തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, April 12, 2009

81.ചില ഇലക്ഷന്‍ ചിരികള്‍

ഇലക്ഷന്‍ നന്നേ ചിരിക്കാന്‍ വക നല്‍കുന്നതാണെന്നതില്‍ കൂതറ തിരുമേനിയ്ക്ക് രണ്ടഭിപ്രായമില്ല. സ്വര്‍ഗം സൃഷ്ടിക്കാന്‍ നടക്കുന്ന ശശി തരൂരിനെ കുറിച്ചുള്ള പാട്ട് കേട്ട് ചിരിക്കുന്നത് കൊണ്ട് പുതിയ പോസ്റ്റ് ഇടാന്‍ പോലും വയ്യ. അതിനിടയില്‍ വേറെയും ചില നുറുങ്ങുകള്‍.

ആദ്യനുറുങ്ങുകള്‍ നായര്‍ സമാജത്തിന്റെ വക. രാജ്യത്തെ സമാധാനത്തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്ന കൂട്ട് കേട്ടാണ്‌ പോലും പി.ഡി.പി. സി.പി.എം സഖ്യം. അല്ല ഇവര്‍ കരുതിയത്‌ എന്താണെന്ന് മനസ്സിലായില്ല. പിഡിപി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഘടക കക്ഷിയാണെന്നാണോ സമാജക്കാര്‍ കരുതുന്നത്. അല്ല തെളിയിക്കപ്പെടാത്ത കുറ്റത്തിന് ഇങ്ങനെ ഒരു ആരോപണം നടത്തിയാല്‍ ഐസ്ക്രീം കഴിച്ച സഹോദരനെ പുണ്യവാളന്‍ ആക്കി കാണാന്‍ അവര്‍ക്ക് കഴിയുന്നതെങ്ങനെ? മോഡി വികസനങ്ങള്‍ നടത്തിയെന്ന് വാദിക്കുമ്പോള്‍ നടത്തിയ നരഹത്യകള്‍ ആരും ഓര്‍ത്തില്ല. ടൈറ്റ്ലറും സജ്ജന്‍കുമാറും എന്നീ പേരുകള്‍ കെട്ടിട്ടുണ്ടാവുമോ ആവോ. മേല്‍പ്പറഞ്ഞ പേരുകള്‍ എല്ലാം മദനിയോഴികെ അതാതു പാര്‍ട്ടികളുടെ അംഗങ്ങള്‍ ആണ്. മദനി കമ്മ്യൂണിസ്റ്റ്കാരന്‍ ആല്ല.കമ്മ്യൂണിസ്റ്റ്കാരോ പിഡിപികാരോ മദനി പി.ഡി.പി. വിട്ടു സി.പി.എം. മെമ്പര്‍ ആവുമെന്ന് കരുതുന്നുമില്ല.

നേതാക്കള്‍ പറയുന്നത് കേട്ട് സമൂഹം വോട്ടു ചെയ്യില്ലയെന്നത് മനസ്സിലാക്കിയത് തന്നെ നല്ല ലക്ഷണം. ഈ തിരിച്ചറിവ് എസ്.എന്‍.ഡി.പി. കൂടി മനസ്സിലാക്കിയിരുന്നെങ്കില്‍ നല്ലത്. ഇരു മുന്നണികളും സമാജത്തിനു ഒന്നും നല്കിയില്ലത്രേ. കൊള്ളാമല്ലോ. പ്രീയപ്പെട്ട സമാജംകാര്‍ ഒരു കാര്യം ഓര്‍ത്താല്‍ നല്ലത്. കേരളം ഭരിക്കുന്ന മന്ത്രിസഭകള്‍ അത് ഇടതായാലും വലതായാലും സമാജത്തിന്റെ ഉദ്ധാരണത്തിനല്ല കേരളത്തിന്‍റെ അല്ലെങ്കില്‍ മലയാളികളുടെ പൊതുനന്മയ്ക്ക് വേണ്ടിയാണ് ഭരിക്കുന്നത്‌. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിനോ സമുദായത്തിനോ വേണ്ടിയല്ല. പള്ളിയ്ക്കും പട്ടക്കാരനും വേണ്ടി ഭരിക്കുന്ന നേതാക്കള്‍ കാണും. അയ്യോ പറയാന്‍ മറന്നു ഇടതു പക്ഷം ഭരിക്കുന്നത് അതിനുവേണ്ടിയല്ല. എന്‍.എസ്.എസ്. എസ്.എന്‍.എസ്. പോരുകള്‍ വെളിയില്‍ ഇട്ടലക്കുന്നതില്‍ നല്ലതല്ലേ പറഞ്ഞു തീര്‍ക്കുന്നത്.

അതിനിടയില്‍ ഇടതുപക്ഷം ഇസ്രായേലില്‍ നിന്ന് വിത്ത്കാളകളെ വാങ്ങിക്കാന്‍ പ്ലാന്‍ ഇട്ടുപോലും. കൂതറതിരുമേനി ഇസ്രയേല്‍ ചാരന്‍ ആണെന്നൊരു ശ്രുതിയുണ്ട്. അതുകൊണ്ട് തന്നെ ഇസ്രായേലിനു വേണ്ടി വാദിക്കുന്നതില്‍ ഒരു വിഷമവുമില്ല. അല്ല നാട്ടില്‍ നല്ല കാളകളുടെ വിത്ത് കിട്ടാത്തത് കൊണ്ടല്ലേ വിത്തുകാളകളെ വെളിയില്‍ നിന്ന് വാങ്ങേണ്ടി വരുന്നത്. അല്ല ഇതുവായിക്കുമ്പോള്‍ ഒരു പെരുത്ത സംശയം എന്റെ കോണ്‍ഗ്രെസ്സ് സഹോദരങ്ങളെ ഈ സംഭവവും തിരുവനന്തപുരം സീറ്റ് കൊടുത്ത സംഭവവും തമ്മില്‍ വല്ല ബന്ധമുണ്ടോ. അല്ല നല്ലയിനം നേതാക്കന്മാര്‍ ഇല്ലാതതിനാണോ ഈ ഇറക്കുമതിയെന്ന്.

അടുത്ത രസഗുളിക സാക്ഷാല്‍ പ്രധാനമന്ത്രിയുടെ വക. കേരളത്തെയും ഇടതു പക്ഷമന്ത്രിസഭയെയും നിശിതമായി വിമര്‍ശിക്കുകയും അത് ദീപിക പോലെയുള്ള പത്രങ്ങള്‍ കൊണ്ടാടുകയും ചെയ്തു. ഇതിന്റെ പേരില്‍ പാവം പ്രധാനമന്ത്രിയെ ആരും വിമര്‍ശിക്കല്ലേ. എ.ഐ.സി.സി. യുടെ സൈറ്റ് ഒന്ന് നോക്കിയാല്‍ മതി. അവിടെ കാണാം. കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ "വേസ്റ്റ്" ആക്കുന്നതുമായ ചരിത്രങ്ങള്‍. കേരളത്തില്‍ ഇടതു പക്ഷം നശിപ്പിക്കുന്നു. മധ്യപ്രദേശില്‍ ബി.ജെ.പി. നശിപ്പിക്കുന്നു. ഒരിസ്സയില്‍ ബി.ജെ.ഡി. നശിപ്പിക്കുന്നു. പറഞ്ഞു വിട്ടു പ്രസംഗിച്ചാല്‍ വേറെ എന്ത് ചെയ്യും. അപ്പോള്‍ മാസങ്ങളായി ഇത് പ്രസംഗിക്കാന്‍ പഠിച്ചു നടക്കുകായിരുന്നു കൊള്ളാം. പ്രധാനമന്ത്രി ഇന്ത്യയിലെ ഏറ്റവും വിവരമുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആണ്. സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള വല്ല മാര്‍ഗ്ഗങ്ങളും പറയുമെന്ന് കരുതിയവര്‍ മണ്ടന്മാരായി പോയി. കേരളത്തിലെ വിദേശമലയാളികളെ കേരളത്തില്‍ ഇന്‍വേസ്റ്റ് ചെയ്യിക്കാന്‍ കഴിയാഞ്ഞതാണത്രേ ഇടതുപക്ഷത്തിന്റെ മറ്റൊരു കോട്ടം. മുമ്പ് അന്തോണിച്ചന്‍ ഭരിച്ചപ്പോള്‍, ചാണ്ടികുഞ്ഞ് ഭരിച്ചപ്പോള്‍ എന്തോരം ബില്ല്യന്‍ ഡോളര്‍ ആണ് വിദേശമലയാളികള്‍ കേരളത്തില്‍ ഇന്‍വേസ്റ്റ് ചെയ്തത് അല്ലെ.? കഷ്ടം.! ഈ വിദേശ മലയാളികളുടെ ജോലിപോയി തിരിച്ചു വരുമ്പോള്‍ അവരുടെ ക്ഷേമത്തിനായി കേന്ദ്രം എന്ത് നടപടി എടുത്തുവെന്നറിഞ്ഞാല്‍ കൊള്ളാം. കാരണം അവരും ഭാരതീയാരാണല്ലോ. തന്നെയുമല്ല അവരുടെ വിദേശനാണ്യ വരുമാനം ഭാരതത്തിനും ഗുണകരമല്ലേ. ഈ കേരള സ്നേഹം റെയില്‍വേയുടെ കാര്യത്തില്‍ ഞങ്ങള്‍ കണ്ടില്ലല്ലോ. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളെ വാതോരാതെ വിമര്‍ശിക്കുമ്പോള്‍ മുംബെയില്‍ പാകിസ്താന്‍ തീവ്രവാദികള്‍ സംഹാരതാണ്ഡവമാടിയതും അന്ന് നടന്ന ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചകളും മറന്നു പോയോ. ഇപ്പോള്‍ രണ്ടു കോടി രൂപയുടെ ജയിലില്‍ കസബിനെ ഇട്ടാല്‍ അതിന്റെ പേര് ദോഷം മാറുമോ. കേരള കലാമണ്ഡലം കല്‍പിതസര്‍വകലാശാലയാക്കി മാറ്റാനായത് മികച്ച നേട്ടമായി അല്ലെ. കൊള്ളാം. നന്നായി. ഈ പ്രസംഗവും വേഷം കെട്ടും കാണുമ്പോള്‍ പ്രത്യേകിച്ച് കലാമണ്ഡലത്തില്‍ പച്ച, കത്തി, കരി തുടങ്ങി ഇതു വേഷം കെട്ടി ആടാനും പ്രത്യേക ആളെ തിരയേണ്ടി വരില്ലെന്നത് മനസ്സിലായി.

അതുപോലെ മികച്ച ഐ.ടി. നയം കാരണം ലക്ഷക്കണക്കിന് ജോലികള്‍ ആണത്രേ ഉണ്ടാക്കി തന്നത്. ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് ജോലി പോയപ്പോള്‍ എന്ത് ചെയ്തു എന്നറിഞ്ഞാല്‍ കൊള്ളാം. ഇനിയും മുക്കാല്‍ ലക്ഷത്തിനു ജോലി പോയേക്കുമെന്നും അറിയുന്നു. തന്നെയുമല്ല വരും വര്‍ഷങ്ങളിലും അവരുടെ ഭാവി ശോഭനമല്ലെന്നാണ് കേള്‍വി. അപ്പോള്‍ എന്താണ് ഇവരെ ചെയ്യാന്‍ പോവുന്നത്. അല്ല അറിഞ്ഞാല്‍ കൊള്ളാം.

ഇതിനിടയില്‍ ഈസ്റര്‍ സന്ദേശത്തില്‍ മറ്റൊരു തിരുമേനി (കൂതറ തിരുമേനി അല്ല) ഇടതു പക്ഷത്തെയും ബി.ജെ.പി.യെയും കടുത്ത ഭാഷയില്‍ വിമര്‍ശനം. എന്റെ തിരുമേനി കര്‍ത്താവിന്റെ കുരിശില്‍ കയറ്റിയത് പിണറായി ആണെന്ന് തോന്നുമല്ലോ ഇങ്ങനത്തെ പ്രസംഗം കേട്ടാല്‍ . ഈ നല്ല സമയത്ത് വിശ്വാസികള്‍ക്ക് കുരിശാരോഹണവും അതിന്റെ മഹത്വവും പറഞ്ഞു വിശ്വാസികളുടെ മനസ്സ് മാറ്റത്തെ. വാ തുറന്നാല്‍ രാഷ്ട്രീയമേ വരൂ എന്നത് എല്ലാവര്‍ക്കും അറിയാം. അതിപ്പോഴും വേണോ. അല്ല പഠിച്ചത് തീയോളജിയോ അതോ പൊളിറ്റിക്സോ? അവസാനം അതും ഇതും വായിച്ചു കര്‍ത്താവിനെ മറക്കല്ലേ. പിന്നീട് സ്വര്‍ഗത്തില്‍ കയറാന്‍ സൂചി കുഴിയിലൂടെ പോകേണ്ടി വരും. ങാ! പറഞ്ഞില്ലെന്നു വേണ്ട.

(കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് നാലു ദിവസങ്ങള്‍ ശേഷിക്കേ സിപിഎമ്മിനേയും ബിജെപിയേയും പരോക്ഷമായി കുറ്റപ്പെടുത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ്് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഈസ്റ്റര്‍ ദിന സന്ദേശം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന ഈസ്റ്റര്‍ ദിന കുര്‍ബാനയിലാണ് തിരഞ്ഞെടുപ്പില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്ന സന്ദേശം മേജര്‍ ആര്‍ച്ച് ബിഷപ്പ് വായിച്ചത്. ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ ഭരണഘടന ചത്ത പുസ്തകമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മതമൌലിവാദികളെ പോലെ തന്നെ പാര്‍ട്ടി ഗ്രാമങ്ങള്‍ നടത്തുന്നവരെയും സൂക്ഷിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നു.

ഒറീസയിലെ കണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളാണ് മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഈസ്റ്റര്‍ ദിന സന്ദേശത്തിന്റെ ആദ്യ ഭാഗം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പറമ്പായി ഇവിടം മാറി. കണ്ഡമാലിലെ ക്രിസ്ത്യാനികള്‍ നാടില്ലാത്തവരായി.ഏക മതഗ്രാമവും മതരാഷ്ട്രവും സൃഷ്ടിക്കുന്ന മൌലിക വാദത്തിന്റെ പിടിയിലാണ് നാം. ഇത്തരത്തിലുളള നീറോമാരെയും ഹിറ്റ്ലര്‍മാരെയും അധികാരത്തില്‍ കയറ്റിവിടരുത്. താന്‍ രാഷ്ട്രീയം പറയുകയാണ് എന്ന് അടിവരയിട്ടുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മതഗ്രാമങ്ങള്‍ ഉണ്ടാക്കുന്നതുപോലെ തന്നെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നവരും അപകടകാരികളാണ്. manorama 12/apri/09)


പ്രധാന മന്ത്രിയുടെ മറ്റൊരു കോമഡി. മൂന്നാംമുന്നണി വന്നാല്‍ അവസാനം വോട്ടു ഭിന്നിപ്പിച്ചു ബി.ജി.പി. അധികാരത്തില്‍ വരും പോലും. ആട്ടെ മാര്‍ക്സിസ്റ്റ് ഭരിക്കുന്ന ഏതു സംസ്ഥാനത്തില്‍ നിന്നാണ് ബി.ജി.പി. അധികാരത്തില്‍ വന്നത്. എവിടെയാണ് ബി.ജെ.പി. വളര്‍ന്നത്‌.എവിടെയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവരെ വളര്‍ത്തിയത്. വര്‍ഗീയകക്ഷികളെ എന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിട്ടെയുള്ളൂ. അതിന്റെ ശേഷിപ്പുകള്‍ ആണ് നാട്ടില്‍ അങ്ങും ഇങ്ങും കാണുന്ന രക്തസാക്ഷി മണ്ഡപങ്ങള്‍. വര്‍ഗ്ഗീയതയെ വളര്‍ത്തില്ലെന്ന ശപഥം ചെയ്ത ചെറുപ്പക്കാര്‍ ജീവന്‍ നല്‍കിയതിന്റെ ബാക്കിപത്രങ്ങള്‍ ആണവ.ഇനി മറ്റു സംസ്ഥാനങ്ങളില്‍ ബി.ജി.പി.വളര്‍ന്നാല്‍ അത് കോണ്‍ഗ്രെസ്സ് പാര്‍ട്ടിയുടെ വികലമായ നയങ്ങളുടെ തിരിച്ചടികള്‍ മാത്രമായിരിക്കും.

കേരളത്തിലെ കുട്ടികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്നതും വിദേശത്തു പഠിക്കാന്‍ പോകുന്നതും ഇടതു പക്ഷത്തിന്റെ കുഴപ്പമാണ് അല്ലെ മന്‍മോഹന്‍സാറേ. മലയാളികള്‍ വിദേശത്തു ജോലിക്കും പഠിക്കാനുമായി പോവുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതവരുടെ രക്തത്തില്‍ ഉള്ളതാ. പിന്നെ താങ്കള്‍ വിദേശത്തു പഠിക്കാന്‍ പോയത് പഞാബിലെ ഇടതുഭരണത്തിന്റെ കുഴപ്പം കൊണ്ടായിരുന്നല്ലോ. എന്തിന്റെ കുഴപ്പം കൊണ്ടാണ് വിദേശത്തു പഠിക്കാന്‍ പോവുന്നതെന്ന് വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ സോണിയാജിയോട് ചോദിച്ചാല്‍ മതി. ഭര്‍ത്താവും മകനുമൊക്കെ പഠിച്ചതുകൊണ്ട് നന്നായി വിശദീകരിക്കാന്‍ മാഡം"ജി "യ്ക്കാവും.

ഇതൊന്നും കേട്ടിട്ട് ചിരിക്കത്തവരെ ചിരിപ്പിക്കാന്‍ ഇവിടെ ഞെക്കുക. നമ്മുടെ ഭാവി പ്രധാനമന്ത്രിയുടെ പൊതുവിജ്ഞാനം ഇവിടെ കാണാം. എന്താ കഷ്ടം സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വര്‍ഷം കഴിഞ്ഞാലും ഇവരെ പോലെയുള്ളവരെ ചുമക്കേണ്ടി വരുന്നതിലെ പാരതന്ത്ര്യം അപാരം തന്നെ. പിന്നെ പൊതുവേ കമ്മ്യൂണിസ്റ്റ്കാര്‍ പിന്തിരിപ്പന്‍മാരും വികസനത്തില്‍ പരാജയവും ആണെന്നാണ്‌ കേള്‍വി. ഈ വര്‍ഷം ചൈനയുടെ ജി.ഡി.പി.യുടെ വര്‍ദ്ധന എട്ടു ശതമാനം ആയിരുന്നു. അതുപോലെ ബട്ജറ്റില്‍ പണം സര്‍പ്ലസ് ആയിരുന്നു. സാമ്പത്തിക മാന്ദ്യം നേരിടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ നിക്ഷേപത്തിനായി ചൈനയെ സമീപിച്ചതും ചരിത്രം. രാജഭരണങ്ങള്‍ അവസാനിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആയിരിക്കുമ്മെന്നതു കൊണ്ടാണോ ഈ മാര്‍ക്സിസ്റ്റ് വിരോധം. നേപ്പാള്‍ കണ്ടിട്ട് പെടിച്ചതാണോ.?

ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടിയിട്ട് മുപ്പത്തിഎട്ടു വര്‍ഷത്തോളം ഒരു കുടുംബത്തിലെ അംഗങ്ങള്‍ മാറി മാറി ഭരിച്ചു. ഇപ്പോള്‍ അഞ്ചു വര്‍ഷം അതെ കുടുംബം പരോക്ഷമായി ഭരിക്കുന്നു. (അല്ല രാമന്റെ ചെരുപ്പ് വെച്ച് ഭരതന്‍ ഭരിച്ച ചരിത്രമുള്ള നാടാണ് നമ്മുടേത്. അപ്പോള്‍ പാവയെ വെച്ച് ഭരിക്കാനും പ്രസംഗിക്കാനും എന്ന് പ്രയാസം അല്ലെ.) എന്നിട്ടും ഒരു ഭാവി പ്രധാനമന്ത്രിയെ ആ കുടുംബത്തില്‍ നിന്നല്ലാതെ കണ്ടെത്താന്‍ കഴിയാത്ത കോണ്‍ഗ്രെസ്സ് പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ടു ചോദിയ്ക്കാന്‍ ലജ്ജയില്ലാത്തത് കഷ്ടം തന്നെ. കേന്ദ്രത്തില്‍ തീരുമാനം എടുക്കുന്നു. കുട്ടി "ജി" മാര്‍ അനുസരിക്കുന്നു. ദേ ഇപ്പോള്‍ നാട്ടില്‍ നേതാക്കളെ കിട്ടാത്തത് കൊണ്ട് വേറെ ഒരു ഇറക്കുമതിയും. തിരുവനന്തപുരത്ത്കാരുടെ ഭാഗ്യം. ജയഹോ ...!!!

ഓഫ് : ഇവരില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന് ലഭിക്കും ആവോ. ജനാധിപത്യത്തിലെ രാജകുടുംബം ഭരണം കുത്തക തന്നെ.!

ഇതിനിടയില്‍ നമ്മുടെ കോണിഇക്കാമാരുടെ ബ്ലോഗില്‍ സിറാജ് ആണത്രേ പാവം മദനിയെ തെറ്റിലേക്ക് ചാടിക്കുന്നതെന്ന വാര്‍ത്ത വായിച്ചു.മദനി പാവം ആയോ. ഓന് പടച്ചോന്‍ മാപ്പ് കൊടുത്ത കാര്യം അറിഞ്ഞില്ലായിരുന്നു. ഇതിലെ പടച്ചോന്‍ ആരാണെന്നു തലയോള്ളവന്‍ ഊഹിക്കുക.

3 comments:

പാവപ്പെട്ടവൻ said...

ഐസ്ക്രീം കഴിച്ച സഹോദരനെ പുണ്യവാളന്‍ ആക്കി കാണാന്‍ അവര്‍ക്ക് കഴിയുന്നതെങ്ങനെ? മോഡി വികസനങ്ങള്‍ നടത്തിയെന്ന്

തിരുമേനി അതൊക്കെ നമുക്കു മറക്കാം

D U B A Y K K A R A N said...

കൂതറ തിരുമേനി ഉലക്ക ചാണകത്തില്‍ മുക്കി എഴുതുന്നു....

കൂതറ തിരുമേനി said...

എങ്കില്‍ താന്‍ ഉരലും കൊണ്ട് തുടച്ചു കളയാന്‍ വാ. എന്താ.??