തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, June 10, 2009

115.ആരാണ് അടിച്ചുമാറ്റാത്തത്.....?

അടുത്തിടെ ഒരു ഇസ്ലാമിക സഹോദരന്‍ ഒരു ക്രിസ്ത്യന്‍ സഹോദരനോട് "യേശു വെറും ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും പക്ഷെ സ്വന്തമായി ഒരു മതം സ്ഥാപിക്കാന്‍ വഴിയായെന്നും ബൈബിള്‍ അപൂര്‍ണം ആണെന്നും ഖുറാന്‍ പൂര്‍ണമെന്നും വാദിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതിനെ പറ്റി ഒന്നും പറയുന്നില്ല.

ഹൈന്ദവ ചരിതവും,പുരാണങ്ങളും,ഉപനിഷത്തും,വേദങ്ങളും എന്തായാലും ഈ രണ്ടു മതങ്ങളെകാളും പ്രാചീനമെന്നതുകൊണ്ട് ഒരു കഥ പറയാം.. കേട്ടിട്ട് നിങ്ങള്‍ തീരുമാനിക്കുക അടിച്ച് മാറ്റല്‍ നടന്നിട്ടുണ്ടോ..ഇല്ലയോ എന്ന്...

ഹിന്ദു മതത്തിന്‍റെ (ഇനി ഇതൊരു മതമല്ല സംസ്കാരം മാത്രമാണെന്ന് പറയുന്നവര്‍ക്ക് ആ സംസ്കാരത്തിന്‍റെ ഭാഗമായ) പുരാണങ്ങളില്‍ ഏറ്റവും പുരാതനമായതും പതിനയ്യായിരം ശ്ലോകങ്ങള്‍ ഉള്ളതും വിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ മഹിമയെയും വര്‍ണിക്കുന്ന സാത്വികപുരാണം എന്നറിയപ്പെടുന്നതും ആദ്യ വിഷ്ണുഅവതാരമായ "മത്സ്യാവതാര" ചരിത്രവും പറയുന്ന മത്സ്യ പുരാണത്തെ പറ്റിപറയാം..

സൂര്യ പുത്രനായ മനു (സത്യവൃതന്‍- ഓരോ യുഗങ്ങളിലും ഓരോ മനുവുണ്ടായിരുന്നുവെന്നു ചരിത്രം.പതിനാലു മനുക്കളില്‍ എഴാമനായ ഇദ്ദേഹത്തിനു വൈവസ്വത മനു എന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രം.)തന്‍റെ ഗൃഹസ്ഥശ്രമത്തിനു ശേഷം വനവാസത്തിനു പോയപ്പോള്‍ ഭരണം തന്‍റെ മകനായ ഇക്ഷാവിനെ ഏല്‍പ്പിക്കുകയുണ്ടായി..

ഹിമാലയ പര്‍വതത്തില്‍ ആയിരക്കണക്കിന് വര്‍ഷം തപമാനുഷ്ടിച്ച മനുവിന്‍റെ മുമ്പില്‍ സാക്ഷാല്‍ സൃഷ്ടാവായ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുകയും ആഭീഷ്ടം ആരായുകയും ചെയ്തപ്പോള്‍ വരമായി ഉടനെയുണ്ടാകുന്ന പ്രളയത്തില്‍ ലോകത്തെ രക്ഷിക്കാന്‍ അവസരമുണ്ടാക്കണം അല്ലെങ്കില്‍ ലോകത്തെ രക്ഷിക്കുന്നത് താനായിരിക്കണം എന്ന് ആവശ്യപ്പെട്ടു..ആഗ്രഹം വരമായി കൊടുത്തിട്ട് ബ്രഹ്മാവ്‌ അപ്രത്യക്ഷനായി.

ദിവസങ്ങള്‍ക്കു ശേഷം മനു അടുത്തുള്ള ഒരു കുളത്തില്‍ ഇറങ്ങി ദേഹശുദ്ധി വരുത്തുകയും ഒപ്പം കൈക്കുമ്പിളില്‍ ജലം പിതൃക്കള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൈക്കുമ്പിളില്‍ ഒരു ചെറുമത്സ്യം കയറി.മത്സ്യത്തെ കൊല്ലാതെ തന്‍റെ കമണ്ഡുലുവില്‍ നിക്ഷേപിക്കുകയും ചെയ്തു..പക്ഷെ നാള്‍ക്കുനാള്‍ വളര്‍ന്ന മത്സ്യം തിരികെ കുളത്തിലും,ഗംഗാനദിയിലും നിക്ഷേപിചെങ്കിലും വീണ്ടും വളര്‍ന്ന മത്സ്യത്തെ സമുദ്രത്തില്‍ നിക്ഷേപിക്കുകയും ഒടുവില്‍ അവിടെയും നിറഞ്ഞു വളര്‍ന്ന മത്സ്യത്തോട് താങ്കള്‍ അസുരനാണോ ദേവനാണോ എന്നാരായുകയും ഒടുവില്‍ മത്സ്യം താന്‍ മഹാവിഷ്ണുവാണെന്നും ഭൂമിയില്‍ ഒരു വരള്‍ച്ചയും അതിന് ശേഷം ഒരു പ്രളയവും ഉണ്ടാകുമെന്നും ആപ്രളയത്തില്‍ മനു ദൈവങ്ങളാല്‍ നിര്‍മ്മിതമായ നൌകയില്‍ ഭൂമിയിലെ ജീവജാലങ്ങളെ കയറ്റി രക്ഷിക്കണമെന്നും അരുള്‍ ചെയ്തു.

പിന്നീട് കടുത്ത വരള്‍ച്ചയും അതിന് ശേഷം ആകാശത്ത് സംവ്രദ, ഭീമനന്ദ,ദ്രോണ,ചന്ദ,വളഹക,വിദ്യുതപതക,കോണ എന്നിങ്ങനെ എഴുതരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാകുകയും പിന്നീട് ഇവയില്‍ നിന്നുണ്ടായ മഹാപ്രളയത്തില്‍ ഭൂമി മുങ്ങിപോകുകയും മനു തന്‍റെ ദൈവങ്ങള്‍ നിര്‍മ്മിച്ചതും മഹാവിഷ്ണു നല്‍കിയതുമായ നൌകയില്‍ ജീവജാലങ്ങളെ രക്ഷിചെന്നും ആ നൗക മത്സ്യാവതാരമായ വിഷുവിന്‍റെ ചിറകില്‍ കെട്ടിയാണ് വലിച്ചതെന്നും പറയുന്നു..

അതിന് ശേഷം മനു ചോദിച്ച നിരവധി ചോദ്യങ്ങളുടെ മറുപടികളുടെ ആകെ തുകയാണ് മത്സ്യപുരാണം..എന്തായാലും മേല്‍പ്പറഞ്ഞ രണ്ടു മതങ്ങളുടെയും പഴക്കം മത്സ്യപുരാണത്തോളം വരില്ല.. ഇനി ഈ പ്രളയകഥയും പെട്ടക/നൗക കഥയും തമ്മില്‍ എവിടെയെങ്കിലും സാമ്യമുണ്ടോ എന്ന് നോക്കുക..ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നു..

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..

സ്വാഹ......

12 comments:

radha said...

നന്ദി. വൈവസ്വത മനുവിനെക്കുറിച്ച് വായിച്ചിടുന്ടെങ്കിലും ഈ കഥ അറിയില്ലായിരുന്നു. അടിച്ചുമാറ്റം ആയിരിക്കില്ല, മറ്റൊരു വീക്ഷണം ആയിരിക്കാം

shahir chennamangallur said...

ഇസ്ലാം എന്നാല്‍ മുഹമ്മദ് പ്രവാചകന്‍ സ്ഥാപിച്ച മതമല്ല. മുഹമ്മദ് മാത്രവുമല്ല ഇസ്ലാമിലെ പ്രവാചകന്‍. മറിച്ച്, ലൊകത്ത് ഇന്നേ വരെ കഴിഞു പോയ സകല ജന വിഭാഗങളിലേക്കും അയക്കപ്പെട്ട ലക്ഷക്കണക്കിന്‌ പ്രവാചകന്മാര്‍ ഒരോ മുസ്ലിമിന്റെയും പ്രവാചകരാണ്‌. ഇതു ഞാന്‍ ഒരു പുതിയ വീക്ഷണം അവതരിപ്പിക്കുകയല്ല. ലോകത്തുള്ള എല്ലാ മുസ്ലിംഗളും വിശ്വസിക്കുന്നത് ഇങനെ തന്നെയാണ്‌. യേശുവും മോസസും(മൂസ) അബ്രഹാം(ഇബ്രാഹിം) നോഹ (നൂഹ്) ആദാം (ആദം) എല്ലം ഒരോ മുസ്ലിമിന്റെയും പ്രവാചകരാണ്‌. നിങല്‍ ഖുര്‍‌ആനിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഇവരുടെ എല്ലാം പേരുകള്‍ കാണാം.
ആയിരക്കണക്കിന്‌ ചരിത്രമുള്ള നമ്മുടെ നാട്ടിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്ന് തന്നെയാണ്‌ വിശ്വസിക്കപ്പെടുന്നത്. അതാരായിരുന്നു എന്നതിന്‌ തെളിവുകള്‍ ഇല്ലെങ്കിലും, ആരും ആകാം എന്ന ഒരു കാഴ്ച്ചപ്പാട് പുലര്‍ത്തുന്നവരും ഉണ്ട്. ഹിന്ദു വിശ്വാസത്തിലെ മഹാന്മാര്‍ ഒരു പക്ഷെ പ്രവാചകര്‍ ആയിരിക്കം അല്ലതിരിക്കാം.

മാറുന്ന മലയാളി said...

"മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് "

അത് സത്യം

Umesh::ഉമേഷ് said...

മത്സ്യപുരാണത്തിന്റെ കാലം എന്നാണു്? മത്സ്യാവതാരത്തിന്റെ കഥ ആദ്യം പറയുന്നതു മത്സ്യപുരാണത്തിലാണോ?

ഇവിടെ ഒരു അടിച്ചുമാറ്റലിന്റെ പ്രശ്നമില്ലെന്നു തോന്നുന്നു. വലിയ വെള്ളപ്പൊക്കങ്ങൾ എന്നും ഉണ്ടായിരുന്നു. അവയിൽ നിന്നു കര കയറാൻ പെട്ടകങ്ങളും മനുഷ്യൻ ഉണ്ടാക്കിയിട്ടുണ്ടു്. അന്നത്തെ ജ്ഞാനമനുസരിച്ചു് വെള്ളപ്പൊക്കം ഉണ്ടായ സ്ഥലം മാത്രമാണു ഭൂമി എന്നു കരുതിയിരുന്നു. അങ്ങനെ ഭൂമി മുഴുവൻ വെള്ളം കയറി എന്ന കഥയുണ്ടായി. പെട്ടകമുണ്ടാക്കിയവൻ ഹീറോ ആയി. മനുഷ്യരെ മാത്രമല്ല, കണ്ണിൽ കണ്ട ജീവികളെയും (ആടുമാടുകളെ) പെട്ടകത്തിൽ കയറ്റി. എന്നാൽ എല്ലാ സ്പിഷീസിനെയും കയറ്റി എന്നതു ശരിയല്ല എന്നതു് പെട്ടകത്തിന്റെ വലിപ്പവും സ്പീഷീസുകളുടെ എണ്ണവും (ബൈബിൾ അനുസരിച്ചു് എല്ലാം ആദ്യത്തെ ഏഴു ദിവസത്തിൽ തന്നെ ഉണ്ടായല്ലോ) ഒക്കെ കണക്കുകൂട്ടി ആളുകൾ തെളിയിച്ചിട്ടുണ്ടു്. നോഹയുടെ പെട്ടകത്തിന്റെ ആയിരമിരട്ടി വലിപ്പമുള്ള പെട്ടകത്തിനു പോലും ഭൂമിയിലെ എല്ലാ ജീവികളുടെയും രണ്ടെണ്ണത്തിനെ വീതം ഉൾക്കൊള്ളുവാൻ കഴിയില്ല.

മത്സ്യാവതാരകഥയും ഇതിൽ നിന്നു് അധികം വ്യത്യസ്തമല്ല.

നടന്ന സംഭവങ്ങൾ കഥകളാകുന്നു. കഥകൾ ഐതിഹ്യങ്ങളാകുന്നു. ഐതിഹ്യങ്ങൾ പുരാണങ്ങളാകുന്നു. ഓരോ ഘട്ടത്തിലും പൊലിപ്പും തൊങ്ങലും കൂടുന്നു. അത്ര മാത്രം.

Umesh::ഉമേഷ് said...

ഇസ്ലാം മുഹമ്മദ് സ്ഥാപിച്ച മതമല്ലെന്നും, ലോകത്തിലെ എല്ലാ സംസ്കാരത്തിന്റെയും നല്ല അംശങ്ങളും ഇസ്ലാമിനു് അവകാശപ്പെട്ടതാണെന്നും ആദ്യമായി പറയുന്നതു് ഷഹീർ അല്ല. പല മതങ്ങളും അവകാശപ്പെടുന്നതാണു്. ഇസ്ലാമിനു ശേഷം വന്ന ബഹായി മതം മുഹമ്മദിനെയും ഒരു സാദാ പ്രവാചകനാക്കി. കൂട്ടത്തിൽ കൃഷ്ണനെയും ബുദ്ധനെയും പ്രവാചകരാക്കി ചേർത്തു. എന്നിട്ടു് അന്ത്യപ്രവാചകനായ ബഹാവുള്ളയാണു് യഥാർത്ഥപരിപൂർണ്ണപ്രവാചകൻ എന്നും പറഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായതുകൊണ്ടു് ബഹായിയുടെ കിത്താബുകളിൽ പറഞ്ഞിരിക്കുന്നതു് അതിനു മുമ്പുള്ള മതഗ്രന്ഥങ്ങളിൽ ഉള്ളവയേക്കാൾ ശാസ്ത്രീയവുമാണു്.

ഇത്തരം വാദങ്ങളെ ഞാൻ ഈ പോസ്റ്റിൽ പരിഹസിച്ചിട്ടുണ്ടു്. അതിശയോക്തി ഉണ്ടെങ്കിലും വാദഗതികൾ പോകുന്നതു് ഇങ്ങനെ തന്നെയാണെന്നു കാണാൻ കഴിയും.

തങ്ങളുടെ പാരമ്പര്യത്തെപ്പറ്റി അഭിമാനിക്കുന്നതിൽ തെറ്റില്ല. എന്നാൽ ക്രിസ്തുവിനു മുമ്പു് ക്രിസ്തുമതവും മുഹമ്മദിനു മുമ്പു് ഇസ്ലാം മതവും ഉണ്ടായിരുന്നു എന്നു പറയുന്നതിനു ചരിത്രപരമായി യാതൊരു അടിസ്ഥാനവുമില്ല.

അപ്പൂട്ടന്‍ said...

ഇവിടെ നിന്നാണ് അടിച്ചുമാറ്റല്‍ നടന്നതെന്ന് അത്രയ്ക്കങ്ങ് ഉറപ്പിച്ചു പറയാനാവുമോ സുഹൃത്തേ....

ഭാരതീയപുരാണങ്ങള്‍ എല്ലാം എഴുതിവെക്കപ്പെട്ടവയോ ക്രോഡീകരിക്കപ്പെട്ടവയോ ആയിരുന്നില്ലല്ലോ. ഏതു ഘട്ടത്തിലാണ് ഇത്തരം ഐതീഹ്യങ്ങള്‍ കടന്നു വന്നതെന്ന് പറയാനാവുമോ?

കൃസ്തുമതം താരതമ്യേന പിന്നീട് വന്നതാവാം, പക്ഷെ നോഹയുടേയും മോസസിന്റെയും കഥകള്‍ അതിനു മുന്‍പേ പ്രചാരത്തിലുള്ളവയല്ലേ.

ആര്യന്‍ അധിനിവേശത്തിനു ശേഷമാണ് വേദങ്ങളും പുരാണങ്ങളുമെല്ലാം ഭാരതീയജീവിതത്തില്‍ സ്ഥാനം പിടിച്ചത് എന്നാണു എന്റെ അറിവ്. അങ്ങിനെയെങ്കില്‍ അന്ന് പ്രചാരത്തില്‍ ഉണ്ടായിരുന്ന കഥകളും അവര്‍ തന്നെ കൊണ്ടുവന്നതാവില്ലേ? അതാതു കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന കഥകള്‍ ദേശപരമായ വ്യതിയാനങ്ങളോടെ ഉപയോഗിക്കുന്നു, അത്രമാത്രം.

പറഞ്ഞുവരുന്പോള്‍ മോസസിന്റെയും കൃഷ്ണന്റെയും ശൈശവവും വളരെ സാമ്യമുള്ളതാണ്. അതും എഴുതാം.

മനുഷ്യ വിദൂഷകന്‍ said...

ഷഹീര്‍ പറഞ്ഞതിന്റെ മറുപടി ഉമേഷിന്റെ കമന്റില്‍ ഉള്ളതിനാല്‍ വീണ്ടും ഒരു അഭിപ്രായം പറയേണ്ട കാര്യം ഇല്ലായെന്ന് തന്നെ പറയട്ടെ.

ഉമേഷ്‌ ..
മത്സ്യ പുരാണം പുരാണങ്ങളില്‍ വച്ചേറ്റവും പഴക്കം ചെന്നതും (അവതാരങ്ങളില്‍ തന്നെ ആദ്യത്തെ മത്സ്യാവതാരം ആയിരുന്നല്ലോ) വേദവ്യാസനാല്‍ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നതും ആണ്. ഇതില്‍ പിന്നീട് ലോമഹര്‍ഷ മഹര്‍ഷി -ഇദ്ദേഹത്തെ രോമഹര്‍ഷന്‍ എന്നും വിളിക്കുന്നു - കുറച്ചു പരിഷ്കരിച്ചുവെന്നും കരുതുന്നു. വേദവ്യാസന്റെ ജീവിത കാലയളവ്‌ ക്രിസ്തുവിനു നാനൂറു വര്‍ഷം മുമ്പ് ആയിരുന്നുവെന്നും അതല്ല ആയിരം വര്‍ഷം മുമ്പായിരുന്നെന്നും തര്‍ക്കമുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നത് നാനൂറു വര്‍ഷത്തെ കാലയളവാണ്.

അതേപോലെ പ്രസ്തുത സംഭവം സത്യ അല്ലെങ്കില്‍ കൃതയുഗത്തില്‍ നടന്നതായാണ് പറയപ്പെടുന്നത്‌. അതിനു ശേഷമാണ് വിഷ്ണുവിന്റെ ത്രേതായുഗത്തിലെ രാമനും ദ്വാപരയുഗത്തിലെ കൃഷ്ണനും കലിയുഗത്തിലെ കലിയും (കലി ഇനിയും അവതാരമെടുത്തിട്ടില്ല) ഉള്ളത്. ഒരു മഹായുഗത്തിലെ ആദ്യത്തെ യുഗമായ സത്യ/കൃതാ യുഗം ലക്ഷക്കണക്കിന്‌ വര്‍ഷം ദൈര്‍ഘ്യം ഉള്ളതായിരുന്നുവെന്നു വിശ്വസിക്കുന്നുവെങ്കിലും നാലായിരത്തിഎണ്ണൂറ് വര്‍ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സ്വാമി യുക്തെശ്വര്‍ഗിരിയെ പോലെയുള്ളവര്‍ കരുതുന്നു. ഇനി അതങ്ങനെ തന്നെ കരുതിയാലും മൂവായിരത്തിഅറുനൂറു വര്‍ഷം ത്രെതായുഗവും,ആയിരത്തി ഇരുനൂറുവര്‍ഷം ദ്വാപരായുഗവും കഴിഞ്ഞു ഇന്ന് കലിയുഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കൃതാ യുഗത്തില്‍ നടന്ന അവതാരം എത്രവര്‍ഷം പഴക്കം ചെന്നതാണ് എന്ന് അനുമാനിക്കാന്‍ കഴിയും.

അനുമാനം സത്യമാണോ എന്നതാവും അടുത്ത ചിന്ത. ആര്‍ക്കും ക്രിസ്തുവിനെയോ, കൃഷ്ണനെയോ, അല്ലാഹുവിനെയോ സംശയരഹിതമായി ഉണ്ടായിരുന്നുവെന്നു തെളിയിക്കാനായിട്ടില്ല. അത് മറ്റൊരു വിഷയം ആയതിനാല്‍ കൂടുതല്‍ എഴുതുന്നില്ല. അതുകൊണ്ട് തന്നെ താന്താങ്ങളുടെ ഗ്രന്ഥങ്ങളെ വിശ്വസിക്കുന്നുവെന്ന് മാത്രം. വിശ്വാസിയുടെ അടിസ്ഥാന പ്രമാണം ഇത്തരം ഗ്രന്ഥങ്ങളും ആണ്. അതിന്റെ ശാസ്ത്രീയയുടെ വേരുകള്‍ ചികയാന്‍ കഴിയില്ല. കാരണം ഉണ്ട് എന്ന് തെളിയിക്കപ്പെടാത്തിടത്തോളം ഉണ്ട് എന്ന് വിശ്വസിക്കാന്‍ കഴിയില്ല എന്ന് ചിലര്‍ വാദിക്കുന്നത് പോലെ ഇല്ലായെന്ന് തെളിയിക്കപ്പെടാത്തിടത്തോളം ഇല്ലായെന്ന് പറയാനുമാവില്ലല്ലോ.

മനുഷ്യ വിദൂഷകന്‍ said...

ഉമേഷ്‌
താങ്കള്‍ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഇന്നിന്റെ കഥകളെ അതിശയോക്തി കലര്‍ത്തി (അത് പല കാരണങ്ങള്‍ കൊണ്ടാവാം) അതിന്റെ അത്ഭുദവും ചരിത്രവും ഇതിഹാസവും പുരാണവും ഒക്കെ ആക്കാം. ആ രീതിയില്‍ നാളെ മാതാ അമൃതാനന്ദമയിയോ, പുട്ടപര്‍ത്തി സായിബാബയോ നാളെ അവതാരങ്ങളോ ദൈവങ്ങളോ ആയി മാറാം. ഇപ്പോള്‍ തന്നെ ഷിര്‍ദി സായിബാബ ഏറെക്കുറെ ദൈവമായി. ഇതൊരു മതത്തില്‍ മാത്രമല്ല എല്ലാ മതത്തിലും അങ്ങനെ തന്നെ. അല്‍ഫോണ്‍സാമ്മ സാധാരണ മനുഷസ്ത്രീയും കന്യാസ്ത്രീയും ആയിരുന്നിട്ടും ഏറെക്കുറെ ദൈവീക പരിവേഷം ലഭിച്ചു കഴിഞ്ഞു. ഞാന്‍ അതിനെ കളിയാക്കുകയല്ല ഒരു സത്യം പറഞ്ഞുവെന്നു മാത്രം. താമസിയാതെ മദര്‍ തെരസയും ആ ഗണത്തില്‍ പെടും എന്ന് കേള്‍ക്കുന്നു. അവര്‍ ചെയ്ത നന്മകളെ വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്.
എന്നാല്‍ ഇതേപോലെ രണ്ടായിരം വര്‍ഷം മുമ്പ് തികച്ചും ആജ്ഞാശക്തിയും നേതൃഗുണവും ഉണ്ടായിരുന്നതും എന്നാല്‍ ആത്മീയതയും കൈമുതലുണ്ടായിരുന്ന സാധാരണ മനുഷ്യനായിരുന്നു നസ്രേതുകാരനായ യേശു എന്നതും പിന്നീട് അദ്ദേഹത്തിന്റെ അനുയായികളും ശിഷ്യന്മാരും അദ്ദേഹത്തില്‍ ദൈവപുത്രന്‍ എന്നാ പട്ടം ചാര്‍ത്തി ദൈവം ആക്കുകയായിരുന്നില്ലേ എന്നും ഒരു വിശ്വാസം ഉണ്ട്. കാലത്തിന്റെ പ്രത്യേകതയാണ് അത്. നമ്മള്‍ കാണാത്ത കാര്യങ്ങള്‍ തലമുറകള്‍ ആയി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ കുറെ കെട്ടുകഥകളും ഐതീഹ്യങ്ങളും കൂട്ടി ചേര്‍ക്കപ്പെടുന്നു. അവസാനം അതിനെ ഒരു ദൈവീക പരിവേഷവും കിട്ടികഴിഞ്ഞാല്‍ ദൈവം ആക്കിയെടുക്കുന്നു.

Umesh::ഉമേഷ് said...

മനുഷ്യവിദൂഷകൻ പറഞ്ഞതു് ഐതിഹ്യത്തിന്റെ കാര്യമാണു്. അതും ചരിത്രവും തമ്മിൽ വ്യത്യാസമുണ്ടാകും. ഉദാഹരണമായി മഹാഭാരതയുദ്ധം നടന്നതും കലിയുഗം തുടങ്ങിയതും 5000 കൊല്ലങ്ങൾക്കപ്പുറമാണെന്നാണു് ഐതിഹ്യം. അന്നു ജീവിച്ചിരുന്ന വ്യാസനല്ല മഹാഭാരതം എഴുതിയതു് എന്നതു വ്യക്തമാണു്. കൃതികൾ എഴുതുമ്പോൾ പഴയ മഹർഷിമാരുടെ പേരിൽ അവ പതിച്ചുകൊടുക്കുന്നതു സാധാരണയായിരുന്നു. പരാശരൻ, യാജ്ഞവൽക്യൻ, മനു തുടങ്ങിയവരുടെ പേരിലുള്ള സ്മൃതികൾ ഉദാഹരണം. വ്യാസൻ എഴുതിയതെന്നു പറയുന്ന പുരാണങ്ങൾ പല കാലത്തു് എഴുതപ്പെട്ടവയാണെന്നു തെളിഞ്ഞിട്ടുണ്ടു്. (അവയിൽ ഭാഗവതപുരാണമാകട്ടേ, വളരെ കാലം കഴിഞ്ഞിട്ടും) അപ്പോൾ പുരാണത്തിലെ വ്യാസന്റെ കാലവും പുരാണമെഴുതിയ വ്യാസന്റെ കാലവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതു ശരിയല്ല. പ്രത്യേകിച്ചും ഏതു് ആദ്യമുണ്ടായി എന്നു തർക്കിക്കുന്ന പോസ്റ്റിൽ.

മാത്രമല്ല, ഈ കഥകൾ വളരെക്കാലം പ്രചരിച്ചതിനു ശേഷമാണു് ആദ്യം എഴുതുന്നതു് എന്നും ആലോചിക്കണം. ഇന്നു നാം കേൾക്കുന്ന കൃഷ്ണകഥ തന്നെ മൂന്നു വ്യത്യസ്തകഥകൾ ചേർന്നു് പരിണമിച്ചതാണെന്നു പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ടു്. മഹാഭാരതത്തിലെയും ഭാഗവതത്തിലെയും കൃഷ്ണന്മാർക്കു വ്യത്യാസം കാണാനുമുണ്ടു്.

ഭാരതീയപുരാണങ്ങളിലെ പല കഥകളും കഥാപാത്രങ്ങളും ഗ്രീക്ക് പുരാണങ്ങളിലും കാണാം. ഒരേ കഥ രണ്ടിടത്തും പോയി പ്രചരിച്ചു എന്നേ ഇതിനു കാരണമായി പറയാൻ പറ്റൂ.

ഞാൻ പറഞ്ഞതു് ഇത്രയേ ഉള്ളൂ. ഏതു കഥ ആദ്യമുണ്ടായി, ആരു് ആരുടെ കഥ അടിച്ചുമാറ്റി എന്നതൊക്കെ അത്ര പ്രസക്തിയില്ലാത്ത വാദങ്ങളാണു്. ഈ കാര്യത്തിലെങ്കിലും.

മുക്കുവന്‍ said...

നടന്ന സംഭവങ്ങൾ കഥകളാകുന്നു. കഥകൾ ഐതിഹ്യങ്ങളാകുന്നു. ഐതിഹ്യങ്ങൾ പുരാണങ്ങളാകുന്നു. ഓരോ ഘട്ടത്തിലും പൊലിപ്പും തൊങ്ങലും കൂടുന്നു. ...

thats my stand too..

മത്തായി said...

കാര്യം ഊളത്തരമാണെങ്കിലും ഞമ്മളാണ് ആദ്യം പറഞ്ഞത്! എന്തൊരഭിമാനം. ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പിടിച്ചിടാന്‍ പറ്റിയ പെട്ടകോം നൌകേം. പാവം ദൈവങ്ങള്‍, ഭൂമിയിലെന്തു കുന്തമുണ്ടായാലും ഇത്രേ പറ്റൂ. പരമാവധി പെട്ടകമോ നൌകയോ ഉണ്ടാക്കി ഇതിനകത്തു തന്നെ പണ്ടാരമടക്കും. പ്രളയമുണ്ടാവുമ്പോള്‍ പട്ടി പോലും കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ ശ്രമിക്കും. ഭൂമിക്കു വെളിയില്‍ ഏക്ര ഏക്ര കണക്കിനു ‘ഭൂമി’യുണ്ടെന്നറിയാത്ത പാവം ദൈവങ്ങള്‍ എന്തോ ചെയ്യും, എങ്ങോട്ടു മാറ്റും?

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം.. ഹൈന്ദവരെ ഇനി തോല്‍പ്പിക്കാനാവില്ല മക്കളേ.
“എന്റച്ചന്റെ സൂട്ടറിനാ നിന്റച്ചന്റെ സൂട്ടറിനേക്കാള്‍ ശപ്പുതം“ എന്നൊക്കെപ്പറഞ്ഞു, എന്റെ ഒരു മുസ്ലീം സഹോദരന്റെയും ഒരു പാഴ്സി സഹോദരന്റെയും (ഈ ജനുസ്സില്‍പ്പെട്ട എല്ല്ലാ ലേഖനങ്ങളും ഇങ്ങനെ വ്യക്തമായ ഒരു റഫറന്‍സോടെയോ തുടങ്ങൂ. ത്രിശ്ശൂരുള്ള ഒരു ക്രൈസ്തവ ‘സഹോദരന്‍’, അറ്റലാന്റയില്‍ നിന്നും റാവല്‍പിണ്ടിക്കു പോക്കുന്ന വിമാനത്തിലിരുന്നു ദീപിക വായിച്ച ഒരു മദാമ്മ സഹോദരി..) LKG കുഞ്ഞുങ്ങള്‍ തര്‍ക്കിച്ചതോര്‍ക്കുന്നു, മതത്തിന്റെ ആത്യന്തിക ലക്ഷയ്‌വും അത്രെയുള്ളൂ.

എല്ലാവരെയും പ്രവാചകന്മാരാക്കും മുസ്ലിം ബുദ്ധിക്കു 100 മാര്‍ക്ക്.

കൃഷ്ണന്‍ പന്നിയിറച്ചി കഴിച്ചിരുന്നില്ല.
ഇല്ല കഴിക്കില്ല നമ്മടെ പ്രവാചകനല്ലേ!

കൃഷ്നന്‍ പോത്തിറച്ചിയും കഴിച്ചിരുന്നില്ല.
കഴിച്ചുകാണും ലവന്മാര്‍ തിരുത്തിയതല്ലേ!

ഈ പാവം ഞാന്‍ said...

ഭാരതീയ പുരാണങ്ങളെ വെറും കഥകളാക്കി കാണുന്നതിനോടു എനിക്കു യോജിപ്പില്ല.
ഈ പുരാണങ്ങള്‍ പരിശോധിച്ചാല്‍ ഇന്നു പല രാജ്യങ്ങളും അഹങ്കരിക്കുന്ന, അവര്‍ക്കു പേറ്റന്റ് ഉള്ള പല കാര്യങ്ങളും ഭാരതത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രചാരത്തിലിരുന്നവയാണ്. ഭാരതീയരുടെ അജ്ഞതയാണ് ഇതൊന്നും പുറം ലോകം അറിയാതെ പോയതിനു കാരണം.