തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, January 28, 2009

33. ലാവലിന്‍ ഉത്തരം തേടുന്ന ചോദ്യം ...

ഈ കൂതറ അവലോകന സമിതിയില്‍ മറ്റ് കൂതറകള്‍ക്കൊപ്പം വന്നുപെട്ടിട്ട് മറ്റു പല തിരക്കുകളാലും ഇതു വരെ ഒരു കൂതറത്തരം പോലും കാണിക്കന്‍ കഴിഞ്ഞിട്ടില്ല.

അതിന്റെ കുറവിവിടെ തീര്‍ക്കുന്നു - ഇന്നത്തെ മാതൃഭൂമിയീല്‍ (മാധ്യമ സിന്‍ഡിക്കേറ്റിലെ ഇടതുപക്ഷ പത്രം!) ടിവിആര്‍ ഷേണായി എഴുതിയ ലേഖനം - കോപ്പി പേസ്റ്റ് നിരോധിച്ചിട്ടുള്ളതാണെങ്കില്‍ കൂതറേ അങ്ങ് ഡിലീറ്റിയേരെ.... :)


ഇനി പിണറായി സഖാവ്വിനെതിരെ കോപ്പീ പേസ്റ്റ് ചെയ്തതിന് എന്നാണാവോ അഹങ്കാരിയെ പൊതുനിരത്തില്‍ പരസ്യവിചാരണ ചെയ്യണത്!



ലാവലിന്‍ ഉത്തരം തേടുന്ന ചോദ്യം
28 Jan, 2009

കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ?

കാഴ്‌ചയ്‌ക്കപ്പുറം........... ടി.വി.ആര്‍. ഷേണായ്‌

''കാര്യങ്ങള്‍ കൈവിട്ടുപോകുന്നു, കേന്ദ്രത്തിന്‌ ഒന്നിപ്പിക്കാനാവാതെ.....''
ഈ വരികള്‍ ഡബ്ല്യു.ബി. യേറ്റ്‌സിന്റെ 'രണ്ടാം വരവി'ല്‍നിന്നു ള്ളതാണ്‌. ഇത്തവണ റിപ്പബ്ലിക്‌ ദിനത്തിന്റെ തലേന്ന്‌ ഈ വരികള്‍ കൂടുതല്‍ പ്രവചനാത്മകത കൈവരിച്ചു.

ഇന്ത്യയിലെ മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഇന്നത്തെ അവസ്ഥ നോക്കുക. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി ആസ്‌പത്രിക്കിടക്കയിലാണ്‌. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനാവാതെ നമ്മള്‍ റിപ്പബ്ലിക്‌ദിനമാഘോഷിച്ചു. ബി.ജെ.പി. വൈസ്‌ പ്രസിഡന്റും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ കല്യാണ്‍സിങ്‌ പാര്‍ട്ടി വിട്ടു. മുമ്പ്‌ ശത്രുവും പിന്നീട്‌ മിത്രവും അതുകഴിഞ്ഞ്‌ എതിരാളിയുമൊക്കെയായി മാറിമറിഞ്ഞ മുലായം സിങ്‌ യാദവിന്റെ പാളയത്തിലാണ്‌ അദ്ദേഹമിപ്പോള്‍. സി.പി.എമ്മിന്റെ കാര്യത്തിലാകട്ടെ തങ്ങളുടെ കോട്ടകളിലൊന്നായ കേരളത്തില്‍നിന്നാണ്‌ പ്രതിസന്ധി തുടങ്ങുന്നത്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയഭാവി നിലനിര്‍ത്താനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ്‌ മാര്‍ക്‌സിസ്റ്റുകാര്‍.

15-ാമത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള പ്രഖ്യാപനം ആറാഴ്‌ചയ്‌ക്കകം ഉണ്ടാകും. രാജ്യത്തെ മൂന്നു വലിയ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പു നേരിടാന്‍ ഏതെങ്കിലും വിധത്തില്‍ സജ്ജമാണോ എന്നതാണ്‌ ഇപ്പോഴത്തെ ചോദ്യം. അഥവാ അവര്‍ ജയിച്ചാല്‍ എന്തു സംഭവിക്കും? നല്ല ഭരണത്തെക്കുറിച്ച്‌ എന്തെങ്കിലും പ്രതീക്ഷ ഇപ്പോഴുണ്ടോ? അല്ലെങ്കില്‍ എല്ലാം പതിവുപോലെ എന്ന മട്ടിലാവുമോ കാര്യങ്ങള്‍?

'കാര്യങ്ങളെല്ലാം പതിവുപോലെ' എന്നതിന്‌ ഇന്ത്യയില്‍ എന്താണ്‌ അര്‍ഥം? അതിനുള്ള ഉത്തരമാണ്‌ എസ്‌.എന്‍.സി. ലാവലിന്‍ വിവാദം. നമ്മുടെ രാജ്യത്ത്‌ സംഗതികള്‍ എങ്ങനെ നടക്കുന്നു, അല്ലെങ്കില്‍ നടക്കുന്നില്ല എന്നതിന്റെ നേര്‍ ചിത്രമാണത്‌.

കേരളത്തിനു പുറത്തുള്ളവര്‍ എസ്‌.എന്‍.സി. ലാവലിനെക്കുറിച്ച്‌ കേട്ടിട്ടുപോലുമുണ്ടാവില്ല. സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ആ കേസിലുള്‍പ്പെട്ടതുകൊണ്ട്‌ കേരളത്തിലുള്ളവര്‍ക്ക്‌ ആ പേര്‌ സുപരിചിതമായിരിക്കും. പിണറായി പ്രതിയാണെന്ന്‌ കേസന്വേഷിക്കുന്ന സി.ബി.ഐ. പറയുന്നു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായാണ്‌ കനേഡിയന്‍ കമ്പനിയായ എസ്‌.എന്‍.സി. ലാവലിനു കരാര്‍ നല്‌കിയത്‌. 1996 മുതല്‍ 98 വരെ കേരളം ഭരിച്ച നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ലാവലിനു വഴിവിട്ട സഹായം ചെയ്‌തെന്നാണ്‌ ആരോപണം. സി.ബി.ഐ. അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയിരിക്കുന്നു.


എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന സി.ബി.ഐ. ഡല്‍ഹിയിലെ കോണ്‍ഗ്രസ്‌ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ്‌ സി.പി.എം. കുറ്റപ്പെടുത്തുന്നത്‌. സ്വന്തം ദുഷ്‌ചെയ്‌തികള്‍ ഒടുവില്‍ പിണറായിയെ തിരിഞ്ഞുകുത്തിയതിനു തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ ഇരുപക്ഷത്തിനും പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കാന്‍ ഈ വിഷയം വലിയ അവസരമാണ്‌ ഒരുക്കുന്നത്‌.

ഒരു നിര്‍ദേശം: ലാവലിന്‍ കേസില്‍ പിണറായിയുടെ പങ്കാളിത്തം എന്ത്‌; അദ്ദേഹത്തെ അതിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കുമോ തുടങ്ങിയ കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിനിര്‍ത്താം. അതിനു പകരം ഇന്ത്യയില്‍ നടക്കുന്ന ഇടപാടുകളെക്കുറിച്ച്‌ വിശദമായി പരിശോധിക്കാം.

ഒന്നാമത്തെ കാര്യം, നമ്മള്‍ ചെലവിടുന്ന തുകയ്‌ക്കനുസരിച്ച്‌ നമുക്ക്‌ തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ മൊത്തം ഉത്‌പാദന ശേഷി 115 മെഗാവാട്ടാണ്‌. ശേഷി ഉയര്‍ത്താനുള്ള പ്രവൃത്തിക്കായി 374 കോടി രൂപയാണ്‌ ചെലവിട്ടത്‌. 'പ്രവൃത്തി'കള്‍ക്കു ശേഷം ഒരു മെഗാവാട്ട്‌ പോലും അധികം ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ അറിയുന്നത്‌. 374 കോടി രൂപയ്‌ക്കു പകരം ഇന്ത്യയിലെ നികുതിദായകര്‍ക്ക്‌ എന്താണ്‌ ലഭിക്കുന്നത്‌?

പിണറായി വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്നതാണ്‌ ഒരു ചോദ്യം. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ്‌ കൈകാര്യം ചെയ്‌ത ജി. കാര്‍ത്തികേയനാണ്‌ ലാവലിനുമായി കരാറൊപ്പിട്ടതെന്ന സി.പി.എമ്മിന്റെ ആരോപണം മറ്റൊന്ന്‌.

എന്നാല്‍ ഇവ രണ്ടുമല്ല യഥാര്‍ഥ പ്രശ്‌നങ്ങളെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഫലം കാണാന്‍ കഴിയാത്ത ഒരു കാര്യത്തിനുവേണ്ടി ഖജനാവില്‍നിന്ന്‌ കോടികള്‍ ഒഴുക്കിയെന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം.

ഇനി രണ്ടാമത്തെ കാര്യം. സര്‍ക്കാറുമായുള്ള കരാറുകളില്‍ എന്തിനാണ്‌ എപ്പോഴും അനുബന്ധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്‌? 1996 ഒക്ടോബറില്‍ പിണറായി വിജയന്റെയും അന്നത്തെ മുഖ്യമന്ത്രി നായനാരുടെയും നേതൃത്വത്തിലുള്ള സംഘം എസ്‌.എന്‍.സി. ലാവലിനുമായി പുനര്‍ ചര്‍ച്ചകള്‍ക്കായി കാനഡ സന്ദര്‍ശിച്ചു.


പുതിയ കരാറിലെ ഒരിനത്തെക്കുറിച്ച്‌ സി.പി.എം. പ്രസിദ്ധീകരണമായ 'പീപ്പിള്‍സ്‌ ഡമോക്രസി' ഇങ്ങനെ പറയുന്നു: ''പാക്കേജിന്റെ ഭാഗമായി ലാവലിന്‍ വാഗ്‌ദാനം ചെയ്‌ത 'കോംപ്ലിമെന്ററി ഗ്രാന്റ്‌' വിഹിതം 43 കോടി രൂപയില്‍നിന്ന്‌ 98 കോടിയായി ഉയര്‍ത്തുകയെന്നത്‌ പ്രധാന ലക്ഷ്യം. മലബാറില്‍ ഒരു ആധുനിക അര്‍ബുദ ചികിത്സാകേന്ദ്രം പണിയുന്നതിനായി കനേഡിയന്‍ സന്നദ്ധ ഏജന്‍സികളില്‍നിന്ന്‌ ഗ്രാന്റ്‌ ലാവലിന്‍ ഏര്‍പ്പാടാക്കിക്കൊടുക്കും''.

കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ എന്തുകൊണ്ടും നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ?

സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമിടയിലെ ആരോപണ പ്രത്യാരോപണ പരമ്പരകള്‍ക്കിടയില്‍ ഒരു യാഥാര്‍ഥ്യം മറനീക്കി പുറത്തുവരുന്നുണ്ട്‌. കരാറിലെത്തി 12 വര്‍ഷം പിന്നിട്ടിട്ടും അര്‍ബുദ ആതുരാലയം ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല.


അടുത്തത്‌ മൂന്നാമത്തെകാര്യം. സര്‍ക്കാര്‍ ഏതെങ്കിലും കരാറിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ മൂന്നാമതൊരു കക്ഷി പതിവായി രംഗപ്രവേശനം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എസ്‌.എന്‍.സി. ലാവലിന്‍ കേസില്‍ 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌' എന്ന മൂന്നാം കക്ഷിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കാനിടവന്നു. ചെന്നൈ ആസ്ഥാനമായുള്ള ഈ സ്ഥാപനത്തിനാണ്‌ കാന്‍സര്‍ ഹോസ്‌പിറ്റല്‍ നിര്‍മിക്കാന്‍ യഥാര്‍ഥത്തില്‍ കരാര്‍ നല്‌കിയത്‌. സംസ്ഥാന സര്‍ക്കാറിനോ എസ്‌.എന്‍.സി. ലാവലിനോ കെട്ടിട നിര്‍മാണത്തില്‍ വൈദഗ്‌ധ്യമില്ലെന്നതു വ്യക്തമാണ്‌. കാനഡയില്‍നിന്ന്‌ ഗ്രാന്റ്‌ ഇനത്തിലുള്ള പണം മുഴുവന്‍ ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌ വഴിയാണ്‌ എത്തുന്നത്‌ എന്നതുതന്നെ ഇതിന്റെ ഫലം.


നാലാമത്തെയും അവസാനത്തെയും കാര്യം. എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ കേസുകളെല്ലാം ഇങ്ങനെ അഴിയാക്കുരുക്കുകളിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്നത്‌? ഒരു പാര്‍ട്ടിക്കോ അല്ലെങ്കില്‍ മറ്റൊന്നിനോ തിരഞ്ഞെടുപ്പു നേട്ടമുണ്ടാകുമെന്ന്‌ ഉറപ്പാകുമ്പോഴല്ലാതെ അവയ്‌ക്കു വേഗം കൈവരിക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? ചെറിയതെന്ന്‌ തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിക്ക്‌ എസ്‌.എന്‍.സി. ലാവലിന്‌ ഇത്രയും ഉയര്‍ന്ന തുക എന്തിനു നല്‌കണം? കാന്‍സര്‍ ഹോസ്‌പിറ്റല്‍ പോലെയുള്ള ഒരു ബാഹ്യവിഷയം എന്തിനാണ്‌ ഊര്‍ജനിലയ നവീകരണത്തിലേക്ക്‌ വലിച്ചിഴച്ചത്‌?

വിശദാംശങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിനോക്കിയാല്‍ ഇത്തരം അഴിമതി വിവാദങ്ങള്‍ മറ്റു മിക്ക സംസ്ഥാനങ്ങളിലും നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ വരും. എസ്‌.എന്‍.സി. ലാവലിന്‍ സംഭവ പരമ്പരയിലെ ഏറ്റവും സങ്കടകരമായ വസ്‌തുതയും അതുതന്നെ. വിവാദങ്ങളുടെ പേരുമാത്രം മാറുന്നു. പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നു, പോകുന്നു. കേസുകള്‍ ഫയല്‍ ചെയ്യുന്നു, വിസ്‌മരിക്കപ്പെടുന്നു. അതുതന്നെയാണ്‌ ഇന്ത്യയിലെ പതിവുകാര്യം. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ പരിഗണിക്കുമ്പോള്‍ യേറ്റ്‌സിന്റെ കവിതയിലെ ഈ വരികള്‍ വീണ്ടും പ്രസക്തിയാര്‍ജിക്കുന്നു:

''മികച്ചവ ബോധ്യമില്ലാതുഴറി മോശപ്പെട്ടതോ, വൈകാരിക മൂര്‍ച്ഛയാല്‍ തുളുമ്പി.''


ഇതുപോലെ ഫാസിസത്തിന്റെയും വര്‍ഗീയതയുടേയും മൂര്‍ത്തിമദ് ഭ്ബാവങ്ങളായ പോസ്റ്റുകള്‍ അഹങ്കാരിയുടെ ബ്ലോഗില്‍ കാണാം

3 comments:

ഭ്രമരന്‍ said...

ഇനിയെങ്കിലും ഇവ ആവർത്തിക്കാതിരിക്കാൻ എന്തെങ്കിലും പോംവഴി കാണിച്ചുതരാമോ.ഞാൻ അധ്വാനിക്കുന്നതിൽ ഒരു പങ്കാണല്ലൊ ദൈവമെ ഈ കൊഞ്ഞാണന്മാർ പുട്ടടിക്കുന്നത്‌.

കൂതറ തിരുമേനി said...

@അഹങ്കാരി..

ഒരു പ്രശ്നവും ഇല്ല.. പക്ഷെ വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഹങ്കാരി പറയണം അത്രതന്നെ.. കാരണം എഴുത്തുകാര്‍ ഇവിടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ എഴുതുന്നു..

ചാര്‍ളി (ഓ..ചുമ്മാ ) said...

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"