തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, March 31, 2009

77.ശ്രീലങ്കയിലെ തമിഴ്ചരിതം

ഗുപ്തരുടെ ബ്ലോഗ് (ഇദെന്തെ) വായിച്ചതിനു ശേഷമാണ് ഈ പോസ്റ്റ് ഇടണമെന്ന് തന്നെ തീരുമാനിച്ചത്. വര്‍ക്കേഴ്സ് ഫോറത്തിലും ഗുപ്തരുടെ ബ്ലോഗിലും വന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് ഇതില്‍ പോസ്റ്റുന്നത്. ആവര്‍ത്തന വിരസത പരമാവധി ഒഴിവാക്കുകയെന്നൊരു ലക്ഷ്യവുമുണ്ട്.പലരും കരുതുന്നതുപോലെ ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തില്‍ നിന്ന് സിലോണിലേക്ക്‌ കുടിയേറിയ തമിഴര്‍ അന്യരാജ്യത്ത് ഒരു സ്വയംഭരണാധികാരമുള്ള രാജ്യത്തിനായി സായുധ സമരം നടത്തുന്നതിലെ ഔചിത്യം എന്തെന്ന് ആലോചിച്ചു തല പുണ്ണാക്കുന്നതിന് മുമ്പേ ചില ചരിത്ര വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്.

സിലോണില്‍ അല്ലെങ്കില്‍ ശ്രീലങ്കയില്‍ തമിഴ് ജനത കുടിയേറിയത് ബ്രിട്ടീഷ്ഭരണകാലത്തല്ല. ഭാരതവും സിലോണും എല്ലാം ബ്രിട്ടന്‍ കൊളനിയാക്കുന്നതിനു വളരെ മുമ്പേ തമിഴരുടെ കുടിയേറ്റം നടന്നിരുന്നുവേന്നതിനു തെളിവുകളുണ്ട്. ഈ കുടിയേറ്റത്തിന് പ്രധാനമായും പല കാരണങ്ങളുണ്ട്. ഒന്ന് തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരവുമായി ശ്രീലങ്കയിലെ ജാഫ്നയിലേക്കുള്ള ദൂരം കേവലം നാല്‍പതു കിലോമീറ്റര്‍ മാത്രം തന്നെയുമല്ല രാജഭരണ കാലത്ത് ഇന്നത്തെ പോലെ വിസപ്രശ്നങ്ങള്‍ അത്ര സങ്കീര്‍ണ്ണവുമല്ലായിരുന്നു.

985 - 1014 AD കാലയളവില്‍ ഭാരതത്തിലെ പ്രബല രാജവംശമായിരുന്ന രാജ രാജാ ചോളന്‍ തന്റെ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയുടെ പരിധി കൂട്ടാന്‍ നടത്തിയ യുദ്ധത്തില്‍ ചേര രാജവംശവും പാണ്ട്യ രാജ്യവംശവും പരാജയപ്പെടുത്തി അതിനോട് കൂടി ശ്രീലങ്കയും പരാജയപ്പെടുത്തുകയും തന്റെ രാജ്യ പരിധിയില്‍ പെടുത്തുകയും ചെയ്തെന്നു ചരിത്രം. എന്നാല്‍ രാജ രാജ ചോളനും പുത്രന്‍ രാജേന്ദ്ര ചോളനും ശ്രീലങ്ക മുഴുവനല്ല മറിച്ച് ശ്രീലങ്കയുടെ കിഴക്കന്‍, വടക്കന്‍ പ്രവിശ്യകള്‍ മാത്രമേ കീഴടക്കിയിരുന്നുള്ളൂവെന്നും വാദമുണ്ട്. ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷമുള്ള കിഴക്കന്‍ പ്രവിശ്യയായ ട്രിങ്കോമാലിയും വടക്ക് ജാഫ്നയും ഇതിനു കാരണമായി പറയുന്നു.അതെന്തുതന്നെയായാലും ചോളന്‍മാരുടെ കാലത്ത് ശ്രീലങ്ക ഭാഗികമായെങ്കിലും കീഴടക്കിയെന്നത് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നുണ്ട്.

അതുപോലെ പറങ്കികള്‍ (AD 1505) ശ്രീലങ്ക കീഴ്പെടുത്തിയപ്പോള്‍ ശ്രീലങ്കയുടെ വടക്ക് കിഴക്ക് ഭാഗങ്ങള്‍ തമിഴ് ഭാഷ സംസാരിക്കുന്നവരുടെ പ്രവശ്യകള്‍ ആയിരുന്നെന്നു ചരിത്രം.അതേപോലെ പറങ്കികള്‍ക്ക് ശേഷം ഡച്ച്കാര്‍ (AD1658) ലങ്ക ഭരിച്ചപ്പോള്‍ പറങ്കികളെ പോലെ ശ്രീലങ്കയെ രണ്ടു രാജ്യമെന്നതുപോലെ തന്നെ കരുതിയാണ് ഭരിച്ചത്. ഇതിന്റെ ആധികാരിക തെളിവ് പിന്നീട് ഡച്ച്‌കാര്‍ക്ക് ശേഷം വന്ന ബ്രിട്ടീഷ്കാരുടെ (ബ്രിട്ടീഷ് ഭരണം 1796 മുതല്‍ 1948 വരെ ആയിരുന്നു.) കൊളോണിയല്‍ സെക്രട്ടറി സര്‍ ഹ്യൂ ക്ലിഹോന്‍ 1799 ജൂണില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതിയ കത്തില്‍ പുരാതന കാലം മുതല്‍ക്കേ ഈ പ്രദേശം അതായതു സിലോണ്‍ അഥവാ ശ്രീലങ്ക രണ്ടു പ്രദേശങ്ങളായി വിഭജിച്ചിരുന്നുവെന്നും തെക്കും പടിഞ്ഞാറും സിംഹളീസും വടക്കും കിഴക്കും മലബാറികളും( തമിഴര്‍) കൈവശം വച്ചിരിക്കുകയായിരുന്നെന്നും ഇത് രണ്ടു രാജ്യം തന്നെയാണെന്നും അവരുടെ ഭാഷയും സംസ്കാരവും രണ്ടാണെന്നും എഴുതിയിരുന്നു.(" Two different nations from a very ancient period have divided between them the possession of the Island. First the Sinhalese, inhabiting the interior of the country in its Southern and Western parts, and secondly the Malabars (Tamils) who possess the Northern and Eastern Districts. These two nations differ entirely in their religion, language and manners")

എന്നാല്‍ ഭരണ സ്വാതന്ത്ര്യത്തെ കരുതി അവര്‍ രണ്ടു പ്രദേശത്തെയും ഒന്നായി ഭരിച്ചുവേന്നത് പിന്നീട് വന്ന ഭരണപരിഷ്കാരം.ഈ രണ്ടു പ്രദേശങ്ങളെയും ഒന്നിപ്പിച്ചത് കേവലം ഭരണ സൌകര്യത്തിനു വേണ്ടി മാത്രമല്ല മറിച്ച് എപ്പോഴെങ്കിലും സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍ ഭിന്നിപ്പിച്ചു ഭരിപ്പിക്കുന്ന പതിവ് ശൈലി പോലെ ഒരിക്കലും ഉണങ്ങാതെ നീറി നീറി കിടക്കുന്ന ഒരു ഭിന്നിപ്പിനു വേണ്ടിയായിരുന്നെന്നും സംശയിക്കേണ്ടി വരും.സ്വാതന്ത്ര്യം നേടിയ ശ്രീലങ്ക നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ത ചൊരിച്ചിലിന്റെ ദാരുണമായ ദൃശ്യങ്ങളായിരുന്നു. പത്തു ലക്ഷത്തിലേറെ വരുന്ന തമിഴരെ പൌരന്മാരായി അംഗീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ഒരുക്കമല്ലായിരുന്നു. അതിനു ശേഷം തമിഴ് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ സിംഹളന്‍മാരെ കുടിയിരുത്താന്‍ തുടങ്ങിയതോടു കൂടി പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമായി എന്നുവേണം പറയാന്‍.

പിന്നീട് വന്ന ഭരിഷ്കാരങ്ങള്‍ കൂടുതല്‍ തമിഴരെ രണ്ടാം കിടക്കാരാക്കുകയും ഒപ്പം അവരെ ഒതുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആയി മാറുകയും ചെയ്തു.സര്‍ക്കാര്‍ പരോക്ഷ സഹായത്തോടെയുള്ള തമിഴന്മാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഈ കാലയളവില്‍ തുടങ്ങി.
1956 ല്‍ സിംഹളീസ് ശ്രീലങ്കയുടെ ഒദ്യോഗിക ഭാഷയാക്കി.അതേപോലെ ശ്രീലങ്കന്‍ യൂണിവേഴ്സിറ്റിയില്‍ തമിഴന്മാരെ ഒതുക്കാന്‍ 1970 ല്‍ തമിഴന്മാര്‍ക്ക് മുപ്പതു ശതമാനം കൂടുതല്‍ മാര്‍ക്ക് വേണമെന്ന നിയമം വന്നതോട് കൂടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി.പിന്നീട് 1972 ല്‍ സിലോണിന്റെ പേര് ശ്രീലങ്കയേന്നാക്കുകയും ബുദ്ധമതം രാജ്യത്തെ ഔദ്യോഗിക ഭാഷയക്കുകയും ചെയ്തു.അതുപോലെ ശ്രീലങ്കയെ റിപബ്ലിക് ആക്കി പ്രഖ്യാപിക്കുകയും ചെയ്തു.
ഇങ്ങനെ സിംഹള ഒണ്‍ലി ആക്ട്‌ വളരെ സമാധാനമായി നേരിട്ട ശ്രീലങ്കന്‍ തമിഴരുടെ പ്രതികരണ രീതി 1976 വരെ മാത്രമേ നീണ്ടുള്ളൂ.അതിനു ശേഷമാണ് ശ്രീലങ്കയുടെ ചരിത്രം മാറ്റി മരിച്ച എല്‍.ടി.ടി.ഇ.പിറവി എടുത്തത്.രണ്ടു വര്‍ഷം മുമ്പ് തമിള്‍ ന്യൂ ടൈഗര്‍ എന്നാ സംഘടന രണ്ടു വര്‍ഷം കഴിഞ്ഞു എല്‍.ടി.ടി.ഇ.എന്നാ പേരില്‍ പേര് മാറ്റം ചെയ്യപ്പെട്ടതോടെ ശ്രീലങ്കയുടെ ചരിത്രം വേറൊന്നായി മാറുകയായിരുന്നു.

ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തമിഴരോടുള്ള നിഷേധാത്മക സമീപനം സായുധമായി നേരിടാന്‍ ഒരുങ്ങിയുള്ള വേലുപ്പിള്ള പ്രഭാകരന്റെ ദൃഡനിശ്ചയം ലോകം കണ്ടതിലേറ്റവും മികവുള്ള ഒരു വിപ്ലവ പ്രസ്ഥാനം രൂപം കൊള്ളാന്‍ സഹായിചെങ്കിലും പിന്നീട് വിപ്ലവപ്രസ്ഥാനം ഒരു തീവ്രവാദ സമീപനം കൈക്കൊള്ളുകയായിരുന്നു.പിന്നീടുണ്ടായ രക്ത ചോരിച്ചില്‍ ഒഴിവാക്കാന്‍ ഭാരതം 1985 ല്‍ ഇടപെട്ടെങ്കിലും ശ്രീലങ്കയിലെ തമിഴരെ പൌരന്മാരായി അംഗീകരിക്കാനോ തമിഴര്‍ക്കു സ്വയം ഭരണാധികാരമുള്ള പ്രവിശ്യ നല്‍കാനോ ഒന്നും ശ്രീലങ്ക കൂട്ടാക്കിയില്ല.അങ്ങനെ പകുതി വഴിയില്‍ തന്നെ ആ സന്ധി സംഭാഷണം നിര്‍ത്തി വെയ്ക്കേണ്ടി വന്നു.

അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മുക്കാല്‍ ലക്ഷം മനുഷ്യര്‍ മരിച്ചു വീണതില്‍ വളരെ നാമമാത്രമായ സംഖ്യാ മാത്രമേ സിംഹളന്മാരുടെതായിട്ടുള്ളൂ.എന്നാല്‍ ചാവേര്‍ ആക്രമണം വഴി മരിക്കുന്ന സിംഹള നേതാക്കന്മാരുടെ ചരിത്രങ്ങള്‍ ലോകത്തിനു മുമ്പില്‍ എല്‍.ടി.ടി.യുടെ ക്രൂരമായ മുഖത്തെ കൂടുതല്‍ ക്രൂരമായി ചിത്രീകരിച്ചു കാണിക്കാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞുവെന്നതും ചരിത്രം. പക്ഷെ 1976 ല്‍ തുടങ്ങിയ പ്രസ്ഥാനത്തെ 1992 വരെ ഇന്ത്യ ഭീകരന്മാരുടെ ലിസ്റ്റില്‍ പെടുത്തിയിട്ടില്ല എന്നതുകൊണ്ട്‌ തന്നെ ഇന്ത്യ എല്‍.ടി.ടി.യെ. ഭീകരന്മാരായി കണ്ടിരുന്നില്ല എന്ന് തന്നെ വേണം കരുതാന്‍.എന്നാല്‍ രാജിവ് ഗാന്ധിയുടെ കൊലപാതക ശേഷം എല്‍.ടി.ടി.യോടുള്ള ഭാരതത്തിന്റെ സമീപനം മാറി.1992ല്‍ ഭാരതം എല്‍.ടി.ടി.യെ.ഒരു തീവ്രവാദ സംഘടന യായി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് ലോകത്തെ എല്‍.ടി.ടി.യെ. തീവ്രവാദി സംഘടന യായി പ്രഖ്യാപിച്ച മിക്ക രാജ്യങ്ങളും 2000 നു ശേഷമാണ് അത് നടത്തിയത്.

എല്‍.ടി.ടി.ഇ. ഒരു തീവ്രവാദി സംഘടന ആണെങ്കില്‍ പോലും ഭരണ സംവിധാനഘടന ഒരു സ്വയം ഭരണാധികാര രാജ്യത്തെപോലെ തന്നെയായിരുന്നു. മിലിട്ടറിവിഭാഗം തങ്ങളുടെ സൈനികാവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ രാഷ്ട്രീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം എല്‍.ടി.ടി.യുടെ. നാവായിരുന്നു. എല്‍.ടി.ടി.ഇ. നിയന്ത്രിത പ്രവിശ്യകളില്‍ എങ്ങനെ ഭരിക്കണം എന്ന് നിയന്ത്രിക്കണമെന്ന് തീരുമാനിക്കുന്നത് ഇവരായിരുന്നു.അതേപോലെ യൂറോപ്പില്‍ പ്രധാനമായും തമ്പടിച്ചിരുന്ന ഫണ്ട് റയിസിംഗ് വിഭാഗം പക്ഷെ ലോകമെമ്പാടുമുള്ള തമിഴരുടെ തമിഴ്മക്കള്‍ സ്നേഹം മുതലാക്കി പണം ലങ്കയിലെക്കൊഴുക്കുന്നതില്‍ വിജയിച്ചു. കര,വ്യോമ, നാവിക സേനകള്‍ ഉള്ള ലോകത്തെ ഏക തീവ്രവാദി സംഘടന ആണ് എല്‍.ടി.ടി.ഇ. അതോനോടൊപ്പം ചാരസംഘടനയും കരിമ്പുലികളും കൂടുമ്പോള്‍ പുലികൂട്ടം പൂര്‍ണ്ണം.

2005ലെ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ നിയമജ്ഞനായ പക്ഷെ തീവ്രസിംഹളവാദിയായ മഹിന്ദ്ര രാജപക്ഷെ നല്‍കിയ വാഗ്ദാനങ്ങള്‍ ഒരിക്കലും തമിള്‍പ്രവിശ്യയെ ഒരു സ്വയം ഭരണാധികാരമുള്ള രാജ്യമാക്കിലെന്നും, ഇക്കാര്യത്തില്‍ ഒരു ഫെഡറല്‍ സൊല്യൂഷന്‍ കൊടുക്കില്ലെന്നും ഒപ്പം ഇത് ശ്രീലങ്കയുടെ അഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നുമാണ്.രാജപക്ഷെ പ്രസിഡന്റ് ആയപ്പോള്‍ തന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നിറവേറ്റി തുടങ്ങി.ഒപ്പം തമിഴര്‍ക്കെതിരെ അഴിച്ചു വിട്ട നേരിട്ടും പരോക്ഷമായിട്ടുമുള്ള ആക്രമണങ്ങളും. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഏവരേയും ഒതുക്കികൊണ്ട് കിരാതാമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്തിയ രാജപക്ഷെ സര്‍ക്കാര്‍ തമിഴ്ജനത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സിംഹളനെന്നോ തമിഴനെന്നോ നോക്കാതെ വകവരുത്തി.സണ്‍‌ഡേ മിറര്‍ എന്നാ പത്രത്തിന്റെ എഡിറ്റര്‍ ലസാന്തേ വിക്രമതുംഗേ പോലെയുള്ളവര്‍ വധിക്കപ്പെട്ടു. ലസാന്തേ സിംഹളനായിരുന്നുവെങ്കിലും സര്‍ക്കാരിന്റെ ക്രൂരമായ മനുഷ്യാവകാശ ധ്വസനത്തെ പത്രത്തിലൂടെ പുറം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു.

സത്യസന്ധമായാലും സ്വതന്ത്ര പത്രപ്രവര്‍ത്തനം സര്‍ക്കാര്‍ താല്പര്യത്തിനെതിരെ വരരുതെന്ന ധാര്‍ഷ്ട്യം സ്വദേശ സ്വതന്ത്ര പത്രപവര്‍ത്തനം നടത്തുന്നതിനോ വിദേശ പത്രപ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ നടത്തുന്നതിനോ കഴിയില്ലെന്ന ഗതിയിലായി കാര്യങ്ങളുടെ പോക്ക്.ഉദയന്‍ തുടര്‍ ഒളി തുടങ്ങിയ തമിഴ് പത്രത്തിലെ പത്രപ്രവര്‍ത്തകരെ നിരന്തരം വേട്ടയാടി. ധാരാളം പേര്‍ അജ്ഞാതരുടെ വെടിയേറ്റു വീണു. പത്രമോഫീസില്‍ നേരിട്ടുള്ള ആക്രമണങ്ങളും നിരവധി തവണ നടന്നു.

അതേപോലെ പുതുതായി പുലിനിയന്ത്രണത്തില്‍ നിന്നും മാറ്റിപാര്‍പ്പിച്ച തമിഴരെ പുതിയ വാസസ്ഥലങ്ങളില്‍ ഏറെ വലിയ ജയിലിലെന്നപോലെയാണ് താമസിപ്പിച്ചിരിക്കുന്നത്.ഏറെ നിയന്ത്രണങ്ങളും നിയമങ്ങളും ഉള്ള ഇവരെ പത്രപ്രവര്‍ത്തകരെയോ മീഡിയയെ കാണുന്നതില്‍ പോലും ഏറെ നിയന്ത്രണങ്ങള്‍ ഉണ്ട്.ഫലത്തില്‍ ഒരു തുറന്ന ജയില്‍ എന്നുതന്നെ പറയാം.ഇതിനു കാരണമായി പറയുന്നത് ഇതൊരു തമിഴനെയും ഒരു പുലിയായോ പുലി അനുഭാവിയയോ കാണേണ്ടി വരുമെന്നാണ് അവരുടെ വാദം.

മതത്തില്‍ എങ്ങനെ രാഷ്ട്രീയം കലര്‍ത്താമെന്നും എങ്ങനെ മത തീവ്രവാദം ഭരണപക്ഷത്തിന് അനുകൂലമായി ഉപയോഗിക്കാമെന്നതും ശ്രീലങ്കയില്‍ കണ്ടു. ബുദ്ധം ശരണം ഗഛാമി,സംഘം ശരണം ഗഛാമി,ധര്‍മ്മം ശരണം ഗഛാമി എന്ന് ഓതി നടന്ന അഹിംസാവാദികളായ ബുദ്ധ ഭിക്ഷുക്കള്‍ എക്സ്ട്രീമിസ്റ്റ് ബുദ്ധിസ്റ്റ് മോങ്ക് പാര്‍ട്ടി (ജെ .എച്ച്.യൂ) പുലികളും സര്‍ക്കാരുമായുള്ള സന്ധി സംഭാഷണങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന നോര്‍വേയ്ക്കെതിരെയും പുലികള്‍ക്കെതിരെയും തെരുവില്‍ ഇറങ്ങി. ശ്രീലങ്ക ഒരു ബുദ്ധിസ്റ്റ് രാഷ്ട്രമാണെന്ന് ഉള്ളതാണ് അവരുടെ ഇത്തരം തീരുമാനത്തിന് കാരണം. പക്ഷെ ഇത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളും കൂടിയുള്ള ശ്രീലങ്കന്‍ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണണം.

ഒരു ജനത ഒരു മതം മാത്രമെന്നുള്ള കാഴ്ചപാടും തീരുമാനവും മത സ്പര്‍ദ്ധ വളര്‍ത്താനും മാത്രമെ ഉതകൂ. കാരണം ഇത്തരം ഒരു കാഴ്ചപ്പാടോട് കൂടി എടുത്ത ഒരു തീരുമാനമായിരുന്നു പുലിത്തലവന്‍ പ്രഭാകരനെ ലോകത്തിനു മുന്‍പില്‍ ഒരു മനുഷ്യാവകാശ ധ്വംസകന്‍ എന്നാ പട്ടം ചാര്‍ത്തി കൊടുത്തത്.

പുലി മേഖല പ്രധാനമായും തമിഴ് ഹിന്ദുക്കളുടെതാണ്.പക്ഷെ അവിടെ ഉണ്ടായിരുന്ന ഏകദേശം ഒരു ലക്ഷത്തോളം വരുന്ന മുസ്ലിങ്ങള്‍ പുലികളുടെ ആദര്‍ശത്തോട് കാട്ടിയവിരോധം ഒടുവില്‍ പുലികളുടെ മണ്ണില്‍ നിന്നും മുസ്ലിങ്ങളുടെ പുറത്താക്കലില്‍ കലാശിപ്പിച്ചു. പതിനൊന്നു തവണ നടത്തിയ പുലി ആക്രമണങ്ങളില്‍ നിരവധി മുസ്ലിങ്ങള്‍ കൊല്ലപ്പെട്ടു.ബാക്കിയുണ്ടായിരുന്നവരുടെ വീടുകള്‍ കൊള്ളയടിക്കുകയും മുസ്ലിങ്ങള്‍ പുലിമേഖലയില്‍ നിന്നും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ശ്രീലങ്കന്‍ മുസ്ലിം കോണ്‍ക്രസ്സ് പാര്‍ട്ടി രൂപപ്പെട്ടപ്പോള്‍ തന്നെ പുലികളോട് ചെരില്ലയെന്നും എപ്പോഴെങ്കിലും പുലികള്‍ സ്വയം ഭരണ സൌകര്യമുള്ള രാജ്യം കൈവശപ്പെടുത്തിയാല്‍ അതില്‍ തന്നെ സ്വയം ഭരണം ഉള്ള ഒരു മുസ്ലിം സ്റ്റേറ്റ് നേടാമെന്നുമായിരുന്നു അവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇവര്‍ ഇരുവരെയും തമ്മില്‍ പൊരുതിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെയും ബുദ്ധി പ്രവര്‍ത്തിച്ചു. പക്ഷെ ഇത് കണ്ടറിഞ്ഞ പുലിത്തലവന്‍ മുസ്ലിങ്ങളെ കാലുറപ്പിക്കുന്നതിന് മുമ്പേ നാടുകടത്തിക്കാന്‍ നിര്‍ബദ്ധിതനാക്കുകയായിരുന്നു.

പുലി പ്രശ്നത്തില്‍ അറബ് രാജ്യങ്ങളുടെയോ ലോക രാജ്യങ്ങളുടെയോ എന്തിനു ഇന്ത്യയിലെ തന്നെ എല്ലാവരുടെയും പിന്തുണ കിട്ടാതിരിക്കാന്‍ ഇത് കാരണമായെന്ന് തിരിച്ചറിഞ്ഞ പ്രഭാകരന്‍ പക്ഷെ തന്റെ ഈ മുസ്ലിം വിരുദ്ധ നിലപാട് തെറ്റായിരുന്നുവെന്നും അതില്‍ ഖേദമുണ്ടെന്നും അറിയിച്ചു രണ്ടായിരത്തില്‍ നടത്തിയ പ്രസ്താവന പക്ഷെ വേണ്ട ഗുണം ചെയ്തില്ല.രണ്ടായിരത്തിന് ശേഷം നിരവധി രാജ്യങ്ങള്‍ പുലികളെ തീവ്രവാദികളായി പ്രഖ്യാപിക്കുകയും ചെയ്തു.

രണ്ടായിരത്തി ആരു ഓഗസ്റ്റ്‌ പതിനാലിന് മുല്ലത്തീവില്‍ നടന്ന വ്യോമാക്രമണത്തില്‍ 67 പെണ്‍കുട്ടികളും 7 അധ്യാപികമാരും കൊല്ലപെടുകയുണ്ടായി.നൂറ്റി മുപ്പതു പേര്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പക്ഷെ ഈ ആക്രമണത്തില്‍ ഭാവി പുലികളെ കൊല്ലാന്‍ സഹായിച്ചു വെന്ന വിവാദപ്രസ്താവനകള്‍ ശ്രീ ലങ്കന്‍ ഭാഗത്തുനിന്നുണ്ടായി.

തമിഴ് ഗ്രാമമായ വെങ്കലയില്‍ നടന്ന അരുംകൊലകള്‍, ബലാല്‍സംഗങ്ങള്‍ എല്ലാം തുടര്‍ക്കഥകള്‍ മാത്രമായി. പുറം ലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങള്‍ തടയുകയോ ഇല്ലാതാക്കുകയോ ചെയ്യപ്പെട്ടു.സ്വയം ഭരണാധികാരം ഉള്ള എന്നാല്‍ രാജ്യത്തില്‍ തന്നെയുള്ള എന്നാ രീതിയിലോ അല്ലെങ്കില്‍ സ്വയം ഭരാണാധികാരം ഉള്ള രാജ്യമെന്ന രീതിയിലോ പ്രശ്നപരിഹാരം കാണാതെ ഇതൊരിക്കലും തീരില്ലയെന്നതാണ് സത്യം. ക്യാനഡയിലെ ക്യൂബെക്കിനെയോ അല്ലെങ്കില്‍ യൂകെ യിലെ വെയില്‍സ് , സ്കോട്ട്ലാന്‍ഡ്‌ പോലെയോ സ്വയം ഭരണാധികാരം ഉള്ള എന്നാല്‍ ഫെഡറല്‍ സര്‍ക്കാരില്‍ അംഗമായ പ്രവിശ്യകളായി അധികാരം കൈമാറിയില്ലെങ്കില്‍ കൊല്ലപ്പെടുന്നത് ലക്ഷകണക്കിന് പാവം ജനങ്ങളായിരിക്കും.പക്ഷെ ലോകത്തെ മറ്റു രാജ്യങ്ങളെ പോലെ നമ്മള്‍ വെറും കാഴ്ചക്കാരായി ഇരുന്നുകൂടാ. ശ്രീ ലങ്കയില്‍ കൊല്ലപ്പെടുന്നത് ഭാരതീയരാണ്‌. പക്ഷെ പാലസ്തീനിലെ ജനങ്ങള്‍ മരിക്കുമ്പോള്‍ കാണിക്കുന്ന വേദന സ്വന്തം രാജ്യത്തിലെ മക്കള്‍ വിദേശമണ്ണില്‍ കൊല്ലപ്പെടുമ്പോള്‍ കാണിക്കാത്ത "മനുഷ്യസ്നേഹികളെ " കാണുമ്പോള്‍ പുച്ഛം തോന്നുന്നു.കഷ്ടം.

തമിഴ് ലങ്കന്‍ യുദ്ധത്തിന്റെ ബാക്കി പത്രം.(60 വര്‍ഷം)
*ഏകദേശം ഒരു ലക്ഷം തമിഴര്‍ കൊല്ലപ്പെട്ടു.
*20000 കുട്ടികള്‍ അനാഥരായി.
*35000 സ്ത്രീകള്‍ വിധവകള്‍ ആയി.
*നൂറു കണക്കിന് സ്കൂളുകള്‍, പള്ളികള്‍, ആശുപത്രികള്‍, ഗ്രാമങ്ങള്‍, ജീവിതമാര്‍ഗ്ഗങ്ങള്‍, ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു.
*ആറു ലക്ഷം തമിഴര്‍ രാജ്യാന്തര അഭയാര്‍ഥികള്‍ ആയി.
*പത്തു ലക്ഷം തമിഴര്‍ രാജ്യം വിട്ടു.

എന്നിട്ടും തങ്ങള്‍ തമിഴരെ തുടച്ചു നീക്കാന്‍ ശ്രമിക്കുന്നില്ല എന്നാ ശ്രീലങ്കന്‍ സര്‍ക്കാര്‍ വാദം ആര് അംഗീകരിക്കും.?

7 comments:

ഗുപ്തന്‍ said...

ഇതെഴുതിയത് വളരെ നന്നായി. നന്ദി.

വാഴക്കോടന്‍ ‍// vazhakodan said...

കണക്കുകളുടെ പ്രസക്തി എന്നെ അവസാനിച്ചു. ഇറാഖിലും,പലസ്തീനിലും,എന്നുവേണ്ട ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും മനുഷ്യര്‍ വേട്ടയാടപ്പെടുകയാണ്. ഇരകള്‍ എല്ലായിടത്തും ഒന്ന് തന്നെ, വേട്ടക്കാര്‍ പക്ഷെ നിറവ്യത്യാസമുന്ടെന്നു മാത്രം! യുദ്ധങ്ങളില്‍ മരിച്ചു വീഴുന്നവരെക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ ഇവിടെ വേട്ടയാടപ്പെട്ടു കൊല്ലപ്പെടുന്നു. ഒരുതുള്ളി കണ്ണീരോടെ മാത്രം ഓര്‍ക്കാവുന്ന സത്യങ്ങള്‍, വളരെ നന്നായി!

പകല്‍കിനാവന്‍ | daYdreaMer said...

Good post... വളരെ നന്ദി.

Calvin H said...

നന്നായി

Unknown said...

നല്ല കവറേജ് ഉള്ള ലേഖനം. ഇത് ഞാന്‍ പ്രിന്റ് എടുത്തു.... വര്‍ത്ത് എ പ്രിന്റ്!

കനല്‍ said...

നല്ല പോസ്റ്റ്

മാണിക്യം said...

വളരെ നല്ല പോസ്റ്റ്!
പല വിവരങ്ങളും ആരും ശ്രദ്ധിക്കാതെ പോയത്
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഭൂതലം..


ശ്രീ ലങ്കയില്‍ കൊല്ലപ്പെടുന്നത് ഭാരതീയരാണ്‌. പക്ഷെ പാലസ്തീനിലെ ജനങ്ങള്‍ മരിക്കുമ്പോള്‍ കാണിക്കുന്ന വേദന സ്വന്തം രാജ്യത്തിലെ മക്കള്‍ വിദേശമണ്ണില്‍ കൊല്ലപ്പെടുമ്പോള്‍ കാണിക്കാത്ത "മനുഷ്യസ്നേഹികളെ " കാണുമ്പോള്‍ പുച്ഛം തോന്നുന്നു.കഷ്ടം.


സത്യം!!
ശാന്തിയും സമാധാനവും അവിടെയുണ്ടാവണേ എന്ന് ആഗ്രഹിക്കുന്നു...