നാട് കാക്കും നമ്മുടെ നാട് സ്വര്‍ഗമാക്കും.
എന്തെല്ലാം ഏതെല്ലാം പദ്ധതികള്‍ നമ്മളെയെല്ലാരേം കാത്തിരിപ്പൂ
ശശി തരൂരിനെ എം.പി. യാക്കാം നാടിന്‍റെ നായകനാക്കാം.."
എങ്ങനുണ്ട്. അപ്പോള്‍ നമ്മുടെ നാട് ഓന്‍ അങ്ങ് സ്വര്‍ഗമാക്കും. കൊള്ളാം ഇങ്ങനെയൊരു പുലിയാണോ ശശി തരൂര്‍. ബാക്കി വരികള്‍ കൂടി എഴുതണമെന്നുണ്ടായിരുന്നു. പക്ഷെ ചിരിച്ചു ചിരിച്ചു ടൈപ്പ് ചെയ്യാന്‍ വയ്യാത്ത അവസ്ഥ ആണ്. എന്താ ഇപ്പൊ ചെയ്യുക. ബൂലോഗത്ത് ശശി തരൂരിന് വേണ്ടി നടക്കുന്ന പ്രചാരണപരിപാടികള്‍ കണ്ടാല്‍ തിരുവനന്തപുരം ഉദ്ധരിക്കാന്‍ വന്ന മിശിഹയാണോ ശശി തരൂര്‍ എന്ന് തോന്നും. ദൈവത്തിന്റെ സ്വന്തംനാടിനെ ഇനി സ്വര്‍ഗ്ഗം ആക്കുംപോലും.
എന്തായാലും കാണാന്‍ പോകുന്ന പൂരം കണ്ടുതന്നെ തീര്‍ക്കണം. ഒരു വല്ല്യ സംശയം നിലനില്‍ക്കുന്നു. ഇനി കേന്ദ്രം ബി.ജെ.പി. ഭരിക്കും എന്ന് കരുതുക. എങ്കില്‍ വിദേശകാര്യം കോണ്‍ഗ്രെസ്സ്കാരനായ ശശി തരൂരിനെ ഏല്‍പ്പിക്കില്ലല്ലോ. അങ്ങനെ ഒരു അവസരത്തില്‍ കേവലം ഒരു എം.പി.യായി ഇരുന്നു തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്ത് ചെയ്യാനാവും തരൂരിന്. ഇനി അതല്ല മൂന്നാം മുന്നണികേന്ദ്രംഭരിച്ചാലോ ( അല്ല. ആ ചരിത്രവും നമുക്കുണ്ടല്ലോ. ആവര്‍ത്തിക്കില്ല എന്നും പറയാനാവില്ല.) അപ്പോഴും തരൂരിന്റെ മുമ്പില്‍ ഇതെപ്രശ്നം വരും. ആരും ഒരു കാര്യം മറക്കാതിരുന്നാല്‍ നല്ലത്. ചന്ദ്രബാബു നായിഡുവിന്റെ ഹൈടെക്ക് പ്രേമം പിന്നത്തെ ഇലക്ഷനില്‍ നല്‍കിയത് പരാജയമാണ്. കാരണം സാധാരണക്കാരെ മനസ്സിലാക്കാത്ത, മനസ്സിലാവാത്ത നേതാക്കളെയല്ല അവര്‍ക്ക് വേണ്ടി പ്രയത്നിക്കുന്ന അവരോടൊപ്പം പ്രയത്നിക്കുന്ന നേതാക്കന്മാരെയാണ് ജനങ്ങള്‍ക്കുവേണ്ടിയത്. നമ്മുടെ ഭാരതം വിദേശങ്ങളിളല്ല ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് ഓര്‍ക്കുക.
ഓഫ് : ദേശീയഗാനം പാടുമ്പോള്‍ എങ്ങനെ നില്‍ക്കണമെന്ന് പറഞ്ഞ ശശി തരൂര്‍ ഇനി ജയിച്ചു പോയാല്‍ ഇനി നമ്മളെ അങ്ങനെ അമേരിക്കന്‍ രീതിയില്‍ നിര്‍ത്തുമോ ആവോ.?
Wednesday, April 8, 2009
Subscribe to:
Post Comments (Atom)
8 comments:
ഹ.ഹ..അത് കലക്കി..പക്ഷെ ഒരു സംശയം..രാമചന്ദ്രൻ നായർ ജയിച്ച്, മൂന്നാം മുന്നണി അധികാരത്തിൽ എത്തിയാൽ, അണ്ണനെ മന്ത്രിയാക്കി എന്ന് ഊഹിക്കുക..തിരോന്തോരത്തിന്റെ അടിസ്ഥാന പ്രശ്നനങ്ങൾ എല്ലം ഓൻ സോൾവ് ചെയ്യോ???
പന്ന്യന്‍ രവീന്ദ്രനെ ജയിപ്പിച്ച് വിട്ടത് അബദ്ധം ആയി അല്ലേ.
ഈ ലോകസഭയിലേയ്ക്ക് ആളെ വിടുന്നതും കേരള നിയമസഭയിലേയ്ക്ക് ആളെ വിടുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഒക്കെ വേണ്ടേ?
ലോകസഭയില്‍ ഏത് ഇന്ത്യന്‍ ഭാഷയിലും പ്രസംഗിക്കാം.അത് തല്‍സമയം പരിഭാഷപ്പെടുത്തി കേള്‍ക്കേണ്ടവന്റെ ചെവിയില്‍ എത്തിക്കും.
പന്ന്യന്‍ രവീന്ദ്രന്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായിരുന്നു.സഭയില്‍ പൊതുവില്‍ ഇടത് എംപിമാര്‍ നടത്തുന്ന മികച്ച പ്രകടനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടായില്ല.പ്രത്യേകിച്ചും പികെവിയെയും ചന്ദ്രപ്പനെയും പോലുള്ള എംപിമാരുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍.പക്ഷെ ഇക്കാര്യത്തില്‍ മറ്റു നോണ്‍ ഇടത് പാര്‍ട്ടികളിലെ എംപിമാര്‍ വന്‍പരാജയമായിരുന്നു എന്ന് സഭാപ്രവര്‍ത്തനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
ലോകസഭയില്‍ ഏത് ഇന്ത്യന്‍ ഭാഷയിലും പ്രസംഗിക്കാം.അത് തല്‍സമയം പരിഭാഷപ്പെടുത്തി കേള്‍ക്കേണ്ടവന്റെ ചെവിയില്‍ എത്തിക്കും.
പന്ന്യന്‍ രവീന്ദ്രന്‍ ജനകീയ പ്രശ്നങ്ങളില്‍ സജീവമായിരുന്നു.സഭയില്‍ പൊതുവില്‍ ഇടത് എംപിമാര്‍ നടത്തുന്ന മികച്ച പ്രകടനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടായില്ല.പ്രത്യേകിച്ചും പികെവിയെയും ചന്ദ്രപ്പനെയും പോലുള്ള എംപിമാരുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍.പക്ഷെ ഇക്കാര്യത്തില്‍ മറ്റു നോണ്‍ ഇടത് പാര്‍ട്ടികളിലെ എംപിമാര്‍ വന്‍പരാജയമായിരുന്നു എന്ന് സഭാപ്രവര്‍ത്തനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
അങ്ങനെ കൂതറക്ക് വീണ്ടും ജീവന്‍ വച്ചു. ഞാന്‍ വിചാരിച്ചു ദിരഞ്ഞെടുപ്പ് ഗോദയിലാണെന്ന്.....
രാഷ്ട്രഭാഷയായ ഹിന്ദി പോലും ശരിക്കും സംസാരിക്കാന്‍ അറിയാന്‍ വയ്യാത്ത ഇറ്റലിക്കാരി സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിന്റെ രക്ഷാധികാരിയാവാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ആവുമെന്കില്‍ മലയാളം വലിയ കുഴപ്പമില്ലാതെ സംസാരിക്കുന്ന ശശി തരൂരിന് എന്തുകൊണ്ടായിക്കൂടാ.. ???
തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് കൂതറ പറഞ്ഞില്ലല്ലോ കൂട്ടുകാരാ. മല്സരിക്കട്ടെ. പക്ഷെ തിരുവനന്തപുരം സ്വര്‍ഗമാക്കും എന്നമട്ടിലുള്ള പ്രചാരണത്തിന്റെ കോമഡി കേട്ട് ചിരിച്ചു പോയതാ.
അങ്ങനെ കൂതറയുടെ ജീവന്‍ എങ്ങും പോയില്ലായിരുന്നു.എല്ലാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
@ദീപൂ
പക്ഷെ ദീപൂ തിരോന്തരം അങ്ങ് സ്വര്‍ഗം ആക്കുമെന്നും നായര്‍ പറഞ്ഞിട്ടില്ല കേട്ടോ.
@സിമി
ആട്ടെ, എന്ത് വെത്യാസം ആണെന്ന് ഒന്ന് പറഞ്ഞു തരാമോ. ദേശീയ പതാകയെ എങ്ങനെ ബഹുമാനിക്കണം എന്ന് അവിടെ പഠിപ്പിക്കണം അല്ലെ.
@രാധേയന്‍
പന്ന്യന്‍ കഴിവില്ലാത്തവന്‍ അല്ല കൂതറ പറഞ്ഞതിന്റെ പൊരുള്‍. ഭാഷയുടെ പ്രശ്നം ഉണ്ടായിരുന്നുവെന്നെ പറഞ്ഞതില്‍ അര്‍ഥം ഉള്ളൂ. പിന്നെ പാര്‍ലമെന്റിന് വെളിയില്‍ ആ സൂത്രം ഇല്ല കേട്ടോ.
ഒന്നും പറയാനില്ല നൂറില്‍ തൊണ്ണൂറ്റൊമ്പതേ അരക്കാലും മുക്കാലും തന്നിരിക്കുന്നു.... എന്തായാലും ... അഭിനന്ദനങ്ങള്‍.... പിന്നെ ശശിതരൂരിണ്റ്റെ എലക്ഷന്‍ മാനേജറന്‍മാറ്‍ ബ്ളോഗില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്.... ജാഗ്രതൈ...
Post a Comment