തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, May 2, 2009

90.തീവ്രവാദത്തെ തുടച്ചു നീക്കുന്നവര്‍

(കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ച )

സദ്ദാമിന്റെ ഭരണകൂടം മാറ്റി മറിച്ച് അവിടെ ജനപ്രിയമായ ഒന്നിനെ സ്ഥാപിക്കുകയും ഒപ്പം സമാധാനം നടപ്പില്‍ വരുത്തുകയും ചെയ്യുമെന്ന് വീമ്പിളക്കിയ അമേരിക്ക സദ്ദാമിനെ ഭരണത്തില്‍ നിന്ന് മാറ്റുക മാത്രമല്ല പാവകോടതിയിലൂടെ വധശിക്ഷയ്ക്കു വിധിപ്പിക്കുകയും തൂക്കികൊല്ലുകയും ചെയ്തു. പക്ഷെ ഇറാക്കിന്റെ കൈവശമുള്ള എണ്ണനിക്ഷേപം കൊള്ളയടിക്കാന്‍ അവസരമുണ്ടാക്കിയെങ്കിലും ഇറാക്കില്‍ സുസ്ഥിരമായ ഒരു ഭരണകൂടം സ്ഥാപിക്കാനോ അല്ലെങ്കില്‍ വിദൂരകാലത്തെങ്കിലും അതിനുള്ള സാധ്യത സൃഷ്ടിക്കാനോ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ സാങ്കേതികപരമായോ ആശയപരമായോ അമേരിക്ക ഇറാക്കില്‍ പരാജയം സമ്മതിക്കേണ്ട അവസ്ഥ തന്നെയാണ്. സഖ്യകക്ഷികളില്‍ മിക്കവര്‍ക്കും തങ്ങള്‍ പെട്ടുപോയി എന്നൊരു അവസ്ഥകൂടിയായപ്പോള്‍ അമേരിക്ക തോറ്റു എന്നുവേണം പറയാന്‍.

അതുപോലെ തന്നെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം കഴിഞ്ഞതിന്റെ ക്ഷീണം മാറ്റാന്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചു താലിബാന്‍ സാര്‍ക്കാരിനെ നിലം പതിപ്പിചെങ്കിലും ഒസാമ ബിന്‍ലാദനെ പിടിക്കാനോ ശിക്ഷിക്കാനോ അമേരിക്കയ്ക്ക് സാധിച്ചില്ല.വളരെ നിസാരമെന്നു കരുതിയ അഫ്ഗാനിസ്ഥാന്‍ യുദ്ധം ഇപ്പോള്‍ എട്ടുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമാകാത്ത നിലയില്‍ തന്നെ. അഫ്ഗാനിലെ പ്രത്യേക ഭൂപ്രകൃതിയും കാലവസ്ഥയും മാത്രമല്ല താലിബാന്‍ പോരാളികളുടെ ഒടുങ്ങാത്ത വീറും സാധാരണ അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് താലിബാന്‍ പോരാളികളെ വേര്‍തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥയും ഒപ്പം വീണ്ടും താലിബാന് അനുകൂലമായി രൂപപ്പെട്ടുവരുന്ന തരംഗവും യുദ്ധത്തെ വീണ്ടും വേറൊരു രീതിയിലേക്ക് വഴിതെളിക്കുന്നു.സദ്ദാം രാഷ്ട്രീയപരമായി നേതാവായിരുന്നെങ്കില്‍ ഒസാമ മതപരമായി അല്‍ക്വൈദയുടെ നേതാവാണ്‌. മതാധിഷ്ടിതമായി അല്‍ക്വൈദയെ നയിക്കുന്ന ഒസാമയെ അനുയായികള്‍ ഒറ്റു കൊടുക്കുമെന്ന് കരുതുന്നതും വെറും വിഡ്ഢിത്തം മാത്രം.

അടുത്തിടെ ഖൈബര്‍പാസിനടുത്തു നടന്ന രണ്ടു താലിബാന്‍ ചാവേര്‍ ആക്രമണങ്ങളില്‍ ഇരുന്നൂറ്റി അമ്പതിലേറെ ട്രക്കുകളും വളരെയധികം ചെറുകിട കവചിത വാഹനങ്ങളും അമരിക്കയ്ക്ക് നഷ്ടമായി.യുദ്ധത്തിന്റെ സപ്ലൈലൈന്‍ തകര്‍ത്ത് പട്ടാളക്കാരുടെ ആവശ്യങ്ങള്‍ മുടക്കാന്‍ വേണ്ടി നടത്തിയ പോരാട്ടം വിജയകരമായി താലിബാന്‍ നടത്തി. പക്ഷെ ഹെലികോപ്ടര്‍ വഴി സപ്ലൈലൈന്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ഇത്തരം ഒരു ആക്രമണം അമേരിക്ക അഫ്ഗാനില്‍ നേരിട്ട തിരിച്ചടികളില്‍ പ്രധാനമാണ്. അതുപോലെ തന്നെ നിരന്തരം കൊല്ലപ്പെടുന്ന അമേരിക്കന്‍ പട്ടാളക്കാരും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്ന അമേരിക്കന്‍ പട്ടാളക്കാരും അമേരിക്കയുടെ തലവേദന തന്നെ. അമരിക്കന്‍ ഹമ്മര്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു താലിബാന്‍ നടത്തിയ പ്രദര്‍ശനത്തില്‍ തന്നെ സമീപ കാലത്ത് ഉണ്ടായേക്കാവുന്ന വിപത്തിനെ കുറിച്ച് ബോധവാന്മാരായ അമേരിക്കയുടെ പ്രവര്‍ത്തികളില്‍ പുതിയ മാറ്റം കണ്ടുതുടങ്ങി. പുതിയ പ്രസിഡന്റ് ബാരക്‌ ഒബാമ ഇറാക്കില്‍ നിന്ന് തങ്ങളുടെ സേനയെ കുറച്ചു അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും ഈ യുദ്ധം ജയിച്ചേമതിയാവൂ എന്നും പ്രഖ്യാപിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പ്രശ്നങ്ങള്‍ സാധാരണഗതിയില്‍ അഫ്ഗാന്‍ പോരാളികള്‍ അറിയാറില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ഓപ്പിയം മയക്കു മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ പോപ്പി ചെടികള്‍ കൃഷിചെയ്യുന്നത് അഫ്ഗാനിലാണ്. ആ മയക്കു മരുന്നിന്റെ വില്‍പ്പന മില്ല്യന്‍ കണക്കിന് ഡോളര്‍ നേടുമ്പോള്‍ അത് കൂടുതലും നിക്ഷേപിക്കപ്പെടുന്നത് ആയുധത്തിനും തീവ്രവാദ പരിശീലനത്തിനുമാണ്. ഒപ്പം ലോകമെമ്പാടുമുള്ള തീവ്രവാദ അനുകൂലസംഘടനകളുടെ പണപ്പിരിവും കൂടിയാവുമ്പോള്‍ അല്‍ക്വൈദയ്ക്കും താലിബാനും സാമ്പത്തിക പ്രതിസന്ധി പ്രശ്നമേയാകുന്നില്ല.

മരിക്കാന്‍ തയ്യാറായി യുദ്ധം ചെയ്യുന്നവനെ തോല്‍പ്പിക്കുക മരിക്കുന്നതിനു തുല്യമാണെന്ന് ആഷ്ലി തോംസന്‍ പറഞ്ഞതുപോലെ വിശുദ്ധയുദ്ധത്തില്‍ (ജിഹാദില്‍) ജീവന്‍ വെടിയാന്‍ തയ്യാറായ താലിബാന്‍ പോരാളികളെ തോല്‍പ്പിക്കുക താരതമ്യേന അസംഭവ്യത്തില്‍ കൂടുതല്‍ തന്നെ. യുദ്ധം ജോലിയുടെ ഭാഗമായല്ലാതെ ജീവിത ലക്ഷ്യത്തിന്റെ ഭാഗമായി കാണുന്നവരെ തോല്‍പ്പിക്കാന്‍ അമേരിക്ക കിണഞ്ഞു ശ്രമിക്കേണ്ടി വരും. യുദ്ധം തുടങ്ങി ആദ്യ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെ അനന്തരഫലത്തെ പറ്റി അമേരിക്കയ്ക്ക് സംശയം തോന്നിയിരുന്നു. കാരണം അഫ്ഗാന്‍ പോരാളികളുടെ പോരാട്ടവീര്യം മുമ്പേ പേരുകേട്ടതാണ്. ഒപ്പം മതാധിഷ്ടിത മനോനിലയും കൂടാതെ കാലാവസ്ഥയും, ഭൂപ്രകൃതിയും താലിബാനികള്‍ക്ക് നല്ല പരിചയമുള്ളതും കൂടിയായപ്പോള്‍ താലിബാനികളെ തോല്‍പ്പിക്കുക അത്ര എളുപ്പമല്ലെന്ന് മനസ്സിലായി.
പാകിസ്ഥാനിലെ ജൈഷ്‌ ഇ മുഹമ്മദ്‌ മുതല്‍ ലഷ്കര്‍ ഇ തയ്യബ വരെ പോരാട്ടഗുണങ്ങള്‍ പഠിയ്ക്കാന്‍ അല്‍ക്വൈദയെ സമീപിക്കുന്നതിലൂടെ ഭാവിയില്‍ ഒരു പോരാട്ട സേനയെ വേണമെങ്കില്‍ ഇവരിലൂടെ നേടാമെന്നത് അല്‍ക്വൈദയുടെ മറ്റൊരു നേട്ടം. അമേരിക്കന്‍ സേനയുടെ ആക്രമണകാലത്ത് പാകിസ്ഥാനിലെ പുഷ്തൂന്‍ പ്രവിശ്യയായ നോര്‍ത്ത് വെസ്റ്റ്‌ ഫ്രണ്ടിയര്‍ പ്രൊവിന്‍സില്‍ നിന്ന് ഗോത്രക്കാരുടെ കൂട്ടം താലിബാന് വേണ്ടി പോരാടാന്‍ പോയത് ആരും മറന്നുകാണില്ല. അതിന്റെ പ്രധാനകാരണം താലിബാന്റെ അടിസ്ഥാനതലം മുതല്‍ മേല്‍ത്തട്ട് വരെ പുഷ്തു സംസാരിക്കുന്നവരുടെ ആധിപത്യം തന്നെ. ഗോത്രക്കാരുടെ ഈ മതകൂട്ടായ്മയ്ക് എന്നും അവരുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയ്ക്കെതിരായ യുദ്ധത്തില്‍ പുഷ്തു പ്രൊവിന്‍സിലെ എല്ലാ സപ്പോര്‍ട്ടും അല്‍ക്വൈദയ്ക്കും താലിബാനും ലഭിക്കും.

അടുത്തിടെ സുര്‍ക്ക്‌ മുര്‍ഗാബിലെ ഒരു വീട്ടില്‍ സഖ്യസേന ഒരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തില്‍ മരിച്ചത് ആറുപേരാണ്. താലിബാനുമായോ തീവ്രവാദമായോ യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ് മരിച്ചതും. പക്ഷെ താടിവളര്‍ത്തിയാവനും മുസ്ലീമും തീവ്രവാദി എന്ന് കാണുന്നവര്‍ക്ക് പക്ഷെ ആ തെറ്റിനെ ന്യായീകരിക്കാനും കഴിഞ്ഞെങ്കിലും ലോകത്താരും ഈ മാനുഷിക ധ്വംസനത്തെ എതിര്‍ക്കാന്‍ മടിക്കുന്നു. കാരണം മറുപക്ഷത്ത് അമേരിക്കയാണ്. സാധുജനങ്ങളെ കൊന്നാലും താലിബാനെ തകര്‍ത്താലും തങ്ങള്‍ക്കെന്തു എന്ന് നിലപാടാണ്‌ മിക്കരാജ്യകാര്‍ക്കും. ഗല്‍ഫിലെപ്പോലെ സമ്പന്നമായ എണ്ണനിക്ഷേപങ്ങള്‍ ഇവിടെയോട്ടില്ലതാനും.

പാലസ്തീന്‍ പ്രശ്നത്തില്‍ ഇസ്രയേലിനെ തെറിവിളിച്ചവര്‍ പോലും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ മടിക്കുന്നതിന്റെ കാരണം അമേരിക്കയോടുള്ള വിധേയത്വമോ പേടിയോ മാത്രമാണ്. കാരണം അമേരിക്ക അഫ്ഗാനിസ്ഥാനിലോ ഇറാക്കിലോ എന്തുനടത്തിയാലും അതിനെ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടുകൊണ്ടിരിക്കാന്‍ നാം ശീലിച്ചിരിക്കുന്നു. ഒരുപക്ഷെ റഷ്യയുടെ പതനമാവാം ഇത്തരമൊരു അമേരിക്കന്‍ ധൈര്യത്തിന് പിന്നില്‍. പക്ഷെ നാളെ ഭാരതവും ചൈനയും മുമ്പത്തെ സോവിയറ്റ്‌ റഷ്യയെ പോലെ ഒരു നില കൈവരിക്കുകയും അമേരിക്കയുടെ ഇത്തരം കൂതറ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്‌താല്‍ ഒരുപക്ഷെ കാര്യങ്ങള്‍ക്ക് കുറഞ്ഞപക്ഷം സൌത്ത് ഏഷ്യയിലെങ്കിലും കുറവ്‌ വരുമെങ്കിലും അതുനുള്ള സാധ്യത വിദൂരം മാത്രം.

ഇന്നിന്റെ മൂല്യങ്ങള്‍ കുറ്റം എന്തു ചെയു‌ന്നത് എന്നല്ല ആര് ചെയ്യുന്നു എന്നതാണ്. അമേരിക്ക എന്ത് ചെയ്താലും അതിന്റെ മൂടുതാങ്ങാന്‍ ആളുകള്‍ ഉള്ളിടത്തോളം ആരും പ്രതികരിക്കില്ല. അമേരിക്കയാകട്ടെ പ്രതികരിക്കുന്നവരെയും പ്രതികരിക്കാന്‍ സാധ്യതയുള്ളവരെയും കാലേകൂട്ടി ഒതുക്കുന്ന തിരക്കിലും. ഇപ്പോള്‍ വടക്കന്‍ കൊറിയയെയും, ഇറാനെയും നോട്ടമിട്ടിരിക്കുന്ന അമേരിക്കയ്ക്ക് പക്ഷെ ചൈനയെ വരുതിയ്ക്ക് വരുത്താന്‍ മാത്രം കഴിഞ്ഞില്ല. ചൈനയാകട്ടെ മേഖലയിലെ മറ്റൊരു സൂപ്പര്‍പവര്‍ ആയി വളര്‍ന്നുകൊണ്ടുമിരിക്കുന്നു. കഴിഞ്ഞ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തെ ബഡ്ജറ്റും ചൈനയുടെ മിച്ച ബഡ്ജറ്റ് ആണെന്ന് മനസ്സിലാക്കുമ്പോഴാണ് ചൈനയുടെ വളര്‍ച്ച മനസ്സിലാവുന്നത്.ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദം വളരേണ്ടത് ആവശ്യമാണ്‌. കാരണം ഇന്ന് അമേരിക്കയുടെ തെമ്മാടിത്തരങ്ങള്‍ക്ക് പകരം ചോദിക്കാന്‍ അല്ലെങ്കിലും അനുവാദം കൊടുക്കാതിരിക്കനെങ്കിലും കഴിവുള്ളത് ഇവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രം.

ഏറ്റവും അവസാനം തങ്ങളാല്‍ താലിബാനെ തകര്‍ക്കാനാവില്ലെന്നും പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കഴിയില്ലെന്ന് മനസ്സിലായ അമേരിക്ക ഇപ്പോള്‍ പാകിസ്താന്‍ ഭരണകൂടവുമായി കൂട്ടുപിടിച്ച് തീവ്രവാദികളെ വേട്ടയാടല്‍ നടത്തുകയാണ്. പക്ഷെ മത തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കാനവില്ലെന്ന പാകിസ്താന്‍ ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥ പക്ഷെ അമേരിക്കറിയില്ല. കാരണം ഇന്ത്യാവിരുദ്ധ നിലപാടും മതതീവ്രവാദം എന്നൊരു മുദ്രാവാക്യവുമില്ലെങ്കില്‍ പാകിസ്താന്‍ എന്നൊരു രാജ്യവുമില്ല. തീവ്രവാദം എന്നെന്നുക്കുമായി പാകിസ്താന്‍ മണ്ണില്‍ നിന്നും ആത്മാര്‍ഥമായി നീക്കം ചെയ്യണമെങ്കില്‍ ആദ്യം പാകിസ്ഥാന് നല്‍കുന്ന സാങ്കേതിക, ആയുധ, സാമ്പത്തിക സഹായം നിര്‍ത്തുകയാണ് വേണ്ടത്.പക്ഷെ തങ്ങളുടെ പരമ്പരാഗത ആയുധവിപണി തകര്‍ക്കാന്‍ അമേരിക്ക തയ്യാറാവുമോ എന്നത് മറ്റൊരു ചോദ്യം. എന്തായാലും പരസ്പര വൈര്യം വളര്‍ത്തിയും ആക്രമണങ്ങള്‍ നടത്തി ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചും അമേരിക്ക തങ്ങള്‍ക്കു എന്നെന്നെക്കുമായ ഒരു ആയുധവിപണി സൃഷ്ടിച്ചും അങ്ങനെ പണം കൂമ്പാരം കൂട്ടുമെങ്കിലും പലപ്പോഴായി ആക്രമിക്കപ്പെടുന്നതിലൂടെ സമാധനമായ ഒരു അന്തരീക്ഷം തങ്ങളുടെ പൌരന്മാര്‍ക്കായി നല്‍കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാരണം തീവ്രവാദത്തിന്റെ പേര് പറഞ്ഞു തീവ്രവാദം കാണിക്കുന്നവര്‍ കാറ്റ് വിതയ്ക്കുന്നവര്‍ കൊടുങ്കാറ്റ് കൊയ്യുമെന്ന വാചകം നമ്മെ പരിചയപ്പെടുത്തുകയാണ്.

3 comments:

maramaakri said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

Anonymous said...

ഈ പാഠം ഇവിടുത്തെ മത ഭ്രാന്ത്‌ ഇളക്കിവിടാന്‍ ശ്രമിക്കുന്ന ഇടത്‌-വലത് മുന്നണികള്‍ മനസ്സിലാകിയിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചുപോയി. സംഗുചിതമായ കാഴ്ച്ചപ്പാടുകള്‍, അത് മതം,ജാതി തുടെങ്ങിയ മനുഷ്യന്റെ വികാരത്തെ ആളി കത്തിക്കാന്‍ ശ്രമിക്കുന്ന ചില സെകുലര്‍ പൊളിറ്റിക്കല്‍ പാര്‍ട്ടീസ് എടുക്കുമ്പോള്‍, നമ്മുടെ നാടും നാളെ മറ്റൊരു പാക്കിസ്ഥാന്‍ ആകും എന്നോര്‍ക്കണം.. നമ്മുടെ കൊച്ചു കേരളത്തിലും എത്ര ചെറുപ്പക്കാരെ ആണ് ഇത്തരം വികാരങ്ങള്‍ ഇളക്കി വിട്ട് വോട്ട് എന്ന അധികാരത്തിന്റെ ചവിട്ടു പടിക്കുവേണ്ടി ഉപയോഗിക്കുന്നത്? മാധ്യമങ്ങളും,TV ചാനലുകളും ഒക്കെ ഇന്ന് മനുഷ്യന്റെ ജാതിയും ഉപജാതിയും തിരങ്ങുപിടിച്ചു, വര്‍ഗീയ കലാപങ്ങനെ പോലും തെറ്റായ റിപ്പോര്‍ട്ടുകളിലൂടെ മനുഷ്യന്റെ തലയില്‍ കേട്ടിവിടാന്‍ മത്സരിക്കുന്നത്? ഒരു കലാപം നടന്നാല്‍ ഒടനെ അത് TV ചനെല്കാര്‍ക്കും,രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും ഒക്കെ ഒരു മാസം അതിന്റെ വിശകലനങ്ങളും ഒക്കെ നടത്തി രസിക്കുന്നത്? എന്നിട്ട് എത്ര പാരട്ടിയും പത്രവും ചാനലുകളും ഒണ്ടിവിടെ സത്യവും നീതിയും നോക്കി മാത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്?
കുറച്ചു രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരി ഏറിയും,കൊറേ അനുഭാവികള്‍ എന്ന 'വിവരദോഷികള്‍ ' ഇത് ഏറ്റ് പിടിച്ചു നടക്കും.. പൊതുജനം എന്ന കഴുത ഒരിക്കലും സത്യം എന്നത് അറിയില്ല.. കൊറേ ബു ജീവികള്‍ പട്ടിയെ പേപ്പട്ടി ആക്കി തല്ലിക്കൊല്ലാന്‍ ആഹ്വാനം ചെയ്യും.. എല്ലാം ഒരു തമാശ ..
സെകുലര്‍ എന്നും പറഞ്ഞു ഏത്‌ അവന്റെ കൂടെ കൂടി 'കഴുതകളെ ' നോക്കി പല്ലിളിക്കും..
നമ്മള്‍ തൊടുന്നവര്‍ എല്ലാം സെകുലര്‍ എന്ന് 'വിവര ദോഷി കളോട്‌ 'പറഞ്ഞു അവര്‍ മനസ്സിലാക്കും..
മതം ,ജാതി പറഞ്ഞു വോട്ട് ബാങ്ക് തരപ്പെടുത്തും. മറ്റു ജാതികളിലും മതങ്ങളിലും ഒള്ളവര്‍ നിങ്ങളെ തട്ടി കളയും എന്ന് പറഞ്ഞു പേടിപ്പിക്കും.. അതിനായി ലോകത്ത്‌ നടക്കുന്ന എല്ലാ പ്രശ്നങ്ങളും വളച്ചൊടിച്ചു ഈ വോട്ട് ബാങ്കിനെ എപ്പോളും കൂടെ കൊണ്ട് നടക്കാന്‍ ശ്രമിചോണ്ടിരിക്കും..
നാട് മുടിഞ്ഞാലും വേണ്ടില്ല, നമ്മള്‍ക്ക്‌ അടുത്ത ഇലെക്ഷേനില്‍ എങ്ങനെയും കൊറേ കഴുതകളെ 'ബാങ്കില്‍ ' ആക്കണം എന്ന വിചാരമേ ഒള്ളു.. അതിനായി കൊറേ ഫാസിസ്റ്റ്‌ മുദ്രാവാക്യങ്ങള്‍ 'വിവരദോഷികളെ ' പഠിപ്പിക്കും.. എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങും.. 'നന്നാകാന്‍ ' വയ്യാത്ത അവന്മാരെ 'കൈകാര്യം ' ചെയ്യും.. അതൊന്നും 'ഗുണ്ടായിസം ' അല്ല..

ഈ നാട് പാകിസ്ഥാന്റെ ഉദാഹരണം കണ്ടെങിലും പഠിക്കുമോ?? ഉത്തരം 'ഇല്ലാ ' എന്ന് തന്നെ.... അല്ലെ..??

P.C.MADHURAJ said...

“കൂരിരുൾ നീങ്ങും പ്രഭാതമാകും
വീണ്ടും ഭാരതമൊന്നാകും
‘അഖണ്ഡഭാരതമാതാ കീ ജയ’-
ഘോഷം പൊങ്ങും പുനരെങ്ങും!” എന്നു ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.അതു ഒരു പുതിയ ലോകക്രമത്തിന്റെ തുടക്കമായിരിക്കും.