തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, June 22, 2009

127.പോട്ടം പിടുത്തക്കാര്‍

ബ്ലോഗിങ്ങില്‍ അനന്തമായ സാധ്യതകളാണ് ഉള്ളത്. അതുപോലെ ബ്ലോഗിങ്ങില്‍ ഇഷ്ടംപോലെ വിഷയങ്ങളും തെരഞ്ഞെടുക്കാം. ഇപ്പോള്‍ തന്നെ വിഷയാധിഷ്ടിത അഗ്രികള്‍ പോലും വന്നുകൊണ്ടിരിക്കുന്നു. ബ്ലോഗില്‍ സമീപകാലത്തായി പച്ചപിടിച്ചിരിക്കുന്ന ഒരു കൂട്ടം ഇനമാണ് ഫോട്ടോ ബ്ലോഗുകള്‍. തങ്ങള്‍ പിടിക്കുന്ന പോട്ടങ്ങളെ ബ്ലോഗിലൂടെ ആളുകളെ കാണിക്കുന്ന ഒരു രീതി. നല്ല ഫോട്ടോകള്‍ ആളുകള്‍ക്ക് കാണാന്‍ അവസരം ഒരുങ്ങുന്നതോടൊപ്പം നന്നായി പോട്ടം പിടിക്കുന്നവരുടെ അഭിപ്രായം കിട്ടുമ്പോള്‍ പോട്ടം ഇട്ട ചേട്ടന്മാരുടെ കഴിവുകള്‍ വളരാന്‍ അവസരവും ഇതോടൊപ്പം കിട്ടും. എന്തായാലും സ്റ്റുഡിയോയില്‍ പോയി ഫോട്ടോഗ്രാഫറുടെ മുമ്പില്‍ കോള്‍ഗേറ്റിന്റെ പരസ്യംപോലെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒരു ഫോട്ടോ എടുപ്പിക്കുമെന്നല്ലാതെ പോട്ടവും കൂതറ തിരുമേനിയും തമ്മില്‍ അത്ര വല്ല്യ ബന്ധമില്ല.

ഈ പോസ്റ്റിന്റെ ഉദ്ദേശം എന്താണ് എന്ന് സ്വാഭാവികമായും സംശയം ഉണ്ടാവും. കവിതകളെ മുറിച്ചും ഓടിച്ചും പിടിച്ചും കവിതകളെ ബലാല്‍സംഗം ചെയ്യുന്ന പോലെ ഫോട്ടോകളെ അമിതമായി ഫോട്ടോഷോപ്പിലും മറ്റു ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിലും എഡിറ്റ്‌ ചെയ്തു അവസാനം ഇത് ഫോട്ടോയാണോ അതോ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയ ഗ്രാഫിക്സ് ആണോ എന്നുപോലും തിരിച്ചറിയാന്‍ വയ്യാത്ത ഒരെണ്ണം പബ്ലിഷ് ചെയ്യുപോള്‍ ഫോട്ടോ ബ്ലോഗ്‌ എന്നാ ആശയം അതിന്റെ പേരിനോട് നീതി പുലര്‍ത്തുന്നോ എന്ന് തോന്നിപ്പോവും.

ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നത് തെറ്റാണോ എന്ന് ചോദിച്ചേക്കാം. അല്ല. ഒരിക്കലുമില്ല. ചെറിയ കളര്‍ കറക്ഷന്‍, ക്രോപ്പിംഗ് അല്ലെങ്കില്‍ ഒരു സെപിയ എഫ്ഫക്റ്റ്‌ ഒക്കെ കൊടുക്കാന്‍ നല്ലതാണു അല്ലെങ്കില്‍ പ്രധാന ചിത്രത്തിന്‍റെ ആത്മാവിനെ നിലനിര്‍ത്തി ചെറിയ പണി ചെയ്യുന്നതില്‍ തെറ്റില്ല. പടക്കട (ഫോട്ടോ ഷോപ്പ്) അമിതമായി ഉപയോഗിച്ച് അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാത്താക്കി എന്നുള്ള പണി കാണിക്കുമ്പോള്‍ കഷ്ടം തോന്നുന്നു.

അടുത്ത പ്രവണതയാണ് ഫോട്ടോയില്‍ എടുത്ത ആളിന്റെ പേര് എംബഡ് ചെയ്യുന്നത്. നല്ലൊരു ഫോട്ടോയുടെ ഉള്ളില്‍ പേര് എംബഡ് ചെയ്തു അവസാനം ആ പോട്ടത്തിന്റെ നൈസര്‍ഗ്ഗികത കളയുമ്പോള്‍ കാണുന്നവന് വിഷമം ആണ് തോന്നുന്നത്. ഫോട്ടോ എടുക്കുന്ന ഉപകരണങ്ങളുടെ വില വളരെ കൂടുതല്‍ ആണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ ഫോട്ടോ ആരെങ്കിലും അടിച്ചുമാറ്റി ഉപയോഗിക്കാതിരിക്കാന്‍ വേണ്ടിയാണെങ്കില്‍ അങ്ങനെ ചെയ്‌താല്‍ അതിനെ നിയമപരമായി തന്നെ നേരിടാം. എന്നാലും ഫോട്ടോയില്‍ ഇങ്ങനെ പേര് എംബഡ് ചെയ്യുന്നതിനോട് യോജിക്കാനാവില്ല. അല്ലെങ്കില്‍ വേറെ ഇലക്ട്രോണിക് എംബഡ് ടെക്നോളെജി ഉപയോഗിച്ചാലും മതിയെന്ന് തോന്നുന്നു. എങ്കില്‍ ഈ വൃത്തികേട്‌ മാറിക്കിട്ടും.

എന്റെ ബ്ലോഗ്‌ എന്റെ ഫോട്ടോ താന്‍ വേണമെങ്കില്‍ കണ്ടിട്ട് പോടെ എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ കാഴ്ചക്കാരന്‍ എന്നുള്ള രീതിയില്‍ ഇത്ര പറയാതെ വയ്യാ. മേക്‌അപ് ഉപയോഗിക്കുന്നതുപോലെ ആവണം ഇത്തരം എഡിറ്റിംഗ്. അതായത് ഒറിജിനല്‍ സ്ട്രെക്ച്ചര്‍ നില നിലനിര്‍ത്തി കറക്ഷന്‍ ചെയ്യുക. അവസാനം ഇത് ഫോട്ടോ ആണോ ഇല്ലയോ എന്ന് തോന്നുമ്പോള്‍ "ലെന്‍സില്‍ ചുണ്ണാമ്പ് ഇട്ടു വെക്കൂ മോനെ...!" എന്ന് പറയേണ്ടി വരും.. മമ്മുക്കൊയയെ മേക്‌അപ് ചെയ്തു മമ്മൂട്ടി അക്കുന്നതുപോലെ എഡിറ്റ്‌ ചെയ്യുന്നത് കണ്ടപ്പോള്‍ തോന്നിയ വിഷമം കൊണ്ട് പോസ്റ്റ്‌ ചെയ്തു പോയതാണ്.

അടികള്‍ പ്രതീക്ഷിച്ചുകൊണ്ട്
കൂതറ തിരുമേനി.

19 comments:

Unknown said...

ഫോട്ടൊ ഷോപ്പിനെ ഞാനും കുറെ പണ്ട് വികൃതമാക്കിയിട്ടുണ്ട്

|santhosh|സന്തോഷ്| said...

“എന്തായാലും സ്റ്റുഡിയോയില്‍ പോയി ഫോട്ടോഗ്രാഫറുടെ മുമ്പില്‍ കോള്‍ഗേറ്റിന്റെ പരസ്യംപോലെ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒരു ഫോട്ടോ എടുപ്പിക്കുമെന്നല്ലാതെ പോട്ടവും കൂതറ തിരുമേനിയും തമ്മില്‍ അത്ര വല്ല്യ ബന്ധമില്ല.“

അങ്ങിനെ വേണം!! ഫോട്ടോയുമായി പുലബന്ധമില്ലാത്ത ആള്‍ തന്നെ വേണം ഫോട്ടോഗ്രാഫര്‍മാരോട് ഇങ്ങിനെ ഉപദേശീക്കാന്‍!! :)

ഗുപ്തന്‍ said...

ഫോട്ടോഷോപ് ഉപയോഗിച്ചു എഡിറ്റ് ചെയ്യുന്നതിനെ പലരും ഇങ്ങനെ കളിയാക്കുന്നത് കണ്ടിട്ടുണ്ട്. പുതിയ കാമറകള്‍ നല്‍കുന്ന ഒരു സ്വാതന്ത്ര്യമാണത്. ഡി എസ് എല്‍ ആറുകളിലും ഹൈ എന്‍ഡ് പോയിന്റ് ആന്ഡ് ഷൂട്ട് കാമറകളിലും റോ-മോഡില്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും. മുന്‍പ് പടമെടുക്കുന്നതിനുമുന്‍പ് കാമറയില്‍ ചെയ്തിരുന്ന ചില സെറ്റിംഗുകളും ട്വീക്കുകളും പടമെടുത്തതിനു ശേഷം കൃത്യതയോടെ വരുത്താനുള്ള സൌകര്യമാണ് ആ രീതിയില്‍ ഷൂട് ചെയ്യുന്നതുകൊണ്ട് കിട്ടുന്നത്. അത്തരത്തില്‍ ഷൂട്ട് ചെയ്യുന്ന പടം എഡിറ്റ് ചെയ്യുന്നത് ഈ റ്റെക്നോളജിയുടെ അവിഭാജ്യമായ ഘടകം ആണ്.

അംബാസഡര്‍ കാര്‍ ഓടിക്കുന്ന രീതിയില്‍ അല്ല ഫോര്‍മുല വണ്‍ ഓടിക്കുന്നത്. ഫോര്‍മുല വണില്‍ കയറിയിട്ടും അംബാസഡര്‍ ഓടിക്കുന്നതുപോലെയേ ഓടിക്കൂ എന്ന് വാശിപിടിക്കുന്നതില്‍ ഒരു കാര്യവും ഇല്ല. എന്നാല്‍ നിത്യജീവിതത്തിലെ സാധാരണ ആവശ്യങ്ങള്‍ക്ക് ആരും ഫോര്‍മുല വണ്‍ വാഹനങ്ങള്‍ ഉപയോഗിക്കാറും ഇല്ല.

ഫോട്ടോ ബ്ലോഗുകള്‍ നോക്കുന്നവര്‍ക്ക് മനസ്സിലാവുന്ന ഒരു കാര്യം ഉണ്ട്. ലോ എന്‍ഡ് കാമറകള്‍ നന്നായി ഉപയോഗിച്ചിട്ടുള്ളവരേ ഡി എസ് എല്‍ ആര്‍ റ്റെക്നോളജിയിലേക്ക് വന്നതുകൊണ്ട് നല്ല പടങ്ങള്‍ എടുത്തിട്ടുള്ളൂ. പുതിയ ടെക്നോളജിയും ഫോട്ടോഷോപ്പും ഉള്ളതുകൊണ്ടുമാത്രം ആരും നല്ല ഫോട്ടോ എടുക്കാറില്ല എന്ന് ചുരുക്കം. കളര്‍ സ്കീമിലൊക്കെ വരുത്തുന്ന ട്വീക്ക്സ് ഈ അടിസ്ഥാനപരമായ കലയുടെ മേമ്പൊടി മാത്രമാണ്. അതും ഉപയോഗിക്കാന്‍ അറിയണം.

ലളിതമായ സേപിയ ടോണുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഉന്മേഷ് ആണെങ്കിലും കടുംവര്‍ണങ്ങളും നിഴലുകളും ഉപയോഗിക്കുന്ന ശ്രീലാലും അനീഷും ആണെങ്കിലും കാമറയ്ക്കുള്ളിലോ കമ്പ്യൂട്ടറിലോ ലഭിക്കുന്ന ടെക്നോളജി നന്നായി ഉപയോഗിക്കുന്നവരാണ്. ആ ടെക്ക്നോളജി കൂടി ചേരുന്നതാണ് പുതിയ ഫോട്ടോഗ്രഫി.

പോളറോയ്ഡ് കാലത്തെ മസിലുപിടുത്തവും ഏണിയും കോലും കമ്പിളിയും ഉണ്ടെങ്കിലേ ഫോട്ടോ ആവു എന്ന വാശിയുണ്ടെങ്കില്‍ അമ്മാവന്‍ സ്റ്റുഡിയോയില്‍ പോവുന്നത് തന്നെആയിരിക്കും നല്ലത്. കാരണം പഴയ റ്റെക്നോളജി നന്നായിട്ട് ഉപയോഗിക്കുന്നവര്‍ അവിടെ ഒക്കെയേ കാണൂ.

കൂതറ തിരുമേനി said...

ഗുപ്തരെ
ചിത്രകലയില്‍ റിയലിസ്റ്റിക് മാത്രം നന്ന് അബ്സ്ട്രാക്റ്റ് മ്ലേച്ചം എന്ന് പറയുന്ന ചിത്രകലാപ്രേമികളുടെ അഭിപ്രായം പോലെ ആധുനിക ഫോട്ടോഗ്രാഫിയില്‍ എഡിറ്റ്‌ ചെയ്യാന്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് തെറ്റാണ് എന്നല്ല ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ചത്. അമിതമായാല്‍ അമൃതം വിഷമെന്ന സാമാന്യ ലോജിക് ആലോചിച്ചാല്‍ മനസ്സിലാവും. ഡി.എസ്.എല്‍.ആറിലും, ഹൈ ഏന്‍ഡ് പോയിന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ കാമറയിലും അതല്ല ബ്രിഡ്ജ് കാമറയിലും റോ ഫോര്‍മാറ്റില്‍ ചിത്രം എടുത്തോട്ടെ. അത് എഡിറ്റും ചെയ്തോട്ടെ. പക്ഷെ ഫോട്ടോ എഡിറ്റിംഗ് എന്നത് ഫോട്ടോ എന്‍ഹാന്‍സ്‌ ഉദ്ദേശത്തോടെ വേണം അല്ലാതെ ഇത് കാമറയില്‍ ആണോ അതോ പൂര്‍ണ്ണമായും ഫോട്ടോഷോപ്പിലെ കേവലം ഗ്രാഫിക്സ് മാത്രമാണോ എന്ന് സംശയം തോന്നിപ്പിച്ചാല്‍ പിന്നെ എന്ത് ഫോട്ടോഗ്രാഫി.
ആധുനിക സാങ്കേതിക വിദ്യയുടെ ഫലമായി ഡിജിറ്റല്‍ എസ്.എല്‍.ആര്‍. വന്നത് നല്ലത് തന്നെ. പക്ഷെ സാങ്കേതിക വിദ്യയുടെ അമിതോപയോഗം വേണോ എന്നതാണ് ചോദ്യം.
ആവശ്യമില്ലാതത്ര എഡിറ്റിംഗ് ചെയ്യുന്നത് ചിത്രത്തിന്‍റെ നൈസര്‍ഗ്ഗികത നഷ്ടപ്പെടുത്തും എന്ന് പറഞ്ഞത് ഫോട്ടോഷോപ്പിലോ തത്തുല്ല്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതോ എന്നും അല്ല.

Unknown said...

കൂതറക്ക് ഇങ്ങനെ ഒരു പോസ്റ്റിടാൻ പാകത്തിന് മലയാളം ഫോട്ടോ ബ്ലോഗുകളിൽ ആരാണ് ഇങ്ങനത്തെ പാതകം ചെയ്യുന്നത് എന്നു മനസ്സിലായില്ല.

കുട്ടു | Kuttu said...

കൂതറ തിരുമേനീ,
നല്ലത്, ചീത്ത എന്നതൊക്കെ വളരെ ആപേക്ഷികമാണ്.

സ്വയം കണ്ട് ബോധ്യപ്പെട്ടതിനു ശേഷമാണ് ഒരു പടം ബ്ലോഗില്‍ ഇടാന്‍ ബ്ലോഗര്‍ തയ്യാറാകുന്നത്. ഈ ബോധ്യപ്പെടല്‍ ചിലപ്പോള്‍ ഫോട്ടോഷോപ്പിങ്ങ് നടത്തിയതിനു ശേഷമായിരിക്കാം, അതിനുമുന്‍പേ ആയിരിക്കാം.

“ഇത് കോള്ളാമല്ലോ..” എന്ന് പോസ്റ്റ് ചെയ്യുമ്പോള്‍ ബ്ലോഗറിനു തോന്നിയ പടങ്ങള്‍ പിന്നീട് കാഴ്ചക്കാരില്‍ അതേ വികാരം ഉണര്‍ത്തിക്കൊള്ളണമെന്നില്ല.

ഏത് കലയേയും പോലെ ഇതിലും കാണുന്നവന്റെ കണ്ണിലാണ് മനോഹാരിത ഇരിക്കുന്നത്.

പോസ്റ്റ് പ്രോസസിങ്ങ് വേണമോ, അത് ഏത് ലെവല്‍ വരെ ആകാം എന്നതൊക്കെ ഒരിക്കലും അവസാനിക്കാത്ത ഒരു തര്‍ക്ക വിഷയമാണ്.


ഇനി, ഏതേലും പടത്തെ ഫോട്ടോഷോപ്പിങ്ങ് ചെയ്ത് വൃത്തികേടാക്കി എന്ന് തിരുമേനിക്ക് തോന്നുന്നുവെങ്കില്‍ ആ പോസ്റ്റില്‍ത്തന്നെ തന്റെ അഭിപ്രായം പറയാവുന്നതേ ഉള്ളൂ...
അങ്ങിനെ ചെയ്താല്‍ ആ പടം എടുത്ത ആളുടെ വിശദീകരണം കൂടി അറിയാമല്ലൊ.

സ്നേഹത്തോടെ, കുട്ടു

krish | കൃഷ് said...

അതെ, കൂതറ ഒന്നു രണ്ടു ഫോട്ടോഷോപ്പ്‌ 'കൂതറ' ചിത്രങ്ങളുടെ ലിങ്ക്‌ കൂടി കൊടുത്തിരുന്നെങ്കിൽ അവർക്കും മറ്റുള്ളവർക്കും അത്‌ മനസ്സിലാക്കാൻ പറ്റുമായിരുന്നല്ലോ.

കൂതറ തിരുമേനി said...

@കൃഷ്‌, സപ്തവര്‍ണങ്ങള്‍
മുമ്പ് ഞാന്‍ ഒരു കവിയെ കണ്ടെത്തി എന്നുള്ള പോസ്റ്റ്‌ ഇട്ടപ്പോള്‍ ഇങ്ങനെ വെക്തി ഹത്യ ചെയ്യരുത് പ്ലീസ്‌ എന്നും പറഞ്ഞു ധാരാളം മെയില്‍ കിട്ടിയിരുന്നു. അതുകൊണ്ട് ആരെയും പേര് പറഞ്ഞു വിഷമിപ്പിക്കണ്ട എന്ന് കരുതി.
@ കുട്ടു.
താങ്കള്‍ പറഞ്ഞത് ശരിയാണ്. പോസ്റ്റ്‌ പ്രോസസ്സിംഗ് ആവാം. ഉണ്ടാവുന്നതും ഭംഗി വരുത്തുന്നതും നല്ലത് തന്നെ. എന്നാല്‍ ഏതു ലെവല്‍ വരെ അല്ലെങ്കില്‍ എത്ര എന്ന് പറയുക ബുദ്ധിമുട്ടാണ്. പക്ഷെ ഇത് ഫോട്ടോയാണോ എന്ന് പോലും തോന്നിപ്പിചാലോ.

ഗുപ്തന്‍ said...

സത്യമായ വിമര്‍ശനങ്ങളെ വ്യക്തിഹത്യ എന്ന് വിളിക്കുന്നത് മീഡിയോക്രിറ്റി പൊതിഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ചിലരാണ്.

അക്കൂട്ടര്‍ തന്നെ ഊരും പേരും ഇല്ലാത്ത വിമര്‍ശങ്ങള്‍ വായുവില്‍ വെറുതെ പറത്തിവിടുകയും ചെയ്യും.

വിമരശനത്തിന്റെ സത്യസന്ധതയില്ലായ്മയാണ് പേരുവയ്ക്കാനുള്ള മടിയില്‍ പ്രതിഫലിക്കുന്നത്. അടുത്തകാലത്ത് മറ്റൊരു വിദ്വാ‍ാന്‍ -- ഏതെങ്കിലും ഈച്ച ഒന്നു മൂളിപ്പറന്നാല്‍ വ്യക്തിഹത്യ എന്ന് വിളിച്ചുകൂവുന്ന ഒരാള്‍-- ബൂലോഗം അധഃപ്പതിച്ചു എന്ന് ഇതുപോലെ വിളിച്ചുകൂവുന്നത് കേട്ടു.

ഗുണപാഠം: വിമര്‍ശിക്കാന്‍ തറവാടിത്തവും കൂതറത്തവും പോര. വേറേ ചില ബയളോജിക്കല്‍ മറ്റീരിയല്‍ കൂടി വേണം

കൂതറ തിരുമേനി said...

എന്താ ഗുപ്തരെ

അപ്പോള്‍ ഫോട്ടോ ഷോപ്പ് അമിതമായി ഉപയോഗിക്കാറുണ്ട് അല്ലെ. :)

ഗുപ്തന്‍ said...

ഉവ്വല്ലോ... ചിലപ്പോള്‍ ഫോട്ടോ കാശുകൊടുത്ത് വാങ്ങി പോസ്റ്റ് ചെയ്യാറും ഉണ്ട്. ഇതില്‍ നിന്നല്ലേ കഞ്ഞികുടിക്കുന്നത്

കൂതറ തിരുമേനി said...

ഗുപ്തരെ സമയം ഉള്ളപ്പോള്‍ പറയണേ. ഒരു പോട്രൈറ്റ് എടുപ്പിക്കാനാ. അല്പം കൂടുതല്‍ ഫോട്ടോ ഷോപ്പ് ചെയ്താലേ മുഖം അല്പമെങ്കിലും തരക്കേടില്ലാതെ എടുക്കാന്‍ പറ്റൂ. :) :) :)

Appu Adyakshari said...

ഈ ചര്‍ച്ചയില്‍ കൂതറ തിരുമേനി പറഞ്ഞ രണ്ടാമത്തെ പോയിന്റിനെപ്പറ്റി ആരും ഒന്നും പറഞ്ഞുകണ്ടില്ല. ചിത്രത്തില്‍ വാട്ടര്‍മാര്‍ക്ക് ഇടുന്നതിനെപ്പറ്റിയാണ് അത്. വാട്ടര്‍മാര്‍ക്ക് ഇടുന്നത് ചിത്രങ്ങളെ ഒരല്‍പ്പം വികൃതമാക്കാറുണ്ട് എന്നതു ശരിയാണ്. പക്ഷേ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു പോയ ഒരു ചിത്രം കാറ്റില്‍ പറത്തിയ പഞ്ഞിപോലെയാണ്. ഫ്രീയായി അത് പോയിക്കഴിഞ്ഞു. ഒരു ചിത്രം ആരെങ്കിലും ഡൌണ്‍ ലോഡ് ചെയ്ത് അവരവരുടെ ഡെസ്ക് ടോപ്പില്‍ കാണുന്നതില്‍ എന്താണു കഴപ്പം എന്നു ചോദിച്ചേക്കാം. ആ ചിത്രം ആരെങ്കിലും ഡൌണ്‍‌ലോഡ് ചെയ്ത് അവരവരുടെ കമ്പ്യൂട്ടറില്‍ കാണുന്നതിന് എന്താണു കുഴപ്പം എന്നു ചോദിച്ചേക്കാം. ഒരു കുഴപ്പവുമില്ല. ഈ വാട്ടര്‍മാര്‍ക്ക് അത്തരക്കാര്‍ക്കുവേണ്ടിയും അല്ല.എന്നാല്‍ വേറേ ചില വെബ്‌സൈറ്റ് വിരുതന്മാരുണ്ട്. അവര്‍ ആ സൈറ്റിലെ പരസ്യങ്ങള്‍ വഴി കാശുണ്ടാക്കുന്നവരായിരിക്കും. അത്തരക്കാര്‍ യാതൊരു അനുവാദവും ചോദിക്കാതെ പലപ്പോഴും ബ്ലോഗുകളില്‍ നിന്നും ഫോട്ടോകള്‍ അടിച്ചുമാറ്റി അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ച് കാശുണ്ടാക്കാറുണ്ട്. ഒറിജിനല്‍ ഫോട്ടോഗ്രാഫറെപ്പറ്റി ഒരു പരാമര്‍ശവും ഉണ്ടാവുകയില്ല. നമ്മള്‍ കഷ്ടപ്പെട്ടെടുക്കുന്ന ഒരു ഫോട്ടോ മറ്റുള്ളവന്‍ കൊണ്ടുപോയി ഫ്രീയായി ഉപയോഗിച്ച് കാശുണ്ടാക്കുന്നത് അത്ര നല്ല ഒരു പരിപാടിയായി എനിക്കു തോന്നുന്നില്ല. അതുകൊണ്ട് ബ്ലോഗില്‍ ഫോട്ടോ പ്രസിദ്ധീകരിക്കുന്നവര്‍, അവരുടെ ഫോട്ടോകളില്‍ ഒരു വാട്ടര്‍മാര്‍ക്ക് ഇട്ടെന്നു കരുതി ദോഷമൊന്നുമില്ല. പിന്നെ, ഇട്ടവാട്ടര്‍മാര്‍ക്ക് ചിത്രത്തെ നശിപ്പിക്കാതെ നോക്കണം എന്നുമാത്രം.

കൂതറ തിരുമേനി said...

@അപ്പു
അതെ. പലരും വളരെ നന്നായി വാട്ടര്‍മാര്‍ക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. കുമാര്‍ നീലകണ്ടന്റെ ആണെന്ന് തോന്നുന്നു. വാട്ടര്‍മാര്‍ക്ക് വളരെ ഭംഗിയായി തോന്നി. ചിലര്‍ വളരെ ചെറിയ വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കാറുണ്ട്. ചിത്രത്തിന്‍റെ ഭംഗിയെ ഒട്ടും നശിപ്പിക്കാതെ തന്നെ. എന്നാല്‍ ചിലരുടെ നല്ല ചിത്രങ്ങള്‍ വാട്ടര്‍മാര്‍ക്ക്‌ കാരണം കൊളമാകുന്നതും കണ്ടിട്ടുണ്ട്. ശിവയുടെ ചിത്രങ്ങളില്‍ പലപ്പോഴും അത് തോന്നിയിട്ടുണ്ട്. ഓസിനു കണ്ടിട്ട് പോയാല്‍ പോരെ എന്ന് ചോദിക്കാം. പക്ഷെ കാണുമ്പോള്‍ അഭിപ്രായം പറയാമല്ലോ അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം.
ചിത്രങ്ങള്‍ എടുക്കുന്നവര്‍ വന്‍ വിലകൊടുത്തിട്ടാണ് ഇതെല്ലാം വാങ്ങുന്നത് എന്നറിയാം. അപ്പോള്‍ ചിത്രങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചാല്‍ സ്വാഭാവികമായും വിഷമം തോന്നും. പക്ഷെ അതിനു വേണ്ടി ചിത്രങ്ങളെ വൈകൃതം ആക്കുന്നത് ശരിയല്ലാ എന്നാണു പക്ഷം.

പൈങ്ങോടന്‍ said...

അമിതമായ ഫോട്ടോ എഡിറ്റിങ്ങിനോട് ഞാനും യോജിക്കുന്നില്ല.
ഉദാഹരണത്തിന് ഒരു ഷോട്ട് എടുത്തതിനു ശേഷം ആ ഫ്രെയിമില്‍ ഉണ്ടായിരുന്ന സബ്ജക്റ്റുകളെ എഡിറ്റിങ്ങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് അങ്ങോട്ടോ ഇങ്ങോട്ടോ നീക്കുക, ഒരു ചിത്രത്തില്‍ നിന്ന് ഒരു ഒരു ഭാഗം കോപ്പി ചെയ്ത് അത് മറ്റൊരു ചിത്രത്തില്‍ പേസ്റ്റ് ചെയ്ത് അത് ഒറ്റ ഷോട്ടില്‍ എടുത്ത ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇടുക തുടങ്ങിയവയൊക്കെ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

എന്നാല്‍ ചിത്രം ക്രോപ്പ് ചെയ്യുക, കളര്‍ബാലന്‍സ് അഡ്ജസ്റ്റ് ചെയ്യുക തുടങ്ങിയവ ചെയ്യുന്ന് ഒരു അപാകതയായി തോന്നിയിട്ടില്ല

ഇങ്ങിനെയൊരു പോസ്റ്റിട്ടതുകൊണ്ട് തന്നെ “പോട്ടവും കൂതറ തിരുമേനിയും തമ്മില്‍ അത്ര വല്ല്യ ബന്ധമില്ല.!!!! “ എന്ന് ഞാന്‍ കരുതുന്നില്ല

Mr. K# said...

ഫോട്ടോഷോപ്പ് വാങ്ങിക്കാനുള്ള പാങ്ങില്ലാത്തത് കൊണ്ട്. ജിമ്പ് ആണ് ഉപയോഗിക്കുന്നത് :-) പികാസ്സ 3.0 യും ഒരുപാടു സഹായിക്കാറുണ്ട്. പക്ഷെ എന്റെ പടങ്ങള്‍ കണ്ടാല്‍ ഇതൊക്കെ ഉപയോഗിക്കുന്നുടെന്നു തോന്ന്വോ?

കൂതറ തിരുമേനി said...

@പൈങ്ങോടന്‍
കാഴ്ചക്കാരനും ഫോട്ടോ ബ്ലോഗും എന്നുള്ള ബന്ധം മാത്രമേ ഉള്ളൂ. ഒരു കാമറയെക്കെന്താ വില. ഇരുപത്തിഅഞ്ചു രൂപയുടെ അരിവാങ്ങുന്നതാണ് ചിന്ത. അല്ലാതെ കാമറ വാങ്ങാനോ കൊള്ളാം.
താങ്കള്‍ പറഞ്ഞകാര്യത്തോട് യോജിക്കുന്നു. കളര്‍കറക്ഷന്‍, ക്രോപ്പിംഗ് ഒക്കെ ചിത്രത്തെ മനോഹരമാക്കും. ഫോട്ടോ എടുക്കുമ്പോള്‍ ഫ്രേമില്‍ ആവശ്യമില്ലാത്ത സംഗതി വന്നെങ്കില്‍ അത് ക്രോപ്പ് ചെയ്യുന്നത് തീര്‍ച്ചയായും ചിത്രത്തെ ഭംഗിയാക്കാന്‍ സഹായിക്കും. എന്നാല്‍ എടുത്ത ചിത്രത്തോട് പുലബന്ധം ഇല്ലാത്ത രീതിയില്‍ കീറിമുറിച്ച്‌ ഇ -പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി രൂപമാറ്റം നടത്തുമ്പോള്‍ അതിനോട് യോജിക്കാന്‍ കഴിയില്ലാ എന്നുമാത്രം.
വായിക്കാറുണ്ട് എന്നതല്ലാതെ എന്ത് ബന്ധം പൈങ്ങോടാ. കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രം.
@കുതിരവട്ടന്‍
ജിമ്പ് നല്ലതാണ്. ആദ്യം ലിനക്സിനു വേണ്ടി ഉണ്ടാകിയതാണ് എന്നതാണ് എന്റെ അറിവ്‌. പിന്നീട് വിന്‍ഡോ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടി ഉണ്ടാക്കിയെന്ന് മാത്രം. പൈറെറ്റു ചെയ്ത സോഫ്ട്വെയര്‍ ഉപയോഗിക്കില്ല എന്നൊരു തീരുമാനം ഉള്ളതിനാല്‍ ഞാനും പടക്കട ഉപയോഗിക്കാറില്ല. പിക്കാസ നല്ലതാണ്. ഇപ്പോള്‍ ചെറിയ ആവശ്യത്തിന് ഫോട്ടോസ്കെപ്‌ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. അതും ഒസാണ് കേട്ടോ.

bright said...

വിശദമായ ഒരു മറുപടി എന്റെ ബ്ലോഗില്‍ ഉണ്ട്..

http://russelsteapot.blogspot.com/2009/06/blog-post_27.html

തറവാടി said...

കൂതറേ ഓരോഫാണ് ക്ഷമ :)

ഓ! എനിക്കിനി ചത്താലും വേണ്ടീല്ല.
ബൂലോകത്തിന്റെ സാഹിത്യ- സാംസ്കാരിക- വിമര്‍ശക-ഗവി-ബോട്ടോഗ്രാഫര്‍ .... പിന്നെന്തൊക്ക്യോ... ആയ ഗുപ്തന്‍ അവര്‍ഗള്‍ എന്നെ കരുതിയത് വിമര്‍ശകന്‍ എന്ന്യാണത്രെ ഓ!!!!