തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, July 14, 2009

142.പന്തിഭോജനം -വെറുമൊരു 'കഥ'യല്ല.

പന്തിഭോജനം - ഉത്താധുനിക കാലത്തെ എറ്റവും വലിയ പ്രതിഭയായ സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയാണ്. ജാതി വേഷം മാറി പുതിയരൂപത്തില്‍ വ്യവഹാരപെടുമ്പോള്‍, ഭക്ഷണശീലങ്ങള്‍ വിഷയവല്‍ക്കരിക്കുന്ന ചെറുകഥ. സാമൂഹികമായി തിരസ്കരിക്കുമെന്ന ഭയം നിമിത്തം , എല്ലാ ജാതികളും ജാത്യാചാരം അതീവ ജാഗ്രതയോടെ പരിപാലിച്ചിരുന്നു.

ക്രോഫര്‍ഡ് സായിപ്പിനുണ്ടായ ഒരനുഭവകഥ ദിവാന്‍ ഗോവിന്ദമേനോന്‍ പള്ളിയില്‍ ഗോപാലമേനോനോട് പറയുന്നത് വിദ്യാവിനോദിനിയില്‍ ഇപ്രകാരം "ക്ഷേത്രത്തില്‍ നിന്നു ഒരുനായര്‍ ചോറുകൊണ്ടുപോകുന്ന സമയം സയിപ്പിന്റെ വേലക്കാരനായ ഈഴവന്‍ തീണ്ടുകയും ആ നായര്‍ ഈഴവനെ അടിക്കുകയും ചെയ്തു .ഈ വിവരം സായിപ്പിനോടുപറഞ്ഞ് അന്യായം കൊടുക്കുമെന്നറിഞ്ഞ നായര്‍ഭയപ്പെടുകയും ഉപായത്തില്‍ ആ ചോര്‍ ഒരു പുലയനെകൊണ്ട് എടുപ്പിച്ച് സായിപ്പിന്റെ അടുക്കല്‍ ചെല്ലികയും ചെയ്തു. എന്തുകൊണ്ടാണ്‍ ഈഴവന്‍ അടുത്തുകൂടി പോയതുകൊണ്ട് തനിക്ക് ഈ ചോര്‍ ഉണ്ടുകൂടാ എന്നും താനും ഇയാളും തമ്മില്‍ എന്തുവ്യത്യാസമാണുള്ളതെന്നും തന്റേയും ഇയാളുടേയും ദേഹത്തുള്ള രക്തത്തിന്‌ എന്തുവ്യത്യാസമാണുള്ളതെന്നും മറ്റും സായിപ്പ് നായരോടു ചോദിച്ചു. ഭയപ്പെട്ടനായര്‍ ഒരുവ്യത്യാസവുമില്ലന്നും ഇവിടെകൊണ്ടുവന്നിട്ടുള്ള ആ ചോര്‍ തന്റെമേല്‍ ആവലാതിപ്പെട്ടിട്ടുള്ള ഈ ഈഴവന്‍ഉണ്ടാല്‍ താനും ഉണ്ണാമെന്നു പറയുകയും ചെയ്തു. സായിപ്പ് തന്റെ ശിഷ്യനായ ഈഴവനെ വിളിച്ച് ചോറുണ്ണുവാന്‍ ആവശ്യപെട്ടു.ചോറുകൈയില്‍വെച്ചിരിക്കുന്നത് ഒരുചെറുമന്‍ ആണന്നുകണ്ട് ഈഴവന്‍ തങ്ങള്‍ തമ്മില്‍ തീണ്ടലുള്ളതിനാല്‍ ചോറുണ്ണാന്‍ പറ്റില്ലന്നും പറഞ്ഞു.സായിപ്പ്
ഒന്നും മിണ്ടാതെ ചോറിന്റെ വില എന്താണന്നന്വേക്ഷിച്ച് ആപണം കൊടുക്കുകയും തന്റെ ശിഷ്യനായ ഈഴവനോട് സംഗതിമുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാല്‍ ഇങ്ങനെ വിഡ്യാനാവുകയില്ലായിരുന്നു എന്നും പറഞ്ഞു.

"ശ്രേണിബദ്ധമായി അസമത്വം എപ്രകാരമാണ്‍ വിന്യസിക്കപ്പെട്ടിരിക്കുന്നതെന്നും അവയുടെ പ്രതിലോമകരമായ പ്രവര്‍ത്തനസ്വഭാവം എപ്രകാരമാണന്നും ഈ സംഭവം വെളിവാക്കുന്നു. മാത്രമല്ല സാമൂഹ്യതിരസ്കരണഭയം നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസ്ഥാപനമായ ജാതി സമൂഹത്തിന്റെ നാനതുറകളിലേക്കും ആഴത്തില്‍ വേരോടിയിരുന്നു എന്നും മേല്‍പറഞ്ഞ സം ഭവം തെളിയിക്കുന്നുണ്ട്.ഭക്ഷണശീലത്തിലെ ജാതി ആചാരങ്ങളും അവ ലംഘിക്കപ്പെട്ടാലുള്ള സാമൂഹിക തിരസ്ക്കരണഭയം ഒരുമനുഷ്യനെ അവന്റെ ഭക്ഷണസമയത്തുപോലും അവന്റെ ജാതിബോധത്തെ ദിനം പ്രതി ഓര്‍മ്മപ്പെടുത്തുന്നു.അതായത് വിശപ്പ് എന്നജീവശാസ്ത്രപ്രതിഭാസത്തിനോടൊപ്പം ജാതിയെന്ന സാമൂഹ്യാസമത്വത്തിന്റെ വിശപ്പും ഉണര്‍ത്തപ്പെടുന്നു.

4 comments:

കണ്ണനുണ്ണി said...

ജാതിയും ജാതിക്കുള്ളിലെ ജാതിയും ഒക്കെ പോയി മറഞ്ഞു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുറഞ്ഞ പക്ഷം പുതിയ തലമുറയില്‍ എങ്കിലും അതിനു വല്യ സ്വാധീനം ഇല്യ.. ഇനി ഒരു 50 വര്ഷം കൂടി കഴിഞ്ഞാല്‍ .. അതായതു ഇന്നത്തെ ഇളം തലമുറ മുതിര്‍ന്നു കഴിഞ്ഞാല്‍ അയിത്തവും ജാതിയും പൂര്‍ണ്ണമായും നമ്മുടെ സമൂഹത്തെ വിട്ടൊഴിയും എന്ന് ഉറച്ചു വിശ്വസിക്കാം

മാണിക്യം said...

ഫ്രിഡ്‌ജും മറ്റുമില്ലാതിരുന്ന പഴയ കാലത്ത് ഓരോ നേരവും മനുഷ്യര്‍ ഭക്ഷണം വച്ചുണ്ടാക്കി കഴിച്ചിരുന്നു ശുദ്ധിയും വെടിപ്പും പാചകത്തിനു നല്ല നിഷ്ടയും ആയിരുന്നു. അതു കൊണ്ട് കൂടിയാവാം മറ്റു ദിക്കിലേക്ക് യാത്ര ചെയ്യുമ്പോള്‍ പൊതിച്ചോറും അല്ലങ്കില്‍ പഴങ്ങളും മാത്രം കഴിച്ചിരുന്നത്,അതിന്റെ നല്ല വശമായി കണ്ടാല്‍ മതി ശുദ്ധമല്ലത്തത് ഭക്ഷിക്കില്ല എന്ന നിഷ്ട.
അതിനു വേണ്ടി തന്നെ നമുക്ക് പരിചിതമല്ലത്തവര്‍ തൊട്ടാല്‍ തീണ്ടലായി എന്ന രീതിയും പ്രത്യേകിച്ചു കുടിലില്‍ ജീവിച്ചിരുന്ന ചെറുമര്‍ പചകം ചെയ്തിരുന്ന ചുറ്റുപാടും അതായിരുന്നു..

ആസ്സാദ് ഹോട്ടലിലെ ബിരിയാണി എല്ലാവരും ഒന്നിച്ചു കഴിക്കുന്നു:)
ഈ കഥ-ഈ വിഷയം ഇന്നിപ്പൊള്‍ പ്രസക്തമല്ല,പിന്നെ പഴം പുരാണം പറഞ്ഞത് നന്നായി. ഒരു 20 കൊല്ലം കഴിഞ്ഞിതു പറഞ്ഞാല്‍ ആര്‍ വിശ്വസിക്കും???

ചാര്‍വാകന്‍ said...

കണ്ണനുണ്ണി,ജാതിവ്യവസ്ഥയുടെ തീവ്രതയുണ്ടന്നാരും പറയില്ല.പന്തിഭോജനമെന്ന കഥ രണ്ടോമൂന്നോ വര്‍ഷത്തിനകത്ത് പ്രസിദ്ധീകരിച്ചതാണ്.ആ കഥവായിച്ചാലേ ഞാന്‍പറയുന്നത് മനസ്സിലാവൂ.പെണ്‍ വക്കീലുമാരുടെ ഉച്ചയൂണുസമയത്ത് കറികള്‍ പരസ്പരം എടുക്കുമ്പോള്‍,ദലിത് ആയ സര്‍ക്കാര്‍ വക്കീലിയെ(?)ഒഴിവാക്കുന്നു. കാരണം പറയുന്നത് ചേറുമീനിന്റെ ചൊവയും ,മണവും .കാര്യം സാധിക്കാന്‍ ഒരിക്കല്‍ ഷെയറുചെയ്തു.വാഷ് ബേസനില്‍ ചര്‍ദ്ദിച്ചതുപോലും ചേറുമീന്‍.
120 വര്‍ഷത്തിനു മുമ്പ് തുടങ്ങിയ മിശ്രഭോജന/മിശ്രവിവാഹ പരിപാടികളുടെ സമകാലീന ചിത്രമാണ്,സന്തോഷ് എച്ചിക്കാനം വിഷയവല്‍ക്കരിച്ചത്.ജാതി രൂപം മാറിവ്യവഹാരപ്പെടുന്നു.ഇന്ന് അയിത്തമൂണ്ടന്നാരും പറയില്ല.(കുറ്റകരമാണ്) 50വര്‍ഷം കഴിഞ്ഞിതു മാറുമെന്നവിശ്വാസം നല്ലത്.നൂറുവര്‍ഷം മുമ്പും ഇങ്ങനെയാണു മനുഷ്യര്‍ കരുതിയത്.45-വര്‍ഷം മുമ്പ് കമ്മ്യൂണസത്തിന്റേയും ,യുക്തിവാദത്തിന്റേയും ,ശാസ്ത്രത്തിന്റേയും വളര്‍ച്ചകണ്ട്
ഞാനും ഇങ്ങനെ തന്നേയാണ്‍ കരുതിയത്.

ചാര്‍വാകന്‍ said...

മാണിക്യം ,കഥയൊന്നുകൂടിവായിക്കണം ​.ചെറുമന്റെകുടിലില്‍ നിന്നുകൊണ്ടുവന്നചോറല്ല,അമ്പലത്തില്‍ നിന്നുകൊണ്ടുവരും വഴി ഈഴവന്‍ അടുത്തുകൂടി പോയതുകൊണ്ടു സം ഭവിച്ചതാണ്.അതായത്,ശുദ്ധ/അശുദ്ധ സങ്കല്പങ്ങള്‍ ചോറിലല്ലന്നും മനസ്സിലാണന്നും .20 വര്‍ഷം കഴിഞ്ഞാല്‍ ആരും വിശ്വസിക്കില്ലന്നത്(കര്‍ത്താവേ അങ്ങനെതന്നെ വരട്ടേ) ആശ്വാസം .പുതുതലമുറയില്‍ നിന്നുകിട്ടിയ ഒരനുഭവം .എറണാകുളത്തു വാടകയ്ക്കു താമസ്സിക്കുന്ന കാലം .അടുത്ത വീട്ടിലെ എല്‍.പി.ക്കാരി മതിലിനു മുകളിലൂടെ സ്കൂളിലെ വിശേഷങ്ങള്‍ പറയുന്നകൂട്ടത്തില്‍,"ഞാളുടെ മാധവിടീച്ചറില്ലേ,പെലക്കള്ളിയാ".ആരുപറഞ്ഞു."അതു മമ്മി".
മാണിക്യം ,ഉയര്‍ന്ന വിദ്ധ്യാഭ്യാസമുള്ള സ്ത്രിക്കും ഒരുടീച്ച്റെ ഇങ്ങനെയേ അടയാളപ്പെടുത്തുവാനാകൂ.നൂറെതിരനുഭവം ഉണ്ടാവാം .
അമല്‍ നീരദ് മാധ്യമത്തിലെഴുതിയില്ലേ..?വാസൂ,നീയേതുജാതിയാണന്നു ഞാന്‍ തിരക്കിയിരുന്നില്ലന്ന്.വിശ്വസിക്കാമെല്ലേ..?
ഓഫ്;(അമല്‍ അവര്‍ണ്ണനെന്ന് എഴുതി വ്രിത്തികേടാക്കികളഞ്ഞു.)