തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, June 14, 2009

121.കാര്യം വീര്യം പമ്പരം പോലെ..കോണകം കണ്ടാല്‍ ചാണകം പോലെ..

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന കേരളം പ്രതിശീര്‍ഷവരുമാനത്തിലും ആളോഹരി സംസ്ഥാനവരുമാനത്തിലും മുന്‍പന്തിയില്‍ തന്നെ. ആരോഗ്യ രംഗത്തും വിദ്യാഭാസരംഗത്തും ഉള്ള ഈ കുതിച്ചുചാട്ടം പക്ഷെ വികസന മേഖലയില്‍ എത്തിക്കാനയില്ല എന്ന് വേണം കരുതാന്‍.

പക്ഷെ മാറുന്ന ഈ സാമ്പത്തിക ചുറ്റുപാടുകളില്‍ വേണ്ടവണ്ണം സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.ഗള്‍ഫില്‍മാത്രമുള്ള മലയാളികള്‍ ദിനവും അറുപതു മുതല്‍ എഴുപതു കോടിവരെ അയയ്ക്കുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ കൂടി താമസിക്കുകയും ജോലിചെയ്യുകയുംചെയ്യുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പടെ ആ വരുമാനം രണ്ടായിരത്തി അഞ്ഞൂറ് കോടിയോളം വരും.. അതായതു സര്‍ക്കാര്‍ വരുമാനമോ സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ,സ്വകാര്യ സ്ഥാപങ്ങളില്‍ നിന്നും അല്ലാതെ വിദേശനാണ്യമായി തന്നെ അറുനൂറുമില്ല്യന്‍ഡോളര്‍ വരുന്ന തുക നമ്മുടെ ഈ ചെറിയ സംസ്ഥാനത്തിലേക്കു ഒഴുകിയെത്തുന്നു.ഇവയില്‍ ഏറിയ പങ്കും അല്ലെങ്കില്‍ ഭൂരിപക്ഷവും ബാങ്കില്‍ കിടന്നു തുച്ചമായ പലിശമാത്രം കിട്ടുന്ന വെറും സേവിംഗ്സ് അക്കൌണ്ടുകള്‍ മാത്രം ആണ്.

അതെ പണം വടക്കേന്ത്യന്‍ വ്യെവസായികളും മാര്‍വാടികളും ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ പലിശ കൊടുത്തു ഉല്‍പ്പന്നങ്ങള്‍ ആക്കിയോ വട്ടിപ്പലിശക്കാരായ തമിഴന്‍റെ കൈയില്‍കൂടെ വന്‍പലിശ നേടിയെടുത്തു കൂടുതല്‍ പണക്കാരവുകയോ ആണ് സംഭവിക്കുന്നത്..ഇവിടെ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്.എന്താണ് പോംവഴി..

തേനീച്ചകള്‍ തേന്‍ സംഭരിക്കുന്നത് പോലെ ഓരോ രാജ്യങ്ങളും കറങ്ങി തങ്ങളാല്‍ ആവും വിധം പണമുണ്ടാക്കി നാട്ടില്‍ അയക്കുന്ന മലയാളി സ്വന്തം നാട്ടില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നു.സ്വന്തമായി ഒരു വിദേശ കാര്യ വകുപ്പ് മന്ത്രിയും ഗള്‍ഫ്കാര്‍ക്ക് വേണ്ടി മാത്രം മാന്തിയും ഉണ്ടായിട്ടു എന്ത് ഫലം..നാട്ടില്‍ നിക്ഷേപത്തിന് സാഹചര്യമില്ലാത്ത മലയാളി പിന്നേതു ചെയ്യും. നാട്ടില്‍ നല്ല റോഡ് ഉണ്ടാക്കാന്‍ ശ്രമിച്ചു കോണ്ട്രാക്റ്റ് എഴുതി വാങ്ങിയ മലേഷ്യന്‍ കമ്പനിയുടെ അധികാരി ആത്മഹത്യ ചെയ്യേണ്ടി വന്നു..

റോഡിലെ കുഴികലെക്കാള്‍ കൂടുതല്‍ ബന്ദും ഹര്‍ത്താലും അതിനെക്കാള്‍ കൂടുതല്‍ ഗുണ്ടായിസവും തൊഴില്‍ സമരങ്ങളും കൂടെ മേമ്പൊടിയായി പിന്തിരിപ്പന്‍ വാദവും.ഇടയ്ക്ക് അച്ചുമാമനെയും പട്ടിയേം ഉണ്ണികൃഷ്ണനെയും അഭയെയും കൂടെ ജോമോനെയും..

കാതലായ പ്രശ്നം ഇവരാണോ..കേരളത്തില്‍ ഏറ്റവും സ്ഥായിയായ വരുമാനം വിദേശമലയാളികളുടെ മാത്രമാണ്.കിലോയ്ക്ക് നാലായിരം വന്ന വാനിലയോ നൂറ്റിനാല്‍പതു വന്ന റബറോ പിന്നീട് വിലക്കുറവിന്‍റെ കയത്തില്‍ പതിച്ചു.. പക്ഷെ കേരളത്തില്‍ നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സാഹചര്യം അല്ല എന്ന് പാടി പാടി തങ്ങളുടെ സംസ്ഥാനത്തേക്ക് അവരെ ആനയിക്കാനും അവര്‍ക്ക് വേണ്ട സഹായം കൊടുക്കാനും വിവിധസംസ്ഥാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു ..
ആ ഒഴുക്ക് ബലമായി തടയുകയല്ല വേണ്ടത്..പകരം അവര്‍ക്ക് വിശ്വസിക്കാന്‍ അവര്‍ക്ക് പേടിയില്ലാതെ നിക്ഷേപം നടത്തുവാന്‍ ഒരുങ്ങുകയാണ് വേണ്ടത്.കോടീശ്വരന്മാരായ മലയാളി വ്യെവസായികള്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ മടിക്കുകയാണ്.

എന്താണ് പോം വഴി..

കേരളത്തിലെ വട്ടപ്പലിശക്കാരെ നിയന്ത്രിച്ചു വിദേശമലയാളികളില്‍ നിന്നു സംഭരിക്കുന്ന പണം ഒരു കണ്‍സോര്‍ഷ്യം രൂപികരിച്ചു മൈക്രോഫിനാന്‍സിംഗ് നടത്തി കേരളത്തിനു പ്രയോജനകരമായി ഉപയോഗിക്കുകയും വിദേശ മലയാളികള്‍ നടത്തിയ നിക്ഷേപത്തിന് മാന്യമായ പലിശ കൊടുക്കുകയും ചെയ്യുക..

സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രസ്തുത പണം(റോഡ്,ആശുപത്രി,ജലസേചനം തുടങ്ങി..) ഉപയോഗിച്ചു സമയ സമയം പണം തിരിച്ചടച്ചു അതിന്‍റെ ഗുണം എന്‍.ആര്‍.ഐ. നിക്ഷേപകരും ഒപ്പം സംസ്ഥാനവും അനുഭവിക്കുക.ആവശ്യമില്ലാത്ത കാര്യത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി ഒരു നിക്ഷേപക സാധ്യതയെ ഇല്ലാതാക്കുക.. പ്രൈവറ്റ് സഹകരണത്തിലൂടെ ഉണ്ടായ കൊച്ചിന്‍ എയര്‍പോര്‍ട്ട് ഇതിന് നല്ല ഉദാഹരമാണ്.അല്ലാതെ മലയാളികള്‍ തങ്ങളുടെ പണം ഗള്‍ഫില്‍ തന്നെയോ മറ്റു സംസ്ഥാങ്ങളിലോ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വിദേശപണം വെറും കിട്ടാക്കനിയായി മാറും..

എന്തിനും ഏതിനും വിദേശികളായ വിദഗ്ദ്ധര്‍

കേരളത്തെ തിന്നുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ വികസനത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന മറ്റൊരു പ്രതിഭാസം.പക്ഷെ ഈയൊരു കാര്യം ഭാരതത്തില്‍ പൊതുവെ കാണപ്പെടുന്നതുകൊണ്ട് കേരളത്തെ മാത്രം കുറ്റപ്പെടുത്തണോ എന്നകാര്യം മാത്രം സംശയം.പൊതുവെ ആര്‍ക്കും വിദേശികളായ എഞ്ചിനീയറിംഗ് മികവിനോ അവരുടെ ആസൂത്രണപാടവത്തെപറ്റിയോ സംശയം ഇല്ല..പക്ഷെ അവര്‍ മാത്രം ചെയ്യാവുന്നതോ അവര്‍ക്കുമാത്രമേ കഴിയൂ എന്നതോ ആയ സമീപനം.. അതാണ്‌ തെറ്റ്..

ഭാരതത്തിലെ ഐ.ഐ.ടി. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പഠന കേന്ദ്രങ്ങളില്‍ ഒന്നാണ്. അതെ പോലെ ഐ.ഐ.എസും.മാത്രമല്ല ഇന്ത്യയിലെ ഐ.ഐ.എം., എക്സ്.എല്‍.ആര്‍.ഐ., തുടങ്ങിയ മാനേജ്മെന്റ്റ് കോളജുകള്‍ ലോകത്തിലെ തന്നെ ഏറ്റവും മേന്മയേറിയ വിദ്യാഭാസ കേന്ദ്രങ്ങളില്‍ പെടും.. പക്ഷെ അവിടെ പഠിച്ചിറങ്ങുന്ന കുട്ടികളെയോ അവരുടെ തലച്ചോറിനെയോ നമുക്കു ഉപയോഗിക്കാന്‍ കഴിയുന്നില്ല..കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് ആയ (പഠന കേന്ദ്രം എന്നാണ് ഉദ്ദേശിക്കുന്നത്) കുസാറ്റിലെ കുട്ടികള്‍ പോലും തങ്ങളുടെ മികവ് കേരളത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധികാതെ വിദേശത്ത് കണ്ണും നട്ടിരിക്കുകയാണ്.കേരളത്തിലെ സാങ്കേതിക തൊഴിലാളികളെ പറ്റി (അല്പം പരിജ്ഞാനം ഉള്ള ഹെല്‍പ്പര്‍ മുതല്‍ എഞ്ചിനീയര്‍ വരെ എല്ലാവരെയും പറ്റി.) ഗള്‍ഫില്‍ എന്നല്ല സിങ്കപ്പൂരിലും ,മലേഷ്യയിലും തുടങ്ങി ലോകത്തിന്‍റെ ഏതുഭാഗത്തും നല്ല അഭിപ്രായം തന്നെ.. അമേരിക്കയില്‍ നാസയില്‍ തുടങ്ങി ബോയിങ്ങില്‍ വരെ മലയാളികള്‍ തങ്ങളുടെ വെക്തിമുദ്ര പതിപ്പിചിരിക്കുന്നു. ഏത് എഞ്ചിനീയറിംഗ് വിദഗ്ദോപകദേശ സ്ഥാപങ്ങളിലും മലയാളികള്‍കാണാം...പക്ഷെ അവര്‍ക്കല്ല വെള്ളക്കാരെ മാത്രമെ ഒരു വിദഗ്ദനായി കാണാന്‍ ഭരണാധികാരികള്‍ക്കാവൂ.. എന്തുകൊണ്ട്..

പ്രധാനമായും രണ്ടുകാരണങ്ങള്‍ തന്നെ.

ഒന്നു : സായിപ്പ് വിട്ടുപോയിട്ടും അവരോട് പുലര്‍ത്തുന്ന വിധേയത്വം.. കാരണം വെളുമ്പന്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മഹാമണ്ടത്തരം..പിന്നെ അതിനെ ന്യായീകരിക്കാന്‍ അവര്‍ പണിതതും ഉണ്ടാക്കികാണിച്ചതുമായ കെട്ടിടങ്ങളും പാലങ്ങളും..

രണ്ടു. :വിദേശ സ്ഥാപനങ്ങള്‍ നല്കുന്ന കമ്മിഷന്‍..കാരണം ഇ.ഐ.എല്‍.പോലെയുള്ള സ്ഥാപങ്ങള്‍ തങ്ങള്‍ക്കു പണികിട്ടാന്‍ കമ്മിഷന്‍ കൊടുക്കുന്ന പതിവില്ല..തങ്ങളുടെ ഭരണകാലത്ത് ഉണ്ടാക്കുവാന്‍ പറ്റുന്നതിന്‍റെ പരമാവധി ഉണ്ടാക്കുക മാത്രം ആണ് ഇന്നേല്ലവരുടെയും ലക്ഷ്യം. എസ്.എന്‍.സി.ലാവലിന്‍ പോലെയുള്ള കുംഭകോണങ്ങള്‍ തന്നെ അതിന് ഉദാഹരണം..ഈ

രണ്ടുകാരണങ്ങള്‍ക്കും ഉള്ള മറുപടി..

ഒന്നു : അന്ന് സായിപ്പന്മാര്‍ സൃഷ്‌ടിച്ച കെട്ടിടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനു കാരണം അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മാത്രമല്ല.. അവര്‍ ഓരോ പദ്ധതിയ്ക്കും നല്‍കിയിരുന്ന മുതല്‍ മുടക്ക് പൂര്‍ണമായും അതില്‍ ചിലവഴിച്ചിരുന്നു.. ഒരു കോടിയുടെ പദ്ധതിയില്‍ നാല്പതു ലക്ഷം പണിയ്ക്കും അറുപതുകോടി കൈക്കൂലിയും കൊടുക്കേണ്ടി വന്നാല്‍ പിന്നെ എങ്ങനെ നിലവാരം പ്രതീക്ഷിക്കും.. കാരണം കൈക്കൂലി കൊടുക്കാതെ പദ്ധതിയില്‍ പൂര്‍ണമായും ചിലവാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് ചില സ്വകാര്യ സ്ഥാപനങ്ങളായ ഇന്‍ഫോസിസ്,ടി.സി.എസ്. തുടങ്ങിയവയുടെ കെട്ടിടങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും..അവയുടെ നിര്‍മ്മാണം മാത്രമല്ല ഡിസൈനിംഗ് കൂടി നടത്തിയത് ഭാരതീയ സ്ഥാപനങ്ങള്‍ ആയിരുന്നു..

രണ്ടു..: കമ്മിഷന്‍ കിട്ടാതെ എങ്ങനെ രാഷ്ട്രീയക്കാര്‍ ജീവിക്കും.. കാരണം നമ്മുടെ പാര്‍ട്ടികളെ ഒന്നു നോക്കൂ. സമ്പന്നമായ പാര്‍ട്ടിയും പാവങ്ങളായ നേതാക്കളും... കോടികള്‍ മുടക്കാന്‍ (ചാനലിനു വേണ്ടിയും അമ്യൂസ്മെന്‍റ് പാര്‍ക്കിനു വേണ്ടിയും) അവര്‍ക്കുണ്ട്...പക്ഷെ പാവങ്ങള്‍ക്കായി നാരങ്ങ മുട്ടായി വാങ്ങാന്‍ പണമില്ല.. പിന്നെ ഒരെണ്ണം സമ്പന്നന്മാരായ നേതാക്കന്മാരും പാവമായ പാര്‍ട്ടിയും.. പിന്നെ മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന മറ്റൊരെണ്ണം..വിദേശികള്‍ നാട്ടില്‍ നിന്നു പോയിട്ടും നമുക്കു സ്വാതന്ത്രം കിട്ടിയിട്ടില്ല എന്ന് ചുരുക്കം... വിദേശികള്‍ പോയപ്പോള്‍ രാഷ്ട്രീയകാരുടെ കോളനി എന്ന് മാത്രം..ഗള്‍ഫ്കാരന്‍റെ ഭാഷയില്‍ സ്പോണ്‍സര്‍ മാറി..

ബാക്കിയെല്ലാം കല്ലി..വല്ലി....

1 comment:

ഈ പാവം ഞാന്‍ said...

ജനശ്രദ്ധ കിട്ടേണ്ട പോസ്റ്റ് ആണു...
വളരെ നന്നായിരിക്കുന്നു.