തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, April 30, 2009

89. രക്ഷകര്‍ ഭക്ഷകര്‍ ആവുമ്പോള്‍

രക്ഷകനെന്നും ദൈവത്തിന്റെ സ്ഥാനമാണെന്നാണ് വയ്പ്പ് അതും അതീവ ഗുരുതരമായതും(?) സങ്കീര്‍ണ്ണമായതുമായ പ്രശ്നങ്ങളില്‍ സഹായിക്കുന്നവരോ രക്ഷിക്കുന്നവരോ ആവുമ്പോള്‍ അവര്‍ക്കുള്ള സ്ഥാനം തീര്‍ത്തും ദൈവ തുല്ല്യമാവുന്നു.

ലോകപോലീസായ അമേരിക്കയുടെ രക്ഷക വേഷത്തെ കൂതറ തിരുമേനി ഒന്ന് ഋജുവായി വീക്ഷിക്കുവാന്‍ ശ്രമിക്കുന്നു.

വിയറ്റ്നാമിലെ ചുണക്കുട്ടികള്‍ക്ക് മുമ്പില്‍ പരാജയത്തിന്റെ കയ്പ്പ്നീര്‍ കുടിച്ച അമേരിക്ക പക്ഷെ പിന്നീടുള്ള യുദ്ധങ്ങളില്‍ തോല്‍ക്കാതിരിക്കാന്‍ പരമാവധി മനുഷ്വാവകാശധ്വംസനം നടത്തിയാലും എന്ത് ക്രൂരതകള്‍ കാട്ടിയാലും വിജയിക്കണമെന്ന ദുര്‍വാശികള്‍ കാണിക്കുന്നതിന്റെ കാരണം വരുംകാല ചരിത്രത്തില്‍ അമേരിക്കയുടെ മറ്റൊരു പരാജയഗാഥ എഴുതി ചേര്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്. അതിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും കാണാം.
ഈ രണ്ടു യുദ്ധങ്ങളെയും ഒന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാവുന്ന ചിലകാര്യങ്ങള്‍ ഉണ്ട്. ഒന്ന് അമേരിക്ക ഇറാക്കില്‍ സദ്ധാമിനെ പിടിച്ചു ശിക്ഷകൊടുത്തെങ്കിലും ഒസാമ ബിന്‍ലാദനെ പിടിക്കാനോ ശിക്ഷകൊടുക്കാനോ കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ അജ്ഞാത താവളത്തില്‍ നിന്ന് സംഘാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുക മാത്രമല്ല അമേരിക്കയ്ക്ക് ഭീഷണികള്‍ വിഡീയോകള്‍ വഴി കൊടുക്കാനും ലാദന് കഴിയുന്നു. എന്തുകൊണ്ട് ഇന്നും ലാദന് അത് കഴിയുന്നുവേന്നതും മനസ്സിലാക്കേണ്ട വസ്തുതയാണ്. ആശയപരമായി രണ്ടു കാരണങ്ങള്‍ കൊണ്ട് അമേരിക്ക ഈ രണ്ടു രാജ്യങ്ങള്‍ ആക്രമിച്ചെങ്കിലും രണ്ടിലും പച്ചയായ ക്രൂരതകളുടെ മുഖം കാണാം.

ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേല്‍ കൈയേറ്റം നടത്തുന്നത് യൂ.എന്‍. ചാര്‍ട്ടറിന്റെ ലംഘനം ആണ്. പക്ഷെ യൂ.എന്നും. അമേരിക്കയുടെ മുമ്പില്‍ നിസ്സഹായന്‍ എന്നതിനാല്‍ എന്തും ചെയ്യാനുള്ള (ദു )സ്വാത്രന്ത്ര്യം അമേരിക്കയ്ക്ക് ഉണ്ട്.

ആദ്യം അമേരിക്ക ഇറാക്കിനെ ആക്രമിച്ചതിലെ നേരും നുണയും മനസ്സിലാക്കാം.

വേള്‍ഡ്‌ ട്രേഡ്‌ സെന്ററിലെ ആക്രമണത്തിനു ശേഷം ലോകത്തിനു മുമ്പില്‍ അമേരിക്കയുടെ അഭേദ്യമായ ഡിഫെന്‍സ്‌ സിസ്റ്റം ഉള്ള രാജ്യമെന്ന അവകാശവാദം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ആദ്യം അല്‍.ക്വൈദയയൂം ഒപ്പം അതിനോടൊപ്പം തന്റെ എക്കാലത്തെയും ശത്രുവായ സദ്ദാം ഹുസ്സൈനെയും കൂട്ടികെട്ടിയപ്പോള്‍ തന്നെ മിക്കവരും അമേരിക്കയുടെ ഇറാക്കിന്‍മേലുള്ള യുദ്ധത്തിന്റെ സാധ്യത മണത്തിരുന്നു. പക്ഷെ അല്‍ ക്വൈദയുമായി ഒരു ബന്ധവുമില്ലെന്നും താന്‍ അതിനു എതിരെന്നും പലപ്പോഴും സദ്ദാം ഹുസൈന്‍ ആവര്‍ത്തിച്ചെങ്കിലും അമേരിക്ക ചെവിക്കൊണ്ടില്ല. അല്ലെങ്കില്‍ ജോര്‍ജ്‌ ബുഷ്‌ ചെവി കൊണ്ടില്ല. കാരണം അമേരിക്കയും ഇറാക്കും തമ്മിലുള്ള പ്രശ്നം എന്നുള്ളതില്‍ കവിഞ്ഞു ജോര്‍ജ്ജ് ബുഷ്‌ (Sr.&Jr.) Vs സദ്ദാം ഹുസൈന്‍ എന്നിങ്ങനെയുള്ള വ്യക്തിപരമായ വൈരാഗ്യം എന്നുവേണം പറയാന്‍. വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ കാരണം കണ്ടെത്താനും കുറ്റവാളിയെ കണ്ടെത്താനുമുള്ള അന്വേഷണ കമ്മീഷന്‍ അല്‍ ക്വൈദയും സദ്ദാമുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിട്ടും ബുഷ്‌ പിന്മാറിയില്ല.
സദ്ധാമിന്റെ കൈവശം വിപുലമായ നാശത്തിനു കാരണമായേക്കാവുന്ന ജൈവ, രാസായുധങ്ങള്‍ മാത്രമല്ല ആണവായുധങ്ങള്‍ വരെ ഉണ്ടെന്നു ആരോപിച്ചായിരുന്നു പിന്നീട് ആക്രമണത്തിനു കോപ്പ് കൂട്ടിയത്. പക്ഷെ പിന്നീട് നടന്ന അന്വേഷണങ്ങള്‍ അതും വെറും കെട്ടുകഥകള്‍ ആണെന്ന് മനസ്സിലായി. പക്ഷെ എന്നിട്ട് ആക്രമിക്കുമ്പോള്‍ അമേരിക്ക തകര്‍ത്തത് യൂ.എന്‍. ചാര്‍ട്ടറിലെ മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിന്‍ മേലുള്ള കൈയേറ്റം ചെയ്യരുതെന്ന നിയമമായിരുന്നു . അല്ലെങ്കില്‍ അത്തരം ഒരു ആവശ്യം വന്നെങ്കില്‍ യൂ.എന്നിന്റെ അനുവാദം വേണമെന്ന നിയമവും കാറ്റില്‍ പറത്തി.

അമേരിക്ക ഇറാക്കില്‍ തകര്‍ത്തത് നിരവധി നിയമങ്ങള്‍ ആണ്. ലോകഹെരിറ്റേജ് സൈറ്റുകള്‍ തകര്‍ക്കുന്നതില്‍ താലിബാനെക്കാള്‍ ഒട്ടും മോശമല്ല തങ്ങള്‍ എന്ന് അമേരിക്ക ഇറാക്കില്‍ കാണിച്ചു തന്നു. യുദ്ധത്തടവുകാരോട്‌ പെരുമാറുന്നതും നഗ്നമായ നരനായാട്ടുകള്‍ നടത്തുന്നതും മാത്രമല്ല ഒരു രാജ്യത്തിന്റെ രാഷ്ട്രീയ, വ്യവസായ മേഖലകളില്‍ തീര്‍ത്തും തന്നിഷ്ടം കാണിക്കുവാനും അമേരിക്ക മടിച്ചില്ല. ലോക മനുഷ്യാവകാശ സംഘടകള്‍ കണ്ണടപ്പിക്കേണ്ടി വരുന്ന രീതിയില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും വെറും പ്രാണികളെ പോലെ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ മാനഭംഗപ്പെട്ടു. ചോദ്യം ചെയ്യാനോ പ്രതികരിക്കാനോ ആരും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് അനസ്യൂതം തുടര്‍ന്നു. എതിര്‍ക്കാന്‍ ശ്രമിച്ചവരോ എതിര്‍ത്തവരോ കൊല്ലുകയോ അമര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തു. അമേരിക്ക ആഗ്രഹിക്കുന്ന വാര്‍ത്തകള്‍ മാത്രമേ പുറം ലോകമറിഞ്ഞുള്ളൂ. സുസ്ഥിരവും ശാന്തിപൂര്‍ണവും ആയൊരു ഭരണം ആഗ്രഹിച്ച ജനങ്ങളും അത് വാഗ്ദാനം ചെയ്ത അമേരിക്കയും സഖ്യസേനയും പിന്നീട് എന്ത് നേടിയെന്നും നടത്തിയെന്നതും ചരിത്രം.
മുസ്ലിം സ്ത്രീകള്‍ മതപരമായ നിയമം കൊണ്ട് ധരിക്കുന്ന പര്‍ദ്ദകള്‍ വരെ ഉയര്‍ത്തി മുഖം കാണുകയും തീവ്രവാദികള്‍ ആണോയെന്ന് പരിശോധിക്കുകയും ചെയ്യാന്‍ വരെ അമേരിക്കന്‍ സൈനികര്‍ തയ്യാറായപ്പോള്‍ സാധാരണ ജനം വരെ പ്രതികരിക്കാന്‍ തുടങ്ങിയതോടെ പ്രശ്നം കൂടുതല്‍ കലുഷിതമായി. എന്നാല്‍ സദ്ധമിന്റെ കാലത്ത് ഭരണമോഹവുമായി ഒതുങ്ങിക്കഴിഞ്ഞ ഗോത്ര നേതാക്കന്മാരും സദ്ദാമിന്റെ കാലത്ത് ഒതുങ്ങിക്കഴിഞ്ഞിരുന്ന ഷിയകളും കുര്‍ദ്ദുകളും വിമതന്മാരും ഇപ്പോള്‍ തലപൊക്കി അമേരിക്കയ്ക്ക് സപ്പോര്‍ട്ടുമായി വന്നതോട് കൂടി കുറെയൊക്കെ കാര്യങ്ങള്‍ എളുപ്പമാക്കിയെങ്കിലും പള്ളികളിലും മറ്റും ചെന്നുള്ള പരിശോധനകള്‍ മുസ്ലിങ്ങള്‍ക്ക്‌ വിരോധത്തിനു കാരണമാവുന്നതുകൊണ്ട് സാധാരണ മുസ്ലിങ്ങള്‍ പോലും ഇപ്പോള്‍ അമേരിക്കന്‍ വിരോധികള്‍ ആയിത്തുടങ്ങിയിരിക്കുന്നു.

ഇറാക്കിലെ പുനര്‍നിര്‍മ്മാണത്തിനുള്ള ജോലികള്‍ മിക്കതും ഏറെക്കുറെ മുഴുവനായി ചെയ്യുന്നത് അമേരിക്കയോ അമേരിക്കന്‍ ഉടമസ്ഥയിലുള്ള കമ്പനികളോ ആണ്. മൊത്തത്തില്‍ ഇറാക്കിലെ അതിവിശാലമായ എണ്ണ ശേഖരം കൊള്ളയടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇന്ന് മിക്കവര്‍ക്കും മനസ്സിലായി കഴിഞ്ഞിരിക്കുന്നു.

ഇന്ത്യാക്കാരോട് എന്നും വളരെ നന്നായി പെരുമാറിയിരുന്ന ഇറാക്കികളും ഇറാക്കിന്റെ ഭരണാധികാരികളും എന്നതും നമ്മള്‍ ഓര്‍ത്തില്ല. ഇന്ത്യയോട് നല്ല ബന്ധമുണ്ടായിരുന്ന സദ്ദാം ഹുസൈനോടും പക്ഷെ ഇന്ത്യയും അനുകൂലമായ നയം കാട്ടികണ്ടില്ല. ഒരു പക്ഷെ വരും കാലങ്ങളില്‍ അമേരിക്കയില്‍ നിന്ന് ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങളും ഗുണങ്ങളും മനസ്സില്‍കണ്ട്‌ എല്ലാം കണ്ണടച്ചുവെന്നു വേണം കരുതാന്‍. കാരണം ലോകത്ത് സമാധാനം കാംക്ഷിക്കുന്നുവെന്നു വാചകമടിക്കുന്ന അമേരിക്ക ഇതുവരെ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്നങ്ങളിലോ (കാശ്മീര്‍ ഉള്‍പ്പടെ) ശ്രീലങ്കന്‍- പുലി പ്രശ്നങ്ങളിലോ ആഫ്രിക്കയിലെ വംശീയ, വിമത, പട്ടാള പ്രശ്നങ്ങളിലോ ഇടപെട്ടതായി കാണുന്നില്ല. പച്ചമലയാളത്തില്‍ അമേരിക്കയ്ക്ക് പ്രയോജനമില്ലാത്ത അല്ലെങ്കില്‍ സാമ്പത്തിക ലാഭമില്ലാത്ത ഒന്നിലും ഇടപെടില്ലെന്ന് ചുരുക്കം.

പക്ഷെ സദ്ദാമിനെ പിടികൂടി തൂക്കി കൊന്നു പാവസര്‍ക്കാരിനെ സ്ഥാപിച്ചു അമേരിക്ക പരോക്ഷമായി ഭരിക്കുമ്പോള്‍ തങ്ങള്‍ സദ്ധാമിനെക്കാള്‍ വലിയ പ്രശ്നത്തിനെയാണ് നേരിടേണ്ടി വരുന്നതെന്ന് മനസ്സിലാക്കി. എന്തായാലും അമേരിക്കയും സഖ്യകക്ഷികളും ഇറാക്ക് ഭരിച്ചാലും അല്ലെങ്കില്‍ അവരുടെ പാവസര്‍ക്കാര്‍ ഇറാക്ക്‌ ഭരിച്ചാലും ഇറാക്കിന്റെ പ്രശ്നങ്ങള്‍ തീരില്ലെന്ന് വേണം കരുതാന്‍. കൂടുതല്‍ രക്തച്ചൊരിച്ചിലും കൊള്ളയടിയും മാത്രമേ ഇവരില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയൂ. പക്ഷെ ആത്യന്തമായി അമേരിക്ക ആഗ്രഹിച്ച മിഡില്‍ ഈസ്റ്റിലെ വിശാലമായ സൈനിക താവളവും ഇറാക്കിന്റെ എണ്ണശേഖരം കൊള്ളയടിക്കാനുള്ള അവസരവും ലഭിച്ചു. പക്ഷെ അതിനു ബലിയാടാകേണ്ടി വന്നത് സദ്ദാം ഹുസൈനും സര്‍ക്കാരുമല്ല ഇറാക്കിലെ പാവം മനുഷ്യരുമാണ്. ഒരിക്കലും തീരാത്ത പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു അവസാനം ആ പ്രശങ്ങള്‍ക്കിടയില്‍ എണ്ണകൊള്ളയും നടത്തി തങ്ങളുടെ ഖജനാവ്‌ വീര്‍പ്പിക്കാന്‍ നടത്തിയ കൂതറ കളികള്‍ മാത്രം.

അമേരിക്കയിലെ ഈ സാമ്പത്തിക മാന്ദ്യത്തിനും സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ തകര്‍ച്ചയിലും ലോക്ക്ഹീല്‍ മാര്‍ട്ടിനും ബോയിങ്ങിനും കാര്യമായ നഷ്ടങ്ങളോ തകര്‍ച്ചയോ നേരിട്ടില്ലെന്നതും മനസ്സിലാക്കണം. എയര്‍ബസ്‌ വന്‍ ബിസിനസുകള്‍ കൈവരിച്ചിട്ടും ബോയിങ്ങിനു കാര്യമായ തകര്‍ച്ച നേരിടേണ്ടി വരാഞ്ഞത് അവരുടെ ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയ ഉണ്ടാക്കുന്ന വിഭാഗത്തിനു നല്ല വരുമാനമുണ്ടായതുകൊണ്ട് മാത്രമാണ്. ഒരു പക്ഷെ ഈ യുദ്ധങ്ങള്‍ ആവണം അമേരിക്ക നേരിട്ട സാമ്പത്തിക മാന്ദ്യത്തിനു കാരണമായതെന്ന് പറഞ്ഞാലും ശങ്കിക്കേണ്ട.

(തുടരും )

3 comments:

ഉറുമ്പ്‌ /ANT said...

ഇതിന്‌ എന്റെ വക വെടി...!

കനല്‍ said...

ഈ അഭിപ്രായങ്ങളെ പിന്താങ്ങുന്നു

യഥാര്‍ത്ഥ വീക്ഷണം തന്നെയാണിത്.

Santhosh | പൊന്നമ്പലം said...

സൂപ്പര്‍... അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു...