തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, July 22, 2009

153.എനിക്ക് ജീവിക്കാന്‍ വേറെ ഒരുത്തനെ കൊല്ലണോ

എല്ലാവര്‍ക്കും ജീവിക്കാന്‍ അധികാരമുണ്ട്‌. ഭൂമി ഒരാളുടെത് മാത്രമല്ലല്ലോ. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നുവന്നാലോ. അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വേണ്ടി ന്യൂനപക്ഷത്തിനെ ബലികൊടുക്കേണ്ടി വന്നാലോ.

കാടുകയറാതെ വിശദീകരിക്കാം. ഈ നൂറ്റാണ്ടു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയില്‍ ഒന്നാണ് ഊര്‍ജ്ജ പ്രതിസന്ധി. പ്രധാനമായും കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ക്രൂഡ്‌ഓയില്‍. ഇടയ്ക്കു ക്രൂഡ്‌ ഓയിലിന്റെ വില നൂറു ഡോളര്‍ കവിഞ്ഞപ്പോള്‍ മിക്കവരും ഈ പ്രതിസന്ധി നമ്മളില്‍ ചെലുത്താവുന്ന സ്വാധീനം എന്നതെന്ന് അറിഞ്ഞു. ഇന്നത്തെ പ്രശ്നം മിക്ക എണ്ണ ഉല്‍പ്പാദനരാജ്യങ്ങളും തങ്ങളുടെ ക്രൂഡ്‌ സ്രോതസ്സിന്റെ പീക്ക് അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച സമയം കഴിഞ്ഞു എന്നതാണ്. ബ്രിട്ടനിലും അമേരിക്കയിലും റഷ്യയിലും മാത്രമല്ല മിക്ക എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെയും അവസ്ഥ ഇതില്‍ നിന്നും ഭിന്നമല്ല. മിക്ക രാജ്യങ്ങളും ഇത് അംഗീകരിച്ചു കഴിഞ്ഞു. ഇതിനു രണ്ടുവശമുണ്ട്. ഒന്ന് എണ്ണയുല്‍പ്പാദനത്തിന്റെ പ്രധാന സ്രോതസ്സായ ക്രൂഡ്‌ ഓയില്‍ നിക്ഷേപം കുറഞ്ഞുതുടങ്ങി. രണ്ട് എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നു.

ഇതില്‍ ആദ്യത്തെ പ്രശ്നത്തിന്റെ പരിഹാരം മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതുമാത്രമാണ്. സ്വാഭാവിക ക്രൂഡ്‌ ഓയില്‍ നിക്ഷേപം കുറഞ്ഞാല്‍ മറ്റിടത്തെക്ക് ജിയോളജിക്കല്‍ സര്‍വ്വേ നടത്തി കൂടുതല്‍ എണ്ണ നിക്ഷേപം കണ്ടെത്താമെങ്കിലും ഭൂമിക്കടിയിലുള്ള ക്രൂഡ്‌ നിക്ഷേപം കുറഞ്ഞുകൊണ്ടിരിക്കുകയാണേന്നുള്ള സത്യം നാമെല്ലാം അംഗീകരിച്ചേ മതിയാവൂ. പുതുതായി ഉണ്ടാവാത്തതുകൊണ്ട്‌ തന്നെ കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രൂഡിന്റെ പകരക്കാരനെ കണ്ടില്ലെങ്കില്‍ ഊര്‍ജ്ജ ദാരിദ്രത്തിലേക്ക് നാമെല്ലാം പോവേണ്ടി വരും. ഇന്നത്തെ ഭൂമിലെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ടഘടകമാണ് വാഹനങ്ങള്‍. ഇത് കര, സമുദ്ര ആകാശ മാര്‍ഗ്ഗമെല്ലാംപ്പെടും. ഇന്നും സിംഹഭാഗ യാത്രമാര്‍ഗ്ഗങ്ങളും ക്രൂഡ്‌ ഓയില്‍ ഉല്‍പ്പന്നങ്ങളില്‍ ആശ്രയിക്കുന്നത് കൊണ്ട് തന്നെ ആധുനിക ജീവന്റെ ജീവരക്തം ക്രൂഡ്‌ ഓയില്‍ ആണെന്ന് സമ്മതിക്കേണ്ടി വരും.

രണ്ടാമത്തെ പ്രശ്നം എന്നത് ക്രൂഡ്‌ ഓയില്‍ കണ്ടെത്താനുള്ള ചിലവാണ്‌. കരയിലെ അപേക്ഷിച്ച് ഓഫ്‌ഷോറില്‍ എണ്ണ കണ്ടെത്തുന്നതും ഡ്രില്ലിംഗ് നടത്തുന്നതും വളരെ ചെലവേറിയ കാര്യമാണ്. ഓഫ്ഷോര്‍ പ്ലാറ്റ്‌ഫോം, അവിടെക്കുള്ള യാത്ര തുടങ്ങി ക്രൂഡ്‌ എത്തിക്കുന്നതു വരെ വളരെ ചെലവേറിയ കാര്യമാണ്. ഇന്ന് സമുദ്രത്തില്‍ വെച്ചുതന്നെ റിഫൈനിംഗ് നടത്താവുന്ന സംവിധാനം ഉണ്ടെങ്കിലും രീതി വളരെ ചെലവേറിയത്‌ തന്നെ. ഇന്ന് കടലിനടിയില്‍ കിലോമീറ്ററുകള്‍ കീഴെ വരെ ഡ്രില്ലിംഗ് നടത്താന്‍ കഴിയുമെങ്കിലും ഇതിനു വേണ്ടിവരുന്ന ചെലവുകള്‍ ഭീമമാണ്. അതുകൊണ്ട് തന്നെ ഇത്രയും മുടക്കിക്കിട്ടുന്ന ക്രൂഡ്‌ ഓയിലും വിലയേറിയതാവും.പഴയകാലത്ത് പമ്പിംഗ് പോലും വേണ്ടാതെ ക്രൂഡ്‌ തനിയെ പുറത്തേക്ക് തള്ളപ്പെട്ടുകൊണ്ടിരുന്ന ബുര്‍ഗാന്‍ എണ്ണപ്പാടത്ത് ഇന്ന് ശേഖരം വളരെ കുറഞ്ഞെന്നതാണ് സത്യം.

കുവൈറ്റില്‍ ഇനിയും ഇരുനൂറു വര്‍ഷത്തെ നിക്ഷേപം ഉണ്ടെന്നു പറയപ്പെടുമ്പോള്‍ അതിലധികം നിക്ഷേപം തങ്ങളുടെ കൈവശം ഉണ്ടെന്നും കുവൈറ്റും വരും കാലങ്ങളില്‍ ലോകത്തിന്റെ എണ്ണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്കു കഴിയുമെന്നും സൗദി അറേബ്യ അവകാശപ്പെടുന്നു. എന്നാല്‍ കുവൈറ്റില്‍ സ്വതന്ത്ര ഓഡിറ്റിങ്ങിനു സൌകര്യമുണ്ടെങ്കിലും സൗദി അറേബ്യയില്‍ ഇത്തരം സൌകര്യങ്ങള്‍ പുറം രാജ്യങ്ങള്‍ക്ക് കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങള്‍ സൌദിയുടെ ഈ അവകാശവാദത്തെ കണ്ണുംപൂട്ടി വിശ്വസിക്കുന്നില്ല. ഈ പ്രശ്നങ്ങള്‍ ഒക്കെക്കൊണ്ട് തന്നെ യൂറോപ്പ്‌ അടക്കമുള്ള പ്രദേശത്തെ രാജ്യങ്ങള്‍ പുതിയ ഊര്‍ജ്ജ ശ്രോതസ്സ്‌ ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും തുടങ്ങി. ഹൈബ്രിഡ്‌ വാഹനങ്ങള്‍ ഇതിന്റെ ഫലങ്ങള്‍ ആണെങ്കിലും പൂര്‍ണമായി ഇതിനെ ആശ്രയിക്കാനാവില്ല. ഓസ്ട്രേലിയയില്‍ കല്‍ക്കരിയെ ലിക്വിഡ് ക്രൂഡ്‌ ആക്കാനുള്ള പരീക്ഷണം നടത്തി വിജയിച്ചെങ്കിലും പരിസരമലിനീകരണം വന്‍ വിപത്ത് സൃഷ്ടിക്കും.

പിന്നീടുണ്ടാക്കിയ പരീക്ഷണങ്ങള്‍ ആയിരുന്നു ജൈവ പെട്രോള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത്. ജെട്രോഫ( കടലാവണക്ക്) , എണ്ണപ്പന , കരിമ്പ്‌ തുടങ്ങി ഉരുളക്കിഴങ്ങ് വരെ ഊര്‍ജ്ഞോല്പാദനത്തിനു ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. ഇന്ത്യയില്‍ ഗുജറാത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് ജെട്രോഫ കൃഷി തുടങ്ങി. മിക്കയിടവും ഒന്നിനും കൊള്ളാത്ത തരിശായിരുന്നതുകൊണ്ട് തന്നെ ഈ കൃഷി മനുഷ്യര്‍ക്കോ പരിസ്ഥിതിയ്കോ കാര്യമായ ദോഷമുണ്ടാക്കിയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ ഇന്തോനേഷ്യയില്‍ ഊര്‍ജ്ഞോല്പ്പാദനത്തിനു വേണ്ടി നടത്തിയ എണ്ണപ്പന കൃഷിയാണ് പ്രശ്നമുണ്ടാക്കിയത്.

ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ആണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ കൃഷിയിറക്കിയത്. ഈ കൃഷിയിടങ്ങള്‍ പരമ്പരാഗത വനഭൂമി വെട്ടിത്തെളിച്ചാണ് ഉണ്ടാക്കിയത്. പ്രകൃതിയോടു കാട്ടിയ ക്രൂരത ഇവിടെ തീരുന്നില്ല. ഈ വനത്തിലെ വനവിഭവങ്ങള്‍ കഴിച്ചു ജീവിച്ചുകൊണ്ടിരുന്ന ആയിരക്കണക്കിന് ആദിവാസികളാണ് തങ്ങളുടെ ജീവിതമാര്‍ഗ്ഗം നഷ്ടപ്പെട്ടു വഴിയാധാരമായത്. പുറംലോകവുമായി ബന്ധമോ പുറം ലോകത്ത് ജീവിച്ചു പരിചയമോ ഇല്ലാത്ത ഇവര്‍ക്ക് ഇന്ന് ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുകയാണ്. വമ്പന്‍ സാമ്പത്തിക സഹായം സര്‍ക്കാരിനു കിട്ടിയെങ്കിലും ഈ പാവം ജനങ്ങളുടെ ജീവിതത്തിന്‌ വേണ്ട ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല. യൂറോപ്യന്‍ അമേരിക്കന്‍ നേത്രുതം ഇടപെട്ട് നടത്തിക്കുന്ന കൃഷിയുടെ പരിണിതഫലമായ ഇവരുടെ കാര്യം നോക്കാന്‍ മനുഷ്യാവകാശ സംഘടനകളും രംഗത്തില്ല.

ആദിവാസികളായ ഇവര്‍ ഹിന്ദുക്കളോ ബുദ്ധാരോ അല്ലെങ്കില്‍ ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ മതവിഭാഗമായ മുസ്ലീമോ അല്ല. അതുകൊണ്ട് തന്നെ ഇവരുടെ രോദനം കേള്‍ക്കാന്‍ മതനേതാക്കളോ വരുന്നില്ല. നമുക്കും ഇവരോട് എന്തിനു സഹതാപം കാണിക്കണം അല്ലെ. കാരണം എണ്ണ അവര്‍ക്ക് വേണ്ടെങ്കിലും നമുക്ക് അതില്ലാതെ ജീവിക്കാനാവില്ലല്ലോ. വികസനം എന്തെന്ന് അറിയാത്ത ആദിവാസികളെ കൊന്നിട്ടായാലും നമുക്ക് വികസനം വേണം. വികസനത്തിന്റെയും ആവശ്യത്തിന്റെയും പേരില്‍ കാട്ടില്‍ നിന്നും പുറംതള്ളിയിരിക്കുന്ന ഇവര്‍ക്ക് ആദ്യം ഒരു ജീവിതമാര്‍ഗ്ഗവും അന്തരീക്ഷവും കൊടുത്തിട്ട് വേണ്ടിയിരുന്നില്ലെ നമുക്ക് പുതിയ ഊര്‍ജ്ജത്തിന്റെ മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്...?

No comments: